4.0 Star (Very Good) · Drama · India · Malayalam

233. ORAALPPOKKAM (INDIA/DRAMA/2015)

🔺 മഹേന്ദ്രനും മായയും രണ്ട് വ്യത്യസ്ത ഭാഷയും സംസ്കാരവും പിന്തുടർന്ന് വന്നവരാണ്. സാമൂഹികമായ കെട്ടുപാടുകളൊന്നുമില്ലാതെ ഒന്നിച്ച് ജീവിക്കുന്ന അവർ തമ്മിൽ അപ്രതീക്ഷിതമായാണ് പിരിയാനിട വന്നത്. പെട്ടെന്ന് കിട്ടിയ സ്വതന്ത്ര്യം ആഘോഷിച്ച് തീർത്ത മഹേന്ദ്രനെ പിറ്റേ ദിവസത്തെ പത്രവാർത്ത ആകെ തളർത്തിക്കളഞ്ഞു. സ്വയം വലിയവനെന്ന് വിശ്വസിച്ച് അഹന്തയുടെ വിഹായസ്സിൽ കഴിഞ്ഞിരുന്ന അയാൾ തന്നെ സ്വയം തിരിച്ചറിയാൻ തുടങ്ങിയ നിമിഷമായിരുന്നു അത്. മായയെ അന്വേഷിച്ച് പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിടയിലേക്ക് അയാൾ തുടങ്ങിയ ആ യാത്ര സ്വന്തം മനസ്സിന്റെ ഇനിയും തിരിച്ചറിയാനാവാത്ത ഉള്ളറകളിലേക്ക് കൂടിയായിരുന്നു.

🔸MOVIE : ORAALPPOKKAM (2015)
🔸COUNTRY : INDIA (MALAYALAM)
🔸GENRE : DRAMA
🔸DIRECTION : SANALKUMAR SASIDHARAN

🔻 ഓൺലൈൻ കൂട്ടായ്മയിലൂടെ നിർമ്മിച്ച ആദ്യമലയാള ചിത്രമായ ഒരാൾപ്പൊക്കം മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരമടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ചിത്രം കാണാനായി ഒരു പാട് ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ നെറ്റ്ഫ്ലിക്സ് വഴിയാണ് കാണാൻ കഴിഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭം സനൽകുമാർ ശശിധരൻ അതീവ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകാശ് ബാരെയും മീന കന്തസാമിയും തങ്ങളുടെ കഥാപാത്രങ്ങൾ മനോഹരമാക്കി. തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമിയുടെ നടിയായുള്ള അരങ്ങേറ്റമായിരുന്നു ഈ ചിത്രം. .

🔺വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളുടെ കഥ പറയുന്ന ആദ്യ പകുതിക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പാതയിലേക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളും സംസാരിക്കുന്ന ചിത്രം മലയാള സിനിമയിൽ പൊതുവെ കണ്ടിട്ടില്ലാത്ത പ്രകൃതി ദൃശ്യങ്ങളാണ് കാട്ടിത്തരുന്നത്. കേദാർനാഥിൽ നടന്ന വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞ ആയിരങ്ങൾക്ക് സ്മരണ അർപ്പിച്ച് തുടങ്ങിയ ചിത്രം മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയുടെ വന്യതയും ഒരേ ഫ്രയിമിൽ കാട്ടിത്തരുന്നു. ദി പിൽഗ്രിമേജിൽ പൗലോ കൊയ്‌ലോ നടത്തുന്ന യാത്ര പോല ഒരു സ്പിരിച്വൽ ജേർണി ആണ് മഹേന്ദ്രന്റെ യാത്ര. ആ യാത്രയിൽ അയാൾ കണ്ട് മുട്ടുന്ന ഓരോരുത്തരും ഓരോ ബിംബങ്ങളാണ്. അവർ എപ്പോഴെങ്കിലും ആ വഴിയിലൂടെ കടന്ന് പോയവരാകാം. അല്ലെങ്കിൽ ഇപ്പോൾ പോകുന്നവരോ ഇനി വരാനിരിക്കുന്നവരോ ആകാം. അവ എങ്ങനെ വ്യാഖ്യാനിക്കണമെന്നത് പ്രേക്ഷകർക്കായി സംവിധായകൻ വിട്ട് തരികയാണ്. നിരവധി ചോദ്യങ്ങളുയർത്തി അവസാനിക്കുന്ന ഈ ചിത്രം സിനിമയെ ഗൗരവപൂർവ്വം സമീപിക്കുന്നവർക്കായി മാത്രം സമർപ്പിക്കുന്നു.

🔻RATING : 3.75/5 ( VERY GOOD )

Movie Review Post No. 233
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
3.0 Star (Above Average) · Korean · South Korea · Thriller

232. OFFICE (SOUTH KOREA/THRILLER/2015)

🔺 കിം ബയോങ്ങ് ഓഫീസിലെ ഏറ്റവും മികച്ച ജീവനക്കാരിൽ ഒരാളായിരുന്നു. ഏറ്റെടുക്കുന്ന ജോലികളെല്ലാം ക്യത്യസമയത്ത് ചെയ്ത് തീർക്കാൻ എന്ത് കഷ്ടപ്പാടും സഹിക്കുന്ന കിം അന്നേ ദിവസം വളരെ നിരാശനായാണ് വീട്ടിലെത്തിയത്. പിറ്റേ ദിവസം ഓഫീസിലെ സുഹൃത്തുക്കൾ ആ വാർത്ത കേട്ട് ഞെട്ടിത്തരിച്ചു. പ്രായമായ അമ്മയും ഭാര്യയും മകനുമടങ്ങുന്ന തന്റെ കുടുംബത്തെ കിം ക്രൂരമായി കൊലപ്പെടുത്തിയെന്നതായിരുന്നു ആ വാർത്ത. സ്വതവേ സൗമ്യനും സന്തോഷവാനുമായിരുന്ന കിം എന്തിനായിരുന്നു ആ ക്രൂരകൃത്യം ചെയ്തത്?

🔸MOVIE : OFFICE (2015)
🔸COUNTRY : SOUTH KOREA
🔸GENRE : THRILLER
🔸DIRECTION : HONG WON CHAN

🔻 ത്രില്ലർ സിനിമകളുടെ തട്ടകമായ സൗത്ത് കൊറിയൻ സിനിമയിൽ നിന്ന് പ്രതീക്ഷയുണർത്തുന്ന പ്ലോട്ടുമായി വന്ന ഓഫീസ് എന്ന ചിത്രം ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല ഒരു വിഷയം മികച്ച അഭിനേതാക്കളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റും കരുതിയിട്ടുണ്ട്. സ്ഥിരമായി കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്ക് വലിയ സംഭവമായി തോന്നില്ലെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഓഫീസ്. മറ്റൊരാളുടെ തകർച്ച സ്വന്തം വിജയമാകുന്ന ഈ കാലഘട്ടത്തിൽ ചിത്രത്തിൽ കാണുന്ന ഓഫീസും കഥാപാത്രങ്ങളും നമ്മളിൽ പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്നതാണ് എന്നത് ഒരു പ്ലസ് പോയിൻറാണ്. ദി ഹോസ്റ്റ് എന്ന കൊറിയൻ മോൺസ്റ്റർ ചിത്രത്തിൽ ബാലനടിയായി അഭിനയിച്ച ഗോ ആ സങ്ങിന്റെ മികച്ച പെർഫോർമൻസ് ചിത്രത്തിൽ കാണാം. ത്രില്ലർ പ്രേമികൾ കാണാൻ മടിക്കണ്ട.

🔺RATING : 3/5

🔻Trivia : കൊറിയൻ ചിത്രങ്ങളിലെ പോലീസ് കഥാപാത്രങ്ങളെ കൂടുതലും കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നത് എന്ത് കൊണ്ടാവാം? ലോകത്ത് ഏറ്റവും മികച്ച പൊലീസ് സംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സൗത്ത് കൊറിയ എന്നതും കൂടി അതോടൊപ്പം ഓർക്കേണ്ടതുണ്ട്.

Movie Review Post No. 232
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Biography · Drama · Hindi · India

231. SANJU (INDIA/BIOGRAPHICAL DRAMA/2018)

#Movies_Watched_From_Theatres_2018

🔺 “മി. സഞ്ജയ് ദത്ത്, താങ്കളുടെ ഭാര്യയുടെ മുന്നിൽ വച്ച് ഒരു ചോദ്യം ചോദിച്ചോട്ടെ. സത്യസന്ധമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു”

“ചോദിച്ചോളൂ”

“താങ്കളുടെ ഭാര്യയുമായല്ലാതെ എത്ര സ്ത്രീകളുമായി താങ്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്?”

” പറയാം… പ്രോസ്റ്റിറ്റ്യൂറ്റ്സിനെ ഒഴിവാക്കാമല്ലോ അല്ലേ… ഞാനിക്കാര്യത്തിൽ അങ്ങനെ കണക്കൊന്നും സൂക്ഷിക്കാറില്ല. എങ്കിലും ഒരു 320-330 പേർ കൂട്ടിക്കോ. അല്ലെങ്കിൽ വേണ്ട ഒരു 350 ൽ റൗണ്ട് ചെയ്തോളൂ”

🔸MOVIE : SANJU (2018)
🔸COUNTRY : INDIA (HINDI)
🔸GENRE : BIOGRAPHICAL DRAMA
🔸DIRECTION : RAJKUMAR HIRANI
🔸THEATRE : KRIPA CINEMAS , TRIVANDRUM

🔺 രൺബീർ കപൂർ എന്ന നടന്റെ സഞ്ജയ് ദത്തായുള്ള അപാരമായ പരകായപ്രവേശമാണ് സഞ്ജു എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മദ്യത്തിനും മയക്ക് മരുന്നിനും അടിമയായ ജീവിതത്തിൽ യാതൊരു കൺട്രോളുമില്ലാത്ത യുവാവായ സഞ്ജുവായും അനുഭവങ്ങൾ പാഠങ്ങളാക്കിയ തെറ്റുകളിൽ നിന്ന് കരകയറി മുന്നോട്ട് നടന്ന് കയറിയ മധ്യവയസ്കനായ സഞ്ജയ് ദത്തായും രൺബീർ യാതൊരു അതിഭാവുകത്വവുമില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചു. സഞ്ജുവിന്റെ അച്ഛൻ സുനിൽ ദത്തായി പരേഷ് റാവലും സുഹൃത്ത് കമലേഷ് ആയി വിക്കി കൗശലും അതിമനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. ഗാനങ്ങളും സിനിമാറ്റോഗ്രഫിയും എല്ലാം ചിത്രത്തിന്റെ മൂഡിനോട് ചേർന്നതായിരുന്നു.

🔻 ബോളിവുഡ് വിവാദനായകനായ സഞ്ജയ് ദത്തിന്റെ ജീവിതം രാജ്കുമാർ ഹിറാനി സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ പതിവ് ഇൻഡ്യൻ ബയോഗ്രഫി ചിത്രങ്ങളുടെ മാതൃകയിലുള്ള ഒരു ചിത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സഞ്ജുവിൽ അതിനെക്കാളേറെ ഹിറാനി നമുക്കായി കരുതിയിരുന്നു. സഞ്ജയ് ദത്ത് ഒരു തെറ്റും ചെയ്യാത്തയാളാണെന്നോ നിരപരാധിയാണെന്നോ ഒന്നും പറഞ്ഞ് പുണ്യാളനാക്കാൻ ഹിറാനി ശ്രമിച്ചില്ല. പകരം തെറ്റുകൾ ചെയ്ത സാഹചര്യങ്ങൾ വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. ചിത്രം കണ്ട് എല്ലാവരും അതെല്ലാം വിശ്വസിക്കുമെന്നും ഹിറാനി കരുതുമെന്ന് തോന്നുന്നില്ല. പക്ഷേ അതിലെല്ലാത്തിലുമുപരി സിനിമ എന്ന നിലയിൽ പൂർണ സംതൃപ്തി നല്കിയ ചിത്രമാണ് സഞ്ജു എന്ന് പറയാതെ വയ്യ. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കാതെയാണ് ചിത്രം കണ്ട് തീർത്തത്. അത് കൊണ്ട് ചിത്രം പണം കൊടുത്ത് തിയേറ്ററിൽ പോയി കാണാൻ ആരും മടിക്കേണ്ടതില്ല.

🔸RATING : VERY GOOD ( A STRAIGHT TO THE HEART BIOGRAPHICAL DRAMA FILM)

Trivia : മീഡിയയുടേയും സഞ്ജുവിന്റെയും പക്ഷം നമ്മൾ കേട്ടു. യഥാർത്ഥത്തിൽ സത്യം എന്തായിരിക്കും? ആവോ…. ആർക്കറിയാം…!

Movie Review Post No.231
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Drama · German · Germany

230. IN THE FADE (GERMANY/DRAMA/2017)

🔺ഒരു അമ്മയുടെ ഏറ്റവും വലിയ നഷ്ടവും ദു:ഖവും എന്താണോ അതാണ് കാറ്റ്ജക്ക് അനുഭവിക്കേണ്ടി വന്നത്. സഹിക്കാനാവാത്ത വേദനയിൽ ഉള്ളു നീറി കഴിയുമ്പോഴും അവളുടെ അവസാനത്തെ പ്രതീക്ഷ നിയമ വ്യവസ്ഥയിലായിരുന്നു. തെളിവുകൾ മാത്രം സ്വീകരിക്കുന്ന, മാനുഷിക മൂല്യങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത നിയമസംഹിതയ്ക്ക് കാറ്റ്ജയുടെ മനസ്സിലെ തീയണക്കാൻ കഴിയുമോ?

🔸MOVIE : IN THE FADE (2017)
🔸COUNTRY : GERMANY
🔸GENRE : DRAMA
🔸DIRECTION : FATIH AKIN

🔻2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഡയാനെ ക്രൂഗറിന് മികച്ച നടിക്കുള്ള അവാർഡും ഗോൾഡൻ ഗ്ലോബിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അവാർഡും നേടിയ ചിത്രമാണ് ഇൻ ദി ഫെയ്ഡ്. ജീവിതത്തിൽ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീയുടെ ജീവിതവും ചെറുത്തു നില്പ്പും ഡയാനെ ക്രൂഗർ വളരെ ഭംഗിയായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചിത്രത്തിൽ ഏറ്റവും ശ്രദ്ദേയമായ ഭാഗങ്ങൾ കോടതി വിചാരണ നടക്കുന്ന രംഗങ്ങളാണ്. ഇരുപക്ഷത്തേയും അഡ്വക്കേറ്റുമാരെ അവതരിപ്പിച്ച നടൻമാരുടെ പ്രകടനം മികച്ച് നിന്നു. എന്നാൽ മികച്ച തുടക്കവും ശ്രദ്ദേയമായ ഗതിവിഗതികളുമായി മുന്നേറിയ ചിത്രം അവസാനിക്കുമ്പോൾ ചെറിയൊരു നിരാശ തോന്നിയെന്ന് പറയാം. പക്ഷേ യാഥാർത്ഥ്യങ്ങൾ പലപ്പോഴും കഥയേക്കാൾ വളരെ കയ്പേറിയതായിരിക്കും എന്ന് മാത്രം ഓർക്കാം.

🔸RATING : 3.5/5 ( GOOD)

Movie Review Post No. 230
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · English · Horror · USA

229. HEREDITARY (USA/HORROR/2018)

#Movies_Watched_From_Theatres_2018

🔺 ആനി ഗ്രഹാമിന്റെ അമ്മയായ എലന്റെ മരണം ആ കുടുംബത്തെ പല തരത്തിലും ബാധിക്കുന്നു. മകളുമായും കുടുംബവുമായും വ്യക്തിപരമായി അകൽച്ച പാലിച്ചിരുന്ന, ഒരു പാട് രഹസ്യങ്ങൾ സൂക്ഷിച്ചിരുന്ന എലന് ആകെ അടുപ്പമുണ്ടായിരുന്നത് ആനിയുടെ മകളായ പതിമൂന്ന്കാരി ചാർലിയോട് മാത്രമായിരുന്നു. എലന്റെ മരണത്തോടെ സ്വതവേ അന്തർമുഖിയായിരുന്ന ചാർലിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ആ കുടുംബത്തെ ചൂഴ്ന്ന് നില്ക്കുന്ന ആപത് സൂചനയാകുമോ?

🔸MOVIE : HEREDITARY (2018)
🔸COUNTRY : USA
🔸GENRE : HORROR
🔸DIRECTION : ARI ASTER
🔸THEATRE : ARIESPLEX , TRIVANDRUM

🔻 ഷോർട്ട് ഫിലിം സവിധായകനായ ആരി ആസ്റ്ററുടെ ആദ്യ ഫീച്ചർ ഫിലിം സംരംഭമായ ഹെറഡിറ്ററി ട്രെയിലർ കണ്ടത് മുതൽ വൻ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. ആ പ്രതീക്ഷകളെയെല്ലാം കവച്ച് വയ്ക്കുന്ന അനുഭവമായിരുന്നു ചിത്രം നലകിയത്. സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന മാതിരിയുള്ള ജമ്പ് സ്കെയേഴ്സിലൂടെയും ഭീകര രൂപങ്ങളിലൂടെയും പ്രേക്ഷകനെ ഭയപ്പെടുത്തുന്ന ഒരു ഹൊറർ ചിത്രമല്ല ഹെറഡിറ്ററി. സിനിമ ക്രിയേറ്റ് ചെയ്യുന്ന അന്തരീക്ഷത്തിലൂടെയും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിലൂടെയുമാണ് കാണികളിൽ ഭയം ജനിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ആനി ഗ്രഹാമിനെ അവതരിപ്പിച്ച ടോണി കോളറ്റ് ആണെങ്കിലും പുതുമുഖ നടി മിലി ഷെപിറോയും അലക്സ് വുൾഫും അടക്കം എല്ലാ നടീനടൻമാരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. കാഴ്ചയിൽ വല്ലാത്തൊരു ലുക്ക് തന്നെയായിരുന്നു മിലി ഷെപിറോവിന്റെ കഥാപാത്രമായ ചാർലിക്ക് നല്കിയത്. അത് ചിത്രത്തിന് നല്കിയ ഇഫക്ട് പറഞ്ഞറിയിക്കാനാവാത്തതാണ്.

🔺ഒരു മിനിയേച്ചറിസ്റ്റ് ആർട്ടിസ്റ്റ് ആയ ആനി ഗ്രഹാമിന്റെ സൃഷ്ടികളിലൂടെയാണ് പലപ്പോഴും കഥ മുന്നോട്ട് പോകുന്നത്. ആ ദ്യശ്യങ്ങളിലെ ക്യാമറാമികവും ബിജിഎമ്മും അതിഗംഭീരമായിരുന്നു. കഥ ഏകദേശം മധ്യഭാഗത്തെത്തുമ്പോൾ സിയാൻസും മീഡിയവുമായി ബന്ധപ്പെട്ട പരിചിത രംഗങ്ങൾ വരുമെങ്കിലും പിന്നീട് വളരെ അപ്രതീക്ഷിതമായ രംഗങ്ങളിലൂടെ തീർത്തും ബ്രില്യൻറും യുണീക്കും ആയ ഒരു ക്ലൈമാക്സിലാണ് ചിത്രം അവസാനിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ ആരി ആസ്റ്റർ നടത്തിയ ഗവേഷണങ്ങളെ അഭിനന്ദിക്കാതെ തരമില്ല.

🔻തിയേറ്റർ വേർഷനിൽ ഇന്ത്യൻ സെൻസർ ബോർഡ് യാതൊരാവശ്യവുമില്ലാതെ ചില രംഗങ്ങളിൽ കത്രിക വച്ചത് മാത്രമാണ് ആകെ ബോറായി തോന്നിയത്. സെൻസർ ബോർഡിന്റെ ഇടപെടൽ പല രംഗങ്ങളുടേയും പൂർണത നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഒരു പാളിച്ചയുമില്ലാത്ത ശക്തമായ തിരക്കഥയും മികവുറ്റ സംവിധാനവും ടെക്നിക്കൽ വിഭാഗവും അഭിനേതാക്കളുടെ വിട്ടുവീഴ്ചയില്ലാത്ത പെർഫോർമൻസുകളും കൂടി ചേർന്നപ്പോൾ വളരെയധികം സംതൃപ്തി നല്കിയ ഒരു ചലച്ചിത്രാനുഭവമാണ് ഹെറഡിറ്ററി നല്കിയത്. എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാനാവുന്ന ഒരു ചിത്രമല്ല ഇതെന്ന് കൂടി ഓർമ്മിപ്പിച്ച് കൊള്ളട്ടെ. അതായത് ഒരു സാധാരണ ഹൊറർ ചിത്രം പ്രതീക്ഷിച്ച്‌ ഈ ചിത്രം കാണാൻ പോകരുത് എന്നർത്ഥം.

🔸RATING : 4/5 ( A Brilliant Horror Masterpiece)

Movie Review Post No.229
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.0 Star (Above Average) · Drama · France · French · Horror · Psychological

228. MARTYRS (FRANCE/PSHYCHOLOGICAL HORROR DRAMA/2008)

🔺വർഷങ്ങളായി അജ്ഞാത തടവറയിൽ കഴിഞ്ഞ് ക്രൂര പീഡനങ്ങൾക്ക് വിധേയയായ ലൂസി എന്ന കൗമാരക്കാരി അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെടുന്നു. അധികാരികൾ അനാഥാലയത്തിലെത്തിച്ച അവൾ അവിടെ വച്ച് അന്ന എന്ന പെൺകുട്ടിയുമായി സുഹൃത്ബന്ധത്തിലാവുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷവും വിരൂപമാക്കപ്പെട്ട മറ്റൊരു സ്ത്രീയുടെ പ്രതിരൂപം തന്നെ എല്ലായിടത്തും പിൻതുടരുന്നതായി വിശ്വസിക്കുന്ന ലൂസി അന്നയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് അതിന്റെ ഉറവിടം അന്വേഷിച്ച് യാത്രയാവുന്നു.

🔸MOVIE : MARTYRS (2008)
🔸COUNTRY : FRANCE
🔸GENRE : PSHYCHOLOGICAL HORROR DRAMA
🔸DIRECTION : PASCAL LAUGIER

🔻വളരെ സാധാരണമായ രീതിയിൽ തുടങ്ങി അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഈ ചിത്രം അവസാനരംഗത്തിൽ പ്രേക്ഷകനെ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് കൊണ്ടെത്തിക്കുന്നത്. എന്താണ് നമ്മുടെ കൺമുന്നിൽ നടന്നതെന്ന് ആലോചിച്ച് ഞെട്ടിത്തരിച്ചിരിക്കാനേ നമുക്ക് കഴിയൂ. സംവിധായകൻ പാസ്കൽ ലോഗിയറിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രൂരമായ വയലൻസ് ഈ ചിത്രത്തിലുണ്ട്. കാൻസ് ഫെസ്റ്റിവൽ അടക്കം പ്രദർശിപ്പിച്ച മേളകളിലെല്ലാം വളരെയധികം ചർച്ച ചെയ്യപ്പെട്ട ചിത്രം നിരൂപകരെ ഇരുധ്രുവങ്ങളിലാക്കി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരുടെ പെർഫോർമൻസ് ഗംഭീരം എന്ന് മാത്രമേ പറയാനുള്ളു. വളരെയധികം ഡിസ്റ്റർബിംഗ് ആയ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന മാർട്ടിർസ് എല്ലാ പ്രേക്ഷകർക്ക് ഒരു പോലെ കണ്ടിരിക്കാനാവില്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടല്ലോ.

🔺RATING : 3/5

Movie Review Post No.228
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Drama · India · Tamil

227. KAALA (INDIA/DRAMA/2018)

227. KAALA (2018) 🔸 Tamil / Drama.

🔸PROLOGUE🔸

🔺നാമോരോരുത്തരും കുട്ടിക്കാലം മുതൽ കേട്ടു വളർന്ന ഒരു ഇതിഹാസമുണ്ട്. നന്മയുടെ പര്യായവും മര്യാദ്യാ പുരുഷോത്തമനുമായ വെളുത്ത രാജകുമാരനും തിന്മയുടെ പ്രതീകമായ കറുത്ത അസുര ചക്രവർത്തിയും തമ്മിലുള്ള യുദ്ധവും ആത്യന്തികമായ നന്മയുടെയും വെളുപ്പിന്റെയും വിജയവും ഉദ്ഘോഷിക്കുന്ന ഇതിഹാസം. വെളുപ്പിന്റെ നന്മയുടെ കഥകൾ കേട്ട് വളർന്ന നമുക്ക് കറുപ്പ് എന്നും തിന്മയുടേയും ദുഷ്ടതയുടേയും പര്യായമായി മാറി. ഇന്നും ഈ ആധുനിക കാലഘട്ടത്തിലും ഇതിഹാസം ഉദ്ബോധിപ്പിച്ച ആ വെളുത്ത ദാർശനികതയുടെ പ്രകാശം ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ നമ്മിൽ അടിച്ചേല്പിക്കപ്പെട്ട ആ വിശ്വാസത്തിൽ സത്യത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മര്യാദ്യാ പുരുഷോത്തമനായി വാഴ്ത്തപ്പെട്ട വെളുത്ത രാജകുമാരന്റെ ഉള്ള് നാം കരുതിയത് പോലെ നന്മ മാത്രം നിറഞ്ഞതായിരുന്നോ? എങ്കിൽ ബാലിയെ പിന്നിൽ നിന്ന് അമ്പെയ്യാൻ തുനിഞ്ഞപ്പോൾ ആ കൈകൾ എന്ത് കൊണ്ട് വിറച്ചില്ല? തപസ്സനുഷ്ടിച്ച കറുത്ത ശൂദ്ര യുവാവിന്റെ കഴുത്തിന് നേരെ എയ്ത അസ്ത്രം എന്തേ വഴിപിഴച്ചില്ല? മറുവശത്ത് ദുഷ്ടതയുടെ പര്യായമായി നാം കരുതിയ കറുത്ത അസുര ചക്രവർത്തിയുടെ ഉള്ള് യഥാർത്ഥത്തിൽ തിന്മ മാത്രം നിറഞ്ഞതായിരുന്നോ? എങ്കിൽ തന്നെ വഞ്ചിച്ച് ശത്രുപക്ഷം ചേർന്ന സഹോദരനെ എന്ത് കൊണ്ട് അദ്ദേഹം തത്ക്ഷണം വധിച്ചില്ല? തന്റെ തടവുപുള്ളിയായ യുവതിയെ അവളുടെ സമ്മതമില്ലാതെ എന്ത് കൊണ്ട് പ്രാപിച്ചില്ല? ഉത്തരമില്ലാത്ത ചോദ്യങ്ങൾ അനുസ്യൂതം തുടരുകയാണ്.

🔸 MOVIE SYNOPSIS 🔸

🔻മുകളിൽ പറഞ്ഞ കേട്ട് തഴമ്പിച്ച ഇതിഹാസ കഥയുടെ വർത്തമാനകാല രൂപമാണ് പാ രജ്ഞിത്ത് സംവിധാനം ചെയ്ത കാലാ എന്ന തമിഴ് ചിത്രം. ഇവിടെ കറുത്ത അസുര ചക്രവർത്തിയുടെ സ്ഥാനത്ത് വരുന്നത് മുംബൈയിലെ കുപ്രസിദ്ധമായ ചേരി ധാരാവിയിലെ കിരീടമില്ലാത്ത രാജാവായ കാലാ എന്ന് ജനങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കരികാലനും വെളുത്ത രാജകുമാരനായി വരുന്നത് മുൻ ഗാങ്ങ്സ്റ്റർ ആയ ഹരി ദാദാ എന്ന യൂണിയൻ മിനിസ്റ്ററുമാണ്. ‘ക്ലീൻ മഹാരാഷ്ട്ര’ എന്ന തന്റെ സ്വപ്നപൂർത്തീകരണത്തിന്റെ ഭാഗമായി ധാരാവിയിലെ സാധാരണ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ച് അവിടെ വൻ കെട്ടിടങ്ങൾ പണിയാനാണ് ഹരി ദാദയുടെ ശ്രമം. ജീവൻ കൊടുത്തും അത് തടയാനായി കാലായും ജനങ്ങളും മറുവശത്തുണ്ട്. കാലാ ആയി തലൈവർ രജനികാന്ത് എത്തുമ്പോൾ ഹരിദാദാ എന്ന ശക്തമായ വില്ലൻ വേഷത്തിൽ നാനാ പടേക്കർ അരങ്ങ് തകർക്കുന്നു. സഹനടീനടൻമാർ എല്ലാവരും മികവ് പുലർത്തിയ ചിത്രത്തിൽ കാലയുടെ ഭാര്യയായെത്തിയ ഈശ്വരി രാവു മുന്നിട്ട് നില്ക്കുന്നു. പെർഫോർമൻസിന്റെ കാര്യത്തിൽ ഏറ്റവും ഞെട്ടിച്ചത് നാനാ പടേക്കർ തന്നെയായിരുന്നു. ഹരിദാദാ എന്ന സൗമ്യനായ മിതഭാഷിയായ കഥാപാത്രത്തിലൂടെ നല്ല തകർപ്പൻ വില്ലനിസം തന്നെയാണ് നാനാ കാഴ്ച വച്ചത്.

🔺സിനിമ എന്നതിലുപരി വ്യക്തമായ ഒരു രാഷ്ട്രീയ അജണ്ടയുള്ള ചിത്രമാണ് കാലാ. വില്ലൻ കഥാപാത്രത്തിന്റെ സ്വപ്നമായ ‘ക്ലീൻ മഹാരാഷ്ട്ര’ എന്ന പേര് കേൾക്കുമ്പോൾ തന്നെ സമാനമായ ചില പേരുകൾ നമ്മുടെ ഓർമയിലെത്തും. രജനിയുടെ അഭിനയ മുഹൂർത്തങ്ങളോടൊപ്പം മാസ് രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും ഒരു കുട മാത്രമുപയോഗിച്ച് നിരവധി വില്ലൻമാരെ കീഴ്പ്പെടുത്തുന്ന രംഗവും തീയിലൂടെ മുണ്ടഴിച്ചിട്ട് ഒരു പൊള്ളലുമേല്ക്കാതെ നടന്ന് പോകുന്ന രംഗവും രണ്ട് പ്രാവശ്യം ലോറി ഇടിച്ചിട്ടും കാറിൽ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുന്നതും എല്ലാം രജനീകാന്ത് എന്ന അമാനുഷിക നായകന് വേണ്ടി പാ രഞ്ജിത്ത് ഒരുക്കിയതാണ് എന്ന് കരുതി ക്ഷമിക്കാം. ഒരു സിനിമ എന്ന നിലയിലും അത് പങ്ക് വയ്ക്കുന്ന സാമൂഹിക രാഷ്ട്രീ യാഥാർത്ഥ്യങ്ങളുടെ പേരിലും എനിക്ക് തൃപ്തി നല്കിയ ചിത്രം തന്നെയാണ് കാല. എതിരഭിപ്രായങ്ങൾ പലതും ഉണ്ടാകുമെന്നറിയാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതെ ചിത്രം തിയേറ്ററിൽ കണ്ട് മാത്രം തീരുമാനിക്കുക.

🔻VERDICT : GOOD

Movie Review Post No. 227
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K