4.5 Star (Brilliant) · Crime · Drama · Hindi · India

152. HAIDER (INDIA/CRIME DRAMA/2014)

🔹152. HAIDER (2014)  🔽 A Review 🔽

🔹”If I listen to my heart, it’s there.

      If I listen to my mind, though, it’s not.

      Should I take a life, or give mine,

      Should I remain, or should I not..”

🔹COUNTRY : INDIA

     LANGUAGE : HINDI

     GENRE : CRIME DRAMA

     DIRECTION : VISHAL BHARDWAJ

🔹SYNOPSIS 🔹

▪ ഇന്ത്യ ഇന്ന് സ്വതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ പിന്നിടുകയാണ് .എന്നാൽ 1947 ൽ നമുക്കെല്ലാം ലഭിച്ച സ്വാതന്ത്ര്യം അല്ലെങ്കിൽ ഇന്ന് നാമെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കാത്ത നിരവധിയാളുകൾ ഇന്നും ഇന്ത്യയിൽ ജീവിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കാറില്ല . അത്തരത്തിൽ ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനപരമായ അവകാശം അതായത് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ചിലരുടെ ചെറുത്തുനില്പിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത HAIDER എന്ന ഹിന്ദി ചിത്രമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.  1990 കളിൽ ജമ്മു കാശ്മീരിൽ നിരവധി തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഭീകരപ്രവർത്തനങ്ങളും അതിനെ എന്ത് വില കൊടുത്തും അമർച്ച ചെയ്യാനുള്ള ഇന്ത്യൻ പട്ടാളത്തിന്റെ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം .ഷേക്സ്പിയർ നാടകമായ ഹാംലറ്റ് , ബഷാരത് പീർ എഴുതിയ കർഫ്യൂഡ് നൈറ്റ് എന്നിവ ആധാരമാക്കിയാണ് വിശാൽ ഭരദ്വാജും ബഷാരത് പീറും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .Maqbool, Omkara എന്നീ ചിത്രങ്ങൾക്ക് ശേഷം ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണിത്. 

▪ 1995 ൽ ശ്രീനഗറിൽ ഹിലാൽ മീർ എന്ന ഡോക്ടറെ ഒരു തീവ്രവാദി ഗ്രൂപ്പിലെ അംഗത്തിന് രഹസ്യമായി സ്വന്തം വീട്ടിൽ വച്ച് ഓപ്പറേഷൻ ചെയ്ത് കൊടുത്തു എന്ന കുറ്റത്തിന് ഇന്ത്യൻ പട്ടാളം പിടിച്ചു കൊണ്ടു പോകുകയും അദ്ദേഹത്തിന്റെ വീട് കത്തിച്ചു കളയുകയും ചെയ്യുന്നു. പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹത്തെ അന്വേഷിച്ച് കണ്ട് പിടിക്കാൻ മകനായ ഹൈദർ നിരവധി ശ്രമങ്ങൾ നടത്തുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്ന് പോലും കണ്ടെത്താനാവുന്നില്ല .അതിനിടയിൽ അമ്മയും അച്ഛന്റെ സഹോദരനും തമ്മിലുള്ള അടുപ്പവും കൂടി കാണുന്നതോടെ ഹൈദർ മാനസികമായി തളരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ തീവ്രവാദി ബന്ധം ആരോപിച്ച് പട്ടാളം പിടികൂടി പിന്നീട് അപ്രത്യക്ഷരാകുന്ന നിരവധി സാധാരണ പൗരൻമാരിൽ ഒരാളാണ് തന്റെ അച്ഛനും എന്ന് ഹൈദർ മനസ്സിലാക്കുന്നു. തന്റെ കാമുകിയും ജേർണലിസ്റ്റുമായ ആർഷിയയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ  അച്ഛനെ പട്ടാളത്തിന് ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെയായിരുന്നെന്നും അതിന് തന്റെ അമ്മയും കൂടി സഹായിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്ന ഹൈദർ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെടുന്നു. തന്റെ അച്ഛനെ ചതിച്ചവരെ മുഴുവൻ നശിപ്പിച്ചാലേ തനിക്ക് സ്വസ്ഥത ലഭിക്കൂ എന്ന് ഹൈദർ വിശ്വസിക്കുന്നു. പ്രതികാരത്തിന്റെ തീച്ചൂളയിൽ സ്വയം വെന്തെരിയുമ്പോഴും അമ്മയോടുള്ള സ്നേഹത്തിന്റെ കനൽ അണയാതെ സൂക്ഷിക്കുന്ന ഹൈദറിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ ചിത്രം .

🔹 REVIEW🔹

▪  ഷേക്സ്പിയറിന്റെ ഹാംലറ്റും കാശ്മീർ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഇഴ ചേർത്ത് ചിത്രം സംവിധാനം ചെയ്യുന്നതിൽ വിശാൽ ഭരദ്വാജ് പൂർണമായും വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പെർഫോർമൻസും വിഷയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സഹായകരമായി. വിശാൽ ഭരദ്വാജ് തന്നെ ചിട്ടപ്പെടുത്തിയ മ്യൂസിക് സ്കോറും പങ്കജ് കുമാറിന്റെ ക്യാമറ വർക്കും ചിത്രത്തിന്റെ ടോണിന് ചേർന്ന് നിന്നു. സംഭാഷണത്തിനും മ്യൂസിക് ഡയറക്ഷനും അടക്കം അഞ്ച് നാഷണൽ അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിരുന്നു. വിട്ടുവീഴ്ചകളില്ലാതെ കാലിക പ്രസക്തമായ ഒരു വിഷയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിച്ച വിശാൽ ഭരദ്വാജ് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ സംഭാവനകൾ ഇന്ത്യൻ സിനിമാ ലോകത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

▪ ഹൈദർ എന്ന കേന്ദ്രകഥാപാത്രമായി ഷാഹിദ് കപൂർ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വച്ചിരിക്കുന്നു. പ്രണയവും പ്രതികാരവും ദു:ഖവും ക്രോധവും സ്നേഹവും എല്ലാം ഒരേ സമയം അനുഭവിച്ച് മാനസികനില തന്നെ തകരാറിലാവുന്ന ഹാംലറ്റിന്റെ അവസ്ഥ പേറുന്ന ഹൈദർ എന്ന കഥാപാത്രം ഷാഹിദ് കപൂറിലെ നടനെ ഏറ്റവും നന്നായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹൈദറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ തബു ആണ് . കുറ്റബോധവും മകനോടുള്ള സ്നേഹവും കൊണ്ട് വീർപ്പുമുട്ടുന്ന ആ കഥാപാത്രം ചിത്രം കഴിഞ്ഞാലും നിങ്ങളെ വിട്ടു പോകാതെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കും .ഹൈദറിന്റെ അമ്മാവന്റെ വേഷം ചെയ്ത കെ കെ മേനോനും പ്രണയിനിയുടെ വേഷത്തിലെത്തിയ ശ്രദ്ധ കപൂറും അതിഥി വേഷത്തിലെത്തിയ ഇർഫാൻ ഖാനും അടക്കം എല്ലാ നടീനടൻമാരും ഒന്നിനൊന്ന് മികച്ച് നിന്നു. സാധാരണ ബോളിവുഡ് ചിത്രങ്ങളിൽ കാണാറുള്ള സ്ഥിരം മസാലകൾ ഒന്നും ചേർക്കാതെ തന്നെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണിത്. ഓരോ ഭാരതീയനും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

🔹SIGNIFICANCE🔹

▪ ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ സൈന്യം നടത്തിയിട്ടുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ നിരവധി എതിർപ്പുകൾക്ക് വഴിവച്ചിട്ടുള്ളതാണ്. സിനിമയിൽ ഒരു സ്ത്രീ  കഥാപാത്രം പറയുന്നത് തന്റെ ഭർത്താവ് മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്തതിനാൽ താൻ യുദ്ധ വിധവ (War Widow) അല്ല മറിച്ച് പകുതി യുദ്ധ വിധവ (Half War Widow) ആണെന്നാണ്. ചിത്രത്തിൽ ഹൈദർ പട്ടാള മേധാവിയോട് ആവശ്യപ്പെടുന്നതും തന്റെ അച്ഛൻ ജീവനോടെയുണ്ടോ അതോ ഇല്ലയോ  എന്നെങ്കിലും പറയുവാൻ മാത്രമാണ്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആർമിയിൽ നിന്നും പലപ്പോഴും കാശ്മീരിലെ സാധാരണ ജനങ്ങൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ചിട്ടുള്ളത്  ഒന്ന് തന്നെയാണ് എന്ന പലരും പറയാൻ മടിക്കുന്ന വസ്തുത ഹൃദയത്തിൽ തറയ്ക്കുന്ന രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. കയ്പ് നിറഞ്ഞ ചില സത്യങ്ങൾ പറയുമ്പോഴും അടുത്തിടെ ഉണ്ടായ കാശ്മീർ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ജീവൻ പണയം വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ എടുത്ത് പറയാനും സംവിധായകൻ മറക്കുന്നില്ല.

▪ കലാപകലുഷിതമായ കാശ്മീരിന്റെ സുരക്ഷയ്ക്ക് ഇന്ത്യൻ സൈന്യം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ലെങ്കിലും വർഷങ്ങളായി മതത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആയിരക്കണക്കിന് കാശ്മീർ നിവാസികളുടേയും ഭർത്താവും മക്കളും എവിടെയാണെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ഭാര്യമാരുടേയും അമ്മമാരുടേയും നിലവിളികൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒരിക്കലും ഇന്ത്യൻ ആർമിക്ക് എതിരല്ല . സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെയും നനഞ്ഞിടം കുഴിക്കുന്ന സ്വാർത്ഥമതികളുടെ ചതിക്കുഴിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടേയും പ്രതികാരത്തിന്റെയും തിരിച്ചറിവിന്റെയും കഥ പറയുമ്പോൾ ചില പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടുന്നുവെന്ന് മാത്രം . രണ്ട് ആനകൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ചവിട്ടിമെതിക്കപ്പെടുന്നത് അവയുടെ കാലിനടിയിലെ പുല്ലുകൾ മാത്രമാണെന്ന യാഥാർത്ഥ്യം ദേശീയതാ വാദങ്ങൾക്കിടയിൽ നാം എന്നാണ് മനസ്സിലാക്കുക . മാസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീരിൽ ഇന്ത്യൻ ആർമി ജീപ്പിന് മുന്നിൽ യുവാവിനെ കെട്ടി വച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച സംഭവവും വേണമെന്നുള്ളവർക്ക് ഇതിനോട്  ചേർത്ത് വായിക്കാം. എന്തൊക്കെത്തന്നെയായാലും ഈ സ്വാതന്ത്ര്യദിനത്തിലും കാതുകളിൽ പ്രകമ്പനം കൊള്ളുന്ന ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ പതിറ്റാണ്ടുകളായി തോക്കുകൾക്കും ബോംബുകൾക്കും ഇടയിൽപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്ന ചില മനുഷ്യാത്മാക്കളുടെ നിലവിളികൾ നമുക്ക് സൗകര്യപൂർവ്വം കേട്ടില്ലെന്ന് നടിക്കാം.

🔹RATING : 4.5/5 ( A BRILLIANT , BRAVE AND UNCOMPROMISING CINEMA WHICH SKILLFULLY BLENDS SHAKESPEAREAN TRAGEDY WITH KASHMIR CONFLICTS  )

©PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · Drama · Hindi · India

150. MASAAN (INDIA/DRAMA/2015)

🔹150. MASAAN (2015)  🔽 A Review 🔽

🔹 MASAAN എന്ന ഹിന്ദി വാക്കിന് ശ്മശാനം എന്നാണ് അർത്ഥം. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വേദനകളെയും ദുരന്തങ്ങളെയും തങ്ങളുടെ ഉള്ളിലെ ശ്മശാനത്തിൽ എരിച്ചു കളഞ്ഞ്  ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്ന നമ്മുടെ ചുറ്റും തന്നെയുള്ള ചില മനുഷ്യരുടെ കഥയാണ് ഈ ചിത്രം.

COUNTRY : INDIA

LANGUAGE : HINDI

GENRE : DRAMA

DIRECTION : NEERAJ GHAYWAN

🔹SYNOPSIS 🔹

▪️ വാരണാസിൽ  താമസിക്കുന്ന ദേവി എന്ന പെൺകുട്ടിയെ തന്റെ കാമുകനോടൊപ്പം ഒരു ഹോട്ടൽ മുറിയിൽ നിന്ന് അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ അപമാനം ഭയന്ന് കാമുകൻ ആത്മഹത്യ ചെയ്യുകയും കേസ് പുറത്താകാതിരിക്കാൻ പൊലീസ് ഇൻസ്പെക്ടർ മൂന്ന് ലക്ഷം രൂപ കൈക്കൂലി അവശ്യപ്പെടുകയും ചെയ്യുന്നതോടെ ദേവിയും ഗംഗാതീരത്ത്  മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വില്ക്കുന്ന കട നടത്തുന്ന അവളുടെ അച്ഛനും നിസ്സഹായാവസ്ഥയിൽ എത്തുന്നു .വാരണാസിയിൽ തന്നെ പാരമ്പര്യമായി ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന കുടുംബത്തിൽപ്പെട്ട ദീപക് ഉയർന്ന ജാതിയിലുള്ള ശാലുവുമായി പ്രണയത്തിലാകുന്നു . എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു ദുരന്തം ദീപകിനെ മാനസികമായി തളർത്തുന്നു . തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങൾ അവർ എങ്ങനെയാണ് നേരിടുന്നതെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

🔹 REVIEW🔹

▪️  ഗാങ്ങ്സ് ഓഫ് വാസ്സിപ്പൂരിൽ അനുരാഗ് കാശ്യപിന്റെ സംവിധാന സഹായി ആയിരുന്ന  നീരജ് ഗെയവാന്റെ ആദ്യ സംവിധാന സംരംഭമാണ് MASAAN. യാതൊരു വിധ വിട്ടുവീഴ്ചകളുമില്ലാതെ കഥയോട് പൂർണമായും നീതി പുലർത്തി അദ്ദേഹം തന്റെ ആദ്യ ചിത്രം മനോഹരമാക്കി .ഗാന രചയിതാവായ വരുൺ ഗ്രോവറിന്റെ ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ചിത്രത്തിന് കരുത്തായി .പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിച്ച ഛദ്ദ , വിക്കി കൗശൽ , ശ്വേത ത്രിപാഠി എന്നിവർ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തന്മയത്വമാർന്ന പ്രകടനം കാഴ്ച വച്ചു. ദേവിയുടെ അച്ഛന്റെ വേഷം ചെയ്ത സഞ്ജയ് മിശ്രയുടെ പെർഫോർമൻസ് എടുത്ത് പറയേണ്ടതാണ് .

▪️ ബനാറസിൽ ഗംഗാ തീരത്ത് നടക്കുന്ന കഥയുടെ വൈകാരികത തുളുമ്പുന്ന മുഹൂർത്തങ്ങളിൽ മൂകസാക്ഷിയായ ഗംഗാനദി ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട് .കത്തിയെരിയുന്ന ചിതകളും അതോടൊപ്പം കത്തിയെരിയുന്ന പ്രതീക്ഷകളും  അവിനാശ് അരുണിന്റെ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ദേവി എന്ന കഥാപാത്രം ഇന്ത്യൻ സ്ത്രീകൾക്ക് ഒരു പാഠപുസ്തകമാണ് .അവൾ ജീവിതത്തിലെടുത്ത തീരുമാനങ്ങൾ ഓരോന്നും ആലോചിച്ചുറച്ചതായിരുന്നു.അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ തിരിച്ചടികൾ ശക്തമായി നേരിടാൻ അവൾക്ക് കഴിഞ്ഞു. ദേവി എല്ലാം സ്വന്തം കഴിവു കൊണ്ട് നേരിട്ടപ്പോൾ (അച്ഛന്റെ സഹായം മറക്കാനാവില്ലെങ്കിലും) ദീപക് തന്റെ ജീവിതത്തിലെ വേദനകൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നേരിട്ടത് .ഗംഗാ തീരത്ത് നെഞ്ച് പൊട്ടി നിലവിളിക്കുന്ന ദീപകിനെ സുഹൃത്തുക്കൾ സാന്ത്വനിപ്പിക്കുന്നത് മറക്കാനാവില്ല. 

▪️ പണമുണ്ടാക്കാൻ കിട്ടുന്ന ഒരവസരവും കൈവിടാത്ത മാനുഷികത ഒട്ടുമില്ലാത്ത പൊലീസുകാരൻ പലരേയും ഓർമിപ്പിക്കുന്നു. നിയമവും നീതിയും സ്വന്തം ഇഷ്ടത്തിന് വളച്ചൊടിക്കുന്ന ഇത്തരക്കാർ നമ്മുടെ ചുറ്റുപാടും ധാരാളം ഉണ്ടല്ലോ. പക്ഷേ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും പരാജയപ്പെടാൻ തയ്യാറല്ല എന്ന് സ്വയം തീരുമാനിക്കുന്നയാളെ നശിപ്പിക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്കുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം . ആദ്യം പറഞ്ഞതു പോലെ മുന്നോട്ടുള്ള  ജീവിതത്തിന് വിലങ്ങുതടിയാവുന്ന ഓർമകളും വേദനകളും നമ്മുടെ ഉള്ളിലെ ശ്മശാനത്തിൽ എരിച്ചു കളഞ്ഞ് മുന്നേറുന്നവർക്ക് വേണ്ടിയാണ് ഈ ചിത്രം .പതിവ് ഹിന്ദി ചിത്രങ്ങളിൽ ഉണ്ടാകുന്ന മസാല രംഗങ്ങളൊന്നുമില്ലാത്ത MASAAN നിങ്ങൾക്ക് തികച്ചും വ്യത്യസ്തയായ ഒരു അനുഭവം സമ്മാനിക്കും.

🔹RATING : 4/5 ( VERY GOOD )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Biography · Docu Drama · Hindi · India

134. SACHIN : A BILLION DREAMS (INDIA/BIOGRAPHICAL DOCU DRAMA/2017)

🔹134. SACHIN : A BILLION DREAMS ( INDIA/HINDI/2017/ BIOGRAPHICAL DOCU DRAMA/139 Min/Dir: James Erskine /Stars: Sachin Tendulkar )
🔹 SYNOPSIS 🔹

 

▪ ഇന്ത്യയിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരു മുഖവുരയുമില്ലാതെ മനസ്സിലാക്കുന്ന  പേര് ഒന്നേയുള്ളു .അതാണ് സച്ചിൻ എന്ന സച്ചിൻ രമേഷ് ടെണ്ടുൽക്കർ . 1989 നവംബർ 15ന് തന്റെ പതിനാറാമത്തെ വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2013 നവംബർ 16ന് തന്റെ ഇരുനൂറാമത്തെ ടെസ്റ്റ് മാച്ചോടു കൂടി 24 വർഷത്തെ പ്രൊഫഷണൽ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത് മറ്റാർക്കും ഒരിക്കലും നേടാനാവാത്ത നിരവധി നേട്ടങ്ങളോടെയാണ് .ഇന്ത്യക്കാർ ക്രിക്കറ്റിന്റെ ദൈവം എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു സിനിമാപ്രേമിയും ക്രിക്കറ്റ് പ്രേമിയും ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്ന് തീർച്ചയാണ് . എന്നാൽ ഒരു ഫീച്ചർ ഫിലിം നിർമ്മിച്ചാൽ ഏവർക്കും പരിചിതനായ സച്ചിനെ അവതരിപ്പിക്കാൻ ആർക്ക് കഴിയും എന്നത് ഒരു സംശയമായിരുന്നു . എന്നാൽ James Erskine സംവിധാനം ചെയ്ത Sachin : A Billion Dreams ഒരു ഡോക്യു ഡ്രാമ ആണ് . ഫീച്ചർ ഫിലിം പ്രതീക്ഷിച്ച് പോകുന്നവർക്ക് ആദ്യം ചെറിയ വിഷമമുണ്ടാകുമെങ്കിലും ചിത്രം മുഴുവൻ കണ്ട് കഴിയുമ്പോൾ ഒരു ഡോക്യു ഡ്രാമ ആയി ഈ ചിത്രം നിർമ്മിക്കാനെടുത്ത തീരുമാനം 100 % ശരിയാണെന്ന് ബോദ്ധ്യപ്പെടും .
▪സച്ചിൻ യഥാർത്ഥ സച്ചിൻ ടെണ്ടുൽക്കറായിത്തന്നെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു , അല്ല ജീവിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി . സച്ചിന്റെ തന്നെ മുഖവുരയോടു കൂടി ആരംഭിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ആദ്യ രംഗങ്ങളിൽ മാത്രമാണ് മറ്റ് അഭിനേതാക്കൾ അഭിനയിച്ചിരിക്കുന്നത് .കുടുംബാംഗങ്ങളുമായി പ്രത്യേകിച്ച് അച്ഛനും സഹോദരനുമായി സച്ചിനുണ്ടായിരുന്ന ആത്മബന്ധം യഥാർത്ഥ ആൾക്കാരിൽ നിന്ന് തന്നെ കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞത് മികച്ച ഒരു അനുഭവമായി .പതിനാറാമത്തെ വയസ്സിലെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം മുതലുള്ള അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട മിക്ക  മത്സരങ്ങളുടേയും വീഡിയോ ഫൂട്ടേജ് ചിത്രത്തിൽ കാണിക്കുന്നുണ്ട് . അതേപോലെ 1989 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യയിൽ നടന്ന പ്രധാന സംഭവങ്ങളെല്ലാം ചിത്രത്തിൽ പരാമർശിക്കുന്നുണ്ട് . ഇത് വരെ മറ്റാരും കണ്ടിട്ടില്ലാത്ത ഡ്രസ്സിംഗ് റൂം വീഡിയോസ് ഉൾപ്പെടുത്തിയത് രസകരമായിരുന്നു . സച്ചിന്റെ വിവാഹവും കുടുംബ ജീവിതത്തിലെ മുഹൂർത്തങ്ങളും കാണിക്കുന്ന അപൂർവ വീഡിയോസും ചിത്രത്തിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു .ക്രിക്കറ്റിലേയും പൊതുജീവിതത്തിലെയും പ്രശസ്തർ എല്ലാം ചിത്രത്തിൽ പലയിടങ്ങളിലായി വന്നു പോകുന്നുണ്ട്.
▪ലോകം  കണ്ട മികച്ച ക്രിക്കറ്റർ എന്നതിലുപരി ഒരു നല്ല മനുഷ്യനും കൂടിയായ സച്ചിന്റെ മകൻ , ഭർത്താവ്, അച്ഛൻ , സുഹൃത്ത് എന്നീ നിലകളിലെല്ലാമുള്ള  വ്യക്തിത്വം കാണാൻ ചിത്രം സഹായകരമായി . വിജയങ്ങൾ എല്ലാം രാജ്യത്തിന്റെ വിജയങ്ങളായി ഓരോ ഭാരതീയന്റെയും വിജയമായി കൊണ്ടാടുമ്പോൾ പരാജയങ്ങൾ പൂർണമായും കളിക്കാരുടെ മേൽ കെട്ടിവെയ്ക്കുന്ന നാമെല്ലാം ഉൾപ്പെടുന്ന ക്രിക്കറ്റ് പ്രേമികൾ യഥാർത്ഥത്തിൽ അവരിൽ ഏല്പിക്കുന്ന സമ്മർദ്ദം എത്ര വലുതാണെന്ന് ഈ ചിത്രം കാണുമ്പോൾ ബോദ്ധ്യമാകും .2003 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തിന് ശേഷം തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വീടിന് ചുറ്റും തോക്കേന്തിയ കമാൻഡോസ് ആയിരുന്നുവെന്നും ആഴ്ചകളോളം വീടിന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടേണ്ടി വന്നുവെന്നും സച്ചിൻ പറയുമ്പോൾ അത് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു പുനർവിചിന്തനത്തിന് വഴിയൊരുക്കട്ടെ എന്ന് പ്രത്യാശിക്കാം .
▪ഒരു ഡോക്യു ഡ്രാമ ആയതിനാൽ സാധാരണ സിനിമയുടെ സ്വാതന്ത്ര്യം ഒന്നും ഉപയോഗിക്കാനായില്ലെങ്കിലും ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .ഇന്ത്യൻ ക്രിക്കറ്റിന് തന്നെ മങ്ങലേല്പിച്ച കോഴ വിവാദം കൂടുതൽ വിശദീകരണങ്ങൾക്ക് മുതിരാതെ ആരെയും നേരിട്ട് കുറ്റപ്പെടുത്താതെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട് .സച്ചിൻ എന്ന വ്യക്തിയോടുള്ള ഇന്ത്യൻ ജനതയുടെ കറ കളഞ്ഞ ആരാധാന മാക്സിമം മുതലെടുക്കാൻ നിർമ്മാതാക്കൾ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് .എന്തായാലും ഒരു ക്രിക്കറ്റ് പ്രേമി അല്ലാതിരുന്നിട്ട് കൂടി ചിത്രം എനിക്ക് മികച്ച ഒരു അനുഭവം തന്നെ സമ്മാനിച്ചു . ചെറുപ്പത്തിൽ ടിവിയിൽ ആവേശത്തോടെ കണ്ട ക്രിക്കറ്റ് മത്സരങ്ങളുടെ രംഗങ്ങൾ  വീണ്ടും വലിയ സ്ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകർ പരിസരം മറന്ന് കയ്യടിക്കുണ്ടായിരുന്നു .അല്ലെങ്കിലും സച്ചിൻ…സച്ചിൻ… വിളികൾ തിയേറ്ററിൽ മുഴങ്ങുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ആവേശം കൊണ്ടില്ലെങ്കിലേ അത്ഭുതമുള്ളു .ഭാരതത്തിന്റെ അഭിമാനമായ സച്ചിൻ എന്ന വ്യക്തിത്വത്തിന് നല്കാവുന്ന ഏറ്റവും മികച്ച ട്രിബൂട്ട് , അതാണ് ഈ ചിത്രം. 
🔹VERDICT :  VERY GOOD ( A Straight To The Heart Docu Drama Film – Watch It In Theatres Itself  Which Is Tax-free In Kerala)
©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Hindi · India · Psychological · Thriller

74. PHOBIA (INDIA/PSYCHOLOGICAL THRILLER/2016)

🔹AMAZING CINEMA # 74

🔹FILM : PHOBIA (2016)

🔹LANGUAGE : HINDI

🔹GENRE : PSYCHOLOGICAL THRILLER

🔹DIRECTOR : PAVAN KIRPALANI

🔹 RUNNING TIME : 99Min

🔹 STARRING : RADHIKA APTE

🔹SYNOPSIS 🔹

▪മെഹക്  പ്രശസ്തയായ ഒരു ആർട്ടിസ്റ്റ് ആണ് . തന്റെ ഒരു പെയിൻറിംഗ് എക്സിബിഷനു ശേഷം രാത്രി ഒറ്റയ്ക്ക് തിരികെ പോകുമ്പോൾ ഉണ്ടായ ഒരു ആകസ്മിക സംഭവത്തിനു ശേഷം അവർക്ക് വീടിന് പുറത്തിറങ്ങാൻ ഭയം ഉണ്ടാക്കുന്ന Agoraphobia എന്ന രോഗം ബാധിക്കുന്നു .അപരിചിതരായ വ്യക്തികളോ സ്ഥലങ്ങളോ എല്ലാം അവർക്ക് നിയന്ത്രിക്കാനാവാത്ത ഭയം ഉണ്ടാക്കുന്നു .അതോടൊപ്പം അവർക്ക് മാത്രം കാണാനാവുന്ന ചില ഭീകര ദൃശ്യങ്ങളും അവരെ വേട്ടയാടുന്നു .യാഥാർത്യമേത് തോന്നലേത് എന്നറിയാൻ കഴിയാത്ത ഈ ഒരവസ്ഥയിൽ നിന്ന് രക്ഷപെടാൻ മെഹക് നടത്തുന്ന ശ്രമങ്ങളാണ് ഫോബിയ എന്ന ഈ ചിത്രം പറയുന്നത് .

▪ഒരു സൈക്കോളജിക്കൽ  ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട് .എന്നിരുന്നാലും മെഹക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാധിക ആപ്തേയുടെ പെർഫോർമൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് . അപാരമായ  കൈയടക്കത്തോടെ രാധിക ആപ്തേ ശരിക്കും ഞെട്ടിച്ചു കളഞ്ഞു എന്നതാണ് സത്യം. Agoraphobia എന്ന രോഗത്തിന്റെ ഭീകരത ഓരോ ഫ്രയിമിലും നമ്മെ ബോധ്യപ്പെടുത്താൻ അവർക്ക് സാധിച്ചു . മികച്ച സംവിധാനത്തിലൂടെ ആദ്യവസാനം കാണികളെ പിടിച്ചിരുത്താൻ സംവിധായകൻ പവൻ കൃപലാനിക്ക് സാധിച്ചിട്ടുണ്ട് .ഇന്ത്യൻ സിനിമകളിൽ അപൂർവ്വമായ മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് ഈ ചിത്രം .

🔹AMAZING CINEMA RATING # 4/5
© PRADEEP V K (AMAZING CINEMA)

3.5 Star (Good) · Crime · Hindi · India

64. UDTA PUNJAB (INDIA/CRIME/2016)

🔹AMAZING CINEMA # 64

🔹UDTA PUNJAB (India/Hindi/Crime/2016/249Min/Dir: Abhishek Chaubey/Starring: Shahid Kapoor, Kareena Kapoor, Alia Bhatt)

🔹SYNOPSIS 🔹

▪A very realistic and brilliant film with top notch performances from Shahid Kapoor and Alia Bhatt. The film portrays the drug addiction of youth in Punjab through the life of a drug addicted Pop Singer (Shahid Kapoor) , a Bihari farm worker (Alia Bhatt), a corrupt Police officer (Diljt Dosanjh) and a Doctor in a De addiction centre(Kareena Kapoor). The film will definitely haunt you by the realistic depiction of the drug mafia which includes top politicians and police .

▪Cinematography by Sri. Rajeev Ravi is stunning and the director really succeeds in making a wonderful film with no overdose of sentiments or violence. Performances of all the artists are very good especially Shahid Kapoor and Alia Bhatt . Also Kareena Kapoor did a very good role . The findings of the censor board about this film are really bullshit and I think this film need to be promoted by cutting taxes . Watch this film in theatres ( Don’t worry if you don’t know Hindi  , the film has English subtitles). Don’t expect a typical Bollywood film. This is something different.

🔹AMAZING CINEMA RATING # 3.5/5

© PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Drama · Hindi · India · Revenge

34. BADLAPUR (INDIA/REVENGE/2015)

🔹AMAZING CINEMA # 34
🔹BADLAPUR (India / Hindi / 2015  / Revenge Drama / 128 Min / Dir: Sreeram Raghavan / Starring: Varun Dhavan, Nawazuddin Siddiqui )
🔹SYNOPSIS 🔹
▪അടുത്ത കാലത്ത് കണ്ടതിൽ വച്ച് വളരെ വ്യത്യസ്തമായ ഒരു ബോളിവുഡ് ചിത്രം .പ്രതികാരം എന്ന വിഷയം ഈ ചിത്രത്തിൽ പുതുമയാർന്ന ഒരു അനുഭവം സമ്മാനിക്കുന്നു .വരുൺ ധവാൻ , നവാസുദ്ദീൻ സിദ്ദിഖി തുടങ്ങിയവരുടെ അഭിനയം എടുത്തു പറയേണ്ടതാണ് . ചിത്രം കണ്ടു കഴിയുമ്പോൾ ഇതിൽ ആരാണ് നായകൻ ആരാണ് വില്ലൻ എന്ന സംശയം പ്രേക്ഷകന് ഉണ്ടായാൽ അതിൽ അദ്ഭുതപ്പെടാനില്ല. അത്ര നന്നായി രണ്ട് പേരും തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
▪തന്റെ ഭാര്യയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തിയ ആൾക്കാരോടുള്ള ഒരു സാധാരണ മനുഷ്യന്റെ പ്രതികാരം ആണ് ഈ ചിത്രം . “Revenge is a dish to be served cold” എന്ന തരാന്റിനോ ചിത്രത്തിലെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്ന ചിത്രം ക്ലൈമാക്സിൽ വളരെ വ്യത്യസ്തമായ ഒരു ആശയമാണ്  സംവദിക്കുന്നത് .എത്ര വർഷം ജയിൽ ശിക്ഷ അനുഭവിച്ചാലും ഒരു കൊലയാളിയുടെ മാനസികാവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന കാതലായ ഒരു ചോദ്യവും ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട് .
🔹AMAZING CINEMA RATING : 4/5