2.5 Star (Average) · Drama · Japan · Japanese · Mystery

266. LAPLACE’S WITCH (JAPAN/MYSTERY DRAMA/2018)

266. LAPLACE’S WITCH ( JAPAN/JAPANESE/MYSTERY DRAMA/2018/DIR: TAKASHI MIIKE )

▪️പ്രശസ്ത ഫ്രഞ്ച് മാത്തമാറ്റിഷ്യനായിരുന്ന പിയറി സിമോൺ ലാപ്ലെയ്സ് 1814 ൽ മുന്നോട്ട് വച്ച സിദ്ധാന്തമനുസരിച്ച് ഏതൊരാൾക്കാണോ പ്രപഞ്ചത്തിലെ ഓരോ ആറ്റത്തിന്റെയും കൃത്യമായ സ്ഥാനവും ആക്കവും നിർണയിക്കാനാവുന്നത് അയാൾക്ക് അവയുടെ ഭൂതകാലത്തിലെയും ഭാവിയിലെയും ഓരോ നിമിഷത്തിലെയും കൃത്യമായ സ്ഥാനവും ആക്കവും ക്ലാസിക്കൽ മെക്കാനിക്സ് നിയമങ്ങൾ ഉപയോഗിച്ച് കണ്ടെത്താനാവും. അത്തരം കഴിവുകളുള്ള ഒരാൾ ലാപ്ലെയ്സെസ് ഡെമൺ എന്നറിയപ്പെടും.

▪️ആ മഞ്ഞ് കാലത്ത് നടന്ന രണ്ട് മരണങ്ങളും വിഷവാതകമായ ഹൈഡ്രജൻ സൾഫൈഡ് ശ്വസിച്ചത് മൂലമുണ്ടായതായിരുന്നു. എന്നാൽ മരണങ്ങൾ നടന്നിരിക്കുന്നത് തുറസ്സായ സ്ഥലങ്ങളിലും. വായുവിന്റെ ചെറിയ സാന്നിദ്ധ്യം പോലും ഹൈഡ്രജൻ സൾഫൈഡിന്റെ കാഠിന്യം കുറയ്ക്കുമെന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ അത് ശ്വസിച്ചുണ്ടാവുന്ന മരണം അസാദ്ധ്യമായിരുന്നു. ഒരു തരത്തിലും പിടി തരാത്ത ആ മരണങ്ങൾക്ക് വിശദീകരണം നല്കാൻ പോലിസ് ജിയോ കെമിസ്ട്രി പ്രൊഫസറായ ഷുസൂകെയുടെ സഹായം തേടുന്നു. ഇന്നേ വരെയുള്ള തന്റെ അക്കാദമിക് ജീവിതത്തിലെ ഒട്ടും വിശദീകരിക്കാനാവാത്ത ആ സംഭവങ്ങൾക്ക് പിന്നിലുള്ള രഹസ്യങ്ങൾ അന്വേഷിച്ചിറങ്ങുന്ന ഷുസുകെയെ പിന്തുടർന്ന് എത്തുന്നവർ നിസ്സാരക്കാരായിരുന്നില്ല.

▪️കുറഞ്ഞത് വർഷത്തിൽ രണ്ട് സിനിമയെങ്കിലും സംവിധാനം ചെയ്യുന്ന ജാപ്പനീസ് സംവിധായകൻ തകാഷി മൈക്ക് 2018 ൽ ആ നിയമം തെറ്റിച്ചു കൊണ്ട് സിനിമ ഇതൊന്ന് മാത്രമേ സംവിധാനം ചെയ്തുള്ളു. പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോയുടെ ഇതേ പേരിലുള്ള നോവലിനെയാണ് ചിത്രം ആധാരമാക്കിയിരിക്കുന്നത്. വളരെ ആകാംഷയുണർത്തുന്ന ഒരു കഥാപശ്ചാത്തലമാണ് ചിത്രത്തിന് .എന്നാൽ ആ ആകാംഷ തുടർന്ന് നില നിർത്തിക്കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞില്ല. നായിക സുസു ഹിരോസെയെ വളരെ സുന്ദരിയായി കണ്ടു എന്നതല്ലാതെ അഭിനേതാക്കളുടെ പ്രകടനം നിരാശാജനകമായിരുന്നു. രണ്ട് മണിക്കൂറോളമുള്ള ചിത്രത്തിലെ ഭൂരിഭാഗം സമയവും പ്രേക്ഷകർക്ക് അങ്ങേയറ്റത്തെ ബോറടി സമ്മാനിക്കുന്നതാണ്. അത് സഹിച്ചിരുന്നാൽ ഊഹിക്കാവുന്നതെങ്കിലും ഭേദപ്പെട്ട ക്ലൈമാക്സ് കാണാനാവും. മൈക്കിന്റെ മുൻ ചിത്രങ്ങളുടെ ക്വാളിറ്റി ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രത്തെ നിരൂപകർ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. എങ്കിലും ഫാന്റസിയും സയൻസും കൂട്ടിക്കലർത്തിയ പുതുമയുള്ള കഥാപശ്ചാത്തലം താല്പര്യമുള്ളവർക്ക് കണ്ട് നോക്കാവുന്നതാണ്.

▪️RATING : 2.5/5 (AVERAGE)

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

Advertisements
4.0 Star (Very Good) · Drama · English · Psychological · USA

265. WE NEED TO TALK ABOUT KEVIN (USA/PSYCHOLOGICAL DRAMA/2011)

265. WE NEED TO TALK ABOUT KEVIN ( USA/ENGLISH/PSYCHOLOGICAL DRAMA/2011/DIR: LYNNE RAMSAY)

▪️അച്ഛനും സഹോദരിക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും കെവിൻ ഒരു സാധാരണ കൗമാരക്കാരൻ മാത്രമായിരുന്നു.എന്നാൽ അമ്മ ഈവയ്ക്ക് മാത്രമേ മറ്റാർക്കുമറിയാത്ത കെവിന്റെ മറ്റൊരു മുഖം അറിയാമായിരുന്നുള്ളു. കൈക്കുഞ്ഞായിരുന്നപ്പോൾ നിർത്താതെ കരഞ്ഞ് അമ്മയുടെ ഉറക്കം നഷ്ടപ്പെടുത്തിയ വലുതായിട്ടും പോട്ടി ഉപയോഗിക്കാൻ തയ്യാറാവാത്ത അമ്മ പറയുന്ന ഒന്നും അനുസരിക്കാത്ത അമ്മയുടെ സ്നേഹത്തിന് ഒരു വിലയും നല്കാത്ത കെവിൻ അച്ഛന്റെ മുന്നിൽ പുന്നാര മകനായിരുന്നു. എന്നാൽ അതെല്ലാം ഒരു കൊച്ചു കുട്ടിയുടെ വികൃതി മാത്രമാണെന്ന് എല്ലാവരും പറഞ്ഞത് വിശ്വസിക്കാൻ ശ്രമിച്ച ഈവ വളരുമ്പോൾ അവൻ ചെയ്യാൻ പോകുന്നതെന്താണെന്ന് വിദൂര സ്വപ്നത്തിൽ പോലും കരുതായിരുന്നില്ല.

▪️സാഡിസ്റ്റുകളായ മുതിർന്ന മനുഷ്യരുടെ നിരവധി കഥകൾ നാം സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ജനിച്ചപ്പോൾ മുതൽ സാഡിസ്റ്റായ ഒരു കുട്ടിയെ സങ്കല്പിക്കാൻ സാധിക്കുമോ? എങ്കിൽ അതാണ് കെവിൻ . ദി ഒമൻ, ഓർഫൻ, ദി ഹണ്ട് തുടങ്ങിയ ചിത്രങ്ങളിൽ കുട്ടികളിലെ നെഗറ്റീവ് സൈഡ് പ്രമേയമാക്കിയിട്ടുണ്ടെങ്കിലും അവയെക്കാളേറേ വല്ലാത്ത ഒരു ഞെട്ടൽ സമ്മാനിക്കുന്നതാണ് ഈ ചിത്രം. ഭൂതകാലവും വർത്തമാനകാലവും ഇഴപിരിഞ്ഞ് നീങ്ങുന്ന ചിത്രത്തിൽ ഈവയുടെ ഓർമ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. ഈവയായി ടിൽഡ സ്വിൻടൻ അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അമിതാഭിനയമില്ലാതെ മനോഹരമായി അവർ അവതരിപ്പിച്ചിട്ടുണ്ട്.

▪️കെവിൻ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ കൗമാരപ്രായം അവതരിപ്പിച്ചിരിക്കുന്ന എസ്ര മില്ലർ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഭംഗിയാക്കിയപ്പോൾ ബാല്യകാലം അവതരിപ്പിച്ച കുട്ടി ഞെട്ടിച്ചു എന്ന് പറയാം. സാധാരണ ആ പ്രായത്തിലുള്ള കുട്ടിയിൽ നിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റവും ഭാവപ്രകടനങ്ങളുമായിരുന്നു ആ രംഗങ്ങളിൽ കണ്ടത്. ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സംവിധായിക ലിന്നി റാംസേ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഇത്രയും ശക്തമായ വിഷയം അതിന്റെ തീവ്രത ഒട്ടും ചോരാതെ സിനിമയാക്കിയ ലിന്നി റാംസേ തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്. സുഖമായി കണ്ട് തീർക്കാവുന്ന ഒരു ചിത്രമല്ലിത്. ത്രില്ലർ ചിത്ര പ്രേമികളും വേഗതയുള്ള ചിത്രങ്ങൾ മാത്രം ഇഷ്ടപ്പെടുന്നവർക്കും ഉള്ളതല്ല ഈ ചിത്രം.

▪️RATING : 3.75/5 (GOOD)

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

4.0 Star (Very Good) · Anthology · English · USA · Western

264. THE BALLAD OF BUSTER SCRUGGS (USA/WESTERN ANTHOLOGY/2018)

#IFFK2018REVIEWS

264. THE BALLAD OF BUSTER SCRUGGS ( USA/ENGLISH/WESTERN ANTHOLOGY/2018/DIR: COEN BROTHERS )

▪️ഫർഗോ, നോ കൺട്രി ഫോർ ഓൾഡ് മെൻ, ട്രൂ ഗ്രിറ്റ് തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളുടെ സംവിധായകരായ കോയൻ ബ്രദേഴ്സിന്റെ പുതിയ ചിത്രമാണ് ദി ബലാദ് ഓഫ് ബസ്റ്റർ സ്ട്രഗ്സ്. ആറ് ചെറു ചിത്രങ്ങളടങ്ങിയ ഒരു വെസ്‌റ്റേൺ ആന്തോളജിയാണ് ഈ ചിത്രം. 25 വർഷങ്ങളുടെ കാലയളവിൽ ജോയൽ കോയനും ഈഥൻ കോയനും എഴുതിയ ചെറുകഥകൾ ആധാരമാക്കിയ ചിത്രത്തിലെ ആറ് കഥകളും വെസ്റ്റേൺ പശ്ചാത്തലത്തിലുള്ളതാണല്ലാതെ തമ്മിൽ മറ്റ് ബന്ധങ്ങളൊന്നുമില്ല.

▪️ആറ് ചിത്രങ്ങളും ഇഷ്ടമായെങ്കിലും പാട്ടു പാടുന്ന രസികനായ ബസ്റ്റർ സ്ട്രഗ്സ് എന്ന കൗബോയുടെ കഥ പറയുന്ന ബലാദ് ഓഫ് ബസ്റ്റർ സ്ട്രഗ്സ് എന്ന ആദ്യ കഥ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്. കൈകാലുകളില്ലാത്ത ചെറുപ്പക്കാരനായ ആർട്ടിസ്റ്റിനെ കൊണ്ട് നടന്ന് പരിപാടികൾ അവതരിപ്പിച്ച് ഉപജീവനം നടത്തുന്ന മധ്യവയസ്കന്റെ കഥ പറയുന്ന മീൽ ടിക്കറ്റ് മറ്റ് കഥകളിൽ നിന്നും വ്യത്യസ്തമായി. ഒറ്റയ്ക്ക് ബാങ്ക് കൊള്ളയടിക്കാൻ പോയി പിടിക്കപ്പെടുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന നിയർ അൽഗഡോൺസ്, സ്വർണം തേടി മലയടിവാരത്തിലെത്തുന്ന വയസ്സന്റെ കഥ പറയുന്ന ആൾ ഗോൾഡ് കാന്യൺ, വാഗൺ ട്രയിനിൽ ഓറിഗോണിലേക്ക് സഹോദരനോടൊപ്പം പുറപ്പെടുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ദി ഗാൾ ഹു ഗോട്ട് റാറ്റിൽഡ്, കുതിരവണ്ടിയിൽ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്ന അഞ്ച് അപരിചിതരുടെ കഥ പറഞ്ഞ ദി മോർട്ടൽ റിമൈൻസ് തുടങ്ങിയവയായിരുന്നു മറ്റ് ചിത്രങ്ങൾ.

▪️എല്ലാ ചിത്രങ്ങളിലും അപ്രതീക്ഷിതമായി പ്രേക്ഷകനെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ് സംവിധായകർ കരുതിവച്ചിട്ടുണ്ട്. ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ വ്യതിയാനങ്ങളുണ്ടാവാമെങ്കിലും ഓരോ ചിത്രവും വ്യത്യസ്തവും മനോഹരവുമായിരുന്നു എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ദേയമായ വസ്തുത. നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ ഈ ചിത്രം വെസ്റ്റേൺ കഥാപശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ പരിചിതരായവർക്ക് ഇഷ്ടമാകുമെന്നതിൽ സംശയമില്ല.

▪️RATING : 4/5 (VERY GOOD)

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

3.5 Star (Good) · Drama · Italian · Italy

263. DOGMAN (ITALY/DRAMA/2018)

#IFFK2018REVIEWS

263. DOGMAN ( ITALY/ITALIAN/DRAMA/2018/DIR: MATTEO GARRONE )

▪️നായ്ക്കളെ ഒരു പാട് ഇഷ്ടപ്പെടുന്ന മാർസെലോ ഡോഗ് മാൻ എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. പകൽ സമയം വീട്ടുകാർ ജോലിക്ക് പോകുമ്പോൾ അവരുടെ നായ്ക്കളെ സംരക്ഷിക്കുക, നായ്ക്കളുടെ രോമമൊക്കെ വെട്ടി വൃത്തിയാക്കി ഡോഗ് ഷോകളിൽ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡോഗ് മാനിൽ ചെയ്യുന്നത്. എല്ലാവർക്കും പ്രിയപ്പെട്ടവനായ മർസെലോയ്ക്ക് ചെറിയ രീതിയിലുള്ള മയക്ക് മരുന്ന് വില്പനയുമുണ്ട്. എന്നാൽ ഗുണ്ടാപ്പണിയുമായി നടക്കുന്ന സിമോണുമായി മാർസെലോയ്ക്കുണ്ടായിരുന്ന സൗഹൃദം അയാളെ കൊണ്ടെത്തിക്കുന്നത് ഒരിക്കലും ഊരാൻ കഴിയാത്ത ഒരു കുടുക്കിലേക്കായിരിക്കുമെന്ന് അയാൾ ഒരിക്കലും വിചാരിച്ചിരുന്നില്ല.

▪️2018 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിൽ മാർസെലോയെ അവതരിപ്പിച്ച മാർസെലോ ഫോണ്ടേക്കായിരുന്നു. അദ്ദേഹത്തിന്റെ പെർഫോർമൻസ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സൗമ്യനായ നിഷ്ക്കളങ്കനായ വളർത്തുനായയെപ്പോലെ വിശ്വസ്തനായ വ്യക്തിയിൽ നിന്ന് ക്ലൈമാക്സിലെ വഴിത്തിരിവിലേക്കുള്ള കഥാപാത്രത്തിന്റെ യാത്ര വളരെ കൺവിൻസിങ്ങ് ആയി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഡ്രാമ മൂഡിൽ നിന്ന് ത്രില്ലർ സ്വഭാവത്തിലേക്ക് ചിത്രം വഴിമാറുന്ന രംഗങ്ങൾ കയ്യടി അർഹിക്കുന്നു. ചിത്രം കണ്ട് കഴിയുമ്പോൾ സമാനസ്വഭാവക്കാരായ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള പല മലയാള സിനിമാ കഥാപാത്രങ്ങളെയും നമുക്ക് ഓർമ വരും. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി അനാവശ്യ സെൻറിമെൻസുകളും മെലോഡ്രാമയും അമിതാഭിനയവുമെല്ലാം ഒഴിവാക്കിയ ഡോഗ് മാൻ മികച്ച അനുഭവം തന്നെയാണ് സമ്മാനിച്ചത്.

▪️RATING : 3.5/5 (GOOD)

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

3.0 Star (Above Average) · Denmark · Drama · English · Psychological

262. THE HOUSE THAT JACK BUILT (DENMARK/PSYCHOLOGICAL DRAMA/2018)

#IFFK2018REVIEWS

262. THE HOUSE THAT JACK BUILT ( DENMARK/ENGLISH/PSYCHOLOGICAL DRAMA/2018/DIR: LARS VON TRIER )

▪️ലാർസ് വോൺ ട്രയറിന്റെ മുൻ ചിത്രമായ നിംഫോമാനിയാകിൽ സെക്സ് അഡിക്റ്റ് ആയ ഒരു സ്ത്രീ തന്റെ ജീവിതകഥ വിവരിക്കുന്നതാണെങ്കിൽ പുതിയ ചിത്രമായ ദി ഹൗസ് ദാറ്റ് ജാക്ക് ബിൽറ്റ് പറയുന്നത് ഒരു സീരിയൽ കില്ലറുടെ പന്ത്രണ്ട് വർഷം നീണ്ട കൊലപാതകങ്ങളുടെ കഥയാണ്. സാഡിസവും ഡിപ്രഷനും വയലൻസും ആർട്ടിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ലാർസ് ഓൺ ട്രയർ ശൈലി ഈ ചിത്രത്തിലും ആവർത്തിക്കുന്നുണ്ട്. മറ്റ് സീരിയൽ കില്ലർ ചിത്രങ്ങളെപ്പോലെ കുറ്റാന്വേഷണമോ കുറ്റവാളിയുടെ തിരിച്ചറിവോ ഇരകളുടെ പ്രതികാരമോ ഒന്നുമല്ല ഇവിടെ വിഷയമാകുന്നത്. മറിച്ച് സംവിധായകന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ജീവിതമെന്നത് വിനാശകരവും ചേതനയറ്റതുമാണെന്ന സങ്കല്പത്തിന്റെ ആഘോഷമാണ് ഈ ചിത്രം.

▪️ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോൾ വയലൻസ് രംഗങ്ങൾ കണ്ടിരിക്കാനാവാതെ പലരും തിയേറ്റർ വിട്ട് പോയിരുന്നു. തന്റെ ഓരോ ചിത്രങ്ങളിലും പ്രത്യക്ഷത്തിൽ മനോവിഭ്രാന്തി എന്ന് തോന്നിക്കുന്ന തരത്തിലുള്ള ചില ഫിലോസഫികൾ ലാർസ് മുന്നോട്ട് വയ്ക്കാറുണ്ട്. ഇവിടെയും അത്തരം ഫിലോസഫികൾ ധാരാളമുണ്ട്. സീരിയൽ കില്ലറായ ജാക്ക് ഒരു എൻജിനീയറും ആർക്കിടെക്റ്റുമാണ്. അയാളുടെ ഭ്രാന്തമായ മനസ്സിനുള്ളിലൂടെ അതേ വികാരങ്ങൾ തന്നിലേക്കാവാഹിച്ച സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ്. അത് കണ്ടിരിക്കാനും മനസ്സിലാക്കാനും എല്ലാവർക്കുമാകില്ല എന്നുറപ്പാണ്.

▪️ചിത്രത്തിൽ ഒരിടത്ത് രാത്രിയിൽ പ്രകാശിച്ച് നില്ക്കുന്ന ലാമ്പ് പോസ്റ്റുകൾക്ക് കീഴിലൂടെ ഒരാൾ നടന്ന് പോകുന്നത് വിവരിച്ചുകൊണ്ട് തന്റെ മാനസികാവസ്ഥയുടെ വ്യതിയാനങ്ങൾ ജാക്ക് വിശദീകരിക്കുന്നുണ്ട്. അത് പോലെ ലാർസ് വോൺ ട്രയർ എന്ന സംവിധായകനും തിരക്കഥാകൃത്തിനും മാത്രം ചിന്തിക്കാനും ചിത്രീകരിക്കാനുമാവുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. ജാക്ക് സ്വയം നിർമ്മിച്ച വീടിനുള്ളിലെ ലാർസ് വോൺ ട്രയറിന്റെ ഡിവൈൻ കോമഡി കാണാൻ താല്പര്യമുളളവർ മാത്രം ചിത്രം കാണുക.

▪️RATING : 3/5

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

4.0 Star (Very Good) · Drama · Hebrew · Israel

261. FOXTROT (ISRAEL/DRAMA/2017)

#IFFK2018REVIEWS

261. FOXTROT ( ISRAEL/HEBREW/DRAMA/2017/DIR: SAMUEL MAOZ )

▪️അപ്രതീക്ഷിതമായ കോളിങ്ങ് ബെൽ കേട്ട് കതക് തുറന്ന ഡാഫ്ന താൻ കേട്ട വാർത്തയുടെ തീവ്രത സഹിക്കാനാവാതെ തളർന്ന് വീണു. ഡാഫ്നയുടേയും മൈക്കലിന്റെയും മകനായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ പട്ടാളക്കാരനായ ജോനാഥൻ ഒരാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വാർത്ത. എന്നാൽ മകൻ എങ്ങനെ മരിച്ചെന്നോ മൃതദേഹം എവിടെയാണെന്നോ പോലും പറയാൻ വിവരമറിയിക്കാൻ വന്ന പട്ടാളക്കാർ തയ്യാറാവാത്തത് മൈക്കലിനെ കൂടുതൽ പരിക്ഷീണനും ക്രുദ്ധനുമാക്കി.

▪️ഇസ്രയേലിൽ നിന്നുള്ള ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ തീവ്രമായ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു ചിത്രമാവും നാം പ്രതീക്ഷിക്കുക. ഇവിടെയും അക്കാര്യത്തിൽ മാറ്റമൊന്നുമില്ല. യുദ്ധമാണ് ആന്തരികമായ വിഷയമെങ്കിലും യുദ്ധരംഗങ്ങൾ ഒന്നും ചിത്രത്തിലില്ല. മരുഭൂമിയിലുള്ള ആർമി ചെക്ക് പോസ്റ്റ് ആദ്യമായി ചിത്രത്തിൽ കാണിക്കുന്ന രംഗം വളരെ ശ്രദ്ദേയമാണ്. വളരെയധികം ശ്രദ്ധയോടെ പട്ടാളക്കാരൻ ചെക്ക് പോസ്റ്റ് തുറന്ന് കൊടുക്കുമ്പോൾ കടന്ന് വരുന്നത് വാഹനങ്ങളോ ടാങ്കോ ഒന്നുമല്ല. സാവധാനം നടന്ന് വരുന്ന ഒരു ഒട്ടകമായിരുന്നു അത്. വളരെയധികം സീരിയസായ വിഷയം കൈകാര്യം ചെയ്യുമ്പോഴും ഇത്തരം രസകരമായ ചിരിയുണർത്തുന്ന ചില രംഗങ്ങളും ചിത്രത്തിൽ കാണാം.

▪️ചിത്രം വെനീസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ജൂറി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയെങ്കിലും ഇസ്രയേൽ ഗവൺമെന്റ് ചിത്രത്തിനെതിരായി ആരോപണമുന്നയിച്ചിരുന്നു. ചിത്രം ഇസ്രയേൽ പട്ടാളത്തെ മോശമായി ചിത്രീകരിക്കുന്നു എന്നോരാേപിച്ചായിരുന്നു അത്. ഒരേ വേഗതയിൽ സാവധാനം മുന്നോട്ട് നീങ്ങുന്ന മികച്ച അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ പ്രേക്ഷകനെ അറിയാതെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന ഈ ചിത്രം ഇത്തവണ IFFK യിൽ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.

▪️RATING : 4/5 ( VERY GOOD )

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

3.5 Star (Good) · France · French · Horror · Musical

260. CLIMAX (FRANCE/MUSICAL HORROR/2018)

#IFFK2018REVIEWS

260. CLIMAX ( FRANCE/FRENCH/MUSICAL HORROR/2018/DIR: GASPER NOE )

▪️ഒരുൾപ്രദേശത്തെ ബാറിനുള്ളിൽ സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന ഒരു കൂട്ടം ഹിപ്പ് ഹോപ്പ് നർത്തകർ ഡാൻസ് പരിശീലനത്തിലാണ്. അങ്ങേയറ്റം ശാരീരികക്ഷമത ആവശ്യമുള്ള ആ നൃത്തത്തിന് എത്തുന്നവരുമായുള്ള ഒരഭിമുഖത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. കഠിനമായ നൃത്ത പരിശീലനത്തിനിടയിൽ പല തരത്തിലുള്ള മദ്യവും ഭക്ഷണ പദാർത്ഥങ്ങളും വിതരണം ചെയ്യുന്നുമുണ്ട്. എന്നാൽ കുറച്ച് സമയം കഴിഞ്ഞതോടെ തങ്ങൾ കഴിച്ച മദ്യത്തിൽ ശക്തിയേറിയ മയക്ക്മരുന്ന് ആരോ കലർത്തിയതായി ചിലർ സംശയിക്കുന്നു. മയക്ക്മരുന്നിന്റെ ശക്തിയിൽ എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് പോയ അവരുടെ ഭ്രാന്തമായ നൃത്തവും നിർത്താതെ മുഴങ്ങുന്ന സംഗീതവും എല്ലാ അതിരുകളും ലംഘിക്കുന്നു.

▪️A Crazy Film From A Crazy Director എന്ന് തന്നെ വിശേഷിപ്പിക്കാം ഗാസ്പർ നോയുടെ പുതിയ ചിത്രമായ ക്ലൈമാക്സിനെ. ഏതൊരു സംവിധായകനും തന്റെ ചിത്രം പ്രേക്ഷകർ സുഖമായി ആസ്വദിച്ച് കാണണം എന്നാവും ആഗ്രഹിക്കുക.എന്നാൽ തന്റെ ചിത്രം കണ്ട് പ്രേക്ഷകർ തല കറങ്ങി കിളി പോയി ഇറങ്ങിപ്പോകണമെന്ന് വിചാരിച്ച് ക്യാമറ കൊണ്ട് എന്തെല്ലാം കാട്ടാമോ അതെല്ലാം ചെയ്ത് പ്രേക്ഷകനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന ഒരു സംവിധായകനാണ് ഗാസ്പർ നോ. അദ്ദേഹത്തിന്റെ ഇറിവേഴ്സിബിൾ എന്ന ചിത്രത്തിൽ ക്യാമറ എവിടെയൊക്കെയാണ് കയറിപ്പോകുന്നതെന്നോർത്ത് അന്തം വിട്ട് ഇരുന്ന് പോയിട്ടുണ്ട്. അത്രയ്ക്കൊന്നും വരില്ലെങ്കിലും പുതിയ ചിത്രമായ ക്ലൈമാക്സും മറ്റാരും കൈവയ്ക്കാൻ അധികം താല്പര്യം കാണിക്കാത്ത ഒരിടത്തേക്കാണ് നമ്മെ കൊണ്ട് പോകുന്നത്.

▪️തുടക്കത്തിലെ സംഗീതവും നൃത്തവും കണ്ടിരിക്കുന്ന പ്രേക്ഷകൻ ഒരു പരിധി കഴിയുന്നതോടെ ഇതൊന്ന് തീർന്നാൽ മതിയെന്ന് ചിന്തിച്ചാൽ അദ്ഭുതപ്പെടാനില്ല. സംവിധായകൻ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തേക്ക് ഒഴുകിപ്പോകുന്ന ചിത്രത്തിൽ കട്ട് എവിടെയാണെന്ന് കണ്ടെത്താനാവില്ല. ഇറിവേഴ്സിബിളിന്റെ ക്യാമറമാനായിരുന്ന ബിനോയ്റ്റ് ഡെബി തന്നെയാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സോഫിയ ബ്യൂട്ടെല്ല അടക്കം നടീനടൻമാർ ഏവരുടേയും പ്രകടനം കണ്ടാൽ ഇതഭിനയം തന്നെയാണോ എന്ന് പലപ്പോഴും സംശയിച്ച് പോകും. ഗാസ്പർ നോ എന്ന സംവിധായകന്റെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ഭ്രാന്തമായ ചിന്തകളിലൂടെ സഞ്ചരിക്കാൻ താല്പര്യമുള്ളവർ മാത്രം ഈ ചിത്രം കാണുക. അല്ലാത്തവർക്ക് ഒരിക്കലും ഈ ചിത്രം ആസ്വദിക്കാനാവില്ല എന്ന കാര്യം ഓർമിപ്പിക്കുന്നു.

▪️RATING : 3.5/5 ( GOOD )

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K