3.0 Star (Above Average) · Crime · Drama · India · Malayalam

240. RANAM (INDIA/CRIME DRAMA/2018)

🔺 ക്രിമിനൽ ജീവിതം ഉപേക്ഷിച്ച് സമാധാനപൂർണമായ മറ്റൊരു ജീവിതം ആഗ്രഹിക്കുന്ന ഗ്യാങ്ങ്സ്റ്ററും എങ്ങനെയും അയാളെ തന്നോടൊപ്പം നിർത്താൻ ശ്രമിക്കുന്ന ഗ്യാങ്ങ് ലീഡറും തമ്മിലുള്ള പോരാട്ടത്തിന്റെ പലവട്ടം പറഞ്ഞ കഥ ഡിട്രോയിറ്റിന്റെ സമകാലിക അന്തരീക്ഷത്തിലേക്ക് പറിച്ച് നടുമ്പോൾ എന്താണ് സംവിധായകൻ പുതുതായി നമുക്ക് വേണ്ടി കാത്ത് വച്ചിരിക്കുന്നത്?

🔸MOVIE : RANAM (2018)
🔸COUNTRY : INDIA (MALAYALAM)
🔸GENRE : CRIME DRAMA
🔸DIRECTION : NIRMAL SAHADEV
🔸 THEATRE : KALABHAVAN, TRIVANDRUM

🔻 ഡിട്രോയിറ്റിന്റെ ഭൂതകാലത്തിനെക്കുറിച്ചുള്ള വോയ്സ് ഓവറിലൂടെ ആരംഭിക്കുന്ന ചിത്രം അവിടെ ജീവിക്കുന്ന മലയാളി തമിഴ് സമൂഹങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ഒരു കാലത്ത് സമൃദ്ധിയുടെ പ്രശസ്തിയിൽ കഴിഞ്ഞിരുന്ന ഡിട്രോയിറ്റ് ഇന്ന് ക്രിമിനൽസിന്റെ വിളയാട്ടങ്ങളാൽ കുപ്രസിദ്ധമാണ്. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു പ്രദേശവും അന്തരീക്ഷവുമാണ് ചിത്രത്തിന്. അത് ഗുണമായും ചിലപ്പോൾ ദോഷമായും ഭവിച്ചു എന്ന് പറയാം. ആദ്യ പകുതി ഏതാണ്ട് പൂർണമായും കഥാപാത്ര വിശദീകരണത്തിനായി മാത്രം വിനിയോഗിച്ചപ്പോൾ ഇൻറർവെലിന് തൊട്ടുമുമ്പുള്ള രംഗം മുതൽ രണ്ടാം പകുതി സിനിമയുടെ ജനർ ഉൾക്കൊള്ളുന്ന വിധമായിരുന്നു.

🔺പ്രധാന അഭിനേതാക്കൾ ഒഴിച്ചുള്ളവർ മിക്കവരും പുതുമുഖങ്ങളായിരുന്നു. റഹ്മാനും നന്ദുവും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോൾ മറ്റ് സഹനടീനടൻമാരുടെ പ്രകടനം ശരാശരിയിലൊതുങ്ങി. അഭിനയം എന്ന കഴിവ് വളരെ പരിമിതമായ ഇഷാ തൽവാറിനെ ഇത്തരം പ്രധാനപ്പെട്ട വേഷത്തിൽ സെലക്ട് ചെയ്തത് തെറ്റായ തീരുമാനമായി. സെലിൻ ജോസഫ് അവതരിപ്പിച്ച ഇഷ തൽവാറിന്റെ മകളുടെ കഥാപാത്രം ചിത്രത്തിന്റെ ആദ്യ പകുതി അത്യാവശ്യം വെറുപ്പിക്കാൻ സഹായകമായി. സഹനടീനടൻമാരുടെ സെലക്ഷനിൽ കുറേക്കൂടി ശ്രദ്ധിക്കണമായിരുന്നു. നിർമ്മൽ സഹദേവിന്റെ തിരക്കഥ പാളിച്ചകൾ നിറഞ്ഞതായിരുന്നു എങ്കിലും ശ്രദ്ദേയമായി. കഥയിലെ പ്രധാന മുഹൂർത്തങ്ങൾ പലതും വോയിസ് ഓവറിലൂടെ പറഞ്ഞത് ഒഴിവാക്കാമായിരുന്നു.

🔻 കുറ്റങ്ങളും കുറവുകളും ധാരാളം ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും മികച്ചൊരു ശ്രമം തന്നെയാണ് രണം. തിരക്കഥയിൽ കുറച്ച് കൂടി പക്വത വരുത്തി പൂർണമായ ഒരു ക്രൈം ഡ്രാമ ആക്കിയിരുന്നുവെങ്കിൽ കുറേക്കൂടി മികച്ചതായേനേ. ചിത്രത്തിന്റെ രണ്ടാം പകുതി കൊറിയൻ ക്രൈം ചിത്രങ്ങളിൽ നിന്ന് നന്നായി പ്രചോദനം നേടിയിട്ടുണ്ട്. ക്ലൈമാക്സ് രംഗത്തിലെ ഫൈറ്റ് നന്നായി എടുത്തിട്ടുണ്ട്. മ്യൂസികും സിനിമാറ്റോഗ്രഫിയും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്നു. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാനാവില്ലെങ്കിലും പലരും പറയുന്നത് പോലെ ഒരു മോശം ചിത്രമായി തോന്നിയതേയില്ല. ട്രെയിലർ കാണാതെയാണ് ചിത്രം കണ്ടത് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. ഓരോരുത്തരുടേയും സിനിമാ ആസ്വാദന നിലവാരം വ്യത്യസ്തമായിരിക്കും എന്ന കാര്യം അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നവരും അവ കേൾക്കുന്നവരും മനസ്സിലാക്കിയാൽ നന്ന്. ചിത്രം തിയേറ്ററിൽ കണ്ടവരുടെ മുൻധാരണകളില്ലാത്ത അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

Movie Review Post No.240
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
3.5 Star (Good) · Drama · Fantasy · India · Malayalam

236. IBLIS (INDIA/FANTASY DRAMA/2018)

#Movies_Watched_From_Theatres_2018

🔺 “അപ്പൂപ്പാ, ഈ മരിച്ചവരൊക്കെ എവിടെയാ ജീവിക്കുന്നത്?”
“എടാ, അവരൊന്നും എങ്ങും പോയിട്ടില്ല… ഇവിടെ ഇതാ നമ്മുടെ കൂടെയുണ്ട്… ഈ സംസാരമെല്ലാം കേട്ടുകൊണ്ട്!”

🔸MOVIE : IBLIS (2018)
🔸COUNTRY : INDIA ( MALAYALAM )
🔸GENRE : FANTASY DRAMA
🔸DIRECTION : ROHITH V S
🔸THEATRE : YAMUNA THEATRE, ATTINGAL

🔸 PROLOGUE 🔸

🔺ശാപം കിട്ടിയത് പോലെ മനുഷ്യനും മൃഗങ്ങളും അകാലത്തിൽ മരിച്ചു വീഴുന്ന ആ നാട്ടുകാർക്ക് മരണം എന്നും ഒരാഘോഷമായിരുന്നു. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഓരോ മരണവും അവർ തിന്നും കുടിച്ചും ആഘോഷിച്ചു. അന്നാട്ടിലായിരുന്നു വൈശാഖനും അപ്പൂപ്പനും ബീവിയും ഫിദയും ജീവിച്ചിരുന്നത്. അതിനിടയിൽ എപ്പോഴോ മുളപൊട്ടിയ വൈശാഖന്റെയും ഫിദയുടെയും കുഞ്ഞു പ്രണയം അവിടെയാണ് പൂത്ത് തളിർത്തത്.

🔸 MOVIE SYNOPSIS 🔸

🔻 തന്റെ രണ്ടാം ചിത്രത്തിൽ ഫാന്റസിയുടെ ഒരു മായാലോകമാണ് രോഹിത് വി എസ് പ്രേക്ഷകർക്കായി തുറന്നിടുന്നത്. ഏവരും ഭയക്കുന്ന വെറുക്കുന്ന മരണത്തിന്റെ മനോഹരമായ മുഖമാണ് ഈ ചിത്രത്തിൽ നാം കാണുന്നത്. മരിച്ചവരുടെ ലോകത്തിന്റെ കഥ പലപ്പോഴും കഴിഞ്ഞ വർഷം ഓസ്കാർ നേടിയ കോകോ എന്ന അനിമേഷൻ ചിത്രത്തെ ഓർമിപ്പിച്ചു. മരണം മുൻപും നിരവധി മലയാള ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആദ്യഭാഗത്ത് തന്റെ ഭാവനയും പരീക്ഷണത്വരയും പ്രകടമാക്കാനുള്ള സംവിധായകന്റെ ബോധപൂർവ്വമായ ശ്രമങ്ങൾ ചിത്രത്തിൽ കാണാം. എന്നാൽ അവ ചില സമയങ്ങളിൽ ആസ്വാദനത്തിന് കല്ല്കടിയായി എന്നും പറയാതെ വയ്യ.

🔺വൈശാഖനായി ആസിഫ് അലി മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ഫിദയായി മഡോണ സെബാസ്റ്റ്യൻ ഒപ്പത്തിനൊപ്പം നിന്നു. ലാലും സിദ്ദിഖും പതിവുപോലെ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. സിനിമാറ്റോഗ്രഫിയും സംഗീതവും ചിത്രത്തിന്റെ ഫീൽ നിലനിർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചു. ഫാന്റസി ചിത്രമാണ് എന്ന ബോധത്തോടെ കണ്ടിരിക്കേണ്ട ചിത്രമാണിത് എന്ന കാര്യം ചിത്രം കാണാൻ പോകുന്നവരെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പുതുമയുള്ള ഇത്തരം പരീക്ഷണങ്ങൾ മലയാള സിനിമയ്ക്ക് ഒരു പുതുമുഖം സമ്മാനിക്കുമെന്നത് ആശാവഹമാകുമ്പോൾ തന്നെ ഇത്തരം ചിത്രങ്ങൾ ആസ്വദിക്കാനുള്ള പക്വത സാധാരണ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും കൈവന്നിട്ടില്ല എന്ന വിഷമകരമായ വസ്തുതയും ചിന്തനീയമാണ്.

🔸RATING : 3.5/5 (GOOD)

Trivia : ചിത്രം കണ്ട തിയേറ്ററിൽ അടുത്തിരുന്ന ചില ചെറുപ്പക്കാരുടെ പ്രതികരണങ്ങൾ വളരെ അരോചകമായിരുന്നു. സിനിമയെന്നാൽ വെറും സെന്റിമെൻസും ഒൺമാൻഷോയും മാസ് പരിവേഷവും മാത്രമാണെന്ന് വിശ്വസിക്കുന്ന അവരോട് വെറും പുച്ഛം മാത്രം!

Movie Review Post No.236
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Drama · India · Malayalam

233. ORAALPPOKKAM (INDIA/DRAMA/2015)

🔺 മഹേന്ദ്രനും മായയും രണ്ട് വ്യത്യസ്ത ഭാഷയും സംസ്കാരവും പിന്തുടർന്ന് വന്നവരാണ്. സാമൂഹികമായ കെട്ടുപാടുകളൊന്നുമില്ലാതെ ഒന്നിച്ച് ജീവിക്കുന്ന അവർ തമ്മിൽ അപ്രതീക്ഷിതമായാണ് പിരിയാനിട വന്നത്. പെട്ടെന്ന് കിട്ടിയ സ്വതന്ത്ര്യം ആഘോഷിച്ച് തീർത്ത മഹേന്ദ്രനെ പിറ്റേ ദിവസത്തെ പത്രവാർത്ത ആകെ തളർത്തിക്കളഞ്ഞു. സ്വയം വലിയവനെന്ന് വിശ്വസിച്ച് അഹന്തയുടെ വിഹായസ്സിൽ കഴിഞ്ഞിരുന്ന അയാൾ തന്നെ സ്വയം തിരിച്ചറിയാൻ തുടങ്ങിയ നിമിഷമായിരുന്നു അത്. മായയെ അന്വേഷിച്ച് പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിടയിലേക്ക് അയാൾ തുടങ്ങിയ ആ യാത്ര സ്വന്തം മനസ്സിന്റെ ഇനിയും തിരിച്ചറിയാനാവാത്ത ഉള്ളറകളിലേക്ക് കൂടിയായിരുന്നു.

🔸MOVIE : ORAALPPOKKAM (2015)
🔸COUNTRY : INDIA (MALAYALAM)
🔸GENRE : DRAMA
🔸DIRECTION : SANALKUMAR SASIDHARAN

🔻 ഓൺലൈൻ കൂട്ടായ്മയിലൂടെ നിർമ്മിച്ച ആദ്യമലയാള ചിത്രമായ ഒരാൾപ്പൊക്കം മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരമടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ചിത്രം കാണാനായി ഒരു പാട് ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ നെറ്റ്ഫ്ലിക്സ് വഴിയാണ് കാണാൻ കഴിഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭം സനൽകുമാർ ശശിധരൻ അതീവ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകാശ് ബാരെയും മീന കന്തസാമിയും തങ്ങളുടെ കഥാപാത്രങ്ങൾ മനോഹരമാക്കി. തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമിയുടെ നടിയായുള്ള അരങ്ങേറ്റമായിരുന്നു ഈ ചിത്രം. .

🔺വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളുടെ കഥ പറയുന്ന ആദ്യ പകുതിക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പാതയിലേക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളും സംസാരിക്കുന്ന ചിത്രം മലയാള സിനിമയിൽ പൊതുവെ കണ്ടിട്ടില്ലാത്ത പ്രകൃതി ദൃശ്യങ്ങളാണ് കാട്ടിത്തരുന്നത്. കേദാർനാഥിൽ നടന്ന വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞ ആയിരങ്ങൾക്ക് സ്മരണ അർപ്പിച്ച് തുടങ്ങിയ ചിത്രം മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയുടെ വന്യതയും ഒരേ ഫ്രയിമിൽ കാട്ടിത്തരുന്നു. ദി പിൽഗ്രിമേജിൽ പൗലോ കൊയ്‌ലോ നടത്തുന്ന യാത്ര പോല ഒരു സ്പിരിച്വൽ ജേർണി ആണ് മഹേന്ദ്രന്റെ യാത്ര. ആ യാത്രയിൽ അയാൾ കണ്ട് മുട്ടുന്ന ഓരോരുത്തരും ഓരോ ബിംബങ്ങളാണ്. അവർ എപ്പോഴെങ്കിലും ആ വഴിയിലൂടെ കടന്ന് പോയവരാകാം. അല്ലെങ്കിൽ ഇപ്പോൾ പോകുന്നവരോ ഇനി വരാനിരിക്കുന്നവരോ ആകാം. അവ എങ്ങനെ വ്യാഖ്യാനിക്കണമെന്നത് പ്രേക്ഷകർക്കായി സംവിധായകൻ വിട്ട് തരികയാണ്. നിരവധി ചോദ്യങ്ങളുയർത്തി അവസാനിക്കുന്ന ഈ ചിത്രം സിനിമയെ ഗൗരവപൂർവ്വം സമീപിക്കുന്നവർക്കായി മാത്രം സമർപ്പിക്കുന്നു.

🔻RATING : 3.75/5 ( VERY GOOD )

Movie Review Post No. 233
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.0 Star (Above Average) · Drama · India · Malayalam · Psychological

210. PAATHI (INDIA/PSYCHOLOGICAL DRAMA/2017)

🔰 “എല്ലാവരും അവരുടെ വിഷമങ്ങൾ എന്നോട് പറയാൻ വരുന്നു. എന്നാൽ അതിൽ ആരെങ്കിലും ഒരാൾ പോലും എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്ന് ഒരിക്കൽ പോലും ഇതുവരെ അന്വേഷിച്ചിട്ടേയില്ല!”

🔸ചിത്രം : പാതി
🔸സംവിധാനം : ചന്ദ്രൻ നരിക്കോട്
🔸ജനർ : സൈക്കോളജിക്കൽ ഡ്രാമ

🔸SYNOPSIS 🔸

🔰ചില മനുഷ്യർ അങ്ങനെയാണ്. എല്ലാവരുടേയും ദു:ഖങ്ങൾ തന്നിലേക്കാവാഹിക്കുകയും എന്നാൽ തന്റെ ഉള്ളിൽ കത്തിയെരിയുന്ന വേദനകൾ മറ്റാരോടും പങ്കുവയ്ക്കാതെ സ്വയം എരിഞ്ഞു തീരുകയും ചെയ്യുന്ന ചിലർ. കമ്മാരനും അതുപോലൊരു മനുഷ്യനായിരുന്നു. അനാഥത്വത്തിന്റെ മുൾക്കിരീടവും പേറി സ്വന്തം മുഖത്തിന്റെ പാതിയും നഷ്ടപ്പെട്ട അയാൾക്ക് തന്റെ മനസ്സിന്റെ പാതിയും നഷ്ടപ്പെടുകയായിരുന്നു. അല്ലെങ്കിൽ അയാൾ ആ പാതി ആരുമറിയാതെ തന്റെ വിരൂപമായ മുഖത്തിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു.

🔸 VERDICT 🔸

🔰 കമ്മാരൻ എന്ന നാട്ടുവൈദ്യനായി ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനം ഈ ചിത്രത്തിൽ കാണാം. ആളൊരുക്കത്തിലൂടെ ലഭിച്ച സംസ്ഥാന അവാർഡിന് താൻ നേരത്തേ തന്നെ അർഹനായിരുന്നു എന്ന് 2017 നവമ്പറിൽ റിലീസായ ഈ ചിത്രത്തിലൂടെ അദ്ദേഹം തെളിയിച്ചു. കമ്മാരന്റെ വ്യക്തിത്വത്തിലെ രണ്ട് പാതികളാണ് ഒന്നര മണിക്കൂർ ദൈർഘമുള്ള ചിത്രത്തിലൂടെ സംവിധായകൻ ചന്ദ്രൻ നരിക്കോട് പറഞ്ഞ് പോകുന്നത്. അത് പ്രേക്ഷകന് ബോറടിക്കാത്ത വിധത്തിൽ മികച്ച കഥാസന്ദർഭങ്ങളിലൂടെ മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

🔰കഥാപാത്രങ്ങൾ അനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങൾ വ്യക്തമാക്കാൻ തെയ്യത്തിന്റെ വിവിധ ഭാവങ്ങൾ ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ദ്രൻസിനോടൊപ്പം ജോയ് മാത്യു, കലാഭവൻ ഷാജോൺ, സീമ ജി. നായർ തുടങ്ങിയവരുടെ മികച്ച പെർഫോർമൻസുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. വലിയ ബാനറുകളുടേയും നടൻമാരുടേയും ചിത്രങ്ങളുടെ കുത്തൊഴുക്കിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കൊച്ചു ചിത്രങ്ങളാണ് പലപ്പോഴും അത്തരം ചിത്രങ്ങളെക്കാൾ കൂടുതൽ സംതൃപ്തി തരുന്നത് എന്ന കാര്യം സമ്മതിക്കാതെ തരമില്ല.

🔸 റേറ്റിംഗ് : 3/5

🔸For More Movie Reviews Visit @
http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.5 Star (Brilliant) · Drama · India · Malayalam

209. EE. MA. YAU (INDIA/DRAMA/2018)

🔰”While I thought that I was learning how to live, I have been learning how to die! – Leonardo Da Vinci.”

🔰മരണം… ജനനം കഴിഞ്ഞാൽ ഓരോ ജീവിയും മുന്നോട്ട് കുതിക്കുന്ന അവസാന ലക്ഷ്യം. എന്നാൽ മനുഷ്യർക്ക് മരണത്തെക്കുറിച്ചുള്ള ചിന്തകളും വിശ്വാസങ്ങളും പല തരത്തിലാണ്. ഉദാഹരണത്തിന് ചെല്ലാനത്തെ വാവച്ചൻ മേസ്ത്രിക്ക് മരണമെന്നാൽ ആഡംബരമായ ശവമടക്ക് ആണ്. തന്റെ ശവമടക്ക് എല്ലാവിധ ആഘോഷങ്ങളോടെയും മെത്രാന്റെ കാർമ്മികത്വത്തിൽ നടത്തണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് വാവച്ചൻ മേസ്ത്രി തന്റെ മകൻ ഈശിയോട് ആവശ്യപ്പെട്ടത്. അന്ന് വരെ ചെല്ലാനം കാണാത്ത രീതിയിൽ എല്ലാ വിധ ചടങ്ങുകളോടെയും അച്ഛന്റെ ശവമടക്ക് നടത്താമെന്ന് ഈശി വാക്കും നല്കി. എന്നാൽ മരണം അതിന്റെ എല്ലാ രൗദ്രതയോടെയും ആകസ്മികതയോടെയും തന്റെ സംഹാരനടനം ആരംഭിച്ചപ്പോൾ തന്റെ വാക്ക് നിറവേറ്റാൻ ഈശിക്കും തന്റെ അവസാന ആഗ്രഹം സഫലമാക്കാൻ വാവച്ചൻ മേസ്ത്രിക്കും കഴിയുമോ?

🔸ചിത്രം : ഈ.മ.യൗ
🔸സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി

🔸SYNOPSIS 🔸

🔰ആമേനിലൂടെയും അങ്കമാലി ഡയറീസിലൂടെയും നമ്മെ വിസ്മയിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ഇത്തവണ അവയെക്കാളേറെ തീവ്രമായ ചിത്രവുമായാണ് എത്തിയിരിക്കുന്നത്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആദ്യ ഫ്രെയിം മുതൽ ടൈറ്റിൽ കാർഡ് വരെ മനോഹരമായ അതീവ റിയലിസ്റ്റിക് ആയ ഈ ചിത്രത്തിൽ ഒരു കുറവും ചൂണ്ടിക്കാനില്ല. അനാവശ്യമായ ഒരു രംഗമോ കഥാപാത്രമോ ചിത്രത്തിലില്ല. സംഗീതവും ക്യാമറയും ചിത്രത്തിന്റെ മൂഡ് നില നിർത്തി. മരണത്തിന്റെ മണമുള്ള കോരിച്ചൊരിയുന്ന മഴയും കാറ്റും നിറഞ്ഞ ആ കടൽതീരത്ത് രണ്ട് മണിക്കൂർ ചെലവഴിച്ച പ്രതീതിയായിരുന്നു ചിത്രം കണ്ട് കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്.

🔰ഈശി എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ഗംഭീര പ്രകടനമാണ് നടത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ പൂർണമായും അദ്ദേഹത്തിന്റെ കൈകളിലായിരുന്നു എന്ന് പറയാം. ഈശിയുടെ സുഹൃത്തായ അയ്യപ്പനായി വിനായകൻ നിറഞ്ഞ് നിന്നു. പോലീസ് സ്റ്റേഷനിൽ വച്ച് വികാരാധീനനാകുന്ന ഒറ്റ രംഗം മാത്രം മതി വിനായകന്റെ റേഞ്ച് മനസ്സിലാക്കാൻ. മികച്ചസഹനടിക്കുള്ള ഇക്കഴിഞ്ഞ സംസ്ഥാന അവാർഡ് ലഭിച്ച പോളി വൽസൻ വാവച്ചന്റെ ഭാര്യയായ പെണ്ണമ്മയെ അവതരിപ്പിച്ചു. അപാരമായ ഡയലോഗ് മോഡുലേഷനിലൂടെ അവർ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി. കൂടാതെ വാവച്ചനായി കൈനഗിരി തങ്കരാജും മറ്റെല്ലാ നടീനടൻമാരും അവർ പുതുമുഖങ്ങളായാലും അല്ലെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തി.

🔸VERDICT🔸

🔰പൂർണമായും സിനിമയിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്ന ഒരു ചിത്രം. നിറഞ്ഞ കണ്ണുകളും വിങ്ങിയ ഹൃദയവുമായല്ലാതെ ഈ ചിത്രം കണ്ട് തീർക്കാനാവില്ല. മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ രാജകീയമായ സ്ഥാനം ഈ.മ.യൗ വിന് ഉറപ്പായും ഉണ്ടാകും. ഈ ചിത്രം തിയേറ്ററിൽ കണ്ട് തന്നെ അനുഭവിക്കാൻ ഒരിക്കലും അമാന്തിക്കരുത്. കാരണം ഈ അനുഭവം നഷ്ടപ്പെടുത്തിയാൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ്.

🔸For More Movie Reviews Visit @
http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Drama · India · Malayalam · Period

205. KAMMARA SAMBHAVAM (INDIA/PERIOD DRAMA/2018)

🔸പാഠപുസ്തകങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുള്ള ചരിത്രം യഥാർത്ഥത്തിൽ ആരാണ് എഴുതിയത്? ചരിത്രത്തിന്റെ ഭാഗമായതിനാൽ സത്യം എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങൾ യഥാർത്ഥത്തിൽ അങ്ങനെ തന്നെയായിരുന്നോ? മനസ്സിൽ വജ്രലിപികളാൽ കോറിയിടപ്പെട്ട വിഗ്രഹങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയുള്ളവരായിരുന്നോ? ചരിത്രം നായകനായി വാഴ്ത്തിയവർ യഥാർത്ഥത്തിൽ വില്ലൻമാരും വില്ലൻമാരായി വാഴ്ത്തിയവർ യഥാർത്ഥത്തിൽ നായകൻമാരുമായിരുന്നോ? ഇത്തരം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാനാണ് കമ്മാരസംഭവം എന്ന മലയാള ചിത്രം ശ്രമിക്കുന്നത്.

🔸ചിത്രം : കമ്മാരസംഭവം (2018)
🔸 സംവിധാനം : രതീഷ് അമ്പാട്ട്

🔸 രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സുഭാഷ് ചന്ദ്ര ബോസിന്റെ കീഴിൽ പ്രവർത്തിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയ കമ്മാരൻ നമ്പ്യാരുടെ യഥാർത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ ആദ്യഭാഗം പറയുന്നത്.കമ്മാരന്റെ ജീവിതം രേഖപ്പെടുത്തിയ ഒരു ഇംഗ്ലീഷ് പുസ്തകത്തെ ആധാരമാക്കി നിർമ്മിച്ച സിനിമയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം. സിനിമയിലെ കമ്മാരൻ ധീരനും നന്മ നിറഞ്ഞവനും ദേശാഭിമാനിയുമൊക്കെ ആണെങ്കിലും അതൊന്നുമായിരുന്നില്ല യഥാർത്ഥ കമ്മാരൻ എന്ന് പ്രേക്ഷകരെ ആദ്യഭാഗം ബോധ്യപ്പെടുത്തുന്നുണ്ട്. വളരെ റിയലിസ്റ്റിക്കായ ആദ്യ ഭാഗത്തിന്റെ സ്പൂഫ് ആണ് അങ്ങേയറ്റം സിനിമാറ്റിക് ആയ രണ്ടാം ഭാഗം. അതു കൊണ്ട് തന്നെ ചിരിക്കാനുള്ള വക രണ്ടാം ഭാഗത്തിൽ അവശ്യത്തിനുണ്ട്.

🔸 ദിലീപ് എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ആദ്യഭാഗത്തിലെ കമ്മാരൻ നമ്പ്യാർ. ഉള്ളിൽ ഒരു കടൽ നിറയെ പ്രതികാരവും ചിരിക്കുന്ന നിഷ്കളങ്കമായ മുഖവുമുള്ള കമ്മാരനായി അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായി. ഗാന്ധിജിയും നെഹ്റുവും നേതാജിയും അടക്കം മൺമറഞ്ഞ നിരവധി നേതാക്കൾ കഥാപാത്രങ്ങളായി വരുന്ന രണ്ടാം ഭാഗം യാഥാർത്ഥ്യം മനസ്സിലാക്കിയ പ്രേക്ഷകന് ചിരിയായി മാറുന്നത് സ്വാഭാവികം മാത്രം. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ നെടും തൂണ് . എന്നാൽ അതേ സമയം അതേ തിരക്കഥ തന്നെയാണ് പ്രേക്ഷകനെ സിനിമയിൽ നിന്ന് കുറച്ചെങ്കിലും അകറ്റുന്നത് എന്നത് ഒരു വൈരുദ്ധ്യമാകാം. കെട്ടുപിണഞ്ഞ കഥയും കഥാപശ്ചാത്തലവും നിറഞ്ഞ ചിത്രം മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ളതായത് ഒരു പോരായ്മയായി. എഡിറ്റിംഗിൽ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാക്കാമായിരുന്നു. ആദ്യഭാഗം ഏകദേശം പൂർണതയുള്ള ഒരു കഥയായതുകൊണ്ട് രണ്ടാം ഭാഗം കാണാൻ സ്വഭാവികമായും സാധാരണ പ്രേക്ഷകന് താല്പര്യം കുറഞ്ഞതും ക്ലൈമാക്സിലേക്കെത്തുമ്പോൾ എങ്ങനെയും തീർന്നാൽ മതിയെന്ന അവസ്ഥ അവരിൽ സൃഷ്ടിക്കുകയും ചെയ്തു.

🔸 എന്നാൽ എന്നിലെ പ്രേക്ഷകനെ സംബന്ധിച്ച് വളരെ മികച്ച ഒരനുഭവമായിരുന്നു കമ്മാരസംഭവം. ടെക്നിക്കലി വളരെ സൗണ്ട് ആയ ചിത്രത്തിലെ വിഎഫ് എക്സ് വർക്കുകൾ എല്ലാം മികച്ചതായി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സുനിലിന്റെ ക്യാമറയും നല്ല നിലവാരം പുലർത്തി. ആദ്യഭാഗമാണ് എനിക്കും കൂടുതൽ ഇഷ്ടമായത് എന്നതിൽ സംശയമില്ല. എങ്കിലും ചിത്രം പറയാനുദ്ദേശിക്കുന്ന വിഷയം പൂർണമാവാൻ രണ്ടാം ഭാഗം കൂടിയേ തീരൂ. പലപ്പോഴും ചരിത്രം യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ കാണിക്കുന്നത് പോലെ ഒരു സ്പൂഫ് മാത്രമാണെന്ന വലിയ സത്യം പറഞ്ഞ് വയ്ക്കാൻ മുരളി ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം .പക്ഷേ മലയാള സിനിമയിൽ കമ്മാരസംഭവം ഒരു സംഭവം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.0 Star (Above Average) · Drama · India · Malayalam

192. AAMI (INDIA/DRAMA/2018)

ചിത്രം : ആമി

🔸മാധവിക്കുട്ടിയുടെ വ്യക്തി ജീവിതം പോലെ തന്നെ മനോഹരമായ ആദ്യ പകുതിയും ലേശം നിരാശപ്പെടുത്തിയ രണ്ടാം പകുതിയും. ആമി എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽ ഇങ്ങനെ പറയാം. മഞ്ജു വാര്യർ , മുരളി ഗോപി , ടൊവിനോ തോമസ് എന്നിവരുടെ പക്വതയാർന്ന പ്രകടനമാണ് ചിത്രത്തിൽ കണ്ടത്. നീർമാതളം എന്ന് തുടങ്ങുന്ന ഗാനവും ചിത്രീകരണവും അതീവ ഹൃദ്യമായി.

🔸മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് ഇത് വരെ വലിയ താല്പര്യമൊന്നും തോന്നിയിട്ടുമില്ല. അവരുടെ ഒരു പുസ്തകവും ഞാൻ വായിച്ചിട്ടുമില്ല. പക്ഷേ ആമി എന്ന ഈ ചിത്രം മാധവിക്കുട്ടി അഥവാ കമല ദാസിനെക്കുറിച്ചുള്ള മുൻധാരണകൾ പലതും മാറ്റിമറിക്കാനും അവരോടുള്ള ബഹുമാനം വളരെ വർദ്ധിപ്പിക്കാനും കാരണമായി. ഇനി അവരുടെ പുസ്തകങ്ങൾ കഴിയുന്നത്ര വായിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതിന് തിരക്കഥാകൃത്തും സംവിധായകനുമായ കമലിനോട് പ്രത്യേക നന്ദി അറിയിക്കുന്നു.

🔸ഈ സിനിമ ഇനി കാണാൻ പോകുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ഇത് ഒരു എഴുത്തുകാരിയുടെ ജീവിത കഥയാണ്. അല്പസ്വല്പം സാഹിത്യമൊക്കെ ആസ്വദിക്കാൻ കഴിയുന്നവർ , എന്ന് വച്ചാൽ ഒരു കവിത കേട്ടാൽ ഒരു കഥ വായിച്ചാൽ അതിന്റെ ഫീലിങ്ങ് മനസ്സിലാക്കാൻ കുറച്ചെങ്കിലും കഴിയുന്നവർ മാത്രം ചിത്രം കാണുക. അല്ലാതെ ഫാന്റസി ചാലിച്ചെഴുതിയ മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ വായിച്ച് മറ്റൊരു കണ്ണിലൂടെ അവരെ നോക്കിക്കണ്ടവർ ചെയ്ത അപരാധം ദയവായി ആവർത്തിക്കാതിരിക്കുക. തിയേറ്ററിൽ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെട്ടവരുടെ പ്രതികരണങ്ങൾ കേട്ടത് കൊണ്ട് പറഞ്ഞ് പോയതാണ്.

©️ PRADEEP V K