3.5 Star (Good) · Anthology · India · Malayalam · Romance · Thriller

165. SOLO (INDIA/2017/ROMANTIC THRILLER)

🔹165) SOLO (2017) 🔹 A REVIEW 🔹

🔹 “ജലം , വായു , അഗ്നി , ഭൂമി , ആകാശം എന്നീ പഞ്ചഭൂതങ്ങളാലാണ് പ്രപഞ്ചത്തിലെ ഓരോ അണുവും രൂപപ്പെട്ടിരിക്കുന്നത് . അവയെ നിയന്ത്രിക്കുന്നതാവട്ടെ ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരമൂർത്തിയുമായ ശിവനും” – As Per Ancient Mythology.

🔹COUNTRY : INDIA
LANGUAGE : MALAYALAM
GENRE : ROMANTIC THRILLER ANTHOLOGY
DIRECTION : BEJOY NAMBIYAR

🔹 OBSERVATIONS 🔹

▪️ പഞ്ചഭൂതങ്ങളിലെ ജലം , വായു , അഗ്നി , ഭൂമി എന്നിവയെ ആധാരമാക്കി ശിവന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ശേഖർ , ത്രിലോക്, ശിവ , രുദ്ര എന്നിങ്ങനെ നാല് പേരുടെ കഥയാണ് സോളോ എന്ന ചിത്രത്തിലൂടെ ബിജോയ് നമ്പ്യാർ പറയുന്നത്. ശിവതാണ്ഡവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ് വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക്, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് രുദ്ര എന്നീ നാല് എപ്പിസോഡുകളുടെ തീം ആയി സ്വീകരിച്ചിരിക്കുന്നത്. ബിജോയ് നമ്പ്യാരുടെ തന്നെ തിരക്കഥയിൽ മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു.

🔹 POSITIVE SIDES🔹

▪️ നാല് കഥകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദുൽക്കർ സൽമാന്റെ അഭിനയ ജീവിതത്തിലെ മികച്ച ചില മുഹൂർത്തങ്ങൾ സോളോയിൽ കാണാൻ കഴിഞ്ഞു .മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉള്ള നടീനടൻമാർ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള ഗാനങ്ങളും ഗാന ചിത്രീകരണവും അതി മനോഹരമായിരുന്നു. ഒരു റൊമാൻറിക് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്നതാണ് ആദ്യ എപ്പിസോഡായ വേൾഡ് ഓഫ് ശേഖർ.രണ്ടാമത്തെ എപ്പിസോഡായ വേൾഡ് ഓഫ് ത്രിലോക് ഒരു റൊമാൻറിക് റിവഞ്ച് ത്രില്ലറും മൂന്നാമത്തെ എപ്പിസോഡായ വേൾഡ് ഓഫ് ശിവ ഒരു ഡാർക്ക് ക്രൈം ത്രില്ലറും ആണ്. അവസാന എപ്പിസോഡായ വേൾഡ് ഓഫ് രുദ്രയെ ഒരു റൊമാൻറിക് ഫാമിലി ത്രില്ലറിൽ പെടുത്താം.

▪ ശിവൻ എന്ന മിത്തിക്കൽ കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ളവർക്ക് ചിത്രത്തിന്റെ തീം വളരെ പെട്ടെന്ന് മനസ്സിലാക്കാനാവും . പ്രണയം , പ്രതികാരം , കാമം , ക്രോധം , ത്യാഗം തുടങ്ങിയ മനുഷ്യന്റെ എല്ലാ വികാരങ്ങളും ഒരാളിൽ സന്നിവേശിപ്പിച്ചതാണ് ശിവൻ എന്ന കഥാപാത്രം എന്ന് പറയാം. സ്ത്രീ എന്നത് ശിവന്റെ ശക്തിയും ദൗർബല്യവുമാണ് . കാമുകി , ഭാര്യ , മകൾ , അമ്മ ,സഹോദരി എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള സ്ത്രീയുടെ പുരുഷനിലുള്ള സ്വാധീനം ശിവന്റെ വിവിധ ഭാവങ്ങളിലൂടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഓരോ എപ്പിസോഡിന്റെയും തുടക്കത്തിൽ കാണിക്കുന്ന ശിവതാണ്ഡവത്തിന്റെ കാരിക്കേച്ചറുകളും വിവരണവും ഹൃദ്യമായിരുന്നു. വേൾഡ് ഓഫ് ശിവയിലെ ദേവീ സ്തുതിയോട് ചേർന്നുള്ള ആക്ഷൻ രംഗങ്ങൾ വളരെ ആവേശഭരിതമായിരുന്നു.

🔹NEGATIVE SIDES🔹

▪️ ചിത്രത്തിലെ ഡയലോഗുകളിൽ ഒരു തരം അവ്യക്തതയും നാടകീയതയും കലർന്നിരുന്നു. വിക്കുള്ള കഥാപാത്രത്തിന്റെ കഥയും കൂടി ആയപ്പോൾ വേൾഡ് ഓഫ് ശേഖറിലെ ഡയലോഗുകൾ കൂടുതൽ പരിതാപകരമായി . അധോലോക മാഫിയയുടെ കഥ പറഞ്ഞ വേൾഡ് ഓഫ് ശിവയിലെ ദുൽക്കറിന്റെ സ്ഥായിയായ മുഖഭാവം കഥാപാത്രം ആവശ്യപ്പെടുന്നതാണെന്ന് കരുതാം. ആദ്യ ക്ലൈമാക്സിന്റെ പേരിൽ ഒരു പാട് നെഗറ്റീവ് കമൻറ്സ് ലഭിച്ച വേൾഡ് ഓഫ് രുദ്രയിലെ പ്രധാന പാളിച്ച വെട്ടിമാറ്റി അംഗഭംഗം വരുത്തിയ പുതിയ ക്ലൈമാക്സ് രംഗം തന്നെയായിരുന്നു എന്നത് വിരോധാഭാസമാവാം.

🔹FINAL WORDS🔹

▪ സിനിമ എന്നത് പൂർണമായും സംവിധായകന്റെ സൃഷ്ടിയാണ്. ആരോഗ്യമുള്ള കയ്യും കാലും മറ്റവയവങ്ങളും ഉണ്ടായാൽ മാത്രം പോര അവയെല്ലാം യഥാസ്ഥാനത്ത് വന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കൂ എന്നത് പോലെ മികച്ച അഭിനേതാക്കളും തിരക്കഥയും ഗാനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ടാകുന്നതിലുപരി അവ കൃത്യമായ രീതിയാൽ കൃത്യമായ അളവിൽ സന്നിവേശിപ്പിച്ചാൽ മാത്രമേ മികച്ച ഒരു സിനിമ സൃഷ്ടിക്കപ്പെടൂ. ചില ചെറിയ പാളിച്ചകൾ മാറ്റി നിർത്തിയാൽ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ ബിജോയ് നമ്പ്യാർക്ക് കഴിഞ്ഞു എന്ന് പറയാം .പുതുമ നിറഞ്ഞ വിഷയങ്ങൾ പുതുമ നിറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളെക്കാളും ഏതൊരു സിനിമാ ഫീൽഡിന്റെയും വ്യാപ്തി നിശ്ചയിക്കുന്നത് എന്ന് അറിയാവുന്ന ഒരു സംവിധായകനെ നമുക്ക് ചിത്രത്തിലുടനീളം കാണാം .

▪ എന്നാൽ സ്വന്തം ഭാഷയിലെ പരീക്ഷണ ചിത്രങ്ങളെ അവജ്ഞയോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹത്തിലേക്കാണ് അദ്ദേഹം തന്റെ സ്വപ്ന ചിത്രവുമായെത്തിയത്. ഓരോ സിനിമയും അത് അർഹിക്കുന്ന സീരിയസ്നെസ്സോടെ വേണം സമീപിക്കേണ്ടത് എന്നറിയാത്ത ചിലർ നടത്തിയ പരാക്രമങ്ങളുടെ പേരിൽ മികച്ച ഒരു ക്ലൈമാക്സിനെ യാതൊരു സാമാന്യബോധവുമില്ലാതെ അണിയറക്കാർ വെട്ടിമുറിച്ച് നശിപ്പിച്ചു എന്നതാണ് ഏറ്റവും ഖേദകരം. പുതുമകളെ എന്നും അംഗീകരിക്കുന്ന തമിഴ് പ്രേക്ഷകർ ചിത്രത്തെ ഇതിലും നന്നായി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. സ്വന്തം സൃഷ്ടിയെ ഇങ്ങനെ നശിപ്പിച്ചത് കാണുമ്പോഴുള്ള വേദനക്ക് ബിജോയ് നമ്പ്യാർ എന്ന സംവിധായകനോട് അതിന് കാരണക്കാരായ മലയാളി പ്രേക്ഷകരുടെ പേരിൽ മാപ്പ് ചോദിച്ചു കൊണ്ട് നിർത്തുന്നു.

🔹 Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements
4.0 Star (Very Good) · Crime · India · Tamil · Thriller

160. THUPPARIVALAN (INDIA/CRIME THRILLER/2017)

🔹160) THUPPARIVALAN (2017)  🔹 A REVIEW 🔹

🔹 “കൊല്ലപ്പെട്ടത് ഒരു പട്ടി ആണെങ്കിലും അപകടസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ അവിടെ കൂടുതൽ വലിയ എന്തോ സംഭവങ്ങൾ നടന്നതായി ഒരു സംശയം ഉണ്ടാക്കുന്നു . ഞാനറിയാത്ത ലോകം അറിയാത്ത ആരോ ഇതിനെല്ലാം പിന്നിലുണ്ടെന്ന് ഉറപ്പാണ് ”

🔹COUNTRY : INDIA

     LANGUAGE : TAMIL

     GENRE : CRIME THRILLER

     DIRECTION : MYSSKIN

🔹 BACKGROUND 🔹

🔼 സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച   ഡിറ്റക്ടീവ് ഷെർലക്ക് ഹോംസ്  യാതൊരു മുഖവുരയും ആവശ്യമില്ലാത്ത കഥാപാത്രമാണ്. തന്റെ അസാമാന്യമായ ബുദ്ധികൂർമ്മതയാൽ നോവലിലൂടെയും സിനിമകളിലൂടെയും സീരീസുകളിലൂടെയും ലോകമെമ്പാടും ഉള്ള ആസ്വാദകരെ വിസ്മയിപ്പിച്ച ആ കഥാപാത്രത്തിന് സമാനമായി മറ്റൊരാളെ സങ്കല്പിക്കാൻ പോലുമാവില്ല . ഷെർലക് ഹോംസിന് സമാനമായി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും പൂർണമായി വിജയിച്ചു എന്ന് പറയാനുമാവില്ല. ബംഗാളി സിനിമയിൽ ബോംകേഷ് ബക്ഷി ഉണ്ടെങ്കിലും സൗത്ത് ഇൻഡ്യൻ സിനിമയിൽ അത് പോലെ ഒരു കഥാപാത്രം ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ കഴിഞ്ഞ ദിവസം തുപ്പരിവാലൻ എന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം അതിനുള്ള ഉത്തരം എനിക്ക് കിട്ടി .നമുക്കും ഒരു ഷെർലക് ഹോംസിനെ ലഭിച്ചു കഴിഞ്ഞു .അദ്ദേഹത്തിന്റെ പേര് കനിയൻ പൂങ്കുന്ദ്രൻ എന്നാണ്. 

🔼തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മനോഹറിനോടൊപ്പം പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന കനിയൻ എന്ന തുപ്പരിവാലൻ(ഡിറ്റക്ടീവ്) തന്റെ കഴിവിനൊത്തുള്ള ഒരു കേസ് ലഭിക്കാത്തതിൽ ദു:ഖിതനാണ്. എന്നാൽ തന്റെ പട്ടിയെ കൊന്നത് ആരാണെന്ന് കണ്ട് പിടിക്കണമെന്ന ആവശ്യവുമായി ഒരു കൊച്ചു കുട്ടി അദ്ദേഹത്തെ സമീപിച്ചപ്പോൾ താൻ ഇതുവരെയും അന്വേഷിച്ചിട്ടുള്ളതിൽ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ  അപകടകരമായ കേസ് ആണ് തന്റെ മുന്നിൽ എത്തിയിരിക്കുന്നതെന്ന് കനിയൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. 

🔹 OBSERVATIONS 🔹

🔼 തമിഴ് സിനിമയിൽ ഒരു നവതരംഗത്തിന് തുടക്കം കുറിച്ച സംവിധായകനാണ് മിഷ്കിൻ. 2006 ൽ ചിത്തിരം പേശുതടി എന്ന ചിത്രത്തിൽ തുടങ്ങി തന്റെ എട്ടാമത്തെ സംവിധാന സംരംഭമായ തുപ്പരിവാലനിൽ എത്തി നില്ക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നതായി ധൈര്യപൂർവ്വം പറയാം .

🔼തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായ വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾക്ക് ഉടമയായ കനിയൻ പൂങ്കുന്ദ്രനെ  വിശാൽ മനോഹരമായി അവതരിപ്പിച്ചു . ചിത്രത്തിന്റെ നിർമ്മാതാവും വിശാൽ തന്നെയായിരുന്നത് വിട്ടുവീഴ്ചയില്ലാത്ത ചിത്രീകരണത്തിന് കൂടുതൽ സഹായകമായി. കനിയന്റെ സന്തത സഹചാരിയായ മനോഹറിനെ പ്രസന്ന ഗംഭീരമാക്കി . എങ്കിലും ഞെട്ടിച്ചു കളഞ്ഞത് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായെത്തിയ വിനയ് ആണ് .ഇത് വരെ നിഷ്കളങ്ക വേഷങ്ങളിൽ കണ്ടിട്ടുള്ള വിനയ് അവതരിപ്പിച്ച ഡെവിൾ എന്ന കഥാപാത്രം തമിഴ് സിനിമയിൽ വന്നിട്ടുള്ളവയിൽ ഏറ്റവും  മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം .നായകന് ഒത്ത എതിരാളിയായ ആ വില്ലൻ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഭാഗ്യരാജ്, ആൻഡ്രിയ ജറേമിയ തുടങ്ങിയവരുടേയും നെഗറ്റിവ് വേഷങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടി. 

🔼കഥയുടെ ഒഴുക്കിനെ ബാധിക്കുന്ന പാട്ടുകളോ കോമഡിയോ ഒന്നും ചിത്രത്തിലില്ല .വളരെ മികച്ച പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിംഗും പ്രേക്ഷകരെ പിടിച്ചിരുത്താൻ പര്യാപ്തമായിരുന്നു. ഒരു പാളിച്ചകളുമില്ലാത്ത മിസ്ക്കിന്റെ ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ശക്തി.  ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ എല്ലാം കാണികളിൽ രോമാഞ്ചമുണ്ടാക്കുമെന്ന് ഉറപ്പാണ് . കല്ലുകടി ആയി തോന്നിയത്  അനു ഇമ്മാനുവൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില രംഗങ്ങൾ മാത്രമാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗത്തിലെ വിശാലിന്റെ പെർഫോർമൻസ് കുറ്റപ്പെടുത്തുന്നവർ കനിയൻ എന്ന കഥാപാത്രത്തെ പൂർണമായും ഉൾക്കൊള്ളാത്തത് കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത് .

🔹LAST WORD 🔹

🔼ഒരു മികച്ച ക്രൈം ത്രില്ലർ എങ്ങനെയാവണം എന്നതിന്റെ ഉദാഹരണമാണ് തുപ്പരിവാലൻ . ആദ്യന്തം ആകാംക്ഷാഭരിതമായ ചടുലമായ ഈ ചിത്രം ഈ വർഷം തിയേറ്ററിൽ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. അത് തിയേറ്ററിൽ നിന്നു തന്നെ ആസ്വദിക്കാൻ ശ്രമിക്കുക .ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊലപാതക ദൃശ്യങ്ങൾ നിറഞ്ഞ ഈ ചിത്രം കണ്ട പ്രേക്ഷകന്റെ ഉള്ളിൽ അകാരണമായ ഒരു ഭയം ഉണ്ടായാൽ അദ്ഭുതപ്പെടാനില്ല . ചിലപ്പോൾ ഒരു പെൻസിൽ മുനയുടെ രൂപത്തിൽ മരണം ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കാത്ത് നില്ക്കുന്നുണ്ടാവാം .

🔹 Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

3.0 Star (Above Average) · India · Malayalam · Thriller

155. ADAM JOAN (INDIA/THRILLER/2017)

🔹155. ADAM JOAN (2017)  🔹 A Review 

“അവളെ രക്ഷിക്കാൻ എന്നെക്കൊണ്ടാവും വിധം ഞാൻ ശ്രമിക്കും .എന്നിട്ടും അതിന് കഴിഞ്ഞില്ലെങ്കിൽ അവൾക്ക് ഒരു നിമിഷം മുൻപെങ്കിലും എന്റെ മരണം നടന്നു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം”

🔹COUNTRY : INDIA

     LANGUAGE : MALAYALAM

     GENRE : THRILLER

     DIRECTION : JINU V ABRAHAM

🔹 BACKGROUND 🔹

▪ഭൂരിഭാഗവും സ്കോട്ലൻഡിൽ ചിത്രീകരിച്ച ഡാർക്ക് ത്രില്ലർ ആയ ആദം ജൊവാൻ മലയാള സിനിമയിൽ അധികമാരും കൈ വയ്ക്കാത്ത ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പ്ലാൻറർ ആയ ആദം ജൊവാൻ പോത്തൻ ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ അമ്മയും അനുജനും കുടുംബവും താമസിക്കുന്ന സ്കോട്ലൻഡിലേക്ക് പോകേണ്ടി വരുന്നതും അവിടെ താനൊരിക്കലും വിചാരിക്കാത്ത അപ്രതീക്ഷിത സംഭവങ്ങളിൽ പെട്ടു പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .ആദം ജൊവാൻ എന്ന കേന്ദ്രകഥാപാത്രമായെത്തിയ പൃഥിരാജിനോടൊപ്പം നരേൻ, ഭാവന , മിഷ്ടി ,രാഹുൽ മാധവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു .

🔹 POSITIVE SIDES🔹

▪പുതുമയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിക്കാൻ ശ്രദ്ധിക്കുന്ന പൃഥ്വിരാജ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. സാവധാനം വേഗം കൈവരിക്കുന്ന ചിത്രം മലയാള സിനിമയിൽ വ്യത്യസ്തമായ അനുഭവം നല്കും എന്നതിൽ തർക്കമില്ല. നായക കഥാപാത്രത്തിന്റെ ഡയലോഗുകൾ ചിത്രത്തിന്റെ സ്വഭാവം പ്രേക്ഷകരിലേക്കെത്തിക്കുവാൻ പ്രാപ്തമായിരുന്നു. സ്കോട്ലൻഡിലെ മനോഹരമായ ഭൂപ്രകൃതിയും ലൊക്കേഷനുകളും പകർത്തിയ ജിത്തു ദാമോദറിന്റെ ക്യാമറ വർക്ക് മികച്ച് നിന്നു . ത്രില്ലർ മൂഡ് നല്കുന്ന ദീപക് ദേവ് – ഗോപി സുന്ദർ ടീമിന്റെ സംഗീതം ചിത്രത്തിന്റെ ടോണിന് ചേർന്നതായിരുന്നു . അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളോട് സാമാന്യം നീതി പുലർത്തി. 

🔹NEGATIVE SIDES🔹

▪ചിത്രത്തിന്റെ പ്രധാന പോരായ്മ ഒരു ത്രില്ലർ ചിത്രത്തിന് ചേരുന്ന തരത്തിലുള്ള പഴുതുകളില്ലാത്ത തിരക്കഥ ഒരുക്കുന്നതിൽ ജിനു എബ്രഹാം പരാജയപ്പെട്ടു എന്നതാണ്.  ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വ്യക്തമായ അവബോധം വിഷ്വൽസിലൂടെ കാണികളിൽ സൃഷ്ടിക്കുന്നതിന് പകരം ആഡംബര കാറുകളും ബൈക്കുകളും സ്കോട്ലൻഡിലെ വിജനമായ വീഥികളിലൂടെ രാത്രി ചീറിപ്പായുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാനായിരുന്നു സംവിധായകന് താല്പര്യം . നിരവധി ക്ലീഷേകൾ നിറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് ആക്ഷൻ രംഗങ്ങൾ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന് ഒട്ടും യോജിച്ചതായില്ല .ഒന്നിനും കൊള്ളാത്ത സ്കോട്ലൻഡ് പോലീസും വിഡ്ഡികളായ വിദേശ വില്ലൻമാരും തിരക്കഥാ പാളിച്ചകളിൽ മുഴച്ചു നിന്നു .

🔹FINAL WORD🔹

▪പോരായ്മകൾ ഉണ്ടെങ്കിൽ തന്നെയും സാമാന്യം മികച്ച ഒരു സിനിമാനുഭവം പ്രദാനം ചെയ്യാൻ ആദം ജൊവാന് കഴിയുന്നുണ്ട്. മലയാള സിനിമയിൽ പൊതുവെ കാണാത്ത ലൊക്കേഷനുകളും ക്യാമറ വർക്കും ബിജിഎമ്മും തന്നെയാണ് പ്രധാന പോസിറ്റീവ്സ്. ഇത്തരം ഒരു വിഷയം തന്റെ ആദ്യ ചിത്രത്തിന്  തെരഞ്ഞെടുത്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം അഭിനന്ദനം അർഹിക്കുന്നു. സാധാരണ മലയാളി പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവം പ്രദാനം ചെയ്യുന്ന ആദം ജൊവാൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് തീർച്ചയാണ്. ദയവായി ഈ ചിത്രം തിയേറ്ററിൽ തന്നെ പോയിക്കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.


🔹Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Drama · India · Tamil

153. TARAMANI (INDIA/DRAMA/2017)

🔹153. TARAMANI (2017)  🔽 A Review 🔽

🔹 “ഗ്രാൻഡ് മാ അമ്മയെ ഒരു ദിവസം Bitch എന്ന് വിളിച്ചതിന് ശേഷം അമ്മ ഗ്രാൻഡ് മായുടെ വീട്ടിൽ നിന്നും എന്നെയും കൊണ്ട് ഈ ഫ്ലാറ്റിൽ സ്ട്രയിൻജർ അങ്കിളിനോടൊപ്പം താമസമായി . എന്നാൽ ഇന്നലെ സ്ട്രയ്ൻജർ അങ്കിളും അമ്മയെ Bitch എന്ന് വിളിച്ചപ്പോൾ അമ്മ അങ്കിളിനെ അടിച്ച് പുറത്താക്കി . ഈ Bitch എന്ന് പറയുന്നത് അത്ര മോശം വാക്കാണോ?”

🔹COUNTRY : INDIA

     LANGUAGE : TAMIL

     GENRE : DRAMA

     DIRECTION : RAM

🔹SYNOPSIS 🔹

▪ സാധാരണ തമിഴ് ചിത്രങ്ങളുടെ ട്രാക്കിൽ നിന്ന് മാറി  വ്യത്യസ്തമായ, തനതായ ഒരു ആഖ്യാനശൈലിയോടെ ചിത്രങ്ങളൊരുക്കുന്ന സംവിധായകനാണ് റാം. അത് കൂടാതെ ആൻഡ്രിയ ജെറേമിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന നിലയിലും തരമണി പ്രതീക്ഷകൾ ഉയർത്തിയിരുന്നു. 

▪ ഒരു ഐ ടി കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി നോക്കുന്ന ഭർത്താവില്ലാതെ മകനോടൊപ്പം ജീവിക്കുന്ന ദിയ എന്ന ഒരു ആംഗ്ലോ ഇന്ത്യൻ യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് തരമണിയിലൂടെ റാം പറയുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സുന്ദരിയായ യുവതി നമ്മുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന എല്ലാ വിധ തുറിച്ചു നോട്ടങ്ങളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വരുന്നെങ്കിലും അവയെയെല്ലാം സ്വന്തം മനോധൈര്യം കൊണ്ട് തട്ടിയെറിഞ്ഞ് തനിക്കിഷ്ടപ്പെട്ട രീതിയിൽ തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങൾ ധരിച്ച് ജീവിക്കുന്നവളാണ് ദിയ.ഒരു ദിവസം അവിചാരിതമായി  ഒരു മഴയത്ത് കണ്ട് മുട്ടുന്ന അപരിചിതനുമായി അടുക്കുന്നതോടെ അവളുടെ ജീവിതത്തിന് പുതിയൊരു ഭാവം കൈവരുന്നു. അവരുടെ ജീവിതത്തിലെ സുഖദു:ഖങ്ങൾ അനാവരണം ചെയ്യുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിത്രത്തിനിടയിലെ വോയിസ് ഓവറുകളിലൂടെ സംവിധായകൻ പ്രേക്ഷകനുമായി സംവദിക്കുകയും ചെയ്യുന്നു. 

🔹 REVIEW🔹

▪  തങ്ങളുടെ ചിത്രങ്ങളിലൂടെ പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്ന രീതി പല വിദേശ ചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ ചിത്രങ്ങളിൽ സാധാരണമല്ല. അതിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ തന്നെ അതെല്ലാം അവസാനം വെറും സാരോപദേശങ്ങളായി മാറാറാണ് പതിവ് . എന്നാൽ തരമണിയിൽ ചിത്രത്തിന്റെ ഫ്ലോ ഒരു തരത്തിലും തടസ്സപ്പെടാതെ എന്നാൽ ചിത്രവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുത്താവുന്ന സാമൂഹിക വിഷയങ്ങൾ വളരെ രസകരമായി വോയിസ് ഓവറുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അവയിൽ ചിലത് നാം അംഗീകരിക്കുന്നവയും ചിലത് അംഗീകരിക്കാനാവാത്തവയും ആവാം. സംവിധായകൻ തന്നെ പറയുന്നത് പോലെ എല്ലാവരും ഫേസ് ബുക്കിൽ സ്റ്റാറ്റസ് ഇടുന്നു , അപ്പോൾ ഞാൻ എന്റെ സിനിമയ്ക്കിടക്ക് സ്റ്റാറ്റസ് ഇടുന്നു; അത്ര മാത്രം. 

▪ ദിയ എന്ന കേന്ദ്രകഥാപാത്രമായി ആൻഡ്രിയയുടെ മികച്ച പെർഫോർമൻസ് നിങ്ങൾക്ക് ചിത്രത്തിൽ കാണാം .അവർ ഇത് വരെ അഭിനയിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് നിസ്സംശയം പറയാം . പുതുമുഖം വസന്ത് രവിയും തന്റെ റോൾ ഭംഗിയാക്കി.ഗസ്റ്റ് റോളിൽ എത്തിയ അഞ്ജലിയും റയിൽവേ പോലീസിന്റെ വേഷം ചെയ്ത അഴഗം പെരുമാളും നന്നായിത്തന്നെ അവരവരുടെ റോളുകൾ അവതരിപ്പിച്ചു. സ്ത്രീ പുരുഷൻമാർ തമ്മിൽ വളരെ വയലന്റായി കലഹിക്കുന്ന രണ്ട് രംഗങ്ങൾ ചിത്രത്തിൽ അതീവ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്നു. സന്ദർഭത്തിന് യോജിച്ച ഗാനങ്ങളോടൊപ്പം ക്യാമറാ വർക്കും മികച്ച് നിന്നു. 

▪ നെഗറ്റീവ് ആയി തോന്നിയത് ചിത്രത്തിന്റെ ദൈർഘ്യവും വളരെ ലൗഡ്‌ ആയ ബിജിഎമ്മും ആണ്. പല രംഗങ്ങളിലും ബിജിഎം കാരണം ഡയലോഗുകൾ വ്യക്തമായില്ല .കുറച്ച് കൂടി ട്രിം ചെയ്ത് എഡിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി. പ്രശസ്ത താരങ്ങളോ ഫാൻസോ ഒന്നും ഇല്ലാത്തത് കാരണം വിരലിലെണ്ണാവുന്നവരേ ചിത്രം കാണാൻ ഉണ്ടായിരുന്നുള്ളു. ടോറന്റ് റിലീസ് ആകുമ്പോൾ മികച്ച അഭിപ്രായം നേടുമെന്ന് ഉറപ്പാണ്. തട്ടുപൊളിപ്പൻ മസാല ചിത്രങ്ങൾ എല്ലാം പണം കൊടുത്ത് തിയേറ്ററിൽ പോയി കണ്ട് പ്രോത്സാഹിപ്പിക്കുകയും ഇതുപോലുള്ള വ്യത്യസ്തമായ പരീക്ഷണ ചിത്രങ്ങൾ ടോറൻറിൽ മാത്രം കാണുകയും ചെയ്യുന്നവർ ആണ് ഭൂരിപക്ഷം എന്നതിനാൽ അത്രയൊക്കെയേ പ്രതീക്ഷിക്കാനാവൂ.

▪ ഒരു സ്ത്രീ സെക്സി ആയി വസ്ത്രം ധരിച്ചാൽ, പുരുഷൻമാരോട് അടുത്തിടപഴകിയാൽ, ഒറ്റയ്ക്ക് ജീവിച്ചാൽ, രാത്രിയിൽ തനിയെ സഞ്ചരിച്ചാൽ ഒക്കെ അവരെ ദുഷിച്ച ദൃഷ്ടിയോടെ മാത്രം വീക്ഷിക്കുന്ന ഇന്നത്തെ സമൂഹത്തിന് നേരെ ചില അർത്ഥവത്തായ ചോദ്യങ്ങൾ സംവിധായകൻ ഉന്നയിക്കുന്നു. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും  ഏത് പുരുഷനും അവസാനം സ്ത്രീ തന്റെ കാൽച്ചുവട്ടിൽ കിടക്കേണ്ടവളാണ് എന്ന ചിന്താഗതി തന്നെയാണ് വച്ച് പുലർത്തുന്നത് എന്നത് ചിത്രം ചൂണ്ടിക്കാട്ടുന്നു. നിരവധി അന്യ സ്ത്രീകളുമായി ബന്ധം പുലർത്തുന്ന ഭർത്താവ് സ്വന്തം ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയുമ്പോൾ പ്രതികരിക്കുന്നത് എങ്ങനെയെന്ന് നമുക്ക് കാണാം. ജീവിതം എന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല .അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ അത് നമ്മളെ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്ന് ആർക്കും പ്രവചിക്കാനാവില്ല. ആ തിരിച്ചറിവ് ചിത്രത്തിലെ കഥാപാത്രങ്ങളെപ്പോലെ നാമേവർക്കും എന്നെങ്കിലും ഉണ്ടാകട്ടെ എന്നാശിക്കാം.

🔹RATING : 3.5/5 ( A Good , Daring And Thought Provoking Film )

©PRADEEP V K (AMAZING CINEMA)

4.5 Star (Brilliant) · Crime · Drama · Hindi · India

152. HAIDER (INDIA/CRIME DRAMA/2014)

🔹152. HAIDER (2014)  🔽 A Review 🔽

🔹”If I listen to my heart, it’s there.

      If I listen to my mind, though, it’s not.

      Should I take a life, or give mine,

      Should I remain, or should I not..”

🔹COUNTRY : INDIA

     LANGUAGE : HINDI

     GENRE : CRIME DRAMA

     DIRECTION : VISHAL BHARDWAJ

🔹SYNOPSIS 🔹

▪ ഇന്ത്യ ഇന്ന് സ്വതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ പിന്നിടുകയാണ് .എന്നാൽ 1947 ൽ നമുക്കെല്ലാം ലഭിച്ച സ്വാതന്ത്ര്യം അല്ലെങ്കിൽ ഇന്ന് നാമെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കാത്ത നിരവധിയാളുകൾ ഇന്നും ഇന്ത്യയിൽ ജീവിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കാറില്ല . അത്തരത്തിൽ ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനപരമായ അവകാശം അതായത് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ചിലരുടെ ചെറുത്തുനില്പിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത HAIDER എന്ന ഹിന്ദി ചിത്രമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.  1990 കളിൽ ജമ്മു കാശ്മീരിൽ നിരവധി തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഭീകരപ്രവർത്തനങ്ങളും അതിനെ എന്ത് വില കൊടുത്തും അമർച്ച ചെയ്യാനുള്ള ഇന്ത്യൻ പട്ടാളത്തിന്റെ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം .ഷേക്സ്പിയർ നാടകമായ ഹാംലറ്റ് , ബഷാരത് പീർ എഴുതിയ കർഫ്യൂഡ് നൈറ്റ് എന്നിവ ആധാരമാക്കിയാണ് വിശാൽ ഭരദ്വാജും ബഷാരത് പീറും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .Maqbool, Omkara എന്നീ ചിത്രങ്ങൾക്ക് ശേഷം ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണിത്. 

▪ 1995 ൽ ശ്രീനഗറിൽ ഹിലാൽ മീർ എന്ന ഡോക്ടറെ ഒരു തീവ്രവാദി ഗ്രൂപ്പിലെ അംഗത്തിന് രഹസ്യമായി സ്വന്തം വീട്ടിൽ വച്ച് ഓപ്പറേഷൻ ചെയ്ത് കൊടുത്തു എന്ന കുറ്റത്തിന് ഇന്ത്യൻ പട്ടാളം പിടിച്ചു കൊണ്ടു പോകുകയും അദ്ദേഹത്തിന്റെ വീട് കത്തിച്ചു കളയുകയും ചെയ്യുന്നു. പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹത്തെ അന്വേഷിച്ച് കണ്ട് പിടിക്കാൻ മകനായ ഹൈദർ നിരവധി ശ്രമങ്ങൾ നടത്തുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്ന് പോലും കണ്ടെത്താനാവുന്നില്ല .അതിനിടയിൽ അമ്മയും അച്ഛന്റെ സഹോദരനും തമ്മിലുള്ള അടുപ്പവും കൂടി കാണുന്നതോടെ ഹൈദർ മാനസികമായി തളരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ തീവ്രവാദി ബന്ധം ആരോപിച്ച് പട്ടാളം പിടികൂടി പിന്നീട് അപ്രത്യക്ഷരാകുന്ന നിരവധി സാധാരണ പൗരൻമാരിൽ ഒരാളാണ് തന്റെ അച്ഛനും എന്ന് ഹൈദർ മനസ്സിലാക്കുന്നു. തന്റെ കാമുകിയും ജേർണലിസ്റ്റുമായ ആർഷിയയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ  അച്ഛനെ പട്ടാളത്തിന് ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെയായിരുന്നെന്നും അതിന് തന്റെ അമ്മയും കൂടി സഹായിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്ന ഹൈദർ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെടുന്നു. തന്റെ അച്ഛനെ ചതിച്ചവരെ മുഴുവൻ നശിപ്പിച്ചാലേ തനിക്ക് സ്വസ്ഥത ലഭിക്കൂ എന്ന് ഹൈദർ വിശ്വസിക്കുന്നു. പ്രതികാരത്തിന്റെ തീച്ചൂളയിൽ സ്വയം വെന്തെരിയുമ്പോഴും അമ്മയോടുള്ള സ്നേഹത്തിന്റെ കനൽ അണയാതെ സൂക്ഷിക്കുന്ന ഹൈദറിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ ചിത്രം .

🔹 REVIEW🔹

▪  ഷേക്സ്പിയറിന്റെ ഹാംലറ്റും കാശ്മീർ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഇഴ ചേർത്ത് ചിത്രം സംവിധാനം ചെയ്യുന്നതിൽ വിശാൽ ഭരദ്വാജ് പൂർണമായും വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പെർഫോർമൻസും വിഷയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സഹായകരമായി. വിശാൽ ഭരദ്വാജ് തന്നെ ചിട്ടപ്പെടുത്തിയ മ്യൂസിക് സ്കോറും പങ്കജ് കുമാറിന്റെ ക്യാമറ വർക്കും ചിത്രത്തിന്റെ ടോണിന് ചേർന്ന് നിന്നു. സംഭാഷണത്തിനും മ്യൂസിക് ഡയറക്ഷനും അടക്കം അഞ്ച് നാഷണൽ അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിരുന്നു. വിട്ടുവീഴ്ചകളില്ലാതെ കാലിക പ്രസക്തമായ ഒരു വിഷയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിച്ച വിശാൽ ഭരദ്വാജ് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ സംഭാവനകൾ ഇന്ത്യൻ സിനിമാ ലോകത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

▪ ഹൈദർ എന്ന കേന്ദ്രകഥാപാത്രമായി ഷാഹിദ് കപൂർ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വച്ചിരിക്കുന്നു. പ്രണയവും പ്രതികാരവും ദു:ഖവും ക്രോധവും സ്നേഹവും എല്ലാം ഒരേ സമയം അനുഭവിച്ച് മാനസികനില തന്നെ തകരാറിലാവുന്ന ഹാംലറ്റിന്റെ അവസ്ഥ പേറുന്ന ഹൈദർ എന്ന കഥാപാത്രം ഷാഹിദ് കപൂറിലെ നടനെ ഏറ്റവും നന്നായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹൈദറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ തബു ആണ് . കുറ്റബോധവും മകനോടുള്ള സ്നേഹവും കൊണ്ട് വീർപ്പുമുട്ടുന്ന ആ കഥാപാത്രം ചിത്രം കഴിഞ്ഞാലും നിങ്ങളെ വിട്ടു പോകാതെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കും .ഹൈദറിന്റെ അമ്മാവന്റെ വേഷം ചെയ്ത കെ കെ മേനോനും പ്രണയിനിയുടെ വേഷത്തിലെത്തിയ ശ്രദ്ധ കപൂറും അതിഥി വേഷത്തിലെത്തിയ ഇർഫാൻ ഖാനും അടക്കം എല്ലാ നടീനടൻമാരും ഒന്നിനൊന്ന് മികച്ച് നിന്നു. സാധാരണ ബോളിവുഡ് ചിത്രങ്ങളിൽ കാണാറുള്ള സ്ഥിരം മസാലകൾ ഒന്നും ചേർക്കാതെ തന്നെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണിത്. ഓരോ ഭാരതീയനും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

🔹SIGNIFICANCE🔹

▪ ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ സൈന്യം നടത്തിയിട്ടുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ നിരവധി എതിർപ്പുകൾക്ക് വഴിവച്ചിട്ടുള്ളതാണ്. സിനിമയിൽ ഒരു സ്ത്രീ  കഥാപാത്രം പറയുന്നത് തന്റെ ഭർത്താവ് മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്തതിനാൽ താൻ യുദ്ധ വിധവ (War Widow) അല്ല മറിച്ച് പകുതി യുദ്ധ വിധവ (Half War Widow) ആണെന്നാണ്. ചിത്രത്തിൽ ഹൈദർ പട്ടാള മേധാവിയോട് ആവശ്യപ്പെടുന്നതും തന്റെ അച്ഛൻ ജീവനോടെയുണ്ടോ അതോ ഇല്ലയോ  എന്നെങ്കിലും പറയുവാൻ മാത്രമാണ്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആർമിയിൽ നിന്നും പലപ്പോഴും കാശ്മീരിലെ സാധാരണ ജനങ്ങൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ചിട്ടുള്ളത്  ഒന്ന് തന്നെയാണ് എന്ന പലരും പറയാൻ മടിക്കുന്ന വസ്തുത ഹൃദയത്തിൽ തറയ്ക്കുന്ന രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. കയ്പ് നിറഞ്ഞ ചില സത്യങ്ങൾ പറയുമ്പോഴും അടുത്തിടെ ഉണ്ടായ കാശ്മീർ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ജീവൻ പണയം വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ എടുത്ത് പറയാനും സംവിധായകൻ മറക്കുന്നില്ല.

▪ കലാപകലുഷിതമായ കാശ്മീരിന്റെ സുരക്ഷയ്ക്ക് ഇന്ത്യൻ സൈന്യം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ലെങ്കിലും വർഷങ്ങളായി മതത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആയിരക്കണക്കിന് കാശ്മീർ നിവാസികളുടേയും ഭർത്താവും മക്കളും എവിടെയാണെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ഭാര്യമാരുടേയും അമ്മമാരുടേയും നിലവിളികൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒരിക്കലും ഇന്ത്യൻ ആർമിക്ക് എതിരല്ല . സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെയും നനഞ്ഞിടം കുഴിക്കുന്ന സ്വാർത്ഥമതികളുടെ ചതിക്കുഴിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടേയും പ്രതികാരത്തിന്റെയും തിരിച്ചറിവിന്റെയും കഥ പറയുമ്പോൾ ചില പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടുന്നുവെന്ന് മാത്രം . രണ്ട് ആനകൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ചവിട്ടിമെതിക്കപ്പെടുന്നത് അവയുടെ കാലിനടിയിലെ പുല്ലുകൾ മാത്രമാണെന്ന യാഥാർത്ഥ്യം ദേശീയതാ വാദങ്ങൾക്കിടയിൽ നാം എന്നാണ് മനസ്സിലാക്കുക . മാസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീരിൽ ഇന്ത്യൻ ആർമി ജീപ്പിന് മുന്നിൽ യുവാവിനെ കെട്ടി വച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച സംഭവവും വേണമെന്നുള്ളവർക്ക് ഇതിനോട്  ചേർത്ത് വായിക്കാം. എന്തൊക്കെത്തന്നെയായാലും ഈ സ്വാതന്ത്ര്യദിനത്തിലും കാതുകളിൽ പ്രകമ്പനം കൊള്ളുന്ന ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ പതിറ്റാണ്ടുകളായി തോക്കുകൾക്കും ബോംബുകൾക്കും ഇടയിൽപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്ന ചില മനുഷ്യാത്മാക്കളുടെ നിലവിളികൾ നമുക്ക് സൗകര്യപൂർവ്വം കേട്ടില്ലെന്ന് നടിക്കാം.

🔹RATING : 4.5/5 ( A BRILLIANT , BRAVE AND UNCOMPROMISING CINEMA WHICH SKILLFULLY BLENDS SHAKESPEAREAN TRAGEDY WITH KASHMIR CONFLICTS  )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Drama · Hindi · India

150. MASAAN (INDIA/DRAMA/2015)

🔹150. MASAAN (2015)  🔽 A Review 🔽

🔹 MASAAN എന്ന ഹിന്ദി വാക്കിന് ശ്മശാനം എന്നാണ് അർത്ഥം. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വേദനകളെയും ദുരന്തങ്ങളെയും തങ്ങളുടെ ഉള്ളിലെ ശ്മശാനത്തിൽ എരിച്ചു കളഞ്ഞ്  ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്ന നമ്മുടെ ചുറ്റും തന്നെയുള്ള ചില മനുഷ്യരുടെ കഥയാണ് ഈ ചിത്രം.

COUNTRY : INDIA

LANGUAGE : HINDI

GENRE : DRAMA

DIRECTION : NEERAJ GHAYWAN

🔹SYNOPSIS 🔹

▪️ വാരണാസിൽ  താമസിക്കുന്ന ദേവി എന്ന പെൺകുട്ടിയെ തന്റെ കാമുകനോടൊപ്പം ഒരു ഹോട്ടൽ മുറിയിൽ നിന്ന് അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ അപമാനം ഭയന്ന് കാമുകൻ ആത്മഹത്യ ചെയ്യുകയും കേസ് പുറത്താകാതിരിക്കാൻ പൊലീസ് ഇൻസ്പെക്ടർ മൂന്ന് ലക്ഷം രൂപ കൈക്കൂലി അവശ്യപ്പെടുകയും ചെയ്യുന്നതോടെ ദേവിയും ഗംഗാതീരത്ത്  മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വില്ക്കുന്ന കട നടത്തുന്ന അവളുടെ അച്ഛനും നിസ്സഹായാവസ്ഥയിൽ എത്തുന്നു .വാരണാസിയിൽ തന്നെ പാരമ്പര്യമായി ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന കുടുംബത്തിൽപ്പെട്ട ദീപക് ഉയർന്ന ജാതിയിലുള്ള ശാലുവുമായി പ്രണയത്തിലാകുന്നു . എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു ദുരന്തം ദീപകിനെ മാനസികമായി തളർത്തുന്നു . തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങൾ അവർ എങ്ങനെയാണ് നേരിടുന്നതെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

🔹 REVIEW🔹

▪️  ഗാങ്ങ്സ് ഓഫ് വാസ്സിപ്പൂരിൽ അനുരാഗ് കാശ്യപിന്റെ സംവിധാന സഹായി ആയിരുന്ന  നീരജ് ഗെയവാന്റെ ആദ്യ സംവിധാന സംരംഭമാണ് MASAAN. യാതൊരു വിധ വിട്ടുവീഴ്ചകളുമില്ലാതെ കഥയോട് പൂർണമായും നീതി പുലർത്തി അദ്ദേഹം തന്റെ ആദ്യ ചിത്രം മനോഹരമാക്കി .ഗാന രചയിതാവായ വരുൺ ഗ്രോവറിന്റെ ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ചിത്രത്തിന് കരുത്തായി .പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിച്ച ഛദ്ദ , വിക്കി കൗശൽ , ശ്വേത ത്രിപാഠി എന്നിവർ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തന്മയത്വമാർന്ന പ്രകടനം കാഴ്ച വച്ചു. ദേവിയുടെ അച്ഛന്റെ വേഷം ചെയ്ത സഞ്ജയ് മിശ്രയുടെ പെർഫോർമൻസ് എടുത്ത് പറയേണ്ടതാണ് .

▪️ ബനാറസിൽ ഗംഗാ തീരത്ത് നടക്കുന്ന കഥയുടെ വൈകാരികത തുളുമ്പുന്ന മുഹൂർത്തങ്ങളിൽ മൂകസാക്ഷിയായ ഗംഗാനദി ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട് .കത്തിയെരിയുന്ന ചിതകളും അതോടൊപ്പം കത്തിയെരിയുന്ന പ്രതീക്ഷകളും  അവിനാശ് അരുണിന്റെ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ദേവി എന്ന കഥാപാത്രം ഇന്ത്യൻ സ്ത്രീകൾക്ക് ഒരു പാഠപുസ്തകമാണ് .അവൾ ജീവിതത്തിലെടുത്ത തീരുമാനങ്ങൾ ഓരോന്നും ആലോചിച്ചുറച്ചതായിരുന്നു.അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ തിരിച്ചടികൾ ശക്തമായി നേരിടാൻ അവൾക്ക് കഴിഞ്ഞു. ദേവി എല്ലാം സ്വന്തം കഴിവു കൊണ്ട് നേരിട്ടപ്പോൾ (അച്ഛന്റെ സഹായം മറക്കാനാവില്ലെങ്കിലും) ദീപക് തന്റെ ജീവിതത്തിലെ വേദനകൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നേരിട്ടത് .ഗംഗാ തീരത്ത് നെഞ്ച് പൊട്ടി നിലവിളിക്കുന്ന ദീപകിനെ സുഹൃത്തുക്കൾ സാന്ത്വനിപ്പിക്കുന്നത് മറക്കാനാവില്ല. 

▪️ പണമുണ്ടാക്കാൻ കിട്ടുന്ന ഒരവസരവും കൈവിടാത്ത മാനുഷികത ഒട്ടുമില്ലാത്ത പൊലീസുകാരൻ പലരേയും ഓർമിപ്പിക്കുന്നു. നിയമവും നീതിയും സ്വന്തം ഇഷ്ടത്തിന് വളച്ചൊടിക്കുന്ന ഇത്തരക്കാർ നമ്മുടെ ചുറ്റുപാടും ധാരാളം ഉണ്ടല്ലോ. പക്ഷേ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും പരാജയപ്പെടാൻ തയ്യാറല്ല എന്ന് സ്വയം തീരുമാനിക്കുന്നയാളെ നശിപ്പിക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്കുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം . ആദ്യം പറഞ്ഞതു പോലെ മുന്നോട്ടുള്ള  ജീവിതത്തിന് വിലങ്ങുതടിയാവുന്ന ഓർമകളും വേദനകളും നമ്മുടെ ഉള്ളിലെ ശ്മശാനത്തിൽ എരിച്ചു കളഞ്ഞ് മുന്നേറുന്നവർക്ക് വേണ്ടിയാണ് ഈ ചിത്രം .പതിവ് ഹിന്ദി ചിത്രങ്ങളിൽ ഉണ്ടാകുന്ന മസാല രംഗങ്ങളൊന്നുമില്ലാത്ത MASAAN നിങ്ങൾക്ക് തികച്ചും വ്യത്യസ്തയായ ഒരു അനുഭവം സമ്മാനിക്കും.

🔹RATING : 4/5 ( VERY GOOD )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Crime · India · Tamil · Thriller

148. VIKRAM VEDHA (INDIA/CRIME THRILLER/2017)

🔹148. VIKRAM VEDHA (2017)  🔽 A Review 🔽

🔹 ഹിന്ദു പുരാണ കഥകളിലെ വളരെ പ്രശസ്തമായതാണ് വിക്രമാദിത്യ മഹാരാജാവിന്റെയും വേതാളത്തിന്റെയും കഥ. ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയ വിക്രമാദിത്യനും തന്റെ കഥകളിലൂടെ വിക്രമാദിത്യനെ കുടുക്കാൻ ശ്രമിക്കുന്ന തന്ത്രശാലിയായ വേതാളവും ആധുനിക ലോകത്ത് ഏറ്റുമുട്ടിയാൽ എന്താവും സംഭവിക്കുക?

COUNTRY : INDIA

LANGUAGE : TAMIL

GENRE : CRIME THRILLER

DIRECTION : PUSHKAR – GAYATHRI

🔹SYNOPSIS 🔹

▪️  പുഷ്കർ – ഗായത്രി സംവിധായക ദമ്പതികളുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ. 2010 ൽ വാ എന്ന ചിത്രത്തിന് ശേഷം 7 വർഷങ്ങൾക്ക് ശേഷമാണ് അവർ പുതിയ ചിത്രവുമായെത്തുന്നത്. ശരി – തെറ്റ് , ധർമ്മം – അധർമ്മം എന്നിവ തമ്മിലുള്ള അനാദിയായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു നീതിമാനായ പോലീസ് ഓഫീസറും ക്രൂരനായ ഗാങ്ങ്സ്റ്ററും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ത്രസിപ്പിക്കുന്ന കഥയാണ് പറയുന്നത്.   വിക്രം പോലീസ് സേനയിലെ കഴിവുറ്റ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ്. യാതൊരു ടെൻഷനുമില്ലാതെ കുറ്റവാളികളെ ഉന്മൂലനം ചെയ്യുന്ന വിക്രം ഗാങ്ങ്സ്റ്ററായ വേദയെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുക്കുന്നു .വളരെ ബുദ്ധിശാലിയായ എന്തിനും മടിക്കാത്ത വേദയെ തന്റെ തോക്കിനു മുന്നിൽ കിട്ടിയെങ്കിലും വേദയുടെ വാക്കുകൾ വിക്രത്തിനെ താൻ അടിയുറച്ച് വിശ്വസിക്കുന്ന പലതിനെയും മറ്റൊരു ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കുന്നു. 

🔹 PERFORMANCES & TECHNICAL SIDES🔹

▪️  വിക്രം എന്ന എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയി മാധവനും വേദ എന്ന ഗാങ്ങ്സ്റ്ററായി വിജയ് സേതുപതിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അവർ രണ്ട് പേരും ഒന്നിച്ച് വരുന്ന എല്ലാ രംഗങ്ങളും വളരെ എൻഗേജിംഗ് ആയിരുന്നു. വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള വേദ എന്ന ഗാങ്ങ്സ്റ്റർ കഥാപാത്രം വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാം ഒരു പോലെ കൈകാര്യം ചെയ്യാൻ സമർത്ഥരായ മാധവനും വിജയ് സേതുപതിയും ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചു എന്ന് പറയുന്നതാവും ശരി. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥും വരലക്ഷ്മി ശരത് കുമാറും നായക വില്ലൻമാരുടെ നിഴലായി ഒതുങ്ങാത്ത മികച്ച കഥാപാത്രങ്ങളായെത്തി എന്നത് ശ്രദ്ദേയമാണ് .

▪️ ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യം സാം.സി.എസിന്റെ  ത്രില്ലിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ്. ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് BGM ന് ഉണ്ടെന്ന് നിസ്സംശയം പറയാം .പി .എസ്. വിനോദിന്റെ ക്യാമറയും റിച്ചാർഡ് കെവിന്റെ എഡിറ്റിംഗും ചിത്രത്തെ മികവുറ്റ ഒരനുഭവമാക്കി മാറ്റി. സംവിധായകരായ പുഷ്കറും ഗായത്രിയും മണികണ്ഠനോടൊപ്പം ചേർന്നെഴുതിയ ശക്തമായ തിരക്കഥയുടെ ബലം ചിത്രത്തിന്റെ ഓരോ രംഗത്തും അനുഭവിച്ചറിയാം . മുൻ ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തി എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഈ ചിത്രം അണിയിച്ചൊരുക്കിയ പുഷ്കർ- ഗായത്രി ദമ്പതിമാർക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. 

🔹VERDICT 🔹

▪ കുട്ടിക്കാലം മുതൽ നാമെല്ലാവരും വായിച്ച് പരിചയിച്ച വിക്രമാദിത്യ വേതാള കഥയെ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് മാറ്റി അതിലൂടെ വളരെ ത്രില്ലിംഗ് ആയ ഒരു ക്രൈം സ്റ്റോറി അവതരിപ്പിച്ചിരിക്കുന്ന വിക്രം വേദ വളരെ മികച്ച സിനിമാനുഭവമാണ് സമ്മാനിച്ചത്. അഭിനയ മികവും ശക്തമായ തിരക്കഥയും സംവിധാനവും ചടുലമായ BGM ഉം ഒത്തിണങ്ങിയ ഈ ചിത്രം ഒരു നിമിഷം പോലും തിയേറ്റർ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെയാണ് കണ്ട് തീർത്തത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയായി തുടങ്ങുന്ന ചിത്രം മുന്നോട്ട് പോകുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ആരാണ് ശരി, ആരാണ് തെറ്റ് എന്ന പുരാതനമായ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. വളരെ ത്രില്ലിംഗ് ആയ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. 

🔹RATING : 4/5 ( VERY GOOD – A CLEVERLY CRAFTED INTENSE CRIME THRILLER )

©PRADEEP V K (AMAZING CINEMA)