4.5 Star (Brilliant) · Animation · Belgium · Fantasy · France · Japan · No Dialogues

103. THE RED TURTLE (FRANCE/ANIMATION/2016)

🔹AMAZING CINEMA # 103
🔹MOVIE TITLE :THE RED TURTLE (2016)
🔹YEAR : 2016
🔹 COUNTRY : France / Belgium / Japan
🔹 LANGUAGE : No Dialogues
🔹GENRE : Animated Fantasy Film
🔹 RUNNING TIME : 80 Min
🔹DIRECTOR : Michael Dudok De Wit

🔹 SYNOPSIS 🔹

▪ 89th അക്കാദമി അവാർഡിലെ മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള നോമിനേഷൻ ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ് THE RED TURTLE . സാധാരണ അനിമേഷൻ ചിത്രങ്ങൾ എന്നാൽ സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും നിറഞ്ഞ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ഒരു പാട് തമാശകൾ നിറഞ്ഞ കളർഫുൾ ആയ ചിത്രങ്ങളാണ് നമ്മുടെ മനസ്സിലേക്കെത്തുക .എന്നാൽ അതൊന്നുമല്ല ഈ ചിത്രം .ഒന്നാമതായി ഈ അനിമേറ്റഡ് ചിത്രത്തിൽ ഡയലോഗുകളേ ഇല്ല . മനുഷ്യരും മ്യഗങ്ങളും ഉണ്ടെങ്കിലും നിറങ്ങൾ വാരി വിതറിയ ഒരു കളർഫുൾ ചിത്രമല്ലിത് . പകരം തുടങ്ങിയിടത്ത് തന്നെ അവസാനിക്കുകയും അവസാനിക്കുന്നിടത്തു നിന്ന് തുടങ്ങുകയും ചെയ്യുന്ന ജീവിതത്തിന്റെ വ്യത്യസ്തമായതും അതേ സമയം അവിശ്വസനീയമായതുമായ കാഴ്ചകളാണ് ഈ ചിത്രം കാണിച്ചു തരുന്നത് .

▪  കടൽക്ഷോഭത്തിൽപ്പെട്ട് തകർന്ന ഒരു കപ്പലിൽ നിന്ന് ഒരാൾ മാത്രം രക്ഷപെടുകയും അയാൾ എങ്ങിനേയോ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ എത്തിപ്പെടുകയും ചെയ്യുന്നു .മുളങ്കാടുകൾ നിറഞ്ഞ ദ്വീപിൽ ഉള്ള ചില ഫലവൃക്ഷങ്ങൾ കഴിച്ചും ഒരു ചെറിയ പൊയ്കയിലെ വെള്ളം കുടിച്ചും അയാൾ വിശപ്പകറ്റുന്നു .കടൽത്തീരത്തെ മണലിൽ കഴിയുന്ന ഞണ്ടുകളും കടലാമകളും ഒരു നീർനായയും ആകാശത്ത് പറക്കുന്ന കടൽ പക്ഷികളും മാത്രമാണ് അവിടെയുള്ള മറ്റ് ജീവികൾ .വിരസമായ ദിവസങ്ങൾക്ക് ശേഷം അവിടെ നിന്ന് രക്ഷപെടാൻ അയാൾ മുളകളും വള്ളികളും കൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കുന്നു .എന്നാൽ ചങ്ങാടത്തിൽ കയറി കുറച്ചു ദൂരം യാത്ര കഴിയുമ്പോഴേക്കും ഏതോ ഒരു വലിയ ജീവിയുടെ ആക്രമണത്താൽ ചങ്ങാടം തകരുന്നു .വീണ്ടും അയാൾ ചങ്ങാടം ഉണ്ടാക്കുന്നെങ്കിലും പിന്നെയും അത് തന്നെ ആവർത്തിക്കുന്നു .

▪ മൂന്നാം തവണയും ചങ്ങാടം നിർമ്മിക്കുന്ന അയാൾ തന്റെ ചങ്ങാടം തകർത്ത് തന്നെ അവിടെ നിന്നും രക്ഷപെടാൻ അനുവദിക്കാത്ത ജീവിയെ ആദ്യമായി കാണുന്നു .അത് അസാമാന്യ വലിപ്പമുള്ള ചുവന്ന നിറത്തിലുള്ള ഒരു ആമയായിരുന്നു . എന്താണ് ആ ആമയ്ക്ക് പിന്നിലുള്ള രഹസ്യമെന്നും എന്തിനാണ് അത് ചങ്ങാടം തകർത്തതെന്നും ഉള്ള സംശയത്തോടെ അതിനെ സമീപിക്കുന്ന അയാളോടൊപ്പം  പ്രേക്ഷകനും പ്രവചനാതീതമായ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നു പോകുന്നു.

▪ അനിമേഷൻ ചിത്രങ്ങൾക്കിടയിൽ തരംഗം സൃഷ്ടിച്ച Spirited Away അടക്കമുള്ള നിരവധി ചിത്രങ്ങൾ സൃഷ്ടിച്ച പ്രശസ്ത ജാപ്പനീസ് സ്റ്റുഡിയോ ആയ Studio Ghibli യുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . അതിൽ നിന്ന് തുടങ്ങുന്ന പുതുമ ചിത്രത്തിന്റെ ഓരോ രംഗത്തും കാണാം . ഓസ്കാർ നോമിനേഷൻ ലഭിച്ച മറ്റ് ചിത്രങ്ങളിൽ നിന്നും എന്ത് കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു The Red Turtle. തന്റെ ആദ്യ ഫീച്ചർ ഫിലിമിന് ഇങ്ങനെ ഒരു ചിത്രം തിരഞ്ഞെടുത്ത Michael Dudok De Wit എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നു.

🔹റേറ്റിംഗ് : 4.5/5 ( Brilliant )

▪*A Beautifully Crafted Animation Film which recounts the various milestones in the life of a Human Being in a way which is rather unconventional for an animation film – Never Miss It*

🔹പിൻകുറിപ്പ് : അനിമേഷൻ ചിത്രങ്ങൾ പ്രശസ്തമാകുന്നത് അതിൽ ശബ്ദം കൊടുത്തിരിക്കുന്ന അഭിനേതാക്കൾ വഴിയും കൂടിയാണ് .എന്നാൽ പ്രേക്ഷകന്റെ മനസ്സിൽ അനന്തമായ വിചാരധാര സൃഷ്ടിക്കാൻ സംഭാഷണത്തിന്റെ ആവശ്യമേയില്ലെന്ന് ഈ ചിത്രം തെളിയിക്കുകയാണ് .ചിരിച്ച് ആഹ്ലാദിക്കാൻ വേണ്ടി മാത്രം അനിമേഷൻ ചിത്രങ്ങൾ കാണുന്നവർ ഈ ചിത്രം കാണാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഓർക്കുക .

©PRADEEP V K