2.0 Star (Below Average) · India · Malayalam · Political · Thriller

144. TIYAAN (INDIA/SOCIO-POLITICAL THRILLER/2017)

🔹144. ടിയാൻ (2017)  🔽 A Review 🔽

🔹’ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോൾ അതിൽ ഒന്നല്ല ഒരായിരം ഇന്നലെകൾ ഉണ്ടാകും. മറവി കാർന്നു പോയ എണ്ണമറ്റ ജന്മങ്ങൾ ഒരൊമിച്ചൊന്നായ അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാകും. ആ മുഖം തേടുന്നവനാണ് ടിയാൻ എന്ന മേല്പടിയാൻ!’

COUNTRY : INDIA

LANGUAGE : MALAYALAM

GENRE : SOCIO – POLITICAL THRILLER

DIRECTION : JIYEN KRISHNAKUMAR

🔹SYNOPSIS 🔹

*ALERT : SPOILERS MAY BE AHEAD*

▪️ ഉത്തർപ്രദേശിലെ ഒരു ഉൾഗ്രാമത്തിൽ ജീവിക്കുന്ന ആദിശങ്കരന്റെ പിൻമുറക്കാരനായ പട്ടാഭിരാമഗിരി എന്ന സംസ്കൃതപണ്ഡിതൻ ജാതിമതഭേദമന്യേ ഏവർക്കും പ്രിയപ്പെട്ടവനാണ് .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ കഴിയുന്ന അവിടെ പുതിയ ആശ്രമം പണിയാനായി  ഭഗവാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രമാകാന്ത് മഹർഷി എന്ന ആൾ ദൈവം എത്തുന്നതോടെ എല്ലാം തകിടം മറിയുന്നു. ആശ്രമം സ്ഥാപിക്കുന്നതിന് തലമുറകളായി സംരക്ഷിച്ചു വരുന്ന താൻ താമസ്സിക്കുന്ന വീട് വിട്ട് നല്കാൻ പട്ടാഭിരാമഗിരി തയ്യാറാവാതിരിക്കുന്നതോടെ ബ്രാഹ്മണനും ആൾദൈവവും  തമ്മിൽ നന്മ തിന്മകൾ തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നു . അവർക്കിടയിലേക്ക്  അതുവരെ ഏവർക്കും അപരിചിതനായ ഒരു ഫക്കീറും കൂടി എത്തുന്നതോടെ മതവും ദൈവവും പുണ്യവും പാപവും ധർമവും അധർമ്മവും എല്ലാം കൂടിക്കുഴഞ്ഞ നിരവധി സമസ്യകളുടെ വാതിൽ തുറക്കുകയായി.

🔹VERDICT🔹

▪️ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഈ അടുത്ത കാലത്ത് മുതലായ ചിത്രങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയിലേക്ക് ഉയർന്ന് വന്ന ആളാണ് ശ്രീ മുരളി ഗോപി. ആര് സംവിധാനം ചെയ്താലും ആരൊക്കെ അഭിനയിച്ചാലും മുരളി ഗോപിയുടെ തിരക്കഥ എന്ന് കേട്ടാൽ പലരും ധൈര്യപൂർവ്വം സിനിമക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .പുതിയ ചിത്രമായ ടിയാനും സമാനമായ സാഹചര്യമായിരുന്നു .സംവിധായകൻ ജിയെൻ കൃഷ്ണകുമാറിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ ശ്രദ്ദിക്കപ്പെട്ടില്ലെങ്കിലും മൂന്നാമത്തെ ചിത്രമായ ടിയാൻ കാണാനിറങ്ങുമ്പോൾ തിരക്കഥയൊരുക്കിയ മുരളി ഗോപിയിൽ മാത്രമായിരുന്നു ഏവരുടേയും പ്രതീക്ഷ.

▪️ആ പ്രതീക്ഷകൾ ഒരു പരിധി വരെ ശരി വയ്ക്കുന്ന തരത്തിലായിരുന്നു  ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ .ആൾ ദൈവങ്ങളും അവർക്ക് ജയ് വിളിക്കുന്ന ഗവൺമെൻറും പോലീസും ഗുണ്ടകളും ചേർന്ന് സാധാരണക്കാരായ മനുഷ്യരെ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്യുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നു. പട്ടാഭിരാമഗിരിയായി  വന്ന ഇന്ദ്രജിത്തും ഭഗവാനായി വന്ന മുരളി ഗോപിയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി .എന്നാൽ ചിത്രം മറുപകുതിയിലേക്ക് കടന്നതോടെ കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്കാണ്  പോയത്.  ആദ്യ ഭാഗത്ത് ഏതാനും  രംഗങ്ങളിൽ മാത്രം വന്ന പൃഥ്വിരാജിന്റെ ഫക്കീർ കഥാപാത്രത്തിന്റെ പൂർവകാലം മൂന്നാംകിട തെലുങ്കു ചിത്രങ്ങളുടെ ശൈലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ക്ലീഷേകളുടെ ഒരു കൂമ്പാരമാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് . യാതൊരു പുതുമയും ഇല്ലാത്ത ആക്ഷൻ രംഗങ്ങളും കണ്ട് മടുത്ത കഥാപാത്രസൃഷ്ടിയും കാഴ്ച അരോചകമാക്കി. ആദ്യഭാഗത്തിൽ കത്തി നിന്ന വില്ലൻ കഥാപാത്രത്തിന് പെട്ടെന്ന് ശക്തി കുറഞ്ഞ് പോയതും ഒരിക്കലും അംഗീകരിക്കാനാവാത്ത യുക്തിരഹിതമായ കഥാപശ്ചാത്തലവും വലിച്ചു നീട്ടിയ കഥ പറച്ചിലും ചിത്രത്തിന് വിലങ്ങുതടിയായി. 

🔹FINAL WORD🔹

▪️ ഇത്തരം ഒരു ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല . ഒരു ആൾദൈവത്തിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്നതിനിടയിൽ അതേ പോലെ മറ്റൊരു ആൾദൈവത്തെ വെള്ള പൂശുന്നു. മതഭ്രാന്തിനെയും വർഗീയതയെയും എതിർക്കുമ്പോൾ അവയുടെ സൃഷ്ടിക്ക് കാരണമായ മതങ്ങളെയും ആചാരങ്ങളെയും ന്യായീകരിക്കുന്നു. തത്ത്വമസി (നീ അതാകുന്നു) എന്ന് ഉറക്കെ വ്യാഖാനിക്കുമ്പോൾ എല്ലാ പാണ്ഡിത്യവും അറിവും  ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റുള്ളവർ ബ്രാഹ്മണനെ തൊഴുത് നില്ക്കണമെന്നും അടിവരയിട്ട് പറയുന്നു. ഡോക്ടറെ വിശ്വസിക്കാതെ ആൾ ദൈവത്തിൽ വിശ്വസിക്കുന്ന ഭക്തയെ മറ്റൊരു അത്ഭുതം പ്രവർത്തിച്ച് കാണിച്ച് യഥാർത്ഥ ‘വിശ്വാസി’ ആക്കി മാറ്റുന്നു. മത ഗ്രന്ഥങ്ങളിൽ പോലും കാണാത്ത യുക്തിഹീനമായ വ്യാഖ്യാനങ്ങളിലൂടെ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുകയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും  ചെയ്യുന്നു.

▪️ മനുഷ്യനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു മതത്തിന്റെ ആൾ ദൈവത്തെ വേരോടെ പിഴുതെറിയാൻ മറ്റൊരു മതദൈവത്തിന്റെ കയ്യൊപ്പുള്ള ആൾ ദൈവത്തിനെ കൊണ്ടു വന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബ്രില്യൻസിന് നമോവാകം .വ്യക്തിപരമായി ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു ചിത്രമാണിത് എന്നിരിക്കിലും എല്ലാ ലോജിക്കുകളും മാറ്റി വച്ച് സിനിമ എന്ന നിലയിൽ ഈ ചിത്രം ആസ്വദിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ ക്ലീഷേ രംഗങ്ങളും ഏച്ചുകെട്ടിയ എഡിറ്റിംഗും 2 മണിക്കൂർ 48 മിനിട്ട് ദൈർഘ്യവും അതിനും വിലങ്ങുതടിയായി. മികച്ച വിഷ്വൽസും ലൊക്കേഷൻസും ബി ജി എമ്മും ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്. ഭേദപ്പെട്ട ആദ്യ പകുതിയും നിരാശപ്പെടുത്തിയ രണ്ടാം പകുതിയുമാണ് ഈ ചിത്രം എനിക്ക് സമ്മാനിച്ചത് .ഓരോരുത്തർക്കും ഓരോ ആസ്വാദനക്ഷമത ആയിരിക്കും എന്ന കാര്യം ഓർമ്മിച്ചു കൊണ്ട് എല്ലാവരും ചിത്രം തിയേറ്ററിൽ തന്നെ കണ്ട് വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

🔹RATING : 2/5 ( BELOW AVERAGE )

©PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · English · Political · Thriller · UK

140. THE GHOST WRITER (UK/POLITICAL THRILLER/2010)

🔹140. THE GHOST WRITER (UK-France-Germany/English/2010/Political Thriller/128 Min/Dir: Roman Polanski/Stars: Evan McGregor, Pierce Brosnan, Olivia Williams )

🔹 SYNOPSIS 🔹

◾റോബർട്ട് ഹാരിസ് എഴുതിയ The Ghost എന്ന നോവലിനെ ആധാരമാക്കി റൊമാൻ പൊളാൻസ്കി 2010 ൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ആണ് The Ghost Writer. UK യിലും അയർലൻഡിലും The Ghost എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദം ലാങ്ങിന്റെ ആത്മകഥ എഴുതി പൂർത്തിയാക്കുന്നതിന് വേണ്ടി ഒരു ബ്രിട്ടീഷ് കൂലി എഴുത്തുകാരനെ പബ്ലിഷിംഗ് കമ്പനി സമീപിക്കുന്നു .ആത്മകഥയുടെ പകുതിയോളം പൂർത്തിയാക്കിയ മുൻ കൂലി എഴുത്തുകാരൻ മൈക്ക് മക്കാറ ദുരൂഹ സാഹചര്യത്തിൽ കുറച്ച് നാൾ മുമ്പ് കൊല്ലപ്പെട്ടത് മനസ്സിലാക്കുന്ന അയാൾ പതിമനസ്സോടെ കമ്പനി വാഗ്ദാനം ചെയ്ത വൻ പ്രതിഫലം മോഹിച്ച് ആ ജോലി ഏറ്റെടുക്കുന്നു .

◾മസാച്ചുസെറ്റ്സിൽ അതീവ സുരക്ഷിത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലാങ്ങിന്റെ ബംഗ്ലാവിൽ എത്തുന്ന എഴുത്തുകാരൻ ആ സ്ഥലത്തിനും ലാങ്ങിനും നിരവധി ദുരൂഹതകളുള്ളതായി മനസ്സിലാക്കുന്നു . ഇൻറർനാഷണൽ ക്രിമിനൽ കോർട്ടിന്റെ വിചാരണ നേരിടുന്ന ആദം ലാങ്ങിന്റെ നിരവധി രഹസ്യങ്ങൾ നിറഞ്ഞ ജീവിതവും മുൻ എഴുത്തുകാരന്റെ അപകട മരണവും എല്ലാം അയാളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്നു .ആദം ലാങ്ങ് എന്ന അതിപ്രശസ്തനായ വ്യക്തിയുടെ പുറമെയുള്ള ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഉറങ്ങിക്കിടക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള ആത്മകഥാകൃത്തിന്റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

🔹BEHIND THE SCENES🔹

◾മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ജീവിതവുമായി പുസ്തകത്തിനും സിനിമയ്ക്കും നിരവധി സാദ്യശ്യങ്ങുണ്ട് .പ്രധാനമന്ത്രിയായിരുന്നപ്പോൾ ബ്രിട്ടന്റെ പൊതു താല്പര്യങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം എടുത്ത പല തീരുമാനങ്ങളും പിന്നീട് ശക്തമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു .അതെല്ലാം തന്റെ The Ghost എന്ന പുസ്തകത്തിന് പ്രചോദനമായതായി റോബർട്ട് ഹാരിസ് തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹവും സംവിധായകൻ റോമൻ പൊളാൻസ്കിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . 

◾ആദം ലാങ്ങ് എന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പിയേഴ്സ് ബ്രോസ്നൻ ഗംഭീര പ്രകടനം കാഴ്ചവച്ചു .അധികാരം നഷ്ടപ്പെട്ടെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും ഗാംഭീര്യം നിലനിർത്തി ദുരൂഹതകൾ ഉള്ളിലൊളിപ്പിച്ച ആ കഥാപാത്രം മുൻ ജയിംസ് ബോണ്ട് താരത്തിന് ചേരുന്നത് തന്നെയായിരുന്നു .ഒരു രേഖയിലും പേര് വെളിപ്പെടുത്താത്ത എഴുത്തുകാരനെന്ന നിലയിലുള്ള ഒരു ക്രഡിറ്റും ലഭിക്കാത്ത ഗോസ്റ്റ് റൈറ്റർ ആയി ഇവാൻ മക്ഗ്രിഗർ മികച്ച പ്രകടനം കാഴ്ച വച്ചു .ശക്തമായ തിരക്കഥയും വിഖ്യാത സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ  സംവിധാനമികവും ഒരു പൊളിറ്റിക്കൽ ത്രില്ലറിന് വേണ്ട ആകാംഷയും ചടുലതയും ചിത്രത്തിന് സമ്മാനിക്കുന്നു .ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗം ക്ലൈമാക്സ് തന്നയായിരുന്നു എന്ന് പറയാതെ വയ്യ .അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച യഥാർത്ഥ സംഭവ വികാസങ്ങൾ ആധാരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

🔹VERDICT :  VERY GOOD ( A Stylish Political Thriller With A Tight Screenplay )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · India · Malayalam · Political · Thriller

122. SAKHAVU (INDIA/POLITICAL THRILLER/2017)

122. SAKHAVU (INDIA/MALAYALAM/2017/ Political Thriller/164 Min/Dir:Sidhartha Siva/Stars: Nivin Pauly, Aiswarya Rajesh, Althaf Salim, Aparna Gopinath )
🔹SYNOPSIS 🔹
▪ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഥ പറയുന്ന ചിത്രങ്ങൾക്ക് എക്കാലത്തും മലയാള സിനിമയിൽ മികച്ച പ്രേക്ഷക പ്രീതി ലഭിക്കാറുണ്ട് .അത് മുതലാക്കി ചെറുതും വലുതുമായി ധാരാളം ചിത്രങ്ങൾ ഇവിടെ ഇറങ്ങിയിട്ടുമുണ്ട് .ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് ,അറബിക്കഥ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഒരു മെക്സിക്കൻ അപാരത എന്നിവ അവയിൽ ചിലത് മാത്രം .അക്കൂട്ടത്തിലേക്ക് പുതിയതായി വന്ന ചിത്രമാണ് സിദ്ധാർഥ ശിവ സംവിധാനം ചെയ്ത സഖാവ് .ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കേരളത്തിലെ മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടിയും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയും ജീവിതം ഉഴിഞ്ഞുവച്ച ഒരു സഖാവിന്റെ കഥയാണ് ചിത്രം പറയുന്നത് .
▪സഖാവ് കൃഷ്ണകുമാർ ( നിവിൻ പോളി)  ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവാണ് .പണത്തിനും പദവിക്കും വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാം എന്ന് വിശ്വസിക്കുന്ന കൃഷ്ണകുമാർ,  സഖാവ് എന്ന പേര് സ്വന്തം വ്യക്തിപരമായ വിജയത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം ഓപ്പറേഷൻ നടത്തുന്ന ഒരാൾക്ക് രക്തം കൊടുക്കുന്നതിന് വേണ്ടി കൃഷ്ണകുമാറിന് സുഹൃത്തായ മഹേഷി (Althaf Salim) നോടൊപ്പം മെഡിക്കൽ കോളേജിൽ പോകേണ്ടി വരുന്നു .അവിടെ വച്ച് താൻ രക്തം നല്കാൻ വന്നയാൾ സഖാവ് കൃഷ്ണൻ (നിവിൻ പോളി) എന്ന മുൻ തലമുറയിലെ നേതാവാണെന് അയാൾ മനസ്സിലാക്കുന്നു . പാർട്ടിയിലെ ഉയർന്ന നേതാക്കളടക്കം എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന സഖാവ് കൃഷ്ണന്റെ ജീവിതകഥ അറിയാൻ കൃഷ്ണകുമാർ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുടേയും കഥയാണ് സഖാവ് .
▪രണ്ട് കാലഘട്ടങ്ങളിലുള്ള കഥ പറയുന്ന ചിത്രം മികച്ച വിഷ്വൽസിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും തിരക്കഥയുടെ പിൻബലത്തിൽ വളരെ നന്നായിത്തന്നെ സിദ്ധാർഥ ശിവ അവതരിപ്പിച്ചു . എന്നിരുന്നാലും ചിത്രത്തിൽ ആദ്യവസാനം നിറഞ്ഞു നില്ക്കുന്നത് നിവിൻ പോളി തന്നെയാണ് .മൂന്ന് ഗെറ്റപ്പുകളിൽ വരുന്ന അദ്ദേഹം മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു .നിവിനും അൽത്താഫും ഉൾപ്പെട്ട തുടക്കത്തിലെ കോമഡി രംഗങ്ങൾ വളരെ രസകരമായിരുന്നു. 80 കളിൽ പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ നടന്ന ചൂഷണങ്ങളിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ സഖാവ് കൃഷ്ണന്റെ കഥ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട് .എന്നാൽ ആ ഭാഗത്തെ നീളക്കൂടുതൽ ചിത്രത്തിന് അനാവശ്യമായ ലാഗ് സമ്മാനിച്ചിട്ടുണ്ട് . സഹതാരങ്ങളായ സഖാവ് ജാനകിയെ അവതരിപ്പിച്ച  എശ്വര്യ രാജേഷ് , സഖാവ് കൃഷ്ണന്റെ മകളുടെ വേഷം ചെയ്ത അപർണ ഗോപിനാഥ് ഈരാളി പോലീസിന്റെ വേഷം ചെയ്ത ബിനു പപ്പു , കങ്കാണിയുടെ വേഷം ചെയ്ത ബൈജു തുടങ്ങി എല്ലാവരും മികച്ച അഭിനയം തന്നെയായിരുന്നു .ഗാനങ്ങളെല്ലാം ശരാശരി നിലവാരം പുലർത്തി . പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ശക്തമായ ഡയലോഗുകൾ ആവശ്വത്തിനുണ്ട് .
▪മുൻ തലമുറയിലെ സഖാക്കളെയെല്ലാം നന്മയുടെ നിറകുടങ്ങളായി അവതരിപ്പിക്കാൻ നടത്തിയ ശ്രമം മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവത്തിന് എതിര് നില്ക്കുന്നു  എന്നത് ഒരു ന്യൂനതയാണ് .സഖാവ് കൃഷ്ണനെ മികച്ച ഒരു രാഷ്ട്രീയക്കാരനും കുടുംബനാഥനുമായി അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില ന്യൂനതകളെങ്കിലും ചൂണ്ടിക്കാണിക്കാൻ സംവിധായകൻ ശ്രദ്ധിക്കണമായിരുന്നു . പക്ഷാഘാതം വന്ന കഥാപാത്രം ഉൾപ്പെട്ട ആക്ഷൻ രംഗവും അച്ചടി ഭാഷയിലുള്ള ഡയലോഗുകളും നന്മയും തിന്മയും തമ്മിലുള്ള വ്യക്തമായ  വേർതിരിവും എല്ലാം ചിത്രത്തിന്റെ റിയലിസ്റ്റിക് സ്വഭാവം നഷ്ടപ്പെടുത്തി .പക്ഷേ നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസും ദ്രുതഗതിയിലുള്ള കഥ പറച്ചിലും മികച്ച പശ്ചാത്തല സംഗീതവും എല്ലാം നിറഞ്ഞ ഈ ചിത്രം ഇന്നത്തെ യുവതലമുറക്ക് ചിന്തിക്കാനുള്ള വക കൂടി നല്കുന്നുണ്ടെന്നത് ശ്രദ്ദേയമാണ് .കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഥ പറയുന്നുണ്ടെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികളെ ഒന്നും താഴ്ത്തിക്കെട്ടാൻ ചിത്രം ശ്രമിക്കുന്നില്ല എന്നത് നല്ല കാര്യമാണ് .അതു കൊണ്ട് തന്നെ രാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സഖാവ്.
🔹VERDICT :  GOOD
©PRADEEP V K (AMAZING CINEMA)