3.5 Star (Good) · Drama · India · Malayalam · Period

205. KAMMARA SAMBHAVAM (INDIA/PERIOD DRAMA/2018)

🔸പാഠപുസ്തകങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുള്ള ചരിത്രം യഥാർത്ഥത്തിൽ ആരാണ് എഴുതിയത്? ചരിത്രത്തിന്റെ ഭാഗമായതിനാൽ സത്യം എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങൾ യഥാർത്ഥത്തിൽ അങ്ങനെ തന്നെയായിരുന്നോ? മനസ്സിൽ വജ്രലിപികളാൽ കോറിയിടപ്പെട്ട വിഗ്രഹങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയുള്ളവരായിരുന്നോ? ചരിത്രം നായകനായി വാഴ്ത്തിയവർ യഥാർത്ഥത്തിൽ വില്ലൻമാരും വില്ലൻമാരായി വാഴ്ത്തിയവർ യഥാർത്ഥത്തിൽ നായകൻമാരുമായിരുന്നോ? ഇത്തരം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാനാണ് കമ്മാരസംഭവം എന്ന മലയാള ചിത്രം ശ്രമിക്കുന്നത്.

🔸ചിത്രം : കമ്മാരസംഭവം (2018)
🔸 സംവിധാനം : രതീഷ് അമ്പാട്ട്

🔸 രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സുഭാഷ് ചന്ദ്ര ബോസിന്റെ കീഴിൽ പ്രവർത്തിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയ കമ്മാരൻ നമ്പ്യാരുടെ യഥാർത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ ആദ്യഭാഗം പറയുന്നത്.കമ്മാരന്റെ ജീവിതം രേഖപ്പെടുത്തിയ ഒരു ഇംഗ്ലീഷ് പുസ്തകത്തെ ആധാരമാക്കി നിർമ്മിച്ച സിനിമയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം. സിനിമയിലെ കമ്മാരൻ ധീരനും നന്മ നിറഞ്ഞവനും ദേശാഭിമാനിയുമൊക്കെ ആണെങ്കിലും അതൊന്നുമായിരുന്നില്ല യഥാർത്ഥ കമ്മാരൻ എന്ന് പ്രേക്ഷകരെ ആദ്യഭാഗം ബോധ്യപ്പെടുത്തുന്നുണ്ട്. വളരെ റിയലിസ്റ്റിക്കായ ആദ്യ ഭാഗത്തിന്റെ സ്പൂഫ് ആണ് അങ്ങേയറ്റം സിനിമാറ്റിക് ആയ രണ്ടാം ഭാഗം. അതു കൊണ്ട് തന്നെ ചിരിക്കാനുള്ള വക രണ്ടാം ഭാഗത്തിൽ അവശ്യത്തിനുണ്ട്.

🔸 ദിലീപ് എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ആദ്യഭാഗത്തിലെ കമ്മാരൻ നമ്പ്യാർ. ഉള്ളിൽ ഒരു കടൽ നിറയെ പ്രതികാരവും ചിരിക്കുന്ന നിഷ്കളങ്കമായ മുഖവുമുള്ള കമ്മാരനായി അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായി. ഗാന്ധിജിയും നെഹ്റുവും നേതാജിയും അടക്കം മൺമറഞ്ഞ നിരവധി നേതാക്കൾ കഥാപാത്രങ്ങളായി വരുന്ന രണ്ടാം ഭാഗം യാഥാർത്ഥ്യം മനസ്സിലാക്കിയ പ്രേക്ഷകന് ചിരിയായി മാറുന്നത് സ്വാഭാവികം മാത്രം. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ നെടും തൂണ് . എന്നാൽ അതേ സമയം അതേ തിരക്കഥ തന്നെയാണ് പ്രേക്ഷകനെ സിനിമയിൽ നിന്ന് കുറച്ചെങ്കിലും അകറ്റുന്നത് എന്നത് ഒരു വൈരുദ്ധ്യമാകാം. കെട്ടുപിണഞ്ഞ കഥയും കഥാപശ്ചാത്തലവും നിറഞ്ഞ ചിത്രം മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ളതായത് ഒരു പോരായ്മയായി. എഡിറ്റിംഗിൽ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാക്കാമായിരുന്നു. ആദ്യഭാഗം ഏകദേശം പൂർണതയുള്ള ഒരു കഥയായതുകൊണ്ട് രണ്ടാം ഭാഗം കാണാൻ സ്വഭാവികമായും സാധാരണ പ്രേക്ഷകന് താല്പര്യം കുറഞ്ഞതും ക്ലൈമാക്സിലേക്കെത്തുമ്പോൾ എങ്ങനെയും തീർന്നാൽ മതിയെന്ന അവസ്ഥ അവരിൽ സൃഷ്ടിക്കുകയും ചെയ്തു.

🔸 എന്നാൽ എന്നിലെ പ്രേക്ഷകനെ സംബന്ധിച്ച് വളരെ മികച്ച ഒരനുഭവമായിരുന്നു കമ്മാരസംഭവം. ടെക്നിക്കലി വളരെ സൗണ്ട് ആയ ചിത്രത്തിലെ വിഎഫ് എക്സ് വർക്കുകൾ എല്ലാം മികച്ചതായി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സുനിലിന്റെ ക്യാമറയും നല്ല നിലവാരം പുലർത്തി. ആദ്യഭാഗമാണ് എനിക്കും കൂടുതൽ ഇഷ്ടമായത് എന്നതിൽ സംശയമില്ല. എങ്കിലും ചിത്രം പറയാനുദ്ദേശിക്കുന്ന വിഷയം പൂർണമാവാൻ രണ്ടാം ഭാഗം കൂടിയേ തീരൂ. പലപ്പോഴും ചരിത്രം യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ കാണിക്കുന്നത് പോലെ ഒരു സ്പൂഫ് മാത്രമാണെന്ന വലിയ സത്യം പറഞ്ഞ് വയ്ക്കാൻ മുരളി ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം .പക്ഷേ മലയാള സിനിമയിൽ കമ്മാരസംഭവം ഒരു സംഭവം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Drama · English · Period · USA

198. MUDBOUND (USA/PERIOD DRAMA/2017)

#Oscar2018MovieReviews
Post No. 11

🔰 “നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നു, സർ. ഞാൻ പിൻവാതിലിലൂടെ തന്നെയാണ് പോകേണ്ടത്. കാരണം ആർമിയിൽ ഞങ്ങളെ പിന്നിലാക്കാതെ എപ്പോഴും മുന്നിൽ നിർത്താൻ ഞങ്ങളുടെ കമാൻഡർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് എന്ത് പറ്റിയെന്ന് അറിയാമോ? ഞങ്ങൾ ശക്തി മുഴുവൻ ഉപയോഗിച്ച് യുദ്ധം ചെയ്ത് ആ ഹിറ്റ്ലറേയും കൂട്ടാളികളേയും തറ പറ്റിച്ചു. അതേ സമയം നിങ്ങൾ സുഖമായി, സുരക്ഷിതരായി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിൽ കഴിഞ്ഞു!”

🔰ചിത്രം : മഡ് ബൗണ്ട് MUDBOUND (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച സഹനടി, ഒറിജിനൽ സോങ്ങ്, അഡാപ്റ്റഡ് സ്ക്രീൻ പ്ലേ, സിനിമാറ്റോഗ്രഫി

🔰 രണ്ടാം ലോക മഹായുദ്ധകാലത്ത് മിസ്സിസ്സിപ്പിയിലെ ഒരു ഫാം ഓണർ ആയ വെള്ളക്കാരുടെ മക്കലൻ ഫാമിലിയുടേയും അവിടെ കൃഷിക്കാരായ കറുത്ത വർഗക്കാരുടെ ജാക്സൺ ഫാമിലിയുടേയും കഥയാണ് മഡ് ബൗണ്ട് എന്ന ചിത്രം പറയുന്നത്. ഹെൻറി മക്കലനും കുടുംബവും റേസിസം തലക്ക് പിടിച്ച അയാളുടെ അച്ഛനും ആയിരുന്നു ഫാം നടത്തിയിരുന്നത്. ഹെൻറിയുടെ സഹോദരനായ ജാമി അമേരിക്കൻ എയർഫോഴ്സ് പൈലറ്റ് അയിരുന്നു. അതേ സമയം ജാക്സൺ കുടുംബത്തിലെ മൂത്ത മകൻ റോൺസൽ അമേരിക്കൻ പട്ടാളത്തിലെ ടാങ്ക് കമാൻഡറും ആയിരുന്നു .യുദ്ധം അവസാനിച്ച് നാട്ടിലെത്തിയ രണ്ട് പേരും തമ്മിൽ സവിശേഷമായ ഒരു സൗഹൃദം ഉടലെടുക്കുന്നു. എന്നാൽ നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ച് കണ്ടിരുന്ന ജാമിയുടെ അച്ഛനും സുഹൃത്തുക്കൾക്കും അതൊട്ടും അംഗീകരിക്കാനാവുന്നില്ല. റോൺസലിനെയും കുടുംബത്തെയും ഏത് രീതിയിലും തകർക്കാൻ അവർ തക്കം പാർത്ത് കാത്തിരുന്നു.

🔰 ഹിലാരി ജോർഡന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ഡീ റീസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1945-50 കാലഘട്ടത്തിലെ മിസ്സിസ്സിപ്പി അതിവിദഗ്ദ്ധമായ ക്യാമറയിൽ പകർത്തിയിരിക്കുന്നത് റേച്ചൽ മോറിസൺ ആണ്. മികച്ച ക്യാമറയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചത് വഴി ആ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിക്കും റേച്ചൽ അർഹയായി. മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന പ്രകൃതിക്ഷോഭങ്ങൾ നടമാടുന്ന എപ്പോഴും ചളിയും രോഗങ്ങളും നിറഞ്ഞ ഭൂപ്രകൃതി സിനിമയിൽ അതീവ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്നു. മഹായുദ്ധത്തിൽ മരണത്തിന് മുമ്പിൽ പോലും പതറാതെ നിന്നവർ അതിലും വലിയ യുദ്ധം നേരിടേണ്ടി വന്നത് സ്വന്തം നാട്ടുകാരുടെ വർത്തവിവേചനത്തിന്റെ മുമ്പിലായത് ക്രൂരമായ ഒരു തമാശയായി തോന്നാം.

🔰റേസിസ്റ്റ് ആയ പാപ്പി മക്കലൻ എന്ന കഥാപാത്രത്തോട് തോന്നിയ വെറുപ്പ് ഈ അടുത്ത കാലത്ത് മറ്റൊരു കഥാപാത്രത്തോടും തോന്നിയിട്ടില്ല. അന്ന് ആ കാലഘട്ടത്തിൻ കറുത്ത വർഗക്കാർ അനുഭവിച്ച പീഡനങ്ങൾ ഇന്നും നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും സംഭവിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വലിയ പ്രതീക്ഷയില്ലാതെ കണ്ട് തുടങ്ങിയ ചിത്രം അദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തിയ അനുഭവമാണ് ഉണ്ടായത്. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ഈ ചിത്രത്തിന് ലഭിക്കാത്തതിൽ പരിഭവം തോന്നുന്നുണ്ട്. കാരണം ആ കാറ്റഗറിയിൽ ഇപ്പോഴുള്ള ചില ചിത്രങ്ങളെക്കാളും വളരെയധികം മികച്ചതാണ് ഈ ചിത്രം എന്നത് തന്നെ.

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Drama · Korean · Period · South Korea

81. THE TIGER : AN OLD HUNTER’S TALE (SOUTH KOREA/PERIOD DRAMA/2015)

🔹AMAZING CINEMA # 81
🔹MOVIE TITLE : THE TIGER : AN OLD HUNTER’S TALE (2015)
🔹COUNTRY : SOUTH KOREA
🔹LANGUAGE : KOREAN/JAPANESE 
🔹GENRE : PERIOD DRAMA 
🔹DIRECTOR : PARK HOON JUNG
🔹 STARRING : CHOI MIN-SHIK

🔹 SYNOPSIS 🔹

▪1925 ൽ ജപ്പാൻ അധിനിവേശ കാലഘട്ടത്തിൽ കൊറിയയിൽ ജീവിച്ചിരുന്ന ഒരു കടുവ വേട്ടക്കാരന്റെ കഥയാണ് ഈ സൗത്ത് കൊറിയൻ ചിത്രം പറയുന്നത്. സാധാരണ ഒരു  കടുവ വേട്ടക്കാരന്റെ കഥയിൽ എന്നും വില്ലൻ കടുവ തന്നെയായിരിക്കും .എന്നാൽ ഈ ചിത്രത്തിൽ ആരാണ് വില്ലൻ ആരാണ് നായകൻ എന്ന് കാണുന്ന പ്രേക്ഷകന് തീരുമാനിക്കാം .

▪വേട്ടയ്ക്കിടയിൽ അബദ്ധവശാൽ തന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഭാര്യ മരിച്ചതിനു ശേഷം വേട്ട മതിയാക്കി തന്റെ മകനോടൊപ്പം ഒരു ഉൾഗ്രാമത്തിലാണ് മാൻ ഡുക്ക് താമസിക്കുന്നത് . അന്നത്തെ ജാപ്പനീസ് മിലിട്ടറി ഗവർണർ തന്റെ ശക്തി തെളിയിക്കുന്നതിന് വേണ്ടി കൊറിയയിലെ മുഴുവൻ കടുവകളേയും കൊന്നൊടുക്കാൻ ആജ്ഞാപിക്കുന്നു. അവസാനം ജനങ്ങൾ ഭയഭക്തിയോടു കൂടി മൗണ്ടൻ ലോർഡ് എന്നു വിളിക്കുന്ന ഒരു കണ്ണു മാത്രമുള്ള അസാമാന്യ വലിപ്പവും ബുദ്ധിയുമുള്ള കടുവ മാത്രം ബാക്കിയാവുന്നു. അവനെ പിടികൂടാൻ അവന്റെ ഇണയേയും കുഞ്ഞുങ്ങളേയും പിടികൂടി കൊല്ലുന്നുവെങ്കിലും വേട്ടക്കാർക്ക് മൗണ്ടൻ ലോർഡിനെ മാത്രം പിടികൂടാനാവുന്നില്ല .അതിനെ വേട്ടയാടാൻ പല രീതിയിലും സമ്മതിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മാൻ ഡുക്ക് ഒഴിഞ്ഞു മാറുന്നു .എന്നാൽ അദ്ദേഹത്തിന്റെ കൗമാരപ്രായക്കാരനായ മകൻ വേട്ടക്കാരോടൊപ്പം  പോകുകയും മൗണ്ടൻ ലോർഡുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്യുന്നു .അങ്ങനെ ഇരയും വേട്ടക്കാരനും ഒരു പോലെ തങ്ങളുടെ കുടുംബവും ജീവിതവും നഷ്ടപ്പെട്ട അവസ്ഥയിലെത്തുന്നു .

▪ചോയി മിൻ സിക്ക് എന്ന അതുല്യ നടന്റെ പെർഫോർമൻസ് അതീവ ഹൃദ്യമാണ് . ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒരു വേട്ടക്കാരനായി പൂർണമായും മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു . CGI ആണെങ്കിലും കടുവയുമായുള്ള നിരവധി സംഘട്ടന രംഗങ്ങൾ ചിത്രത്തിൽ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട് .വന്യമൃഗങ്ങൾ ആക്രമണകാരികളാവുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് .സമാനമായ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും കുടുംബവും വികാരങ്ങളുമുണ്ടെന്നും പ്രേക്ഷകന് മനസ്സിലാകുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം .ആക്രമണകാരിയായ വന്യമൃഗത്തെ അതിന്റെ മടയിൽ പോയി കൊന്ന് വീര നായകനായി മാറാൻ ശ്രമിക്കാതെ അതിന്റെ വികാരങ്ങൾ തന്റെ വികാരങ്ങളായി കണ്ട വേട്ടക്കാരൻ വേറിട്ട ഒരു അനുഭവമായി .
🔹AMAZING CINEMA RATING : 4/5
©PRADEEP V K

4.0 Star (Very Good) · Drama · India · Period · Tamil

32. PARADESI (INDIA/DRAMA/2013)

🔹AMAZING CINEMA # 32
🔹PARADESI ( India / Tamil / 2013 / Period Drama / 126 Min/ Dir : Bala / Starring: Adharvaa, Vedhika , Dhansika )
🔹SYNOPSIS 🔹
▪ബാല എന്ന സംവിധായകന്റെ ചിത്രങ്ങൾ എല്ലാം നമ്മുടെ മനസ്സിലെ പിടിച്ചുലക്കുന്നതാണ് . പിതാമഹൻ ആയാലും നാൻ കടവുൾ ആയാലും നന്ദ ആയാലും ചിത്രം കണ്ടിറങ്ങി ഒരു പാട് നാൾ നമ്മുടെ മനസ്സിൽ മായാതെ നില്ക്കും . പരദേശി എന്ന ചിത്രവും അങ്ങനെ തന്നെയാണ്. 1930 കളിൽ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളിൽ പണിയെടുത്തിരുന്ന ആയിരങ്ങൾ അനുഭവിച്ച യാതനകൾ ആണ് ചിത്രം പറയുന്നത് . വൻ കൂലിയും സുഖ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ തേയിലത്തോട്ടങ്ങളിൽ പണിക്കാരായി എത്തിക്കുകയും പിന്നീട് അവരെ അടിമകളാക്കി മാറ്റി അവിടെ നിന്നും രക്ഷപെടാൻ അനുവദിക്കാതെ മരണം വരെ പണിയെടുപ്പിക്കുകയും ചെയ്തിരുന്നു .ആരും ഇന്നേ വരെ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ കാലഘട്ടത്തിലേക്കാണ് ബാല നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് .മനസ്സിനെ പിടിച്ചുലക്കുന്ന കണ്ണുകളെ ഈറനണിയിക്കുന്ന നിരവധി ദൃശ്യങ്ങൾ ഉള്ള ഈ ചിത്രം കൃത്യതയാർന്ന ദൃശ്യങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് .
🔹AMAZING CINEMA RATING : 4/5