4.0 Star (Very Good) · India · Marathi · Romance

99. SAIRAT (INDIA/ROMANCE/2015)

🔹AMAZING CINEMA # 99
🔹MOVIE TITLE : SAIRAT (2015)
🔹 രാജ്യം : ഇൻഡ്യ
🔹ഭാഷ : മറാത്തി
🔹വിഭാഗം : റൊമാന്റിക് ഡ്രാമ
🔹സംവിധാനം : Nagraj Manjule
🔹അഭിനേതാക്കൾ : Rinku Rajguru, Akash Thosar

🔹കഥാ സംഗ്രഹം 🔹

▪ ആദ്യമായി 100 കോടി കളക്ഷൻ നേടിയ മറാത്തി ചിത്രം ,ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും റിമേക്ക് ചെയ്യാൻ പോകുന്ന ചിത്രം .SAIRAT എന്ന ചിത്രത്തിന്റെ പ്രത്യേകതകൾ ഒരുപാടുണ്ട്.ഈ ചിത്രത്തെക്കുറിച്ച്  ധാരാളം നല്ല അഭിപ്രായങ്ങൾ കേട്ടതു മുതൽ കാണണം എന്ന് കരുതിയെങ്കിലും മൂന്ന് മണിക്കൂർ ദൈർഘ്യം ഉളളതിനാൽ ഇതുവരെ കാണാതെ നീട്ടി വയ്ക്കുകയായിരുന്നു . ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് മനസ്സിലായത് കൂടാതെ അത് അക്ഷരാർത്ഥത്തിൽ മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞു എന്നതാണ് സത്യം .

▪  താഴ്ന്ന സമുദായത്തിലെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് മികച്ച ക്രിക്കറ്റ് കളിക്കാരനും പഠനത്തിൽ മിടുക്കനുമായ പാർഷ്യ .അതേ ഗ്രാമത്തിലെ ഉയർന്ന സമുദായത്തിൽ പെട്ട നാട്ടുപ്രമാണിയുടെ മകളാണ് ആർച്ചി. പെൺകുട്ടി ആണെങ്കിലും ബുള്ളറ്റും ട്രാക്ടറും എല്ലാം ഓടിക്കുന്ന ആർച്ചി നല്ല തന്റേടമുള്ള കൂട്ടത്തിലാണ് .ഒരേ കോളേജിൽ ഒരേ ക്ലാസിൽ പഠിക്കുന്ന അവർ തമ്മിൽ പ്രണയത്തിലാവുന്നു . പ്രണയം ആർച്ചിയുടെ വീട്ടുകാർ അറിയുന്നതോടെ  അവർ പാർഷ്യയുടെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിൽ നിന്നും ഒളിച്ചോടാൻ നിർബന്ധിതരാവുന്നു .

🔹സ്ക്രീനിന് പിന്നിൽ🔹

▪ നാഗരാജ് മഞ്ജുളെ എന്ന സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത് . മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും ഒട്ടും തന്നെ പ്രേക്ഷകനെ മുഷിപ്പിക്കാതെ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .മനോഹരമായ ഗാനങ്ങളും വളരെ റിയലിസ്റ്റിക് ആയ ചിത്രീകരണവും ശ്രദ്ദേയമാണ് .ഗാനരംഗങ്ങളിലടക്കം സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമേ കാണിക്കുന്നുള്ളു എന്നത് വലിയ ഒരു പ്രത്യേക തയാണ് . നായകനേക്കാൾ പ്രധാന്യമുള്ള ശക്തയായ കഥാപാത്രമായി നായികയെ അവതരിപ്പിച്ച സംവിധായകൻ ഇന്ത്യൻ സിനിമയിലെ സാമ്പ്രദായികമായ ചില ക്ലീഷേകളെ തച്ചുടക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട് . 

🔹സ്ക്രീനിൽ🔹

▪ SAIRAT എന്നാൽ ആർച്ചി എന്ന പെൺകുട്ടിയുടെ ജീവിതത്തിന്റെ കഥയാണ് .അവളുടെ ധൈര്യം , പ്രണയം , വിരഹം , ജീവിതത്തോടുള്ള കാഴ്ചപ്പാട് , പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറാനുള്ള കഴിവ് ഇവയെല്ലാമാണ് . ആർച്ചി ആയി റിങ്കു രാജ്ഗുരു എന്ന 14 വയസ്സുകാരി ജീവിക്കുകയായിരുന്നു എന്ന് പറയാം .റിങ്കുവിന്റെ പെർഫോർമൻസ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ശക്തി . പാർഷ്യ ആയി എത്തിയ ആകാഷ് തോസാറും പാർഷ്യയുടെ സുഹൃത്തുക്കളായെത്തിയ രണ്ട് പേരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു .ഇത് പോലെ രണ്ട് സുഹൃത്തുക്കളെ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആരെയും തോന്നിപ്പിക്കുന്ന വിധം മനോഹരമായിരുന്നു അവരുടെ അഭിനയം . മിക്കവാറും എല്ലാ അഭിനേതാക്കളും പുതുമുഖങ്ങൾ ആയിരുന്നെങ്കിലും എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു. 

🔹വിധി നിർണയം🔹

▪ നിരവധി തവണ കേട്ട് പഴകിയ പണക്കാരിയായ നായികയുടേയും പാവപ്പെട്ട നായകന്റെയും പ്രണയകഥ തന്നെയാണ് ഇവിടെയും .എന്നാൽ എന്താണ് ചിത്രത്തിന്റെ പുതുമ എന്നറിയാൻ ചിത്രം കാണുക തന്നെ വേണം . സാധാരണ പ്രണയകഥകളിൽ നായകനും നായികയും ഒന്നുചേർന്നാൽ എല്ലാം ശുഭമായി .എന്നാൽ ഇവിടെ അതിന് ശേഷം എന്താണ് സംഭവിക്കുക എന്ന ചിന്തയിലേക്ക് കൂടി നമ്മെക്കൂട്ടിക്കൊണ്ട് പോകുന്നു . 

▪ അതി മനോഹരമായ മധുരമായ ഒരു പ്രണയകഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുക കൂടാതെ ജീവിതത്തിലെ കയ്പു നിറഞ്ഞ മുറിപ്പെടുത്തുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു ഈ ചിത്രം . എല്ലാവിധ പ്രതിബന്ധങ്ങളെയും പ്രണയത്തിന്റെ ശക്തി കൊണ്ട് അതിജീവിച്ച രണ്ട് പേർക്ക് അതിന് പ്രതിഫലമായി സമൂഹവും ബന്ധുക്കൾ എന്ന് വിശ്വസിക്കുന്നവരും നല്കുന്നത് എന്താണെന്ന് കണ്ട് മനസ്സ് മുറിപ്പെടുമ്പോൾ അറിയാതെ ചില സമീപകാല യാഥാർത്ഥ്യങ്ങൾ മനസ്സിലേക്കോടിയെത്തുന്നത് യാദൃശ്ചികമല്ല .

🔹റേറ്റിംഗ് : 4/5 ( Very Good )

🔹പിൻകുറിപ്പ് :  പ്രണയ ചിത്രങ്ങളിലെ വെളുത്ത് തുടുത്ത് മേക്കപ്പ് വാരിപ്പൂശിയ നായികാനായകൻമാരെയും സുഹൃത്തുക്കളെയും കണ്ട് മടുത്ത എനിക്ക് കണ്ണിന് കുളിർമ്മ പകർന്നു ഈ ചിത്രത്തിലെ സാധാരണ മനുഷ്യരായ ആർച്ചിയും പാർഷ്യയും അവരുടെ മധുര പ്രണയവും .
©PRADEEP V K

Advertisements