4.0 Star (Very Good) · English · Fantasy · Romance · USA

188. THE SHAPE OF WATER (USA/ROMANTIC FANTASY/2017)

#Oscar2018MovieReviews
Post No. 1

🔰പ്രണയത്തിന് കണ്ണും മൂക്കും എന്നല്ല ശബ്ദവുമില്ല എന്ന് തന്നെ പറയേണ്ടി വരും. അല്ലെങ്കിൽ പിന്നെ ഊമയായ എലീസക്ക് ഭീകരരൂപിയായ ആ ജലജീവിയോട് പ്രണയം തോന്നിയതെങ്ങനെയാണ്.

🔰ചിത്രം : ദി ഷെയ്പ്പ് ഓഫ് വാട്ടർ (2017)

🔰രഹസ്യങ്ങൾ നിരവധിയുറങ്ങുന്ന ഗവൺമെന്റ് ലബോറട്ടറിയിലെ ക്ലീനിങ്ങ് ജോലികൾ ചെയ്യുന്ന എലീസയ്ക്ക് സുഹൃത്തുക്കളായി ആകെയുള്ളത് കൂടെ ജോലി ചെയ്യുന്ന സെൽഡയും അയൽക്കാരനായ ഗൈൽസും മാത്രമാണ്. എന്നാൽ ഒരു ദിവസം ലബോറട്ടറിയിൽ പരീക്ഷണത്തിനായി അതീവ രഹസ്യമായി എത്തിച്ചത് നദിയിൽ നിന്ന് പിടികൂടിയ മനുഷ്യ രൂപത്തിലുള്ള ഒരു ജലജീവിയെയായിരുന്നു.

🔰ആദ്യം ഭയത്തോടെ സമീപിച്ചെങ്കിലും ദിവസങ്ങൾ കഴിയുന്തോറും തന്നെപ്പോലെ സംസാരശേഷിയില്ലാത്ത ആ ജീവിയോട് എലീസയ്ക്ക് എന്തോ ഒരടുപ്പം തോന്നിത്തുടങ്ങുന്നു .അത് നാമിത് വരെ കണ്ടിട്ടില്ലാത്ത ഒരത്ഭുത പ്രണയബന്ധത്തിന്റെ തുടക്കമായിരുന്നു. ശരീരങ്ങൾ തമ്മിലുള്ളതിലുപരി മനസ്സുകൾ തമ്മിലുള്ള മനോഹരമായ ആ ബന്ധത്തിന് എല്ലാ കഥയിലെയും പോലെ ഒരു വില്ലനുമുണ്ടായിരുന്നു .ആ ജീവിയെ അവിടെയെത്തിച്ച ക്രൂരനായ കേണൽ റിച്ചാർഡിന്റെ രൂപത്തിൽ!

🔰ഡാർക്ക് ഫാന്റസി ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഗിള്ളേർമോ ഡെൽ ടോറോ ആണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പാൻസ് ലാബിറിന്ത്, ദി ഡെവിൾസ് ബാക്ക് ബോൺ മുതലായ ചിത്രങ്ങൾക്ക് ശേഷം ഡെൽ ടോറോയുടെ ഏറ്റവും മികച്ച ചിത്രമെന്നാണ് ദി ഷെയ്പ്പ് ഓഫ് വാട്ടറിനെ നിരൂപകർ വാഴ്ത്തുന്നത്. മികച്ച ചിത്രം, സംവിധായകൻ, നടി , സഹ നടൻ , സഹ നടി എന്നിവയടക്കം 13 ഓസ്കാർ നോമിനേഷൻസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

🔸 റേറ്റിംഗ് : 4/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · India · Malayalam · Romance

184. MAYANADHI (INDIA/ROMANTIC THRILLER/2017)

🔸🔸🔸മായാനദി – പ്രണയം നദി പോലെ ഒഴുകുമ്പോൾ🔸🔸🔸

🔰പൊതുവെ പ്രണയ ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ മുഖം തിരിക്കുന്ന ഒരാളാണ് ഞാൻ. പ്രണയവും വിരഹവും നിറഞ്ഞ മാംസനിബദ്ധമായതും അല്ലാത്തതുമായ രാഗത്തിന്റെ സിനിമാവിഷ്കാരങ്ങൾ കാണാനുള്ള താല്പര്യമില്ലാത്തത് തന്നെ കാരണം. ഞാൻ കണ്ടിട്ടുള്ള സിനിമകളുടെ മൊത്തം ലിസ്റ്റെടുത്താൽ വിരലിലെണ്ണാവുന്നവ മാത്രമാവും റൊമാൻറിക് ജനറിൽ വരുന്നത്. അതുകൊണ്ട് തന്നെ മായാനദി എന്ന പ്രണയ ചിത്രം കാണാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നുമില്ല. എന്നാൽ ഈ ചിത്രം എന്റെ പ്രതീക്ഷകൾ തെറ്റിച്ച് കളഞ്ഞു . ‘നീ വെറും പെണ്ണ്’ … ‘എത്ര തുള്ളിയാലും പാവാടയുടെ ചരട് അഴിക്കുന്നത് വരെയല്ലെ ഉള്ളു’ തുടങ്ങിയ ക്ലീഷേ മലയാള സിനിമാ ഡയലോഗുകൾക്കിടയിൽ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന നായികയുടെ ഡയലോഗ് തന്നെ ഈ ചിത്രത്തിന്റെ ചിന്താഗതിയുടെ കാതലായ മാറ്റം വിളിച്ച് പറയുന്നുണ്ട്.

🔰നാം ഇതു വരെ കണ്ടതിൽ നിന്ന് ഒരു പാട് വ്യത്യസ്തരാണ് മാത്തനും അപ്പുവും. പ്രണയത്തിന് വേണ്ടി സ്വന്തം ജീവിതം തുലച്ച് മറ്റുള്ളവരുടെ ജീവിതവും കൂടി ഇല്ലാതാക്കുന്നവരല്ല അവർ രണ്ട് പേരും. തന്റെ കാമുകൻ അല്ലെങ്കിൽ കാമുകി എന്നും തന്നോടൊപ്പം തന്നെ ഉണ്ടാവണമെന്നും മറ്റൊരു ജീവിതം അവർക്കുണ്ടാവരുത് എന്നും ചിന്തിക്കുന്ന നാരോ മൈൻഡഡ് അല്ല അവർ. ഒരാൾ സ്വന്തം ജീവിതത്തിന് സ്വന്തമായി വഴി കണ്ടെത്തുമ്പോൾ അവൾ/അവൻ ‘തേച്ചിട്ട് പോയി’ എന്ന് വിളിച്ച് കൂവുന്നവരും അല്ല അവർ. ജീവിതത്തിൽ അവനവന്റെതായ വഴി കണ്ടെത്താൻ ശ്രമിക്കുന്ന രണ്ട് വ്യക്തികൾ പരസ്പരം പങ്ക് വയ്ക്കുന്ന സുന്ദര മുഹൂർത്തങ്ങളാണ് അവർക്ക് പ്രണയം .അതിൽ ചിരിയുണ്ട് കോപമുണ്ട് തമാശയുണ്ട് ചുംബനമുണ്ട് രതിയുണ്ട് .എന്നാൽ ഇതൊന്നും ഒരാൾ മറ്റൊരാൾക്ക് നല്കുന്ന വാഗ്ദാനമല്ല എന്ന സത്യം സമൂഹത്തോട് വിളിച്ചു പറയുകയാണ് മായാനദി എന്ന ചിത്രം.

🔰അപ്പുവിനെയും മാത്തനെയും കണ്ട് കുരു പൊട്ടുന്ന ധാരാളം പേരുണ്ടാവാം. സ്വയം പുരോഗമനവാദി ചമഞ്ഞ് ഉള്ളിൽ പൊട്ടുന്ന കുരുവിനെ അടിച്ചമർത്തി പുറത്ത് കിടിലൻ സിനിമ എന്ന് പറയുന്നവരും ഉണ്ടാവാം. എന്നാൽ നിങ്ങളെല്ലാം അറിയേണ്ടത് മാത്തൻ അവസാനം പറയുന്നുണ്ട്. ‘എന്ത് ചെയ്താലും എനിക്കവളെ ഒരുപാടിഷ്ടമാണ്’…. ആരൊക്കെ എന്തൊക്കെ അഭിപ്രായങ്ങൾ പറഞ്ഞാലും മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മായാനദി ഉണ്ടാകും. പേര് അന്വർത്ഥമാക്കിക്കൊണ്ട് നദിപോലെ ഒഴുകുന്ന മാത്തന്റെയും അപ്പുവിന്റെയും പ്രണയം ഒഴുകിയിറങ്ങിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും മനസ്സ് നിറഞ്ഞ നന്ദി അറിയിച്ച് കൊണ്ട് നിർത്തുന്നു.

©️ PRADEEP V K

4.5 Star (Brilliant) · Drama · Hungarian · Hungary · Romance

182. ON BODY AND SOUL (HUNGARY/ROMANTIC DRAMA/2017)

#Oscar2018MovieReviews
Post No. 6

🔰 അതൊരു അതി മനോഹരമായ സ്വപ്നമായിരുന്നു. മഞ്ഞ് നിറഞ്ഞ ആ താഴ് വരയിൽ അവർ രണ്ട് മാനുകളായി തൊട്ടുരുമ്മി നടന്നു. അവൻ അവർക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മഞ്ഞിന്റെ തണുപ്പും പ്രണയത്തിന്റെ ഇളം ചൂടും അനുഭവിച്ച അവർ രണ്ട് പേരും ആ സ്വപ്നം തീരരുതേ എന്നാശിച്ചു!

🔰ചിത്രം : ഓൺ ബോഡി ആൻഡ് സോൾ ON BODY AND SOUL (2017)
രാജ്യം : ഹംഗറി
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കശാപ്പുശാലയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ എൻഡ്രയും ക്വാളിറ്റി ഇൻസ്പെക്ടർ ആയ മറിയയും തമ്മിലുള്ള വൈവിധ്യം നിറഞ്ഞ പ്രണയ ബന്ധമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായ മറിയ അവരെക്കാൾ വളരെ പ്രായക്കൂടുതലുള്ള എൻഡ്രയോട് ആദ്യമൊക്കെ അടുപ്പം കാണിക്കുന്നില്ലെങ്കിലും തങ്ങൾ രണ്ട് പേരും ഒരേ സ്വപ്നം തന്നെ ദിവസവും കാണുന്നു എന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ മനസ്സിലാക്കുന്നതോടെ അത് യാഥാർത്ഥ്യമാക്കാൻ തീരുമാനിക്കുന്നു .

🔰ഒരിക്കലും കഴിഞ്ഞ് പോകരുതേ എന്നാഗ്രഹിച്ച് പോകുന്ന തരം മനോഹരമായിരുന്നു ചിത്രത്തിലെ സ്വപ്ന ദൃശ്യങ്ങൾ. ഓരോ ഫ്രെയിമും അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഐഎഫ്എഫ്കെ 2017 ൽ ഞാൻ കണ്ടവയിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് . കശാപ്പുശാലയിൽ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വളരെ വിശദമായിത്തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. കശാപ്പ് രംഗങ്ങളിലെ ഭീകരതയിലൂടെ സ്വപ്ന ദൃശ്യങ്ങളിലെ മനോഹാരിതയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ഈ ചിത്രം വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.

🔰പ്രശസ്ത ഹംഗേറിയൻ സംവിധായിക ഇൽഡികോ എൻയെദി സംവിധാനം ചെയ്ത ഈ ചിത്രം സംവിധാനം , സിനിമാറ്റോഗ്രഫി ,എഡിറ്റിംഗ് തുടങ്ങി സിനിമയുടെ സാങ്കേതിക മേഖലകളും അഭിനേതാക്കളുടെ പെർഫോർമൻസും അടക്കം എല്ലാ രംഗത്തും ഒരേ പോലെ മികവ് പ്രകടിപ്പിച്ചു. ബർലിൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ പുരസ്കാരം നേടിയ ഈ ചിത്രത്തിന് മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള 2018ലെ ഓസ്കാർ നോമിനേഷനും ലഭിച്ചിട്ടുണ്ട്.

🔸റേറ്റിംഗ് : 4.5/5

©️ PRADEEP V K

3.5 Star (Good) · Anthology · India · Malayalam · Romance · Thriller

165. SOLO (INDIA/2017/ROMANTIC THRILLER)

🔹165) SOLO (2017) 🔹 A REVIEW 🔹

🔹 “ജലം , വായു , അഗ്നി , ഭൂമി , ആകാശം എന്നീ പഞ്ചഭൂതങ്ങളാലാണ് പ്രപഞ്ചത്തിലെ ഓരോ അണുവും രൂപപ്പെട്ടിരിക്കുന്നത് . അവയെ നിയന്ത്രിക്കുന്നതാവട്ടെ ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരമൂർത്തിയുമായ ശിവനും” – As Per Ancient Mythology.

🔹COUNTRY : INDIA
LANGUAGE : MALAYALAM
GENRE : ROMANTIC THRILLER ANTHOLOGY
DIRECTION : BEJOY NAMBIYAR

🔹 OBSERVATIONS 🔹

▪️ പഞ്ചഭൂതങ്ങളിലെ ജലം , വായു , അഗ്നി , ഭൂമി എന്നിവയെ ആധാരമാക്കി ശിവന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ശേഖർ , ത്രിലോക്, ശിവ , രുദ്ര എന്നിങ്ങനെ നാല് പേരുടെ കഥയാണ് സോളോ എന്ന ചിത്രത്തിലൂടെ ബിജോയ് നമ്പ്യാർ പറയുന്നത്. ശിവതാണ്ഡവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ് വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക്, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് രുദ്ര എന്നീ നാല് എപ്പിസോഡുകളുടെ തീം ആയി സ്വീകരിച്ചിരിക്കുന്നത്. ബിജോയ് നമ്പ്യാരുടെ തന്നെ തിരക്കഥയിൽ മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു.

🔹 POSITIVE SIDES🔹

▪️ നാല് കഥകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദുൽക്കർ സൽമാന്റെ അഭിനയ ജീവിതത്തിലെ മികച്ച ചില മുഹൂർത്തങ്ങൾ സോളോയിൽ കാണാൻ കഴിഞ്ഞു .മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉള്ള നടീനടൻമാർ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള ഗാനങ്ങളും ഗാന ചിത്രീകരണവും അതി മനോഹരമായിരുന്നു. ഒരു റൊമാൻറിക് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്നതാണ് ആദ്യ എപ്പിസോഡായ വേൾഡ് ഓഫ് ശേഖർ.രണ്ടാമത്തെ എപ്പിസോഡായ വേൾഡ് ഓഫ് ത്രിലോക് ഒരു റൊമാൻറിക് റിവഞ്ച് ത്രില്ലറും മൂന്നാമത്തെ എപ്പിസോഡായ വേൾഡ് ഓഫ് ശിവ ഒരു ഡാർക്ക് ക്രൈം ത്രില്ലറും ആണ്. അവസാന എപ്പിസോഡായ വേൾഡ് ഓഫ് രുദ്രയെ ഒരു റൊമാൻറിക് ഫാമിലി ത്രില്ലറിൽ പെടുത്താം.

▪ ശിവൻ എന്ന മിത്തിക്കൽ കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ളവർക്ക് ചിത്രത്തിന്റെ തീം വളരെ പെട്ടെന്ന് മനസ്സിലാക്കാനാവും . പ്രണയം , പ്രതികാരം , കാമം , ക്രോധം , ത്യാഗം തുടങ്ങിയ മനുഷ്യന്റെ എല്ലാ വികാരങ്ങളും ഒരാളിൽ സന്നിവേശിപ്പിച്ചതാണ് ശിവൻ എന്ന കഥാപാത്രം എന്ന് പറയാം. സ്ത്രീ എന്നത് ശിവന്റെ ശക്തിയും ദൗർബല്യവുമാണ് . കാമുകി , ഭാര്യ , മകൾ , അമ്മ ,സഹോദരി എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള സ്ത്രീയുടെ പുരുഷനിലുള്ള സ്വാധീനം ശിവന്റെ വിവിധ ഭാവങ്ങളിലൂടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഓരോ എപ്പിസോഡിന്റെയും തുടക്കത്തിൽ കാണിക്കുന്ന ശിവതാണ്ഡവത്തിന്റെ കാരിക്കേച്ചറുകളും വിവരണവും ഹൃദ്യമായിരുന്നു. വേൾഡ് ഓഫ് ശിവയിലെ ദേവീ സ്തുതിയോട് ചേർന്നുള്ള ആക്ഷൻ രംഗങ്ങൾ വളരെ ആവേശഭരിതമായിരുന്നു.

🔹NEGATIVE SIDES🔹

▪️ ചിത്രത്തിലെ ഡയലോഗുകളിൽ ഒരു തരം അവ്യക്തതയും നാടകീയതയും കലർന്നിരുന്നു. വിക്കുള്ള കഥാപാത്രത്തിന്റെ കഥയും കൂടി ആയപ്പോൾ വേൾഡ് ഓഫ് ശേഖറിലെ ഡയലോഗുകൾ കൂടുതൽ പരിതാപകരമായി . അധോലോക മാഫിയയുടെ കഥ പറഞ്ഞ വേൾഡ് ഓഫ് ശിവയിലെ ദുൽക്കറിന്റെ സ്ഥായിയായ മുഖഭാവം കഥാപാത്രം ആവശ്യപ്പെടുന്നതാണെന്ന് കരുതാം. ആദ്യ ക്ലൈമാക്സിന്റെ പേരിൽ ഒരു പാട് നെഗറ്റീവ് കമൻറ്സ് ലഭിച്ച വേൾഡ് ഓഫ് രുദ്രയിലെ പ്രധാന പാളിച്ച വെട്ടിമാറ്റി അംഗഭംഗം വരുത്തിയ പുതിയ ക്ലൈമാക്സ് രംഗം തന്നെയായിരുന്നു എന്നത് വിരോധാഭാസമാവാം.

🔹FINAL WORDS🔹

▪ സിനിമ എന്നത് പൂർണമായും സംവിധായകന്റെ സൃഷ്ടിയാണ്. ആരോഗ്യമുള്ള കയ്യും കാലും മറ്റവയവങ്ങളും ഉണ്ടായാൽ മാത്രം പോര അവയെല്ലാം യഥാസ്ഥാനത്ത് വന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കൂ എന്നത് പോലെ മികച്ച അഭിനേതാക്കളും തിരക്കഥയും ഗാനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ടാകുന്നതിലുപരി അവ കൃത്യമായ രീതിയാൽ കൃത്യമായ അളവിൽ സന്നിവേശിപ്പിച്ചാൽ മാത്രമേ മികച്ച ഒരു സിനിമ സൃഷ്ടിക്കപ്പെടൂ. ചില ചെറിയ പാളിച്ചകൾ മാറ്റി നിർത്തിയാൽ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ ബിജോയ് നമ്പ്യാർക്ക് കഴിഞ്ഞു എന്ന് പറയാം .പുതുമ നിറഞ്ഞ വിഷയങ്ങൾ പുതുമ നിറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളെക്കാളും ഏതൊരു സിനിമാ ഫീൽഡിന്റെയും വ്യാപ്തി നിശ്ചയിക്കുന്നത് എന്ന് അറിയാവുന്ന ഒരു സംവിധായകനെ നമുക്ക് ചിത്രത്തിലുടനീളം കാണാം .

▪ എന്നാൽ സ്വന്തം ഭാഷയിലെ പരീക്ഷണ ചിത്രങ്ങളെ അവജ്ഞയോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹത്തിലേക്കാണ് അദ്ദേഹം തന്റെ സ്വപ്ന ചിത്രവുമായെത്തിയത്. ഓരോ സിനിമയും അത് അർഹിക്കുന്ന സീരിയസ്നെസ്സോടെ വേണം സമീപിക്കേണ്ടത് എന്നറിയാത്ത ചിലർ നടത്തിയ പരാക്രമങ്ങളുടെ പേരിൽ മികച്ച ഒരു ക്ലൈമാക്സിനെ യാതൊരു സാമാന്യബോധവുമില്ലാതെ അണിയറക്കാർ വെട്ടിമുറിച്ച് നശിപ്പിച്ചു എന്നതാണ് ഏറ്റവും ഖേദകരം. പുതുമകളെ എന്നും അംഗീകരിക്കുന്ന തമിഴ് പ്രേക്ഷകർ ചിത്രത്തെ ഇതിലും നന്നായി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. സ്വന്തം സൃഷ്ടിയെ ഇങ്ങനെ നശിപ്പിച്ചത് കാണുമ്പോഴുള്ള വേദനക്ക് ബിജോയ് നമ്പ്യാർ എന്ന സംവിധായകനോട് അതിന് കാരണക്കാരായ മലയാളി പ്രേക്ഷകരുടെ പേരിൽ മാപ്പ് ചോദിച്ചു കൊണ്ട് നിർത്തുന്നു.

🔹 Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.0 Star (Above Average) · Comedy · India · Malayalam · Romance

130. CIA (INDIA/ROMANTIC COMEDY/2017)

130. CIA (INDIA/MALAYALAM/2017/ Romantic Comedy/135 Min/Dir: Amal Neerad /Stars: Dulquer Salmaan, Karthika Muralidharan, Siddique, John Vijay)
🔹 SYNOPSIS 🔹

 

▪ മലയാളത്തിലെ ഏറ്റവും സ്റ്റെലിഷ് ആയ സംവിധായകൻ അമൽ നീരദ് തന്റെ കരിയർ ബെസ്റ്റ് അയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽക്കർ സൽമാൻ നായകനായ CIA (Comrade In America). പേര് കൊണ്ട് ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമായി റിലീസിന് മുമ്പ് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും അത് മാത്രമല്ലാതെ പ്രണയവും കുടുംബകഥയും അഭയാർത്ഥി പ്രശ്നങ്ങളുമെല്ലാം വിഷയമാകുന്ന ഒരു ചിത്രമാണിത് .കോട്ടയത്തെ കേരള കോൺഗ്രസ്സ് നേതാവായ മാത്യുവിന്റെ മകനായ അജി മാത്യു ഇടതു പക്ഷ സഹയാത്രികനാണ്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും സജീവമായി പങ്കെടുക്കുന്ന അജി കോളേജ് വിദ്യാർത്ഥിനിയായ സാറ കുര്യനുമായി പ്രണയത്തിലാവുന്നു .യു എസിൽ സ്ഥിര താമസക്കാരിയായ സാറ ഒരു പ്രത്യേക സാഹചര്യത്തിൽ അമേരിക്കയിലേക്ക് പോകുമ്പോൾ അജി അവളെ കാണാനായി അങ്ങോട്ട് പോകാൻ തീരുമാനിക്കുന്നു .എന്നാൽ വിസ ലഭിക്കാനുള്ള സമയം ഇല്ലാത്തതിനാൽ നിക്കരാഗ്വ വഴി മെക്സിക്കൻ ബോർഡർ കടന്ന് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാൻ അജി നിർബന്ധിതനാകുന്നു .
▪രാഷ്ട്രീയവും കോളേജും കുടുംബ ബന്ധങ്ങളും മികച്ച കോമഡി രംഗങ്ങളും നിറഞ്ഞ ആദ്യ പകുതി ഗംഭീരമായിരുന്നു .അജി മാത്യു എന്ന എനർജറ്റിക് ആയ കഥാപാത്രമായി ദുൽക്കർ മികച്ച അഭിനയം കാഴ്ച വച്ചു .പ്രണയരംഗങ്ങളിലും അക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും എല്ലാം ഒരേ പോലെ തിളങ്ങാൻ അദ്ദേഹത്തിനായി .മാത്യു എന്ന അജിയുടെ അച്ഛനായി വരുന്ന സിദ്ദിഖ് മലയാള സിനിമയിൽ താൻ ഒരു അവിഭാജ്യ ഘടകമാണെന്ന് വീണ്ടും തെളിയിച്ചു .കിട്ടുന്ന ഏത് വേഷവും ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കുന്ന സിദ്ദിഖ് തന്നെയാണ് ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും .അജിയുടെ സുഹൃത്തുക്കളായ ഏര്യാ സെക്രട്ടറി ഹരിയായി വേഷമിട്ട ദിലീഷ് പോത്തനും ജോമോൻ എന്ന കഥാപാത്രമായി വന്ന സൗബിൻ താഹിറും മികച്ച കോമഡി രംഗങ്ങൾ സമ്മാനിച്ചു . സാറയെന്ന യു എസ് ബേസ്ഡ് വിദ്യാർത്ഥിനിയായി പുതുമുഖം കാർത്തിക മുരളീധരൻ തന്റെ വേഷം ഭംഗിയാക്കി . മൺമറഞ്ഞ കമ്മൂണിസ്റ്റ് ചിന്തകരുടെ വ്യത്യസ്തമായ പുനരാഷ്കാരം വളരെ രസകരമായിരുന്നു .എല്ലാം കൊണ്ടും ആദ്യ പകുതി വളരെ മികച്ച രീതിയിൽ തന്നെ അവസാനിച്ചു .
▪എന്നാൽ ചിത്രം രണ്ടാം പകുതിയിൽ പൂർണമായും ട്രാക്ക് മാറുന്നു .നിക്കരാഗ്വ വഴി മെക്സിക്കോയിൽ എത്തി അവിടന്ന് അമേരിക്കൻ ബോർഡർ കടക്കുന്ന പല രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘത്തിന്റെ ജീവൻ പണയം വെച്ചുള്ള യാത്രയാണ് രണ്ടാം പകുതിയിൽ .ഇത് വരെ മലയാള സിനിമകളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള  വിദേശ രാജ്യ ചിത്രീകരണമാണ്  ചിത്രത്തിൽ .എന്നാൽ ജോൺ വിജയ് അവതരിപ്പിച്ച ശ്രീലങ്കൻ ഡ്രൈവറുടെ കഥാപാത്രം ഒഴിച്ച് മറ്റ് കഥാപാത്രങ്ങളും അഭിനേതാക്കളും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. കഥാപാത്രങ്ങൾ ജീവൻ പോലും പണയം വെച്ച് അതീവ അപകടകരമായ  ഒരു യാത്ര ചെയ്യാൻ  ഉള്ള കാരണങ്ങൾ തികച്ചും പരിതാപകരമായിരുന്നു .( ഉദാഹരണത്തിന് സ്വാതന്ത്ര്യത്തിന്  വേണ്ടി മെക്സിക്കൻ ബോർഡർ കടക്കാൻ ശ്രമിക്കുന്ന ചൈനക്കാരൻ! ). 
▪അഭയാർത്ഥികൾക്കു വേണ്ടി സമർപ്പിച്ചിരിക്കുന്ന  ചിത്രത്തിന്റെ സംവിധായകൻ ‘അഭയാർത്ഥി’ എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്  എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. എങ്കിലും ക്ലീഷേ ഒഴിവാക്കിയ ക്ലൈമാക്സ് നന്നായി .

അമൽ നീരദിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് ചിത്രത്തിന് .പലപ്പോഴും ഇത് ഒരു അമൽ നീരദ് ചിത്രമാണോ എന്ന് സംശയം തോന്നിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒരു ചുവടുമാറ്റമായി കരുതാം .രാഷ്ട്രീയത്തിന്റെ സഖാവിൽ നിന്നും വ്യത്യസ്തമായി പ്രണയത്തിന്റെ സഖാവിന്റെ കഥയാണ് ചിത്രമെന്ന് പറയാം .ദുൽക്കറിന്റെ സ്ക്രീൻ പ്രസൻസും മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും നിറഞ്ഞ ഈ ചിത്രം അമിത പ്രതീക്ഷകളില്ലാതെ  സമീപിച്ചാൽ നിങ്ങളെ  നിരാശപ്പെടുത്തില്ല .

VERDICT : ABOVE AVERAGE ( Good First Half and Average Second Half )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · Fantasy · Musical · Romance · USA

121. BEAUTY AND THE BEAST (USA/FANTASY/2017)

121. BEAUTY AND THE BEAST ( USA/ENGLISH/2017/ Musical Romantic Fantasy/129 Min/Dir:Bill Condon/Stars: Emma Watson, Dan Stevens, Luke Evans, Ian McKellen )

🔹SYNOPSIS 🔹

▪ 1991 ൽ റിലീസായ Beauty And The Beast എന്ന ഡിസ്നി അനിമേഷൻ ചിത്രത്തിന്റെ ലൈവ് ആക്ഷൻ റീമേക്ക് ആണ് ഈ ചിത്രം . പതിനെട്ടാം നൂറ്റാണ്ടിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന അതേ പേരിൽ തന്നെയുള്ള ഫെയറി ടെയിൽ ആണ് ഈ രണ്ട് ചിത്രങ്ങൾക്കും ആധാരം .ഇതിനകം വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലെ സിനിമകളിൽ പല രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കപ്പെട്ട ഒരു ക്ലാസിക് കഥയുടെ ഏറ്റവും മനോഹരമായ പുനരാവിഷ്കാരം എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത് . 160 മില്യൺ ഡോളർ നിർമ്മാണ ചെലവുള്ള ഈ ചിത്രത്തിന്റെ മാർക്കറ്റിംഗിന് മാത്രം 140 മില്യൺ ഡോളർ ആണ് ഡിസ്നി ചെലവഴിച്ചത് എന്നത് അദ്ഭുതമായി തോന്നും . നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഏറ്റുവാങ്ങി ഒരു ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ഈ ചിത്രം 2017ൽ ഇതുവരെ ഏറ്റവുമധികം തിയേറ്റർ കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിയും സ്വന്തമാക്കിക്കഴിഞ്ഞു . 

▪പുരാതന ഫ്രാൻസിലെ ഒരു രാജകുമാരനും അയാളുടെ കൊട്ടാരവും ഒരു മന്ത്രവാദിനിയുടെ ശാപത്തിന് പാത്രമാകുകയും ശാപമേറ്റ രാജകുമാരൻ ഭീകരനായ ഒരു ബീസ്റ്റ് (Dan Stevens) ആയി മാറുകയും ചെയ്യുന്നു .ആ കൊട്ടാരത്തിലെ പരിചാരകരെല്ലാം ക്ലോക്ക് , അലമാര , മെഴുകുതിരി , ചായക്കപ്പ് , സോഫ തുടങ്ങി അവിടത്തെ ഓരോ ഉപകരണങ്ങളായി മാറുന്നു. ലോകത്തിന്റെ ഓർമയിൽ നിന്ന് തന്നെ മായുന്ന ആ കൊട്ടാരത്തിലേക്ക്  സുന്ദരിയായ ബെല്ല (Emma Watson) എത്തിപ്പെടുന്നു. തന്നെ സ്വന്തമാക്കാൻ എത് മാർഗവും സ്വീകരിക്കുന്ന ഗാസ്റ്റൺ (Luke Evans) എന്ന ദുഷ്ടനായ വേട്ടക്കാരനിൽ നിന്ന് രക്ഷപ്പെടാനും  ഭീകരരൂപിയായ ബീസ്റ്റിലെ മനുഷ്യനെ കണ്ടെത്തി പ്രണയിക്കാനും ബെല്ലയ്ക്ക് കഴിയുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കി ഭാഗം പറയുന്നത് .

▪ഒരു മ്യൂസിക്കൽ ഫാന്റസ്സി ചിത്രം ആയതിനാൽ ഗാനങ്ങളിലൂടെയാണ് ചിത്രത്തിൽ കഥ പറഞ്ഞു പോകുന്നത് .കഥയുമായി ഇഴുകി ചേർന്നു നില്ക്കുന്ന ഗാനങ്ങൾ അതിമനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു .കഥ പൂർണമായും എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടിരുന്നു പോകുന്ന ചിത്രമാണിത് .അത്രയും മനോഹരമാണ് ഓരോ ഷോട്ടും .വിഷ്യൽ ഇഫക്ട്സ് , CGI , 3D ഇഫക്ട്സ് എല്ലാം അതി ഗംഭീരം .ഹാരി പോട്ടർ ചിത്രങ്ങൾക്ക് ശേഷം എമ്മ വാട്സന്റെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ബെല്ല .Motion Capture Technology ഉപയോഗപ്പെടുത്തി ബീസ്റ്റ് ആയി മാറിയ Dan Stevens , വില്ലൻ കഥാപാത്രമായ ഗാസ്റ്റൺ ആയി വന്ന Luke Evans , കൊട്ടാരത്തിലെ ഉപകരണങ്ങളായി മാറിയ പരിചാരകരുടെ വേഷം ചെയ്ത Ian McKellen, Evan McGregor എന്നിവരെല്ലാം വളരെ മികച്ച പെർഫോർമൻസ് തന്നെ കാഴ്ചവച്ചു . 

▪ജീവനില്ലാത്ത വസ്തുക്കളുടെ വികാരങ്ങൾ പോലും പ്രേക്ഷകനിലേക്കെത്തിച്ച് അവരുടെ കണ്ണുകൾ നിറയ്ക്കുന്ന ഡിസ്നി മാജിക് ഇവിടെയും ആവർത്തിച്ചു .ചിത്രത്തിന്റെ സ്വഭാവവും  കഥയും മനസ്സിലാക്കാതെ സമീപിക്കുന്നവർക്ക് ആദ്യവസാനം നിറഞ്ഞ് നില്ക്കുന്ന ഗാനങ്ങൾ ചിലപ്പോൾ അലോസരം സൃഷ്ടിച്ചേക്കാം. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും അതിന്റെ ആത്യന്തികമായ അവസാനവും ഉദ്ഘോഷിക്കുന്ന ഡിസ്നി ചിത്രങ്ങളുടെ പൊതു സ്വഭാവം തന്നെയാണ് ഈ ചിത്രത്തിലും. പൊതുവെ അത്തരം ചിത്രങ്ങളോട് പുറം തിരിക്കുന്ന ആൾക്കാരെപ്പോലും വൈകാരികമായി പിടിച്ചിരുത്താൻ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം .പഴയ കാലഘട്ടത്തിലെ ലൊക്കേഷൻ, മേക്കപ്പ് തുടങ്ങി നമ്മുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടെ പുതുമ നിറഞ്ഞ പുനരാവിഷ്കരണം മുതലായ എല്ലാ മേഖലകളിലും അതീവ ശ്രദ്ധ പുലർത്തിയിരിക്കുന്ന ഈ ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ ആസ്വദിക്കാനാവുമെന്ന് തീർച്ചയാണ് . കഴിഞ്ഞ വർഷത്തെ Jungle Book പോലെ നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും നല്കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഈ ചിത്രം തിയേറ്ററിൽ 3D യിൽ കാണിക്കുക എന്നത് .

🔹VERDICT : VERY GOOD ( A Visually Stunning And Beautiful Romantic Fantasy Film )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · Drama · English · Romance · USA

120. THE FAULT IN OUR STARS (USA/ROMANTIC DRAMA/2014)

120. THE FAULT IN OUR STARS ( USA/ENGLISH/2014/Romantic Drama/126 Min/Dir:Josh Boone/Stars: Shailene Woodley, Ansel Elgort )
🔹SYNOPSIS 🔹
▪ John Green എഴുതിയ The Fault in Our Stars എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം . ഹേസൽ ഗ്രേസ് ലാൻകാസ്റ്റർ ( Shailene Woodley) 16 വയസ്സുള്ള ഒരു ലങ്ങ് കാൻസർ രോഗിയാണ്. അപകടകരമായ രോ‌ഗത്തിന് അടിമയെങ്കിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന ഹേസൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഒരു കാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ അംഗമാവുന്നു .അവിടെ വച്ച് അഗസ്റ്റസ് വാട്ടേഴ്സ് (Ansel Elgort)  എന്ന ബോൺ കാൻസർ രോഗിയായ 18 വയസ്സുകാരനെ കണ്ട് മുട്ടുന്നു .കാൻസർ മൂലം ഒരു കാല് മുറിച്ച് മാറ്റേണ്ടി വന്ന അഗസ്റ്റസ് ഇപ്പോൾ രോഗം ഏതാണ്ട് ഭേദമായ അവസ്ഥയിലാണ് . തങ്ങളുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ പരസ്പരം പങ്കുവെയ്ക്കുന്ന അവർ തമ്മിൽ പെട്ടെന്ന് തന്നെ പ്രണയത്തിലാവുന്നു .മനോഹരമായ കണ്ണുകളെ ഈറനണിയിക്കുന്ന അഗസ്റ്റസിന്റെയും ഹേസലിന്റെയും ആ പ്രണയകഥയാണ് ഈ ചിത്രം പറയുന്നത് .
▪ പ്രണയ ചിത്രങ്ങളോട് പൊതുവെ താല്പര്യമില്ലാത്ത ആളായിരുന്നിട്ട് കൂടി ഹേസലും അഗസ്റ്റസും മനസ്സിനെ വല്ലാതെ കീഴടക്കിക്കളഞ്ഞു എന്നതാണ് വാസ്തവം. Divergent സീരീസ് ചിത്രങ്ങളിലൂടെ പ്രശസ്തയായ Shailene Woodley യുടെ അതി മനോഹരമായ പെർഫോർമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ഹേസൽ ഗ്രേസ് എന്ന കഥാപാത്രത്തിന്റെ ആത്മാവ് തന്നിലേക്കാവിഹിച്ച Shailene ന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം തന്നെയായിരുന്നു ഈ ചിത്രത്തിലേതെന്ന് സംശയമില്ല . അഗസ്റ്റസ് വാട്ടേഴ്സ് എന്ന കഥാപാത്രം അവതരിപ്പിച്ച Ansel Elgort ഉം അഭിനയത്തിൽ ഒട്ടും പിന്നിലായില്ല . Willem Dafoe യുടെ അപ്രതീക്ഷിതമായ അതിഥി വേഷവും വളരെ വ്യത്യസ്തമായിരുന്നു . മകളുടെ രോഗത്തെ അതിന്റെ അതേ അർത്ഥത്തിൽ സ്വീകരിക്കുന്ന വേദന പുറത്തു കാണിക്കാതെ എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ഹേസലിന്റെ അമ്മയായി അഭിനയിച്ച Laura Dern മനസ്സിൽ നിന്ന് മായാതെ നില്ക്കുന്നു . നോവലിനെ അധികരിച്ച്  Scott Neustadter , Michael H. Weber എന്നിവർ ചേർന്നെഴുതിയ മികച്ച തിരക്കഥയും നാടകീയത തോന്നാത്ത സംഭാഷണങ്ങളും ചിത്രത്തെ വേറിട്ടു നിർത്തുന്നു .
▪ രണ്ട് കാൻസർ രോഗികൾ തമ്മിലുള്ള പ്രണയം എന്നതിലുപരി വളരെ പോസിറ്റീവ് ആയ ഒരു ചിത്രമാണിത് .നാമറിയാതെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർത്താനും കണ്ണുകളെ ഈറനണിയിക്കാനും കെൽപ്പുള്ളൊരു ചിത്രം .  ജീവിതത്തിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന വലിയ സത്യം നാമോരോരുത്തരെയും ഓർമപ്പെടുത്തുന്നതാണ് ഈ ചിത്രം. ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും ഏറ്റവും വലിയ സന്തോഷവും ഒരേ മനസ്സോടെ സ്വീകരിക്കുന്ന ഹേസൽ ഗ്രേസും അഗസ്റ്റസ് വാട്ടേഴ്സും നിങ്ങളുടെ മനസ്സിൽ നിന്നും പെട്ടെന്നൊന്നും മാഞ്ഞ് പോകില്ല . ആർദ്രമായ പ്രണയ ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്ന ഏവർക്കും ഈ ചിത്രം തീർച്ചയായും ഇഷ്ടമാകും .
🔹RATING : 3.5/5 ( An Intense  Heartbreaking Tale Of Love )
©PRADEEP V K