4.0 Star (Very Good) · Crime · India · Tamil · Thriller

148. VIKRAM VEDHA (INDIA/CRIME THRILLER/2017)

🔹148. VIKRAM VEDHA (2017)  🔽 A Review 🔽

🔹 ഹിന്ദു പുരാണ കഥകളിലെ വളരെ പ്രശസ്തമായതാണ് വിക്രമാദിത്യ മഹാരാജാവിന്റെയും വേതാളത്തിന്റെയും കഥ. ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയ വിക്രമാദിത്യനും തന്റെ കഥകളിലൂടെ വിക്രമാദിത്യനെ കുടുക്കാൻ ശ്രമിക്കുന്ന തന്ത്രശാലിയായ വേതാളവും ആധുനിക ലോകത്ത് ഏറ്റുമുട്ടിയാൽ എന്താവും സംഭവിക്കുക?

COUNTRY : INDIA

LANGUAGE : TAMIL

GENRE : CRIME THRILLER

DIRECTION : PUSHKAR – GAYATHRI

🔹SYNOPSIS 🔹

▪️  പുഷ്കർ – ഗായത്രി സംവിധായക ദമ്പതികളുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ. 2010 ൽ വാ എന്ന ചിത്രത്തിന് ശേഷം 7 വർഷങ്ങൾക്ക് ശേഷമാണ് അവർ പുതിയ ചിത്രവുമായെത്തുന്നത്. ശരി – തെറ്റ് , ധർമ്മം – അധർമ്മം എന്നിവ തമ്മിലുള്ള അനാദിയായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു നീതിമാനായ പോലീസ് ഓഫീസറും ക്രൂരനായ ഗാങ്ങ്സ്റ്ററും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ത്രസിപ്പിക്കുന്ന കഥയാണ് പറയുന്നത്.   വിക്രം പോലീസ് സേനയിലെ കഴിവുറ്റ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ്. യാതൊരു ടെൻഷനുമില്ലാതെ കുറ്റവാളികളെ ഉന്മൂലനം ചെയ്യുന്ന വിക്രം ഗാങ്ങ്സ്റ്ററായ വേദയെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുക്കുന്നു .വളരെ ബുദ്ധിശാലിയായ എന്തിനും മടിക്കാത്ത വേദയെ തന്റെ തോക്കിനു മുന്നിൽ കിട്ടിയെങ്കിലും വേദയുടെ വാക്കുകൾ വിക്രത്തിനെ താൻ അടിയുറച്ച് വിശ്വസിക്കുന്ന പലതിനെയും മറ്റൊരു ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കുന്നു. 

🔹 PERFORMANCES & TECHNICAL SIDES🔹

▪️  വിക്രം എന്ന എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയി മാധവനും വേദ എന്ന ഗാങ്ങ്സ്റ്ററായി വിജയ് സേതുപതിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അവർ രണ്ട് പേരും ഒന്നിച്ച് വരുന്ന എല്ലാ രംഗങ്ങളും വളരെ എൻഗേജിംഗ് ആയിരുന്നു. വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള വേദ എന്ന ഗാങ്ങ്സ്റ്റർ കഥാപാത്രം വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാം ഒരു പോലെ കൈകാര്യം ചെയ്യാൻ സമർത്ഥരായ മാധവനും വിജയ് സേതുപതിയും ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചു എന്ന് പറയുന്നതാവും ശരി. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥും വരലക്ഷ്മി ശരത് കുമാറും നായക വില്ലൻമാരുടെ നിഴലായി ഒതുങ്ങാത്ത മികച്ച കഥാപാത്രങ്ങളായെത്തി എന്നത് ശ്രദ്ദേയമാണ് .

▪️ ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യം സാം.സി.എസിന്റെ  ത്രില്ലിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ്. ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് BGM ന് ഉണ്ടെന്ന് നിസ്സംശയം പറയാം .പി .എസ്. വിനോദിന്റെ ക്യാമറയും റിച്ചാർഡ് കെവിന്റെ എഡിറ്റിംഗും ചിത്രത്തെ മികവുറ്റ ഒരനുഭവമാക്കി മാറ്റി. സംവിധായകരായ പുഷ്കറും ഗായത്രിയും മണികണ്ഠനോടൊപ്പം ചേർന്നെഴുതിയ ശക്തമായ തിരക്കഥയുടെ ബലം ചിത്രത്തിന്റെ ഓരോ രംഗത്തും അനുഭവിച്ചറിയാം . മുൻ ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തി എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഈ ചിത്രം അണിയിച്ചൊരുക്കിയ പുഷ്കർ- ഗായത്രി ദമ്പതിമാർക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. 

🔹VERDICT 🔹

▪ കുട്ടിക്കാലം മുതൽ നാമെല്ലാവരും വായിച്ച് പരിചയിച്ച വിക്രമാദിത്യ വേതാള കഥയെ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് മാറ്റി അതിലൂടെ വളരെ ത്രില്ലിംഗ് ആയ ഒരു ക്രൈം സ്റ്റോറി അവതരിപ്പിച്ചിരിക്കുന്ന വിക്രം വേദ വളരെ മികച്ച സിനിമാനുഭവമാണ് സമ്മാനിച്ചത്. അഭിനയ മികവും ശക്തമായ തിരക്കഥയും സംവിധാനവും ചടുലമായ BGM ഉം ഒത്തിണങ്ങിയ ഈ ചിത്രം ഒരു നിമിഷം പോലും തിയേറ്റർ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെയാണ് കണ്ട് തീർത്തത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയായി തുടങ്ങുന്ന ചിത്രം മുന്നോട്ട് പോകുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ആരാണ് ശരി, ആരാണ് തെറ്റ് എന്ന പുരാതനമായ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. വളരെ ത്രില്ലിംഗ് ആയ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. 

🔹RATING : 4/5 ( VERY GOOD – A CLEVERLY CRAFTED INTENSE CRIME THRILLER )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · UK · War

147. DUNKIRK (UK/WAR/2017)

🔹147. DUNKIRK (2017)  🔽 A Review 🔽

🔹 രണ്ടാം ലോക മഹായുദ്ധത്തിനിടക്ക് ജർമൻ സൈന്യത്താൽ വലയം ചെയ്യപ്പെട്ട് ഫ്രാൻസിലെ ഡൺകിർക്ക് ബീച്ചിൽ അകപ്പെട്ടു പോയ നാല് ലക്ഷത്തോളം വരുന്ന ബ്രിട്ടൺ , ഫ്രാൻസ്, ബെൽജിയം  , കാനഡ എന്നീ രാജ്യങ്ങളുടെ സൈനികരെ അവിടെ നിന്നും രക്ഷിക്കുന്നതിനായി 1940 മെയ് 26 നും ജൂൺ 4 നും ഇടയിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് Dunkirk Evacuation അഥവാ Operation Dynamo എന്നറിയപ്പെടുന്നത്. 

COUNTRY : UK | USA | FRANCE | NETHERLANDS

LANGUAGE : ENGLISH

GENRE : WAR

DIRECTION : CHRISTOPHER NOLAN

🔹SYNOPSIS 🔹

▪️ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് പറയുമ്പോൾ ഡൺകിർക്ക് ഇവാക്കുവേഷനെക്കുറിച്ച് പറയാതിരിക്കാനാവില്ല .തങ്ങളുടെ സൈന്യത്തിന്റെ ഒരു പ്രധാന ഭാഗം തന്നെ 1940 മെയ് മാസത്തിൽ ഫ്രാൻസിലെ ഡൺകിർക്ക് ബീച്ചിൽ ജർമൻ സൈന്യത്തിന്റെ തോക്കിന് മുന്നിൽ പെട്ട് പോയപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യം തന്നെ ഞെട്ടിവിറച്ചു. സാധാരണ സൈനികരും ഓഫീസർമാരും അടക്കം ഡൺകിർക്കിൽ പെട്ടു പോയ എല്ലാവരും ആഗ്രഹിച്ചത് ഒന്നു മാത്രമായിരുന്നു .സ്വന്തം നാട് എന്ന വിദൂര സ്വപ്നം. ഡൺകിർക്കിലെ കരയും കടലും ആകാശവും ഒരു പോലെ യുദ്ധമുഖരിതമായപ്പോൾ ഓരോ സൈനികന്റെയും ഉള്ളിൽ ഉണ്ടായത് യുദ്ധക്കൊതിയോ ശത്രുനാശമോ രാജ്യസ്നേഹമോ ഒന്നുമായിരുന്നില്ല .അത് എങ്ങനെയെങ്കിലും ജീവൻ നിലനിർത്തി അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഏതൊരു ജീവിയുടേയും ഉള്ളിലുണ്ടാകുന്ന അതിജീവനത്വര മാത്രമായിരുന്നു. 

▪ കരയിലും കടലിലും ആകാശത്തും നടക്കുന്ന യുദ്ധവും അതിജീവനവും DUNKIRK ൽ ചിത്രീകരിച്ചിരിക്കുന്നത് The Mole (7 Days), The Sea (1 Day) , The Air (1 Hour) എന്നിങ്ങനെ മൂന്ന് ഇഴ ചേർന്ന് കിടക്കുന്ന വിഭാഗങ്ങളിലൂടെയാണ്. ജർമൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സൈനികരുടെ 7 ദിവസത്തെ ശ്രമങ്ങളും അവരെ രക്ഷിക്കാനായി ജീവൻ പണയം വെച്ച് DUNKIRK ൽ എത്തുന്ന ഒരു പ്രൈവറ്റ് ബോട്ടിന്റെ ഒരു ദിവസത്തെ യാത്രയും ജർമൻ യുദ്ധവിമാനങ്ങളെ നശിപ്പിക്കാനുള്ള മൂന്ന് ബ്രിട്ടീഷ് പൈലറ്റുമാരുടെ ഒരു മണിക്കൂറത്തെ ശ്രമങ്ങളും പരസ്പരം കൂട്ടിക്കലർത്തി ചിത്രത്തിൽ വിവരിക്കുന്നു.

🔹 PERFORMANCES & TECHNICAL SIDES🔹

▪️  ക്രിസ്റ്റഫർ നോളന്റെ പത്താമത്തെ ഫീച്ചർ ഫിലിമായ DUNKIRK ൽ അദ്ദേഹം താൻ ഇതുവരെ പരീക്ഷിക്കാത്ത യുദ്ധ വിഭാഗമാണ് തെരഞ്ഞെടുത്തിരിക്കുന്നത് .യുദ്ധ ചിത്രങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഹോളിവുഡിൽ ഇതുവരെ വന്നവയിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രം, അതും തന്റെ ശൈലിയിൽ നിന്നും പൂർണമായി വിട്ടുമാറാതെ ചിത്രീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുമുണ്ട്. സാധാരണ യുദ്ധചിത്രങ്ങളിൽ ആക്രമണങ്ങളിൽ പരിക്കേല്‌ക്കുന്ന പട്ടാളക്കാരുടെ വേദനയും നിലവിളികളും രക്തവും ഫോക്കസ് ചെയ്ത് പ്രേക്ഷകരിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ DUNKIRK ൽ ഒരു രംഗത്ത് പോലും അതൊന്നും കാണിക്കുന്നതേയില്ല. അത് പോലെ ഫ്ലാഷ് ബാക്കുകളോ അനുബന്ധകഥകളോ  ഇല്ലാത്ത ചിത്രത്തിലെ രംഗം പോലും യുദ്ധമുഖത്ത് നിന്നും മാറുന്നില്ല. സിനിമ കാണാനെത്തുന്ന പ്രേക്ഷകനിൽ ഒന്നേ മുക്കാൽ മണിക്കൂർ നേരം യഥാർത്ഥ യുദ്ധമുഖത്ത് പെട്ട് പോകുന്ന പ്രതീതി ഉളവാക്കാൻ ചിത്രത്തിനായി . 

▪️ DUNKIRK എന്ന ചിത്രത്തിന്റെ ആത്മാവ് എന്ന് പറയുന്നത് Hans Zimmer ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഇത്രയും മികച്ച ഒരു BGM തിയേറ്ററിൽ ഇതുവരെ അനുഭവിച്ചിട്ടില്ല എന്ന് പറയാം . സാവധാനം തുടങ്ങി തീവ്രത കൂടി വരുന്ന BGM കഥാപാത്രങ്ങളുടെ അതേ ഭയവും ടെൻഷനും പ്രേക്ഷകരിലേക്കും എത്തിച്ചു. ഓരോ യുദ്ധവിമാനവും സ്വന്തം തലയ്ക്കു മുകളിലാണെന്ന് ഭയപ്പെട്ട് അറിയാതെ തലയുയർത്തി നോക്കിപ്പോകുന്ന , ഓരോ ബോംബും നമ്മുടെ തൊട്ടുമുമ്പിൽ പതിക്കുന്നെന്ന് കരുതി ഞെട്ടിത്തെറിക്കുന്ന അവസ്ഥ പ്രേക്ഷകരിൽ സൃഷ്ടിച്ച Hans Zimmer നെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. അത് പോലെ Hoyte Van Hoytema യുടെ ക്യാമറയുടെ മനോഹാരിത അവർണനീയമായിരുന്നു. കരയും കടലും ആകാശവും ഒരേ പോലെ ബൃഹത്തായ രീതിയിൽ  അദ്ദേഹം പകർത്തിയിട്ടുണ്ട്. യുദ്ധവിമാനം തകർന്ന് വീഴുമ്പോൾ പ്രേക്ഷകനും അതോടൊപ്പം വീഴുന്ന ഒരു പ്രതീതി ആയിരുന്നു. 

▪️ തന്റെ മുൻ ചിത്രങ്ങളിലെപ്പോലെ CGI കഴിവതും ഒഴിവാക്കി പ്രാക്ടിക്കൽ ഇഫക്ടുകളിലൂടെ ആണ് ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ ഡൺകിർക്ക് ഇവാക്കുവേഷനിൽ ഉപയോഗിച്ച ബോട്ടുകളും ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. ടോം ഹാർഡി , കെന്നത്ത് ബ്രാണാ , സിലിയൻ മർഫി തുടങ്ങിയ പ്രശസ്തരും അത് പോലെ ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളും അടക്കം അഭിനയിച്ച എല്ലാവരും മികച്ച നിലവാരം പുലർത്തി. എല്ലാത്തിനും ഉപരിയായി തിരക്കഥാകൃത്തായും സംവിധായകനായും സഹനിർമ്മാതാവായും നിറഞ്ഞു നിന്ന ക്രിസ്റ്റഫർ നോളന്റെ ബ്രില്യൻസ് ചിത്രത്തിന്റെ ഓരോ രംഗത്തും നമുക്ക് കാണാം. 

🔹VERDICT 🔹

▪ DUNKIRK പൂർണമായും ഒരു യഥാർത്ഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. അതിൽ സസ്പെൻസോ ട്വിസ്‌റ്റോ അമാനുഷികതയോ ഡ്രാമയോ ഒന്നുമില്ല. പ്രേക്ഷകരെ പൂർണമായും സിനിമയിലേക്ക് ആവാഹിക്കുക എന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യത്തിനാണ് സംവിധായകൻ പ്രാധാന്യം നല്കിയിരിക്കുന്നത് .അത് കൊണ്ട് തന്നെ ഏറ്റവും മികച്ച ദൃശ്യ ശ്രവ്യ സൗകര്യങ്ങളുള്ള തിയേറ്ററിൽ തന്നെ ഈ ചിത്രം കാണേണ്ടതാണ്. അല്ലാതെ ടോറൻറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കംപ്യൂട്ടറിലോ മൊബൈലിലോ കണ്ടാൽ ഈ ചിത്രത്തിന്റെ പത്ത് ശതമാനം പോലും നിങ്ങൾക്ക് ആസ്വദിക്കാനാവില്ല എന്നോർക്കുക. 

▪ DUNKIRK നോളന്റെ ഏറ്റവും മികച്ച ചിത്രമാണോ അല്ലെങ്കിൽ യുദ്ധ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണോ എന്നൊന്നും അന്വേഷിക്കുന്നതിൽ ഒരർത്ഥവുമില്ല. കാരണം ഇവിടെ ഓരോ പ്രേക്ഷകനും ഡൺകിർക്ക് ബീച്ചിൽ നാല് ലക്ഷത്തോളം വരുന്ന സൈനികരോടൊപ്പം ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് .ചെവിയിൽ മുഴങ്ങുന്നത് യുദ്ധവിമാനങ്ങളുടെ കാതടിപ്പിക്കുന്ന പ്രകമ്പനങ്ങളും വെടിയൊച്ചകളും മാത്രം . കണ്ണിനു മുന്നിൽ അന്തമില്ലാതെ പരന്ന് കിടക്കുന്ന കടലും ആകാശവും മണലും മാത്രം .മനസ്സിനുള്ളിൽ ഒരേ ഒരു ചിന്ത മാത്രം. സ്വന്തം നാട് , സ്വന്തം വീട് ! ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് എങ്ങിനെയും അവിടെത്തിയേ തീരൂ!  പ്രതീക്ഷ മാത്രമാണ്  നിങ്ങളുടെ ആയുധം , അതിജീവനം മാത്രമാണ് നിങ്ങളുടെ വിജയം! 

🔹RATING : 4/5 ( VERY GOOD – A UNIQUE CINEMATIC EXPERIENCE )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · Science Fiction · USA

146. WAR FOR THE PLANET OF THE APES (USA/SCIENCE FICTION/2017)

🔹146. WAR FOR THE PLANET OF THE APES 3D (2017)  🔽 A Review 🔽

🔹 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES.

COUNTRY : USA

LANGUAGE : ENGLISH

GENRE : SCIENCE FICTION

DIRECTION : MATT REEVES

🔹SYNOPSIS 🔹

▪️1968 മുതൽ 1973 വരെ ഇറങ്ങിയ അഞ്ച് ചിത്രങ്ങൾക്കും 2001 ൽ ഇറങ്ങിയ റീമേക്കിനും ശേഷമാണ് 2011ൽ പ്ലാനറ്റ് ഓഫ് ദി ഏപ്സ് റീബൂട്ട് സീരീസ് ആരംഭിക്കുന്നത് .ഒറിജിനൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ നടക്കുന്ന റിബൂട്ട് സീരീസ് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരു പോലെ നേടിയിരുന്നു . സിമിയൻ ഫ്ലൂ വൈറസ് പടർന്ന് പിടിച്ചതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും നശിച്ചപ്പോൾ കുരങ്ങൻമാർ മനുഷ്യരെപ്പോലെ ബുദ്ധിശക്തിയും സംസാരിക്കാനുള്ള കഴിവും നേടിയെടുക്കുന്നു. കുരങ്ങൻമാരുടെ നേതാവായ സീസർ തന്നെ ചതിച്ച കോബയെ വധിച്ചതിന് ശേഷം മനുഷ്യരുമായി യുദ്ധം കഴിവതും ഒഴിവാക്കി തന്റെ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു .എന്നാൽ കുരങ്ങൻമാരെ പൂർണമായും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ക്രൂരനായ കേണലിന്റെ നേതൃത്വത്തിലുള്ള ആൽഫ ഒമേഗ എന്ന ആർമി ഗ്രൂപ്പിന്റെ വരവ് സീസറിനെ മറ്റൊരു ജീവന്മരണ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. 

🔹VERDICT🔹

▪️ ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾ ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി ഇമോഷണൽ രംഗങ്ങൾക്കും ഡയലോഗുകൾക്കും പ്രാധാന്യം നല്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ചിത്രത്തിലെ  കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മോഷൻ ക്വാപ്ച്ചർ ടെക്നോളജിയും CGI യും സമന്വയിപ്പിച്ച് ഒരുക്കിയ ഏപ്സ് വളരെ മികച്ച അനുഭവമാണ് നല്കിയത്. Andy Serkis അവതരിപ്പിച്ച സീസർ ഇമോഷണൽ രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും എല്ലാം വളരെ മികവ് പുലർത്തി. King Kong , Gollum (Lord of The Rings Series) തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീസർ .  

▪️മുൻ ചിത്രങ്ങളിൽ ഉണ്ടായിരുന്ന Karin Konoval അവതരിപ്പിച്ച മൗറിസ് എന്ന ഒറങ്ങ് ഉട്ടാൻ , Terry Notary അവതരിപ്പിച്ച റോക്കറ്റ് എന്നിവരോടൊപ്പം പുതിയതായെത്തിയ Steve Zahn അവതരിപ്പിച്ച ബാഡ് ഏപ്പ് വളരെ രസകരമായ കഥാപാത്രമായിരുന്നു. കേണലിന്റെ വേഷത്തിലെത്തിയ Woody Harrelson തന്റെ വേഷം പതിവുപോലെ ഗംഭീരമാക്കിയപ്പോൾ നോവ എന്ന മൂകയായ പെൺകുട്ടിയായി Amish Miller അപ്രതീക്ഷിത പെർഫോർമൻസ് കാഴ്ച വച്ചു. നോവയും ലൂക്കയുമായുള്ള വൈകാരിക മുഹൂർത്തങ്ങൾ ഹൃദയഭേദകമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു. 

▪️ ചിത്രത്തിലെ ഓരോ രംഗത്തിലും ഒരു ക്ലാസ് ടച്ച് നല്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. Michael Giacchino യുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അതീവ ഹൃദ്യമായിരുന്നു. പലപ്പോഴും പരിപൂർണ നിശബ്ദത നിറഞ്ഞ രംഗങ്ങൾ ഉണ്ടായിട്ടും ഒരു നിമിഷം പോലും ചിത്രം ബോറടിപ്പിച്ചില്ല. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ് തുടങ്ങി ടെക്നിക്കൽ വിഭാഗങ്ങളിലെല്ലാം ചിത്രം അതീവ മികവ് പുലർത്തി. ആദ്യ ഭാഗങ്ങൾ കണ്ടിട്ടുള്ളവർക്ക് ചിത്രത്തിന്റെ ഇമോഷണൽ ഡെപ്ത്ത് പൂർണമായും ഉൾക്കൊള്ളാനാവും .ഒരു മൂവി ട്രിലജിക്ക് നല്കാവുന്ന മികച്ചൊരു പര്യവസാനം തന്നെയായിരുന്നു ഈ ചിത്രം. വെറും യുദ്ധവും ആക്ഷനും മാത്രം പ്രതീക്ഷിച്ച് പോകുന്നവരെ ഈ ചിത്രം ചിലപ്പോൾ നിരാശരാക്കിയേക്കാമെങ്കിലും സീസർ എന്ന കഥാപാത്രത്തെ മനസ്സിലാക്കുന്നവർക്ക് പൂർണ സംതൃപ്തി നല്കാൻ സാധിക്കുന്നിടത്താണ് War For The Planet Of The Apes ന്റെ വിജയം. 

🔹RATING : 4/5 ( VERY GOOD )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Biography · Chile · Drama · English · France · USA

145. JACKIE (USA/BIOGRAPHICAL DRAMA/2016)

🔹145. JACKIE (2016)  🔽 A Review 🔽

🔹 അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ മരണവും തുടർസംഭവങ്ങളും അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന ജാക്വിലിൻ കെന്നഡിയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ്  ഈ ചിത്രത്തിൽ!

COUNTRY : USA | CHILE | FRANCE

LANGUAGE : ENGLISH

GENRE : BIOGRAPHICAL DRAMA

DIRECTION : PABLO LARRAIN

🔹SYNOPSIS 🔹

▪️ അമേരിക്കൻ ചരിത്രത്തിൽ തന്നെ കറുത്ത നിഴലുകൾ വീഴ്ത്തിയ സംഭവമായിരുന്നു പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ കൊലപാതകം .1963 നവംബർ 22 ന് ടെക്സാസിൽ കാറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു. കാറിൽ അദ്ദേഹത്തോടൊപ്പം ഭാര്യയായ ജാക്വിലിനും ടെക്സാസ് ഗവർണറായ ജോൺ കോണലിയും ഭാര്യയും ഉണ്ടായിരുന്നു . അദ്ദേഹത്തെ  വെടിവച്ച് വീഴ്ത്തിയ മുൻ യു.എസ്.മറൈനായ ലീ ഹാർവി ഓസ്വാൾഡിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വിചാരണ തുടങ്ങുന്നതിന് മുമ്പ് അയാളും ജാക്ക് റൂബി എന്ന ആളുടെ വെടിയേറ്റ് മരിച്ചു. അത് കൊണ്ട് തന്നെ കെന്നഡിയുടെ കൊലപാതകത്തിനുള്ള വ്യക്തമായ കാരണങ്ങൾ ഇന്നും ദുരൂഹമായി തുടരുകയാണ്.

▪️ ജാക്കി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ജാക്വിലിൻ കെന്നഡിയുടെ പ്രഥമ വനിത ആയുള്ള ചുരുങ്ങിയ കാലത്തെ ജീവിതത്തിന്റെ ഓർമകളും കെന്നഡിയുടെ മരണം അവരെ ഏതു രീതിയിൽ ബാധിച്ചു എന്നതിനെപ്പറ്റിയുമുള്ള  അന്വേഷണമാണ്  പാബ്ലോ ലാറയിൻ,  ജാക്കി എന്ന ചിത്രത്തിലൂടെ പറയുന്നത്. കെന്നഡിയുടെ മരണശേഷം ഒരു ജേർണലിസ്റ്റുമായി ജാക്കി നടത്തുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം ഫ്ലാഷ്ബാക്കുകളിലൂടെ  അവരുടെ ജീവിതം അനാവരണം ചെയ്യുന്നു. ജാക്വിലിൻ പ്രഥമ വനിത ആയതിന് ശേഷം വൈറ്റ് ഹൗസിൽ വരുത്തിയ മാറ്റങ്ങളും അപ്രതീക്ഷിതമായ  പടിയിറങ്ങലും  കുഞ്ഞുങ്ങളുമായുള്ള പിന്നീടുള്ള ജീവിതവും എല്ലാം ചിത്രത്തിന് വിഷയമാകുന്നു.

🔹VERDICT🔹

▪️ മറ്റൊരു പ്രഥമ വനിതയ്ക്കും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് ജാക്വിലിൻ കെന്നഡി കടന്നു പോയത് . അപകടത്തിന്  ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായാണ്  അവർ അന്ന് വൈസ് പ്രസിഡൻറായിരുന്ന ലിൻഡൻ ബി. ജോൺസന്റെ പ്രസിഡൻറായുള്ള സത്യപ്രതിജ്ഞയിൽ  പങ്കെടുത്തത്. ജാക്വിലിൻ കെന്നഡിയുടെ വേഷം നതാലി പോർട്ട്മാൻ അതിഗംഭീരമായി അവതരിപ്പിച്ചു . രൂപത്തിലും വേഷത്തിലും സംഭാഷണത്തിലും എല്ലാം ജാക്വിലിൻ ആയി മാറിയ നതാലി പോർട്ട്മാന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷനും ലഭിച്ചിരുന്നു. ജീവിച്ചിരുന്ന ഒരു പ്രശസ്ത വ്യക്തിയുടെ ജീവിതം പരാതികൾക്കിട നല്കാതെ മനോഹരമായി വെള്ളിത്തിരയിലെത്തിച്ച നതാലി തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്.

▪️ തന്റെ മുൻ ചിത്രമായ നെരൂദയിലൂടെ നിരൂപക പ്രശംസ നേടിയ പാബ്ലോ  ലാറയിൻ ഈ ചിത്രത്തിലും  തന്റെ കഴിവ് തെളിയിക്കുന്നുണ്ട്.  നെരൂദയിൽ സാങ്കല്പികതയും യാഥാർത്ഥ്യവും ഇടകലർത്തിയ ആഖ്യാനശൈലി  സ്വീകരിച്ച  അദ്ദേഹം ജാക്കിയിൽ കൂടുതൽ യാഥാർത്ഥ്യത്തോട്  ചേർന്ന്  നില്ക്കുന്നതായി  കാണാം. കെന്നഡിയുടെ മരണം ചിത്രത്തിൽ കാണിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങളോ മറ്റ് സംഭവ വികാസങ്ങളോ ചിത്രത്തിൽ വിഷയമാകുന്നില്ല. പല തലങ്ങളിലൂടെ കടന്ന് പോകുന്ന ജാക്വിലിൻ കെന്നഡിയുടെ വ്യക്തിത്വമാണ് ഈ ചിത്രത്തിന്റെ പ്രതിവാദ്യ വിഷയം . ചിത്രം പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് പോകുന്നുണ്ടെങ്കിലും നതാലി പോർട്ട്മാന്റെ പെർഫോർമൻസ് പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമാണ് .

🔹RATING : 3.5/5 ( GOOD )

©PRADEEP V K (AMAZING CINEMA)

2.0 Star (Below Average) · India · Malayalam · Political · Thriller

144. TIYAAN (INDIA/SOCIO-POLITICAL THRILLER/2017)

🔹144. ടിയാൻ (2017)  🔽 A Review 🔽

🔹’ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോൾ അതിൽ ഒന്നല്ല ഒരായിരം ഇന്നലെകൾ ഉണ്ടാകും. മറവി കാർന്നു പോയ എണ്ണമറ്റ ജന്മങ്ങൾ ഒരൊമിച്ചൊന്നായ അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാകും. ആ മുഖം തേടുന്നവനാണ് ടിയാൻ എന്ന മേല്പടിയാൻ!’

COUNTRY : INDIA

LANGUAGE : MALAYALAM

GENRE : SOCIO – POLITICAL THRILLER

DIRECTION : JIYEN KRISHNAKUMAR

🔹SYNOPSIS 🔹

*ALERT : SPOILERS MAY BE AHEAD*

▪️ ഉത്തർപ്രദേശിലെ ഒരു ഉൾഗ്രാമത്തിൽ ജീവിക്കുന്ന ആദിശങ്കരന്റെ പിൻമുറക്കാരനായ പട്ടാഭിരാമഗിരി എന്ന സംസ്കൃതപണ്ഡിതൻ ജാതിമതഭേദമന്യേ ഏവർക്കും പ്രിയപ്പെട്ടവനാണ് .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ കഴിയുന്ന അവിടെ പുതിയ ആശ്രമം പണിയാനായി  ഭഗവാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രമാകാന്ത് മഹർഷി എന്ന ആൾ ദൈവം എത്തുന്നതോടെ എല്ലാം തകിടം മറിയുന്നു. ആശ്രമം സ്ഥാപിക്കുന്നതിന് തലമുറകളായി സംരക്ഷിച്ചു വരുന്ന താൻ താമസ്സിക്കുന്ന വീട് വിട്ട് നല്കാൻ പട്ടാഭിരാമഗിരി തയ്യാറാവാതിരിക്കുന്നതോടെ ബ്രാഹ്മണനും ആൾദൈവവും  തമ്മിൽ നന്മ തിന്മകൾ തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നു . അവർക്കിടയിലേക്ക്  അതുവരെ ഏവർക്കും അപരിചിതനായ ഒരു ഫക്കീറും കൂടി എത്തുന്നതോടെ മതവും ദൈവവും പുണ്യവും പാപവും ധർമവും അധർമ്മവും എല്ലാം കൂടിക്കുഴഞ്ഞ നിരവധി സമസ്യകളുടെ വാതിൽ തുറക്കുകയായി.

🔹VERDICT🔹

▪️ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഈ അടുത്ത കാലത്ത് മുതലായ ചിത്രങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയിലേക്ക് ഉയർന്ന് വന്ന ആളാണ് ശ്രീ മുരളി ഗോപി. ആര് സംവിധാനം ചെയ്താലും ആരൊക്കെ അഭിനയിച്ചാലും മുരളി ഗോപിയുടെ തിരക്കഥ എന്ന് കേട്ടാൽ പലരും ധൈര്യപൂർവ്വം സിനിമക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .പുതിയ ചിത്രമായ ടിയാനും സമാനമായ സാഹചര്യമായിരുന്നു .സംവിധായകൻ ജിയെൻ കൃഷ്ണകുമാറിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ ശ്രദ്ദിക്കപ്പെട്ടില്ലെങ്കിലും മൂന്നാമത്തെ ചിത്രമായ ടിയാൻ കാണാനിറങ്ങുമ്പോൾ തിരക്കഥയൊരുക്കിയ മുരളി ഗോപിയിൽ മാത്രമായിരുന്നു ഏവരുടേയും പ്രതീക്ഷ.

▪️ആ പ്രതീക്ഷകൾ ഒരു പരിധി വരെ ശരി വയ്ക്കുന്ന തരത്തിലായിരുന്നു  ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ .ആൾ ദൈവങ്ങളും അവർക്ക് ജയ് വിളിക്കുന്ന ഗവൺമെൻറും പോലീസും ഗുണ്ടകളും ചേർന്ന് സാധാരണക്കാരായ മനുഷ്യരെ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്യുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നു. പട്ടാഭിരാമഗിരിയായി  വന്ന ഇന്ദ്രജിത്തും ഭഗവാനായി വന്ന മുരളി ഗോപിയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി .എന്നാൽ ചിത്രം മറുപകുതിയിലേക്ക് കടന്നതോടെ കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്കാണ്  പോയത്.  ആദ്യ ഭാഗത്ത് ഏതാനും  രംഗങ്ങളിൽ മാത്രം വന്ന പൃഥ്വിരാജിന്റെ ഫക്കീർ കഥാപാത്രത്തിന്റെ പൂർവകാലം മൂന്നാംകിട തെലുങ്കു ചിത്രങ്ങളുടെ ശൈലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ക്ലീഷേകളുടെ ഒരു കൂമ്പാരമാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് . യാതൊരു പുതുമയും ഇല്ലാത്ത ആക്ഷൻ രംഗങ്ങളും കണ്ട് മടുത്ത കഥാപാത്രസൃഷ്ടിയും കാഴ്ച അരോചകമാക്കി. ആദ്യഭാഗത്തിൽ കത്തി നിന്ന വില്ലൻ കഥാപാത്രത്തിന് പെട്ടെന്ന് ശക്തി കുറഞ്ഞ് പോയതും ഒരിക്കലും അംഗീകരിക്കാനാവാത്ത യുക്തിരഹിതമായ കഥാപശ്ചാത്തലവും വലിച്ചു നീട്ടിയ കഥ പറച്ചിലും ചിത്രത്തിന് വിലങ്ങുതടിയായി. 

🔹FINAL WORD🔹

▪️ ഇത്തരം ഒരു ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല . ഒരു ആൾദൈവത്തിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്നതിനിടയിൽ അതേ പോലെ മറ്റൊരു ആൾദൈവത്തെ വെള്ള പൂശുന്നു. മതഭ്രാന്തിനെയും വർഗീയതയെയും എതിർക്കുമ്പോൾ അവയുടെ സൃഷ്ടിക്ക് കാരണമായ മതങ്ങളെയും ആചാരങ്ങളെയും ന്യായീകരിക്കുന്നു. തത്ത്വമസി (നീ അതാകുന്നു) എന്ന് ഉറക്കെ വ്യാഖാനിക്കുമ്പോൾ എല്ലാ പാണ്ഡിത്യവും അറിവും  ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റുള്ളവർ ബ്രാഹ്മണനെ തൊഴുത് നില്ക്കണമെന്നും അടിവരയിട്ട് പറയുന്നു. ഡോക്ടറെ വിശ്വസിക്കാതെ ആൾ ദൈവത്തിൽ വിശ്വസിക്കുന്ന ഭക്തയെ മറ്റൊരു അത്ഭുതം പ്രവർത്തിച്ച് കാണിച്ച് യഥാർത്ഥ ‘വിശ്വാസി’ ആക്കി മാറ്റുന്നു. മത ഗ്രന്ഥങ്ങളിൽ പോലും കാണാത്ത യുക്തിഹീനമായ വ്യാഖ്യാനങ്ങളിലൂടെ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുകയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും  ചെയ്യുന്നു.

▪️ മനുഷ്യനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു മതത്തിന്റെ ആൾ ദൈവത്തെ വേരോടെ പിഴുതെറിയാൻ മറ്റൊരു മതദൈവത്തിന്റെ കയ്യൊപ്പുള്ള ആൾ ദൈവത്തിനെ കൊണ്ടു വന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബ്രില്യൻസിന് നമോവാകം .വ്യക്തിപരമായി ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു ചിത്രമാണിത് എന്നിരിക്കിലും എല്ലാ ലോജിക്കുകളും മാറ്റി വച്ച് സിനിമ എന്ന നിലയിൽ ഈ ചിത്രം ആസ്വദിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ ക്ലീഷേ രംഗങ്ങളും ഏച്ചുകെട്ടിയ എഡിറ്റിംഗും 2 മണിക്കൂർ 48 മിനിട്ട് ദൈർഘ്യവും അതിനും വിലങ്ങുതടിയായി. മികച്ച വിഷ്വൽസും ലൊക്കേഷൻസും ബി ജി എമ്മും ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്. ഭേദപ്പെട്ട ആദ്യ പകുതിയും നിരാശപ്പെടുത്തിയ രണ്ടാം പകുതിയുമാണ് ഈ ചിത്രം എനിക്ക് സമ്മാനിച്ചത് .ഓരോരുത്തർക്കും ഓരോ ആസ്വാദനക്ഷമത ആയിരിക്കും എന്ന കാര്യം ഓർമ്മിച്ചു കൊണ്ട് എല്ലാവരും ചിത്രം തിയേറ്ററിൽ തന്നെ കണ്ട് വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

🔹RATING : 2/5 ( BELOW AVERAGE )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Canada · Drama · French

143. MOMMY (CANADA/DRAMA/2014)

🔹143. MOMMY (2014)  📖 A Review 📖

 
🔹ADHD (Attention Deficit Hyperactivity Disorder) ബാധിച്ച ഒരു കൗമാരക്കാരന്റെയും വിധവയായ അമ്മയുടെയും കഥയാണ് MOMMY എന്ന കനേഡിയൻ ചിത്രം പറയുന്നത്.

COUNTRY : CANADA

LANGUAGE : FRENCH

GENRE : DRAMA

DIRECTION : XAVIER DOLAN

🔹SYNOPSIS 🔹

▪️ ഒരു നിമിഷം സൗമ്യനായി കാണപ്പെടുകയും എന്നാൽ തൊട്ടടുത്ത നിമിഷം വളരെ വയലൻറ് ആവുകയും ചെയ്യുന്ന സ്വഭാവത്തിനുടമയാണ് സ്റ്റീവ് എന്ന കൗമാരക്കാരൻ.ആര് പറഞ്ഞാലും അനുസരിക്കാത്ത അവനെ നിയന്ത്രിക്കാൻ കുറച്ചെങ്കിലും കഴിയുന്നത് അമ്മയായ ഡയാനക്ക് മാത്രമാണ് .സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കഷ്ടപ്പെടുന്ന ഡയാനക്ക് മകന്റെ സ്വഭാവ വൈകൃതം മൂലം സ്വന്തം ജീവിതത്തിലോ ജോലിയിലോ ഒന്നും  ശ്രദ്ധിക്കാനാവുന്നില്ല .

▪️കാനഡയിൽ പുതിയതായി വന്ന നിയമപ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള രക്ഷിതാക്കൾക്ക് സ്വഭാവ വൈകല്യങ്ങളുള്ള കുട്ടികളെ നിയമത്തിന്റെ നൂലാമാലകളൊന്നുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യാവുന്നതാണ് .എന്നാൽ മകനോടുള്ള സ്നേഹം മൂലം ഡയാന അതിന് തയ്യാറാവുന്നില്ല .അതിനിടക്ക് അവരുടെ അടുത്ത വീട്ടിലെ താമസക്കാരിയായി വന്ന കൈല എന്ന ടീച്ചർ സ്റ്റീവിന്റെ പഠനം ഏറ്റെടുക്കുന്നത് ഡയാനയെ കുറച്ച് സമാധാനിപ്പിക്കുന്നു .എന്നാൽ തൊട്ടു മുൻപ് താമസിച്ച സ്ഥാപനത്തിൽ സ്റ്റീവ് വരുത്തിയ നാശനഷ്ടങ്ങൾ കേസാകുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്നു.

🔹ON SCREEN 🔹

▪️ സ്റ്റീവ് എന്ന ADHD ബാധിച്ച കൗമാരക്കാരനായി കനേഡിയൻ നടൻ Antoine Olivier Pilon ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ചു . യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വയലൻറ് ആവുന്ന എന്നാൽ ഉള്ളിൽ അമ്മയോട് പ്രത്യേകമായ സ്നേഹം സൂക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാനാവാത്ത വെല്ലുവിളി നിറഞ്ഞ ആ കഥാപാത്രം Antoine നന്നായിത്തന്നെ അവതരിപ്പിച്ചു .ഡയാനയായി Anne Dorval ഉം കൈല ആയി Suzanne Clement ഉം തന്മയത്വമാർന്ന പ്രകടനമാണ് കാഴ്ച വച്ചത് .രണ്ട് നടിമാരുടേയും മികച്ച ചിത്രങ്ങൾ എല്ലാം Xavier Dolan സംവിധാനം ചെയ്തവയായിരുന്നു എന്നതും ശ്രദ്ദേയമാണ് .

🔹BEHIND THE SCENES🔹

▪ Xavier Dolan എന്ന ഇരുപത്തെട്ടുകാരനായ സംവിധായകൻ ഫിലിം ഫെസ്റ്റിവലുകളിൽ സുപരിചിതനാണ് .അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും Iffk യിലും പ്രദർശിപ്പിച്ചിട്ടുണ്ട് .തന്റെ ചിത്രങ്ങൾക്ക് കൂടുതലും വ്യത്യസ്തമായ അമ്മ- മകൻ ബന്ധങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. Mommy യിലും നാമിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അമ്മ – മകൻ ബന്ധം നമുക്ക് കാണാം. മറ്റൊരു പ്രത്യേകത ചിത്രത്തിന്റെ Aspect Ratio ആണ് . ഇടുങ്ങിയ ഒരു പോർട്രയിറ്റ് ലുക്ക് നല്കുന്ന Aspect Ratio അമ്മയുടേയും മകന്റെയും സമൂഹത്തിലെ ഇടുങ്ങിയ ജീവിതത്തെ സൂചിപ്പിക്കുന്നു. അമ്മയും മകനും സന്തോഷം അനുഭവിക്കുന്ന അപൂർവ്വം ചില നിമിഷങ്ങളിൽ വൈഡ് സ്ക്രീൻ Aspect Ratio ഉപയോഗിക്കുന്നുണ്ട്. Aspect Ratio യിലെ മാറ്റം വരുന്ന രംഗങ്ങൾ വളരെ മനോഹരമായി പ്രേക്ഷകർ പോലും ശ്രദ്ധിക്കാത്ത തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു .

🔹VERDICT🔹

▪️ നിരവധി വൈകാരിക മുഹൂർത്തങ്ങളുള്ള പലപ്പോഴും എന്തെങ്കിലും അരുതാത്തത് നടക്കുമോ എന്ന ഭയം പ്രേക്ഷകന് ഉളവാക്കുന്ന മികച്ചൊരു ഡ്രാമയാണ് ഈ ചിത്രം .കഥയ്ക്ക് അനുയോജ്യമെങ്കിലും പലപ്പോഴും ചിത്രത്തിന്റെ  Aspect Ratio കാണികളിൽ കുറച്ചൊരു വിഷമം സൃഷ്ടിക്കുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് നേടിയ ഈ ചിത്രം തിയേറ്ററുകളിൽ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു. അഭിനേതാക്കളുടെ പെർഫോർമൻസ് ആണ് ചിത്രത്തെ വേറൊരു ലെവലിൽ എത്തിക്കുന്നത് . വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ ആഗ്രഹിക്കുന്നവർക്ക് Mommy മികച്ച അനുഭവം തന്നെ സമ്മാനിക്കുമെന്ന് തീർച്ചയാണ്.

🔹RATING : 4/5 ( VERY GOOD)

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Drama · India · Malayalam

142. THONDIMUTHALUM DRIKSHAKSHIYUM (INDIA/DRAMA/2017)

​🔹142. തൊണ്ടിമുതലും ദൃക്സാക്ഷിയും 🔹A Review🔹

🔹 SYNOPSIS 🔹

 
▪️ഒരു സിനിമ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്ത് നില്ക്കുമ്പോഴാണ് .ഒരു കഥാപാത്രത്തെ കാണുമ്പോൾ ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ , അല്ലെങ്കിൽ ഒരു രംഗം കാണുമ്പോൾ ഇത് എന്റെ കൺമുന്നിൽ സംഭവിച്ചതല്ലേ എന്നിങ്ങനെയുള്ള തോന്നലുകൾ പ്രേക്ഷകരിൽ ജനിപ്പിക്കാൻ കഴിയുന്ന സിനിമകൾ മലയാളത്തിൽ വളരെ വിരളമാണ് . റിയലിസ്റ്റിക് എന്ന് പറഞ്ഞ് വരുന്ന ചിത്രങ്ങൾ ഭൂരിഭാഗവും ഏതാനും രംഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമാറ്റിക് ആയി പരിണമിക്കുകയാണ് പതിവ്. അത്തരം ചിത്രങ്ങൾക്കിടയിലേക്ക് വന്ന പ്രതീക്ഷയുടെ പുതുനാമ്പുകളായിരുന്നു മഹേഷിന്റെ പ്രതികാരവും അങ്കമാലി ഡയറീസും എല്ലാം .അവയിൽ നിന്നെല്ലാം  ഒരു പടി കൂടി കടന്ന് ഏതൊരു മലയാളിക്കും ചിരപരിചിതമായ കഥാപാത്രങ്ങളുമായി കൺമുന്നിൽ നടക്കുന്നുവെന്ന് തോന്നുന്ന മുഹൂർത്തങ്ങളുമായാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എത്തുന്നത് .കാസർകോഡ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന രണ്ട് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .

🔹ON SCREEN 🔹

▪️പ്രസാദ് എന്ന തനി നാട്ടിൻ പുറത്ത്കാരനായ കഥാപാത്രമായി സുരാജ് മികച്ച പ്രകടനം കാഴ്ച വച്ചു . തന്റെ സ്ഥിരം ശൈലി ഒരിടത്തും കടന്ന് വരാതെ പൂർണമായും  കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു .ഓരോ ചിത്രം കഴിയുന്തോറും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഫഹദ് ഫാസിൽ ഈ ചിത്രത്തിലെ കള്ളന്റെ വേഷത്തിലൂടെ തന്റെ ജൈത്രയാത്ര തുടരുകയാണ്. ഇത്രയും മികച്ച ഒരു കള്ളനെ ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല. കുറഞ്ഞ ഡയലോഗുകളിലൂടെയും ചിരിയിലൂടെയും കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരിലെത്തിക്കാൻ ഫഹദ് കാണിച്ച മിടുക്ക് പ്രശംസനീയം തന്നെ . 

▪️പ്രസാദിന്റെ ഭാര്യയായ ശ്രീജ എന്ന കഥാപാത്രം പുതുമുഖം നിമിഷ സജയന്റെ കയ്യിൽ ഭദ്രമായിരുന്നു .ഒരു വിധ മേക്കപ്പുമില്ലാതെ പുതുമുഖ നടിയുടെ ഒരു ഭാവഭേദവുമില്ലാതെ തികച്ചും സ്വാഭാവികമായ അഭിനയത്തിലൂടെ നിമിഷ സ്ക്രീനിൽ നിറഞ്ഞ് നിന്നു. എ എസ് ഐ ആയെത്തിയ അലൻസിയറുടെ പ്രകടനം എടുത്ത് പറയാതെ തരമില്ല .ഒരു പൊലീസ് ഓഫീസർ അനുഭവിക്കുന്ന എല്ലാ മാനസിക സമ്മർദ്ദങ്ങളും അലൻസിയർ മനോഹരമായി അവതരിപ്പിച്ചു. എസ് ഐ അടക്കം പല പൊലീസ് കഥാപാത്രങ്ങളും അവതരിപ്പിച്ചത് യഥാർത്ഥ പൊലീസ് ഓഫീസേഴ്സ് തന്നെ ആയിരുന്നു .

🔹BEHIND THE SCENES🔹

▪ ഒരു സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് അദ്ദേഹത്തിന്റെ ഭാവി നിർണയിക്കുന്നതെന്ന് പറയാറുണ്ട് .അങ്ങനെ നോക്കിയാൽ ദിലീഷ് പോത്തൻ എന്ന സംവിധായകൻ മലയാള സിനിമയിലെ എണ്ണം പറഞ്ഞ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയർന്നുകഴിഞ്ഞുവെന്ന് പറയാം. ഇത്രയും റിയലിസ്റ്റിക് ആയ, ഡൗൺ ടു എർത്ത് ആയ ഒരു മലയാള ചിത്രം സംവിധാനം ചെയ്ത അദ്ദേഹത്തിന് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ കൂടുതൽ ക്രഡിറ്റും. രാജീവ് രവിയുടെ സ്വാഭാവികത നിറഞ്ഞു നിന്ന ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും ചിത്രത്തിന്റെ മൊത്തം സ്വഭാവത്തിനോട്  ചേർന്ന് നിന്നു. 

🔹VERDICT🔹

▪️ഇതിലും റിയലിസ്റ്റിക് ആയി ഒരു ചിത്രം ഒരുക്കാനാവും എന്ന് തോന്നുന്നില്ല . ഓരോ ഫ്രെയിമും അത്രയും മികച്ചതായിരുന്നു. മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക് ആയ പോലീസ് സ്റ്റേഷനും പോലീസുകാരെയും ചിത്രത്തിൽ കാണാം .നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പോയാൽ കാണുന്ന അതേ സ്വഭാവവും അന്തരീക്ഷവുമായിരുന്നു ചിത്രത്തിലെ പോലീസ് സ്‌റ്റേഷനിലും കണ്ടത് .ചിത്രത്തിലെ എസ് ഐ യെ നിങ്ങൾ മറക്കില്ല. അദ്ദേഹവും മറ്റ് പോലീസുകാരും ‘അഭിനയി’ച്ചില്ല എന്ന് പറഞ്ഞാൽ അതാണ് ശരി. ചിത്രത്തിലെ ചെയ്സ് സീനും കനാലിലെ രംഗങ്ങളും വളരെയധികം ത്രില്ലിംഗ് ആയ അനുഭവം ആണ് സമ്മാനിച്ചത് .ഓരോ ഫ്രെയിമിലും ഒരു സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ തൊണ്ടിമുതലും ദൃക്സാക്ഷിയും മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ എന്നുമുണ്ടാവും. ടോറന്റിന് വേണ്ടി കാത്തു നില്ക്കാതെ അടുത്തുള്ള  മികച്ച തിയേറ്ററിൽ തന്നെ പോയിക്കണ്ട് ‘പോത്തേട്ടൻസ് ബ്രില്യൻസ്’ നേരിട്ട് അനുഭവിച്ചറിയുക .

🔹RATING : 4/5 ( VERY GOOD 

©PRADEEP V K (AMAZING CINEMA)