3.5 Star (Good) · Drama · Fantasy · Japan · Japanese

139. IF CATS DISAPPEARED FROM THE WORLD (JAPAN/FANTASY DRAMA/2016)

🔹139. IF CATS DISAPPEARED FROM THE WORLD (Japan/Japanese/2016/ Fantasy Drama/103 Min/Dir: Akira Nagai/Stars: Takeru Satoh, Aoi Miyazaki )

🔹 SYNOPSIS 🔹

 

▪ ജനനവും മരണവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .ഒരു ദിവസം അപ്രതീക്ഷിതമായി  നമുക്ക് മരണം സംഭവിച്ചാൽ നാമെന്താണ് ഈ ലോകത്ത് ബാക്കി വയ്ക്കുക? ശരീരത്തിനപ്പുറത്ത് ഓരോ മനുഷ്യരും മറ്റ് മനുഷ്യരോടും ജീവികളോടും നിർജീവ വസ്തുക്കളോടും പ്രകൃതിയോടും തിരിച്ചറിയാനാവാത്ത എന്തോ ഒരു ആത്മബന്ധം അനുഭവിക്കുന്നില്ലേ?

▪ ജീവിതത്തെയും  മരണത്തെയും അവയ്ക്കിടയിലുള്ള ആത്മബന്ധങ്ങളെയും വ്യത്യസ്തമായ തലത്തിൽ നോക്കിക്കാണുന്ന ജാപ്പനീസ് ഫാന്റസി ചിത്രമാണ് IF CATS DISAPPEARED FROM THE WORLD. അപ്രതീക്ഷിതമായി തനിക്ക് ബ്രയിൻ ട്യൂമർ ആണെന്നും ജീവിതത്തിൽ  ഇനി കുറച്ച്  ദിവസങ്ങൾ  മാത്രമേ ബാക്കിയുള്ളുവെന്നും  മനസ്സിലാക്കുന്ന പോസ്റ്റ്മാനായ ചെറുപ്പക്കാരനെത്തേടി ആ രാത്രി എത്തിയത് മറ്റാരുമല്ല , മരണദേവൻ തന്നെയായിരുന്നു .അയാളുടെ ആയുസ്സ് ഒരു ദിവസം നീട്ടുന്നതിന് പകരമായി മരണദേവൻ ആവശ്യപ്പെടുന്നത് ഈ ലോകത്തുള്ള ഏതെങ്കിലും ഒരു വസ്തു പൂർണമായും മായ്ച്ച് കളയാനാണ് . അങ്ങനെ മായ്ച്ച് കളഞ്ഞാൽ ആ വസ്തുവിനോടൊപ്പം അതുമായി ബന്ധപ്പെട്ട് എല്ലാവരിലുമുള്ള ഓർമകളും മാഞ്ഞ് പോകും എന്നോർക്കുക .തന്റെ ജീവൻ നിലനിർത്താനായി ആ ഓഫർ സ്വീകരിക്കുന്ന അയാൾ ഓരോ ദിവസവും  മായ്ച്ച് കളയുന്ന വസ്തുക്കളിലൂടെ  തന്റെ ജീവിതത്തെക്കുറിച്ച് താൻ പോലും മറന്ന് പോയ പല കാര്യങ്ങളും  മനസ്സിലാക്കുന്നു .

▪മനോഹരമായ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം .ദൃശ്യഭംഗി നിറഞ്ഞു കവിയുന്ന കാവ്യാത്മകത തുളുമ്പുന്ന ഷോട്ടുകൾ. വളരെ പതുക്കെ ആണ് ചിത്രത്തിന്റെ കഥാഗതി എങ്കിലും ഒട്ടും ബോറടിക്കാത്ത ആഖ്യാനശൈലി പ്രേക്ഷകരെ പിടിച്ചിരുത്തും .നായകന്റെ പ്രണയവും  സുഹൃത്ബന്ധവും അമ്മയുമായുള്ള ആത്മബന്ധവും അച്ഛന്റെ തിരിച്ചറിയാനാവാത്ത സ്നേഹവും എല്ലാം നിങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കും .കയ്യടക്കമുള്ള സംവിധാന ശൈലിയും  മികച്ച  തിരക്കഥയും തനിമയാർന്ന അഭിനയവും പുതുമയുള്ള സ്പെഷൽ ഇഫക്ടുകളും ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു .ഈ ചിത്രം കണ്ട് കഴിയുമ്പോൾ ജീവിതത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണാൻ നിങ്ങളോരോരുത്തരും  ശ്രമിക്കുമെന്ന്  തീർച്ചയാണ് .

🔹VERDICT :  GOOD ( A Beautiful Fantasy Drama With A Heart Touching Storyline )

©PRADEEP V K (AMAZING CINEMA)

Advertisements
3.5 Star (Good) · Action · English · Fantasy · USA

138. THE CROW (USA/DARK FANTASY ACTION/1994)

🔹138. THE CROW (USA/English/1994/Dark Fantasy Action Film/102 Min/Dir: Alex Proyas/Stars: Brandon Lee, Michael Wincott, Sofia Shinas )

🔹 SYNOPSIS 🔹

▪  പ്രശസ്ത നടൻ ബ്രാൻഡൻ ലീ ( ബ്രൂസ് ലീ യുടെ മകൻ ) അഭിനയിച്ച അവസാന ചിത്രമാണ് 1994 ൽ പുറത്തിറങ്ങിയ The Crow .ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ആക്ഷൻ രംഗത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ചിത്രീകരണത്തിനുപയോഗിച്ച തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം . തോക്കിന്റെ മെക്കാനിക്കൽ തകരാറ് മൂലം സംഭവിച്ച അപകടമായാണ് പോലീസ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്തായാലും 32  വയസ്സിൽ മരണമടഞ്ഞ ബ്രൂസ് ലീയുടെ മകനും 28 വയസ്സിൽ മരണപ്പെട്ടത് സിനിമാ സ്നേഹികളുടെ മനസ്സിൽ ഒരിക്കലും മറക്കാനാവാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു. അതുവരെ കൂടുതലും ലോ ബഡ്ജറ്റ് ആക്ഷൻ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ബ്രാൻഡൻ ലീയുടെ ഏറ്റവും ശ്രദ്ദേയമായതും വൻ വിജയമായതുമായ ചിത്രമായിരുന്ന The Crow അതേ പേരിൽ തന്നെയുള്ള കോമിക് ബുക്കിനെ ആധാരമാക്കി നിർമ്മിച്ചതാണ് .ലീയുടെ മരണശേഷം മറ്റ് പലരേയും നായകരാക്കി മൂന്ന് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

▪ തന്നെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനായി ഉയർത്തെഴുനേൽക്കുന്ന എറിക് ഡ്രേവൻ എന്ന റോക്ക് മ്യൂസിഷ്യന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . ഒരു സാങ്കല്പിക നഗരത്തിനുള്ളിൽ കൂടുതലും രാത്രി മാത്രം നടക്കുന്ന രംഗങ്ങൾ നിറഞ്ഞ ചിത്രം കഥാപരമായി പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും വ്യത്യസ്തമായ ചിത്രീകരണരീതി കൊണ്ടും ലീയുടെ അവസാന ചിത്രമെന്ന നിലയിലും ശ്രദ്ദേയമായി .പൂർണമായും ഡാർക്ക് മൂഡിലുള്ള ചിത്രത്തിന്റെ മികച്ച ക്യാമറാ വർക്കും പുതുമയാർന്ന വിഷ്യൽ സ്റ്റൈലും ഈ ചിത്രത്തിന് ഒരു കൾട്ട് സ്റ്റാറ്റസ് നേടിക്കൊടുത്തു . ലീയുടെ മരണശേഷം ബോഡി ഡബിൾസിനെ ഉപയോഗിച്ച് വിഷ്വൽ ഇഫക്ട്സിന്റെ സഹായത്താൽ പൂർത്തീകരിച്ച ഈ ചിത്രം മികച്ച അക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് .നിരൂപകരും പ്രേക്ഷകരും ഒരേ പോലെ സ്വീകരിച്ച ഈ ചിത്രം ഒരുപാട് ഉയരങ്ങളിലെത്തേണ്ട ഒരു നടന്റെ അവസാനത്തേതായത് യാദൃച്ശികമെന്ന് കരുതാനേ നമുക്ക് കഴിയൂ.

🔹VERDICT :  GOOD ( An Action Feast With A Unique Visual Style)

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Animation · Fantasy · Japan · Japanese

132. THE SECRET WORLD OF ARRIETTY (JAPAN/ANIMATED FANTASY/2010)

132. THE SECRET WORLD OF ARRIETTY (JAPAN/JAPANESE/2010/ Animated Fantasy/95 Min/Dir: Hiromasa Yonebayashi /Stars: Mirai Shida, Ryunosuke Kamiki)
🔹 SYNOPSIS 🔹
 ▪ പ്രശസ്ത ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോ ആയ Studio Ghibli നിർമ്മിച്ച ജാപ്പനീസ് അനിമേഷൻ ചിത്രമാണ്  Arrietty ( ‘The Secret World of Arrietty’ is the English Title). Mary Norton എഴുതിയ The Borrowers എന്ന പുസ്തകമാണ് ഈ ചിത്രത്തിന് ആധാരം . ബോറോവേഴ്സ് എന്നറിയപ്പെടുന്ന കുഞ്ഞു മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത് .സാധാരണ മനുഷ്യരുടെ വീടുകളിൽ അവരറിയാതെ ഒളിച്ചു താമസിക്കുന്ന അവർ മനുഷ്യരിൽ നിന്നും സാധനങ്ങൾ രഹസ്യമായി എടുത്താണ് ജീവിക്കുന്നത്. അങ്ങനെ ഒരു വീടിന് അടിയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുകയാണ് അരീറ്റി എന്ന പെൺകുട്ടി .ഒരു ദിവസം അച്ഛനോടൊപ്പം വീടിന്റെ അടുക്കളയിൽ നിന്നും സാധനങ്ങൾ എടുക്കാൻ വന്ന അരീറ്റിയെ ആ വീട്ടിൽ പുതുതായി വന്ന ഷോ എന്ന കുട്ടി കാണാനിടയാവുന്നു .രോഗിയായ ഷോ അരീറ്റിയുമായി സൗഹൃദത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ആ വീട്ടിലെ ജോലിക്കാരി ഇക്കാര്യം അറിയുന്നതോടെ അരീറ്റിയുടേയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാവുന്നു .
▪ജാപ്പനീസ് അനിമേഷൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളിൽ നിന്നും അവയ്ക്കുള്ള വ്യത്യാസം മനസ്സിലാകും . സംസാരിക്കുന്ന പക്ഷിമൃഗാദികളുടെ കഥ പറയുന്ന ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളിൽ നിന്നും വിഭിന്നമായി കൂടുതൽ യാഥാർത്ഥ്യബോധത്തോടെ ഉള്ള ചിത്രങ്ങളാണവ . The Secret World of Arrietty യിൽ മികച്ച ഒരു കഥ  മനോഹരമായ അനിമേഷനിലൂടെ പറഞ്ഞിരിക്കുന്നു .Studio Ghibli യിലെ തന്നെ അനിമേറ്റർ ആയിരുന്ന സംവിധായകൻ സൃഷ്ടിച്ചിരിക്കുന്ന കുഞ്ഞു മനുഷ്യരുടെ ലോകം അതി മനോഹരമായിരുന്നു . സാധാരണ വീടുകളിൽ കാണുന്ന വസ്തുക്കളുടെ മിനിയേച്ചർ രൂപങ്ങൾ യാഥാർഥ്യബോധത്തോടെ പുനരവതരിപ്പിച്ചിരിക്കുന്നു. അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യപൂർവ്വം അരീറ്റിയുടെ രഹസ്യ ലോകത്തേക്ക് പ്രവേശിക്കാം .
VERDICT :  VERY GOOD ( A Beautiful And Straight To The Heart Animation Film )
©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Epic · Fantasy · India · Telugu

127. BAAHUBALI 2 THE CONCLUSION (INDIA/EPIC FANTASY/2017)

127. BAAHUBALI 2: THE CONCLUSION (INDIA/TELUGU/2017/ Epic Fantasy Film/171 Min/Dir: S.S.Rajamouli /Stars: Prabhas, Anushka Shetty, Rana Daggubati, Sathyaraj, Nassar)

🔹SYNOPSIS 🔹

▪ 2015ൽ തിയേറ്ററിലെത്തിയ ബാഹുബലി ദി ബിഗിനിങ്ങ് എന്ന ചിത്രം മുടക്ക് മുതൽ കൊണ്ടും പ്രേക്ഷക പ്രീതികൊണ്ടും ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു . എസ്.എസ്.രാജമൗലി എന്ന സംവിധായകനും പ്രഭാസ് എന്ന നടനും ലോകം മൊത്തം അറിയപ്പെടാൻ കാരണമായ ഈ ചിത്രം വൻ മുതൽ മുടക്കിൽ ഇന്ത്യയിൽ ചിത്രങ്ങളൊരുക്കാൻ നിർമ്മാതാക്കൾക്ക് ധൈര്യം പകരുകയും ചെയ്തു .പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അവസാനിച്ച ആദ്യഭാഗം അടുത്ത ഭാഗത്തിന് വേണ്ടി രണ്ട് വർഷം കാത്തിരിക്കാൻ പ്രേക്ഷകർക്ക് പ്രചോദനമേകി .ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച ആദ്യ ചിത്രത്തിലെ എല്ലാ സംശയങ്ങൾക്കും ഉള്ള വ്യക്തമായ മറുപടിയുമായാണ് രണ്ടാം ഭാഗമായ ബാഹുബലി ദി കൺക്ലൂഷൻ എത്തുന്നത് .

▪ആദ്യഭാഗം അവസാനിച്ചിടത്ത് നിന്നും ആരംഭിക്കുന്ന രണ്ടാം ഭാഗം കട്ടപ്പ പറയുന്ന കഥയിലൂടെ മുന്നോട്ട് പോകുന്നു. മഹിഷ്മതി രാജ്യത്തെ രാജകുമാരൻമാരായ അമരേന്ദ്രബാഹുബലിയും ഭല്ലാളദേവനുമായുള്ള അധികാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും പ്രണയവും ചതിയും  സെന്റിമെൻറ്സും യുദ്ധവും എല്ലാം ചേർന്ന കഥയാണ് രണ്ടാം ഭാഗത്തിൽ പ്രേക്ഷകന് വേണ്ടി ഒരുക്കിയിരിക്കുന്നത് . നാല് വർഷത്തോളം ഈ ചിത്രത്തിനായി മാറ്റി വച്ച് കഠിനാധ്വാനം ചെയ്ത് പ്രഭാസ് അമരേന്ദ്രബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും ചിത്രത്തിൽ നിറഞ്ഞു നിന്നു .നായകനോട് കിടപിടിക്കുന്ന ശക്തമായ നായിക കുന്തള രാജകുമാരി ദേവസേനയായി അനുഷ്ക മിന്നുന്ന പ്രകടനം കാഴ്ച വച്ചു .ശരിയും തെറ്റും തിരിച്ചറിയാനാവാതെ ഉഴറുന്ന രാജമാതാവ് ശിവകാമിയായി രമ്യകൃഷ്ണൻ ആദ്യഭാഗത്തിലെ പെർഫോർമൻസ് ആവർത്തിച്ചു . കട്ടപ്പയെന്ന വിശ്വസ്തനായ സേവകനായി സത്യരാജും അസാമാന്യ മെയ് വഴക്കവുമായി ഭല്ലാളദേവനായി റാണ ദഗ്ഗുബട്ടിയും ചതിയുടെ കരുക്കൾ നീക്കുന്ന പിംഗാളദേവനായി നാസറും എല്ലാ രംഗത്തും മികച്ചു നിന്നു . എല്ലാത്തിനും ഉപരിയായി തിരക്കഥാകൃത്തും  സംവിധായകനുമായി തന്റെ സ്വപ്നചിത്രത്തിനായി വർഷങ്ങൾ അധ്വാനിച്ച രാജമൗലിക്ക് ഹ്യദ്യമായ അഭിനന്ദനങ്ങൾ .

▪മികച്ച പശ്ചാത്തല സംഗീതം അകമ്പടിയായ ചിത്രത്തിലെ ഗാനങ്ങൾ ശരാശരിയിലൊതുങ്ങി . CGI യും വിഷ്വൽ ഇഫക്ട്സും ശരാശരി നിലവാരം പുലർത്തിയെങ്കിലും പല രംഗങ്ങളിലും ഒറിജിനാലിറ്റി തോന്നിയിരുന്നില്ല . ചിത്രത്തിൽ കട്ടപ്പ ഉൾപ്പെടുന്ന  കോമഡി രംഗങ്ങൾ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന്  യോജിച്ചതായി  തോന്നിയില്ലെങ്കിലും കഥാഗതിക്ക് അനുയോജ്യമായിരുന്നു . രാജാവിന്റെ പട്ടാഭിഷേകം ചിത്രീകരിക്കുന്ന ആദ്യ പകുതിയുടെ അവസാന മിനിട്ടുകൾ പ്രേക്ഷകനെ ആകാംഷയുടെ കൊടുമുടിയിൽ എത്തിക്കാൻ പര്യാപ്തമായിരുന്നു . തമിഴ് വേർഷനിൽ ചിലയിടങ്ങളിൽ ലിപ് സിങ്കിംഗിലെ അപാകത നിഴലിച്ച് നിന്നു .എങ്കിലും ആദ്യഭാഗത്തെ സംശയങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നല്കുന്ന ഈ ചിത്രം അവസാനിക്കുമ്പോൾ സാധാരണ പ്രേക്ഷകൻ ആഗ്രഹിച്ചത് നല്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം .

▪ഇത് ഒരു പൂർണമായ സാങ്കല്പിക കഥയും കഥാപാത്രങ്ങളും നിറഞ്ഞ സിനിമയാണ് .ഇത്തരം ചിത്രങ്ങളിൽ കഥാപാത്രങ്ങൾ മനുഷ്യരെങ്കിലും അവരുടെ പ്രവൃത്തികൾ അമാനുഷികമാവുന്നത് സ്വാഭാവികമാണ് . കുട്ടിക്കാലത്ത് ആയിരം ആനകളുടെ ശക്തിയുണ്ടായിരുന്ന കാർത്തവീര്യാർജുനന്റെ കഥ വായിച്ച്  ആവേശം കൊണ്ടവരാണ് നാമെല്ലാം . ഭാരതത്തിലെ പുരാണകഥകളും വേദകഥകളും മഹാഭാരതവും എല്ലാം വായിച്ച് അവയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജമൗലി സൃഷ്ടിച്ച കഥാപാത്രങ്ങളാണ്  ആനയേക്കാൾ ബലമുള്ള വെറും കൈകൾ കൊണ്ട് വൃക്ഷങ്ങൾ പോലും പിഴുതെടുക്കാൻ ശക്തിയുള്ള ബാഹുബലിയും ഒറ്റയടിക്ക് കാട്ടുപോത്തിനെപ്പോലും വീഴ്ത്തുന്ന ഭല്ലാളദേവനും എല്ലാം .അവരിൽ ഒരു കാർത്തവീര്യാർജുനനേയോ  ഭീമസേനനേയോ അർജുനനേയോ ശകുനിയേയോ കണ്ടാൽ നിങ്ങൾ അദ്ഭുതപ്പെടേണ്ടതില്ല . എന്നാൽ മാർവലും ഡിസിയും ഡിസ്നിയും ആയിരക്കണക്കിന് കോടി ഡോളർ ചെലവാക്കി അണിയിച്ചൊരുക്കുന്ന ഹോളിവുഡ് ചിത്രങ്ങളുമായി ഈ ചിത്രത്തിലെ ഇഫക്ട്സിനെ താരതമ്യം ചെയ്യരുത് എന്ന കാര്യം പ്രത്യേകം ഓർക്കുക. ഇതെല്ലാം മനസ്സിൽ വച്ച് ഡി വി ഡി റിലീസിനായി കാത്ത് നില്ക്കാതെ അത്യാധുനിക ശബ്ദ ദൃശ്യ സൗകര്യങ്ങളുള്ള തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ബാഹുബലി ദി കൺക്ലൂഷൻ . 

🔹VERDICT :  VISUALLY STUNNING MASS ENTERTAINER  ( Watching In Theatres With Good Sound And Picture Quality is Recommended.

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · Fantasy · Musical · Romance · USA

121. BEAUTY AND THE BEAST (USA/FANTASY/2017)

121. BEAUTY AND THE BEAST ( USA/ENGLISH/2017/ Musical Romantic Fantasy/129 Min/Dir:Bill Condon/Stars: Emma Watson, Dan Stevens, Luke Evans, Ian McKellen )

🔹SYNOPSIS 🔹

▪ 1991 ൽ റിലീസായ Beauty And The Beast എന്ന ഡിസ്നി അനിമേഷൻ ചിത്രത്തിന്റെ ലൈവ് ആക്ഷൻ റീമേക്ക് ആണ് ഈ ചിത്രം . പതിനെട്ടാം നൂറ്റാണ്ടിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന അതേ പേരിൽ തന്നെയുള്ള ഫെയറി ടെയിൽ ആണ് ഈ രണ്ട് ചിത്രങ്ങൾക്കും ആധാരം .ഇതിനകം വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലെ സിനിമകളിൽ പല രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കപ്പെട്ട ഒരു ക്ലാസിക് കഥയുടെ ഏറ്റവും മനോഹരമായ പുനരാവിഷ്കാരം എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത് . 160 മില്യൺ ഡോളർ നിർമ്മാണ ചെലവുള്ള ഈ ചിത്രത്തിന്റെ മാർക്കറ്റിംഗിന് മാത്രം 140 മില്യൺ ഡോളർ ആണ് ഡിസ്നി ചെലവഴിച്ചത് എന്നത് അദ്ഭുതമായി തോന്നും . നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഏറ്റുവാങ്ങി ഒരു ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ഈ ചിത്രം 2017ൽ ഇതുവരെ ഏറ്റവുമധികം തിയേറ്റർ കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിയും സ്വന്തമാക്കിക്കഴിഞ്ഞു . 

▪പുരാതന ഫ്രാൻസിലെ ഒരു രാജകുമാരനും അയാളുടെ കൊട്ടാരവും ഒരു മന്ത്രവാദിനിയുടെ ശാപത്തിന് പാത്രമാകുകയും ശാപമേറ്റ രാജകുമാരൻ ഭീകരനായ ഒരു ബീസ്റ്റ് (Dan Stevens) ആയി മാറുകയും ചെയ്യുന്നു .ആ കൊട്ടാരത്തിലെ പരിചാരകരെല്ലാം ക്ലോക്ക് , അലമാര , മെഴുകുതിരി , ചായക്കപ്പ് , സോഫ തുടങ്ങി അവിടത്തെ ഓരോ ഉപകരണങ്ങളായി മാറുന്നു. ലോകത്തിന്റെ ഓർമയിൽ നിന്ന് തന്നെ മായുന്ന ആ കൊട്ടാരത്തിലേക്ക്  സുന്ദരിയായ ബെല്ല (Emma Watson) എത്തിപ്പെടുന്നു. തന്നെ സ്വന്തമാക്കാൻ എത് മാർഗവും സ്വീകരിക്കുന്ന ഗാസ്റ്റൺ (Luke Evans) എന്ന ദുഷ്ടനായ വേട്ടക്കാരനിൽ നിന്ന് രക്ഷപ്പെടാനും  ഭീകരരൂപിയായ ബീസ്റ്റിലെ മനുഷ്യനെ കണ്ടെത്തി പ്രണയിക്കാനും ബെല്ലയ്ക്ക് കഴിയുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കി ഭാഗം പറയുന്നത് .

▪ഒരു മ്യൂസിക്കൽ ഫാന്റസ്സി ചിത്രം ആയതിനാൽ ഗാനങ്ങളിലൂടെയാണ് ചിത്രത്തിൽ കഥ പറഞ്ഞു പോകുന്നത് .കഥയുമായി ഇഴുകി ചേർന്നു നില്ക്കുന്ന ഗാനങ്ങൾ അതിമനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു .കഥ പൂർണമായും എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടിരുന്നു പോകുന്ന ചിത്രമാണിത് .അത്രയും മനോഹരമാണ് ഓരോ ഷോട്ടും .വിഷ്യൽ ഇഫക്ട്സ് , CGI , 3D ഇഫക്ട്സ് എല്ലാം അതി ഗംഭീരം .ഹാരി പോട്ടർ ചിത്രങ്ങൾക്ക് ശേഷം എമ്മ വാട്സന്റെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ബെല്ല .Motion Capture Technology ഉപയോഗപ്പെടുത്തി ബീസ്റ്റ് ആയി മാറിയ Dan Stevens , വില്ലൻ കഥാപാത്രമായ ഗാസ്റ്റൺ ആയി വന്ന Luke Evans , കൊട്ടാരത്തിലെ ഉപകരണങ്ങളായി മാറിയ പരിചാരകരുടെ വേഷം ചെയ്ത Ian McKellen, Evan McGregor എന്നിവരെല്ലാം വളരെ മികച്ച പെർഫോർമൻസ് തന്നെ കാഴ്ചവച്ചു . 

▪ജീവനില്ലാത്ത വസ്തുക്കളുടെ വികാരങ്ങൾ പോലും പ്രേക്ഷകനിലേക്കെത്തിച്ച് അവരുടെ കണ്ണുകൾ നിറയ്ക്കുന്ന ഡിസ്നി മാജിക് ഇവിടെയും ആവർത്തിച്ചു .ചിത്രത്തിന്റെ സ്വഭാവവും  കഥയും മനസ്സിലാക്കാതെ സമീപിക്കുന്നവർക്ക് ആദ്യവസാനം നിറഞ്ഞ് നില്ക്കുന്ന ഗാനങ്ങൾ ചിലപ്പോൾ അലോസരം സൃഷ്ടിച്ചേക്കാം. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും അതിന്റെ ആത്യന്തികമായ അവസാനവും ഉദ്ഘോഷിക്കുന്ന ഡിസ്നി ചിത്രങ്ങളുടെ പൊതു സ്വഭാവം തന്നെയാണ് ഈ ചിത്രത്തിലും. പൊതുവെ അത്തരം ചിത്രങ്ങളോട് പുറം തിരിക്കുന്ന ആൾക്കാരെപ്പോലും വൈകാരികമായി പിടിച്ചിരുത്താൻ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം .പഴയ കാലഘട്ടത്തിലെ ലൊക്കേഷൻ, മേക്കപ്പ് തുടങ്ങി നമ്മുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടെ പുതുമ നിറഞ്ഞ പുനരാവിഷ്കരണം മുതലായ എല്ലാ മേഖലകളിലും അതീവ ശ്രദ്ധ പുലർത്തിയിരിക്കുന്ന ഈ ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ ആസ്വദിക്കാനാവുമെന്ന് തീർച്ചയാണ് . കഴിഞ്ഞ വർഷത്തെ Jungle Book പോലെ നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും നല്കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഈ ചിത്രം തിയേറ്ററിൽ 3D യിൽ കാണിക്കുക എന്നത് .

🔹VERDICT : VERY GOOD ( A Visually Stunning And Beautiful Romantic Fantasy Film )

©PRADEEP V K (AMAZING CINEMA)

4.5 Star (Brilliant) · Animation · Belgium · Fantasy · France · Japan · No Dialogues

103. THE RED TURTLE (FRANCE/ANIMATION/2016)

🔹103. THE RED TURTLE (2016) 🔹 A REVIEW 🔹

🔹COUNTRY : FRANCE / BELGIUM/JAPAN

🔹LANGUAGE : NO DIALOGUES

🔹GENRE : ANIMATED FANTASY

🔹DIRECTOR : MICHAEL DUDOK DE WIT

🔹 BACKGROUND 🔹

▪ 89th അക്കാദമി അവാർഡിലെ മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള നോമിനേഷൻ ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ് THE RED TURTLE . കടൽക്ഷോഭത്തിൽപ്പെട്ട് തകർന്ന ഒരു കപ്പലിൽ നിന്ന് ഒരാൾ മാത്രം രക്ഷപെടുകയും അയാൾ എങ്ങിനേയോ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ എത്തിപ്പെടുകയും ചെയ്യുന്നു .മുളങ്കാടുകൾ നിറഞ്ഞ ദ്വീപിൽ ഉള്ള ചില ഫലവൃക്ഷങ്ങൾ കഴിച്ചും ഒരു ചെറിയ പൊയ്കയിലെ വെള്ളം കുടിച്ചും അയാൾ വിശപ്പകറ്റുന്നു .കടൽത്തീരത്തെ മണലിൽ കഴിയുന്ന ഞണ്ടുകളും കടലാമകളും ഒരു നീർനായയും ആകാശത്ത് പറക്കുന്ന കടൽ പക്ഷികളും മാത്രമാണ് അവിടെയുള്ള മറ്റ് ജീവികൾ .

▪ വിരസമായ ദിവസങ്ങൾക്ക് ശേഷം അവിടെ നിന്ന് രക്ഷപെടാൻ അയാൾ മുളകളും വള്ളികളും കൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കുന്നു .എന്നാൽ ചങ്ങാടത്തിൽ കയറി കുറച്ചു ദൂരം യാത്ര കഴിയുമ്പോഴേക്കും ഏതോ ഒരു വലിയ ജീവിയുടെ ആക്രമണത്താൽ ചങ്ങാടം തകരുന്നു .വീണ്ടും അയാൾ ചങ്ങാടം ഉണ്ടാക്കുന്നെങ്കിലും പിന്നെയും അത് തന്നെ ആവർത്തിക്കുന്നു .മൂന്നാം തവണയും ചങ്ങാടം നിർമ്മിക്കുന്ന അയാൾ തന്റെ ചങ്ങാടം തകർത്ത് തന്നെ അവിടെ നിന്നും രക്ഷപെടാൻ അനുവദിക്കാത്ത ജീവിയെ ആദ്യമായി കാണുന്നു .അത് അസാമാന്യ വലിപ്പമുള്ള ചുവന്ന നിറത്തിലുള്ള ഒരു ആമയായിരുന്നു . എന്താണ് ആ ആമയ്ക്ക് പിന്നിലുള്ള രഹസ്യമെന്നും എന്തിനാണ് അത് ചങ്ങാടം തകർത്തതെന്നും ഉള്ള സംശയത്തോടെ അതിനെ സമീപിക്കുന്ന അയാളോടൊപ്പം  പ്രേക്ഷകനും പ്രവചനാതീതമായ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നു പോകുന്നു.

🔹 OBSERVATIONS 🔹

▪ സാധാരണ അനിമേഷൻ ചിത്രങ്ങൾ എന്നാൽ സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും നിറഞ്ഞ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ഒരു പാട് തമാശകൾ നിറഞ്ഞ കളർഫുൾ ആയ ചിത്രങ്ങളാണ് നമ്മുടെ മനസ്സിലേക്കെത്തുക .എന്നാൽ അതൊന്നുമല്ല ഈ ചിത്രം .ഒന്നാമതായി ഈ അനിമേറ്റഡ് ചിത്രത്തിൽ ഡയലോഗുകളേ ഇല്ല . മനുഷ്യരും മ്യഗങ്ങളും ഉണ്ടെങ്കിലും നിറങ്ങൾ വാരി വിതറിയ ഒരു കളർഫുൾ ചിത്രമല്ലിത് . പകരം തുടങ്ങിയിടത്ത് തന്നെ അവസാനിക്കുകയും അവസാനിക്കുന്നിടത്തു നിന്ന് തുടങ്ങുകയും ചെയ്യുന്ന ജീവിതത്തിന്റെ വ്യത്യസ്തമായതും അതേ സമയം അവിശ്വസനീയമായതുമായ കാഴ്ചകളാണ് ഈ ചിത്രം കാണിച്ചു തരുന്നത് .

▪ അനിമേഷൻ ചിത്രങ്ങൾക്കിടയിൽ തരംഗം സൃഷ്ടിച്ച Spirited Away അടക്കമുള്ള നിരവധി ചിത്രങ്ങൾ സൃഷ്ടിച്ച പ്രശസ്ത ജാപ്പനീസ് സ്റ്റുഡിയോ ആയ Studio Ghibli യുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . അതിൽ നിന്ന് തുടങ്ങുന്ന പുതുമ ചിത്രത്തിന്റെ ഓരോ രംഗത്തും കാണാം . പൂർണമായും Studio Ghibli യുടെ അനിമേഷൻ സ്റ്റൈൽ പിന്തുടരാതെ അതിൽ തന്റേതായ മാറ്റങ്ങൾ വരുത്തി വ്യത്യസ്തമായ ഒരു അനുഭവം പകരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 89th ഓസ്കാർ നോമിനേഷൻ ലഭിച്ച മറ്റ് ചിത്രങ്ങളിൽ നിന്നും എന്ത് കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു The Red Turtle. തന്റെ ആദ്യ ഫീച്ചർ ഫിലിമിന് ഇങ്ങനെ ഒരു ചിത്രം തിരഞ്ഞെടുത്ത Michael Dudok De Wit എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നു.

▪ അനിമേഷൻ ചിത്രങ്ങൾ പ്രശസ്തമാകുന്നത് അതിൽ ശബ്ദം കൊടുത്തിരിക്കുന്ന അഭിനേതാക്കൾ വഴിയും കൂടിയാണ് .എന്നാൽ പ്രേക്ഷകന്റെ മനസ്സിൽ അനന്തമായ വിചാരധാര സൃഷ്ടിക്കാൻ സംഭാഷണത്തിന്റെ ആവശ്യമേയില്ലെന്ന് ഈ ചിത്രം തെളിയിക്കുകയാണ് . രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കും ഭാഷകൾക്കും അതീതമായി ജനനവും മരണവും വീണ്ടും ജനനവും ആയി ആവർത്തിക്കുന്ന ജീവിതത്തിന്റെ വിവരിക്കാനാവാത്ത മാസ്മരികത പ്രേക്ഷകരിലേക്ക് വാക്കുകളുടെ സഹായമില്ലാതെ പകർന്ന് നല്കുന്ന ഈ ചിത്രം സിനിമാസ്വാദകർക്ക് മികച്ച അനുഭവം തന്നെ സമ്മാനിക്കും.

🔹VERDICT : BRILLIANT

©PRADEEP V K

3.5 Star (Good) · English · Fantasy · USA

98. EDWARD SCISSORHANDS (USA/FANTASY/1990)

🔹AMAZING CINEMA # 98

🔹MOVIE TITLE : EDWARD SCISSORHANDS (1990)
🔹 രാജ്യം : യു എസ് എ
🔹ഭാഷ : ഇംഗ്ലീഷ്
🔹വിഭാഗം : റൊമാൻറിക് / ഫാന്റസി
🔹സംവിധാനം : Tim Burton
🔹അഭിനേതാക്കൾ : Johnny Depp , Winona Ryder , Dianne Wiest

🔹കഥാ സംഗ്രഹം 🔹

▪ ആ ഗ്രാമത്തിലെ മലയുടെ മുകളിലുള്ള പ്രേത ഭവനം പോലെ തോന്നിക്കുന്ന ബംഗ്ലാവിലാണ് എഡ്വേർഡ് (Johnny Depp) താമസിക്കുന്നത് . പൂന്തോട്ടത്തിലെ ചെടികൾ എല്ലാം മനോഹരമായി വെട്ടിയുണ്ടാക്കിയ വിവിധ രൂപങ്ങൾ നിറഞ്ഞ ആ കെട്ടിടത്തിന് വെളിയിലുള്ള സ്ഥലങ്ങൾ ഇതുവരെ എഡ്വേർഡ് കണ്ടിട്ടില്ല .കാരണം അയാൾ ഒരു സാധാരണ മനുഷ്യനല്ല .ആ ബംഗ്ലാവിൽ താമസിച്ചിരുന്ന അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞന്റെ സൃഷ്ടിയാണ് അയാൾ .തന്റെ സൃഷ്ടി പൂർത്തിയാക്കുന്നതിന് മുമ്പ് ശാസ്ത്രജ്ഞൻ മരിച്ചു പോയി .അതുകൊണ്ട്  എഡ്വേർഡിന് കൈകളുടെ സ്ഥാനത്ത് പകരം മൂർച്ചയുള്ള കത്രികകളാണ് ഉള്ളത് .അങ്ങനെ അയാൾ എഡ്വേർഡ് സിസർഹാൻഡ്സ് ആയി .

▪  ഒരു ദിവസം പെഗ് ബോഗ്സ്(Dianne Wiest) എന്ന സെയിൽസ് വുമൺ ആ ബംഗ്ലാവിൽ എത്തുകയും എഡ്വേർഡിനെ കാണുകയും ചെയ്യുന്നു .ആദ്യം ഭയന്നെങ്കിലും നിഷ്കളങ്കനായ അയാളെ അവർ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു . തന്റെ കത്രികക്കൈകൾ ഉപയോഗിച്ച് അതിവിദഗ്ദ്ധമായി ചെടികളിലും ഐസിലും മനോഹരമായ വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന അയാൾ പെഗ് ബോഗ്സിന്റെ വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനാവുന്നു . അയാളുടെ നന്മ നിറഞ്ഞ മനസ്സ് ബോഗ്സിന്റെ മകളായ കിമ്മിനെ (Winona Ryder) ആകർഷിക്കുന്നു .അത് കിമ്മിന്റെ കാമുകനെ എഡ്വേർഡിന്റെ ശത്രുവാക്കുന്നു .ഏതു വിധത്തിലും എഡ്വേർഡിനെ കിമ്മിന്റെ വീട്ടിൽ നിന്നും പുറത്താക്കാൻ അയാൾ കരുക്കൾ നീക്കുന്നു .

🔹സ്ക്രീനിന് പിന്നിൽ🔹

▪ ഫാൻറസി ചിത്രങ്ങളുടെ തമ്പുരാനായTim Burton ന്റെ സംവിധാനമികവ് തെളിയിക്കുന്ന ചിത്രമാണിത് .സ്ക്രീനിൽ എടുത്ത് ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയം വളരെ രസകരമായി തന്നെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . ചിത്രത്തിലെ മനോഹരമായ വിഷ്വൽസ് എടുത്ത് പറയേണ്ടതാണ് .എഡ്വേർഡ് ഐസ് കട്ട് ചെയ്ത് രൂപങ്ങളുണ്ടാക്കുന്ന രംഗം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .

🔹സ്ക്രീനിൽ🔹

▪ ടോം ക്രൂയിസ് ,ടോം ഹാങ്ക്സ്, ഗാരി ഓൾഡ്‌മാൻ തുടങ്ങി നിരവധി പ്രശസ്തരായ നടൻമാരെ പരിഗണിച്ചതിന് ശേഷമാണ് അന്ന് മുൻ നിരയിലേക്ക് എത്തിയിട്ടില്ലാത്ത ജോണി ഡെപ്പിന് നറുക്ക് വീണത് .അദ്ദേഹം എഡ്വേർഡ് സിസർഹാൻഡ്സ് എന്ന കഥാപാത്രം അവിസ്മരണീയമാക്കിത്തീർക്കുകയും അങ്ങനെ മികച്ച ഹോളിവുഡ് നടൻമാരുടെ നിരയിലേക്ക് ഉയരുകയും ചെയ്തു . നിരവധി മണിക്കൂർ കഷ്ടപ്പെട്ടിട്ടാണ് ഈ കഥാപാത്രത്തിന്റെ മേക്കപ്പ് ചെയ്തിരുന്നത് . എഡ്വേർഡ് എന്ന ഫാന്റസി കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ എന്നുമുണ്ടാകും .

🔹വിധി നിർണയം🔹

▪ ഒരു ഫാന്റസി ചിത്രം നമ്മുടെ മനസ്സിൽ ഇടം നേടുന്നത് അപൂർവ്വമാണ് .വെറുതെ കണ്ട് മറക്കുക എന്നതിൽ കവിഞ്ഞ് മനസ്സിൽ ഒരു ചെറു നൊമ്പരം സൃഷ്ടിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു . Beauty and The Beast എന്ന സങ്കല്പത്തിന്റെ മറ്റൊരു തലത്തിലുള്ള ആവിഷ്കാരമായി കാണാവുന്ന ഈ ചിത്രം എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകർക്കും പ്രിയപ്പെട്ടതാവുമെന്ന് ഉറപ്പാണ് .

🔹റേറ്റിംഗ് : 3.5/5 ( Good )

🔹പിൻകുറിപ്പ് : ചിത്രത്തിൽ എഡ്വേർഡ് നിർമ്മിക്കുന്ന ചെടികളിലുള്ള രൂപങ്ങൾ എല്ലാം യഥാർത്ഥ ചെടികൾക്ക് പകരം സിന്തറ്റിക് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണ്.

©PRADEEP V K