4.0 Star (Very Good) · English · Thriller · UK

248. STRAW DOGS (UK/THRILLER/1971)

🔺 “മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാൻ ചിലർക്ക് പ്രത്യേക താല്പര്യമാണ്. പ്രത്യേകിച്ചും അവർ ചെറുപ്പക്കാരായ ഒരു സ്ത്രീയും പുരുഷനും ആവുമ്പോൾ. അതിര് വിടുന്ന അവരുടെ പ്രവൃത്തികൾ ഏറ്റവും സൗമ്യനായ മനുഷ്യനെപ്പോലും ചിലപ്പോൾ വേട്ടനായ ആക്കിയെന്നിരിക്കും!”

🔸MOVIE : STRAW DOGS (1971)
🔸COUNTRY : UK/USA (ENGLISH)
🔸GENRE : THRILLER
🔸DIRECTION : SAM PECKINPAH
🔸STARRING : DUSTIN HOFFMAN, SUSAN GEORGE

🔻 മാത്തമാറ്റിഷ്യനായ ഡേവിഡും ഭാര്യ ആമിയും അമേരിക്കയിൽ നിന്ന് ആ ഗ്രാമത്തിലേക്ക് താമസം മാറി വന്നത് ഡേവിഡിന്റെ റിസർച്ച് പൂർത്തിയാക്കാനും സ്വസ്ഥമായ ഒരു കുടുംബ ജീവിതം കൊതിച്ചുമാണ് .എന്നാൽ ആമിയുടെ ജന്മസ്ഥലമായ അവിടെയുള്ളവർ അവരെ മറ്റൊരു കണ്ണിലൂടെയാണ് നോക്കിക്കണ്ടത്. പ്രത്യേകിച്ചും ആമിയുടെ മുൻ കാമുകനായ ചാർളിയും അയാളുടെ സുഹൃത്തുക്കളും. സ്വതവേ ഉൾവലിഞ്ഞ പ്രകൃതക്കാരനായ ഡേവിഡും വളരെ സോഷ്യലായ ആമിയും തമ്മിലുള്ള സ്വഭാവവ്യത്യാസങ്ങളും അതോടൊപ്പം അവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ചാർളിയുടേയും സുഹൃത്തുക്കളുടേയും കടന്ന് കയറ്റവും തീർത്തും അപകടകരമായ അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു.

🔺1971 ൽ റിലീസായ ഈ ചിത്രം അതിലെ കോൺട്രവേഴ്സ്യൽ ആയ രംഗങ്ങൾ കൊണ്ട് ശ്രദ്ദേയമായിരുന്നു. 2011 ൽ ഇതേ പേരിൽ തന്നെ ചിത്രം റിമേക്ക് ചെയ്തിരുന്നുവെങ്കിലും ഒറിജിനലിന്റെ മികവിനെ വെല്ലാൻ ആ ചിത്രത്തിനായില്ല. 2018ൽ റിലീസായ വരത്തൻ എന്ന മലയാള ചിത്രവും ഈ ചിത്രത്തിന്റെ അൺഒഫിഷ്യൽ അഡാപ്റ്റേഷൻ ആണ്. ഡസ്റ്റിൻ ഹോഫ്മാന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം. സാവധാനം നീങ്ങുന്ന ആദ്യ പകുതിക്ക് ശേഷമുള്ള വളരെ വയലന്റ് ആയ ക്ലൈമാക്സ് ചിത്രത്തിന്റെ സ്വഭാവം തന്നെ മാറ്റുന്നുണ്ട്. റിലീസ് ആയി 47 വർഷങ്ങൾക്ക് ശേഷവും ചിത്രം നല്കുന്ന ഫ്രഷ്നെസ്സ് എടുത്ത് പറയേണ്ടതാണ്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തിയും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും എല്ലാം ചിത്രത്തിന് ഒരു കൾട്ട് ക്ലാസിക് പദവി നേടിക്കൊടുത്തിട്ടുണ്ട്. സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഈ ചിത്രത്തിനും മുൻപന്തിയിൽ തന്നെ സ്ഥാനമുണ്ടാവും.

🔺RATING : 3.75/5

Movie Review Post No.248
@ http://www.amazingcinemareviews.wordpress.com
ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

Advertisements
2.5 Star (Average) · Drama · English · Mystery · Spain · UK

239. THE OXFORD MURDERS ( UK/MYSTERY DRAMA/2008)

🔺 “The only perfect crime that exists is not the one that remains unsolved, but the one which is solved with the wrong culprit!”

🔸MOVIE : THE OXFORD MURDERS (2008)
🔸COUNTRY : UK/SPAIN
🔸GENRE : MYSTERY DRAMA
🔸DIRECTION : ALEX DE LA IGLESIA

🔻 ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ മാർട്ടിൻ തന്റെ തീസിസ് സൂപ്പർവൈസറായി ലോജിക്കൽ സീരീസിന്റെ ഉസ്താദായ പ്രൊ.ആർതർ സെൽഡം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടി സെൽഡവുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്ന മാർട്ടിൻ വളരെ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നു. മരണം നടന്ന സാഹചര്യവും അവിടെ ഉണ്ടായിരുന്ന മാത്തമാറ്റിക്കൽ സിംബലും അത് ഒരു ലോജിക്കൽ സീരീസ് കൊലപാതകങ്ങളുടെ തുടക്കമാണെന്ന് ആർതർ സെൽഡം സംശയിക്കുന്നു. അദ്ദേഹത്തിന്റെ സംശയങ്ങളും നിഗമനങ്ങളും ശരിവയ്ക്കുന്നതായിരുന്നു തുടർന്ന് വരുന്ന സംഭവങ്ങൾ.

🔺 മാത്തമാറ്റിക്സുമായി ബന്ധപ്പെട്ട ക്രൈം ഡ്രാമകൾ കണ്ടിരിക്കാൻ വളരെ രസകരമാണ്. ഇവിടെ ലോജിക്കൽ സീരീസുകളും സീരിയൽ കൊലപാതകങ്ങളും തമ്മിൽ ബന്ധിപ്പിക്കുകയാണ് സംവിധായകൻ. ലോകത്തുള്ള ഏത് മിസ്റ്ററിയും തെളിയിക്കാൻ മാത്തമാറ്റിക്സിന് കഴിയും എന്ന് വിശ്വസിക്കുന്ന ആർതർ സെൽഡം എന്ന മാത്തമാറ്റിഷ്യനെ വളരെ ഭംഗിയായി ജോൺ ഹർട്ട് അവതരിപ്പിച്ചിട്ടുണ്ട്. ലോർഡ് ഓഫ് ദി റിങ്ങ്സ് ഫെയിം എലീജ വുഡ് ആണ് മാർട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതേ പേരിൽ തന്നെയുള്ള ഒരു അർജൻറീനിയൻ നോവലാണ് ചിത്രത്തിന് ആധാരമായത്.

🔻മാത്തമാറ്റിക്സും മർഡർ മിസ്റ്ററിയും തമ്മിൽ കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്സ് ഇത്തരം ഒരു ചിത്രത്തിൽ നിന്ന് പേക്ഷകൻ പ്രതീക്ഷിക്കുന്നതേ അല്ലായിരുന്നു. ക്ലീഷേ ഒഴിവാക്കി എന്ന് പറയാമെങ്കിലും ആര്? എന്തിന്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി. അതേ പോലെ മാത്തമാറ്റിക്കൽ തിയറങ്ങളുടെ വിശദീകരണം ഏവർക്കും മനസ്സിലാകാതെ പോകുന്നതും ഒരു ന്യൂനതയാണ്. അത് കൊണ്ട് തന്നെയാവാം നിരൂപകർ ചിത്രത്തെ പൂർണമായും കയ്യൊഴിഞ്ഞത്. എന്നാൽ എന്നിലെ പ്രേക്ഷകന് പൂർണ തൃപ്തി നല്കിയില്ലെങ്കിലും ഒരു ആവറേജ് അനുഭവമായിരുന്നു ഈ ചിത്രം. ഏവരും ചിത്രം കണ്ട് വിലിയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

🔸RATING : 2.5/5 (AVERAGE)

Movie Review Post No.239
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · English · Horror · UK

235. GHOST STORIES (UK/HORROR/2017)

🔺 “Why is it always the last key that unlocks everything?”

🔸MOVIE : GHOST STORIES (2017)
🔸COUNTRY : UK
🔸GENRE : HORROR
🔸DIRECTION : ANDY NYMAN, JEREMY DYSON

🔻 പ്രൊ. ഫിലിപ്പ് ഗുഡ്മാൻ അതീന്ദ്രിയമായ പ്രതിഭാസങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പുകൾ വെളിച്ചത്ത് കൊണ്ട് വരുന്നതിൽ പ്രഗല്ഭനാണ്. അത്തരം കഥകളിൽ വിശ്വസിച്ച് ജീവിതവും കുടുംബവും നശിപ്പിക്കുന്നവരെ രക്ഷിക്കുന്നത് തന്റെ ജീവിതോദ്ദേശ്യമായാണ് അദ്ദേഹം കരുതുന്നത്. അങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായി മുൻ പാരനോർമൽ ഇൻവെസ്റ്റിഗേറ്ററും ഗുഡ്മാന്റെ പ്രചോദനവുമായിരുന്ന ചാൾസ് കാമറൂൺ അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ ഗുഡ്മാന്റെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് കാമറൂൺ പറഞ്ഞത്. പ്രേതാവേശത്താൽ സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് അതീന്ദ്രിയ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടിട്ട് തന്നെ വീണ്ടും വന്ന് കാണുവാനാണ് കാമറൂൺ ഗുഡ്മാനോട് ആവശ്യപ്പെട്ടത്.

🔺 മൂന്ന് പ്രേതകഥകൾ ഭംഗിയായി കോർത്തിണക്കി ഈ ബ്രിട്ടീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ രംഗങ്ങളിൽ കുറച്ച് സ്ലോ ആയി തോന്നുമെങ്കിലും പ്രേക്ഷകനെ ഞെട്ടിക്കുന്ന ഹൊറർ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇത്തരം ചിത്രങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ക്ലൈമാക്സ് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പറയാനാവില്ല. മാർട്ടിൻ ഫ്രീമാന്റെ കഥാപാത്രം പൂർണമായും അൺ പ്രഡിക്റ്റബിൾ ആയിരുന്നു എന്ന് പറയാം. മികച്ച ഹൊറർ രംഗങ്ങളും അപ്രതീക്ഷിത പ്ലോട്ട് ട്വിസ്റ്റുകളും നിറഞ്ഞ ഈ ചിത്രം പുതുമയുള്ള ഒരു അനുഭവം സമ്മാനിച്ചു.

🔻RATING : 3.5/5 ( GOOD )

Movie Review Post No. 235
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · English · Revenge · Thriller · UK

208. BAD DAY FOR THE CUT (UK/THRILLER/2017)

🔸ഈ മധ്യവയസ്സിലും അമ്മയോടൊപ്പം കഴിയുന്നതിന് പലരും ഡൊനാലിനെ കളിയാക്കാറുണ്ട്. എന്നാൽ അമ്മയ്ക്ക് വേണ്ടി തനിക്കേറെ ഇഷ്ടമുള്ള യാത്രകൾ പോലും ഒഴിവാക്കാൻ അയാൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ ആ രാത്രി അയാളുടെ ജീവിതം പാടെ മാറി മറിഞ്ഞു. രോഗിയായ അയാളുടെ അമ്മയെ ആരോ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു! മോഷണശ്രമങ്ങളൊന്നും നടന്നിട്ടില്ലാത്ത വീട്ടിൽ അമ്മയെ കൊല്ലാൻ വേണ്ടി വന്ന ശത്രുക്കൾ ആരായിരിക്കും? നിരവധി ചോദ്യങ്ങളുമായി അയാൾ മറഞ്ഞിരിക്കുന്ന കൊലയാളികളെത്തേടി യാത്ര തിരിക്കുന്നു.

🔸ചിത്രം : BAD DAY FOR THE CUT (2017)
🔸 രാജ്യം : യു കെ
🔸 ജനർ : ത്രില്ലർ

🔸 “Revenge Is A Dish Best Served Cold” എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. അയർലൻഡിലെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന അടങ്ങാത്ത പ്രതികാരത്തിന്റെ രക്തരൂക്ഷിതമായ കഥയാണ് Bad Day For The Cut എന്ന ബ്രിട്ടീഷ് ചിത്രം പറയുന്നത്. ഡൊണാലിനെ അവതരിപ്പിച്ച നിഗേൽ ഒ നീലിനോടൊപ്പം അതിശക്തയായ വില്ലൻ കഥാപാത്രമായി ഐറിഷ് നടി സൂസൻ ലിഞ്ച് നിറഞ്ഞു നില്ക്കുന്നു. ഓരോ മനുഷ്യർക്കും മറ്റാർക്കും അറിയാത്ത ചില ഇരുണ്ട രഹസ്യങ്ങൾ ഉണ്ടാകും. അവ ചിലപ്പോൾ അവരോടൊപ്പം തന്നെ മണ്ണടിയാം അല്ലെങ്കിൽ അവരെ നിലയില്ലാക്കയത്തിലേക്ക് വലിച്ച് താഴ്ത്താം. ക്രിസ് ബോഗ് സംവിധാനം ചെയ്ത ഈ ചിത്രം വയലൻസ് നിറഞ്ഞ റിവഞ്ച് ത്രില്ലേഴ്സ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി റെക്കമെൻഡ് ചെയ്യുന്നു.

🔸റേറ്റിംഗ് : 3.5/5

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.5 Star (Brilliant) · Drama · English · UK

196. THREE BILLBOARDS OUTSIDE EBBING, MISSOURI (UK/DRAMA/2017)

#Oscar2018MovieReviews
Post No. 9

🔰 സ്വന്തം മക്കളുടെ മുന്നിൽ പോലും പരുക്കൻ മുഖഭാവത്തോടെയായിരുന്നു അവർ പെരുമാറിയിരുന്നത്. മക്കൾ തങ്ങളെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനനുവദിക്കാത്ത എന്തിനും ഏതിനും ദേഷ്യപ്പെടുന്ന അമ്മ തങ്ങളെ സ്നേഹിക്കുന്നില്ല എന്ന് തന്നെ വിശ്വസിച്ചു. അന്ന് ആ നശിച്ച ദിവസം രാത്രി മകൾ വണ്ടി അവശ്യപ്പെട്ടിട്ട് നല്കാത്തതിൽ ദേഷ്യപ്പെട്ട് അവൾ ഒറ്റയ്ക്ക് നടന്ന് പോയപ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല അത് അവരുടെ അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന്!

🔰ചിത്രം : ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബിംഗ്, മിസ്സൗറി THREE BILLBOARDS OUTSIDE EBBING, MISSOURI (2017)
രാജ്യം : യു കെ, യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, നടി, സഹനടൻ (2 നോമിനേഷനുകൾ), ഒറിജിനൽ സ്ക്രീൻ പ്ലേ, ഒറിജിനൽ സ്കോർ, ഫിലിം എഡിറ്റിംഗ്.

🔰 ഏഴ് മാസങ്ങൾക്ക് മുമ്പാണ് മിൽഡ്രഡിന്റെ കൗമാരക്കാരിയായ മകൾ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്. ഇതുവരെയും പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനാൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി അവർ അവരുടെ വീടിന് സമീപമുള്ള റോഡിലെ മൂന്ന് പരസ്യപ്പലകകൾ ഒരു വർഷത്തേക്ക് വാടകക്കെടുത്ത് അതിൽ “RAPED WHILE DYING”, “AND STILL NO ARRESTS” , “HOW COME, CHIEF WILLOUGHBY?” എന്ന് എഴുതി വയ്ക്കുന്നു. അത് കണ്ട നാട്ടുകാരിൽ ചിലരും പൊലീസ് അധികാരികളും മിൽഡ്രഡിനെ പല രീതിയിലും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ചീഫ് വില്ലോബിയും ഓഫീസർ ഡിക്സണുമാണ് ആ ബോർഡുകൾ ഏറ്റവും തലവേദനയുണ്ടാക്കിയത്.

🔰 ചിത്രത്തിന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി തോന്നിയത് മിൽഡ്രഡ് എന്ന കഥാപാത്ര ചിത്രീകരണമാണ്. ആ കഥാപാത്രമായി ഫ്രാൻസെസ് മക്ഡോർമൻഡിന്റെ പെർഫോർമൻസും സ്ക്രീൻ പ്രസൻസും അപാരമാണ്. ഇത്തവണ ഓസ്കാറിൽ എല്ലാവർക്കും ഒരേ അഭിപ്രായം ഉള്ളത് മക്ഡോർമൻഡിന് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുമെന്ന കാര്യത്തിലാണ്. മിൽഡ്രഡ് എന്ന കഥാപാത്രം നാം സാധാരണ സിനിമകളിൽ കാണുന്നത് പോലെ സ്നേഹം വഴിഞ്ഞൊഴുകുന്ന നന്മ നിറഞ്ഞ പാവം അമ്മയെ അല്ല. പലപ്പോഴും നാം തന്നെ വെറുത്ത് പോകുന്ന മാനറിസങ്ങളുള്ള ഒരു കഥാപാത്രമാണ്. പക്ഷേ ആ കഥാപാത്രത്തിന്റെ ഉള്ളറിയുമ്പോൾ അവരുടെ വേദനയുടെ കാമ്പറിയുമ്പോൾ അവരുടെ പ്രതിഷേധത്തിന്റെ ശക്തി അറിയുമ്പോൾ അറിയാതെ നമ്മൾ അവരെ ഇഷ്ടപ്പെട്ട് തുടങ്ങും. അങ്ങനെ സിനിമയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച കഥാപാത്രത്തെയും നടിയെയും ഈ ചിത്രത്തിൽ കണ്ടു.

🔰 വില്ലോബിയെ അവതരിപ്പിച്ച വൂഡി ഹാരൽസണും ഡിക്സണെ അവതരിപ്പിച്ച സാം റോക്ക്വെലിനും മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷനുണ്ട്. മനസിൽ വല്ലാത്ത ഒരു ഭാരം ഉണ്ടാക്കുന്ന കഥാപാത്രമാണ് ചീഫ് വില്ലോബി. എന്നാൽ ഡിക്സണായി സാം റോക്ക് വെൽ ഞെട്ടിച്ച് കളഞ്ഞു എന്നതാണ് സത്യം . സഹനടന്റെ ഓസ്കാർ അദ്ദേഹം കൊണ്ട് പോകുമെന്ന് ഉറപ്പിക്കാം. വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മാർട്ടിൻ മക്ഡോണയുടേതാണ്. ചിത്രത്തെ അനുകരിച്ച് ലണ്ടനിലും ഫ്ലോറിഡയിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറിയത് ചിത്രം ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തിന് തെളിവാണ്. എന്തായാലും വലിയ അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ ഇത്തവണ പ്രധാനപ്പെട്ട ഏതാനും ഓസ്കാറുകൾ ത്രീ ബിൽബോർഡ്സ് കൊണ്ട് പോകുമെന്ന് ഉറപ്പിക്കാം.

🔸റേറ്റിംഗ് : 4.5/5

©️ PRADEEP V K

3.5 Star (Good) · Drama · English · UK · War

195. DARKEST HOUR (UK/WAR DRAMA/2017)

#Oscar2018MovieReviews
Post No. 8

🔰 “We shall fight on the beaches, we shall fight on the landing grounds, we shall fight in the fields and in the streets, we shall fight in the hills; we shall never surrender” – WINSTON CHURCHILL ( 1940 ജൂൺ നാലിന് ബ്രിട്ടീഷ് പാർലമെൻറിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് )

🔰ചിത്രം : ഡാർക്കസ്റ്റ് അവർ DARKEST HOUR (2017)
രാജ്യം : ബ്രിട്ടൺ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, നടൻ, ഛായാഗ്രഹണം, കോസ്റ്റും ഡിസൈൻ, മേക്ക് അപ്പ് & ഹെയർ സ്റ്റൈലിംഗ്, പ്രൊഡക്ഷൻ ഡിസൈൻ

🔰 രണ്ടാം ലോക മഹായുദ്ധകാലത്ത് 1940 മെയ് മാസം ജർമനി ഫ്രാൻസും ബൽജിയവും ബ്രിട്ടനുമടങ്ങുന്ന പശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ വ്യക്തമായ അധിനിവേശം നേടുകയും മൂന്ന് ലക്ഷത്തോളം വരുന്ന അവരുടെ സൈനികരെ ഫ്രാൻസിലെ ഡൺകിർക്ക് ദ്വീപിൽ ഒറ്റപ്പെടുത്തുകയും ചെയ്തു. അതേ സമയം ജർമനിക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിൽ പരാജയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർലെയിൻ രാജി വയ്ക്കുകയും വിൻസ്റ്റൺ ചർച്ചിൽ പുതിയ പ്രധാനമന്ത്രിയാവുകയും ചെയ്യുന്നു. എന്നാൽ സംഘർഷഭരിതമായ ആ കാലഘട്ടത്തിൽ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനായി അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടേണ്ടി വരുന്നു. ജർമനിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്താനുള്ള പാർലമെൻറിന്റെ അഭ്യർത്ഥനകൾ ചെവികൊള്ളാതെ യുദ്ധവുമായി മുന്നോട്ട് പോകാൻ തന്നെ ചർച്ചിൽ തീരുമാനിക്കുന്നു.

🔰 ഇത്തവണ ഓസ്കറിൽ ഡൺകിർക്ക് ഇവാക്കുവേഷനെ ആധാരമാക്കി രണ്ട് ചിത്രങ്ങൾ മികച്ച ചിത്രത്തിന്റെ കാറ്റഗറിയിൽ മത്സരിക്കുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഡൺകിർക്കും ജോ റൈറ്റ് സംവിധാനം ചെയ്ത ഡാർക്കസ്റ്റ് അവറും. ഡൺകിർക്ക് ആ സംഭവത്തിലെ ഏറ്റവും സാധാരണക്കാരനായ പട്ടാളക്കാരുടെ അവസ്ഥ പ്രമേയമാക്കുമ്പോൾ ഡാർക്കസ്റ്റ് അവർ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള സംഘർഷത്തിന്റെ കഥ പറയുന്നു. രണ്ട് ചിത്രങ്ങളും ചർച്ചിലിന്റെ പ്രശസ്തമായ ‘We shall fight on the beaches’ പ്രസംഗത്തിലാണ് അവസാനിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

🔰വിൻസ്റ്റൺ ചർച്ചിലായി ഗാരി ഓൾഡ്മാന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. രൂപത്തിലും പെരുമാറ്റത്തിലും നോട്ടത്തിലും ചലനത്തിലുമെല്ലാം ചർച്ചിലായി മാറിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിൽ കാണാം. മികച്ച നടനുള്ള ഓസ്കാറിന് എന്തുകൊണ്ടും അദ്ദേഹം അർഹനാണ്. ഓൾഡ്മാനെ ചർച്ചിലാക്കി മാറ്റിയതിന് മേക്കപ്പ് & ഹെയർ സ്റ്റൈലിങ്ങിനും ഒരു ഓസ്കാർ പ്രതീക്ഷിക്കാം. കൂടുതലും സംഭാഷണത്തിന് പ്രാധാന്യമുള്ള ചിത്രം അവസാനം വരെ കണ്ടിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകം ഗാരി ഓൾഡ്മാന്റെ ഗംഭീര പെർഫോർമൻസ് തന്നെയാണ് എന്നതിൽ തർക്കമില്ല.

🔸റേറ്റിംഗ് : 3.5/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · English · Science Fiction · UK

170. EX MACHINA (UK/SCIENCE FICTION/2015)

🔸170) EX MACHINA (2015)🔸 ഒരു അവലോകനം 🔸

🔸 എന്താണ് മനുഷ്യനും ആർട്ടിഫിഷ്യൽ ഇൻറലിജൻസും തമ്മിലുള്ള വ്യത്യാസം? പൂർണമായും മനുഷ്യരൂപത്തിലുള്ള മനുഷ്യന്റെ എല്ലാ വികാരങ്ങളുമുള്ള ഒരു റോബോട്ടിനെ മനുഷ്യൻ എന്ന് വിളിക്കാനാവുമോ?

🔸COUNTRY : UK
LANGUAGE : ENGLISH
GENRE : SCIENCE FICTION
DIRECTION : ALEX GARLAND
IMDB RATING : 7.7 / 10
‎ROTTEN TOMATOES RATING : 92%

🔸 ഒരു പ്രശസ്ത സേർച്ച് എൻജിൻ കമ്പനിയിലെ പ്രോഗ്രാമറായ കലേബ് സ്മിത്തിന് കമ്പനിയുടെ സി ഇ ഒ നഥാൻ ബേറ്റ്മാന്റെ ബംഗ്ലാവിൽ ഒരാഴ്ച കഴിയാനുള്ള ക്ഷണം ലഭിക്കുന്നു. ക്ഷണം സ്വീകരിച്ച് അവിടെയെത്തുന്ന കലേബിനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു അവിടെ കണ്ടതെല്ലാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള മനുഷ്യരൂപത്തിലുള്ള റോബോട്ടുകളെ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായ നഥാൻ താൻ പുതിയതായ നിർമ്മിച്ച അവ എന്ന റോബോട്ടിനെ ടൂറിങ്ങ് ടെസ്റ്റ് നടത്താനായി കലേബിനെ നിയോഗിക്കുന്നു. മനുഷ്യ സ്ത്രീയുടെ രൂപത്തിലുള്ള അവ സാധാരണ മനുഷ്യന് സമാനമായോ അതിൽ കൂടുതലായോ ബുദ്ധിശക്തിയും കഴിവുകളും ഉള്ളവളാണെന്ന് മനസ്സിലാക്കുന്ന കലേബ് അവയുമായി മാനസികമായി അടുക്കുന്നു .എന്നാൽ നിഗൂഡതകൾ സൂക്ഷിക്കുന്ന നഥാന്റെ പെരുമാറ്റം കലേബിന് നിരവധി സംശയങ്ങൾ ഉണ്ടാക്കുന്നു.

🔸 പതിഞ്ഞ താളത്തിൽ തുടങ്ങി ഞെട്ടിക്കുന്ന ക്ലൈമാക്സോടുകൂടി അവസാനിക്കുന്ന ഈ ചിത്രം ഒരു ഇൻഡിപെൻഡന്റ് സയൻസ് ഫിക്ഷൻ ചിത്രമാണ്. സംവിധായകൻ അലക്സ് ഗാർലൻഡ് തന്നെ ഒരുക്കിയ തിരക്കഥയും വളരെ മികച്ച സ്പെഷ്യൽ ഇഫക്ടുകളും ബാക്ക് ഗ്രൗണ്ട് സ്കോറും അഭിനേതാക്കളുടെ പെർഫോർമൻസും ചിത്രത്തെ മനോഹരമാക്കുന്നു. 88th ഓസ്കാറിൽ മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്കാരം ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ നോമിനേഷനും ചിത്രം നേടിയിരുന്നു. അവ എന്ന ഹ്യൂമനോയ്ഡ് റോബോട്ട് ആയി Alicia Vikander തകർപ്പൻ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ഈ ചിത്രം മനുഷ്യനും റോബോട്ടും തമ്മിലുള്ള സ്ഥിരം സിനിമാക്കഥകളിൽ നിന്നും കഥയിലും ട്രീറ്റ്മെൻറിലും വളരെ വേറിട്ട് നില്ക്കുന്നു. 15 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ചിത്രം മികച്ച ബോക്സോഫീസ് വിജയവും നിരൂപകപ്രശംസയും ഏറ്റ് വാങ്ങിയിരുന്നു. സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച അനുഭവം തന്നെയാവും ഈ ചിത്രം.

🔸RATING : 4/5 ( VERY GOOD )

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K