3.0 Star (Above Average) · Adventure · English · France · Science Fiction

178. VALERIAN AND THE CITY OF A THOUSAND PLANETS (FRANCE/SCIENCE FICTION/2017)

🔸178) VALERIAN AND THE CITY OF A THOUSAND PLANETS (2017)🔸 A REVIEW🔸

🔸COUNTRY : FRANCE
LANGUAGE : ENGLISH
GENRE : SCIENCE FICTION/
‎ADVENTURE
DIRECTION : LUC BESSON
‎STARRING : DANE DEHAAN, CARA
‎DELEVINGNE, RIHANNA

🔸 ദൃശ്വങ്ങളുടെ മാസ്മരികതയിൽ നമ്മെ വിസ്മയിപ്പിക്കുന്ന സയൻസ് ഫിക്ഷൻ അഡ്വെഞ്ചർ ചിത്രങ്ങൾ പൊതുവെ ഹോളിവുഡിന്റെ കുത്തകയാണ്. സാങ്കേതികമായും സാമ്പത്തികമായും ഉള്ള സമ്പന്നതയാണ് അതിന് പ്രധാന കാരണമായി പറയാറ്. അതിന് ഒരു മറുപടിയെന്നോണമാണ് LUC Besson സംവിധാനം ചെയ്ത Valerian And The City of a Thousand Planets എന്ന ഫ്രഞ്ച് സയൻസ് ഫിക്ഷൻചിത്രം എത്തിയത് .180 മില്യൺ ഡോളർ ചെലവിൽ LUC Besson ഉം അദ്ദേത്തിന്റെ ഭാര്യയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇന്നേ വരെ ഇറങ്ങിയതിൽ ഏറ്റവും ചെലവു കൂടിയ നോൺ അമേരിക്കൻ ഇൻഡിപെൻഡൻസ് ചിത്രവുമാണ്. പ്രശസ്ത ഫ്രഞ്ച് കോമിക്സ് ആയ Valerian And Laureline നെ ആധാരമാക്കിയാണ് Luc Besson ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

🔸ഇരുപത്തെട്ടാം നൂറ്റാണ്ടിൽ ആൽഫാ എന്ന പേരിൽ അറിയപ്പെടുന്ന പ്രപഞ്ചത്തിലെ ആയിരത്തോളം ഗ്രഹങ്ങളിൽ നിന്നുള്ള വ്യത്യസ്തരായ ജീവിവർഗങ്ങൾ അധിവസിക്കുന്ന ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടത്തെ സെക്യൂരിറ്റി ഓഫീസേഴ്സ് ആയ വലേറിയനും ലോറലീനും ആൽഫയുടെ നാശത്തിന് കാരണമായേക്കാവുന്ന ഒരു രഹസ്യത്തിന്റെ ഉറവിടമന്വേഷിച്ച് നടത്തുന്ന യാത്രകളാണ് ചിത്രം പറയുന്നത്.

🔸സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ പ്രധാനമായ മികച്ച വിഷ്വൽ ഇഫക്ടുകളും CGI ഉം ആണ് Valerian ന്റെയും പ്രധാന ആകർഷണം. നിർഭാഗ്യവശാൽ അത് മാത്രമാണ് ചിത്രത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് പറയേണ്ടി വരും . സാങ്കേതികമായി ഉയർന്ന നിലവാരത്തിലുള്ള ചിത്രത്തിലെ വിഷ്വൽ ഇഫക്ടുകളെല്ലാം അതി മനോഹരമാണ്. Mul എന്ന പ്ലാനറ്റിലെ ജീവി വർഗത്തിന്റെ ചിത്രീകരണം വളരെ നന്നായിരുന്നു. എന്നാൽ പ്രത്യേകിച്ച് ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത തിരക്കഥയും അഭിനേതാക്കളുടെ ആവറേജ് പെർഫോർമൻസും ചിത്രത്തെ പിറകോട്ട് വലിക്കുന്നു. Mul ഗ്രഹവും അന്തേവാസികളും ചിലപ്പോഴെങ്കിലും അവതാറിലെ Navi കളെ ഓർമിപ്പിച്ചു. എങ്കിലും 1080p റെസലൂഷലിൻ വലിയ സ്ക്രീനിൽ തന്നെ കണ്ടാൽ വളരെ നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെ ലഭിക്കും എന്നതിൽ സംശയമില്ല.

🔸RATING : 3/5 ( A VISUAL TREAT)

©PRADEEP V K

Advertisements
3.5 Star (Good) · Biography · Chile · Drama · English · France · USA

145. JACKIE (USA/BIOGRAPHICAL DRAMA/2016)

🔹145. JACKIE (2016)  🔽 A Review 🔽

🔹 അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ മരണവും തുടർസംഭവങ്ങളും അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന ജാക്വിലിൻ കെന്നഡിയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ്  ഈ ചിത്രത്തിൽ!

COUNTRY : USA | CHILE | FRANCE

LANGUAGE : ENGLISH

GENRE : BIOGRAPHICAL DRAMA

DIRECTION : PABLO LARRAIN

🔹SYNOPSIS 🔹

▪️ അമേരിക്കൻ ചരിത്രത്തിൽ തന്നെ കറുത്ത നിഴലുകൾ വീഴ്ത്തിയ സംഭവമായിരുന്നു പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ കൊലപാതകം .1963 നവംബർ 22 ന് ടെക്സാസിൽ കാറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു. കാറിൽ അദ്ദേഹത്തോടൊപ്പം ഭാര്യയായ ജാക്വിലിനും ടെക്സാസ് ഗവർണറായ ജോൺ കോണലിയും ഭാര്യയും ഉണ്ടായിരുന്നു . അദ്ദേഹത്തെ  വെടിവച്ച് വീഴ്ത്തിയ മുൻ യു.എസ്.മറൈനായ ലീ ഹാർവി ഓസ്വാൾഡിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വിചാരണ തുടങ്ങുന്നതിന് മുമ്പ് അയാളും ജാക്ക് റൂബി എന്ന ആളുടെ വെടിയേറ്റ് മരിച്ചു. അത് കൊണ്ട് തന്നെ കെന്നഡിയുടെ കൊലപാതകത്തിനുള്ള വ്യക്തമായ കാരണങ്ങൾ ഇന്നും ദുരൂഹമായി തുടരുകയാണ്.

▪️ ജാക്കി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ജാക്വിലിൻ കെന്നഡിയുടെ പ്രഥമ വനിത ആയുള്ള ചുരുങ്ങിയ കാലത്തെ ജീവിതത്തിന്റെ ഓർമകളും കെന്നഡിയുടെ മരണം അവരെ ഏതു രീതിയിൽ ബാധിച്ചു എന്നതിനെപ്പറ്റിയുമുള്ള  അന്വേഷണമാണ്  പാബ്ലോ ലാറയിൻ,  ജാക്കി എന്ന ചിത്രത്തിലൂടെ പറയുന്നത്. കെന്നഡിയുടെ മരണശേഷം ഒരു ജേർണലിസ്റ്റുമായി ജാക്കി നടത്തുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം ഫ്ലാഷ്ബാക്കുകളിലൂടെ  അവരുടെ ജീവിതം അനാവരണം ചെയ്യുന്നു. ജാക്വിലിൻ പ്രഥമ വനിത ആയതിന് ശേഷം വൈറ്റ് ഹൗസിൽ വരുത്തിയ മാറ്റങ്ങളും അപ്രതീക്ഷിതമായ  പടിയിറങ്ങലും  കുഞ്ഞുങ്ങളുമായുള്ള പിന്നീടുള്ള ജീവിതവും എല്ലാം ചിത്രത്തിന് വിഷയമാകുന്നു.

🔹VERDICT🔹

▪️ മറ്റൊരു പ്രഥമ വനിതയ്ക്കും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് ജാക്വിലിൻ കെന്നഡി കടന്നു പോയത് . അപകടത്തിന്  ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായാണ്  അവർ അന്ന് വൈസ് പ്രസിഡൻറായിരുന്ന ലിൻഡൻ ബി. ജോൺസന്റെ പ്രസിഡൻറായുള്ള സത്യപ്രതിജ്ഞയിൽ  പങ്കെടുത്തത്. ജാക്വിലിൻ കെന്നഡിയുടെ വേഷം നതാലി പോർട്ട്മാൻ അതിഗംഭീരമായി അവതരിപ്പിച്ചു . രൂപത്തിലും വേഷത്തിലും സംഭാഷണത്തിലും എല്ലാം ജാക്വിലിൻ ആയി മാറിയ നതാലി പോർട്ട്മാന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷനും ലഭിച്ചിരുന്നു. ജീവിച്ചിരുന്ന ഒരു പ്രശസ്ത വ്യക്തിയുടെ ജീവിതം പരാതികൾക്കിട നല്കാതെ മനോഹരമായി വെള്ളിത്തിരയിലെത്തിച്ച നതാലി തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്.

▪️ തന്റെ മുൻ ചിത്രമായ നെരൂദയിലൂടെ നിരൂപക പ്രശംസ നേടിയ പാബ്ലോ  ലാറയിൻ ഈ ചിത്രത്തിലും  തന്റെ കഴിവ് തെളിയിക്കുന്നുണ്ട്.  നെരൂദയിൽ സാങ്കല്പികതയും യാഥാർത്ഥ്യവും ഇടകലർത്തിയ ആഖ്യാനശൈലി  സ്വീകരിച്ച  അദ്ദേഹം ജാക്കിയിൽ കൂടുതൽ യാഥാർത്ഥ്യത്തോട്  ചേർന്ന്  നില്ക്കുന്നതായി  കാണാം. കെന്നഡിയുടെ മരണം ചിത്രത്തിൽ കാണിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങളോ മറ്റ് സംഭവ വികാസങ്ങളോ ചിത്രത്തിൽ വിഷയമാകുന്നില്ല. പല തലങ്ങളിലൂടെ കടന്ന് പോകുന്ന ജാക്വിലിൻ കെന്നഡിയുടെ വ്യക്തിത്വമാണ് ഈ ചിത്രത്തിന്റെ പ്രതിവാദ്യ വിഷയം . ചിത്രം പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് പോകുന്നുണ്ടെങ്കിലും നതാലി പോർട്ട്മാന്റെ പെർഫോർമൻസ് പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമാണ് .

🔹RATING : 3.5/5 ( GOOD )

©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · France · French · Slasher

124. HIGH TENSION (FRANCE/SLASHER THRILLER/2003)

124. HIGH TENSION (FRANCE/FRENCH/2003/ Slasher Horror Thriller/95 Min/Dir: Alexandre Aja/Stars: Cecile de France, Maiwenn, Philippe Nahon)

🔹SYNOPSIS 🔹

▪ഇരകളെ ക്രൂരമായി വേട്ടയാടുന്ന സൈക്കോ ക്രിമിനൽസിന്റെ കഥ പറയുന്ന ചിത്രങ്ങൾ വിദേശ ഭാഷകളിൽ ധാരാളമുണ്ട് .വയലൻസ് എത്രത്തോളം ചേർക്കാനാവുമോ അത്രയും ചേർക്കാൻ ഈ ചിത്രങ്ങളുടെ സംവിധായകർ മത്സരിക്കാറുമുണ്ട് . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഫ്രഞ്ച് സിനിമയായ High Tension( Haute Tension ). അമേരിക്കയിൽ Switchblade Romance എന്ന പേരിൽ റിലീസ് ചെയ്തപ്പോൾ NC-17 റേറ്റിംഗ് ഒഴിവാക്കി R റേറ്റിംഗ് കിട്ടുന്നതിന് വേണ്ടിത്തന്നെ ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റേണ്ടി വന്നു . 

▪വീക്കെൻഡ് ആഘോഷിക്കുന്നതിന് വേണ്ടി മേരി (Cecile de France) സുഹൃത്തായ അലക്സിന്റെ (Maiwenn) നഗരത്തിൽ നിന്നും അകന്ന ഒരു കൃഷിത്തോട്ടത്തിന് നടുവിലുള്ള വീട്ടിലെത്തുന്നു . എന്നാൽ അന്ന് രാത്രി എല്ലാവരും ഉറക്കമായതിന് ശേഷം ആ വീട്ടിലെത്തുന്ന ഭീകരനായ ഒരു കൊലയാളി (Philippe Nahon) അലക്സിന്റെ അച്ഛനമ്മമാരേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തുകയും അലക്സിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു .അയാളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന മേരി അലക്സിനെ രക്ഷപ്പെടുത്താനായി അയാളുടെ വാഹനത്തെ പിന്തുടരുന്നു .അതിക്രൂരനായ കൊലയാളിയിൽ നിന്നും അലക്സിനെ രക്ഷപെടുത്താൻ വേണ്ടി മേരി നടത്തുന്ന ജീവന്മരണ പോരാട്ടവും തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രം  പറയുന്നത് .

▪ഇത്തരം സിനിമകളിൽ ക്ലിഷെ ആയ കഥയാണെങ്കിലും അഭിനേതാക്കളുടെ  പെർഫോർമൻസും വയലൻസ് കോരി നിറച്ച വിട്ടുവീഴ്ചയില്ലാത്ത  സംവിധാനവും ചിത്രത്തെ വേറിട്ട് നിർത്തുന്നു .എന്നാൽ ചിത്രം പൂർണമായിക്കഴിയുമ്പോൾ പ്രേക്ഷകർക്ക് സ്വാഭാവികമായുണ്ടാവുന്ന നിരവധി സംശയങ്ങൾക്ക്  മറുപടി നല്കാനൊന്നും സംവിധായകൻ മെനക്കെടുന്നില്ല . അത് കൊണ്ട് തന്നെ  പ്രേക്ഷകന് പൂർണ തൃപ്തി നല്കാൻ ചിത്രത്തിന് കഴിയുന്നില്ല .എങ്കിലും സ്ലാഷർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ മാക്സിമവും  കൂടാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും സംവിധായകൻ ഒരുക്കിയിട്ടുണ്ട് .പൂർണമായ രൂപത്തിൽ കാണേണ്ടവർ Uncut വേർഷൻ തന്നെ തെരഞ്ഞെടുക്കുക . സിനിമകളിലെ  വയലൻസ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം എന്ന് പ്രത്യേകം ഓർക്കുക .

🔹VERDICT :  ABOVE AVERAGE (Extremely Violent​. Not For Weak Hearted)

©PRADEEP V K (AMAZING CINEMA

Advertisements
4.5 Star (Brilliant) · Animation · Belgium · Fantasy · France · Japan · No Dialogues

103. THE RED TURTLE (FRANCE/ANIMATION/2016)

🔹103. THE RED TURTLE (2016) 🔹 A REVIEW 🔹

🔹COUNTRY : FRANCE / BELGIUM/JAPAN

🔹LANGUAGE : NO DIALOGUES

🔹GENRE : ANIMATED FANTASY

🔹DIRECTOR : MICHAEL DUDOK DE WIT

🔹 BACKGROUND 🔹

▪ 89th അക്കാദമി അവാർഡിലെ മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള നോമിനേഷൻ ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ് THE RED TURTLE . കടൽക്ഷോഭത്തിൽപ്പെട്ട് തകർന്ന ഒരു കപ്പലിൽ നിന്ന് ഒരാൾ മാത്രം രക്ഷപെടുകയും അയാൾ എങ്ങിനേയോ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ എത്തിപ്പെടുകയും ചെയ്യുന്നു .മുളങ്കാടുകൾ നിറഞ്ഞ ദ്വീപിൽ ഉള്ള ചില ഫലവൃക്ഷങ്ങൾ കഴിച്ചും ഒരു ചെറിയ പൊയ്കയിലെ വെള്ളം കുടിച്ചും അയാൾ വിശപ്പകറ്റുന്നു .കടൽത്തീരത്തെ മണലിൽ കഴിയുന്ന ഞണ്ടുകളും കടലാമകളും ഒരു നീർനായയും ആകാശത്ത് പറക്കുന്ന കടൽ പക്ഷികളും മാത്രമാണ് അവിടെയുള്ള മറ്റ് ജീവികൾ .

▪ വിരസമായ ദിവസങ്ങൾക്ക് ശേഷം അവിടെ നിന്ന് രക്ഷപെടാൻ അയാൾ മുളകളും വള്ളികളും കൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കുന്നു .എന്നാൽ ചങ്ങാടത്തിൽ കയറി കുറച്ചു ദൂരം യാത്ര കഴിയുമ്പോഴേക്കും ഏതോ ഒരു വലിയ ജീവിയുടെ ആക്രമണത്താൽ ചങ്ങാടം തകരുന്നു .വീണ്ടും അയാൾ ചങ്ങാടം ഉണ്ടാക്കുന്നെങ്കിലും പിന്നെയും അത് തന്നെ ആവർത്തിക്കുന്നു .മൂന്നാം തവണയും ചങ്ങാടം നിർമ്മിക്കുന്ന അയാൾ തന്റെ ചങ്ങാടം തകർത്ത് തന്നെ അവിടെ നിന്നും രക്ഷപെടാൻ അനുവദിക്കാത്ത ജീവിയെ ആദ്യമായി കാണുന്നു .അത് അസാമാന്യ വലിപ്പമുള്ള ചുവന്ന നിറത്തിലുള്ള ഒരു ആമയായിരുന്നു . എന്താണ് ആ ആമയ്ക്ക് പിന്നിലുള്ള രഹസ്യമെന്നും എന്തിനാണ് അത് ചങ്ങാടം തകർത്തതെന്നും ഉള്ള സംശയത്തോടെ അതിനെ സമീപിക്കുന്ന അയാളോടൊപ്പം  പ്രേക്ഷകനും പ്രവചനാതീതമായ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നു പോകുന്നു.

🔹 OBSERVATIONS 🔹

▪ സാധാരണ അനിമേഷൻ ചിത്രങ്ങൾ എന്നാൽ സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും നിറഞ്ഞ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ഒരു പാട് തമാശകൾ നിറഞ്ഞ കളർഫുൾ ആയ ചിത്രങ്ങളാണ് നമ്മുടെ മനസ്സിലേക്കെത്തുക .എന്നാൽ അതൊന്നുമല്ല ഈ ചിത്രം .ഒന്നാമതായി ഈ അനിമേറ്റഡ് ചിത്രത്തിൽ ഡയലോഗുകളേ ഇല്ല . മനുഷ്യരും മ്യഗങ്ങളും ഉണ്ടെങ്കിലും നിറങ്ങൾ വാരി വിതറിയ ഒരു കളർഫുൾ ചിത്രമല്ലിത് . പകരം തുടങ്ങിയിടത്ത് തന്നെ അവസാനിക്കുകയും അവസാനിക്കുന്നിടത്തു നിന്ന് തുടങ്ങുകയും ചെയ്യുന്ന ജീവിതത്തിന്റെ വ്യത്യസ്തമായതും അതേ സമയം അവിശ്വസനീയമായതുമായ കാഴ്ചകളാണ് ഈ ചിത്രം കാണിച്ചു തരുന്നത് .

▪ അനിമേഷൻ ചിത്രങ്ങൾക്കിടയിൽ തരംഗം സൃഷ്ടിച്ച Spirited Away അടക്കമുള്ള നിരവധി ചിത്രങ്ങൾ സൃഷ്ടിച്ച പ്രശസ്ത ജാപ്പനീസ് സ്റ്റുഡിയോ ആയ Studio Ghibli യുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . അതിൽ നിന്ന് തുടങ്ങുന്ന പുതുമ ചിത്രത്തിന്റെ ഓരോ രംഗത്തും കാണാം . പൂർണമായും Studio Ghibli യുടെ അനിമേഷൻ സ്റ്റൈൽ പിന്തുടരാതെ അതിൽ തന്റേതായ മാറ്റങ്ങൾ വരുത്തി വ്യത്യസ്തമായ ഒരു അനുഭവം പകരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 89th ഓസ്കാർ നോമിനേഷൻ ലഭിച്ച മറ്റ് ചിത്രങ്ങളിൽ നിന്നും എന്ത് കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു The Red Turtle. തന്റെ ആദ്യ ഫീച്ചർ ഫിലിമിന് ഇങ്ങനെ ഒരു ചിത്രം തിരഞ്ഞെടുത്ത Michael Dudok De Wit എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നു.

▪ അനിമേഷൻ ചിത്രങ്ങൾ പ്രശസ്തമാകുന്നത് അതിൽ ശബ്ദം കൊടുത്തിരിക്കുന്ന അഭിനേതാക്കൾ വഴിയും കൂടിയാണ് .എന്നാൽ പ്രേക്ഷകന്റെ മനസ്സിൽ അനന്തമായ വിചാരധാര സൃഷ്ടിക്കാൻ സംഭാഷണത്തിന്റെ ആവശ്യമേയില്ലെന്ന് ഈ ചിത്രം തെളിയിക്കുകയാണ് . രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കും ഭാഷകൾക്കും അതീതമായി ജനനവും മരണവും വീണ്ടും ജനനവും ആയി ആവർത്തിക്കുന്ന ജീവിതത്തിന്റെ വിവരിക്കാനാവാത്ത മാസ്മരികത പ്രേക്ഷകരിലേക്ക് വാക്കുകളുടെ സഹായമില്ലാതെ പകർന്ന് നല്കുന്ന ഈ ചിത്രം സിനിമാസ്വാദകർക്ക് മികച്ച അനുഭവം തന്നെ സമ്മാനിക്കും.

🔹VERDICT : BRILLIANT

©PRADEEP V K

Advertisements
4.0 Star (Very Good) · Crime · English · France · Thriller

96. LEON – THE PROFESSIONAL (FRANCE/CRIME THRILLER/1994)

🔹AMAZING CINEMA # 96
🔹MOVIE TITLE : LEON – THE PROFESSIONAL ( 1994 )
🔹രാജ്യം : ഫ്രാൻസ്
🔹ഭാഷ : ഇംഗ്ലീഷ്
🔹 വിഭാഗം : ക്രൈം ത്രില്ലർ
🔹സംവിധാനം : LUC BESSON
🔹അഭിനേതാക്കൾ : JEAN RENO, NATALIE PORTMAN , GARY OLDMAN

🔹കഥാ സംഗ്രഹം 🔹

▪ലിയോൺ(Jean Reno) ഇറ്റലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിപ്പാർത്ത ഒരു പ്രൊഫഷണൽ കില്ലർ ആണ് .തന്നെ ഏൽപ്പിക്കുന്ന ജോലികൾ അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തോടെ തീർക്കുന്ന അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് താൻ ചെടിച്ചട്ടിയിൽ നട്ടുനനച്ച് വളർത്തുന്ന ഒരു ചെടിയാണ് . ഫ്ലാറ്റിൽ അയാളുടെ അടുത്ത മുറിയിൽ താമസിക്കുന്ന 12 വയസ്സുകാരിയായ മാറ്റിൽഡ(Natalie Portman) യുമായി അയാൾ പരിചയത്തിലാകുന്നു .അച്ഛനും രണ്ടാനമ്മയും ഉൾപ്പെട്ട കുടുംബത്തിൽ അവൾക്ക് അടുപ്പമുള്ളത് നാല് വയസ്സുകാരനായ അനുജനോട് മാത്രമാണ് .ഒരു ദിവസം മയക്കുമരുന്ന് ബിസ്സിനസിൽ ഉൾപ്പെട്ട അവളുടെ അച്ഛനേയും കുടുംബത്തേയും ഡ്രഗ്ഗ് മാഫിയ നേതാവും പോലീസ് ഓഫീസറുമായ നോർമൻ സ്റ്റാൻസ്ഫീൽഡ് (Gary Oldman) കൊലപ്പെടുത്തുന്നു . 

▪ലിയോണിന്റെ റൂമിൽ അഭയം പ്രാപിക്കുന്ന മാറ്റിൽഡ അയാൾ ഒരു പ്രൊഫഷണൽ കില്ലർ ആണെന്ന് മനസ്സിലാക്കുകയും തന്റെ അനുജനെ കൊന്നവരോട് പ്രതികാരം ചെയ്യാനായി തന്നെയും കൂടെ കൂട്ടാൻ അയാളെ നിർബന്ധിക്കുകയും ചെയ്യുന്നു .ആദ്യമൊക്കെ മടിച്ചെങ്കിലും അവസാനം ലിയോൺ അവളെ തന്റെ ജോലിയിലേക്ക് കൂടെ കൂട്ടുന്നു .എന്നാൽ മാറ്റിൽഡക്ക് തന്നോട് ഉള്ള ബന്ധത്തിൽ താൻ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ  കാണുന്ന ലിയോൺ ശരിയും തെറ്റും ഏതാണെന്നറിയാതെ വിഷമിക്കുന്നു .

🔹സ്ക്രീനിന് പിന്നിൽ🔹

▪Luc Besson എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായാണ് ലിയോൺ എന്ന ചിത്രത്തെ നിരൂപകർ വിലയിരുത്തുന്നത് .അത് പൂർണമായും സത്യവുമാണ് .ആദ്യ രംഗം മുതൽ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം പിന്നീട് ലിയോണും മാറ്റിൽഡയും തമ്മിലുള്ള ബന്ധത്തിലേക്ക് നീങ്ങുമ്പോഴും കയ്യടക്കത്തോടെ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട് . കുടുംബത്തിൽ നിന്ന് സ്നേഹമോ ശ്രദ്ധയോ ലഭിക്കാത്ത ഒരു 12 വയസ്സുകാരിയും അപകടകാരിയായ പ്രൊഫഷണൽ കില്ലറും തമ്മിലുള്ള ബസത്തിന്റെ കഥ വളരെ മനോഹരമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട് .

▪പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിംഗും ചിത്രത്തിന് തുണയായി .IMDB റേറ്റിംഗിൽ മികച്ച 100 ചിത്രങ്ങൾക്കുള്ളിൽ വരുന്ന ഈ ചിത്രം ഒരു വൻ ബോക്സ് ഓഫീസ് വിജയവുമായിരുന്നു.

🔹സ്ക്രീനിൽ🔹

▪ഈ ചിത്രം കാണുന്നവർ മാറ്റിൽഡയുടെ വേഷം അവതരിപ്പിച്ച Natalie Portman എന്ന നടിയെ ഒരിക്കലും മറക്കില്ല . തന്റെ ആദ്യ ചിത്രത്തിൽ തന്നെ അതി മനോഹരമായ അഭിനയമാണ് അവർ കാഴ്ച വച്ചിരിക്കുന്നത് . സ്നേഹം കൊതിക്കുന്ന പെൺകുട്ടിയായും പിന്നീട് ആയുധമെടുത്ത് പ്രതികാരം ചെയ്യാനിറങ്ങുന്ന കൗമാരക്കാരിയായും Natalie അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പറയാം . Black Swan എന്ന ചിത്രത്തിൽ പിന്നീട് ലഭിച്ച മികച്ച നടിക്കുള്ള ഓസ്കാർ അവരുടെ കഴിവിനുള്ള യഥാർത്ഥ അംഗീകാരം തന്നെയാണ് .

▪ലിയോൺ എന്ന പരുക്കനായ പ്രൊഫഷണൽ കില്ലർ ആയി Jean Reno മികച്ച അഭിനയമാണ് കാഴ്ച വച്ചത് .ആക്ഷൻ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലും ഒരുപോലെ മികച്ചു നില്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . നോർമൻ സ്റ്റാൻസ്ഫീൽഡ് എന്ന ഡ്രഗ്ഗ് അഡിക്റ്റ് ആയ പോലീസ് ഓഫീസറുടെ വില്ലൻ വേഷം Gary Oldman ഗംഭീരമാക്കി . മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിലൂടെയും ഡയലോഗ് പ്രെസന്റേഷനിലൂടെയും  കാണികളെ ഞെട്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു .

🔹വിധി നിർണയം🔹

▪ഒരു ത്രില്ലർ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട് .മികച്ച അഭിനയ മുഹൂർത്തങ്ങളും ആക്ഷനും വൈകാരിക രംഗങ്ങളും നിറഞ്ഞ ഈ ചിത്രം നിങ്ങളെ തീർച്ചയായും തൃപ്തിപ്പെടുത്തും .

🔹 റേറ്റിംഗ് : 3.75/5 ( Very Good )

🔹പിൻകുറിപ്പ് : ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ 11 വയസ്സ് മാത്രമായിരുന്നു Natalie Portman ന്റെ പ്രായം. ചിത്രത്തിന്റെ കഥ കേട്ട അവരുടെ അച്ഛനും അമ്മയും അതിൽ അഭിനയിക്കുന്നതിനെ ശക്തമായി എതിർത്തെങ്കിലും അവസാനം മകളുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു .
©PRADEEP V K

Advertisements
3.0 Star (Above Average) · Drama · France · French · Psychological

65. IRREVERSIBLE (FRANCE/DRAMA/2002)

🔹AMAZING CINEMA # 65

🔹IRREVERSIBLE (France/French/2002/Psychological Drama/97Min/Gaspar Noe/Starring: Monica Bellucci, Vincent Cassel)

🔹SYNOPSIS 🔹

▪വ്യത്യസ്തമായ സിനിമകൾ , സിനിമയിലെ പുതിയ പരീക്ഷണങ്ങൾ മുതലായവ കാണാൻ ആഗ്രഹിക്കുന്നവർ മാത്രം ഈ ചിത്രം കാണുക .Gasper Noe സംവിധാനം ചെയ്ത ഈ ചിത്രം ലൈംഗികതയുടേയും വയലൻസിന്റെയും അതിപ്രസരം മൂലം കണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ് . തങ്ങളുടെ കാമുകിയെ ക്രൂരമായി ബലാൽസംഘം ചെയ്തയാളെ കണ്ടു പിടിച്ച് പ്രതികാരം ചെയ്യാനിറങ്ങുന്ന രണ്ട് പേരിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം വിപരീത ദിശയിലാണ് കഥ പറയുന്നത് .അതായത് കഥയുടെ അവസാനം ആദ്യം തുടങ്ങി തുടക്കത്തിൽ അവസാനിക്കുന്നു .

▪പത്ത് മിനിട്ട് ദൈർഘ്യമുള്ള ഒറ്റ ഷോട്ടിൽ എടുത്തിരിക്കുന്ന റേപ്പ് സീനും ഗേ സെക്സും  നിറയുന്ന ഈ ചിത്രത്തിലെ ക്യാമറ മൂവ്മെന്റ്സ് മറ്റൊരു ചിത്രത്തിലും ഇതു വരെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം .പ്രേക്ഷകനെ വൈകാരികമായി എങ്ങനെയൊക്കെ തളർത്താൻ കഴിയുമോ അങ്ങനെയൊക്കെ തളർത്താൻ സംവിധായകൻ മനപൂർവ്വം ശ്രമിച്ചിട്ടുണ്ട് .മോണിക്ക ബെലൂച്ചി എന്ന നടിയുടെ വിട്ടുവീഴ്ച ഇല്ലാത്ത പെർഫോർമൻസ് ചിത്രത്തിന് തുണയായി . 

🔹AMAZING CINEMA RATING: 3/5

© PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · Arabic · Drama · France

51. TIMBUKTU (FRANCE/DRAMA/2014)

🔹AMAZING CINEMA # 51

🔹TIMBUKTU (France/Arabic/2014/Drama/96Min/Dir: Abderrahmane Sissako/Starring: Ibrahim Ahmed dit Pino, Toulou Kiki)

🔹SYNOPSIS 🔹

▪ഇസ്ലാമിക് ജിഹാദിന്റെ ഭീകരതയും അതിനോടുള്ള സാധാരണ മനുഷ്യരുടെ എതിർപ്പും അതിന്റെ എല്ലാ തീവ്രതയോടും കൂടി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് TIMBUKTU. മാലിയിലെ റ്റിംബുക്തു എന്ന ഇസ്ലാമിക് ജിഹാദികൾ ഭരണം നടത്തുന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് .സിഗററ്റ് ,മദ്യം , സംഗീതം ,സിനിമ ,സ്പോർട്സ് എന്ന് വേണ്ട എല്ലാ വിനോദോപാദികളും അവിടെ നിരോധിച്ചിരിക്കുന്നു .സ്ത്രീകൾ ബുർഖ മാത്രമല്ല കയ്യുറയും ധരിക്കണം .അന്യപുരുഷൻമാരോട് സംസാരിക്കാൻ പാടില്ല .റംസാൻ മാസത്തിൽ ഭാര്യ ഭർത്താക്കൻമാർ ഒന്നിച്ചിരിക്കാൻ പാടില്ല . ഇത് അനുസരിക്കാത്തവരെ ശരീയത്ത് നിയമപ്രകാരം ശിക്ഷിക്കും . ഇങ്ങനെയൊരു സാഹചര്യത്തിന്റെ കൂടെ നിരന്തരം പൊടിക്കാറ്റ് വീശുന്ന പ്രകൃതിയും കൂടിയാവുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിതം എങ്ങനെയാവുമെന്നത് നമുക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് .

▪ഫുട്ബാൾ നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഫുട്ബോൾ ഇല്ലാതെ സാങ്കലപിക ഫുട്ബോൾ ഉപയോഗിച്ച് കളിക്കുന്ന രംഗം മറക്കാനാവില്ല .റംസാൻ മാസത്തിൽ അഡൾട്ടറി ആരോപിച്ച് ഭാര്യാ ഭർത്താക്കന്മാരെ കല്ലെറിഞ്ഞ് കൊല്ലുന്ന രംഗവും പാട്ട് പാടിയതിന് ചാട്ടവാറിന് അടിക്കുന്നതുമെല്ലാം മതത്തിന്റെയും ദൈവത്തിന്റയും പേരിൽ മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ വെളിവാക്കുന്നവയാണ് .

▪ഈ ചിത്രത്തിന്റെ ആദ്യവും അവസാനവും കാണിക്കുന്ന മരണഭയത്താൽ ഓടുന്ന മാനിന്റെ അവസ്ഥ തന്നെയാണ് അവിടെയുള്ള മനുഷ്യർക്കും .  സാധാരണ മനുഷ്യന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തുന്ന ദൈവവും ജിഹാദും എല്ലാം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം മാത്രം അവസാനം ബാക്കിയാവുന്നു .

🔹AMAZING CINEMA RATING : 4/5

© PRADEEP V K (AMAZING CINEMA)

Advertisements