3.5 Star (Good) · Epic · Fantasy · India · Telugu

127. BAAHUBALI 2 THE CONCLUSION (INDIA/EPIC FANTASY/2017)

127. BAAHUBALI 2: THE CONCLUSION (INDIA/TELUGU/2017/ Epic Fantasy Film/171 Min/Dir: S.S.Rajamouli /Stars: Prabhas, Anushka Shetty, Rana Daggubati, Sathyaraj, Nassar)

🔹SYNOPSIS 🔹

▪ 2015ൽ തിയേറ്ററിലെത്തിയ ബാഹുബലി ദി ബിഗിനിങ്ങ് എന്ന ചിത്രം മുടക്ക് മുതൽ കൊണ്ടും പ്രേക്ഷക പ്രീതികൊണ്ടും ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു . എസ്.എസ്.രാജമൗലി എന്ന സംവിധായകനും പ്രഭാസ് എന്ന നടനും ലോകം മൊത്തം അറിയപ്പെടാൻ കാരണമായ ഈ ചിത്രം വൻ മുതൽ മുടക്കിൽ ഇന്ത്യയിൽ ചിത്രങ്ങളൊരുക്കാൻ നിർമ്മാതാക്കൾക്ക് ധൈര്യം പകരുകയും ചെയ്തു .പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അവസാനിച്ച ആദ്യഭാഗം അടുത്ത ഭാഗത്തിന് വേണ്ടി രണ്ട് വർഷം കാത്തിരിക്കാൻ പ്രേക്ഷകർക്ക് പ്രചോദനമേകി .ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച ആദ്യ ചിത്രത്തിലെ എല്ലാ സംശയങ്ങൾക്കും ഉള്ള വ്യക്തമായ മറുപടിയുമായാണ് രണ്ടാം ഭാഗമായ ബാഹുബലി ദി കൺക്ലൂഷൻ എത്തുന്നത് .

▪ആദ്യഭാഗം അവസാനിച്ചിടത്ത് നിന്നും ആരംഭിക്കുന്ന രണ്ടാം ഭാഗം കട്ടപ്പ പറയുന്ന കഥയിലൂടെ മുന്നോട്ട് പോകുന്നു. മഹിഷ്മതി രാജ്യത്തെ രാജകുമാരൻമാരായ അമരേന്ദ്രബാഹുബലിയും ഭല്ലാളദേവനുമായുള്ള അധികാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും പ്രണയവും ചതിയും  സെന്റിമെൻറ്സും യുദ്ധവും എല്ലാം ചേർന്ന കഥയാണ് രണ്ടാം ഭാഗത്തിൽ പ്രേക്ഷകന് വേണ്ടി ഒരുക്കിയിരിക്കുന്നത് . നാല് വർഷത്തോളം ഈ ചിത്രത്തിനായി മാറ്റി വച്ച് കഠിനാധ്വാനം ചെയ്ത് പ്രഭാസ് അമരേന്ദ്രബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും ചിത്രത്തിൽ നിറഞ്ഞു നിന്നു .നായകനോട് കിടപിടിക്കുന്ന ശക്തമായ നായിക കുന്തള രാജകുമാരി ദേവസേനയായി അനുഷ്ക മിന്നുന്ന പ്രകടനം കാഴ്ച വച്ചു .ശരിയും തെറ്റും തിരിച്ചറിയാനാവാതെ ഉഴറുന്ന രാജമാതാവ് ശിവകാമിയായി രമ്യകൃഷ്ണൻ ആദ്യഭാഗത്തിലെ പെർഫോർമൻസ് ആവർത്തിച്ചു . കട്ടപ്പയെന്ന വിശ്വസ്തനായ സേവകനായി സത്യരാജും അസാമാന്യ മെയ് വഴക്കവുമായി ഭല്ലാളദേവനായി റാണ ദഗ്ഗുബട്ടിയും ചതിയുടെ കരുക്കൾ നീക്കുന്ന പിംഗാളദേവനായി നാസറും എല്ലാ രംഗത്തും മികച്ചു നിന്നു . എല്ലാത്തിനും ഉപരിയായി തിരക്കഥാകൃത്തും  സംവിധായകനുമായി തന്റെ സ്വപ്നചിത്രത്തിനായി വർഷങ്ങൾ അധ്വാനിച്ച രാജമൗലിക്ക് ഹ്യദ്യമായ അഭിനന്ദനങ്ങൾ .

▪മികച്ച പശ്ചാത്തല സംഗീതം അകമ്പടിയായ ചിത്രത്തിലെ ഗാനങ്ങൾ ശരാശരിയിലൊതുങ്ങി . CGI യും വിഷ്വൽ ഇഫക്ട്സും ശരാശരി നിലവാരം പുലർത്തിയെങ്കിലും പല രംഗങ്ങളിലും ഒറിജിനാലിറ്റി തോന്നിയിരുന്നില്ല . ചിത്രത്തിൽ കട്ടപ്പ ഉൾപ്പെടുന്ന  കോമഡി രംഗങ്ങൾ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന്  യോജിച്ചതായി  തോന്നിയില്ലെങ്കിലും കഥാഗതിക്ക് അനുയോജ്യമായിരുന്നു . രാജാവിന്റെ പട്ടാഭിഷേകം ചിത്രീകരിക്കുന്ന ആദ്യ പകുതിയുടെ അവസാന മിനിട്ടുകൾ പ്രേക്ഷകനെ ആകാംഷയുടെ കൊടുമുടിയിൽ എത്തിക്കാൻ പര്യാപ്തമായിരുന്നു . തമിഴ് വേർഷനിൽ ചിലയിടങ്ങളിൽ ലിപ് സിങ്കിംഗിലെ അപാകത നിഴലിച്ച് നിന്നു .എങ്കിലും ആദ്യഭാഗത്തെ സംശയങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നല്കുന്ന ഈ ചിത്രം അവസാനിക്കുമ്പോൾ സാധാരണ പ്രേക്ഷകൻ ആഗ്രഹിച്ചത് നല്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം .

▪ഇത് ഒരു പൂർണമായ സാങ്കല്പിക കഥയും കഥാപാത്രങ്ങളും നിറഞ്ഞ സിനിമയാണ് .ഇത്തരം ചിത്രങ്ങളിൽ കഥാപാത്രങ്ങൾ മനുഷ്യരെങ്കിലും അവരുടെ പ്രവൃത്തികൾ അമാനുഷികമാവുന്നത് സ്വാഭാവികമാണ് . കുട്ടിക്കാലത്ത് ആയിരം ആനകളുടെ ശക്തിയുണ്ടായിരുന്ന കാർത്തവീര്യാർജുനന്റെ കഥ വായിച്ച്  ആവേശം കൊണ്ടവരാണ് നാമെല്ലാം . ഭാരതത്തിലെ പുരാണകഥകളും വേദകഥകളും മഹാഭാരതവും എല്ലാം വായിച്ച് അവയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജമൗലി സൃഷ്ടിച്ച കഥാപാത്രങ്ങളാണ്  ആനയേക്കാൾ ബലമുള്ള വെറും കൈകൾ കൊണ്ട് വൃക്ഷങ്ങൾ പോലും പിഴുതെടുക്കാൻ ശക്തിയുള്ള ബാഹുബലിയും ഒറ്റയടിക്ക് കാട്ടുപോത്തിനെപ്പോലും വീഴ്ത്തുന്ന ഭല്ലാളദേവനും എല്ലാം .അവരിൽ ഒരു കാർത്തവീര്യാർജുനനേയോ  ഭീമസേനനേയോ അർജുനനേയോ ശകുനിയേയോ കണ്ടാൽ നിങ്ങൾ അദ്ഭുതപ്പെടേണ്ടതില്ല . എന്നാൽ മാർവലും ഡിസിയും ഡിസ്നിയും ആയിരക്കണക്കിന് കോടി ഡോളർ ചെലവാക്കി അണിയിച്ചൊരുക്കുന്ന ഹോളിവുഡ് ചിത്രങ്ങളുമായി ഈ ചിത്രത്തിലെ ഇഫക്ട്സിനെ താരതമ്യം ചെയ്യരുത് എന്ന കാര്യം പ്രത്യേകം ഓർക്കുക. ഇതെല്ലാം മനസ്സിൽ വച്ച് ഡി വി ഡി റിലീസിനായി കാത്ത് നില്ക്കാതെ അത്യാധുനിക ശബ്ദ ദൃശ്യ സൗകര്യങ്ങളുള്ള തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ബാഹുബലി ദി കൺക്ലൂഷൻ . 

🔹VERDICT :  VISUALLY STUNNING MASS ENTERTAINER  ( Watching In Theatres With Good Sound And Picture Quality is Recommended.

©PRADEEP V K (AMAZING CINEMA)

Advertisements
3.0 Star (Above Average) · Epic · India · Malayalam

110. VEERAM (INDIA/EPIC DRAMA/2017)

🔹AMAZING CINEMA #110

🔹VEERAM (India/Malayalam/Epic Drama/2017/Dir: Jayaraj/Starring: Kunal Kapoor, Divina Thakkoor)

🔹SYNOPSIS🔹

▪നവരസങ്ങളെ ആധാരമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഞ്ചാമത്തേതും അദ്ദേഹത്തിന്റെ തന്നെ ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കിയ ചിത്രങ്ങളിൽ മൂന്നാമത്തേതും ആണ് വീരം . ഈ ചിത്രത്തിൽ ജയരാജ് ഷേക്സ്പിയർ നാടകമായ മാക്ബത്തിന്റെ കഥയും വടക്കൻ പാട്ടുകളിലൂടെ ഏവർക്കും പരിചിതനായ ചന്തു ചേകവരുടേയും കഥകൾ തമ്മിൽ സമന്വയിപ്പിച്ചിരിക്കുന്നു . 35 കോടിയോളം മുതൽ മുടക്കി മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് വീരം എത്തിയിരിക്കുന്നത് .

▪പുത്തൂരം വീട്ടിലെ ആരോമൽ ചേകവരുടേയും മച്ചുനൻ ചന്തുവിന്റെയും കഥ എല്ലാവർക്കും അറിയാവുന്നതാണ് .ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ എം.ടി ചന്തുവിനെ നല്ലവനായ യോദ്ധാവായി ചിത്രീകരിച്ചുവെങ്കിലും യഥാർത്ഥ ചന്തു ചതിയൻ തന്നെയായിരുന്നു . ആ ചതിയൻ ചന്തുവിന്റെ കഥയാണ് വീരം . മികച്ച യോദ്ധാവായ ചന്തു ( കുനാൽ കപൂർ) രണ്ട് മന്ത്രവാദിനികളുടെ പ്രവചനങ്ങൾ കേൾക്കാനിടയാവുകയും അവയിൽ ചിലത് സംഭവിക്കുമ്പോൾ അവർ പറഞ്ഞതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നു .അരിങ്ങോടരുടെ അനന്തിരവളായ കുട്ടിമാളു (ദിവിന താക്കൂർ) വും പുത്തൂരം വീട്ടിലെ ആരോമൽ ചേകവരുടെ സഹോദരിയായ ഉണ്ണിയാർച്ച (ഹിമാർഷ വെങ്കിട സാമി) യുമാണ് ചന്തുവിന്റെ ജീവിതം മാറ്റിമറിക്കുന്ന രണ്ട് സ്ത്രീകൾ . ഉണ്ണിയാർച്ചയെ തനിക്ക് നഷ്ടപ്പെടാൻ കാരണക്കാരനായ ആരോമലിനോടുള്ള വിരോധവും കുട്ടിമാളുവിനോടുള്ള സ്നേഹവും മന്ത്രവാദിനികളുടെ പ്രവചനങ്ങളും ചന്തുവിനെ ചതിയൻ ആക്കി മാറ്റുന്നതും അതിന് ശേഷം അയാളും കുട്ടിമാളുവും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത് .

🔹CRITICISM 🔹

▪ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മികച്ച സ്പെഷൽ ഇഫക്സും കളരിപ്പയറ്റ് യുദ്ധരംഗങ്ങളുമാണ് .ഒരുപാട് പരാതികൾക്ക് ഇടം നല്കാതെ ടെക്നിക്കൽ രംഗങ്ങൾ വളരെ ഭംഗിയാക്കിയിട്ടുണ്ട് .ചിത്രത്തിലെ മൂന്ന് പ്രധാന പോരാട്ടരംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ .അതു പോലെ അജന്ത എല്ലോറ ഗുഹകളിൽ ചിത്രീകരിച്ച രംഗങ്ങളക്കം ലൊക്കേഷനുകൾ എല്ലാം മികച്ചു നിന്നു .കുനാൽ കപൂർ ചന്തുവിന്റെ വേഷം ഭംഗിയാക്കിയപ്പോൾ കുട്ടിമാളുവായി ദിവിന താക്കൂറും ആരോമലായി ശിവജിത്ത് നമ്പ്യാരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു .Jeff Rona യുടെ സംഗീതവും എസ്.കുമാറിന്റെ ഛായാഗ്രഹണവും Alan Poppleton ന്റെ ആക്ഷൻ കോറിയോഗ്രഫിയും Trefor Proud ന്റെ മേക്കപ്പും എല്ലാം  ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിന് മാറ്റ് കൂട്ടുന്നു .   ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ബോഡി ആർട്ട് നല്കിയിരിക്കുന്നത് വളരെ ശ്രദ്ദേയമാണ്. ഗാനങ്ങളൊന്നും ദൃശ്യവല്കരിച്ചിട്ടില്ലെങ്കിലും ടൈറ്റിൽ സോങ്ങ് ആയ ഇംഗ്ലീഷ് ഗാനം വളരെ മനോഹരമായിരുന്നു .എല്ലാം കൊണ്ടും മലയാളത്തിൽ വളരെ പുതുമയുള്ള ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ഈ ചിത്രം .

▪കേട്ടു പഴകിയ ഒരു കഥ സിനിമ ആക്കുമ്പോൾ ചിത്രത്തിന്റെ തിരക്കഥയാണ് ഏറ്റവും പ്രധാനം . വീരം കുറച്ച് പിന്നോട്ട് പോകുന്നത് അക്കാര്യത്തിലാണ് .102 മിനിട്ട് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ കഥാപാത്രങ്ങളെ പ്രേക്ഷകനിലേക്ക് പൂർണമായും അടുപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ് .മക്ബത്ത് എന്ന പേര് കേൾക്കുമ്പോൾ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഇർഫാൻ ഖാനും തബുവും പങ്കജ് കപൂറും തകർത്തഭിനയിച്ച MAQBOOL എന്ന ബ്രില്യന്റ് ആയ ഹിന്ദി ചിത്രമാണ് ആദ്യം ഓർമ വരുന്നത് . അതുപോലെ Michael Fassbender അഭിനയിച്ച് Justin Kurzel സംവിധാനം ചെയ്ത ഫ്രഞ്ച് – ബ്രിട്ടീഷ് ചിത്രവും മറക്കാനാവില്ല . ഇപ്പറഞ്ഞ ചിത്രങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും വടക്കൻ പാട്ടും മാക്ബത്തും തമ്മിൽ സംയോജിപ്പിച്ച് ഒരു മികച്ച ചിത്രമൊരുക്കാൻ ജയരാജിന് സാധിച്ചിട്ടുണ്ട് . എന്തുകൊണ്ടും മലയാള സിനിമയിലെ ഒരു നാഴികക്കല്ല് തന്നെയാണ് ഈ ചിത്രം .

🔹റേറ്റിംഗ് : 3/5 ( Technically Stunning Epic Drama )

🔹പിൻകുറിപ്പ് : 35 കോടി മുതൽ മുടക്കി ഒരു ചിത്രം എടുത്തിട്ട് അതിന്റെ പ്രൊമോഷന് വേണ്ടി കാര്യമായി ഒന്നും ചെയ്യാതിരിക്കുക എന്നത് വളരെ കഷ്ടമാണ്. ചിലപ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ചിത്രം ഇറങ്ങുന്നത് കൊണ്ടാവാം . ഈ ചിത്രം അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ ദയവായി മികച്ച ശബ്ദ ദൃശ്യ സൗകര്യങ്ങളുള്ള തിയേറ്ററിൽ തന്നെ പോയി കാണുക . കഥാപാത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങൾ മാത്രം അഭിനയിക്കുന്ന ഒരു ഫാൻസ് അസോസിയേഷനുകളും സപ്പോർട്ട് ചെയ്യാത്ത ഇത്തരം മികച്ച ചിത്രങ്ങൾ വിജയിക്കേണ്ടത് മലയാള സിനിമയുടെ വളർച്ചക്ക് ആവശ്യമാണെന്ന് ഓരോ സിനിമാ സ്നേഹിയും ഓർക്കുക .
©PRADEEP V K