3.5 Star (Good) · Drama · Korean · South Korea

129. THE ISLE (SOUTH KOREA/DRAMA/2000)

129. THE ISLE (SOUTH KOREA/KOREAN/2000/ Art House Drama/90 Min/Dir: Kim Ki-duk /Stars: Suh Jung, Kim Yu-seok)

🔹 SYNOPSIS 🔹

 

▪ തന്റെ പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ സൗത്ത് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് ലോക സിനിമാ ഭൂപടത്തിൽ ശ്രദ്ദേയമായ സ്ഥാനം നേടിക്കൊടുത്ത ചിത്രമാണ് The Isle.  ഊമയായ ഹീ ജിൻ ഒരു ഫിഷിങ്ങ് റിസോർട്ടിന്റെ നടത്തിപ്പുകാരിയാണ് .വാടകക്ക് നല്കുന്ന ചെറിയ ഫ്ലോട്ടിങ്ങ് കോട്ടേജുകളിലേക്ക് തന്റെ ബോട്ടിൽ താമസക്കാരെ എത്തിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നതുമാണ് അവളുടെ ജോലി .ഒരു ദിവസം ഹയോൻ ഷിക്ക് എന്ന ക്രിമിനൽ അവിടെ താമസത്തിന് വരികയും അവർ തമ്മിൽ ഒരു പ്രത്യേക ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു . അവർക്കിടയിലേക്ക്  ഹയോൺ ഷിക്കിനെ സ്ഥിരമായി കാണാനെത്തുന്ന ഒരു പ്രോസ്റ്റിറ്റ്യൂട്ട് കൂടി എത്തുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് വഴി മാറുന്നു .

▪പൂർണമായും ഒരു കിം കി ഡുക്ക് ശൈലിയിലുള്ള ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം . സാധാരണ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ കാണാം .മൃഗങ്ങളോടുള്ള ക്രൂരതയും ഫിഷ് ഹൂക്ക് ഉപയോഗിച്ചുള്ള ആത്മഹത്യാശ്രമങ്ങളും കണ്ടിരിക്കാൻ എല്ലാവർക്കുമാകില്ല .വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ നിരവധി പേർ ഛർദിക്കുകയും ബോധം കെടുകയും ചെയ്തിരുന്നു . കിം കി ഡുക്ക് എന്ന സംവിധായകന് മാത്രം സാധ്യമാകുന്ന ഇത്തരം ഒരു ചിത്രം അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ്. എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും ഒരു പോലെ കാണാനാവുന്ന ഒന്നല്ല ഈ ചിത്രം എന്ന് പ്രത്യേകം ഓർക്കുക .

VERDICT : GOOD ( A Haunting And Brutal Film With Unconventional Imagery – Not Everyone’s Cup of Tea )

©PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · Drama · Korean · South Korea

125. THE CRUCIBLE (SOUTH KOREA/DRAMA/2011)

125. THE CRUCIBLE ( SILENCED ) (SOUTH KOREA/KOREAN/2011/ Drama/125 Min/Dir: Hwang Dong-hyuk/Stars: Gong Yoo, Jung Yu-mi, Kim Hyun-soo, Jung In-seo, Baek Seung-hwan)

🔹SYNOPSIS 🔹

▪ ഒരു കലാരൂപം എന്ന നിലയിലും  വിനോദോപാദി എന്ന നിലയിലും സിനിമകൾ ശ്രദ്ധിക്കപ്പെടാറുണ്ടെങ്കിലും സമൂഹത്തിലും നിയമ വ്യവസ്ഥയിലും കാതലായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ സിനിമകൾ ലോക സിനിമാ  ചരിത്രത്തിൽ  തന്നെ അപൂർവ്വമാണ് . സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നേരിട്ട് ഒന്നും പറയാതെ ആരെയും കുറ്റപ്പെടുത്താതെ പൂർണമായും സിനിമാറ്റിക് ആയാണ് സാധാരണ സിനിമകളിൽ പ്രത്യേകിച്ച് ഇന്ത്യൻ സിനിമകളിൽ ചിത്രീകരിക്കുന്നത് .എന്നാൽ അവയിൽ നിന്നെല്ലാം വിഭിന്നമായി യഥാർത്ഥത്തിൽ  സംഭവിച്ച ആരിലും ഞെട്ടലുളവാക്കുന്ന ഒരു വിഷയം അതിന്റെ തീവ്രത ഒട്ടും തന്നെ ചോർന്നു പോകാതെ ആരെയും രക്ഷിക്കാൻ ശ്രമിക്കാതെ വിട്ടുവീഴ്ച ഒട്ടും തന്നെ ഇല്ലാതെ അവതരിപ്പിച്ചിരിക്കുകയാണ് THE CRUCIBLE ( International Title : SILENCED ) എന്ന സൗത്ത് കൊറിയൻ ചിത്രത്തിൽ .

▪സൗത്ത് കൊറിയയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി Gong Ji-young എഴുതിയ The Crucible എന്ന നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .കാങ്ങ് ഇൻ ഹോ (Gong Yoo) യൂജിനിൽ ബധിര മൂക വിദ്യാർത്ഥികൾക്കായുള്ള ഒരു സ്കൂളിൽ പുതിയതായി വന്ന അധ്യാപകനാണ് . എന്നാൽ തന്റെ ക്ലാസിലുള്ള ചില കുട്ടികളിൽ എന്തോ ഭയം ഉള്ളതായും അവർ എല്ലാവരിൽ നിന്നും  അകന്ന് നില്ക്കാൻ ശ്രമിക്കുന്നതായും കാങ്ങിന് അനുഭവപ്പെടുന്നു .അദ്ധ്യാപകരുടെ റൂമിൽ വച്ച് ഒരു കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുന്നതും രാത്രിയിൽ സ്കൂളിൽ നിന്ന് കേൾക്കുന്ന നിലവിളികളും പ്രിൻസിപ്പലിന്റെ അസ്വാഭാവികമായ പെരുമാറ്റവും എല്ലാം ശ്രദ്ധയിൽപ്പെട്ട കാങ്ങ് അവിടെ എന്തൊക്കെയോ അരുതാത്തത് നടക്കുന്നുണ്ടെന്ന് സംശയിക്കുന്നു .ഒരു ദിവസം മർദ്ദനത്തിനിരയായ ഇയോൻ ഡോ (Kim Hyun-soo) എന്ന പെൺകുട്ടിയെ സുഹൃത്തായ മനുഷ്യാവകാശ പ്രവർത്തക സിയോ യൂജിന്റെ (Jung Yu-mi) സഹായത്തോടെ ഹോസ്പിറ്റലിലെത്തിക്കുന്ന അദ്ദേഹം മനസാക്ഷിയെ മരവിപ്പിക്കുന്ന ചില സത്യങ്ങൾ മനസ്സിലാക്കുന്നു . സമാനമായ അനുഭവങ്ങൾ മറ്റ് കുട്ടികളായ യൂറി (Jung In-seo) , മിൻ സൂ (Baek Seung-hwan) എന്നിവർക്കും ഉണ്ടായതായി മനസ്സിലാക്കുന്ന കാങ്ങ് പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതും അതിനോടുള്ള മതനേതാക്കൻമാരുടേയും പോലീസിന്റെയും കോടതിയുടേയും  പ്രതികരണവുമാണ്  ചിത്രം പറയുന്നത് .

▪Train To Busan എന്ന ചിത്രത്തിലൂടെ ഏവർക്കും പരിചിതനായ Gong Yoo , കാങ്ങ് ഇൻ ഹോ എന്ന അദ്ധ്യാപകനായി മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു . മൂന്ന് കുട്ടികളുടെയും പെർഫോർമൻസ് അതിഗംഭീരം എന്നേ പറയാനാവൂ . ആ കുട്ടികളുടെ നിശബ്ദമായ നിലവിളി ഇപ്പോഴും ഹൃദയത്തെ കൊളുത്തി വലിക്കുന്നു . ചിത്രത്തിലെ പല രംഗങ്ങളിലും  അറിയാതെ നിങ്ങൾ സ്ക്രീനിൽ നിന്നു തല ചെരിച്ചു പോകുമെന്ന് ഉറപ്പാണ്. ചിത്രം മുഴുവനും കണ്ട് നിറകണ്ണുകളോടെ എഴുന്നേല്ക്കുന്ന നിങ്ങൾ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ അടുത്തേക്കാവും  ആദ്യം ഓടിയെത്തുക എന്നത് തീർച്ചയാണ് .തന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിമിന് ഇത്രയും മികച്ച ഒരു വിഷയം തിരഞ്ഞെടുക്കുകയും അത് വിട്ടുവീഴ്ച യേതുമില്ലാതെ ചിത്രീകരിക്കുകയും അത് വഴി നിയമ സംവിധാനത്തിന് വരെ മാറ്റം വരുത്താൻ കാരണക്കാരനുമായ  സംവിധായകൻ Hwang Dong-hyuk ന് അഭിനന്ദനങ്ങൾ .സിനിമയെ വെറും വിനോദോപാദി മാത്രമായി കണ്ട് ആരുടേയും എതിർപ്പ് പിടിച്ചുപറ്റാതെ ഏറ്റവും സുരക്ഷിത പാതയിൽ മാത്രം യാത്ര ചെയ്യുന്ന നമ്മുടെ പല മുൻനിര സംവിധായകരും ഇദ്ദേഹത്തെപ്പോലുള്ളവരെ കണ്ട് പഠിക്കണം .

▪കേരളത്തിൽ അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങളുമായി  ചിത്രത്തിന് സാമ്യമുണ്ട് .പ്രതികരണ ശേഷി  പോലും ഇല്ലാത്ത കൊച്ചു കുട്ടികളുടെ നേർക്ക് കാണിക്കുന്ന ക്രൂരതക്ക് എന്ത് ശിക്ഷയാണ് അവർക്ക് ലഭിച്ചതെന്ന് നമുക്കറിയാം . ശക്തമായ നിയമ സംവിധാനങ്ങളുള്ള സൗത്ത് കൊറിയ പോലൊരു രാജ്യത്ത് ഇങ്ങനെ സംഭവിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല .യഥാർത്ഥ സംഭവത്തിൽ നിയമത്തിന്റെ പഴുതുകളും Statute of Limitations ഉം ഉപയോഗപ്പെടുത്തി വളരെ ചെറിയ ശിക്ഷ മാത്രം നേടി കുറ്റവാളികൾ രക്ഷപ്പെട്ടിരുന്നു .എന്നാൽ ഈ ചിത്രം സൗത്ത് കൊറിയയിൽ വൻ ജനപ്രക്ഷോഭത്തിന് വഴിവെക്കുകയും  അത് കേസ് റീ ഓപ്പൺ ചെയ്യാനും അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്ന സംഭവം നടന്ന സ്കൂൾ പൂട്ടാനും കുറ്റവാളികൾക്ക് കൂടുതൽ ശിക്ഷ ലഭിക്കാനും കാരണമായി .അതു പോലെ പ്രായപൂർത്തിയാവാത്തവർക്ക്  എതിരെയുള്ള പീഡനങ്ങളിൽ Statute of Limitations ബാധകമല്ലാതാക്കി നിയമം പരിഷ്കരിക്കുകയും  ചെയ്തു . സിനിമ എന്ന മാദ്ധ്യമത്തിന് സമൂഹത്തിൽ ശക്തമായ ഇടപെടലുകൾ നടത്താനാവുമെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ചിത്രം .

 

🔹VERDICT :  VERY GOOD ( Shockingly Real and Powerful )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Action · Korean · South Korea · Thriller

118. HWAYI : A MONSTER BOY (SOUTH KOREA/ACTION THRILLER/2013)

118. HWAYI : A MONSTER BOY ( SOUTH KOREA/KOREAN/2013/Action Thriller/126 Min/Dir:Jang Joon Hwan/Stars: Yeo Jin Goo, Kim Yoon Seok )

🔹SYNOPSIS 🔹

◽അഞ്ച് ക്രിമിനൽസ് നടത്തുന്ന ഒരു ബാങ്ക് കവർച്ച പ്രതീക്ഷിക്കാത്ത സംഭവങ്ങൾക്ക് കാരണമാവുകയും ഒരു ആൺ കുഞ്ഞിനെ അവർ തട്ടിയെടുക്കുകയും ചെയ്യുന്നു .അങ്ങനെ Hwayi എന്ന ആ കുട്ടി അഞ്ച് അച്ഛൻമാരുടെ മകനായി ക്രിമിനൽസിന്റെ ലോകത്ത് വളർന്ന് വന്നു. ഔപചാരിക വിദ്യാഭ്യാസം നല്കാതെ അഞ്ച് പേരും അവന് അവരവരുടെ ക്രിമിനൽ മേഖലയിൽ പരിശീലനം നല്കി ഏറ്റവും മികച്ച ഒരു കൊലയാളി ആക്കി വളർത്തിയെടുക്കാൻ  ശ്രമിച്ചു .എന്നാൽ 16 കാരനായ Hwayi അവരിൽ നിന്നും വ്യത്യസ്തനായിരുന്നു .ക്രിമിനൽസിനൊപ്പം  വളർന്നെങ്കിലും ആയോധന കലകളിൽ പ്രാവീണ്യം നേടിയെങ്കിലും ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് അവൻ ആഗ്രഹിച്ചത് . അവൻ തങ്ങൾക്കൊപ്പം വരേണ്ട സമയമായി എന്ന് മനസ്സിലാക്കി തങ്ങളുടെ ഒരു ശത്രുവിനെ കൊല്ലാൻ അവർ Hwayi യെ ഏല്പിക്കുന്നു . എന്നാൽ ആ ദിവസം അവൻ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ രഹസ്യമാണ് മനസ്സിലാക്കുന്നത് .അതോടെ തന്റെ ഉള്ളിലെ ഭയമാകുന്ന മോൺസ്റ്ററിനെ കീഴ്പ്പെടുത്തി ദയയേതുമില്ലാത്ത പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങാൻ Hwayi നിർബന്ധിതനാകുന്നു .

◽കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന വയലൻസിന്റെ അതിപ്രസരം നിറഞ്ഞ ഒരു ചിത്രമാണിത് . Yellow Sea മുതലായ കൊറിയൻ ചിത്രങ്ങളുടെ പാത പിന്തുടരുന്ന ചിത്രം . പ്രേക്ഷക പ്രശംസ തേടിയ Save The Green Planet എന്ന ചിത്രത്തിനു ശേഷം Jang Joon Hwan സംവിധാനം ചെയ്ത ചിത്രമാണിത് . തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയും അൾട്രാ വയലന്റ് ആയ ദൃശ്യങ്ങളിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ദയയുടെ കണിക ലവലേശമില്ലാത്ത ക്രൂരനായ ക്രിമിനലായി Kim Yoon Seok ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത് .  Hwayi എന്ന കേന്ദ്രകഥാപാത്രത്തിന്റെ വേഷം Yeo Jin Goo വളരെ ഭംഗിയാക്കി . ആയുധം എടുക്കാൻ ഭയക്കുന്ന നാണം കുണുങ്ങിയായ കൗമാരക്കാരനായും പ്രതികാരദാഹിയായ യുവാവായും Yeo Jin Goo തകർത്തഭിനയിച്ചു . ചിത്രം ഒരു പരിധി കഴിഞ്ഞാൽ ക്ലൈമാക്സ് ഊഹിക്കാൻ കഴിയുമെന്നതും ഓവർ ഡ്രാമാറ്റിക് ആയ കഥാപാത്രങ്ങളും ഒരു പോരായ്മയാണ് .എങ്കിലും മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞ  ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ സൗത്ത്  കൊറിയൻ ചിത്രം. 

🔹RATING : 3.5/5 ( An Ultra Violent Stylized Action Thriller )

©PRADEEP V K

4.0 Star (Very Good) · Drama · Korean · Period · South Korea

81. THE TIGER : AN OLD HUNTER’S TALE (SOUTH KOREA/PERIOD DRAMA/2015)

🔹AMAZING CINEMA # 81
🔹MOVIE TITLE : THE TIGER : AN OLD HUNTER’S TALE (2015)
🔹COUNTRY : SOUTH KOREA
🔹LANGUAGE : KOREAN/JAPANESE 
🔹GENRE : PERIOD DRAMA 
🔹DIRECTOR : PARK HOON JUNG
🔹 STARRING : CHOI MIN-SHIK

🔹 SYNOPSIS 🔹

▪1925 ൽ ജപ്പാൻ അധിനിവേശ കാലഘട്ടത്തിൽ കൊറിയയിൽ ജീവിച്ചിരുന്ന ഒരു കടുവ വേട്ടക്കാരന്റെ കഥയാണ് ഈ സൗത്ത് കൊറിയൻ ചിത്രം പറയുന്നത്. സാധാരണ ഒരു  കടുവ വേട്ടക്കാരന്റെ കഥയിൽ എന്നും വില്ലൻ കടുവ തന്നെയായിരിക്കും .എന്നാൽ ഈ ചിത്രത്തിൽ ആരാണ് വില്ലൻ ആരാണ് നായകൻ എന്ന് കാണുന്ന പ്രേക്ഷകന് തീരുമാനിക്കാം .

▪വേട്ടയ്ക്കിടയിൽ അബദ്ധവശാൽ തന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഭാര്യ മരിച്ചതിനു ശേഷം വേട്ട മതിയാക്കി തന്റെ മകനോടൊപ്പം ഒരു ഉൾഗ്രാമത്തിലാണ് മാൻ ഡുക്ക് താമസിക്കുന്നത് . അന്നത്തെ ജാപ്പനീസ് മിലിട്ടറി ഗവർണർ തന്റെ ശക്തി തെളിയിക്കുന്നതിന് വേണ്ടി കൊറിയയിലെ മുഴുവൻ കടുവകളേയും കൊന്നൊടുക്കാൻ ആജ്ഞാപിക്കുന്നു. അവസാനം ജനങ്ങൾ ഭയഭക്തിയോടു കൂടി മൗണ്ടൻ ലോർഡ് എന്നു വിളിക്കുന്ന ഒരു കണ്ണു മാത്രമുള്ള അസാമാന്യ വലിപ്പവും ബുദ്ധിയുമുള്ള കടുവ മാത്രം ബാക്കിയാവുന്നു. അവനെ പിടികൂടാൻ അവന്റെ ഇണയേയും കുഞ്ഞുങ്ങളേയും പിടികൂടി കൊല്ലുന്നുവെങ്കിലും വേട്ടക്കാർക്ക് മൗണ്ടൻ ലോർഡിനെ മാത്രം പിടികൂടാനാവുന്നില്ല .അതിനെ വേട്ടയാടാൻ പല രീതിയിലും സമ്മതിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മാൻ ഡുക്ക് ഒഴിഞ്ഞു മാറുന്നു .എന്നാൽ അദ്ദേഹത്തിന്റെ കൗമാരപ്രായക്കാരനായ മകൻ വേട്ടക്കാരോടൊപ്പം  പോകുകയും മൗണ്ടൻ ലോർഡുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്യുന്നു .അങ്ങനെ ഇരയും വേട്ടക്കാരനും ഒരു പോലെ തങ്ങളുടെ കുടുംബവും ജീവിതവും നഷ്ടപ്പെട്ട അവസ്ഥയിലെത്തുന്നു .

▪ചോയി മിൻ സിക്ക് എന്ന അതുല്യ നടന്റെ പെർഫോർമൻസ് അതീവ ഹൃദ്യമാണ് . ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒരു വേട്ടക്കാരനായി പൂർണമായും മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു . CGI ആണെങ്കിലും കടുവയുമായുള്ള നിരവധി സംഘട്ടന രംഗങ്ങൾ ചിത്രത്തിൽ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട് .വന്യമൃഗങ്ങൾ ആക്രമണകാരികളാവുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് .സമാനമായ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും കുടുംബവും വികാരങ്ങളുമുണ്ടെന്നും പ്രേക്ഷകന് മനസ്സിലാകുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം .ആക്രമണകാരിയായ വന്യമൃഗത്തെ അതിന്റെ മടയിൽ പോയി കൊന്ന് വീര നായകനായി മാറാൻ ശ്രമിക്കാതെ അതിന്റെ വികാരങ്ങൾ തന്റെ വികാരങ്ങളായി കണ്ട വേട്ടക്കാരൻ വേറിട്ട ഒരു അനുഭവമായി .
🔹AMAZING CINEMA RATING : 4/5
©PRADEEP V K