4.0 Star (Very Good) · Drama · English · Epic · Uncategorized · USA

13. THE LAST TEMPTATION OF CHRIST (USA/EPIC DRAMA/1988)

🔹 13. THE  LAST TEMPTATION OF CHRIST  (USA/English/1988/Epic Drama/162 Min/Dir: Martin Scorsese/Stars: Willem Dafoe, Barbara Hershey)

🔹 SYNOPSIS 🔹

▪  ജീസസിന്റെ ജീവിതത്തെ ആധാരമാക്കി മിക്ക ഭാഷകളിലും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അവയെല്ലാം ഏതാണ്ട് ഒരേ കഥ തന്നെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചവ ആയിരുന്നു .ബൈബിളിലെ സുവിശേഷങ്ങളെ ആധാരമാക്കി ജീസസിന്റെ ജനനവും മിശിഹാ ആയുള്ള വളർച്ചയും കുരിശുമരണവും ഉയർത്തെഴുന്നേല്പും വിവരിക്കുന്നവയായിരുന്നു  അത്തരം ചിത്രങ്ങൾ. അത് കൊണ്ട് തന്നെ അത്തരം ചിത്രങ്ങൾക്ക് കത്തോലിക്കാ സഭയുടേയും ക്രിസ്തീയ സംഘടനകളുടേയും അനുഗ്രഹാശിസ്സുകളും ലഭിച്ചിരുന്നു. എന്നാൽ വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രം അവയിൽ നിന്നെല്ലാം ഒരു പാട് വ്യത്യസ്തമായിരുന്നു .പ്രധാന വ്യത്യാസം ഈ ചിത്രം ബൈബിൾ സുവിശേഷങ്ങൾ ആധാരമാക്കിയതായിരുന്നില്ല എന്നതായിരുന്നു. 1955 ൽ നിക്കോസ് കസൻസാക്കിസ് എന്ന ഗ്രീക്ക് എഴുത്തുകാരന്റെ അതേ പേരിലുള്ള പുസ്തകമായിരുന്നു ഈ ചിത്രത്തിന് ആധാരം .

▪ റോമൻ ഭരണത്തിൽ കീഴിലുള്ള യഹൂദയിലെ മരപ്പണിക്കാരനായിരുന്നു നസ്രേത്തിലെ ജീസസ്. മാനുഷികമായ വികാരങ്ങൾക്കും ദൈവത്തിന്റെ വെളിപാടുകൾക്കും ഇടയിൽപ്പെട്ട് എന്താണ് തന്റെ കർത്തവ്യം എന്ന് മനസ്സിലാക്കാനാവാതെ ഉഴലുന്ന അദ്ദേഹത്തിന്റെ ജോലി റോമാക്കാർക്ക് വേണ്ടി ജൂതൻമാരെ കുരിശിലേറ്റാനുള്ള മരക്കുരിശുകൾ നിർമ്മിക്കുന്നതായിരുന്നു. എന്നാൽ റോമക്കാർക്കെതിരെ വിമത പോരാട്ടം നടത്തുന്ന ജൂദാസിന്റ പ്രേരണയാൽ ജീസസ് മനുഷ്യകുലത്തിന്റെ മിശിഹാ ആയി മാറുകയും വിമതരുടെ നേതാവാകുകയും ചെയ്യുന്നു . 

▪ പല തരം അത്ഭുത പ്രവൃത്തികളിലൂടെ ജനങ്ങളുടെ വിശ്വാസം നേടുന്ന അദ്ദേഹം റോമാ സാമ്രാജ്യത്തിന്റെ കണ്ണിലെ കരടായി മാറുന്നു .ഇതിനിടയിൽ സാത്താന്റെ നിരവധി പ്രേരണകളെ അതിജീവിക്കുന്ന ജീസസ് തന്റെ അവസാനത്തെ നിയോഗം എന്താണെന്ന് മനസ്സിലാക്കുന്നു. റോമാ സാമ്രാജ്യത്തിനെതിരെ ഭീഷണിയുയർത്തിയെന്നാരോപിച്ച് കുരിശിലേറ്റപ്പെടുന്ന ജീസസിന് മുന്നിൽ അവസാനത്തെ പ്രലോഭനവുമായി അദ്ദേഹത്തിന്റെ കാവൽ മാലാഖ എത്തുന്നു .ഒരു മനുഷ്യനും അതിജീവിക്കാനാവാത്ത ആ പ്രലോഭനത്തെ അതിജീവിക്കാൻ ജീസസിന് കഴിയുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .

🔹 DIRECTION & PERFORMANCES🔹

▪ മാർട്ടിൻ സ്കോർസെസെയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്. ഈ ചിത്രം അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ നേടിക്കൊടുത്തിരുന്നു. കടുത്ത വിവാദം സൃഷ്ടിക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ നോവലിനോട് പൂർണമായും നീതി പുലർത്തി വിട്ടുവീഴ്ചകളൊന്നുമില്ലാതെ ഈ സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം സമ്മതിക്കാതെ തരമില്ല. ജീസസായി വിഖ്യാത നടൻ വില്യം ഡാഫോ മികച്ച അഭിനയം കാഴ്ചവച്ചു .പല വിധ അവസ്ഥകളിലൂടെ കടന്ന് പോകുന്ന ആ കഥാപാത്രം ഡാഫോയുടെ കയ്യിൽ ഭദ്രമായിരുന്നു. ജീസസിന്റെ ആത്മാർത്ഥ സുഹൃത്തായ ജൂദാസിന്റെ വേഷം ഹാർവെ കെയ്റ്റൽ അവതരിപ്പിച്ചപ്പോൾ ജീസസിന്റെ മനം കവർന്ന മഗ്ദലന മറിയമായി ബാർബറ ഹെർഷെ ചിത്രത്തിൽ നിറഞ്ഞ് നിന്നു .പീറ്റർ ഗബ്രിയേലിന്റെ വ്യത്യസ്തമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുവാൻ പര്യാപ്തമായിരുന്നു.

🔹BEHIND THE SCENES🔹

▪ സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം നിരോധനങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന ചിത്രമാണിത് .പല ക്രിസ്ത്യൻ രാജ്യങ്ങളിലും ഇന്നും ഈ ചിത്രത്തിനുള്ള നിരോധനം തുടരുന്നുണ്ട് . കത്തോലിക്കാ സഭയും നിരവധി ക്രൈസ്തവ ഗ്രൂപ്പുകളും നിരോധിച്ച ഈ ചിത്രം റിലീസ് ചെയ്ത തിയേറ്ററുകൾ പ്രക്ഷോഭകാരികൾ തീ വെയ്ക്കുക വരെ ചെയ്തിട്ടുണ്ട് . അതോടെ ധാരാളം തിയേറ്ററുകൾ പ്രദർശനത്തിൽ നിന്ന് പിന്മാറുകയും അത് ചിത്രത്തെ സാമ്പത്തിക പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. എതിർപ്പുകൾ ഭയന്ന് ചിത്രത്തിന്റെ സി ഡി കൾ പോലും സൂക്ഷിക്കാനും വിതരണം ചെയ്യാനും കമ്പനികൾ തയ്യാറായില്ല .ചിത്രത്തിന്റെ വിതരണക്കാരായ യൂണിവേഴ്സൽ പിക്ച്ചേഴ്സിൽ നിന്ന് ചിത്രത്തിന്റെ നെഗറ്റീവ് വില കൊടുത്ത് വാങ്ങി നശിപ്പിക്കാൻ വരെ ഒരാൾ മുന്നിട്ടിറങ്ങിയത് അന്ന് വാർത്തയായിരുന്നു.

▪ ഇത്രയൊക്കെ എതിർപ്പും പ്രക്ഷോഭവും എന്തുകൊണ്ടായിരുന്നു എന്ന് ചോദിച്ചാൽ ചിത്രം പൂർണമായും കണ്ട ആളെന്ന നിലയിൽ അതെല്ലാം വെറും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു എന്ന് ധൈര്യമായി ഞാൻ പറയും. കാരണം ചിത്രത്തെ എതിർത്തവരിൽ ഒരു ശതമാനം പോലും ഈ ചിത്രം പൂർണമായി കണ്ടിട്ടില്ല എന്ന് ഉറപ്പാണ് . ബൈബിളിൽ നിന്ന് വിഭിന്നമായി ഭയം, വെറുപ്പ്, പ്രണയം, കാമം തുടങ്ങി എല്ലാ വിധ മാനുഷിക വികാരങ്ങളുമുള്ള ഒരു മനുഷ്യനായാണ് ജീസസിനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . മുകളിൽ പറഞ്ഞ മാനുഷിക വികാരങ്ങൾ എല്ലാം അനുഭവിച്ച് അവയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി എല്ലാവിധ പ്രലോഭനങ്ങളും അതിജീവിച്ച് ഉയർന്ന് വരുന്ന മിശിഹാ ആണ് ഈ ചിത്രത്തിലെ ജീസസ്. 

▪ ദൈവപുത്രൻ എന്നതിനേക്കാൾ ഉപരിയായി എല്ലാ വികാരങ്ങളുമുള്ള ഒരു മനുഷ്യൻ ആയിരുന്നു ജീസസ് എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു ചിത്രത്തിൽ .അതിന് തന്നെ വളരെ വ്യക്തമായ വിശദീകരണങ്ങൾ അവസാന ഭാഗങ്ങളിൽ പറയുന്നുമുണ്ട്. ചിത്രത്തിലെ ഏറ്റവും മനോഹരവും അതേ സമയം വിവാദങ്ങളുയർത്തിയതുമായ ഭാഗമാണ് അവസാനഭാഗത്തെ ‘ലാസ്റ്റ് ടെംപ്റ്റേഷൻ’. അത് എന്തായിരുന്നു എന്ന് ചിത്രം കണ്ട് തന്നെ അനുഭവിച്ചറിയേണ്ടതാണ് . ജീസസുമായി ബന്ധപ്പെട്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധത പുലർത്തുന്ന റിയലിസ്റ്റിക് ആയ ചിത്രമായാണ് ഈ ചിത്രത്തെ ഞാൻ വിലയിരുത്തുന്നത് . 

🔹VERDICT :  VERY GOOD ( A Realistic, Faithful & Controversial Epic Drama Based On The Life Of Jesus Christ )

©PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s