4.0 Star (Very Good) · Biography · Drama · Hindi · India

231. SANJU (INDIA/BIOGRAPHICAL DRAMA/2018)

#Movies_Watched_From_Theatres_2018

🔺 “മി. സഞ്ജയ് ദത്ത്, താങ്കളുടെ ഭാര്യയുടെ മുന്നിൽ വച്ച് ഒരു ചോദ്യം ചോദിച്ചോട്ടെ. സത്യസന്ധമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു”

“ചോദിച്ചോളൂ”

“താങ്കളുടെ ഭാര്യയുമായല്ലാതെ എത്ര സ്ത്രീകളുമായി താങ്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്?”

” പറയാം… പ്രോസ്റ്റിറ്റ്യൂറ്റ്സിനെ ഒഴിവാക്കാമല്ലോ അല്ലേ… ഞാനിക്കാര്യത്തിൽ അങ്ങനെ കണക്കൊന്നും സൂക്ഷിക്കാറില്ല. എങ്കിലും ഒരു 320-330 പേർ കൂട്ടിക്കോ. അല്ലെങ്കിൽ വേണ്ട ഒരു 350 ൽ റൗണ്ട് ചെയ്തോളൂ”

🔸MOVIE : SANJU (2018)
🔸COUNTRY : INDIA (HINDI)
🔸GENRE : BIOGRAPHICAL DRAMA
🔸DIRECTION : RAJKUMAR HIRANI
🔸THEATRE : KRIPA CINEMAS , TRIVANDRUM

🔺 രൺബീർ കപൂർ എന്ന നടന്റെ സഞ്ജയ് ദത്തായുള്ള അപാരമായ പരകായപ്രവേശമാണ് സഞ്ജു എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മദ്യത്തിനും മയക്ക് മരുന്നിനും അടിമയായ ജീവിതത്തിൽ യാതൊരു കൺട്രോളുമില്ലാത്ത യുവാവായ സഞ്ജുവായും അനുഭവങ്ങൾ പാഠങ്ങളാക്കിയ തെറ്റുകളിൽ നിന്ന് കരകയറി മുന്നോട്ട് നടന്ന് കയറിയ മധ്യവയസ്കനായ സഞ്ജയ് ദത്തായും രൺബീർ യാതൊരു അതിഭാവുകത്വവുമില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചു. സഞ്ജുവിന്റെ അച്ഛൻ സുനിൽ ദത്തായി പരേഷ് റാവലും സുഹൃത്ത് കമലേഷ് ആയി വിക്കി കൗശലും അതിമനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. ഗാനങ്ങളും സിനിമാറ്റോഗ്രഫിയും എല്ലാം ചിത്രത്തിന്റെ മൂഡിനോട് ചേർന്നതായിരുന്നു.

🔻 ബോളിവുഡ് വിവാദനായകനായ സഞ്ജയ് ദത്തിന്റെ ജീവിതം രാജ്കുമാർ ഹിറാനി സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ പതിവ് ഇൻഡ്യൻ ബയോഗ്രഫി ചിത്രങ്ങളുടെ മാതൃകയിലുള്ള ഒരു ചിത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സഞ്ജുവിൽ അതിനെക്കാളേറെ ഹിറാനി നമുക്കായി കരുതിയിരുന്നു. സഞ്ജയ് ദത്ത് ഒരു തെറ്റും ചെയ്യാത്തയാളാണെന്നോ നിരപരാധിയാണെന്നോ ഒന്നും പറഞ്ഞ് പുണ്യാളനാക്കാൻ ഹിറാനി ശ്രമിച്ചില്ല. പകരം തെറ്റുകൾ ചെയ്ത സാഹചര്യങ്ങൾ വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. ചിത്രം കണ്ട് എല്ലാവരും അതെല്ലാം വിശ്വസിക്കുമെന്നും ഹിറാനി കരുതുമെന്ന് തോന്നുന്നില്ല. പക്ഷേ അതിലെല്ലാത്തിലുമുപരി സിനിമ എന്ന നിലയിൽ പൂർണ സംതൃപ്തി നല്കിയ ചിത്രമാണ് സഞ്ജു എന്ന് പറയാതെ വയ്യ. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കാതെയാണ് ചിത്രം കണ്ട് തീർത്തത്. അത് കൊണ്ട് ചിത്രം പണം കൊടുത്ത് തിയേറ്ററിൽ പോയി കാണാൻ ആരും മടിക്കേണ്ടതില്ല.

🔸RATING : VERY GOOD ( A STRAIGHT TO THE HEART BIOGRAPHICAL DRAMA FILM)

Trivia : മീഡിയയുടേയും സഞ്ജുവിന്റെയും പക്ഷം നമ്മൾ കേട്ടു. യഥാർത്ഥത്തിൽ സത്യം എന്തായിരിക്കും? ആവോ…. ആർക്കറിയാം…!

Movie Review Post No.231
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Biography · English · USA

203. I, TONYA (USA/BIOGRAPHY/2017)

#Oscar2018MovieReviews
Post No. 15

🔸പ്രശസ്ത അമേരിക്കൻ ഫിഗർ സ്കേറ്റർ ആയിരുന്ന ടോണ്യ ഹാർഡിങ്ങിന്റെ ജീവിതം ആധാരമാക്കി ക്രേഗ് ഗില്ലെസ്പീ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷാ ചിത്രമാണ് ഐ, ടോണ്യ. അലിസൺ ജാനി ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2018 ലെ ഓസ്കാർ സ്വന്തമാക്കി.മോക്ക്യുമെൻററി രീതിയോടൊപ്പം കഥാപാത്രങ്ങൾ പ്രേക്ഷകനോട് നേരിട്ട് സംവദിക്കുന്ന രീതിയും ചിത്രത്തിൽ വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു.

🔸ചിത്രം : ഐ, ടോണ്യ I, TONYA (2017)
🔸രാജ്യം : യു എസ് എ
🔸ഓസ്കാർ അവാർഡുകൾ : മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സ്

🔸 മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ തന്നെ ഐസ് സ്കേറ്റിംഗ് അഭ്യസിച്ച് തുടങ്ങിയ ടോണ്യ തന്റെ ജീവിതം തന്നെ അതിന് വേണ്ടി ഉഴിഞ്ഞ് വച്ചു. കർക്കശ സ്വഭാവക്കാരിയായ അമ്മ മകളോട് യാതൊരു വിധ സ്നേഹ പരിളാളനകളും കാണിക്കാതെ കഠിന പരിശീലനത്തിന് അവളെ നിർബന്ധിതയാക്കി. സ്കേറ്റിംഗിന് വേണ്ടി മകളുടെ വിദ്യാഭ്യാസം പോലും ഒഴിവാക്കാൻ ആ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. സ്കേറ്റിംഗിൽ രണ്ട് ട്രിപ്പിൾ ആക്സൽ ജമ്പുകൾ ചെയ്ത ആദ്യ അമേരിക്കക്കാരിയെന്ന ബഹുമതി നേടിയെങ്കിലും ഒളിംബിക്സിൽ ആ വിജയം നിലനിർത്താൻ അവർക്കായില്ല. പിന്നീട് അവരുടെ പ്രധാന എതിരാളി ആയിരുന്ന നാൻസി കെരിഗലിനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണം അവരുടെ സകേറ്റിംഗ് കരിയറിന് തന്നെ വെല്ലുവിളിയായി.

🔸ജീവിതത്തിൽ വിജയങ്ങളെക്കാളും കൂടുതൽ പരാജയങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ടോണ്യ ഹാർഡിങ്ങ്. അവർക്കെതിരെയുള്ള ആരോപണങ്ങളിൽ പലതിനും കഴമ്പുണ്ട് താനും. സിനിമയിൽ ഏവർക്കും അറിയാവുന്ന യഥാർത്ഥ സംഭവങ്ങളെ ഒരു മോക്കുമെന്ററി സ്റ്റൈലിൽ അവതരിപ്പിച്ചതോടൊപ്പം ടോണ്യയുടെ ഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ യഥാർത്ഥ ടോണ്യ ഹാർഡിങ്ങ് ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. മാർഗട്ട് റോബി നായികാ വേഷത്തിൽ തകർത്തഭിനയിച്ച ഐ, ടോണ്യ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ പ്രേക്ഷകന് ടോണ്യ ഹാർഡിങ്ങ് എന്ന വ്യക്തിയോട് സമ്മിശ്രമായ വികാരങ്ങളാവും ഉണ്ടാവുക.

🔸ടോണ്യയെ അവരുടെ എല്ലാ ഗുണദോഷങ്ങളും സഹിതം ചിത്രത്തിൽ കാണിക്കുന്ന സംവിധായകൻ അവരെ നന്മയുടെ അവതാരമാക്കാനോ യാഥാർത്ഥ്യങ്ങളെ മൂടിവയ്ക്കാനോ ഒരിടത്തും ശ്രമിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ദേയമായ കാര്യം. ബയോഗ്രാഫിക്കൽ ചിത്രങ്ങൾ ഒരുക്കുന്ന നമ്മുടെ നാട്ടിലെ സംവിധായകർ ഇത്തരം ചിത്രങ്ങൾ കണ്ട് പഠിക്കണം എന്നാണ് എന്റെ അഭിപ്രായം. ചിത്രത്തിലെ ഐസ് സ്കേറ്റിംഗ് രംഗങ്ങൾ യഥാർത്ഥ സ്കേറ്റിംഗ് താരങ്ങളുടെ സഹായത്തോടെ അതി ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ദേയയായ മാർഗട്ട് റോബി ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ടോണ്യയുടെ അമ്മയുടെ വേഷത്തിലെത്തി ഓസ്കാർ സ്വന്തമാക്കിയ അലിസൺ ജാനിയുടെ പ്രകടനം ഓസ്കാറിൽ എല്ലാവരും ഒരുപോലെ അംഗീകരിച്ച ചുരുക്കം അവാർഡുകളിൽ ഒന്നായിരുന്നു.

🔸റേറ്റിംഗ് : 4/5

©️ PRADEEP V K

4.5 Star (Brilliant) · Biography · Cambodia · Drama · Khmer

169. FIRST THEY KILLED MY FATHER (CAMBODIA/BIOGRAPHY/2017)

🔸169) FIRST THEY KILLED MY FATHER (2017)🔸 ഒരു അവലോകനം 🔸

🔸 കമ്പോഡിയൻ ജനസംഖ്യയുടെ നാലിലൊന്നും തുടച്ചു നീക്കപ്പെട്ട 1975-79 കാലഘട്ടത്തിൽ നടന്ന അഭ്യന്തര കലാപകാല കൂട്ടക്കുരുതി അതിജീവിച്ച ലൗങ്ങ് ഉങ്ങ് എന്ന പിൽക്കാല മനുഷ്യാവകാശ പ്രവർത്തകയുടെ ഓർമ്മപ്പുസ്തകമായ FIRST THEY KILLED MY FATHER : A DAUGHTER OF CAMBODIA REMEMBERS നെ ആധാരമാക്കി ആഞ്ജലീന ജോളീ സംവിധാനം ചെയ്ത ചിത്രമാണിത്.

🔸COUNTRY : CAMBODIA
LANGUAGE : KHMER
GENRE : BIOGRAPHICAL HISTORICAL DRAMA
DIRECTION : ANGELINA JOLIE
IMDB RATING : 7.3 / 10
‎ROTTEN TOMATOES RATING : 89%

🔸 യുദ്ധമായാലും കലാപമായാലും അത് അവശേഷിപ്പിക്കുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ ഭീമമായ കണക്കുകൾ മാത്രമായിരിക്കും. മഹത്തായ ഒരു സംസ്കാരത്തിനുടമകളായ കമ്പോഡിയൻ ജനതയ്ക്ക് നീണ്ട പത്ത് വർഷക്കാലം അനുഭവിക്കേണ്ടി വന്നതും അത് തന്നെ. അഞ്ച് വർഷക്കാലം നീണ്ട് നിന്ന കമ്പോഡിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം 1975 ൽ ഗവൺമെന്റിൽ നിന്ന് കമ്പോഡിയൻ കമ്മ്യൂണിസ്റ്റുകളായ ഖമർ റൗജ് അധികാരം പിടിച്ചെടുക്കുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരേയും പട്ടാളക്കാരെയും വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളവരെയും പട്ടണത്തിൽ ജീവിക്കുന്നവരേയും തെരഞ്ഞുപിടിച്ച് അവരുടെ പണവും സമ്പത്തുമെല്ലാം തട്ടിയെടുത്ത് വീടുകളിൽ നിന്നും ആട്ടിപ്പായിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർത്ഥികളാവാൻ വിധിക്കപ്പെട്ട് നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അത്തരം ഒരു കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഏഴ് വയസുകാരിയായ ലൗങ്ങ് ഉങ്ങ്. അച്ഛനമ്മമാരിൽ നിന്നും സഹോദരങ്ങളിൽ നിന്നും വേർപെട്ട് പോയ അവളുടെ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.

🔸 കൂടുതലും കൊമേഴ്സ്യൽ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആഞ്ജലീന ജോളിയിൽ നിന്നും വളരെ വ്യത്യസ്തയാണ് സംവിധായികയായ ആഞ്ജലീന ജോളീ. പേരുകേട്ട ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയായ അവർ താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ യുദ്ധവും അതിൽ പീഡനങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെയും കഥയാണ് കൂടുതലും പറയാൻ ശ്രമിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് Lara croft Tomb raider എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് കമ്പോഡിയയിലെത്തിയ ആഞ്ജലീന അവിടെ വച്ച് ലൗങ്ങ് ഉങ്ങുമായി സൗഹൃദത്തിലാവുകയും അത് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അവർ രണ്ട് പേരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

🔸സംവിധായിക എന്ന നിലയിൽ ആഞ്ജലീനയുടെ ഏറ്റവും മികച്ച ചിത്രമായാണ് നിരൂപകർ ഈ ചിത്രത്തെ വാഴ്ത്തുന്നത്. തുടക്കം മുതൽ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ക്ലൈമാക്സ് രംഗത്തോടടുക്കുമ്പോൾ ഹൃദയമിടിപ്പ് നിലച്ച് പോകുന്ന രംഗങ്ങളാണ് കൺമുന്നിലേക്കെത്തുന്നത്. ലാൻഡ് മൈനുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച് പൊട്ടിത്തെറിച്ച് മരിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ രംഗങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുട്ടികളുടെ പെർഫോർമൻസ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പൂർണമായും ഒരു കുട്ടിയുടെ കണ്ണിലൂടെ കഥ പറയുന്ന ഈ ചിത്രം അമിതമായ വയലൻസോ രക്തച്ചൊരിച്ചിലോ സ്ക്രീനിൽ കാണിക്കാതെ തന്നെ ചുരുക്കം യുദ്ധരംഗങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരത മുഴുവനായും ആവാഹിച്ചിരിക്കുന്നു. ചിത്രം കണ്ട് കഴിയുമ്പോൾ സിനിമ എന്നതിലുപരിയായി ഇതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചതാണ് എന്ന ഭീകരമായ ആ സത്യം ഉയർത്തുന്ന നടുക്കം വിട്ട് മാറാൻ ഏറെ സമയമെടുക്കും. 90th അക്കാദമി അവാർഡിലെ കമ്പോഡിയയുടെ ഒഫിഷ്യൽ എൻട്രി കൂടിയാണ് ഈ ചിത്രം.

🔸RATING : 4.5/5 ( BRILLIANT )

🔸For More Movie Reviews Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔸 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Biography · Chile · Drama · English · France · USA

145. JACKIE (USA/BIOGRAPHICAL DRAMA/2016)

🔹145. JACKIE (2016)  🔽 A Review 🔽

🔹 അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ മരണവും തുടർസംഭവങ്ങളും അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന ജാക്വിലിൻ കെന്നഡിയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ്  ഈ ചിത്രത്തിൽ!

COUNTRY : USA | CHILE | FRANCE

LANGUAGE : ENGLISH

GENRE : BIOGRAPHICAL DRAMA

DIRECTION : PABLO LARRAIN

🔹SYNOPSIS 🔹

▪️ അമേരിക്കൻ ചരിത്രത്തിൽ തന്നെ കറുത്ത നിഴലുകൾ വീഴ്ത്തിയ സംഭവമായിരുന്നു പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ കൊലപാതകം .1963 നവംബർ 22 ന് ടെക്സാസിൽ കാറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു. കാറിൽ അദ്ദേഹത്തോടൊപ്പം ഭാര്യയായ ജാക്വിലിനും ടെക്സാസ് ഗവർണറായ ജോൺ കോണലിയും ഭാര്യയും ഉണ്ടായിരുന്നു . അദ്ദേഹത്തെ  വെടിവച്ച് വീഴ്ത്തിയ മുൻ യു.എസ്.മറൈനായ ലീ ഹാർവി ഓസ്വാൾഡിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വിചാരണ തുടങ്ങുന്നതിന് മുമ്പ് അയാളും ജാക്ക് റൂബി എന്ന ആളുടെ വെടിയേറ്റ് മരിച്ചു. അത് കൊണ്ട് തന്നെ കെന്നഡിയുടെ കൊലപാതകത്തിനുള്ള വ്യക്തമായ കാരണങ്ങൾ ഇന്നും ദുരൂഹമായി തുടരുകയാണ്.

▪️ ജാക്കി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ജാക്വിലിൻ കെന്നഡിയുടെ പ്രഥമ വനിത ആയുള്ള ചുരുങ്ങിയ കാലത്തെ ജീവിതത്തിന്റെ ഓർമകളും കെന്നഡിയുടെ മരണം അവരെ ഏതു രീതിയിൽ ബാധിച്ചു എന്നതിനെപ്പറ്റിയുമുള്ള  അന്വേഷണമാണ്  പാബ്ലോ ലാറയിൻ,  ജാക്കി എന്ന ചിത്രത്തിലൂടെ പറയുന്നത്. കെന്നഡിയുടെ മരണശേഷം ഒരു ജേർണലിസ്റ്റുമായി ജാക്കി നടത്തുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം ഫ്ലാഷ്ബാക്കുകളിലൂടെ  അവരുടെ ജീവിതം അനാവരണം ചെയ്യുന്നു. ജാക്വിലിൻ പ്രഥമ വനിത ആയതിന് ശേഷം വൈറ്റ് ഹൗസിൽ വരുത്തിയ മാറ്റങ്ങളും അപ്രതീക്ഷിതമായ  പടിയിറങ്ങലും  കുഞ്ഞുങ്ങളുമായുള്ള പിന്നീടുള്ള ജീവിതവും എല്ലാം ചിത്രത്തിന് വിഷയമാകുന്നു.

🔹VERDICT🔹

▪️ മറ്റൊരു പ്രഥമ വനിതയ്ക്കും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് ജാക്വിലിൻ കെന്നഡി കടന്നു പോയത് . അപകടത്തിന്  ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായാണ്  അവർ അന്ന് വൈസ് പ്രസിഡൻറായിരുന്ന ലിൻഡൻ ബി. ജോൺസന്റെ പ്രസിഡൻറായുള്ള സത്യപ്രതിജ്ഞയിൽ  പങ്കെടുത്തത്. ജാക്വിലിൻ കെന്നഡിയുടെ വേഷം നതാലി പോർട്ട്മാൻ അതിഗംഭീരമായി അവതരിപ്പിച്ചു . രൂപത്തിലും വേഷത്തിലും സംഭാഷണത്തിലും എല്ലാം ജാക്വിലിൻ ആയി മാറിയ നതാലി പോർട്ട്മാന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷനും ലഭിച്ചിരുന്നു. ജീവിച്ചിരുന്ന ഒരു പ്രശസ്ത വ്യക്തിയുടെ ജീവിതം പരാതികൾക്കിട നല്കാതെ മനോഹരമായി വെള്ളിത്തിരയിലെത്തിച്ച നതാലി തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്.

▪️ തന്റെ മുൻ ചിത്രമായ നെരൂദയിലൂടെ നിരൂപക പ്രശംസ നേടിയ പാബ്ലോ  ലാറയിൻ ഈ ചിത്രത്തിലും  തന്റെ കഴിവ് തെളിയിക്കുന്നുണ്ട്.  നെരൂദയിൽ സാങ്കല്പികതയും യാഥാർത്ഥ്യവും ഇടകലർത്തിയ ആഖ്യാനശൈലി  സ്വീകരിച്ച  അദ്ദേഹം ജാക്കിയിൽ കൂടുതൽ യാഥാർത്ഥ്യത്തോട്  ചേർന്ന്  നില്ക്കുന്നതായി  കാണാം. കെന്നഡിയുടെ മരണം ചിത്രത്തിൽ കാണിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങളോ മറ്റ് സംഭവ വികാസങ്ങളോ ചിത്രത്തിൽ വിഷയമാകുന്നില്ല. പല തലങ്ങളിലൂടെ കടന്ന് പോകുന്ന ജാക്വിലിൻ കെന്നഡിയുടെ വ്യക്തിത്വമാണ് ഈ ചിത്രത്തിന്റെ പ്രതിവാദ്യ വിഷയം . ചിത്രം പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് പോകുന്നുണ്ടെങ്കിലും നതാലി പോർട്ട്മാന്റെ പെർഫോർമൻസ് പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമാണ് .

🔹RATING : 3.5/5 ( GOOD )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Biography · Docu Drama · Hindi · India

134. SACHIN : A BILLION DREAMS (INDIA/BIOGRAPHICAL DOCU DRAMA/2017)

🔹134. SACHIN : A BILLION DREAMS ( INDIA/HINDI/2017/ BIOGRAPHICAL DOCU DRAMA/139 Min/Dir: James Erskine /Stars: Sachin Tendulkar )
🔹 SYNOPSIS 🔹

 

▪ ഇന്ത്യയിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരു മുഖവുരയുമില്ലാതെ മനസ്സിലാക്കുന്ന  പേര് ഒന്നേയുള്ളു .അതാണ് സച്ചിൻ എന്ന സച്ചിൻ രമേഷ് ടെണ്ടുൽക്കർ . 1989 നവംബർ 15ന് തന്റെ പതിനാറാമത്തെ വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2013 നവംബർ 16ന് തന്റെ ഇരുനൂറാമത്തെ ടെസ്റ്റ് മാച്ചോടു കൂടി 24 വർഷത്തെ പ്രൊഫഷണൽ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത് മറ്റാർക്കും ഒരിക്കലും നേടാനാവാത്ത നിരവധി നേട്ടങ്ങളോടെയാണ് .ഇന്ത്യക്കാർ ക്രിക്കറ്റിന്റെ ദൈവം എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു സിനിമാപ്രേമിയും ക്രിക്കറ്റ് പ്രേമിയും ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്ന് തീർച്ചയാണ് . എന്നാൽ ഒരു ഫീച്ചർ ഫിലിം നിർമ്മിച്ചാൽ ഏവർക്കും പരിചിതനായ സച്ചിനെ അവതരിപ്പിക്കാൻ ആർക്ക് കഴിയും എന്നത് ഒരു സംശയമായിരുന്നു . എന്നാൽ James Erskine സംവിധാനം ചെയ്ത Sachin : A Billion Dreams ഒരു ഡോക്യു ഡ്രാമ ആണ് . ഫീച്ചർ ഫിലിം പ്രതീക്ഷിച്ച് പോകുന്നവർക്ക് ആദ്യം ചെറിയ വിഷമമുണ്ടാകുമെങ്കിലും ചിത്രം മുഴുവൻ കണ്ട് കഴിയുമ്പോൾ ഒരു ഡോക്യു ഡ്രാമ ആയി ഈ ചിത്രം നിർമ്മിക്കാനെടുത്ത തീരുമാനം 100 % ശരിയാണെന്ന് ബോദ്ധ്യപ്പെടും .
▪സച്ചിൻ യഥാർത്ഥ സച്ചിൻ ടെണ്ടുൽക്കറായിത്തന്നെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു , അല്ല ജീവിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി . സച്ചിന്റെ തന്നെ മുഖവുരയോടു കൂടി ആരംഭിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ആദ്യ രംഗങ്ങളിൽ മാത്രമാണ് മറ്റ് അഭിനേതാക്കൾ അഭിനയിച്ചിരിക്കുന്നത് .കുടുംബാംഗങ്ങളുമായി പ്രത്യേകിച്ച് അച്ഛനും സഹോദരനുമായി സച്ചിനുണ്ടായിരുന്ന ആത്മബന്ധം യഥാർത്ഥ ആൾക്കാരിൽ നിന്ന് തന്നെ കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞത് മികച്ച ഒരു അനുഭവമായി .പതിനാറാമത്തെ വയസ്സിലെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം മുതലുള്ള അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട മിക്ക  മത്സരങ്ങളുടേയും വീഡിയോ ഫൂട്ടേജ് ചിത്രത്തിൽ കാണിക്കുന്നുണ്ട് . അതേപോലെ 1989 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യയിൽ നടന്ന പ്രധാന സംഭവങ്ങളെല്ലാം ചിത്രത്തിൽ പരാമർശിക്കുന്നുണ്ട് . ഇത് വരെ മറ്റാരും കണ്ടിട്ടില്ലാത്ത ഡ്രസ്സിംഗ് റൂം വീഡിയോസ് ഉൾപ്പെടുത്തിയത് രസകരമായിരുന്നു . സച്ചിന്റെ വിവാഹവും കുടുംബ ജീവിതത്തിലെ മുഹൂർത്തങ്ങളും കാണിക്കുന്ന അപൂർവ വീഡിയോസും ചിത്രത്തിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു .ക്രിക്കറ്റിലേയും പൊതുജീവിതത്തിലെയും പ്രശസ്തർ എല്ലാം ചിത്രത്തിൽ പലയിടങ്ങളിലായി വന്നു പോകുന്നുണ്ട്.
▪ലോകം  കണ്ട മികച്ച ക്രിക്കറ്റർ എന്നതിലുപരി ഒരു നല്ല മനുഷ്യനും കൂടിയായ സച്ചിന്റെ മകൻ , ഭർത്താവ്, അച്ഛൻ , സുഹൃത്ത് എന്നീ നിലകളിലെല്ലാമുള്ള  വ്യക്തിത്വം കാണാൻ ചിത്രം സഹായകരമായി . വിജയങ്ങൾ എല്ലാം രാജ്യത്തിന്റെ വിജയങ്ങളായി ഓരോ ഭാരതീയന്റെയും വിജയമായി കൊണ്ടാടുമ്പോൾ പരാജയങ്ങൾ പൂർണമായും കളിക്കാരുടെ മേൽ കെട്ടിവെയ്ക്കുന്ന നാമെല്ലാം ഉൾപ്പെടുന്ന ക്രിക്കറ്റ് പ്രേമികൾ യഥാർത്ഥത്തിൽ അവരിൽ ഏല്പിക്കുന്ന സമ്മർദ്ദം എത്ര വലുതാണെന്ന് ഈ ചിത്രം കാണുമ്പോൾ ബോദ്ധ്യമാകും .2003 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തിന് ശേഷം തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വീടിന് ചുറ്റും തോക്കേന്തിയ കമാൻഡോസ് ആയിരുന്നുവെന്നും ആഴ്ചകളോളം വീടിന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടേണ്ടി വന്നുവെന്നും സച്ചിൻ പറയുമ്പോൾ അത് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു പുനർവിചിന്തനത്തിന് വഴിയൊരുക്കട്ടെ എന്ന് പ്രത്യാശിക്കാം .
▪ഒരു ഡോക്യു ഡ്രാമ ആയതിനാൽ സാധാരണ സിനിമയുടെ സ്വാതന്ത്ര്യം ഒന്നും ഉപയോഗിക്കാനായില്ലെങ്കിലും ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .ഇന്ത്യൻ ക്രിക്കറ്റിന് തന്നെ മങ്ങലേല്പിച്ച കോഴ വിവാദം കൂടുതൽ വിശദീകരണങ്ങൾക്ക് മുതിരാതെ ആരെയും നേരിട്ട് കുറ്റപ്പെടുത്താതെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട് .സച്ചിൻ എന്ന വ്യക്തിയോടുള്ള ഇന്ത്യൻ ജനതയുടെ കറ കളഞ്ഞ ആരാധാന മാക്സിമം മുതലെടുക്കാൻ നിർമ്മാതാക്കൾ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് .എന്തായാലും ഒരു ക്രിക്കറ്റ് പ്രേമി അല്ലാതിരുന്നിട്ട് കൂടി ചിത്രം എനിക്ക് മികച്ച ഒരു അനുഭവം തന്നെ സമ്മാനിച്ചു . ചെറുപ്പത്തിൽ ടിവിയിൽ ആവേശത്തോടെ കണ്ട ക്രിക്കറ്റ് മത്സരങ്ങളുടെ രംഗങ്ങൾ  വീണ്ടും വലിയ സ്ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകർ പരിസരം മറന്ന് കയ്യടിക്കുണ്ടായിരുന്നു .അല്ലെങ്കിലും സച്ചിൻ…സച്ചിൻ… വിളികൾ തിയേറ്ററിൽ മുഴങ്ങുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ആവേശം കൊണ്ടില്ലെങ്കിലേ അത്ഭുതമുള്ളു .ഭാരതത്തിന്റെ അഭിമാനമായ സച്ചിൻ എന്ന വ്യക്തിത്വത്തിന് നല്കാവുന്ന ഏറ്റവും മികച്ച ട്രിബൂട്ട് , അതാണ് ഈ ചിത്രം. 
🔹VERDICT :  VERY GOOD ( A Straight To The Heart Docu Drama Film – Watch It In Theatres Itself  Which Is Tax-free In Kerala)
©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Biography · Chile · Drama · Spanish

77. NERUDA (CHILE/BIOGRAPHICAL DRAMA/2016)

🔹AMAZING CINEMA # 77
🔹MOVIE TITLE : NERUDA (2016)
🔹COUNTRY : CHILE
🔹LANGUAGE : SPANISH 
🔹DIRECTOR : PABLO LARRAIN
🔹GENRE : BIOGRAPHICAL DRAMA 
🔹 RUNNING TIME : 107MIN
🔹 STARRING : LUIS GNECCO, GAEL GARCIA BERNAL

🔹SYNOPSIS 🔹 

▪പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയെ നമുക്കറിയാം .എന്നാൽ ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ നെരൂദയുടെ ജീവചരിത്രം അല്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേട് കുറേ സത്യവും ബാക്കി ഫിക്ഷനുമായി അവതരിപ്പിച്ചിരിക്കുകയാണ്. 1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. അറസ്റ്റിൽ നിന്ന് രക്ഷപെടാൻ നെരൂദ സുഹൃത്തുക്കളുടെ  സഹായത്തോടെ ഒളിവിൽ താമസിക്കുന്നു . അവസാനം അതിർത്തി കടന്ന് അർജന്റീനയിലേക്ക് രക്ഷപ്പെടുന്നു .

▪മുകളിൽ പറഞ്ഞത് ചരിത്രമാണ് .എന്നാൽ നെരൂദ എന്ന ചിത്രം പറയുന്നത് ഇതല്ല.അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിന് ശേഷം നെരൂദയെ പിടികൂടാനായി ഓസ്കാർ പെല്യൂച്ചിനോ എന്ന പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു .അദ്ദേഹവും നെരൂദയുമായുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം നമുക്ക് ചിത്രത്തിൽ കാണാം . നെരൂദ എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും ഓസ്കാർ പെല്യൂച്ചിനോയുടെ തലത്തിൽ നിന്നു കൊണ്ടാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത് .കവിയായ നെരൂദയുടെ കവിതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി യാഥാർത്ഥ്യമാണോ അതോ എല്ലാം നെരൂദയുടെ ഭാവനാ സൃഷ്ടിയാണോ എന്ന സംശയം കാണികളിൽ നിറച്ചു കൊണ്ട് അതി മനോഹരമായാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . കവിതയുടെ സൗന്ദര്യവും കാല്പനികതയും നിറഞ്ഞ ഈ ചിത്രം വളരെ നല്ല ഒരു അനുഭവമാണ് സമ്മാനിക്കുന്നത് .

🔹AMAZING CINEMA RATING : 4/5

© PRADEEP V K (AMAZING CINEMA)

4.5 Star (Brilliant) · Biography · Drama · Poland · Polish

76. AFTER IMAGE (POLAND/DRAMA/2016)

🔹AMAZING CINEMA #76
🔹AFTERIMAGE ( 2016)
🔹COUNTRY : POLAND
🔹DIRECTOR : ANDRZEJ WAJDA
🔹GENRE : DRAMA
🔹RUNNING TIME : 98MIN
🔹STARRING : BOGUSLAW LINDA

🔹SYNOPSIS 🔹

▪പോളണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്ന വ്ലാഡിസ്ലാ സ്ട്രവിൻസ്കിയുടെ  1945-52 കാലഘട്ടത്തിലെ ജീവിതമാണ് ഈ ചിത്രത്തിൽ പറയുന്നത് .സംവിധായകനായ ആൻഡ്രൂ വജ്ദയുടെ അവസാന ചിത്രവുമാണിത് . ഒരു ദൃശ്വം നാം കണ്ടു കഴിയുമ്പോൾ നമ്മുടെ കണ്ണുകളിൽ ബാക്കിയാകുന്ന ചിത്രത്തെയാണ് അഫ്റ്റർ ഇമേജ് എന്ന് വിളിക്കുന്നത് .ഈ ആഫ്റ്റർ ഇമേജിനെ നന്നായി ഉപയോഗപ്പെടുത്തുന്നതാണ് ഒരു ചിത്രകാരന്റെ കഴിവ് എന്നതാണ് സ്ട്രിവൻസ്കി അഭിപ്രായപ്പെടുന്നത് .

▪തിയറി ഓഫ് വിഷൻ എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവായ സ്ട്രവിൻസ്കി കലയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല 1945 ൽ സ്റ്റാലിനിസ്റ്റ് ഭരണം പോളണ്ടിൽ പിടിമുറുക്കിയപ്പോൾ കലാകാരൻമാർക്കെല്ലാം ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടായി .എല്ലാ കലകളും സോഷ്യലിസ്റ്റ് ആശയങ്ങൾ പിൻതുടരണമെന്ന ഗവൺമെന്റിന്റെ നിർദ്ദേശം കലാകാരൻ എന്നും മാറ്റങ്ങൾക്ക് വിധേയരായി മുന്നോട്ടു പോകണം എന്ന് പറഞ്ഞ് സ്ട്രവിൻസ്കി തള്ളിക്കളഞ്ഞു .തൻമൂലം അദ്ദേഹത്തിന്റെ കോളേജിലെ പ്രൊഫസർ ജോലിയും ആർട്ട് സൊസൈറ്റിയുടെ അംഗത്വവും എല്ലാം നഷ്ടപ്പെടുന്നു . മുൻപ് യുദ്ധത്തിൽ ഒരു കയ്യും കാലും നഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവസാനം ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത അവസ്ഥയിലെത്തുന്നു .

▪സോഷ്യലിസം എന്ന ആശയത്തിന്റെ വേറിട്ടൊരു മുഖം കാട്ടിത്തരുന്ന ഈ ചിത്രത്തെക്കുറിച്ച് അതി മനോഹരം എന്നേ പറയാനുള്ളു .1945 കാലഘട്ടത്തിലെ പോളണ്ടും അന്നത്തെ ജീവിതവും അതീവ ശ്രദ്ധയോടെ ചിത്രത്തിൽ അനാവരണം ചെയ്തിരിക്കുന്നു .ലോകം വാഴ്ത്തുന്ന മഹാനായ ചിത്രകാരന്റെ മകളായിരുന്നിട്ടും ഒരു അനാഥയെപ്പോലെ ജീവിക്കേണ്ടി വരുന്ന സ്ട്രവിൻസ്കി യുടെ മകൾ നിങ്ങളുടെ കണ്ണ് നനയിക്കും .സ്ട്രവിൻസ്കി യുടെ വേഷം അവതരിപ്പിച്ച Boguslaw Linda യുടെ പെർഫോർമൻസ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു .  2016 IFFK യിൽ കണ്ട ഏറ്റവും കലാമൂല്യമുള്ള ചിത്രവും ഇതു തന്നെയായിരുന്നു .

🔹AMAZING CINEMA RATING : 4.5/5
© PRADEEP V K (AMAZING CINEMA)