3.5 Star (Good) · English · Revenge · Thriller · UK

208. BAD DAY FOR THE CUT (UK/THRILLER/2017)

🔸ഈ മധ്യവയസ്സിലും അമ്മയോടൊപ്പം കഴിയുന്നതിന് പലരും ഡൊനാലിനെ കളിയാക്കാറുണ്ട്. എന്നാൽ അമ്മയ്ക്ക് വേണ്ടി തനിക്കേറെ ഇഷ്ടമുള്ള യാത്രകൾ പോലും ഒഴിവാക്കാൻ അയാൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ ആ രാത്രി അയാളുടെ ജീവിതം പാടെ മാറി മറിഞ്ഞു. രോഗിയായ അയാളുടെ അമ്മയെ ആരോ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു! മോഷണശ്രമങ്ങളൊന്നും നടന്നിട്ടില്ലാത്ത വീട്ടിൽ അമ്മയെ കൊല്ലാൻ വേണ്ടി വന്ന ശത്രുക്കൾ ആരായിരിക്കും? നിരവധി ചോദ്യങ്ങളുമായി അയാൾ മറഞ്ഞിരിക്കുന്ന കൊലയാളികളെത്തേടി യാത്ര തിരിക്കുന്നു.

🔸ചിത്രം : BAD DAY FOR THE CUT (2017)
🔸 രാജ്യം : യു കെ
🔸 ജനർ : ത്രില്ലർ

🔸 “Revenge Is A Dish Best Served Cold” എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. അയർലൻഡിലെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന അടങ്ങാത്ത പ്രതികാരത്തിന്റെ രക്തരൂക്ഷിതമായ കഥയാണ് Bad Day For The Cut എന്ന ബ്രിട്ടീഷ് ചിത്രം പറയുന്നത്. ഡൊണാലിനെ അവതരിപ്പിച്ച നിഗേൽ ഒ നീലിനോടൊപ്പം അതിശക്തയായ വില്ലൻ കഥാപാത്രമായി ഐറിഷ് നടി സൂസൻ ലിഞ്ച് നിറഞ്ഞു നില്ക്കുന്നു. ഓരോ മനുഷ്യർക്കും മറ്റാർക്കും അറിയാത്ത ചില ഇരുണ്ട രഹസ്യങ്ങൾ ഉണ്ടാകും. അവ ചിലപ്പോൾ അവരോടൊപ്പം തന്നെ മണ്ണടിയാം അല്ലെങ്കിൽ അവരെ നിലയില്ലാക്കയത്തിലേക്ക് വലിച്ച് താഴ്ത്താം. ക്രിസ് ബോഗ് സംവിധാനം ചെയ്ത ഈ ചിത്രം വയലൻസ് നിറഞ്ഞ റിവഞ്ച് ത്രില്ലേഴ്സ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി റെക്കമെൻഡ് ചെയ്യുന്നു.

🔸റേറ്റിംഗ് : 3.5/5

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
3.0 Star (Above Average) · English · Horror · USA

207. THE BLACKCOAT’S DAUGHTER (USA/HORROR/2015)

🔸 ഒരു കാത്തലിക് ബോർഡിംഗ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് റോസും കാതലിനും. ആ ഫെബ്രുവരി മാസത്തിൽ സ്കൂൾ വെക്കേഷനായി അടച്ചപ്പോൾ മാതാപിതാക്കൾ കൂട്ടിക്കൊണ്ട് പോകാൻ എത്താത്തതിനാൽ അവർക്ക് സ്കൂൾ ഹോസ്റ്റലിൽ രണ്ട് സിസ്റ്റർ മാർക്കൊപ്പം കഴിയേണ്ടി വരുന്നു. എന്നാൽ മാതാപിതാക്കൾ എത്താത്തതിലുപരി അവരെ ഭയപ്പെടുത്തിയ മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു. അവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് സിസ്റ്റർമാർ സാത്താൻ വർഷിപ്പേഴ്സ് ആണ് എന്ന പറഞ്ഞ് കേട്ട കഥയായിരുന്നു അത്!

🔸ചിത്രം : THE BLACKCOAT’S DAUGHTER (2015)
🔸 രാജ്യം : യുഎസ്എ / കാനഡ
🔸 ജനർ : ഹൊറർ

🔸 റോസ്, ജൊവാൻ, കാതലിൻ എന്നീ മൂന്ന് പെൺകുട്ടികളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം വളരെ പതിയ താളത്തിൽ തുടങ്ങി അവസാനം അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെ ആണ് അവസാനിക്കുന്നത്. കണ്ട് ശീലിച്ച ഒരു ഹൊറർ ചിത്രം പ്രതിക്ഷിച്ച് ഈ ചിത്രം കാണാതിരിക്കുക. ഭീകര ദൃശ്യങ്ങളോ ജമ്പ് സ്കെയേഴ്സോ ഒന്നും ചിത്രത്തിലില്ല. പക്ഷേ ആദ്യവസാനം പ്രേക്ഷകനെ നിഗൂഢമായ ഒരു ഭീതിയിലാഴ്ത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ മികച്ച പെർഫോർമൻസും ഭീതി നിറയ്ക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും അതിന് തുണയായി.

🔸അവസാനം വരെ കഥാപാത്രങ്ങളുടെ ബാക്ക് ഗ്രൗണ്ടിനെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ യാതൊരു മുന്നറിയിപ്പും പ്രേക്ഷകന് തരാതെ ആണ് സംവിധായകർ തന്റെ ആദ്യ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഏകാന്തത മനുഷ്യന്റെ ഉള്ളിൽ തുറക്കുന്നത് നിഗൂഡമായ അനവധ വാതിലുകളാണ്.അത് അവരെ എവിടെയൊക്കെ കൊണ്ടെത്തിക്കുമെന്നോ എന്തൊക്കെ ചെയ്യിക്കുമെന്നോ ആർക്കും ഊഹിക്കാൻ കൂടി കഴിയില്ല. അത്തരം ചിലരുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ തരം പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാവുന്നതല്ല എന്ന് കൂടി ഓർമിപ്പിക്കുന്നു.

🔸റേറ്റിംഗ് : 3/5

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Drama · English · USA

206. BEASTS OF THE SOUTHERN WILD (USA/DRAMA/2012)

🔸”വെള്ളത്തിനപ്പുറം കാണുന്ന നഗരത്തിലെ ആൾക്കാരുടെ വിചാരം നമ്മുടെ ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതാണെന്നാണ്. പക്ഷേ അവർക്കറിയില്ലല്ലോ അവരെക്കാൾ ജീവിതം ആസ്വദിക്കുന്നത് നമ്മൾ ബാത്ത്ടബിൽ താമസിക്കുന്നവരാണെന്ന്. അവർക്ക് വർഷത്തിലൊരിക്കലേ ഉള്ളൂ അവധിയും ആഘോഷങ്ങളും. നമുക്ക് എന്നും അവധിയും ആഘോഷങ്ങളും തന്നെ. പക്ഷേ എല്ലാം ദൂരെ മഞ്ഞ് മലകൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഭീകരജീവികളായ ഔറോക്കുകൾ ഉണരുന്നത് വരെ മാത്രം. മഞ്ഞ് പാളികൾ തകർന്നാൽ അവ ഉണരും. ഉണർന്നാൽ നമ്മുടെ വീടുകളും ഈ ബാത്ത് ടബ് തന്നെയും അവ തകർത്ത് കളയും!”

🔸ചിത്രം : BEASTS OF THE SOUTHERN WILD (2012)
🔸 രാജ്യം : യുഎസ്എ

🔸 വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് പോലെ തോന്നുന്ന ആ പ്രദേശത്തിന് അവിടെ താമസിക്കുന്നവർ വിളിക്കുന്ന ഓമനപ്പേര് ബാത്ത് ടബ് എന്നാണ്. ബാത്ത് ടബിൽ ആണ് ആറ് വയസ്സുകാരിയായ ഹഷ് പപ്പിയും അച്ഛൻ വിങ്കും താമസിക്കുന്നത്. കനത്ത മഴയിലും കാറ്റിലും വീടും സ്ഥലവും വളർത്തു മൃഗങ്ങളും എല്ലാം നഷ്ടപ്പെട്ടിട്ടും വിങ്കും ഹഷ് പപ്പിയും കുറച്ച് സുഹൃത്തുക്കളും ബാത്ത് ടബിൽ തന്നെ ജീവിതം ജീവിച്ച് തീർക്കാൻ തീരുമാനിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഓരോ ഉയർച്ചതാഴ്ചകളും ഹഷ് പപ്പിയുടെ വാക്കുകളിലൂടെ തന്നെ പ്രേക്ഷകർക്ക് മുന്നിൽ ഇതൾ വിരിയുന്നു.

🔸മികച്ച നടി, മികച്ച ചിത്രം എന്നിവ അടക്കം നാല് ഓസ്കാർ നോമിനേഷനുകൾ ലഭിച്ച ഈ ചിത്രം കാണുന്ന ആരുടെ മനസ്സിലും നിറഞ്ഞ് നില്ക്കുന്ന കഥാപാത്രമാണ് ഹഷ് പപ്പി എന്ന ആറ് വയസ്സുകാരി. മനോഹരമായ ആ കഥാപാത്രാവിഷ്കരണത്തിലൂടെ ക്യുവൻസാലെ വാലിസ് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ നടിയെന്നുള്ള ബഹുമതിയും സ്വന്തമാക്കി. ഒരു കൊച്ച് കുട്ടിയുടെ മനസ്സിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ യാഥാർത്ഥ്യവും ഫാന്റസിയും തമ്മിൽ ഇഴചേർത്തിരിക്കുന്നത് കണ്ടറിയേണ്ടതാണ്. ഹഷ് പപ്പിയും വിങ്കും അവരുടെ സ്വന്തം ബാത്ത് ടബും മനസ്സ് നിറച്ച അനുഭവം നിങ്ങൾക്ക് സമ്മാനിക്കുമെന്നുറപ്പാണ്.

🔸റേറ്റിംഗ് : 3.5/5

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Drama · India · Malayalam · Period

205. KAMMARA SAMBHAVAM (INDIA/PERIOD DRAMA/2018)

🔸പാഠപുസ്തകങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുള്ള ചരിത്രം യഥാർത്ഥത്തിൽ ആരാണ് എഴുതിയത്? ചരിത്രത്തിന്റെ ഭാഗമായതിനാൽ സത്യം എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങൾ യഥാർത്ഥത്തിൽ അങ്ങനെ തന്നെയായിരുന്നോ? മനസ്സിൽ വജ്രലിപികളാൽ കോറിയിടപ്പെട്ട വിഗ്രഹങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയുള്ളവരായിരുന്നോ? ചരിത്രം നായകനായി വാഴ്ത്തിയവർ യഥാർത്ഥത്തിൽ വില്ലൻമാരും വില്ലൻമാരായി വാഴ്ത്തിയവർ യഥാർത്ഥത്തിൽ നായകൻമാരുമായിരുന്നോ? ഇത്തരം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാനാണ് കമ്മാരസംഭവം എന്ന മലയാള ചിത്രം ശ്രമിക്കുന്നത്.

🔸ചിത്രം : കമ്മാരസംഭവം (2018)
🔸 സംവിധാനം : രതീഷ് അമ്പാട്ട്

🔸 രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സുഭാഷ് ചന്ദ്ര ബോസിന്റെ കീഴിൽ പ്രവർത്തിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയ കമ്മാരൻ നമ്പ്യാരുടെ യഥാർത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ ആദ്യഭാഗം പറയുന്നത്.കമ്മാരന്റെ ജീവിതം രേഖപ്പെടുത്തിയ ഒരു ഇംഗ്ലീഷ് പുസ്തകത്തെ ആധാരമാക്കി നിർമ്മിച്ച സിനിമയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം. സിനിമയിലെ കമ്മാരൻ ധീരനും നന്മ നിറഞ്ഞവനും ദേശാഭിമാനിയുമൊക്കെ ആണെങ്കിലും അതൊന്നുമായിരുന്നില്ല യഥാർത്ഥ കമ്മാരൻ എന്ന് പ്രേക്ഷകരെ ആദ്യഭാഗം ബോധ്യപ്പെടുത്തുന്നുണ്ട്. വളരെ റിയലിസ്റ്റിക്കായ ആദ്യ ഭാഗത്തിന്റെ സ്പൂഫ് ആണ് അങ്ങേയറ്റം സിനിമാറ്റിക് ആയ രണ്ടാം ഭാഗം. അതു കൊണ്ട് തന്നെ ചിരിക്കാനുള്ള വക രണ്ടാം ഭാഗത്തിൽ അവശ്യത്തിനുണ്ട്.

🔸 ദിലീപ് എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ആദ്യഭാഗത്തിലെ കമ്മാരൻ നമ്പ്യാർ. ഉള്ളിൽ ഒരു കടൽ നിറയെ പ്രതികാരവും ചിരിക്കുന്ന നിഷ്കളങ്കമായ മുഖവുമുള്ള കമ്മാരനായി അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായി. ഗാന്ധിജിയും നെഹ്റുവും നേതാജിയും അടക്കം മൺമറഞ്ഞ നിരവധി നേതാക്കൾ കഥാപാത്രങ്ങളായി വരുന്ന രണ്ടാം ഭാഗം യാഥാർത്ഥ്യം മനസ്സിലാക്കിയ പ്രേക്ഷകന് ചിരിയായി മാറുന്നത് സ്വാഭാവികം മാത്രം. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ നെടും തൂണ് . എന്നാൽ അതേ സമയം അതേ തിരക്കഥ തന്നെയാണ് പ്രേക്ഷകനെ സിനിമയിൽ നിന്ന് കുറച്ചെങ്കിലും അകറ്റുന്നത് എന്നത് ഒരു വൈരുദ്ധ്യമാകാം. കെട്ടുപിണഞ്ഞ കഥയും കഥാപശ്ചാത്തലവും നിറഞ്ഞ ചിത്രം മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ളതായത് ഒരു പോരായ്മയായി. എഡിറ്റിംഗിൽ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാക്കാമായിരുന്നു. ആദ്യഭാഗം ഏകദേശം പൂർണതയുള്ള ഒരു കഥയായതുകൊണ്ട് രണ്ടാം ഭാഗം കാണാൻ സ്വഭാവികമായും സാധാരണ പ്രേക്ഷകന് താല്പര്യം കുറഞ്ഞതും ക്ലൈമാക്സിലേക്കെത്തുമ്പോൾ എങ്ങനെയും തീർന്നാൽ മതിയെന്ന അവസ്ഥ അവരിൽ സൃഷ്ടിക്കുകയും ചെയ്തു.

🔸 എന്നാൽ എന്നിലെ പ്രേക്ഷകനെ സംബന്ധിച്ച് വളരെ മികച്ച ഒരനുഭവമായിരുന്നു കമ്മാരസംഭവം. ടെക്നിക്കലി വളരെ സൗണ്ട് ആയ ചിത്രത്തിലെ വിഎഫ് എക്സ് വർക്കുകൾ എല്ലാം മികച്ചതായി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സുനിലിന്റെ ക്യാമറയും നല്ല നിലവാരം പുലർത്തി. ആദ്യഭാഗമാണ് എനിക്കും കൂടുതൽ ഇഷ്ടമായത് എന്നതിൽ സംശയമില്ല. എങ്കിലും ചിത്രം പറയാനുദ്ദേശിക്കുന്ന വിഷയം പൂർണമാവാൻ രണ്ടാം ഭാഗം കൂടിയേ തീരൂ. പലപ്പോഴും ചരിത്രം യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ കാണിക്കുന്നത് പോലെ ഒരു സ്പൂഫ് മാത്രമാണെന്ന വലിയ സത്യം പറഞ്ഞ് വയ്ക്കാൻ മുരളി ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം .പക്ഷേ മലയാള സിനിമയിൽ കമ്മാരസംഭവം ഒരു സംഭവം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.0 Star (Above Average) · Canada · French · Horror · Zombie

204. THE RAVENOUS (CANADA/ZOMBIE HORROR/2017)

🔸ഹോളിവുഡിൽ സാധാരണമായ സോംബി ജനറിലുള്ള ചിത്രങ്ങൾ മറ്റ് ഭാഷകളിലും ഇപ്പോൾ സജീവമാണ്. എങ്കിലും പൊതുവെ എല്ലാ ചിത്രങ്ങളുടേയും കഥയും പശ്ചാത്തലവും ഏകദേശം ഒരു പോലെ തന്നെയാവും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്ത് പെട്ടെന്ന് ഒരു വൈറസ് പടർന്ന് പിടിച്ച് ജനങ്ങളെല്ലാം നരഭോജികളായ ഭീകര സത്വങ്ങളായി മാറുന്നതും അവരിൽ നിന്ന് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ശ്രമങ്ങളും ആവും സാധാരണ സോംബി ചിത്രങ്ങളുടെ ഇതിവൃത്തം. അതിൽ നിന്നും കുറെ വ്യത്യസ്തമായി വൈകാരികമായി സോംബി ചിത്രങ്ങളെ സമീപിച്ച ട്രെയിൻ ടു ബുസാൻ, ഐ ആം എ ഹീറോ, മാഗി , വാം ബോഡീസ് തുടങ്ങിയ ചിത്രങ്ങൾ സോംബി ചിത്രങ്ങൾക്ക് പുതിയ മാനങ്ങൾ നല്കുകയും ചെയ്തു. അത്തരം സോംബി ചിത്രങ്ങളുടെ നിരയിലേക്ക് ഒരു കനേഡിയൻ ചിത്രം കൂടി എത്തുകയാണ്.

🔸ചിത്രം : THE RAVENOUS (2017)
🔸രാജ്യം : കാനഡ
🔸ഭാഷ : ഫ്രഞ്ച്
🔸ജനർ : സോംബി ഹൊറർ

🔸കാനഡയിലെ ക്യൂബകിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പടർന്നു പിടിച്ച സോംബി വൈറസ് മൂലം ജനങ്ങളെല്ലാം സോംബികളായി മാറിക്കൊണ്ടിരിക്കുന്നു. അതിൽ നിന്നും രക്ഷപ്പെട്ട വിരലിലെണ്ണാവുന്ന കുറച്ച് പേർ സോംബികളിൽ നിന്ന് രക്ഷപെടാൻ വനത്തിനുള്ളിലൂടെ യാത്ര തിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ രോഗബാധ മൂലം നഷ്ടപ്പെട്ടവരാണ് അവരെല്ലാവരും. കാടിനുള്ളിലേക്ക് ചേക്കേറിയ സോംബികൾ ഭക്ഷണം അന്വേഷിച്ച് തിരിച്ച് നാട്ടിലേക്ക് പ്രവേശിക്കുന്നതോടെ ബാക്കിയുള്ളവരുടെ ഒളിയിടങ്ങൾ ഓരോന്നായി നഷ്ടമാകുന്നു.

🔸ജീവനുവേണ്ടി ഓരോരുത്തരും നെട്ടോട്ടമോടുന്ന ആ അവസരത്തിൽ മനുഷ്യന്റെ സ്വാഭാവികമായ അതിജീവനത്വരയോടൊപ്പം സഹജീവികളോടുള്ള സഹാനുഭൂതിയും ത്യാഗവും എല്ലാം പരീക്ഷിക്കപ്പെടുന്നു. അഭിനേതാക്കളുടെ ഓരോരുത്തരുടേയും മികച്ച പെർഫോർമൻസും ചിത്രം മുഴുവൻ നിറഞ്ഞ് നില്ക്കുന്ന നിഗൂഡതയും പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമാണ്. കാടിനുള്ളിലെ ലൊക്കേഷനുകൾ പിരിമുറുക്കവും ഭയവും സൃഷ്ടിക്കുമെന്നുറപ്പാണ്. സോംബി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്ന ചിത്രമാണിത്.

🔸റേറ്റിംഗ് : 3/5

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Biography · English · USA

203. I, TONYA (USA/BIOGRAPHY/2017)

#Oscar2018MovieReviews
Post No. 15

🔸പ്രശസ്ത അമേരിക്കൻ ഫിഗർ സ്കേറ്റർ ആയിരുന്ന ടോണ്യ ഹാർഡിങ്ങിന്റെ ജീവിതം ആധാരമാക്കി ക്രേഗ് ഗില്ലെസ്പീ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷാ ചിത്രമാണ് ഐ, ടോണ്യ. അലിസൺ ജാനി ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2018 ലെ ഓസ്കാർ സ്വന്തമാക്കി.മോക്ക്യുമെൻററി രീതിയോടൊപ്പം കഥാപാത്രങ്ങൾ പ്രേക്ഷകനോട് നേരിട്ട് സംവദിക്കുന്ന രീതിയും ചിത്രത്തിൽ വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു.

🔸ചിത്രം : ഐ, ടോണ്യ I, TONYA (2017)
🔸രാജ്യം : യു എസ് എ
🔸ഓസ്കാർ അവാർഡുകൾ : മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സ്

🔸 മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ തന്നെ ഐസ് സ്കേറ്റിംഗ് അഭ്യസിച്ച് തുടങ്ങിയ ടോണ്യ തന്റെ ജീവിതം തന്നെ അതിന് വേണ്ടി ഉഴിഞ്ഞ് വച്ചു. കർക്കശ സ്വഭാവക്കാരിയായ അമ്മ മകളോട് യാതൊരു വിധ സ്നേഹ പരിളാളനകളും കാണിക്കാതെ കഠിന പരിശീലനത്തിന് അവളെ നിർബന്ധിതയാക്കി. സ്കേറ്റിംഗിന് വേണ്ടി മകളുടെ വിദ്യാഭ്യാസം പോലും ഒഴിവാക്കാൻ ആ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. സ്കേറ്റിംഗിൽ രണ്ട് ട്രിപ്പിൾ ആക്സൽ ജമ്പുകൾ ചെയ്ത ആദ്യ അമേരിക്കക്കാരിയെന്ന ബഹുമതി നേടിയെങ്കിലും ഒളിംബിക്സിൽ ആ വിജയം നിലനിർത്താൻ അവർക്കായില്ല. പിന്നീട് അവരുടെ പ്രധാന എതിരാളി ആയിരുന്ന നാൻസി കെരിഗലിനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണം അവരുടെ സകേറ്റിംഗ് കരിയറിന് തന്നെ വെല്ലുവിളിയായി.

🔸ജീവിതത്തിൽ വിജയങ്ങളെക്കാളും കൂടുതൽ പരാജയങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ടോണ്യ ഹാർഡിങ്ങ്. അവർക്കെതിരെയുള്ള ആരോപണങ്ങളിൽ പലതിനും കഴമ്പുണ്ട് താനും. സിനിമയിൽ ഏവർക്കും അറിയാവുന്ന യഥാർത്ഥ സംഭവങ്ങളെ ഒരു മോക്കുമെന്ററി സ്റ്റൈലിൽ അവതരിപ്പിച്ചതോടൊപ്പം ടോണ്യയുടെ ഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ യഥാർത്ഥ ടോണ്യ ഹാർഡിങ്ങ് ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. മാർഗട്ട് റോബി നായികാ വേഷത്തിൽ തകർത്തഭിനയിച്ച ഐ, ടോണ്യ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ പ്രേക്ഷകന് ടോണ്യ ഹാർഡിങ്ങ് എന്ന വ്യക്തിയോട് സമ്മിശ്രമായ വികാരങ്ങളാവും ഉണ്ടാവുക.

🔸ടോണ്യയെ അവരുടെ എല്ലാ ഗുണദോഷങ്ങളും സഹിതം ചിത്രത്തിൽ കാണിക്കുന്ന സംവിധായകൻ അവരെ നന്മയുടെ അവതാരമാക്കാനോ യാഥാർത്ഥ്യങ്ങളെ മൂടിവയ്ക്കാനോ ഒരിടത്തും ശ്രമിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ദേയമായ കാര്യം. ബയോഗ്രാഫിക്കൽ ചിത്രങ്ങൾ ഒരുക്കുന്ന നമ്മുടെ നാട്ടിലെ സംവിധായകർ ഇത്തരം ചിത്രങ്ങൾ കണ്ട് പഠിക്കണം എന്നാണ് എന്റെ അഭിപ്രായം. ചിത്രത്തിലെ ഐസ് സ്കേറ്റിംഗ് രംഗങ്ങൾ യഥാർത്ഥ സ്കേറ്റിംഗ് താരങ്ങളുടെ സഹായത്തോടെ അതി ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ദേയയായ മാർഗട്ട് റോബി ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ടോണ്യയുടെ അമ്മയുടെ വേഷത്തിലെത്തി ഓസ്കാർ സ്വന്തമാക്കിയ അലിസൺ ജാനിയുടെ പ്രകടനം ഓസ്കാറിൽ എല്ലാവരും ഒരുപോലെ അംഗീകരിച്ച ചുരുക്കം അവാർഡുകളിൽ ഒന്നായിരുന്നു.

🔸റേറ്റിംഗ് : 4/5

©️ PRADEEP V K

Uncategorized

202. അപാരതയുടെ പൂമരം

#സിനിമVsസിനിമ
Post No.1

🔰അപാരതയുടെ പൂമരം🔰

🔸സിനിമ ഏറ്റവും ജനകീയമായ വിനോദോപാദി എന്ന നിലയിൽ മാത്രമല്ല പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടെന്ന് ചിന്തകളുടെ കൂമ്പാരം നിറയ്ക്കാൻ കഴിവുള്ള മാധ്യമമെന്ന നിലയിലും പ്രസക്തമാണ്. നമുക്ക് നേരിട്ടറിയാത്ത എന്തിനെക്കുറിച്ചും ഒരു മുൻധാരണ സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയും എന്നത് വാസ്തവമാണ്. അത്തരം മുൻധാരണകൾ ചിലപ്പോൾ ശരിയും മറ്റ് ചിലപ്പോൾ പൂർണമായും തെറ്റും ആകാം. അതിന് സിനിമയെ കുറ്റപ്പെടുത്താനുമാകില്ല. കാരണം സിനിമ സംവേദനം ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകണമെന്ന് ഒരിക്കലും നിർബന്ധിക്കാനാകില്ല. യാഥാർത്ഥ്യവും ഫാന്റസിയും നോയറും എല്ലാമടങ്ങിയതാവും സിനിമ. നമ്മുടേതല്ലാത്ത മറ്റൊരു ലോകത്ത് നടക്കുന്നതോ നമുക്ക് ഒട്ടും പരിചിതമല്ലാത്ത മറ്റൊരു കാലഘട്ടത്തിൽ സംഭവിക്കുന്നതോ അല്ലെങ്കിൽ ലോകത്തിന്റെ മറ്റേതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്നതോ ആയ ഒരു കഥ ചിത്രീകരിക്കുമ്പോൾ സംവിധായകന് തനിക്കിഷ്ടമുള്ള രീതിയിൽ സിനിമയെ മുന്നോട്ട് കൊണ്ട് പോകാനാവും. എന്നാൽ നമുക്ക് പരിചിതമായ ഒരു സ്ഥലവും പശ്ചാത്തലവും സിനിമയിൽ ചിത്രീകരിക്കുമ്പോൾ സംവിധായകൻ വളരെയധികം ജാഗ്രത്താവേണ്ടതുണ്ട് .
ഈ ഒരു പശ്ചാത്തലത്തിൽ അടുത്തിടെ മലയാളത്തിലിറങ്ങിയ രണ്ട് ക്യാമ്പസ് ചിത്രങ്ങൾ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

🔸ചിത്രം 1 : ഒരു മെക്സിക്കൻ അപാരത (2017)

🔸സമര ചരിത്രങ്ങൾ ധാരാളം പറയാനുള്ള എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജിൽ നടക്കുന്ന രണ്ട് പാർട്ടിയിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങളും അവസാനം വർഷങ്ങളായി ഭൂരിപക്ഷമുള്ള പാർട്ടിയിൽ നിന്നും എതിർ പാർട്ടി ശക്തമായ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. ഇത്രയും പറഞ്ഞപ്പോൾ തന്നെ കോളേജിന്റെയും പാർട്ടികളുടേയും പേര് എല്ലാവരും മനസ്സിലാക്കുമെന്ന് ഉറപ്പാണ്. സിനിമയിൽ വന്നപ്പോൾ മഹാരാജാസ് കോളേജ്, മഹാരാജാ കോളേജായും എസ് എഫ് ഐ, എസ് എഫ് വൈ ആയും കെ എസ് യു, കെ എസ് ക്യു ആയും മാറി എന്നതാണ് ആകെ വ്യത്യാസം. ഏത് പാർട്ടി ആയാലും ഒരു കാര്യത്തിൽ മാത്രം സാമ്യമുണ്ട്. ഒരു വിദ്യാർത്ഥി പോലും അധ്യാപകർക്ക് എന്തെങ്കിലും വില കൊടുക്കുന്നത് കണ്ടതേയില്ല. ആരെ എന്ത് ചെയ്തിട്ടായാലും സ്വന്തം പാർട്ടി ഇലക്ഷനിൽ ജയിക്കണം എന്നത് മാത്രമാണ് എല്ലാവരുടേയും ചിന്ത. അവരുടെ മനസ്സ് പോലെ തന്നെ ചതിയും വഞ്ചനയും നിറഞ്ഞ കിടമത്സരങ്ങളിലൂടെയും ആരുടേയൊക്കെയോ വിജയപരാജയങ്ങളിലൂടെയും ചിത്രം അവസാനിക്കുന്നു.

🔸ചിത്രം 2 : പൂമരം (2018)

🔸പൂമരത്തിന്റെ കഥ നടക്കുന്നത് മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവ വേദികളിലാണ്. കൂടുതൽ പോയിൻറ് നേടുന്നതിന് വേണ്ടി മുൻ വർഷത്തെ ജേതാക്കളായ സെൻറ് തെരേസാസ് കോളേജും മഹാരാജാസ് കോളേജും തമ്മിലുള്ള കലാമത്സര പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. സാധാരണ ക്യാമ്പസുകളിൽ കാണുന്നത് പോലെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരും അല്ലാത്തവരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ നമുക്ക് ചിത്രത്തിൽ കാണാം. കലയെ സ്നേഹിക്കുന്നതോടൊപ്പം അധ്യാപകരെ ബഹുമാനിക്കാനും അവർക്കറിയാം. മനോഹരമായ ഒരു കവിത പോലെ ഹൃദയത്തെ തൊട്ടുരുമ്മി ഏവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒരു ക്ലൈമാക്സിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.

🔸അപാരതയോ പൂമരമോ?

🔸ഒരു മെക്സിക്കൻ അപാരതയും പൂമരവുമായി കഥയിലോ ട്രീറ്റ് മെൻറിലോ ടാർജറ്റഡ് ഓഡിയൻസിലോ യാതൊരു ബന്ധവുമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു സിനിമയുടെ മൂല്യം ഞാനളക്കുന്നത് അത് കണ്ട് കഴിയുമ്പോൾ മനസ്സിന് ലഭിക്കുന്ന ഫീൽ കൊണ്ടാണ്. അത് ഓരോ ചിത്രങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഒരു സിനിമയുടെ യഥാർത്ഥ വിജയം നിർണയിക്കപ്പെടുന്നത് സംവിധായകൻ ആ സിനിമ കൊണ്ട് ഉദ്ദേശിക്കുന്ന അതേ ഫീൽ ചിത്രം കണ്ട് കഴിയുന്ന പ്രേക്ഷകനും ലഭിക്കുമ്പോഴാണ്. പൂമരം എന്ന ചിത്രം യുവജനോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളവരായാലും അല്ലെങ്കിലും ഏതൊരു വ്യക്തിയുടേയും കലാലയ സ്മരണകൾ ഉണർത്താൻ പോന്നതാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ മഹാരാജാസ് പോലുള്ളൊരു കോളേജിൽ പഠിക്കാൻ കഴിയാത്തതിന്റെ വ്യസനവുമായാണ് തിയേറ്റർ വിട്ടിറങ്ങിയത്. അതേ സമയം ഒരു മെക്സിക്കൻ അപാരത കണ്ട് കഴിഞ്ഞപ്പോൾ മഹാരാജ പോലൊരു കോളേജിൽ അബദ്ധത്തിൽ പോലും കയറിനിട വരരുതേ എന്ന പ്രാർത്ഥനയാണ് മനസ്സിലുണ്ടായത്.

🔸കലാലയം എന്നാൽ കലകളുടെ ആലയം എന്നാണ് വിവക്ഷിക്കുന്നത്. ഒരു ആർട്സ് കോളേജിനെ കലാലയം എന്ന് വിളിക്കുന്നത് ആ ഒരർത്ഥത്തിൽ കൂടിയാണെന്ന് ഒ മെ അ യുടെ സംവിധായകൻ മറന്ന് പോയി. ഒ മെ അ യിലും യുവജനോത്സവം ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അത് രണ്ട് യൂണിയൻകാർക്ക് സ്വന്തം ശക്തി തെളിയിക്കാൻ വേണ്ടി മാത്രമുള്ള വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നു. ഒ മെ അ യിൽ കണ്ടത് പോലെ നിലവാരമില്ലാതെ ഒരു കോളേജ് ചിത്രീകരണം മറ്റൊരു ചിത്രത്തിലും ഞാൻ കണ്ടിട്ടില്ല. ഒ മെ അ യെപ്പോലെ പൂമരം ചിലപ്പോൾ ശ്രദ്ധിക്കപ്പെട്ടില്ലായിരിക്കാം. പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച കലാലയ ചിത്രങ്ങളിൽ മുൻപന്തിയിൽ പൂമരം പൂത്തുലഞ്ഞ് നില്ക്കും എന്നുറപ്പാണ്.

©️ PRADEEP V K