5.0 Star (Excellent) · Comedy · Drama · English · USA

141. ONE FLEW OVER THE CUCKOO’S NEST (USA/COMEDY DRAMA/1975)

🔹141. ONE FLEW OVER THE CUCKOO’S NEST (USA/English/1975/Comedy Drama/133 Min/Dir: Milos Forman/Stars: Jack Nicholson, Louise Fletcher, Will Sampson )

🔹 SYNOPSIS 🔹

 

▪ ലോക സിനിമയിലെ ഏറ്റവും മഹത്തായ ചിത്രങ്ങളുടെ നിരയിൽ പെടുത്താവുന്ന അഞ്ച് സുപ്രധാന ഓസ്കാർ അവാർഡുകൾ ( മികച്ച ചിത്രം ,സംവിധായകൻ, നടൻ, നടി, തിരക്കഥ ) നേടിയ One Flew Over The Cuckoo’s Nest അതേ പേരിൽ തന്നെയുള്ള Ken Kesey എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് .1963 ൽ ഒറിഗോണിലെ ഒരു മനോരോഗാശുപത്രിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് .തന്റേതായ മെത്തേഡുകളിലൂടെ രോഗികളെ താനുദ്ദേശിക്കുന്ന രീതിയിൽ കൺട്രോൾ ചെയ്യുന്ന റാച്ചഡ് എന്ന ഹെഡ് നഴ്സിനാണ് രോഗികളുടെ ചുമതല .പ്രത്യക്ഷത്തിൽ എല്ലാ സൗകര്യങ്ങളും രോഗികൾക്ക് നല്കുന്നു എന്ന് തോന്നിക്കുമെങ്കിലും റാച്ചഡ് അവരെ മനുഷ്യരായിപ്പോലും കാണുന്നില്ല എന്നതായിരുന്നു സത്യം .

▪ ആ ഹോസ്പിറ്റലിലേക്ക് ജോലിയൊന്നും ചെയ്യാതെ സുഖമായി കഴിയാനായി മനോരോഗം അഭിനയിച്ച് മക്മർഫി എന്ന പെറ്റി ക്രിമിനൽ കൂടി എത്തുന്നതോടെ കഥ മാറുന്നു . രോഗികളുടെ ചെറിയ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത നഴ്സ് റാച്ചഡിന്റെ തീരുമാനങ്ങളെ മക്മർഫി വെല്ലുവിളിക്കുന്നു. പല തരത്തിലുള്ള മനോരോഗികൾക്കിടയിൽ ബധിരനും മൂകനുമായ എല്ലാവരും ചീഫ് എന്ന് വിളിക്കുന്ന ഒരാളുമായി മക്മർഫി ചങ്ങാത്തത്തിലാവുന്നു .റാച്ചഡിന്റെ കടുത്ത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി രോഗികളെ സ്വാതന്ത്ര്യത്തിന്റെ ലോകം കാട്ടിക്കൊടുക്കുവാൻ മക്മർഫി ശ്രമിക്കുന്നു .എന്നാൽ ആ ശ്രമങ്ങൾ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങൾക്ക് വഴിവയ്ക്കുന്നു .

🔹BEHIND THE SCENES🔹

▪ ശക്തമായ തിരക്കഥയും മികവുറ്റ സംവിധാനവും സൂക്ഷ്മമായ അഭിനയവും അടക്കം എല്ലാ മേഖലകളിലും ഒരേ പോലെ മികച്ച ഒരു ചലച്ചിത്രമാണിത് .നിരൂപകർ എല്ലാം ഒരേ പോലെ വാഴ്ത്തിയ 4.4 മില്യൺ ഡോളർ നിർമ്മാണച്ചെലവുള്ള ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 109 മില്യൺ ഡോളറായിരുന്നു . മക്മർഫി എന്ന കഥാപാത്രത്തിലൂടെ ജാക്ക് നിക്കോൾസൺ എന്ന നടൻ ലോകോത്തര നടൻമാരുടെ പട്ടികയിലേക്കുയർന്നു .തമാശയും ദു:ഖവും ദേഷ്യവും നിസ്സഹായതയും എല്ലാം ഒരേ പോലെ പ്രതിഫലിപ്പിച്ച മക്മർഫി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നില്ക്കും .കഥാപാത്രങ്ങളുമായി കൂടുതൽ അടുക്കാൻ അഭിനേതാക്കൾ ഷൂട്ടിങ്ങ് കഴിയുന്നത് വരെ ചിത്രീകരണം നടന്ന  ഒറിഗോൺ സ്റ്റേറ്റ് ഹോസ്പിറ്റലിലെ സൈക്ക്യാട്രിക് വാർഡിൽ തന്നെ താമസിച്ചിരുന്നു. ചിത്രീകരണം നടന്നത് യഥാർത്ഥ മെന്റൽ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നതിനാൽ യഥാർത്ഥ രോഗികളും ഡോക്ടർമാരും പല രംഗങ്ങളിലും മിന്നിമറയുന്നുണ്ട് . 

▪ നഴ്സ് റാച്ചഡ് എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ലൂയിസ് ഫ്ലെച്ചർ സമാനതകളില്ലാത്ത അഭിനയമാണ് കാഴ്ച വച്ചത്. ഒരു രംഗത്ത് പോലും സൗമ്യത കൈവിടാത്ത എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവമുള്ള എന്നാൽ ഉള്ളിൽ ക്രൂരതയുടെ കടലിരമ്പുന്ന നഴ്സ് റാച്ചഡ് സത്യത്തിൽ ഒരല്ഭുതമാണ് .ലോക സിനിമയിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളുടെ ലിസ്റ്റിൽ നഴ്സ് റാച്ചഡ് ഉണ്ടാകുന്നതിന്റെ കാരണം ചിത്രം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. മറ്റൊരു പ്രധാന കഥാപാത്രമായ  ചീഫ് എന്ന ആജാനബാഹുവിനെ  മനോഹരമായി അവതരിപ്പിച്ച വിൽ സാംസൺ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തീർച്ചയാണ് . ചിത്രത്തിൽ അഭിനയിച്ച നടൻമാരിൽ പലരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയായിരുന്നു എന്നത് ശ്രദ്ദേയമാണ് .

▪ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ പ്രിയദർശൻ സംവിധാനം ചെയ്ത താളവട്ടം എന്ന മലയാള ചലച്ചിത്രം ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് .രണ്ട് ചിത്രങ്ങളുമായുള്ള ഒരു താരതമ്യം ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും രണ്ട് ചിത്രങ്ങളും കണ്ട് അത് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.  മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം എന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്. One Flew Over The Cuckoo’s Nest എന്ന ചിത്രം ഏതൊരു താരതമ്യങ്ങൾക്കും മുകളിലാണ് .ഈ ചിത്രം നല്കുന്ന അനുഭവം വാക്കുകൾക്കതീതമാണ് .അത് സ്വയം അനുഭവിച്ച് തന്നെ മനസ്സിലാക്കുക.

🔹VERDICT :  EXCELLENT ( A Powerful And Touching Cinematic Masterpiece )

©PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · English · Political · Thriller · UK

140. THE GHOST WRITER (UK/POLITICAL THRILLER/2010)

🔹140. THE GHOST WRITER (UK-France-Germany/English/2010/Political Thriller/128 Min/Dir: Roman Polanski/Stars: Evan McGregor, Pierce Brosnan, Olivia Williams )

🔹 SYNOPSIS 🔹

◾റോബർട്ട് ഹാരിസ് എഴുതിയ The Ghost എന്ന നോവലിനെ ആധാരമാക്കി റൊമാൻ പൊളാൻസ്കി 2010 ൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ആണ് The Ghost Writer. UK യിലും അയർലൻഡിലും The Ghost എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദം ലാങ്ങിന്റെ ആത്മകഥ എഴുതി പൂർത്തിയാക്കുന്നതിന് വേണ്ടി ഒരു ബ്രിട്ടീഷ് കൂലി എഴുത്തുകാരനെ പബ്ലിഷിംഗ് കമ്പനി സമീപിക്കുന്നു .ആത്മകഥയുടെ പകുതിയോളം പൂർത്തിയാക്കിയ മുൻ കൂലി എഴുത്തുകാരൻ മൈക്ക് മക്കാറ ദുരൂഹ സാഹചര്യത്തിൽ കുറച്ച് നാൾ മുമ്പ് കൊല്ലപ്പെട്ടത് മനസ്സിലാക്കുന്ന അയാൾ പതിമനസ്സോടെ കമ്പനി വാഗ്ദാനം ചെയ്ത വൻ പ്രതിഫലം മോഹിച്ച് ആ ജോലി ഏറ്റെടുക്കുന്നു .

◾മസാച്ചുസെറ്റ്സിൽ അതീവ സുരക്ഷിത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലാങ്ങിന്റെ ബംഗ്ലാവിൽ എത്തുന്ന എഴുത്തുകാരൻ ആ സ്ഥലത്തിനും ലാങ്ങിനും നിരവധി ദുരൂഹതകളുള്ളതായി മനസ്സിലാക്കുന്നു . ഇൻറർനാഷണൽ ക്രിമിനൽ കോർട്ടിന്റെ വിചാരണ നേരിടുന്ന ആദം ലാങ്ങിന്റെ നിരവധി രഹസ്യങ്ങൾ നിറഞ്ഞ ജീവിതവും മുൻ എഴുത്തുകാരന്റെ അപകട മരണവും എല്ലാം അയാളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്നു .ആദം ലാങ്ങ് എന്ന അതിപ്രശസ്തനായ വ്യക്തിയുടെ പുറമെയുള്ള ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഉറങ്ങിക്കിടക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള ആത്മകഥാകൃത്തിന്റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

🔹BEHIND THE SCENES🔹

◾മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ജീവിതവുമായി പുസ്തകത്തിനും സിനിമയ്ക്കും നിരവധി സാദ്യശ്യങ്ങുണ്ട് .പ്രധാനമന്ത്രിയായിരുന്നപ്പോൾ ബ്രിട്ടന്റെ പൊതു താല്പര്യങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം എടുത്ത പല തീരുമാനങ്ങളും പിന്നീട് ശക്തമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു .അതെല്ലാം തന്റെ The Ghost എന്ന പുസ്തകത്തിന് പ്രചോദനമായതായി റോബർട്ട് ഹാരിസ് തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹവും സംവിധായകൻ റോമൻ പൊളാൻസ്കിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . 

◾ആദം ലാങ്ങ് എന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പിയേഴ്സ് ബ്രോസ്നൻ ഗംഭീര പ്രകടനം കാഴ്ചവച്ചു .അധികാരം നഷ്ടപ്പെട്ടെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും ഗാംഭീര്യം നിലനിർത്തി ദുരൂഹതകൾ ഉള്ളിലൊളിപ്പിച്ച ആ കഥാപാത്രം മുൻ ജയിംസ് ബോണ്ട് താരത്തിന് ചേരുന്നത് തന്നെയായിരുന്നു .ഒരു രേഖയിലും പേര് വെളിപ്പെടുത്താത്ത എഴുത്തുകാരനെന്ന നിലയിലുള്ള ഒരു ക്രഡിറ്റും ലഭിക്കാത്ത ഗോസ്റ്റ് റൈറ്റർ ആയി ഇവാൻ മക്ഗ്രിഗർ മികച്ച പ്രകടനം കാഴ്ച വച്ചു .ശക്തമായ തിരക്കഥയും വിഖ്യാത സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ  സംവിധാനമികവും ഒരു പൊളിറ്റിക്കൽ ത്രില്ലറിന് വേണ്ട ആകാംഷയും ചടുലതയും ചിത്രത്തിന് സമ്മാനിക്കുന്നു .ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗം ക്ലൈമാക്സ് തന്നയായിരുന്നു എന്ന് പറയാതെ വയ്യ .അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച യഥാർത്ഥ സംഭവ വികാസങ്ങൾ ആധാരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

🔹VERDICT :  VERY GOOD ( A Stylish Political Thriller With A Tight Screenplay )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Drama · Fantasy · Japan · Japanese

139. IF CATS DISAPPEARED FROM THE WORLD (JAPAN/FANTASY DRAMA/2016)

🔹139. IF CATS DISAPPEARED FROM THE WORLD (Japan/Japanese/2016/ Fantasy Drama/103 Min/Dir: Akira Nagai/Stars: Takeru Satoh, Aoi Miyazaki )

🔹 SYNOPSIS 🔹

 

▪ ജനനവും മരണവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .ഒരു ദിവസം അപ്രതീക്ഷിതമായി  നമുക്ക് മരണം സംഭവിച്ചാൽ നാമെന്താണ് ഈ ലോകത്ത് ബാക്കി വയ്ക്കുക? ശരീരത്തിനപ്പുറത്ത് ഓരോ മനുഷ്യരും മറ്റ് മനുഷ്യരോടും ജീവികളോടും നിർജീവ വസ്തുക്കളോടും പ്രകൃതിയോടും തിരിച്ചറിയാനാവാത്ത എന്തോ ഒരു ആത്മബന്ധം അനുഭവിക്കുന്നില്ലേ?

▪ ജീവിതത്തെയും  മരണത്തെയും അവയ്ക്കിടയിലുള്ള ആത്മബന്ധങ്ങളെയും വ്യത്യസ്തമായ തലത്തിൽ നോക്കിക്കാണുന്ന ജാപ്പനീസ് ഫാന്റസി ചിത്രമാണ് IF CATS DISAPPEARED FROM THE WORLD. അപ്രതീക്ഷിതമായി തനിക്ക് ബ്രയിൻ ട്യൂമർ ആണെന്നും ജീവിതത്തിൽ  ഇനി കുറച്ച്  ദിവസങ്ങൾ  മാത്രമേ ബാക്കിയുള്ളുവെന്നും  മനസ്സിലാക്കുന്ന പോസ്റ്റ്മാനായ ചെറുപ്പക്കാരനെത്തേടി ആ രാത്രി എത്തിയത് മറ്റാരുമല്ല , മരണദേവൻ തന്നെയായിരുന്നു .അയാളുടെ ആയുസ്സ് ഒരു ദിവസം നീട്ടുന്നതിന് പകരമായി മരണദേവൻ ആവശ്യപ്പെടുന്നത് ഈ ലോകത്തുള്ള ഏതെങ്കിലും ഒരു വസ്തു പൂർണമായും മായ്ച്ച് കളയാനാണ് . അങ്ങനെ മായ്ച്ച് കളഞ്ഞാൽ ആ വസ്തുവിനോടൊപ്പം അതുമായി ബന്ധപ്പെട്ട് എല്ലാവരിലുമുള്ള ഓർമകളും മാഞ്ഞ് പോകും എന്നോർക്കുക .തന്റെ ജീവൻ നിലനിർത്താനായി ആ ഓഫർ സ്വീകരിക്കുന്ന അയാൾ ഓരോ ദിവസവും  മായ്ച്ച് കളയുന്ന വസ്തുക്കളിലൂടെ  തന്റെ ജീവിതത്തെക്കുറിച്ച് താൻ പോലും മറന്ന് പോയ പല കാര്യങ്ങളും  മനസ്സിലാക്കുന്നു .

▪മനോഹരമായ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം .ദൃശ്യഭംഗി നിറഞ്ഞു കവിയുന്ന കാവ്യാത്മകത തുളുമ്പുന്ന ഷോട്ടുകൾ. വളരെ പതുക്കെ ആണ് ചിത്രത്തിന്റെ കഥാഗതി എങ്കിലും ഒട്ടും ബോറടിക്കാത്ത ആഖ്യാനശൈലി പ്രേക്ഷകരെ പിടിച്ചിരുത്തും .നായകന്റെ പ്രണയവും  സുഹൃത്ബന്ധവും അമ്മയുമായുള്ള ആത്മബന്ധവും അച്ഛന്റെ തിരിച്ചറിയാനാവാത്ത സ്നേഹവും എല്ലാം നിങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കും .കയ്യടക്കമുള്ള സംവിധാന ശൈലിയും  മികച്ച  തിരക്കഥയും തനിമയാർന്ന അഭിനയവും പുതുമയുള്ള സ്പെഷൽ ഇഫക്ടുകളും ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു .ഈ ചിത്രം കണ്ട് കഴിയുമ്പോൾ ജീവിതത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണാൻ നിങ്ങളോരോരുത്തരും  ശ്രമിക്കുമെന്ന്  തീർച്ചയാണ് .

🔹VERDICT :  GOOD ( A Beautiful Fantasy Drama With A Heart Touching Storyline )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Action · English · Fantasy · USA

138. THE CROW (USA/DARK FANTASY ACTION/1994)

🔹138. THE CROW (USA/English/1994/Dark Fantasy Action Film/102 Min/Dir: Alex Proyas/Stars: Brandon Lee, Michael Wincott, Sofia Shinas )

🔹 SYNOPSIS 🔹

▪  പ്രശസ്ത നടൻ ബ്രാൻഡൻ ലീ ( ബ്രൂസ് ലീ യുടെ മകൻ ) അഭിനയിച്ച അവസാന ചിത്രമാണ് 1994 ൽ പുറത്തിറങ്ങിയ The Crow .ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ആക്ഷൻ രംഗത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ചിത്രീകരണത്തിനുപയോഗിച്ച തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം . തോക്കിന്റെ മെക്കാനിക്കൽ തകരാറ് മൂലം സംഭവിച്ച അപകടമായാണ് പോലീസ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്തായാലും 32  വയസ്സിൽ മരണമടഞ്ഞ ബ്രൂസ് ലീയുടെ മകനും 28 വയസ്സിൽ മരണപ്പെട്ടത് സിനിമാ സ്നേഹികളുടെ മനസ്സിൽ ഒരിക്കലും മറക്കാനാവാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു. അതുവരെ കൂടുതലും ലോ ബഡ്ജറ്റ് ആക്ഷൻ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ബ്രാൻഡൻ ലീയുടെ ഏറ്റവും ശ്രദ്ദേയമായതും വൻ വിജയമായതുമായ ചിത്രമായിരുന്ന The Crow അതേ പേരിൽ തന്നെയുള്ള കോമിക് ബുക്കിനെ ആധാരമാക്കി നിർമ്മിച്ചതാണ് .ലീയുടെ മരണശേഷം മറ്റ് പലരേയും നായകരാക്കി മൂന്ന് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

▪ തന്നെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനായി ഉയർത്തെഴുനേൽക്കുന്ന എറിക് ഡ്രേവൻ എന്ന റോക്ക് മ്യൂസിഷ്യന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . ഒരു സാങ്കല്പിക നഗരത്തിനുള്ളിൽ കൂടുതലും രാത്രി മാത്രം നടക്കുന്ന രംഗങ്ങൾ നിറഞ്ഞ ചിത്രം കഥാപരമായി പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും വ്യത്യസ്തമായ ചിത്രീകരണരീതി കൊണ്ടും ലീയുടെ അവസാന ചിത്രമെന്ന നിലയിലും ശ്രദ്ദേയമായി .പൂർണമായും ഡാർക്ക് മൂഡിലുള്ള ചിത്രത്തിന്റെ മികച്ച ക്യാമറാ വർക്കും പുതുമയാർന്ന വിഷ്യൽ സ്റ്റൈലും ഈ ചിത്രത്തിന് ഒരു കൾട്ട് സ്റ്റാറ്റസ് നേടിക്കൊടുത്തു . ലീയുടെ മരണശേഷം ബോഡി ഡബിൾസിനെ ഉപയോഗിച്ച് വിഷ്വൽ ഇഫക്ട്സിന്റെ സഹായത്താൽ പൂർത്തീകരിച്ച ഈ ചിത്രം മികച്ച അക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് .നിരൂപകരും പ്രേക്ഷകരും ഒരേ പോലെ സ്വീകരിച്ച ഈ ചിത്രം ഒരുപാട് ഉയരങ്ങളിലെത്തേണ്ട ഒരു നടന്റെ അവസാനത്തേതായത് യാദൃച്ശികമെന്ന് കരുതാനേ നമുക്ക് കഴിയൂ.

🔹VERDICT :  GOOD ( An Action Feast With A Unique Visual Style)

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · USA · Western

137. TRUE GRIT (USA/WESTERN/2010)

🔹137. TRUE GRIT (USA/English/2010/Western/110 Min/Dir: Coen Brothers/Stars: Jeff Bridges, Hailee Steinfeld, Matt Damon, Josh Brolin )

🔹 SYNOPSIS 🔹

 

▪  True Grit എന്ന പേരിൽ 1968ൽ ഇറങ്ങിയ നോവലിനെ ആധാരമാക്കി 1969ൽ അതേ പേരിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട് . ആദ്യകാല നടൻ ജോൺ വെയിനിന് ആ ചിത്രത്തിലെ അഭിനയം മികച്ച നടനുള്ള ഓസ്കാർ അവാർഡും നേടിക്കൊടുത്തു .അതേ നോവൽ തന്നെ ആധാരമാക്കി മുൻ ചിത്രത്തിൽ നിന്നും കുറച്ച് മാറ്റങ്ങളോടെയാണ് 2010 ൽ Coen Brothers വീണ്ടും True Grit സിനിമയാക്കിയത് . സ്റ്റീവൻ സ്പിൽ ബെർഗ് ആയിരുന്നു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡൂസർ .മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിവ അടക്കം പത്ത് ഓസ്കാർ നോമിനേഷനുകൾ ഈ ചിത്രം നേടിയിരുന്നു 

▪ സാധാരണ വെസ്റ്റേൺ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലമാണ് ഈ ചിത്രത്തിന് .മാറ്റി റോസ് എന്ന പതിനാല്കാരിയുടെ അച്ഛനെ ടോം ചെയ്നി എന്ന ക്രിമിനൽ കൊലപ്പെടുത്തുന്നു .അയാളെ പിടികൂടാൻ നിയമ സംവിധാനത്തിന് കഴിയില്ലെന്ന് മനസ്സിലാക്കിയ മാറ്റി റോസ് ഡെപ്യൂട്ടി മാർഷൽ ആയ റൂസ്റ്റർ കോഗ്ബേണിന്റെ സഹായം തേടുന്നു . ആദ്യം താല്പര്യം കാണിക്കുന്നില്ലെങ്കിലും മാറ്റി റോസ് നല്കുന്ന പണം മോഹിച്ച് ടോം ചെയ്നിയെ പിടികൂടാൻ പുറപ്പെടുന്ന റൂസ്റ്ററിനോപ്പം അയാളുടെ എതിർപ്പ് അവഗണിച്ച് മാറ്റിയും കൂടി യാത്രയാകുന്നു .അപകടം നിറഞ്ഞ ആ യാത്രയിൽ ടെക്സാസ് റെയിഞ്ചർ ആയ ലാബയിഫും പങ്കു ചേരുന്നു .വ്യത്യസ്ത സ്വഭാവക്കാരായ അവർ മൂന്ന് പേരും ചേർന്ന് നടത്തുന്ന ആ സാഹസികയാത്രയുടെ കഥയാണ് True Grit പറയുന്നത്.

▪ ഒറിജിനൽ ചിത്രത്തെക്കാൾ ഉയർന്ന നിലവാരം പുലർത്തുന്ന കൂടുതൽ നിരൂപക പ്രശംസ നേടിയ അപൂർവ്വം റീമേക്ക് ചിത്രങ്ങളിൽ ഒന്നാണിത് .ശക്തമായ തിരക്കഥയും സംഭാഷണങ്ങളും മികച്ച ക്യാമറയും  സൂക്ഷ്മമായ എഡിറ്റിംഗും Coen Brothers (Joel Coen & Ethan Coen) ന്റെ സംവിധാനമികവിന് ശക്തി പകരുന്നു .ഏറ്റവും എടുത്തു പറയേണ്ടത് അഭിനേതാക്കളുടെ പെർഫോർമൻസ് ആണ് .മാറ്റി റോസ് എന്ന പതിനാല് കാരിയായി പുതുമുഖം ഹെയ്ലി സ്റ്റെയിൻഫെൽഡ് തകർത്തഭിനയിച്ചു . പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള , അച്ഛന്റെ കൊലപാതകിയെ പിടികൂടാനായി അപരിചിതരോടൊപ്പം അന്യദേശത്തേക്ക് പോകാൻ ധൈര്യപ്പെടുന്ന മാറ്റി റോസ് എന്ന കഥാപാത്രം ഹെയ്ലിക്ക് ഓസ്കാർ നോമിനേഷനും നേടിക്കൊടുത്തു .1969 ലെ ചിത്രത്തിലൂടെ ജോൺ വെയിൻ അനശ്വരമാക്കിയ റൂസ്റ്റർ കോഗ്ബേൺ എന്ന മദ്ധ്യവയസ്കനായ കർക്കശക്കാരനായ ഡെപ്യൂട്ടിയെ ജെഫ് ബ്രിഡ്ജസ് അതിമനോഹരമായി പുനരവതരിപ്പിച്ചു .

▪ യാത്രയ്ക്കിടയിൽ മാറ്റിയും റൂസ്റ്ററും തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാനും അത് പ്രേക്ഷകരിലേക്കെത്തിക്കാനും സംവിധായകർക്ക് കഴിഞ്ഞു .മാറ്റ് ഡാമൻ , ജോഷ് ബ്രോലിൻ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി .പതിഞ്ഞ താളത്തിൽ ധാരാളം ഡയലോഗുകളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചിത്രം അവസാന രംഗങ്ങളിലേക്കെത്തുമ്പോൾ പ്രേക്ഷകരുടെ മനം കവരുമെന്ന് തീർച്ചയാണ് .തൊപ്പിയും ജാക്കറ്റും ധരിച്ച് തോക്കേന്തി കുതിരപ്പുറത്ത് പാഞ്ഞ് വരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കൗബോയ്സിന്റെയും ബൗണ്ടി ഹണ്ടേഴ്സിന്റെയും കഥ പറയുന്ന സ്ഥിരം വെസ്റ്റേൺ ചിത്രങ്ങളിടയിൽ സംവിധാനമികവ് കൊണ്ടും അഭിനയചാതുരി കൊണ്ടും ഈ ചിത്രം വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിച്ചു .

🔹VERDICT :  VERY GOOD ( A Captivating Western Drama Aided With Brilliant Performances From Lead Actors And Masterful Direction )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Drama · English · Psychological · USA

136. JACOB’S LADDER (USA/PSHYCHOLOGICAL DRAMA/1990)

🔹136. JACOB’S LADDER (USA/English/1990/Psychological Drama/113 Min/Dir: Adrian Lyne /Stars: Tim Robbins, Elizabeth Pena )

🔹 SYNOPSIS 🔹

 

▪ ബൈബിളിൽ ജേക്കബ് കാണുന്ന ദിവാസ്വപ്നത്തിലെ ഭൂമിയും സ്വർഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ഏണിയാണ് Jacob’s Ladder എന്നറിയപ്പെടുന്നത് . എന്നാൽ Jacob’s Ladder എന്ന അമേരിക്കൻ ചിത്രത്തിൽ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത് കടുത്ത പീഡനങ്ങൾ അനുഭവിച്ച അമേരിക്കൻ മുൻ പട്ടാളക്കാരനാണ് ജേക്കബ് . വിയറ്റ്നാം യുദ്ധത്തിൽ മാരകമായി മുറിവേറ്റ് പട്ടാളത്തിൽ നിന്ന് വിരമിച്ച ജേക്കബ് യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഹാലൂസിനേഷൻസിനുമിടയിൽ പെട്ടു പോകുന്നു . ഇടയ്ക്കിടക്ക് കാണുന്ന ഭീകരമായ ദുസ്വപ്നങ്ങളും മായക്കാഴ്ചകളും അയാളെ ഉന്മാദത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിക്കുന്നു .പരസ്പര ബന്ധമില്ലാതെ ആവർത്തിക്കുന്ന മായക്കാഴ്ചകളുടെ ലോകത്തിലൂടെ നീങ്ങുന്ന ജേക്കബിന് യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്?

▪ ആദ്യ രംഗം മുതൽ അവസാന രംഗം വരെ പ്രേക്ഷകരെ വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഒരു ചിത്രമാണ് Jacob’s Ladder. Bruce Joel Rubin  കഥയെഴുതിയ ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സമ്മാനിക്കുന്ന ഞെട്ടൽ മാറാൻ കുറച്ച് സമയം എടുക്കുമെന്ന് ഉറപ്പാണ്. ഹോണ്ടിംഗ് എന്നോ ഡിസ്റ്റർബിംഗ് എന്നോ നിങ്ങൾക്കതിനെ വിളിക്കാം. Fatal Attraction, Unfaithful തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ Adrian Lyne ന്റെ ഏറ്റവും വ്യത്യസ്തമായ ചിത്രീകരിക്കാൻ ഏറെ ബുദ്ധിമുട്ടേറിയ ചിത്രമായിരുന്നു ഇത് .ചിത്രത്തിലെ സ്പെഷൽ ഇഫക്ടുകൾ പോസ്റ്റ് പ്രൊഡക്ഷൻ ഇഫക്ടുകൾ ഉപയോഗിക്കാതെ പൂർണമായും ക്യാമറയിൽ ഷൂട്ട് ചെയ്താണ് ചിത്രീകരിച്ചിരിക്കുന്നത് . 

▪ ചിത്രത്തിന്റെ  അവസാന ഭാഗത്തെ ഹോസ്പിറ്റൽ രംഗങ്ങൾ ഏറ്റവും ഭീകരമായ സിനിമാരംഗങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തുന്നു. ജേക്കബ് സിംഗറിന്റെ വേഷം അവതരിപ്പിച്ച Tim Robbins ന്റെ പെർഫോർമൻസ് അപാരമായിരുന്നു .ഏത് നിമിഷവും കൈവിട്ട് പോകാവുന്ന ആ കഥാപാത്രം അത്രയേറെ തന്മയത്വത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത് .റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളിൽ വിജയമായില്ലെങ്കിലും നിരൂപക പ്രശംസ നേടിയ ഈ ചിത്രം പിന്നീട് നിരവധി സംവിധായകർക്ക് പ്രചോദനമായിട്ടുണ്ട് . എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാനാവാത്ത ഈ ചിത്രത്തിൽ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു ക്ലൈമാക്സ് ട്വിസ്റ്റ് നിങ്ങളെ കാത്തിരിക്കുന്നു .

🔹VERDICT :  GOOD ( An Emotionally Disturbing Psychological Drama )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · Superhero · USA

135. WONDER WOMAN (USA/SUPER HERO/2017)

🔹135. WONDER WOMAN 3D (USA/ENGLISH/2017/SUPER HERO/142 Min/Dir: Patty Jenkins /Stars: Gal Gadot, Chris Pine, David Thewlis, Elena Anaya)

🔹 SYNOPSIS 🔹

 

▪ DC Extended Universe (DCU) എന്ന പേരിൽ DC Comics അടിസ്ഥാനമാക്കി  നിർമ്മിക്കുന്ന സൂപ്പർ ഹീറോ ചിത്രങ്ങളിൽ നാലാമത്തെ ചിത്രമാണ് Wonder Woman. ആദ്യ മൂന്ന് ചിത്രങ്ങളായ Man of Steel, Batman Vs Superman : Dawn of Justice, Suicide Squad എന്നിവ പ്രേക്ഷകരും ക്രിട്ടിക്സും കയ്യൊഴിഞ്ഞതിനാൽ ഒരു വിജയം DC യ്ക്ക് അത്യന്താപേക്ഷിതമായിരുന്നു . 2003 ൽ ചാർലീസ് തെറോണിന് മികച്ച നടിക്കുള്ള ഓസ്കാർ നേടിക്കൊടുത്ത Monster എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച Patty Jenkins നെ DCU വിലെ നാലാമത്തെ ചിത്രം സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്തപ്പോൾ DC രണ്ടും കല്പിച്ചായിരുന്നു എന്ന് ചുരുക്കം . 

▪ Batman Vs Superman ൽ ആദ്യമായി ലൈവ് ആക്ഷനിൽ അവതരിപ്പിക്കപ്പെട്ട Wonder Woman എന്ന കഥാപാത്രം ആ ചിത്രത്തിലെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന DC  Comics സൂപ്പർ ഹീറോസ് എല്ലാവരും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രമായJustice League ലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നുമാണ് Wonder Woman. ഒരു സ്ത്രീ സംവിധായിക ആദ്യമായി സൂപ്പർ ഹീറോയിൻ ചിത്രം സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് സ്വന്തമാണ് .എല്ലാ രീതിയിലും പ്രതീക്ഷകൾ വാനോളമുയർത്തിയ ഈ ചിത്രം എല്ലാ പ്രതീക്ഷകൾക്കും മുകളിലായി പ്രേക്ഷകരെയും ക്രിട്ടിക്സിനേയും ഒരു പോലെ തൃപ്തിപ്പെടുത്തി മുന്നേറുകയാണ് .

▪ Wonder Woman എന്ന അമാനുഷിക ശക്തികളുള്ള കഥാപാത്രം ആകുന്നതിന് മുമ്പ് സ്ത്രീകൾ മാത്രം അധിവസിക്കുന്ന തെമിസ്കിറ ദ്വീപിലെ ആമസോൺ രാജകുമാരി ആയിരുന്നു ഡയാന. യുദ്ധദേവനായ ഏരീസിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി പിതാവായ സിയൂസ് ദേവൻ സൃഷ്ടിച്ച പുരുഷൻമാരില്ലാത്ത തെമിസ്കിറ ദ്വീപിലെ സ്ത്രീകളെല്ലാം അതിശക്തരായ പോരാളികളായിരുന്നു .സിയൂസ് ദേവൻ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഡയാന അമാനുഷിക ശക്തികളുള്ള ഒരു യോദ്ധാവായി വളർന്നുവെങ്കിലും ഒരിക്കലും പുരുഷൻമാരെ കാണാനോ  ദ്വീപിന് പുറത്ത് പോകാനോ അമ്മയായ രാജ്ഞി ഹിപ്പോലിത്ത അനുവദിച്ചിരുന്നില്ല .

▪ എന്നാൽ ഒരു ദിവസം ബ്രിട്ടീഷ് പൈലറ്റായ സ്റ്റീവ് ട്രവർ ജർമൻ പട്ടാളത്തിന്റെ ആക്രമണത്താൽ വിമാനം തകർന്ന് ആ ദ്വീപിൽ വീഴുകയും ഡയാന അയാളെ രക്ഷിക്കുകയും ചെയ്യുന്നു .സ്റ്റീവിൽ നിന്നും ലോകത്ത് ഒന്നാം ലോക മഹായുദ്ധം നടക്കുകയാണെന്നും ജർമനി ലോകത്തെ നശിപ്പിക്കാൻ പ്രാപ്തമായ ഒരു ഗ്യാസ് വെപ്പൺ നിർമ്മിച്ചു കൊണ്ടിരിക്കുകയാണെന്നും മനസ്സിലാക്കിയ ഡയാന അതിനെല്ലാം പിന്നിൽ ഏരീസ് ദേവന്റെ കൈകളാണെന്ന് വിശ്വസിക്കുന്നു .ഏരീസിനെ കൊന്ന് യുദ്ധം നിർത്തി ലോകത്തെ രക്ഷിക്കാനായി സ്റ്റിവിനോടൊപ്പം ഡയാന പുറപ്പെടുന്നു . പിന്നീട് നടക്കുന്ന നന്മതിന്മകൾ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

▪ ലോകം കണ്ടിട്ടില്ലാത്ത നിഷ്കളങ്കയായ ഡയാനയായും അതിശക്തയായ അമാനുഷിക കഴിവുകളുള്ള വണ്ടർ വുമൺ ആയും ഇസ്രയേലി നടി Gal Gadot ചിത്രത്തിൽ നിറഞ്ഞു നിന്നു .തന്റെ അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ Gal Gadot വൈകാരിക രംഗങ്ങളിലും കോമിക് രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമെല്ലാം ഒരു പോലെ മികച്ച് നിന്നു. സ്റ്റീവ് ട്രവർ എന്ന Wonder Woman നെ പ്രണയിക്കുന്ന പൈലറ്റായി  Chris Pine മികച്ച പ്രകടനം കാഴ്ച വച്ചു . Gal Gadot ഉം Chris Pine ഉം ഒന്നിക്കുന്ന രംഗങ്ങൾ എല്ലാം വളരെ രസകരമായിരുന്നു . David Thewlis, Elena Anaya , Danny Houston തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളുമായെത്തിയപ്പോൾ നിർമ്മാതാവായും കഥാകൃത്തായും Zack Snyder സംവിധായിക Patty Jenkins ന് പിന്തുണ നല്കി. 

▪ ചിത്രത്തിന്റെ തീമിന് ഒത്തിണങ്ങുന്ന  ആവേശം  പകരുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ചടുലമായ എഡിറ്റിംഗും മനോഹരമായ  സിനിമാറ്റോഗ്രഫിയും ചിത്രത്തിന് തുണയായി .മുൻ ചിത്രങ്ങളെക്കാളും  വളരെ  കൃത്യതയാർന്ന  CGI  സ്പെഷൽ ഇഫക്ടുകൾ ഗംഭീരമായിരുന്നു . കൃത്യമായ കഥാപാത്ര ഡെവലപ്പ്മെന്റിലൂടെ മികച്ച ആക്ഷൻ രംഗങ്ങളിലൂടെ സാവധാനം മുന്നേറുന്ന ചിത്രം ക്ലൈമാക്സിനോടടുക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞിരിക്കും . മികച്ച തിയേറ്ററിൽ 3D യിൽ തന്നെ ഈ ചിത്രം കാണാൻ ശ്രമിക്കുക .

🔹VERDICT :  VERY GOOD ( A Fun Packed Thrilling Super Hero Film With Top-notch Visual Effects and Charismatic Performances )

©PRADEEP V K (AMAZING CINEMA)