4.5 Star (Brilliant) · Crime · Drama · Hindi · India

152. HAIDER (INDIA/CRIME DRAMA/2014)

🔹152. HAIDER (2014)  🔽 A Review 🔽

🔹”If I listen to my heart, it’s there.

      If I listen to my mind, though, it’s not.

      Should I take a life, or give mine,

      Should I remain, or should I not..”

🔹COUNTRY : INDIA

     LANGUAGE : HINDI

     GENRE : CRIME DRAMA

     DIRECTION : VISHAL BHARDWAJ

🔹SYNOPSIS 🔹

▪ ഇന്ത്യ ഇന്ന് സ്വതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ പിന്നിടുകയാണ് .എന്നാൽ 1947 ൽ നമുക്കെല്ലാം ലഭിച്ച സ്വാതന്ത്ര്യം അല്ലെങ്കിൽ ഇന്ന് നാമെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കാത്ത നിരവധിയാളുകൾ ഇന്നും ഇന്ത്യയിൽ ജീവിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കാറില്ല . അത്തരത്തിൽ ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനപരമായ അവകാശം അതായത് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ചിലരുടെ ചെറുത്തുനില്പിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത HAIDER എന്ന ഹിന്ദി ചിത്രമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.  1990 കളിൽ ജമ്മു കാശ്മീരിൽ നിരവധി തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഭീകരപ്രവർത്തനങ്ങളും അതിനെ എന്ത് വില കൊടുത്തും അമർച്ച ചെയ്യാനുള്ള ഇന്ത്യൻ പട്ടാളത്തിന്റെ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം .ഷേക്സ്പിയർ നാടകമായ ഹാംലറ്റ് , ബഷാരത് പീർ എഴുതിയ കർഫ്യൂഡ് നൈറ്റ് എന്നിവ ആധാരമാക്കിയാണ് വിശാൽ ഭരദ്വാജും ബഷാരത് പീറും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .Maqbool, Omkara എന്നീ ചിത്രങ്ങൾക്ക് ശേഷം ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണിത്. 

▪ 1995 ൽ ശ്രീനഗറിൽ ഹിലാൽ മീർ എന്ന ഡോക്ടറെ ഒരു തീവ്രവാദി ഗ്രൂപ്പിലെ അംഗത്തിന് രഹസ്യമായി സ്വന്തം വീട്ടിൽ വച്ച് ഓപ്പറേഷൻ ചെയ്ത് കൊടുത്തു എന്ന കുറ്റത്തിന് ഇന്ത്യൻ പട്ടാളം പിടിച്ചു കൊണ്ടു പോകുകയും അദ്ദേഹത്തിന്റെ വീട് കത്തിച്ചു കളയുകയും ചെയ്യുന്നു. പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹത്തെ അന്വേഷിച്ച് കണ്ട് പിടിക്കാൻ മകനായ ഹൈദർ നിരവധി ശ്രമങ്ങൾ നടത്തുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്ന് പോലും കണ്ടെത്താനാവുന്നില്ല .അതിനിടയിൽ അമ്മയും അച്ഛന്റെ സഹോദരനും തമ്മിലുള്ള അടുപ്പവും കൂടി കാണുന്നതോടെ ഹൈദർ മാനസികമായി തളരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ തീവ്രവാദി ബന്ധം ആരോപിച്ച് പട്ടാളം പിടികൂടി പിന്നീട് അപ്രത്യക്ഷരാകുന്ന നിരവധി സാധാരണ പൗരൻമാരിൽ ഒരാളാണ് തന്റെ അച്ഛനും എന്ന് ഹൈദർ മനസ്സിലാക്കുന്നു. തന്റെ കാമുകിയും ജേർണലിസ്റ്റുമായ ആർഷിയയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ  അച്ഛനെ പട്ടാളത്തിന് ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെയായിരുന്നെന്നും അതിന് തന്റെ അമ്മയും കൂടി സഹായിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്ന ഹൈദർ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെടുന്നു. തന്റെ അച്ഛനെ ചതിച്ചവരെ മുഴുവൻ നശിപ്പിച്ചാലേ തനിക്ക് സ്വസ്ഥത ലഭിക്കൂ എന്ന് ഹൈദർ വിശ്വസിക്കുന്നു. പ്രതികാരത്തിന്റെ തീച്ചൂളയിൽ സ്വയം വെന്തെരിയുമ്പോഴും അമ്മയോടുള്ള സ്നേഹത്തിന്റെ കനൽ അണയാതെ സൂക്ഷിക്കുന്ന ഹൈദറിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ ചിത്രം .

🔹 REVIEW🔹

▪  ഷേക്സ്പിയറിന്റെ ഹാംലറ്റും കാശ്മീർ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഇഴ ചേർത്ത് ചിത്രം സംവിധാനം ചെയ്യുന്നതിൽ വിശാൽ ഭരദ്വാജ് പൂർണമായും വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പെർഫോർമൻസും വിഷയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സഹായകരമായി. വിശാൽ ഭരദ്വാജ് തന്നെ ചിട്ടപ്പെടുത്തിയ മ്യൂസിക് സ്കോറും പങ്കജ് കുമാറിന്റെ ക്യാമറ വർക്കും ചിത്രത്തിന്റെ ടോണിന് ചേർന്ന് നിന്നു. സംഭാഷണത്തിനും മ്യൂസിക് ഡയറക്ഷനും അടക്കം അഞ്ച് നാഷണൽ അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിരുന്നു. വിട്ടുവീഴ്ചകളില്ലാതെ കാലിക പ്രസക്തമായ ഒരു വിഷയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിച്ച വിശാൽ ഭരദ്വാജ് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ സംഭാവനകൾ ഇന്ത്യൻ സിനിമാ ലോകത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

▪ ഹൈദർ എന്ന കേന്ദ്രകഥാപാത്രമായി ഷാഹിദ് കപൂർ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വച്ചിരിക്കുന്നു. പ്രണയവും പ്രതികാരവും ദു:ഖവും ക്രോധവും സ്നേഹവും എല്ലാം ഒരേ സമയം അനുഭവിച്ച് മാനസികനില തന്നെ തകരാറിലാവുന്ന ഹാംലറ്റിന്റെ അവസ്ഥ പേറുന്ന ഹൈദർ എന്ന കഥാപാത്രം ഷാഹിദ് കപൂറിലെ നടനെ ഏറ്റവും നന്നായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹൈദറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ തബു ആണ് . കുറ്റബോധവും മകനോടുള്ള സ്നേഹവും കൊണ്ട് വീർപ്പുമുട്ടുന്ന ആ കഥാപാത്രം ചിത്രം കഴിഞ്ഞാലും നിങ്ങളെ വിട്ടു പോകാതെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കും .ഹൈദറിന്റെ അമ്മാവന്റെ വേഷം ചെയ്ത കെ കെ മേനോനും പ്രണയിനിയുടെ വേഷത്തിലെത്തിയ ശ്രദ്ധ കപൂറും അതിഥി വേഷത്തിലെത്തിയ ഇർഫാൻ ഖാനും അടക്കം എല്ലാ നടീനടൻമാരും ഒന്നിനൊന്ന് മികച്ച് നിന്നു. സാധാരണ ബോളിവുഡ് ചിത്രങ്ങളിൽ കാണാറുള്ള സ്ഥിരം മസാലകൾ ഒന്നും ചേർക്കാതെ തന്നെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണിത്. ഓരോ ഭാരതീയനും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

🔹SIGNIFICANCE🔹

▪ ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ സൈന്യം നടത്തിയിട്ടുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ നിരവധി എതിർപ്പുകൾക്ക് വഴിവച്ചിട്ടുള്ളതാണ്. സിനിമയിൽ ഒരു സ്ത്രീ  കഥാപാത്രം പറയുന്നത് തന്റെ ഭർത്താവ് മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്തതിനാൽ താൻ യുദ്ധ വിധവ (War Widow) അല്ല മറിച്ച് പകുതി യുദ്ധ വിധവ (Half War Widow) ആണെന്നാണ്. ചിത്രത്തിൽ ഹൈദർ പട്ടാള മേധാവിയോട് ആവശ്യപ്പെടുന്നതും തന്റെ അച്ഛൻ ജീവനോടെയുണ്ടോ അതോ ഇല്ലയോ  എന്നെങ്കിലും പറയുവാൻ മാത്രമാണ്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആർമിയിൽ നിന്നും പലപ്പോഴും കാശ്മീരിലെ സാധാരണ ജനങ്ങൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ചിട്ടുള്ളത്  ഒന്ന് തന്നെയാണ് എന്ന പലരും പറയാൻ മടിക്കുന്ന വസ്തുത ഹൃദയത്തിൽ തറയ്ക്കുന്ന രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. കയ്പ് നിറഞ്ഞ ചില സത്യങ്ങൾ പറയുമ്പോഴും അടുത്തിടെ ഉണ്ടായ കാശ്മീർ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ജീവൻ പണയം വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ എടുത്ത് പറയാനും സംവിധായകൻ മറക്കുന്നില്ല.

▪ കലാപകലുഷിതമായ കാശ്മീരിന്റെ സുരക്ഷയ്ക്ക് ഇന്ത്യൻ സൈന്യം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ലെങ്കിലും വർഷങ്ങളായി മതത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആയിരക്കണക്കിന് കാശ്മീർ നിവാസികളുടേയും ഭർത്താവും മക്കളും എവിടെയാണെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ഭാര്യമാരുടേയും അമ്മമാരുടേയും നിലവിളികൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒരിക്കലും ഇന്ത്യൻ ആർമിക്ക് എതിരല്ല . സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെയും നനഞ്ഞിടം കുഴിക്കുന്ന സ്വാർത്ഥമതികളുടെ ചതിക്കുഴിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടേയും പ്രതികാരത്തിന്റെയും തിരിച്ചറിവിന്റെയും കഥ പറയുമ്പോൾ ചില പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടുന്നുവെന്ന് മാത്രം . രണ്ട് ആനകൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ചവിട്ടിമെതിക്കപ്പെടുന്നത് അവയുടെ കാലിനടിയിലെ പുല്ലുകൾ മാത്രമാണെന്ന യാഥാർത്ഥ്യം ദേശീയതാ വാദങ്ങൾക്കിടയിൽ നാം എന്നാണ് മനസ്സിലാക്കുക . മാസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീരിൽ ഇന്ത്യൻ ആർമി ജീപ്പിന് മുന്നിൽ യുവാവിനെ കെട്ടി വച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച സംഭവവും വേണമെന്നുള്ളവർക്ക് ഇതിനോട്  ചേർത്ത് വായിക്കാം. എന്തൊക്കെത്തന്നെയായാലും ഈ സ്വാതന്ത്ര്യദിനത്തിലും കാതുകളിൽ പ്രകമ്പനം കൊള്ളുന്ന ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ പതിറ്റാണ്ടുകളായി തോക്കുകൾക്കും ബോംബുകൾക്കും ഇടയിൽപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്ന ചില മനുഷ്യാത്മാക്കളുടെ നിലവിളികൾ നമുക്ക് സൗകര്യപൂർവ്വം കേട്ടില്ലെന്ന് നടിക്കാം.

🔹RATING : 4.5/5 ( A BRILLIANT , BRAVE AND UNCOMPROMISING CINEMA WHICH SKILLFULLY BLENDS SHAKESPEAREAN TRAGEDY WITH KASHMIR CONFLICTS  )

©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · English · Slasher · UK

151. PREVENGE (UK/SLASHER COMEDY/2016)

🔹151. PREVENGE (2016)  🔽 A Review 🔽

🔹 ” ഈ ലിസ്റ്റിലുള്ളവരെല്ലാം മരിക്കേണ്ടവരാണ്. ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ ലോകത്തേക്ക് വരുന്നതിന് മുമ്പ് തന്നെ അമ്മ അവരെയെല്ലാം വകവരുത്തിയേ തീരൂ ”

COUNTRY : UK

LANGUAGE : ENGLISH

GENRE : SLASHER COMEDY

DIRECTION : ALICE LOWE

🔹SYNOPSIS 🔹

▪  ഗർഭിണിയായ റൂത്ത് ഭർത്താവിന്റെ ആകസ്മികമായ മരണത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുകയാണ്. ഭർത്താവിന്റെ മരണവും ഗർഭകാലത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെങ്കിലും സാധാരണ ഗർഭിണികളിൽ നിന്നും റൂത്ത് തീർത്തും വ്യത്യസ്തയാണ്. കാരണം അവളുടെ വയറ്റിലുള്ള കുഞ്ഞ് അവളോട് വ്യക്തമായ ഭാഷയിൽ സംസാരിക്കുന്നത് അവൾക്ക്  കേൾക്കാം. പക്ഷേ അത് അവളോട് ആവശ്യപ്പെടുന്നത് താൻ പറയുന്നവരെ മുഴുവൻ കൊല്ലാനാണ് . സത്യമാണോ അതോ എല്ലാം തന്റെ തോന്നലാണോ എന്നറിയാതെ വിഷമിച്ച റൂത്തിനോട് അവളുടെ നഴ്സ് പറയുന്നത് ഗർഭകാലത്ത് ഒന്നും അമ്മയുടെ കൺട്രോളിൽ അല്ലെന്നും അമ്മ എന്ത് ചെയ്യണമെന്ന്  തീരുമാനിക്കുന്നത് വയറ്റിൽ വളരുന്ന കുഞ്ഞാണെന്നുമാണ് ( കുഞ്ഞ് അമ്മയോട് കൊലപാതകം ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്ന് പാവം നഴ്സ് അറിഞ്ഞിരുന്നില്ല!). എന്തിന് വേണ്ടിയാണ് കുഞ്ഞ് അവരെയെല്ലാം കൊല്ലാൻ ആവശ്യപ്പെടുന്നത്? യഥാർത്ഥത്തിൽ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ആരാണ് ? 

🔹 REVIEW🔹

▪ അസാധാരണമായ ഒരു പ്രമേയം കൊണ്ട് മാത്രമല്ല PREVENGE എന്ന ബ്രിട്ടീഷ് ചിത്രം വ്യത്യസ്തമാകുന്നത് . കാരണം ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കൂടാതെ പ്രധാന കഥാപാത്രമായ റൂത്തിനെയും അവതരിപ്പിച്ച ആലീസ് ലോവ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു എന്നതാണ്. നിരവധി വർഷങ്ങളായി സിനിമാരംഗത്ത് ഉണ്ടെങ്കിലും തന്റെ ആദ്യ സംവിധാന സംരംഭത്തിന് ഇത്തരം ഒരു കഥയും അവസരവും തെരഞ്ഞെടുത്ത ആലീസ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായികക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും കാര്യകാരണങ്ങൾ വിശദീകരിച്ച് ചിത്രം അവസാനിക്കുമ്പോൾ തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകൾക്കനുസരിച്ച് തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നി. 

▪ Rosemary’s Baby പോലുള്ള ചില ചിത്രങ്ങൾ ഒഴിച്ചു നിർത്തിയിൽ ഗർഭിണികളുടെ കഥ പറയുന്ന ഹൊറർ ചിത്രങ്ങൾ വളരെ വിരളമാണ് . Prevenge ഒരു ഹൊറർ ചിത്രം അല്ലെങ്കിലും കഥാപാത്രങ്ങളുടെ പ്രവൃത്തികളും ഡയലോഗുകളും പല രംഗങ്ങളിലും കാണികളിൽ ഭയം നിറക്കാൻ പോന്നതാണ്. ഡാർക്ക് കോമഡിയുടെ അകമ്പടിയോടെയാണ് വയലൻറായ പല രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. അത് കൊണ്ട് തന്നെ ഗർഭിണികൾ ഈ ചിത്രം കാണാതിരിക്കുകയാവും ഉചിതം. മറ്റുള്ളവർക്ക് ഗർഭകാലവും പ്രതികാരവും ( PREGNANT + REVENGE ) വിഷയമാകുന്ന ഈ ചിത്രം കണ്ട് നോക്കാവുന്നതാണ്. 

🔹RATING : 3/5 ( ABOVE AVERAGE )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Drama · Hindi · India

150. MASAAN (INDIA/DRAMA/2015)

🔹150. MASAAN (2015)  🔽 A Review 🔽

🔹 MASAAN എന്ന ഹിന്ദി വാക്കിന് ശ്മശാനം എന്നാണ് അർത്ഥം. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വേദനകളെയും ദുരന്തങ്ങളെയും തങ്ങളുടെ ഉള്ളിലെ ശ്മശാനത്തിൽ എരിച്ചു കളഞ്ഞ്  ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്ന നമ്മുടെ ചുറ്റും തന്നെയുള്ള ചില മനുഷ്യരുടെ കഥയാണ് ഈ ചിത്രം.

COUNTRY : INDIA

LANGUAGE : HINDI

GENRE : DRAMA

DIRECTION : NEERAJ GHAYWAN

🔹SYNOPSIS 🔹

▪️ വാരണാസിൽ  താമസിക്കുന്ന ദേവി എന്ന പെൺകുട്ടിയെ തന്റെ കാമുകനോടൊപ്പം ഒരു ഹോട്ടൽ മുറിയിൽ നിന്ന് അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ അപമാനം ഭയന്ന് കാമുകൻ ആത്മഹത്യ ചെയ്യുകയും കേസ് പുറത്താകാതിരിക്കാൻ പൊലീസ് ഇൻസ്പെക്ടർ മൂന്ന് ലക്ഷം രൂപ കൈക്കൂലി അവശ്യപ്പെടുകയും ചെയ്യുന്നതോടെ ദേവിയും ഗംഗാതീരത്ത്  മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വില്ക്കുന്ന കട നടത്തുന്ന അവളുടെ അച്ഛനും നിസ്സഹായാവസ്ഥയിൽ എത്തുന്നു .വാരണാസിയിൽ തന്നെ പാരമ്പര്യമായി ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന കുടുംബത്തിൽപ്പെട്ട ദീപക് ഉയർന്ന ജാതിയിലുള്ള ശാലുവുമായി പ്രണയത്തിലാകുന്നു . എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു ദുരന്തം ദീപകിനെ മാനസികമായി തളർത്തുന്നു . തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങൾ അവർ എങ്ങനെയാണ് നേരിടുന്നതെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

🔹 REVIEW🔹

▪️  ഗാങ്ങ്സ് ഓഫ് വാസ്സിപ്പൂരിൽ അനുരാഗ് കാശ്യപിന്റെ സംവിധാന സഹായി ആയിരുന്ന  നീരജ് ഗെയവാന്റെ ആദ്യ സംവിധാന സംരംഭമാണ് MASAAN. യാതൊരു വിധ വിട്ടുവീഴ്ചകളുമില്ലാതെ കഥയോട് പൂർണമായും നീതി പുലർത്തി അദ്ദേഹം തന്റെ ആദ്യ ചിത്രം മനോഹരമാക്കി .ഗാന രചയിതാവായ വരുൺ ഗ്രോവറിന്റെ ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ചിത്രത്തിന് കരുത്തായി .പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിച്ച ഛദ്ദ , വിക്കി കൗശൽ , ശ്വേത ത്രിപാഠി എന്നിവർ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തന്മയത്വമാർന്ന പ്രകടനം കാഴ്ച വച്ചു. ദേവിയുടെ അച്ഛന്റെ വേഷം ചെയ്ത സഞ്ജയ് മിശ്രയുടെ പെർഫോർമൻസ് എടുത്ത് പറയേണ്ടതാണ് .

▪️ ബനാറസിൽ ഗംഗാ തീരത്ത് നടക്കുന്ന കഥയുടെ വൈകാരികത തുളുമ്പുന്ന മുഹൂർത്തങ്ങളിൽ മൂകസാക്ഷിയായ ഗംഗാനദി ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട് .കത്തിയെരിയുന്ന ചിതകളും അതോടൊപ്പം കത്തിയെരിയുന്ന പ്രതീക്ഷകളും  അവിനാശ് അരുണിന്റെ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ദേവി എന്ന കഥാപാത്രം ഇന്ത്യൻ സ്ത്രീകൾക്ക് ഒരു പാഠപുസ്തകമാണ് .അവൾ ജീവിതത്തിലെടുത്ത തീരുമാനങ്ങൾ ഓരോന്നും ആലോചിച്ചുറച്ചതായിരുന്നു.അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ തിരിച്ചടികൾ ശക്തമായി നേരിടാൻ അവൾക്ക് കഴിഞ്ഞു. ദേവി എല്ലാം സ്വന്തം കഴിവു കൊണ്ട് നേരിട്ടപ്പോൾ (അച്ഛന്റെ സഹായം മറക്കാനാവില്ലെങ്കിലും) ദീപക് തന്റെ ജീവിതത്തിലെ വേദനകൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നേരിട്ടത് .ഗംഗാ തീരത്ത് നെഞ്ച് പൊട്ടി നിലവിളിക്കുന്ന ദീപകിനെ സുഹൃത്തുക്കൾ സാന്ത്വനിപ്പിക്കുന്നത് മറക്കാനാവില്ല. 

▪️ പണമുണ്ടാക്കാൻ കിട്ടുന്ന ഒരവസരവും കൈവിടാത്ത മാനുഷികത ഒട്ടുമില്ലാത്ത പൊലീസുകാരൻ പലരേയും ഓർമിപ്പിക്കുന്നു. നിയമവും നീതിയും സ്വന്തം ഇഷ്ടത്തിന് വളച്ചൊടിക്കുന്ന ഇത്തരക്കാർ നമ്മുടെ ചുറ്റുപാടും ധാരാളം ഉണ്ടല്ലോ. പക്ഷേ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും പരാജയപ്പെടാൻ തയ്യാറല്ല എന്ന് സ്വയം തീരുമാനിക്കുന്നയാളെ നശിപ്പിക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്കുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം . ആദ്യം പറഞ്ഞതു പോലെ മുന്നോട്ടുള്ള  ജീവിതത്തിന് വിലങ്ങുതടിയാവുന്ന ഓർമകളും വേദനകളും നമ്മുടെ ഉള്ളിലെ ശ്മശാനത്തിൽ എരിച്ചു കളഞ്ഞ് മുന്നേറുന്നവർക്ക് വേണ്ടിയാണ് ഈ ചിത്രം .പതിവ് ഹിന്ദി ചിത്രങ്ങളിൽ ഉണ്ടാകുന്ന മസാല രംഗങ്ങളൊന്നുമില്ലാത്ത MASAAN നിങ്ങൾക്ക് തികച്ചും വ്യത്യസ്തയായ ഒരു അനുഭവം സമ്മാനിക്കും.

🔹RATING : 4/5 ( VERY GOOD )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Drama · English · USA

149. GIFTED (USA/DRAMA/2017)

🔹149. GIFTED (2017)  🔽 A Review 🔽

🔹 “മൂന്നും മൂന്നും കൂട്ടിയാൽ ആറാണെന്ന് ആർക്കാണറിയാത്തത്? ഇതെന്തൊരു സ്കൂളാണ്?”ഏഴ് വയസ്സുകാരിയായ മേരിയുടെ ഈ വാക്കുകൾ കേട്ട് ഒന്നാം ക്ലാസിൽ കണക്ക് പഠിപ്പിക്കാൻ വന്ന അദ്ധ്യാപിക ഞെട്ടി. മേരിയെ പരീക്ഷിക്കാനായി നിരവധി വലിയ സംഖ്യകൾ കൂട്ടാനും ഗുണിക്കാനും നല്കിയെങ്കിലും അവയുടെ ഉത്തരങ്ങൾ നിമിഷ നേരത്തിനുള്ളിൽ അവൾ പറഞ്ഞപ്പോൾ അവൾ അസാമാന്യ കഴിവുകളുള്ള കുട്ടിയാണെന്ന് ടീച്ചർ മനസ്സിലാക്കി .പക്ഷേ ആ ഏഴു വയസ്സുകാരിയുടെ യഥാർത്ഥ കഴിവുകൾ അതിനെല്ലാം അപ്പുറമാണെന്ന് മറ്റുള്ളവർ മനസ്സിലാക്കുവാൻ പിന്നെയും സമയമെടുത്തു.

COUNTRY : USA

LANGUAGE : ENGLISH

GENRE : DRAMA

DIRECTION : MARC WEBB

🔹SYNOPSIS 🔹

▪️  പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മേരി സ്കൂളിലെല്ലാവർക്കും അദ്ഭുതമായിരുന്നു. തന്റെ ക്ലാസിലെ കുട്ടുകാരനെ മറ്റൊരു മുതിർന്ന കുട്ടി കളിയാക്കിയപ്പോൾ ചോദിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ബുദ്ധിശക്തിയും മുതിർന്നവരോടുള്ള പെരുമാറ്റവും ദഹിക്കാത്ത ഹെഡ്മിസ്ട്രസ്സ് അവളുടെ ഗാർഡിയനെ സ്കൂളിൽ വരുത്തിയപ്പോഴാണ് ക്ലാസ് ടീച്ചർ അവളെക്കുറിച്ച് കൂടുതൽ അറിയുന്നത് . എല്ലാവരും അനുഗ്രഹീതയെന്ന് വിളിച്ച് അനുമോദിക്കുമ്പോഴും അവളുടെ കുഞ്ഞു മനസ്സിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്ന് അറിയാവുന്നത് അവളുടെ പ്രിയപ്പെട്ട അങ്കിൾ ഫ്രാങ്കിന് മാത്രമായിരുന്നു. അങ്കിൾ ഫ്രാങ്കും അടുത്ത വീട്ടിലെ ആന്റി റോബർട്ടയും ഒറ്റക്കണ്ണൻ പൂച്ച ഫ്രഡുമായിരുന്നു മേരിയുടെ അടുത്ത കൂട്ടുകാർ. എന്നാൽ അവളെ കാണാൻ മുത്തശ്ശിയായ എവലിൻ വർഷങ്ങൾക്ക് ശേഷം എത്തുന്നതോടെ മേരിയും ഫ്രാങ്കും അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു.

🔹VERDICT 🔹

▪ മേരി എന്ന അനുഗ്രഹീത കഴിവുകളുള്ള ഏഴ് വയസ്സുകാരിയായി മക്കെന്ന ഗ്രേസ് മനം കവർന്നു. അവളുടെ കുറുമ്പും കുസൃതിയും ഇണക്കവും പിണക്കവും ചിരിയും കരച്ചിലും എല്ലാം ചിത്രം കഴിഞ്ഞാലും നിങ്ങളുടെ മനസ്സിൽ നിന്ന് മായാതെ നില്ക്കും . മേരിയുടെ അങ്കിളായ ഫ്രാങ്ക് ആയി ക്യാപ്റ്റൻ അമേരിക്ക ഫെയിം ക്രിസ് ഇവാൻസ് നിറഞ്ഞ് നിന്നു . മേരിയും ഫ്രാങ്കും ചേർന്ന് വരുന്ന വൈകാരിക മുഹൂർത്തങ്ങളെല്ലാം മനസ്സിൽ സ്പർശിക്കുന്ന തരത്തിലായിരുന്നു. മറ്റ് കഥാപാത്രങ്ങളായ റേബർട്ട ആയി ഒക്റ്റേവിയ സ്പെൻസറും മുത്തശ്ശി എവലിൻ ആയി ലിൻഡ്സെ ഡങ്കനും മികച്ച പെർഫോർമൻസ് കാഴ്ച വച്ചു. മേരിയുമായി ഫ്രാങ്ക് ഹോസ്പിറ്റലിൽ ലേബർ റൂമിന് പുറത്തിരിക്കുന്ന  രംഗം എന്റെ പ്രിയപ്പെട്ട  സിനിമാ മുഹൂർത്തങ്ങളിൽ ഒന്നായി മനസ്സിലുണ്ട്.

▪ അമേസിങ്ങ് സ്പൈഡർമാൻ ചിത്രങ്ങൾക്ക് ശേഷം മാർക്ക് വെബ് ഈ ചിത്രത്തിലൂടെ സംവിധായകനായി തിരിച്ചെത്തിയപ്പോൾ ഹൃദയ സ്പർശിയായ ഒരു ഫാമിലി ഡ്രാമയാണ് നമുക്ക് ലഭിച്ചത്. ഗണിത ശാസ്ത്രത്തിൽ അനുഗ്രഹീത കഴിവുകളുള്ള പലരെക്കുറിച്ചും ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു GIFTED. പ്രെഡിക്റ്റബിൾ ആയ സ്റ്റോറി ലൈൻ ആണെങ്കിലും അഭിനേതാക്കളുടെ പെർഫോർമൻസും മനോഹരമായ സിനിമാറ്റോഗ്രഫിയും ചിത്രത്തെ മികച്ച ഒരനുഭവമാക്കി. കൂടുതൽ പഠിച്ച് അറിവ് നേടുക, കഴിവ് തെളിയിച്ച് പ്രശസ്തരാവുക എന്നതിൽ കവിഞ്ഞ ഊഷ്മളമായ  മനുഷ്യബന്ധങ്ങളിലൂടെ വളർന്ന് വലുതാവേണ്ടവരാണ് ഓരോ മനുഷ്യരും എന്ന് പറയാതെ പറയുന്ന ഈ ചിത്രം നിങ്ങൾക്കും തീർച്ചയായും ഇഷ്ടമാകും. മനസ്സ് നിറഞ്ഞ് ചിരിക്കാനും ഇടയ്ക്ക് ഒന്ന് കണ്ണ് നനയാനും ഓർത്ത് വയ്ക്കാൻ കുറച്ച് നല്ല മുഹൂർത്തങ്ങളുമായി ഒരു മനോഹര ചിത്രം . അതാണ് GIFTED.

🔹RATING : 3.5/5 ( A Beautiful And Heart Touching Family Drama )

©PRADEEP V K (AMAZING CINEMA)