4.5 Star (Brilliant) · Adventure · Animation · English · Fantasy · USA

200. COCO (USA/ANIMATED FANTASY ADVENTURE/2017)

#Oscar2018MovieReviews
Post No. 14

🔰 “ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല… കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!”

🔰ചിത്രം : കോകോ COCO (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച അനിമേറ്റഡ് ഫീച്ചർ ചിത്രം, ഒറിജിനൽ സോങ്ങ്

🔰 തലമുറകൾക്ക് മുമ്പ് മെക്സിക്കോയിലെ ഒരു സംഗീതജ്ഞൻ തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടി ഭാര്യയേയും മൂന്ന് വയസ്സുള്ള മകളെയും ഉപേക്ഷിച്ച് യാത്രയാവുന്നു. അതോടെ അയാളുടെ ഭാര്യ സംഗീതത്തെ വീടിന് പുറത്താക്കി ഷൂ ബിസിനസ് ആരംഭിക്കുന്നു. വളരെ പ്രശസ്തരായ ഷൂ മേക്കേഴ്സ് ആയ ആ ഫാമിലിയിലെ ഇപ്പോഴത്തെ സന്താനമാണ് പന്ത്രണ്ട്കാരനായ മിഖേൽ. എന്നാൽ ഷൂ നിർമ്മാണത്തേക്കാളുപരി ഒരു സംഗീതജ്ഞനാവണമെന്നായിരുന്നു മിഖേലിന്റെ ആഗ്രഹം. എന്നാൽ മരിച്ച് പോയവർ ജീവിച്ചിരിക്കുന്നവരെ കാണാനെത്തുമെന്ന് വിശ്വസിക്കുന്ന മരിച്ചവരുടെ ദിനത്തിൽ അബദ്ധത്തിൽ മിഖേൽ മരിച്ചവരുടെ ലോകത്തെത്തുന്നു. തന്റെ കുടുംബവുമായി ബന്ധപ്പെട്ട യഥാർത്ഥ രഹസ്യങ്ങൾ മനസ്സിലാക്കുന്ന മിഖേൽ തന്റെ സ്വപ്നമാണോ അതോ തന്റെ കുടുംബമാണോ വലുത് എന്ന ചിരപുരാതനമായ സ്വത്വ പ്രതിസന്ധിയിൽ അകപ്പെടുന്നു.

🔰 പിക്സർ അനിമേഷൻ സ്റ്റുഡിയോസും ഡിസ്നിയും ഒന്നിക്കുമ്പോഴൊക്കെ സംഭവിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ടോയ് സ്റ്റോറി- 3 ,വാൾ-ഇ , അപ്, ഇൻസൈഡ് ഔട്ട് തുടങ്ങിയ ആ ലിസ്റ്റിലേക്ക് വന്ന പുതിയ അംഗമാണ് കോകോ. ഓസ്കാർ അവാർഡ് നേടിയ ടോയ്സ്റ്റോറി- 3 യുടെ സംവിധായകനായ ലീ അൺക്രിഷ് ആണ് കോകോ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതി മനോഹരമായ അനിമേഷനും മനസ്സിനെ സ്പർശിക്കുന്ന കഥയും നല്ല ഗാനങ്ങളും ബിജിഎമ്മും എല്ലാം കൂടി പ്രേക്ഷകന് പൂർണ സംതൃപ്തി നല്കുന്ന ചിത്രമാണ് കോകോ. ഇത്തവണത്തെ മികച്ച അനിമേഷൻ ചിത്രത്തിനും മികച്ച ഒറിജിനൽ സോങ്ങിനുമുള്ള ഓസ്കാറിൽ ഏറ്റവും സാധ്യത കല്പിക്കുന്നതും ഈ ചിത്രത്തിനാണ്.
3D യിൽ തിയേറ്ററിൽ ഈ ചിത്രം കാണാൻ കഴിഞ്ഞവർ ഭാഗ്യവാൻമാർ എന്ന് മാത്രമേ പറയാനുള്ളു. ഗോൾഡൻ ഗ്ലോബ് അടക്കം നിരവധി അവാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞ കോകോ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് തരുന്നു.

🔸റേറ്റിംഗ് : 4.5/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Drama · English · Period · USA

198. MUDBOUND (USA/PERIOD DRAMA/2017)

#Oscar2018MovieReviews
Post No. 11

🔰 “നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നു, സർ. ഞാൻ പിൻവാതിലിലൂടെ തന്നെയാണ് പോകേണ്ടത്. കാരണം ആർമിയിൽ ഞങ്ങളെ പിന്നിലാക്കാതെ എപ്പോഴും മുന്നിൽ നിർത്താൻ ഞങ്ങളുടെ കമാൻഡർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് എന്ത് പറ്റിയെന്ന് അറിയാമോ? ഞങ്ങൾ ശക്തി മുഴുവൻ ഉപയോഗിച്ച് യുദ്ധം ചെയ്ത് ആ ഹിറ്റ്ലറേയും കൂട്ടാളികളേയും തറ പറ്റിച്ചു. അതേ സമയം നിങ്ങൾ സുഖമായി, സുരക്ഷിതരായി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിൽ കഴിഞ്ഞു!”

🔰ചിത്രം : മഡ് ബൗണ്ട് MUDBOUND (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച സഹനടി, ഒറിജിനൽ സോങ്ങ്, അഡാപ്റ്റഡ് സ്ക്രീൻ പ്ലേ, സിനിമാറ്റോഗ്രഫി

🔰 രണ്ടാം ലോക മഹായുദ്ധകാലത്ത് മിസ്സിസ്സിപ്പിയിലെ ഒരു ഫാം ഓണർ ആയ വെള്ളക്കാരുടെ മക്കലൻ ഫാമിലിയുടേയും അവിടെ കൃഷിക്കാരായ കറുത്ത വർഗക്കാരുടെ ജാക്സൺ ഫാമിലിയുടേയും കഥയാണ് മഡ് ബൗണ്ട് എന്ന ചിത്രം പറയുന്നത്. ഹെൻറി മക്കലനും കുടുംബവും റേസിസം തലക്ക് പിടിച്ച അയാളുടെ അച്ഛനും ആയിരുന്നു ഫാം നടത്തിയിരുന്നത്. ഹെൻറിയുടെ സഹോദരനായ ജാമി അമേരിക്കൻ എയർഫോഴ്സ് പൈലറ്റ് അയിരുന്നു. അതേ സമയം ജാക്സൺ കുടുംബത്തിലെ മൂത്ത മകൻ റോൺസൽ അമേരിക്കൻ പട്ടാളത്തിലെ ടാങ്ക് കമാൻഡറും ആയിരുന്നു .യുദ്ധം അവസാനിച്ച് നാട്ടിലെത്തിയ രണ്ട് പേരും തമ്മിൽ സവിശേഷമായ ഒരു സൗഹൃദം ഉടലെടുക്കുന്നു. എന്നാൽ നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ച് കണ്ടിരുന്ന ജാമിയുടെ അച്ഛനും സുഹൃത്തുക്കൾക്കും അതൊട്ടും അംഗീകരിക്കാനാവുന്നില്ല. റോൺസലിനെയും കുടുംബത്തെയും ഏത് രീതിയിലും തകർക്കാൻ അവർ തക്കം പാർത്ത് കാത്തിരുന്നു.

🔰 ഹിലാരി ജോർഡന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ഡീ റീസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1945-50 കാലഘട്ടത്തിലെ മിസ്സിസ്സിപ്പി അതിവിദഗ്ദ്ധമായ ക്യാമറയിൽ പകർത്തിയിരിക്കുന്നത് റേച്ചൽ മോറിസൺ ആണ്. മികച്ച ക്യാമറയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചത് വഴി ആ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിക്കും റേച്ചൽ അർഹയായി. മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന പ്രകൃതിക്ഷോഭങ്ങൾ നടമാടുന്ന എപ്പോഴും ചളിയും രോഗങ്ങളും നിറഞ്ഞ ഭൂപ്രകൃതി സിനിമയിൽ അതീവ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്നു. മഹായുദ്ധത്തിൽ മരണത്തിന് മുമ്പിൽ പോലും പതറാതെ നിന്നവർ അതിലും വലിയ യുദ്ധം നേരിടേണ്ടി വന്നത് സ്വന്തം നാട്ടുകാരുടെ വർത്തവിവേചനത്തിന്റെ മുമ്പിലായത് ക്രൂരമായ ഒരു തമാശയായി തോന്നാം.

🔰റേസിസ്റ്റ് ആയ പാപ്പി മക്കലൻ എന്ന കഥാപാത്രത്തോട് തോന്നിയ വെറുപ്പ് ഈ അടുത്ത കാലത്ത് മറ്റൊരു കഥാപാത്രത്തോടും തോന്നിയിട്ടില്ല. അന്ന് ആ കാലഘട്ടത്തിൻ കറുത്ത വർഗക്കാർ അനുഭവിച്ച പീഡനങ്ങൾ ഇന്നും നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും സംഭവിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വലിയ പ്രതീക്ഷയില്ലാതെ കണ്ട് തുടങ്ങിയ ചിത്രം അദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തിയ അനുഭവമാണ് ഉണ്ടായത്. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ഈ ചിത്രത്തിന് ലഭിക്കാത്തതിൽ പരിഭവം തോന്നുന്നുണ്ട്. കാരണം ആ കാറ്റഗറിയിൽ ഇപ്പോഴുള്ള ചില ചിത്രങ്ങളെക്കാളും വളരെയധികം മികച്ചതാണ് ഈ ചിത്രം എന്നത് തന്നെ.

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · English · Horror · Thriller · USA

194. GET OUT (USA/HORROR THRILLER/2017)

#Oscar2018MovieReviews
Post No. 7

🔰 ചായക്കപ്പിൽ സ്പൂൺ കൊണ്ട് മുട്ടുമ്പോഴുള്ള ആ ശബ്ദം ചെവിയിൽ മുഴങ്ങിയപ്പോൾ എന്തായിരുന്നു എനിക്ക് സംഭവിച്ചത്? നിലയറിയാത്ത ഒരു കയത്തിലേക്ക് ഞാൻ മുങ്ങിത്താഴുകയായിരുന്നു. എന്റെ ശരീരം അവിടെ സെറ്റിയിൽ മിസ്സിയുടെ മുൻപിൽ ഇരിക്കുന്നത് എനിക്ക് കാണാം. പക്ഷേ ഒന്നനങ്ങാനോ ശബ്ദിക്കാനോ ആവാതെ ഭൂമിക്കടിയിലേക്ക് ഞാൻ താഴ്ന്ന് പോകുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഞാൻ എന്നോ മറന്ന ഓർമയുടെ തുരുത്തുകൾ ഇപ്പോൾ എനിക്ക് വ്യക്തമായി കാണാം. എന്താണ് എനിക്ക് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?

🔰ചിത്രം : ഗെറ്റ് ഔട്ട് GET OUT (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, സംവിധായകൻ, നടൻ, ഒറിജിനൽ സ്ക്രീൻ പ്ലേ

🔰 കറുത്ത വർഗക്കാരനായ ക്രിസ് എന്ന ഫോട്ടോഗ്രാഫർ വെളുത്ത വർഗക്കാരിയായ റോസുമായി പ്രണയത്തിലാണ്. റോസിന്റെ നിർബന്ധത്തിന് വഴങ്ങി അവർ ഉൾഗ്രാമത്തിലുള്ള റോസിന്റെ വീട്ടിലേക്ക് പോകുകയാണ്. അവിടെ ന്യൂറോജിസ്റ്റ് ആയ റോസിന്റെ അച്ഛനും ഹിപ്നോട്ടിസ്റ്റ് ആയ അമ്മയും അവരെ സ്നേഹപൂർവം സ്വീകരിക്കുന്നു .എന്നാൽ ക്രിസിന് റോസിന്റെ വീട്ടിലുള്ളവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വാഭാവികതകൾ ഉള്ളതായി അനുഭവപ്പെടുന്നു. അവരുടെ വീട്ടിലെ ജോലിക്കാരെല്ലാവരും കറുത്ത വർഗക്കാരാണ് എന്നതിന് പുറമേ മറ്റ് ബന്ധുക്കളിൽ പലരുടേയും കൂടെ കറുത്ത വർഗക്കാരായ ഇണകളും ഉണ്ടായിരുന്നു. പുറമെ നോർമൽ എന്ന് തോന്നുന്ന ആ വീടും വീട്ടുകാരും എന്തെങ്കിലും രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടോ?

🔰 സാധാരണ ഹൊറർ ത്രില്ലർ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ജോർഡൻ പീലി തന്റെ ആദ്യ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സാമൂഹികമായി റെലവെന്റ് ആയ ചില വിഷയങ്ങൾ വളരെ എൻഗേജിംഗ് ആയ ഒരു ത്രില്ലർ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പഴുതുകളില്ലാത്ത തിരക്കഥയോടൊപ്പം ത്രില്ലിംഗ് ആയ ബി ജി എമ്മും ഡാനിയേൽ കലൂയയുടെ മികച്ച പെർഫോർമൻസും ചിത്രത്തിന് ശക്തി പകരുന്നു. പ്രെഡിക്റ്റബിൾ ആയ ക്ലൈമാക്സ് മാത്രമാണ് ഒരു ന്യൂനതയായി തോന്നിയത്. മികച്ച ചിത്രം, സംവിധായകൻ, നടൻ , ഒറിജിനൽ സ്ക്രീൻ പ്ലേ എന്നിങ്ങനെ നാല് ഓസ്കാർ നോമിനേഷനുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

🔸റേറ്റിംഗ് : 3.75/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · English · Fantasy · Romance · USA

188. THE SHAPE OF WATER (USA/ROMANTIC FANTASY/2017)

#Oscar2018MovieReviews
Post No. 1

🔰പ്രണയത്തിന് കണ്ണും മൂക്കും എന്നല്ല ശബ്ദവുമില്ല എന്ന് തന്നെ പറയേണ്ടി വരും. അല്ലെങ്കിൽ പിന്നെ ഊമയായ എലീസക്ക് ഭീകരരൂപിയായ ആ ജലജീവിയോട് പ്രണയം തോന്നിയതെങ്ങനെയാണ്.

🔰ചിത്രം : ദി ഷെയ്പ്പ് ഓഫ് വാട്ടർ (2017)

🔰രഹസ്യങ്ങൾ നിരവധിയുറങ്ങുന്ന ഗവൺമെന്റ് ലബോറട്ടറിയിലെ ക്ലീനിങ്ങ് ജോലികൾ ചെയ്യുന്ന എലീസയ്ക്ക് സുഹൃത്തുക്കളായി ആകെയുള്ളത് കൂടെ ജോലി ചെയ്യുന്ന സെൽഡയും അയൽക്കാരനായ ഗൈൽസും മാത്രമാണ്. എന്നാൽ ഒരു ദിവസം ലബോറട്ടറിയിൽ പരീക്ഷണത്തിനായി അതീവ രഹസ്യമായി എത്തിച്ചത് നദിയിൽ നിന്ന് പിടികൂടിയ മനുഷ്യ രൂപത്തിലുള്ള ഒരു ജലജീവിയെയായിരുന്നു.

🔰ആദ്യം ഭയത്തോടെ സമീപിച്ചെങ്കിലും ദിവസങ്ങൾ കഴിയുന്തോറും തന്നെപ്പോലെ സംസാരശേഷിയില്ലാത്ത ആ ജീവിയോട് എലീസയ്ക്ക് എന്തോ ഒരടുപ്പം തോന്നിത്തുടങ്ങുന്നു .അത് നാമിത് വരെ കണ്ടിട്ടില്ലാത്ത ഒരത്ഭുത പ്രണയബന്ധത്തിന്റെ തുടക്കമായിരുന്നു. ശരീരങ്ങൾ തമ്മിലുള്ളതിലുപരി മനസ്സുകൾ തമ്മിലുള്ള മനോഹരമായ ആ ബന്ധത്തിന് എല്ലാ കഥയിലെയും പോലെ ഒരു വില്ലനുമുണ്ടായിരുന്നു .ആ ജീവിയെ അവിടെയെത്തിച്ച ക്രൂരനായ കേണൽ റിച്ചാർഡിന്റെ രൂപത്തിൽ!

🔰ഡാർക്ക് ഫാന്റസി ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഗിള്ളേർമോ ഡെൽ ടോറോ ആണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പാൻസ് ലാബിറിന്ത്, ദി ഡെവിൾസ് ബാക്ക് ബോൺ മുതലായ ചിത്രങ്ങൾക്ക് ശേഷം ഡെൽ ടോറോയുടെ ഏറ്റവും മികച്ച ചിത്രമെന്നാണ് ദി ഷെയ്പ്പ് ഓഫ് വാട്ടറിനെ നിരൂപകർ വാഴ്ത്തുന്നത്. മികച്ച ചിത്രം, സംവിധായകൻ, നടി , സഹ നടൻ , സഹ നടി എന്നിവയടക്കം 13 ഓസ്കാർ നോമിനേഷൻസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

🔸 റേറ്റിംഗ് : 4/5

©️ PRADEEP V K

Advertisements
3.5 Star (Good) · English · Psychological · Thriller · USA

187. MOTHER (USA/Psychological Thriller/2017)

🔰അഗ്നിക്കിരയായി ഭൂതകാലശേഷിപ്പുകളുടെ അസ്ഥികൂടം മാത്രമായി അവശേഷിച്ച ആ ബംഗ്ലാവ് പുതുക്കിപ്പണിയുക എന്നതായിരുന്നു അവളുടെ ജീവിതോദ്ദേശ്യം. ഓരോ ദിവസവും മറ്റാരുടേയും സഹായമില്ലാതെ ഓരോരോ ഭാഗങ്ങളായി അവൾ തന്റെ ഭാവനക്കനുസരിച്ച് പുനർനിർമ്മിച്ച് കൊണ്ടിരുന്നു. കാല്പനിക ലോകത്ത് ജീവിക്കുന്ന എഴുത്തുകാരനായ അവളുടെ ഭർത്താവിന് അതിലൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. എങ്കിലും വീട്ടുജോലികൾ കഴിഞ്ഞ് ഒഴിവ് കിട്ടുന്ന സമയം തന്റെ സ്വപ്ന ഭവനത്തിന്റെ പുനർ നിർമ്മിതിയിൽ മാത്രം അവൾ വ്യാപൃതയായി.

🔰വീട് ഏകദേശം പൂർണമായും നവീകരിച്ച് കഴിഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി അയാൾ ആ വീട്ടിൽ അതിഥിയായെത്തിയത്. അവളുടെ അഭിപ്രായം അന്വേഷിക്കാതെ ഭർത്താവ് അയാളെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിന്റെ വിഷമം മാറുന്നതിന് മുമ്പ് അയാളുടെ ഭാര്യയും പിന്നീട് മക്കളും എല്ലാം അവിടെയെത്തി. മായാലോകത്ത് ജീവിക്കുന്ന ഭർത്താവിന്റെ മുൻപിൻ നോക്കാത്ത പ്രവൃത്തികൾ മൂലം പിന്നീട് സംഭവിച്ചതെല്ലാം അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു. താൻ ജീവനും ശ്വാസവും നല്കി പൊന്നുപോലെ സംരക്ഷിച്ച ഭവനത്തിന്റെ അടിത്തട്ടിളകുന്നത് വെറുതെ കണ്ട് നില്ക്കാൻ അവൾക്കായില്ല. കാരണം അവൾ മറ്റാരുമല്ല .ആ ഭവനത്തിന്റെ സ്വന്തം അമ്മ തന്നെയായിരുന്നു .

🔰ഡാരൻ അർണോഫ്സ്കി രചനയും സംവിധാനവും നിർവഹിച്ച മദർ എന്ന ഈ ചിത്രം കണ്ട് കഴിയുമ്പോൾ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാവാം. വെറുതെ കണ്ട് തീർത്ത് മറന്ന് കളയാനുള്ളതല്ല ഈ സിനിമ. ഓരോ കഥാപാത്രത്തിലും വസ്തുക്കളിലും അടക്കം ചിത്രത്തിലെ ഓരോ രംഗങ്ങളിലും മനോഹരമായ സിംബോളിസം നമുക്ക് കാണാനാവും. അവയുടെ ആന്തരികാർത്ഥം നാമേവരേയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ് എന്നത് വാസ്തവവുമാണ്.

🔸 ചിത്രം : മദർ (2017)

🔸 റേറ്റിംഗ് : 3.5/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · English · Science Fiction · USA

185. BLADE RUNNER 2049 (USA/SCIENCE FICTION/2017)

🔸🔸🔸കൊഴിഞ്ഞു പോയ ഓർമകളും സ്വത്വാന്വേഷണത്തിന്റെ കനൽവഴികളും🔸🔸🔸

🔰ചിന്താശക്തിയുള്ള യന്ത്രമനുഷ്യരുടെ ലോകത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയ അത്ഭുതം എന്തായിരിക്കും? പുതിയ ഗവേഷണ ഫലങ്ങളോ ടെക്നോളജിയുടെ കണ്ടെത്തലുകളോ പറക്കും തളികകളോ ഒന്നുമല്ല, ഇന്ന് നമ്മുടെ ലോകത്ത് വളരെ സാധാരണമായ ഒരു കാര്യമാണത് .മറ്റൊന്നുമല്ല , അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞിന്റെ ജനനം! പൂർണ വളർച്ചയെത്തിയ ശരീരവും ഇംപ്ലാൻറ് ചെയ്യപ്പെട്ട ഭൂതകാല ഓർമകളുമായി ഭൂമിയിലേക്ക് കണ്ണുകൾ മിഴിക്കുന്ന ഓരോ റെപ്ലിക്കൻഡിനും അന്യമായത് അമ്മയുടെ ഉദരത്തിലെ ചൂട് നിറഞ്ഞ ജനന കാലമാണ്. നിയമങ്ങൾക്ക് വിരുദ്ധമായി സ്വയം ചിന്തിച്ച് സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന റെപ്ലിക്കൻഡ്സിനെ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ബ്ലേഡ് റണ്ണേഴ്സിന്റെ ഡ്യൂട്ടി. അത്തരം ഒരു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട K എന്ന ബ്ലേഡ് റണ്ണർ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് സ്വന്തം നിലനില്പിനെപ്പോലും ചോദ്യം ചെയ്യുന്ന ഒരു രഹസ്യമായിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ആ രഹസ്യത്തിന്റെ ഉറവിടം അന്വേഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന K യ്ക്ക് മുന്നിൽ പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി എത്തിക്കൊണ്ടിരുന്നു.

🔰റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ബ്ലേഡ് റണ്ണർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ബ്ലേഡ് റണ്ണർ 2049. ആദ്യ ചിത്രം കഴിഞ്ഞ് 30 വർഷത്തിന് ശേഷമുള്ള കഥ പറയുന്ന ഈ ചിത്രം പൂർണമായും ഒരു വിഷ്വൽ ട്രീറ്റ് ആണെന്ന് പറയാം. കഥാപാത്രങ്ങളുടെ സൂക്ഷ്മമായ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ വളരെ കുറവാണ്. പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ക്ഷമയോടുകൂടി താല്പര്യത്തോടെ കണ്ടിരുന്നാൽ മാത്രം ആസ്വദിക്കാവുന്ന ഒന്നാണ്. ഹാൻസ് സിമ്മറും ബെഞ്ചമിൻ വാൾഫിഷും ഒരുക്കിയ പശ്ചാത്തല സംഗീതവും റോജർ ഡീക്കിൻസിന്റെ നയനമധുരമായ സിനിമാറ്റോഗ്രഫിയും നിറഞ്ഞ ഈ ചിത്രം ഒരു കവിത പോലെ മനസ്സിലേക്ക് ആവാഹിക്കേണ്ടതാണ്. അതോടൊപ്പം റയാൻ ഗോസ്ലിങ്ങും ഹാരിസൺ ഫോർസുമടങ്ങുന്ന താരനിരയും കൂടിയായപ്പോൾ അസ്വാദനത്തിന്റെ മറ്റൊരു തലമാണ് കാണാൻ കഴിഞ്ഞത്. ഡെനിസ് വില്ലെന്യൂവ് എന്ന പേര് വീണ്ടും സ്ക്രീനിൽ തെളിയാൻ ക്ഷമയോടെ കാത്തിരിക്കാൻ എന്നിലെ പ്രേക്ഷകനെ പ്രേരിപ്പിക്കാൻ ഈ ഒരു ചിത്രം ധാരാളം.

ചിത്രം. : BLADE RUNNER 2049 (2017)
റേറ്റിംഗ് : 4/5

© PRADEEP V K

Advertisements
4.5 Star (Brilliant) · Anti War · English · USA

181. PATHS OF GLORY (USA/ANTI WAR/1957)

🔸181) PATHS OF GLORY (1957)🔸 English | Anti War Film🔸

🔼1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസും ജർമനിയും തമ്മിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. മണ്ണിൽ തീർത്ത ട്രഞ്ചുകളിൽ ഒളിച്ചിരുന്ന് ജർമൻ സൈന്യമായി പോരാടുന്ന ഫ്രഞ്ച് സൈനികർ കഠിനമായി യുദ്ധം മൂലം പരിക്കുകൾ പറ്റിയും മാനസിക പിരിമുറുക്കം മൂലവും അവശരാണ്. എങ്ങനെയെങ്കിലും യുദ്ധം അവസാനിച്ച് ജീവനോടെ നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹത്തിലാണ് എല്ലാവരും . എന്നാൽ ഉയർന്ന പട്ടാള ജനറൽമാരുടെ മനസ്സ് അങ്ങനെയായിരുന്നില്ല. ആ അവസ്ഥയിൽ ജർമൻ അധിനിവേശത്തിലുള്ള Anthill എന്ന സ്ഥലം പിടിച്ചെടുക്കാൻ പട്ടാള ജനറൽ കേണലിന് കർശന നിർദ്ദേശം നല്കുന്നു. കേണൽ ശക്തമായി എതിർത്തെങ്കിലും അവസാനം ജനറലിന്റെ നിർബന്ധത്തിന് വഴങ്ങി തന്റെ റജിമെൻറുമായി ആത്മഹത്യാപരമായ ആ മിഷന് യാത്ര തിരിക്കുന്നു.

🔽പ്രശസ്ത സംവിധായകൻ സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത ഈ ആൻറി വാർ ബ്ലാക്ക് ആൻറ് വൈറ്റ് ഫിലിം 1957 ലാണ് റിലീസ് ചെയ്തത്. യുദ്ധരംഗത്ത് നിന്ന് അകന്ന് സുരക്ഷിത സ്ഥലത്ത് ജീവിച്ച് കൊണ്ട് സാധാരണ പട്ടാളക്കാരെ അപകട സ്ഥലത്തേക്ക് തള്ളി വിട്ട് സ്വയം അഭിമാനിക്കുന്ന യുദ്ധക്കൊതിയൻമാരായ പട്ടാള ജനറൽമാരുടെയും ബ്യൂറോക്രാറ്റുകളുടേയും മുഖം മൂടി വലിച്ചഴിക്കുന്ന ഒരു ചിത്രമാണിത്. സാധാരണ യുദ്ധ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി യുദ്ധത്തിനെതിരെ ശബ്ദമുയർത്താനാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. പില്ക്കാലത്ത് നിരവധി സംവിധായകർക്ക് പ്രചോദനമായ ഈ ചിത്രത്തിന്റെ റി സ്റ്റോർ ചെയ്ത വേർഷൻ 2004ൽ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ലോകത്താകമാനം ധാരാളം ചർച്ചകൾക്ക് വഴിമരുന്നിട്ട ഈ ചിത്രം സിനിമാപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.

🔸RATING : 4.5/5 ( BRILLIANT )

©PRADEEP V K

Advertisements