3.5 Star (Good) · English · Horror · UK

235. GHOST STORIES (UK/HORROR/2017)

🔺 “Why is it always the last key that unlocks everything?”

🔸MOVIE : GHOST STORIES (2017)
🔸COUNTRY : UK
🔸GENRE : HORROR
🔸DIRECTION : ANDY NYMAN, JEREMY DYSON

🔻 പ്രൊ. ഫിലിപ്പ് ഗുഡ്മാൻ അതീന്ദ്രിയമായ പ്രതിഭാസങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പുകൾ വെളിച്ചത്ത് കൊണ്ട് വരുന്നതിൽ പ്രഗല്ഭനാണ്. അത്തരം കഥകളിൽ വിശ്വസിച്ച് ജീവിതവും കുടുംബവും നശിപ്പിക്കുന്നവരെ രക്ഷിക്കുന്നത് തന്റെ ജീവിതോദ്ദേശ്യമായാണ് അദ്ദേഹം കരുതുന്നത്. അങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായി മുൻ പാരനോർമൽ ഇൻവെസ്റ്റിഗേറ്ററും ഗുഡ്മാന്റെ പ്രചോദനവുമായിരുന്ന ചാൾസ് കാമറൂൺ അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ ഗുഡ്മാന്റെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് കാമറൂൺ പറഞ്ഞത്. പ്രേതാവേശത്താൽ സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് അതീന്ദ്രിയ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടിട്ട് തന്നെ വീണ്ടും വന്ന് കാണുവാനാണ് കാമറൂൺ ഗുഡ്മാനോട് ആവശ്യപ്പെട്ടത്.

🔺 മൂന്ന് പ്രേതകഥകൾ ഭംഗിയായി കോർത്തിണക്കി ഈ ബ്രിട്ടീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ രംഗങ്ങളിൽ കുറച്ച് സ്ലോ ആയി തോന്നുമെങ്കിലും പ്രേക്ഷകനെ ഞെട്ടിക്കുന്ന ഹൊറർ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇത്തരം ചിത്രങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ക്ലൈമാക്സ് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പറയാനാവില്ല. മാർട്ടിൻ ഫ്രീമാന്റെ കഥാപാത്രം പൂർണമായും അൺ പ്രഡിക്റ്റബിൾ ആയിരുന്നു എന്ന് പറയാം. മികച്ച ഹൊറർ രംഗങ്ങളും അപ്രതീക്ഷിത പ്ലോട്ട് ട്വിസ്റ്റുകളും നിറഞ്ഞ ഈ ചിത്രം പുതുമയുള്ള ഒരു അനുഭവം സമ്മാനിച്ചു.

🔻RATING : 3.5/5 ( GOOD )

Movie Review Post No. 235
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Bengali · India · Psychological · Thriller

234. BAISHE SRABON (INDIA/PSYCHOLOGICAL THRILLER/2011)

🔺 കൊൽക്കത്തയിൽ പലയിടങ്ങളിലായി സമാന രീതിയിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ പോലീസിന് തലവേദനയാകുന്നു. ഓരോ കൊലപാതകത്തിനും ശേഷം പ്രശസ്തരായ ഏതെങ്കിലും ബംഗാളി കവിയുടെ കവിതയിലെ പ്രസക്തഭാഗങ്ങൾ എഴുതി വയ്ക്കുന്നതായിരുന്നു കൊലപാതകിയുടെ രീതി. ചീഫ് ഡിറ്റക്ടീവായ അഭിജിത്ത് കേസന്വേഷണം ആരംഭിക്കുന്നുവെങ്കിലും അത്രയും നാൾ അന്വേഷിച്ചിട്ടുള്ള കേസുകളിൽ നിന്നും വിഭിന്നമായ എന്തോ ഒരു നിഗൂഢത ഈ കൊലപാതകങ്ങൾക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്നതായി അദ്ദേഹത്തിന് തോന്നുന്നു.

🔸MOVIE : BAISHE SRABON (2011)
🔸COUNTRY : INDIA (BENGALI)
🔸GENRE : PSYCHOLOGICAL THRILLER
🔸DIRECTION : SRIJIT MUKHERJI

🔻 പരിപൂർണ തൃപ്തി നല്കുന്ന ക്രൈം ത്രില്ലർ ചിത്രങ്ങൾ കാണാനാവുന്നത് വളരെ അപൂർവ്വമായാണ്. അത്തരത്തിൽ പൂർണമായും തൃപ്തിപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത ബംഗാളി സംവിധായകൻ ശ്രീജിത് മുഖർജിയുടെ ബൈഷെ സ്ട്രബോൺ എന്ന ചിത്രം. ആകാംക്ഷ ഉണർത്തുന്ന കഥാപശ്ചാത്തലവും അഭിനേതാക്കളുടെ അത്യുഗ്രൻ പെർഫോർമൻസുകളും മികച്ച ഛായാഗ്രഹണവും സംഗീതവും എല്ലാം ചേർന്ന് വളരെ മികച്ച ഒരു അനുഭവമാണ് ചിത്രം നല്കിയത്. പ്രൊസേനജിത് ചാറ്റർജി, പരംബ്രത ചാറ്റർജി, റെയ്മ സെൻ തുടങ്ങി ബംഗാളി ചിത്രങ്ങളിലെ ഏറ്റവും മികച്ച താര നിര തന്നെ ചിത്രത്തിലുണ്ട്. ആദ്യവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചിത്രം അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെ നിങ്ങളെ ഞെട്ടിക്കുമെന്നുറപ്പ്!

🔻RATING : 4/5 ( VERY GOOD )

Movie Review Post No. 234
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Drama · India · Malayalam

233. ORAALPPOKKAM (INDIA/DRAMA/2015)

🔺 മഹേന്ദ്രനും മായയും രണ്ട് വ്യത്യസ്ത ഭാഷയും സംസ്കാരവും പിന്തുടർന്ന് വന്നവരാണ്. സാമൂഹികമായ കെട്ടുപാടുകളൊന്നുമില്ലാതെ ഒന്നിച്ച് ജീവിക്കുന്ന അവർ തമ്മിൽ അപ്രതീക്ഷിതമായാണ് പിരിയാനിട വന്നത്. പെട്ടെന്ന് കിട്ടിയ സ്വതന്ത്ര്യം ആഘോഷിച്ച് തീർത്ത മഹേന്ദ്രനെ പിറ്റേ ദിവസത്തെ പത്രവാർത്ത ആകെ തളർത്തിക്കളഞ്ഞു. സ്വയം വലിയവനെന്ന് വിശ്വസിച്ച് അഹന്തയുടെ വിഹായസ്സിൽ കഴിഞ്ഞിരുന്ന അയാൾ തന്നെ സ്വയം തിരിച്ചറിയാൻ തുടങ്ങിയ നിമിഷമായിരുന്നു അത്. മായയെ അന്വേഷിച്ച് പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിടയിലേക്ക് അയാൾ തുടങ്ങിയ ആ യാത്ര സ്വന്തം മനസ്സിന്റെ ഇനിയും തിരിച്ചറിയാനാവാത്ത ഉള്ളറകളിലേക്ക് കൂടിയായിരുന്നു.

🔸MOVIE : ORAALPPOKKAM (2015)
🔸COUNTRY : INDIA (MALAYALAM)
🔸GENRE : DRAMA
🔸DIRECTION : SANALKUMAR SASIDHARAN

🔻 ഓൺലൈൻ കൂട്ടായ്മയിലൂടെ നിർമ്മിച്ച ആദ്യമലയാള ചിത്രമായ ഒരാൾപ്പൊക്കം മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരമടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ചിത്രം കാണാനായി ഒരു പാട് ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ നെറ്റ്ഫ്ലിക്സ് വഴിയാണ് കാണാൻ കഴിഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭം സനൽകുമാർ ശശിധരൻ അതീവ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകാശ് ബാരെയും മീന കന്തസാമിയും തങ്ങളുടെ കഥാപാത്രങ്ങൾ മനോഹരമാക്കി. തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമിയുടെ നടിയായുള്ള അരങ്ങേറ്റമായിരുന്നു ഈ ചിത്രം. .

🔺വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളുടെ കഥ പറയുന്ന ആദ്യ പകുതിക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പാതയിലേക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളും സംസാരിക്കുന്ന ചിത്രം മലയാള സിനിമയിൽ പൊതുവെ കണ്ടിട്ടില്ലാത്ത പ്രകൃതി ദൃശ്യങ്ങളാണ് കാട്ടിത്തരുന്നത്. കേദാർനാഥിൽ നടന്ന വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞ ആയിരങ്ങൾക്ക് സ്മരണ അർപ്പിച്ച് തുടങ്ങിയ ചിത്രം മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയുടെ വന്യതയും ഒരേ ഫ്രയിമിൽ കാട്ടിത്തരുന്നു. ദി പിൽഗ്രിമേജിൽ പൗലോ കൊയ്‌ലോ നടത്തുന്ന യാത്ര പോല ഒരു സ്പിരിച്വൽ ജേർണി ആണ് മഹേന്ദ്രന്റെ യാത്ര. ആ യാത്രയിൽ അയാൾ കണ്ട് മുട്ടുന്ന ഓരോരുത്തരും ഓരോ ബിംബങ്ങളാണ്. അവർ എപ്പോഴെങ്കിലും ആ വഴിയിലൂടെ കടന്ന് പോയവരാകാം. അല്ലെങ്കിൽ ഇപ്പോൾ പോകുന്നവരോ ഇനി വരാനിരിക്കുന്നവരോ ആകാം. അവ എങ്ങനെ വ്യാഖ്യാനിക്കണമെന്നത് പ്രേക്ഷകർക്കായി സംവിധായകൻ വിട്ട് തരികയാണ്. നിരവധി ചോദ്യങ്ങളുയർത്തി അവസാനിക്കുന്ന ഈ ചിത്രം സിനിമയെ ഗൗരവപൂർവ്വം സമീപിക്കുന്നവർക്കായി മാത്രം സമർപ്പിക്കുന്നു.

🔻RATING : 3.75/5 ( VERY GOOD )

Movie Review Post No. 233
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.0 Star (Above Average) · Korean · South Korea · Thriller

232. OFFICE (SOUTH KOREA/THRILLER/2015)

🔺 കിം ബയോങ്ങ് ഓഫീസിലെ ഏറ്റവും മികച്ച ജീവനക്കാരിൽ ഒരാളായിരുന്നു. ഏറ്റെടുക്കുന്ന ജോലികളെല്ലാം ക്യത്യസമയത്ത് ചെയ്ത് തീർക്കാൻ എന്ത് കഷ്ടപ്പാടും സഹിക്കുന്ന കിം അന്നേ ദിവസം വളരെ നിരാശനായാണ് വീട്ടിലെത്തിയത്. പിറ്റേ ദിവസം ഓഫീസിലെ സുഹൃത്തുക്കൾ ആ വാർത്ത കേട്ട് ഞെട്ടിത്തരിച്ചു. പ്രായമായ അമ്മയും ഭാര്യയും മകനുമടങ്ങുന്ന തന്റെ കുടുംബത്തെ കിം ക്രൂരമായി കൊലപ്പെടുത്തിയെന്നതായിരുന്നു ആ വാർത്ത. സ്വതവേ സൗമ്യനും സന്തോഷവാനുമായിരുന്ന കിം എന്തിനായിരുന്നു ആ ക്രൂരകൃത്യം ചെയ്തത്?

🔸MOVIE : OFFICE (2015)
🔸COUNTRY : SOUTH KOREA
🔸GENRE : THRILLER
🔸DIRECTION : HONG WON CHAN

🔻 ത്രില്ലർ സിനിമകളുടെ തട്ടകമായ സൗത്ത് കൊറിയൻ സിനിമയിൽ നിന്ന് പ്രതീക്ഷയുണർത്തുന്ന പ്ലോട്ടുമായി വന്ന ഓഫീസ് എന്ന ചിത്രം ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല ഒരു വിഷയം മികച്ച അഭിനേതാക്കളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റും കരുതിയിട്ടുണ്ട്. സ്ഥിരമായി കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്ക് വലിയ സംഭവമായി തോന്നില്ലെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഓഫീസ്. മറ്റൊരാളുടെ തകർച്ച സ്വന്തം വിജയമാകുന്ന ഈ കാലഘട്ടത്തിൽ ചിത്രത്തിൽ കാണുന്ന ഓഫീസും കഥാപാത്രങ്ങളും നമ്മളിൽ പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്നതാണ് എന്നത് ഒരു പ്ലസ് പോയിൻറാണ്. ദി ഹോസ്റ്റ് എന്ന കൊറിയൻ മോൺസ്റ്റർ ചിത്രത്തിൽ ബാലനടിയായി അഭിനയിച്ച ഗോ ആ സങ്ങിന്റെ മികച്ച പെർഫോർമൻസ് ചിത്രത്തിൽ കാണാം. ത്രില്ലർ പ്രേമികൾ കാണാൻ മടിക്കണ്ട.

🔺RATING : 3/5

🔻Trivia : കൊറിയൻ ചിത്രങ്ങളിലെ പോലീസ് കഥാപാത്രങ്ങളെ കൂടുതലും കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നത് എന്ത് കൊണ്ടാവാം? ലോകത്ത് ഏറ്റവും മികച്ച പൊലീസ് സംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സൗത്ത് കൊറിയ എന്നതും കൂടി അതോടൊപ്പം ഓർക്കേണ്ടതുണ്ട്.

Movie Review Post No. 232
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Biography · Drama · Hindi · India

231. SANJU (INDIA/BIOGRAPHICAL DRAMA/2018)

#Movies_Watched_From_Theatres_2018

🔺 “മി. സഞ്ജയ് ദത്ത്, താങ്കളുടെ ഭാര്യയുടെ മുന്നിൽ വച്ച് ഒരു ചോദ്യം ചോദിച്ചോട്ടെ. സത്യസന്ധമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു”

“ചോദിച്ചോളൂ”

“താങ്കളുടെ ഭാര്യയുമായല്ലാതെ എത്ര സ്ത്രീകളുമായി താങ്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്?”

” പറയാം… പ്രോസ്റ്റിറ്റ്യൂറ്റ്സിനെ ഒഴിവാക്കാമല്ലോ അല്ലേ… ഞാനിക്കാര്യത്തിൽ അങ്ങനെ കണക്കൊന്നും സൂക്ഷിക്കാറില്ല. എങ്കിലും ഒരു 320-330 പേർ കൂട്ടിക്കോ. അല്ലെങ്കിൽ വേണ്ട ഒരു 350 ൽ റൗണ്ട് ചെയ്തോളൂ”

🔸MOVIE : SANJU (2018)
🔸COUNTRY : INDIA (HINDI)
🔸GENRE : BIOGRAPHICAL DRAMA
🔸DIRECTION : RAJKUMAR HIRANI
🔸THEATRE : KRIPA CINEMAS , TRIVANDRUM

🔺 രൺബീർ കപൂർ എന്ന നടന്റെ സഞ്ജയ് ദത്തായുള്ള അപാരമായ പരകായപ്രവേശമാണ് സഞ്ജു എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മദ്യത്തിനും മയക്ക് മരുന്നിനും അടിമയായ ജീവിതത്തിൽ യാതൊരു കൺട്രോളുമില്ലാത്ത യുവാവായ സഞ്ജുവായും അനുഭവങ്ങൾ പാഠങ്ങളാക്കിയ തെറ്റുകളിൽ നിന്ന് കരകയറി മുന്നോട്ട് നടന്ന് കയറിയ മധ്യവയസ്കനായ സഞ്ജയ് ദത്തായും രൺബീർ യാതൊരു അതിഭാവുകത്വവുമില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചു. സഞ്ജുവിന്റെ അച്ഛൻ സുനിൽ ദത്തായി പരേഷ് റാവലും സുഹൃത്ത് കമലേഷ് ആയി വിക്കി കൗശലും അതിമനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. ഗാനങ്ങളും സിനിമാറ്റോഗ്രഫിയും എല്ലാം ചിത്രത്തിന്റെ മൂഡിനോട് ചേർന്നതായിരുന്നു.

🔻 ബോളിവുഡ് വിവാദനായകനായ സഞ്ജയ് ദത്തിന്റെ ജീവിതം രാജ്കുമാർ ഹിറാനി സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ പതിവ് ഇൻഡ്യൻ ബയോഗ്രഫി ചിത്രങ്ങളുടെ മാതൃകയിലുള്ള ഒരു ചിത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സഞ്ജുവിൽ അതിനെക്കാളേറെ ഹിറാനി നമുക്കായി കരുതിയിരുന്നു. സഞ്ജയ് ദത്ത് ഒരു തെറ്റും ചെയ്യാത്തയാളാണെന്നോ നിരപരാധിയാണെന്നോ ഒന്നും പറഞ്ഞ് പുണ്യാളനാക്കാൻ ഹിറാനി ശ്രമിച്ചില്ല. പകരം തെറ്റുകൾ ചെയ്ത സാഹചര്യങ്ങൾ വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. ചിത്രം കണ്ട് എല്ലാവരും അതെല്ലാം വിശ്വസിക്കുമെന്നും ഹിറാനി കരുതുമെന്ന് തോന്നുന്നില്ല. പക്ഷേ അതിലെല്ലാത്തിലുമുപരി സിനിമ എന്ന നിലയിൽ പൂർണ സംതൃപ്തി നല്കിയ ചിത്രമാണ് സഞ്ജു എന്ന് പറയാതെ വയ്യ. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കാതെയാണ് ചിത്രം കണ്ട് തീർത്തത്. അത് കൊണ്ട് ചിത്രം പണം കൊടുത്ത് തിയേറ്ററിൽ പോയി കാണാൻ ആരും മടിക്കേണ്ടതില്ല.

🔸RATING : VERY GOOD ( A STRAIGHT TO THE HEART BIOGRAPHICAL DRAMA FILM)

Trivia : മീഡിയയുടേയും സഞ്ജുവിന്റെയും പക്ഷം നമ്മൾ കേട്ടു. യഥാർത്ഥത്തിൽ സത്യം എന്തായിരിക്കും? ആവോ…. ആർക്കറിയാം…!

Movie Review Post No.231
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K