Uncategorized

202. അപാരതയുടെ പൂമരം

#സിനിമVsസിനിമ
Post No.1

🔰അപാരതയുടെ പൂമരം🔰

🔸സിനിമ ഏറ്റവും ജനകീയമായ വിനോദോപാദി എന്ന നിലയിൽ മാത്രമല്ല പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടെന്ന് ചിന്തകളുടെ കൂമ്പാരം നിറയ്ക്കാൻ കഴിവുള്ള മാധ്യമമെന്ന നിലയിലും പ്രസക്തമാണ്. നമുക്ക് നേരിട്ടറിയാത്ത എന്തിനെക്കുറിച്ചും ഒരു മുൻധാരണ സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയും എന്നത് വാസ്തവമാണ്. അത്തരം മുൻധാരണകൾ ചിലപ്പോൾ ശരിയും മറ്റ് ചിലപ്പോൾ പൂർണമായും തെറ്റും ആകാം. അതിന് സിനിമയെ കുറ്റപ്പെടുത്താനുമാകില്ല. കാരണം സിനിമ സംവേദനം ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകണമെന്ന് ഒരിക്കലും നിർബന്ധിക്കാനാകില്ല. യാഥാർത്ഥ്യവും ഫാന്റസിയും നോയറും എല്ലാമടങ്ങിയതാവും സിനിമ. നമ്മുടേതല്ലാത്ത മറ്റൊരു ലോകത്ത് നടക്കുന്നതോ നമുക്ക് ഒട്ടും പരിചിതമല്ലാത്ത മറ്റൊരു കാലഘട്ടത്തിൽ സംഭവിക്കുന്നതോ അല്ലെങ്കിൽ ലോകത്തിന്റെ മറ്റേതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്നതോ ആയ ഒരു കഥ ചിത്രീകരിക്കുമ്പോൾ സംവിധായകന് തനിക്കിഷ്ടമുള്ള രീതിയിൽ സിനിമയെ മുന്നോട്ട് കൊണ്ട് പോകാനാവും. എന്നാൽ നമുക്ക് പരിചിതമായ ഒരു സ്ഥലവും പശ്ചാത്തലവും സിനിമയിൽ ചിത്രീകരിക്കുമ്പോൾ സംവിധായകൻ വളരെയധികം ജാഗ്രത്താവേണ്ടതുണ്ട് .
ഈ ഒരു പശ്ചാത്തലത്തിൽ അടുത്തിടെ മലയാളത്തിലിറങ്ങിയ രണ്ട് ക്യാമ്പസ് ചിത്രങ്ങൾ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

🔸ചിത്രം 1 : ഒരു മെക്സിക്കൻ അപാരത (2017)

🔸സമര ചരിത്രങ്ങൾ ധാരാളം പറയാനുള്ള എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജിൽ നടക്കുന്ന രണ്ട് പാർട്ടിയിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങളും അവസാനം വർഷങ്ങളായി ഭൂരിപക്ഷമുള്ള പാർട്ടിയിൽ നിന്നും എതിർ പാർട്ടി ശക്തമായ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. ഇത്രയും പറഞ്ഞപ്പോൾ തന്നെ കോളേജിന്റെയും പാർട്ടികളുടേയും പേര് എല്ലാവരും മനസ്സിലാക്കുമെന്ന് ഉറപ്പാണ്. സിനിമയിൽ വന്നപ്പോൾ മഹാരാജാസ് കോളേജ്, മഹാരാജാ കോളേജായും എസ് എഫ് ഐ, എസ് എഫ് വൈ ആയും കെ എസ് യു, കെ എസ് ക്യു ആയും മാറി എന്നതാണ് ആകെ വ്യത്യാസം. ഏത് പാർട്ടി ആയാലും ഒരു കാര്യത്തിൽ മാത്രം സാമ്യമുണ്ട്. ഒരു വിദ്യാർത്ഥി പോലും അധ്യാപകർക്ക് എന്തെങ്കിലും വില കൊടുക്കുന്നത് കണ്ടതേയില്ല. ആരെ എന്ത് ചെയ്തിട്ടായാലും സ്വന്തം പാർട്ടി ഇലക്ഷനിൽ ജയിക്കണം എന്നത് മാത്രമാണ് എല്ലാവരുടേയും ചിന്ത. അവരുടെ മനസ്സ് പോലെ തന്നെ ചതിയും വഞ്ചനയും നിറഞ്ഞ കിടമത്സരങ്ങളിലൂടെയും ആരുടേയൊക്കെയോ വിജയപരാജയങ്ങളിലൂടെയും ചിത്രം അവസാനിക്കുന്നു.

🔸ചിത്രം 2 : പൂമരം (2018)

🔸പൂമരത്തിന്റെ കഥ നടക്കുന്നത് മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവ വേദികളിലാണ്. കൂടുതൽ പോയിൻറ് നേടുന്നതിന് വേണ്ടി മുൻ വർഷത്തെ ജേതാക്കളായ സെൻറ് തെരേസാസ് കോളേജും മഹാരാജാസ് കോളേജും തമ്മിലുള്ള കലാമത്സര പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. സാധാരണ ക്യാമ്പസുകളിൽ കാണുന്നത് പോലെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരും അല്ലാത്തവരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ നമുക്ക് ചിത്രത്തിൽ കാണാം. കലയെ സ്നേഹിക്കുന്നതോടൊപ്പം അധ്യാപകരെ ബഹുമാനിക്കാനും അവർക്കറിയാം. മനോഹരമായ ഒരു കവിത പോലെ ഹൃദയത്തെ തൊട്ടുരുമ്മി ഏവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒരു ക്ലൈമാക്സിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.

🔸അപാരതയോ പൂമരമോ?

🔸ഒരു മെക്സിക്കൻ അപാരതയും പൂമരവുമായി കഥയിലോ ട്രീറ്റ് മെൻറിലോ ടാർജറ്റഡ് ഓഡിയൻസിലോ യാതൊരു ബന്ധവുമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു സിനിമയുടെ മൂല്യം ഞാനളക്കുന്നത് അത് കണ്ട് കഴിയുമ്പോൾ മനസ്സിന് ലഭിക്കുന്ന ഫീൽ കൊണ്ടാണ്. അത് ഓരോ ചിത്രങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഒരു സിനിമയുടെ യഥാർത്ഥ വിജയം നിർണയിക്കപ്പെടുന്നത് സംവിധായകൻ ആ സിനിമ കൊണ്ട് ഉദ്ദേശിക്കുന്ന അതേ ഫീൽ ചിത്രം കണ്ട് കഴിയുന്ന പ്രേക്ഷകനും ലഭിക്കുമ്പോഴാണ്. പൂമരം എന്ന ചിത്രം യുവജനോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളവരായാലും അല്ലെങ്കിലും ഏതൊരു വ്യക്തിയുടേയും കലാലയ സ്മരണകൾ ഉണർത്താൻ പോന്നതാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ മഹാരാജാസ് പോലുള്ളൊരു കോളേജിൽ പഠിക്കാൻ കഴിയാത്തതിന്റെ വ്യസനവുമായാണ് തിയേറ്റർ വിട്ടിറങ്ങിയത്. അതേ സമയം ഒരു മെക്സിക്കൻ അപാരത കണ്ട് കഴിഞ്ഞപ്പോൾ മഹാരാജ പോലൊരു കോളേജിൽ അബദ്ധത്തിൽ പോലും കയറിനിട വരരുതേ എന്ന പ്രാർത്ഥനയാണ് മനസ്സിലുണ്ടായത്.

🔸കലാലയം എന്നാൽ കലകളുടെ ആലയം എന്നാണ് വിവക്ഷിക്കുന്നത്. ഒരു ആർട്സ് കോളേജിനെ കലാലയം എന്ന് വിളിക്കുന്നത് ആ ഒരർത്ഥത്തിൽ കൂടിയാണെന്ന് ഒ മെ അ യുടെ സംവിധായകൻ മറന്ന് പോയി. ഒ മെ അ യിലും യുവജനോത്സവം ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അത് രണ്ട് യൂണിയൻകാർക്ക് സ്വന്തം ശക്തി തെളിയിക്കാൻ വേണ്ടി മാത്രമുള്ള വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നു. ഒ മെ അ യിൽ കണ്ടത് പോലെ നിലവാരമില്ലാതെ ഒരു കോളേജ് ചിത്രീകരണം മറ്റൊരു ചിത്രത്തിലും ഞാൻ കണ്ടിട്ടില്ല. ഒ മെ അ യെപ്പോലെ പൂമരം ചിലപ്പോൾ ശ്രദ്ധിക്കപ്പെട്ടില്ലായിരിക്കാം. പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച കലാലയ ചിത്രങ്ങളിൽ മുൻപന്തിയിൽ പൂമരം പൂത്തുലഞ്ഞ് നില്ക്കും എന്നുറപ്പാണ്.

©️ PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s