4.0 Star (Very Good) · English · Mystery · Thriller · USA

167. WIND RIVER (USA/MYSTERY THRILLER/2017)

🔸167) WIND RIVER (2017)🔸 ഒരു അവലോകനം 🔸

🔸 മഞ്ഞ് മൂടിയ ആ മലനിരകളിൽ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്ന അജ്ഞാത ജീവിയുടെ കാല്പാടുകൾ പിന്തുടർന്നെത്തിയ ഏജന്റ് കോറി ലാംബർട്ട് കണ്ടെത്തിയത് മഞ്ഞിൽ ഉറച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹമാണ്. അവളുടെ ശരീരത്തിലെ മുറിവുകളും കട്ട പിടിച്ച രക്തവും കണ്ട ലാംബർട്ട് വിദൂരമായ ഓർമ്മകളിൽ ഞെട്ടി വെറുങ്ങലിച്ച് നിന്നു. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മഞ്ഞ് പാളികൾക്കിടയിൽ മരണത്തിന്റെ വിളിയുമായി അജ്ഞാതനായ ഒരു കൊലയാളി ഒളിച്ചിരിക്കുന്നുണ്ടോ?

🔸COUNTRY : USA
LANGUAGE : ENGLISH
GENRE : MYSTERY THRILLER
DIRECTION : TAYLOR SHERIDAN
IMDB RATING : 7.9 / 10
‎ROTTEN TOMATOES RATING : 87%

🔹BACKGROUND 🔹

🔸 ജനവാസം വളരെ കുറഞ്ഞ നേറ്റീവ് അമേരിക്കൻസിന് വേണ്ടിയുള്ള വിൻഡ് റിവർ ഇൻഡ്യൻ റിസർവേഷനിലെ വൈൽഡ് ലൈഫ് സർവീസ് ഏജൻറായ കോറി ലാംബർട്ട് അപകടകാരികളായ മൃഗങ്ങളെ കൊല്ലുന്നതിൽ വിദഗ്ദനാണ്. ശൈത്യ കാലത്ത് മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകൾ നിറഞ്ഞ ആ പ്രദേശത്തിന്റെ മുക്കും മൂലയും അയാൾക്ക് കാണാപാഠമായിരുന്നു .എങ്കിലും നതാലി ഹാൻസൺ എന്ന പതിനെട്ടുകാരിയുടെ മരണം അന്വേഷിക്കാനെത്തിയ FBl ഏജന്റ് ജെയ്ൻ ബാനറിനെ സഹായിക്കാൻ തയ്യാറാവുന്നതിന് അയാൾക്ക് മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു.

🔹ANALYSIS🔹

🔸 അമേരിക്കൻ റിസർവേഷനുകളിലെ കാണാതാവുന്ന പെൺകുട്ടികളുമായി ബന്ധപ്പെട്ട നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് Taylor Sheridan ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ശക്തമായ തിരക്കഥയും അർത്ഥപൂർണമായ സംഭാഷണങ്ങളും ചിത്രത്തിന് കരുത്തേകുന്നു. ഏജന്റ് കോറി ലാംബർട്ട് എന്ന കഥാപാത്രമായെത്തിയ ജെറമി റെന്നറും FBl ഏജൻറ് ജെയ്ൻ ബാനറായെത്തിയ എലിസബത്ത് ഓൾസണും അടക്കം ചെറിയ കഥാപാത്രങ്ങളായെത്തിയവർ പോലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ജെറമി റെന്നറുടെ വളരെ നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത്. വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ വരുന്നുള്ളു എങ്കിലും നതാലി ഹാൻസൺ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഉള്ളിൽ ഒരു നോവായി അവശേഷിക്കും .

🔸ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ഞ് നിറഞ്ഞ മലനിരകളുടെ മനോഹാരിതയും ഭീകരതയും ഒന്നുപോലെ ബെൻ റിച്ചാർഡ്സൺ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രം കണ്ടിരിക്കുമ്പോൾ അറിയാതെ ഒരു തണുപ്പ് നിങ്ങളുടെ ദേഹത്തും അരിച്ചിറങ്ങും. എല്ലാത്തിലും ഉപരിയായി പ്രേഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ് ആണ് ചിത്രത്തിന്. ഈ വർഷം പുറത്തിറങ്ങിയ അമേരിക്കൻ ചിത്രങ്ങളിൽ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നാണ് വിൻഡ് റിവർ . നതാലി ഹാൻസൺ കുറിച്ചിട്ട ആ വാക്കുകൾ അവസാനിക്കാത്ത ഒരു കവിത പോലെ ആ മലനിരകളിൽ മുഴങ്ങുന്നത് എനിക്ക് ഇപ്പോഴും കേൾക്കാം. നഗ്നപാദയായി മഞ്ഞ് പാളികൾക്ക് മുകളിലൂടെ മൈലുകളോളം ഓടിയ അവളുടെ അവസാന വാക്കുകളും ഇതായിരുന്നു.

🔹🔹🔹There’s a meadow in my perfect world, where wind dances the branches of a tree, casting leopard spots of light across the face of a pond, the tree stands tall and grand and alone, shading the world beneath it . It is here, in the cradle of all I hold dear , I guard every memory of you . And when I find myself frozen in the mud, real far from your loving eyes, I will return to this place, and find solace in the simple perfection of knowing you🔹🔹🔹

🔸RATING : 4/5 (VERY GOOD)

🔸 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements
3.5 Star (Good) · Drama · English · USA

166. THE BEGUILED (USA/DRAMA/2017)

🔼166) THE BEGUILED (2017)🔸A REVIEW 🔸

🔸Being Beguiled is like being captivated, charmed, delighted, enthralled, or entranced. When you’re Beguiled, you really like what you see”

🔼COUNTRY : USA
LANGUAGE : ENGLISH
GENRE : DRAMA
DIRECTION : SOFIA COPPOLA
IMDB RATING : 6.6 / 10
‎ROTTEN TOMATOES RATING : 78%

🔼 1864 ൽ അമേരിക്കൻ സിവിൽ വാർ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിർജീനിയയിൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഒരു സ്കൂൾ നടത്തുകയാണ് മാർത്ത ഫാൺസ്വർത്ത്. യുദ്ധം രൂക്ഷമായതോടെ അധ്യാപികയായ എഡ്വിനയും അഞ്ച് വിദ്യാർത്ഥിനികളും ഒഴിച്ച് മറ്റുള്ളവരെല്ലാം സ്കൂൾ വിട്ട് പോയിരുന്നു. ഒരു ദിവസം അടുത്തുള്ള കാടിനുള്ളിൽ കാലിൽ മാരകമായി മുറിവേറ്റ നിലയിൽ കണ്ട ഒരു പട്ടാളക്കാരനെ ഒരു വിദ്യാർത്ഥിനി സ്കൂളിലേക്ക് കൊണ്ട് വരുന്നു. മാർത്ത അയാളുടെ മുറിവ് ഭേദമാകുന്നത് വരെ സ്കൂളിൽ താമസിക്കാൻ അനുവദിക്കുന്നു. എന്നാൽ ചെറുപ്പക്കാരനായ അയാളുടെ സാന്നിദ്ധ്യം കുട്ടികളിലും അധ്യാപികയിലും വരുത്തുന്ന മാറ്റങ്ങൾ മാർത്തയെ അസ്വസ്ഥയാക്കുന്നു.

🔼 A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ സോഫിയ കൊപ്പോളക്ക് ലഭിച്ചിരുന്നു. സോഫിയ തന്നെ രചിച്ച ശക്തമായ തിരക്കഥയ്ക്കും സൂക്ഷ്മമായ സംവിധാനമികവിനും ഒപ്പം കോളിൻ ഫാരൽ, നിക്കോൾ കിഡ് മാൻ, ക്രിസ്റ്റൻ ഡൻസ്റ്റ് എന്നിവർ ഉൾപ്പെട്ട താരനിരയുടെ മികച്ച പെർഫോർമൻസും ചിത്രത്തെ മികവുറ്റതാക്കുന്നു. കഥാപാത്രങ്ങളുടെ പൂർവ്വ ചരിത്രമൊന്നും വിവരിക്കാതെ വർത്തമാനകാലം മാത്രം പ്രതിപാദിക്കുന്ന ചിത്രം പൂർണമായും ഒറ്റ ലൊക്കേഷനിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

🔼RATING : 3.5/5 (GOOD)

🔼 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Anthology · India · Malayalam · Romance · Thriller

165. SOLO (INDIA/2017/ROMANTIC THRILLER)

🔹165) SOLO (2017) 🔹 A REVIEW 🔹

🔹 “ജലം , വായു , അഗ്നി , ഭൂമി , ആകാശം എന്നീ പഞ്ചഭൂതങ്ങളാലാണ് പ്രപഞ്ചത്തിലെ ഓരോ അണുവും രൂപപ്പെട്ടിരിക്കുന്നത് . അവയെ നിയന്ത്രിക്കുന്നതാവട്ടെ ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരമൂർത്തിയുമായ ശിവനും” – As Per Ancient Mythology.

🔹COUNTRY : INDIA
LANGUAGE : MALAYALAM
GENRE : ROMANTIC THRILLER ANTHOLOGY
DIRECTION : BEJOY NAMBIYAR

🔹 OBSERVATIONS 🔹

▪️ പഞ്ചഭൂതങ്ങളിലെ ജലം , വായു , അഗ്നി , ഭൂമി എന്നിവയെ ആധാരമാക്കി ശിവന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ശേഖർ , ത്രിലോക്, ശിവ , രുദ്ര എന്നിങ്ങനെ നാല് പേരുടെ കഥയാണ് സോളോ എന്ന ചിത്രത്തിലൂടെ ബിജോയ് നമ്പ്യാർ പറയുന്നത്. ശിവതാണ്ഡവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ് വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക്, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് രുദ്ര എന്നീ നാല് എപ്പിസോഡുകളുടെ തീം ആയി സ്വീകരിച്ചിരിക്കുന്നത്. ബിജോയ് നമ്പ്യാരുടെ തന്നെ തിരക്കഥയിൽ മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു.

🔹 POSITIVE SIDES🔹

▪️ നാല് കഥകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദുൽക്കർ സൽമാന്റെ അഭിനയ ജീവിതത്തിലെ മികച്ച ചില മുഹൂർത്തങ്ങൾ സോളോയിൽ കാണാൻ കഴിഞ്ഞു .മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉള്ള നടീനടൻമാർ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള ഗാനങ്ങളും ഗാന ചിത്രീകരണവും അതി മനോഹരമായിരുന്നു. ഒരു റൊമാൻറിക് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്നതാണ് ആദ്യ എപ്പിസോഡായ വേൾഡ് ഓഫ് ശേഖർ.രണ്ടാമത്തെ എപ്പിസോഡായ വേൾഡ് ഓഫ് ത്രിലോക് ഒരു റൊമാൻറിക് റിവഞ്ച് ത്രില്ലറും മൂന്നാമത്തെ എപ്പിസോഡായ വേൾഡ് ഓഫ് ശിവ ഒരു ഡാർക്ക് ക്രൈം ത്രില്ലറും ആണ്. അവസാന എപ്പിസോഡായ വേൾഡ് ഓഫ് രുദ്രയെ ഒരു റൊമാൻറിക് ഫാമിലി ത്രില്ലറിൽ പെടുത്താം.

▪ ശിവൻ എന്ന മിത്തിക്കൽ കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ളവർക്ക് ചിത്രത്തിന്റെ തീം വളരെ പെട്ടെന്ന് മനസ്സിലാക്കാനാവും . പ്രണയം , പ്രതികാരം , കാമം , ക്രോധം , ത്യാഗം തുടങ്ങിയ മനുഷ്യന്റെ എല്ലാ വികാരങ്ങളും ഒരാളിൽ സന്നിവേശിപ്പിച്ചതാണ് ശിവൻ എന്ന കഥാപാത്രം എന്ന് പറയാം. സ്ത്രീ എന്നത് ശിവന്റെ ശക്തിയും ദൗർബല്യവുമാണ് . കാമുകി , ഭാര്യ , മകൾ , അമ്മ ,സഹോദരി എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള സ്ത്രീയുടെ പുരുഷനിലുള്ള സ്വാധീനം ശിവന്റെ വിവിധ ഭാവങ്ങളിലൂടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഓരോ എപ്പിസോഡിന്റെയും തുടക്കത്തിൽ കാണിക്കുന്ന ശിവതാണ്ഡവത്തിന്റെ കാരിക്കേച്ചറുകളും വിവരണവും ഹൃദ്യമായിരുന്നു. വേൾഡ് ഓഫ് ശിവയിലെ ദേവീ സ്തുതിയോട് ചേർന്നുള്ള ആക്ഷൻ രംഗങ്ങൾ വളരെ ആവേശഭരിതമായിരുന്നു.

🔹NEGATIVE SIDES🔹

▪️ ചിത്രത്തിലെ ഡയലോഗുകളിൽ ഒരു തരം അവ്യക്തതയും നാടകീയതയും കലർന്നിരുന്നു. വിക്കുള്ള കഥാപാത്രത്തിന്റെ കഥയും കൂടി ആയപ്പോൾ വേൾഡ് ഓഫ് ശേഖറിലെ ഡയലോഗുകൾ കൂടുതൽ പരിതാപകരമായി . അധോലോക മാഫിയയുടെ കഥ പറഞ്ഞ വേൾഡ് ഓഫ് ശിവയിലെ ദുൽക്കറിന്റെ സ്ഥായിയായ മുഖഭാവം കഥാപാത്രം ആവശ്യപ്പെടുന്നതാണെന്ന് കരുതാം. ആദ്യ ക്ലൈമാക്സിന്റെ പേരിൽ ഒരു പാട് നെഗറ്റീവ് കമൻറ്സ് ലഭിച്ച വേൾഡ് ഓഫ് രുദ്രയിലെ പ്രധാന പാളിച്ച വെട്ടിമാറ്റി അംഗഭംഗം വരുത്തിയ പുതിയ ക്ലൈമാക്സ് രംഗം തന്നെയായിരുന്നു എന്നത് വിരോധാഭാസമാവാം.

🔹FINAL WORDS🔹

▪ സിനിമ എന്നത് പൂർണമായും സംവിധായകന്റെ സൃഷ്ടിയാണ്. ആരോഗ്യമുള്ള കയ്യും കാലും മറ്റവയവങ്ങളും ഉണ്ടായാൽ മാത്രം പോര അവയെല്ലാം യഥാസ്ഥാനത്ത് വന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കൂ എന്നത് പോലെ മികച്ച അഭിനേതാക്കളും തിരക്കഥയും ഗാനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ടാകുന്നതിലുപരി അവ കൃത്യമായ രീതിയാൽ കൃത്യമായ അളവിൽ സന്നിവേശിപ്പിച്ചാൽ മാത്രമേ മികച്ച ഒരു സിനിമ സൃഷ്ടിക്കപ്പെടൂ. ചില ചെറിയ പാളിച്ചകൾ മാറ്റി നിർത്തിയാൽ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ ബിജോയ് നമ്പ്യാർക്ക് കഴിഞ്ഞു എന്ന് പറയാം .പുതുമ നിറഞ്ഞ വിഷയങ്ങൾ പുതുമ നിറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളെക്കാളും ഏതൊരു സിനിമാ ഫീൽഡിന്റെയും വ്യാപ്തി നിശ്ചയിക്കുന്നത് എന്ന് അറിയാവുന്ന ഒരു സംവിധായകനെ നമുക്ക് ചിത്രത്തിലുടനീളം കാണാം .

▪ എന്നാൽ സ്വന്തം ഭാഷയിലെ പരീക്ഷണ ചിത്രങ്ങളെ അവജ്ഞയോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹത്തിലേക്കാണ് അദ്ദേഹം തന്റെ സ്വപ്ന ചിത്രവുമായെത്തിയത്. ഓരോ സിനിമയും അത് അർഹിക്കുന്ന സീരിയസ്നെസ്സോടെ വേണം സമീപിക്കേണ്ടത് എന്നറിയാത്ത ചിലർ നടത്തിയ പരാക്രമങ്ങളുടെ പേരിൽ മികച്ച ഒരു ക്ലൈമാക്സിനെ യാതൊരു സാമാന്യബോധവുമില്ലാതെ അണിയറക്കാർ വെട്ടിമുറിച്ച് നശിപ്പിച്ചു എന്നതാണ് ഏറ്റവും ഖേദകരം. പുതുമകളെ എന്നും അംഗീകരിക്കുന്ന തമിഴ് പ്രേക്ഷകർ ചിത്രത്തെ ഇതിലും നന്നായി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. സ്വന്തം സൃഷ്ടിയെ ഇങ്ങനെ നശിപ്പിച്ചത് കാണുമ്പോഴുള്ള വേദനക്ക് ബിജോയ് നമ്പ്യാർ എന്ന സംവിധായകനോട് അതിന് കാരണക്കാരായ മലയാളി പ്രേക്ഷകരുടെ പേരിൽ മാപ്പ് ചോദിച്ചു കൊണ്ട് നിർത്തുന്നു.

🔹 Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · English · Thriller · USA

164. THE INVITATION (USA/THRILLER/2015)

🔼164) THE INVITATION  (2015)  🔼A RECOMMENDATION🔼

🔼 “തന്റെ പ്രിയപ്പെട്ട ഒരാളിന്റെ ഒരിക്കലും നികത്താനാവാത്ത വേർപാട് സൃഷ്ടിച്ച അതി കഠിനമായ ദു:ഖവും കുറ്റബോധവും എങ്ങനെയാണ് മറികടക്കാനാവുക? എല്ലാം അംഗീകരിച്ച് ദു:ഖത്തെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ട് പോകുന്നതാണോ അതോ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിശ്വസിച്ച് സന്തോഷം പ്രകടിപ്പിച്ച് ജീവിക്കുന്നതാണോ ഏതാണ് ശരി?”

🔼COUNTRY : USA

     LANGUAGE : ENGLISH

     GENRE : THRILLER

     DIRECTION : KARYN KUSAMA

     IMDB RATING : 6.7 / 10

     ‎ROTTEN TOMATOES RATING : 88%

🔼 തന്റെ മുൻ ഭാര്യയുടെയും ഭർത്താവിന്റെയും ക്ഷണം സ്വീകരിച്ച് താൻ മുൻപ് താമസിച്ചിരുന്ന വീട്ടിലേക്ക് സുഹൃത്തുക്കളുമൊത്തുള്ള  ഒരു പാർട്ടിയിൽ പങ്കെടുക്കാനായി Will ഉം ഗേൾഫ്രണ്ട് Kira യും എത്തുന്നു .ആ വീട് മുൻപ് ഒരപകടത്തിൽ കൊല്ലപ്പെട്ട മകന്റെ ഓർമ്മകൾ Will ൽ ഉണർത്തുന്നു. എന്നാൽ മുൻ ഭാര്യ Eden യാതൊരു ദു:ഖവും പ്രകടിപ്പിക്കാതെ സന്തുഷ്ടയായി കാണപ്പെടുന്നത് അയാളിൽ സംശയങ്ങൾ ഉണർത്തുന്നു. സുഹൃത്തുക്കൾക്കൊപ്പം അപരിചിതരായ രണ്ട് പേർ കൂടി എത്തുന്നതോടെ Will ന്റെ സംശയങ്ങൾ ഇരട്ടിയാവുന്നു. മറ്റുള്ള സുഹൃത്തുക്കൾ മദ്യത്തിലും സംഭാഷണങ്ങളിലും മുഴുകി ആസ്വദിക്കുമ്പോൾ ആ വീടും മകന്റെ ഓർമ്മകളും മുൻ ഭാര്യയുടേയും ഭർത്താവിന്റെയും സംശയാസ്പദമായ പെരുമാറ്റവും എന്തോ വലിയ അപകടം നടക്കാൻ പോകുന്നുവെന്ന തോന്നൽ അയാളിൽ ഇരട്ടിയാക്കുന്നു. രണ്ട് വർഷമായി ആരും കണ്ടിട്ടില്ലാത്ത Eden ഉം ഭർത്താവും പെട്ടെന്ന് ഒരു ദിവസം ആഡംബരം നിറഞ്ഞ ഇങ്ങനെ ഒരു പാർട്ടി നടത്തുന്നതിന് പിന്നിൽ എന്തെങ്കിലും ഗൂഢ ഉദ്ദേശ്യമുണ്ടോ?

🔼Girl Fight , AEon Flex, Jennifer’s Body എന്നീ ചിത്രങ്ങൾക്ക് ശേഷം Karyn Kusama സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും പിന്നീട് വന്ന ചിത്രങ്ങൾ ആ നിലവാരത്തിലേക്ക് എത്തിയിരുന്നില്ല. അതിൽ നിന്നെല്ലാം പാഠങ്ങൾ അവർ പൂർണമായും ഉൾക്കൊണ്ടുവെന്ന് The Invitation എന്ന ചിത്രം തെളിയിക്കുന്നു. ഹൊറർ എലമെന്റ്സ് കലർന്ന ആദ്യവസാനം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംഷ കാണികളിൽ നിറച്ച് മുന്നോട്ട് പോകുന്ന ഒരു ത്രില്ലർ ചിത്രമാണിത് .ചിത്രത്തിലെ പ്രധാന കഥാപാത്രം അനുഭവിക്കുന്ന അതേ സംശയങ്ങളും ഭയവും പ്രേക്ഷകരിലും ഉണ്ടാക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ വിജയം. ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളോടും നഷ്ടങ്ങളോടും ഓരോ മനുഷ്യരും വ്യത്യസ്തമായ രീതിയിൽ ആവും പ്രതികരിക്കുക . അവരുടെ അത്തരം അവസ്ഥകൾ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി മുതലെടുക്കുന്നവരും നമ്മുടെ സമൂഹത്തിൽ ധാരാളം. മനസ്സ് ഒന്നിടറിയാൽ കൈവിട്ട് പോകുന്ന അത്തരം സാഹചര്യങ്ങൾ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .പക്ഷേ സാവധാനം മുന്നേറുന്ന ചിത്രം ചിലരെയെങ്കിലും ബോറടിപ്പിച്ചേക്കാം. ക്ലൈമാക്സ് രംഗങ്ങൾ ക്ലീഷെ ആയെങ്കിലും തൃപ്തിപ്പെടുത്തുന്നതാണ്. 

🔼RATING : 3.5/5 (GOOD)

🔼 For Getting The Movie Download Link Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Italian · Italy · Superhero

163. THEY CALL ME JEEG ROBOT (ITALY/SUPER HERO/2015)

🔼163) THEY CALL ME JEEG ROBOT (2015) 🔼A RECOMMENDATION

🔹”സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത, ആരോടും ഒരു സ്നേഹവുമില്ലാത്ത, സ്വാർത്ഥത മാത്രം കൈമുതലാക്കിയ ഒരു ക്രിമിനലിന് ഒരു ദിവസം അമാനുഷിക ശക്തികൾ കൈവന്നാൽ അയാൾ എങ്ങനെയാവും അത് വിനിയോഗിക്കുക?”

🔼COUNTRY : ITALY
LANGUAGE : ITALIAN
GENRE : SUPER HERO
DIRECTION : GABRIELLE MAINETTI
IMDB RATING : 7.2/10
‎ROTTEN TOMATOES RATING : 67%

🔼 ഹോളിവുഡിൽ സൂപ്പർ ഹീറോ ചിത്രങ്ങൾക്ക് ഒരു പഞ്ഞവുമില്ലെങ്കിലും മറ്റ് രാജ്യങ്ങളിൽ അത്തരം ചിത്രങ്ങൾ താരതമ്യേന കുറവാണ്. ഹോളിവുഡ് ചിത്രങ്ങൾ എല്ലാ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നത് കൊണ്ടും സാങ്കേതികപരമായി ഹോളിവുഡുമായി മത്സരിക്കാനാവാത്തതുമാവാം അതിന് കാരണം. അത് കൊണ്ട് തന്നെ ഒരു വ്യത്യസ്തതക്ക് വേണ്ടിയാണ് THEY CALL ME JEEG എന്ന ഇറ്റാലിയൻ സൂപ്പർ ഹീറോ ചിത്രം കണ്ട് തുടങ്ങിയത് . 89th അക്കാദമി അവാർഡിന് ഈ ചിത്രം ഇറ്റലിയുടെ ഒഫിഷ്യൽ എൻട്രി ആയിരുന്നെങ്കിലും നോമിനേഷൻ ഒന്നും ലഭിച്ചിരുന്നില്ല. അല്ലറ ചില്ലറ മോഷണങ്ങളുമായി കഴിഞ്ഞിരുന്ന എൻസോ ഒരു മോഷണത്തിന് ശേഷം പോലീസിൽ നിന്ന് രക്ഷപെടാനായി ടൈബർ നദിയിൽ ചാടുന്നു. എന്നാൽ നദിയിൽ വച്ച് റേഡിയോ ആക്ടീവ് വേസ്റ്റുമായി സമ്പർക്കത്തിലേർപ്പെടുന്ന അയാൾക്ക് അമാനുഷിക ശക്തികൾ കൈവരുന്നു. ആദ്യമൊക്കെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രം തന്റെ ശക്തികൾ ഉപയോഗിക്കുന്ന അയാൾ തന്റെ നിയോഗം എന്താണെന്ന് തിരിച്ചറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

🔼 സാധാരണ സൂപ്പർ ഹീറോ ചിത്രങ്ങളിൽ നിന്ന് കഥയ്ക്ക് വലിയ മാറ്റമൊന്നും അവകാശപ്പെടാനില്ലെങ്കിലും മികച്ച തിരക്കഥയും അഭിനേതാക്കളുടെ പെർഫോർമൻസും ചിത്രത്തിനെ വേറിട്ട് നിർത്തുന്നു. പ്രധാന വില്ലൻ വേഷത്തിലെത്തിയ Luka Marinelli യുടെ പെർഫോർമൻസ് വളരെ മികച്ച് നിന്നു. പ്രേക്ഷകരിൽ ഭയവും വെറുപ്പും ജനിപ്പിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. അനിമേഷൻ മൂവി അഡിക്റ്റായ ചിത്രത്തിലെ നായികാ കഥാപാത്രം എൻസോയെ Jeeg Robot എന്ന അനിമേഷൻ സൂപ്പർ ഹീറോ ആയി തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ചിത്രത്തിന് അങ്ങനെ ഒരു പേര് നല്കിയിരിക്കുന്നത്. സ്പെഷ്യൽ ഇഫക്ട് ഗിമ്മിക്കുകൾ കുറച്ച് ത്രില്ലിംഗ് മൂഡിൽ മുന്നേറുന്ന ചിത്രം ബോക്സോഫീസിൽ മികച്ച വിജയവും നേടിയിരുന്നു. മൊത്തത്തിൽ സൂപ്പർ ഹീറോ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല വിരുന്നായിരിക്കും ഈ ചിത്രം.

🔼AMAZING CINEMA RATING : 3.5/5 (GOOD)

🔼For More Movie Reviews & Recommendations Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔼 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · English · Mystery · UK

162. THE LIMEHOUSE GOLEM (UK/MYSTERY/2016)

🔼162) THE LIMEHOUSE GOLEM (2016) 🔼A RECOMMENDATION🔹

🔼 നിരവധി പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി ആണോ അതോ അയാളെ ഉന്മൂലനം ചെയ്തയാളാണോ ആരാവും എക്കാലവും ഓർമ്മിക്കപ്പെടുക?

🔼COUNTRY : UK
LANGUAGE : ENGLISH
GENRE : MYSTERY THRILLER
DIRECTION : JUAN CARLOS MEDINA
IMDB RATING : 6.3/10
‎ROTTEN TOMATOES RATING : 77%

🔼Peter Ackroyd 1994 ൽ എഴുതിയ Dan Leno And The Limehouse Golem എന്ന നോവലിനെ ആധാരമാക്കിയാണ് The Limehouse Golem എന്ന ബ്രിട്ടീഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1880 ൽ വിക്ടോറിയൻ ലണ്ടനിലെ Limehouse ൽ നടക്കുന്ന അതിക്രൂരമായ നിരവധി കൊലപാതകങ്ങൾ ജനങ്ങളെ ഭയത്തിലാഴ്ത്തുന്നു. സാധാരണ ഒരു മനുഷ്യന് ചെയ്യാനാവാത്ത തരത്തിലുള്ള ആ കൊലപാതകങ്ങൾ ചെയ്തത് കഥകളിൽ പറയുന്ന Golem എന്ന ഭീകര സത്വമാണെന്ന് അവർ വിശ്വസിക്കുന്നു. അതിനിടയിൽ John Cree എന്ന തന്റെ ഭർത്താവിന് വിഷം നല്കി കൊലപ്പെടുത്തി എന്ന കുറ്റത്തിന് Elizabeth Cree എന്ന തിയേറ്റർ നടിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു .Golem കൊലപാതകങ്ങൾ അന്വേഷിക്കാനെത്തുന്ന പുതിയ ഇൻസ്പെക്ടർ John Kildare, ആ മരണങ്ങളും John Cree യുടെ കൊലപാതകവും തമ്മിൽ എന്തോ ചില ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്നു . John Kildare ന്റെ അന്വേഷണത്തിൽ നിഗൂഡതകളുടെ ചുരുളുകൾ ഓരോന്നായി അഴിയുമ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് പുറത്ത് വരുന്നത്.

🔼 വിക്ടോറിയൻ കാലഘട്ടത്തിൽ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന നിരവധി പ്രശസ്തർ ഈ ചിത്രത്തിൽ കഥാപാത്രങ്ങളിയെത്തുന്നുണ്ട്. പ്രശസ്ത സോഷ്യലിസ്റ്റ് ചിന്തകനായിരുന്ന Karl Marx, തിയേറ്റർ നടനായിരുന്ന Dan Leno എന്നിവരുടെ കഥാപാത്രങ്ങൾ അവയിൽ പെടുന്നു. ഒരു പാട് പ്രതീക്ഷയൊന്നുമില്ലാതെ കണ്ട് തുടങ്ങിയതാണെങ്കിലും അവസാനം അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെ ചിത്രം ഞെട്ടിച്ചു കളഞ്ഞു. Elizabeth Cree എന്ന കഥാപാത്രമായെത്തിയ Olivia Cooke ന്റെ പെർഫോർമൻസ് എടുത്ത് പറയേണ്ടതാണ് .പാളിച്ചകളില്ലാത്ത മികച്ച തിരക്കഥയും സംവിധാനവും കോസ്റ്റൂമുകളും അഭിനയ മികവും കൂടിച്ചേർന്നപ്പോൾ ഉയർന്ന നിലവാരമുള്ള ഒരു മിസ്റ്ററി ത്രില്ലർ ആണ് നമുക്ക് ലഭിച്ചത്. ആ കാലഘട്ടത്തിൽ സജീവമായിരുന്ന തിയേറ്റർ മ്യൂസിക്കൽ ഡ്രാമ നടീനടൻമാരുടെ ജീവിതം വളരെ നല്ല രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബ്രിട്ടീഷ് ചിത്രം നിങ്ങളെയും നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.

🔼 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Drama · English · USA

161. A GHOST STORY (USA/SUPERNATURAL DRAMA/2017)

🔹161) A GHOST STORY (2017)  🔹 A REVIEW 🔹

🔼 “When I was little and we used to move all the time, I wrote these notes, and I folded them up really small and I  hided them in different places so that if I ever wanted to go back, there would be a piece of me waiting.”

🔹COUNTRY : USA

     LANGUAGE : ENGLISH

     GENRE : SUPERNATURAL DRAMA

     DIRECTION : DAVID LOWERY

     ‎IMDB RATING : 7.2/10

     ‎ROTTEN TOMATOES RATING : 92%

🔹 OBSERVATIONS 🔹

🔼 മരണവും മരണാനന്തര ജീവിതവും എന്നും ലോകമെമ്പാടുമുള്ള സിനിമകൾക്ക് പ്രിയപ്പെട്ട വിഷയമാണ്. ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ മരിച്ച മനുഷ്യരുടെ ആത്മാക്കൾ ഭൂമി വിട്ടു പോകാതെ തങ്ങളെ ദ്രോഹിച്ചവരോട് ക്രൂരമായി പ്രതികാരം ചെയ്യുന്ന നിരവധി കഥകൾ നാം സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അത്മാവ് എന്നൊന്നുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം ജീവിച്ചിരിക്കുന്നവരോട് പ്രതികാരം ചെയ്യുക എന്നതാണോ ? തന്റെ പ്രിയപ്പെട്ടയാളെ അപ്രതീക്ഷിതമായി പിരിയേണ്ടി വന്ന ഒരാളുടെ ആത്മാവ് ഭൂമിയിൽത്തന്നെ നിലനില്ക്കുന്നതിന് മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമോ? തന്റെ ലക്ഷ്യ പൂർത്തീകരണത്തിന് വേണ്ടി , തന്റെ പ്രിയപ്പെട്ടവരെ വീണ്ടും കാണുന്നതിന് വേണ്ടി ഒരാത്മാവിന് ഏതറ്റം വരെ പോകാനാവും? അനശ്വരമായ അത്മാവിന് ഭാവി, ഭൂതം , വർത്തമാനം എന്നീ സമയബന്ധിതമായ കാലത്തിന്റെ ചാക്രികമായ സഞ്ചാരത്തിൽ നേർരേഖയിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാനാവുമോ? നാമോരോരുത്തരും ഭൂമി വിട്ടു പോകുമ്പോൾ നമ്മുടേതായ എന്ത് അടയാളങ്ങളാണ് ഇവിടെ അവശേഷിപ്പിക്കുന്നത്? എന്നും മനുഷ്യന് വ്യക്തമായ ഉത്തരം കിട്ടാത്ത ഇത്തരം നിരവധി ചോദ്യങ്ങളുമായാണ് David Lowery സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം A Ghost Story എത്തുന്നത്. 

🔼 ആഗ്രഹിച്ചത് പോലെ വിജയിക്കാനാവാത്ത ഒരു സംഗീതജ്ഞനും അദ്ദേഹത്തിന്റെ ഭാര്യയും ഉൾനാട്ടിലെ ഒരു ഒറ്റപ്പെട്ട വീട്ടിൽ താമസിക്കുന്നു. എന്നാൽ ഒരപകടത്തിൽ ഭർത്താവ് മരണപ്പെടുന്നതോടെ ഭാര്യ ഏകാന്തതയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്നു. പക്ഷേ ഭർത്താവിന്റെ ആത്മാവ് മോർച്ചറിയിൽ നിന്നും ശരീരത്തെ പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പോടെ ഉയർത്തെഴുനേറ്റ് തന്റെ വീട്ടിൽ എത്തുന്നു . കുറെ നാളുകൾക്ക് ശേഷം ഭാര്യ വീട് വിട്ട് താമസം മാറി പോകുന്നെങ്കിലും ആത്മാവ് അവിടം വിട്ട് പോകുന്നില്ല .താനും ഭാര്യയും തങ്ങളുടെ സന്തുഷ്ടമായ ജീവിതം ജീവിച്ച ആ വീടും സ്ഥലവും വിട്ടു പോകാതെ കഴിയുന്നതിന് അദൃശ്യനായ ആ ആത്മാവിന് ഒരു കാരണമുണ്ടായിരുന്നു. കാലത്തിന്റെ അനന്തമായ യാത്രയിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് തേടുവാൻ മാത്രം വില പിടിച്ചതെന്തോ അവിടെയുണ്ടായിരുന്നു. എന്തായിരുന്നു അത്?

🔹FINAL WORD🔹

🔼വളരെ രസകരമായി സിംപിളായി കണ്ട് തീർക്കാവുന്ന ഒരു ചിത്രമല്ലിത് . പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഒരു ഹൊറർ ചിത്രം അല്ല .വളരെ കുറച്ച് കഥാപാത്രങ്ങളെ ചിത്രത്തിലുള്ളു .പ്രേക്ഷകനെ ഞെട്ടിക്കാനുള്ള ട്വിസ്റ്റോ ഡ്രാമയോ ഒന്നുമില്ല. മിനിട്ടുകൾ നീളുന്ന ഡയലോഗുകളില്ലാത്ത ദീർഘമായ ഷോട്ടുകൾ നിങ്ങളെ മുഷിപ്പിച്ചേക്കാം. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കാനായി ഒരു ബോക്സിന്റെ ആകൃതിയിലുള്ള Aspect Ratio (1.33:1) ആണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. Pete’s Dragon എന്ന ഡിസ്നി ചിത്രത്തിന്റെ സംവിധായകനായ David Lowery വളരെ പുതുമയാർന്ന ഒരു ചിത്രീകരണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത് . സംഭാഷണങ്ങളിലൂടെയല്ലാതെ സംഗീതത്തിലൂടെയും  സിനിമാറ്റോഗ്രഫിയിലൂടെയും ചിത്രം ആവശ്യപ്പെടുന്ന മൂഡ് പ്രേക്ഷകരിലേക്കെത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. എന്നാൽ അത് എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാവില്ല എന്നത് ഒരു സത്യമാണ്. 

🔼കൂടുതൽ രംഗങ്ങളിലും വെള്ളത്തുണി പുതച്ച ഗോസ്റ്റ് ആയി എത്തുന്ന Casey Affleck ഉം ഭാര്യയുടെ വേഷത്തിലെത്തിയ Rooney Mara ഉം തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. ഭർത്താവിന്റെ മരണ ശേഷം വീട്ടിലെത്തി വികാരങ്ങളെല്ലാം കടിച്ചമർത്തി ഭക്ഷണം കഴിക്കുന്ന ദൈർഘ്യമേറിയ ഒരു രംഗം Rooney Mara ഗംഭീരമാക്കി. ശ്രദ്ധയോടെ കണ്ടിരുന്നാൽ ക്യാമറയുടെ നിരവധി പുതുമയാർന്ന ഷോട്ടുകൾ നിങ്ങൾക്ക് കാണാം. വളരെ മിനിമൽ സെറ്റിംഗ്സിൽ കുറഞ്ഞ ബഡ്ജറ്റിൽ ചിത്രകരിച്ചിരിക്കുന്ന ഈ ചിത്രം സീരിയസ് ആയി സിനിമയെ സമീപിക്കുന്നവർക്ക് മാത്രമുള്ളതാണ്. സാവധാനം മുന്നോട്ട് നീങ്ങുന്ന ചിത്രങ്ങൾ ലാഗ് എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നവർ ഒരിക്കലും ഈ ചിത്രം കാണാനേ ശ്രമിക്കരുത്. ചിത്രം ആവശ്യപ്പെടുന്ന ക്ഷമയോടെ താല്പര്യത്തോടെ കണ്ടിരിക്കുന്നവർക്ക് അവസാനം  മനസ്സിൽ നിന്ന് പെട്ടെന്ന് മായാത്ത ഒരു ഫീൽ ലഭിക്കുമെന്ന് ഉറപ്പാണ്. അത് തന്നെയാണ് ആത്യന്തികമായി സിനിമയുടെ ഉദ്ദേശ്യവും.

🔹 Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K