4.0 Star (Very Good) · English · Science Fiction · USA

185. BLADE RUNNER 2049 (USA/SCIENCE FICTION/2017)

🔸🔸🔸കൊഴിഞ്ഞു പോയ ഓർമകളും സ്വത്വാന്വേഷണത്തിന്റെ കനൽവഴികളും🔸🔸🔸

🔰ചിന്താശക്തിയുള്ള യന്ത്രമനുഷ്യരുടെ ലോകത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയ അത്ഭുതം എന്തായിരിക്കും? പുതിയ ഗവേഷണ ഫലങ്ങളോ ടെക്നോളജിയുടെ കണ്ടെത്തലുകളോ പറക്കും തളികകളോ ഒന്നുമല്ല, ഇന്ന് നമ്മുടെ ലോകത്ത് വളരെ സാധാരണമായ ഒരു കാര്യമാണത് .മറ്റൊന്നുമല്ല , അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞിന്റെ ജനനം! പൂർണ വളർച്ചയെത്തിയ ശരീരവും ഇംപ്ലാൻറ് ചെയ്യപ്പെട്ട ഭൂതകാല ഓർമകളുമായി ഭൂമിയിലേക്ക് കണ്ണുകൾ മിഴിക്കുന്ന ഓരോ റെപ്ലിക്കൻഡിനും അന്യമായത് അമ്മയുടെ ഉദരത്തിലെ ചൂട് നിറഞ്ഞ ജനന കാലമാണ്. നിയമങ്ങൾക്ക് വിരുദ്ധമായി സ്വയം ചിന്തിച്ച് സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന റെപ്ലിക്കൻഡ്സിനെ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ബ്ലേഡ് റണ്ണേഴ്സിന്റെ ഡ്യൂട്ടി. അത്തരം ഒരു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട K എന്ന ബ്ലേഡ് റണ്ണർ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് സ്വന്തം നിലനില്പിനെപ്പോലും ചോദ്യം ചെയ്യുന്ന ഒരു രഹസ്യമായിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ആ രഹസ്യത്തിന്റെ ഉറവിടം അന്വേഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന K യ്ക്ക് മുന്നിൽ പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി എത്തിക്കൊണ്ടിരുന്നു.

🔰റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ബ്ലേഡ് റണ്ണർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ബ്ലേഡ് റണ്ണർ 2049. ആദ്യ ചിത്രം കഴിഞ്ഞ് 30 വർഷത്തിന് ശേഷമുള്ള കഥ പറയുന്ന ഈ ചിത്രം പൂർണമായും ഒരു വിഷ്വൽ ട്രീറ്റ് ആണെന്ന് പറയാം. കഥാപാത്രങ്ങളുടെ സൂക്ഷ്മമായ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ വളരെ കുറവാണ്. പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ക്ഷമയോടുകൂടി താല്പര്യത്തോടെ കണ്ടിരുന്നാൽ മാത്രം ആസ്വദിക്കാവുന്ന ഒന്നാണ്. ഹാൻസ് സിമ്മറും ബെഞ്ചമിൻ വാൾഫിഷും ഒരുക്കിയ പശ്ചാത്തല സംഗീതവും റോജർ ഡീക്കിൻസിന്റെ നയനമധുരമായ സിനിമാറ്റോഗ്രഫിയും നിറഞ്ഞ ഈ ചിത്രം ഒരു കവിത പോലെ മനസ്സിലേക്ക് ആവാഹിക്കേണ്ടതാണ്. അതോടൊപ്പം റയാൻ ഗോസ്ലിങ്ങും ഹാരിസൺ ഫോർസുമടങ്ങുന്ന താരനിരയും കൂടിയായപ്പോൾ അസ്വാദനത്തിന്റെ മറ്റൊരു തലമാണ് കാണാൻ കഴിഞ്ഞത്. ഡെനിസ് വില്ലെന്യൂവ് എന്ന പേര് വീണ്ടും സ്ക്രീനിൽ തെളിയാൻ ക്ഷമയോടെ കാത്തിരിക്കാൻ എന്നിലെ പ്രേക്ഷകനെ പ്രേരിപ്പിക്കാൻ ഈ ഒരു ചിത്രം ധാരാളം.

ചിത്രം. : BLADE RUNNER 2049 (2017)
റേറ്റിംഗ് : 4/5

© PRADEEP V K

Advertisements
3.0 Star (Above Average) · Adventure · English · France · Science Fiction

178. VALERIAN AND THE CITY OF A THOUSAND PLANETS (FRANCE/SCIENCE FICTION/2017)

🔸178) VALERIAN AND THE CITY OF A THOUSAND PLANETS (2017)🔸 A REVIEW🔸

🔸COUNTRY : FRANCE
LANGUAGE : ENGLISH
GENRE : SCIENCE FICTION/
‎ADVENTURE
DIRECTION : LUC BESSON
‎STARRING : DANE DEHAAN, CARA
‎DELEVINGNE, RIHANNA

🔸 ദൃശ്വങ്ങളുടെ മാസ്മരികതയിൽ നമ്മെ വിസ്മയിപ്പിക്കുന്ന സയൻസ് ഫിക്ഷൻ അഡ്വെഞ്ചർ ചിത്രങ്ങൾ പൊതുവെ ഹോളിവുഡിന്റെ കുത്തകയാണ്. സാങ്കേതികമായും സാമ്പത്തികമായും ഉള്ള സമ്പന്നതയാണ് അതിന് പ്രധാന കാരണമായി പറയാറ്. അതിന് ഒരു മറുപടിയെന്നോണമാണ് LUC Besson സംവിധാനം ചെയ്ത Valerian And The City of a Thousand Planets എന്ന ഫ്രഞ്ച് സയൻസ് ഫിക്ഷൻചിത്രം എത്തിയത് .180 മില്യൺ ഡോളർ ചെലവിൽ LUC Besson ഉം അദ്ദേത്തിന്റെ ഭാര്യയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇന്നേ വരെ ഇറങ്ങിയതിൽ ഏറ്റവും ചെലവു കൂടിയ നോൺ അമേരിക്കൻ ഇൻഡിപെൻഡൻസ് ചിത്രവുമാണ്. പ്രശസ്ത ഫ്രഞ്ച് കോമിക്സ് ആയ Valerian And Laureline നെ ആധാരമാക്കിയാണ് Luc Besson ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

🔸ഇരുപത്തെട്ടാം നൂറ്റാണ്ടിൽ ആൽഫാ എന്ന പേരിൽ അറിയപ്പെടുന്ന പ്രപഞ്ചത്തിലെ ആയിരത്തോളം ഗ്രഹങ്ങളിൽ നിന്നുള്ള വ്യത്യസ്തരായ ജീവിവർഗങ്ങൾ അധിവസിക്കുന്ന ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടത്തെ സെക്യൂരിറ്റി ഓഫീസേഴ്സ് ആയ വലേറിയനും ലോറലീനും ആൽഫയുടെ നാശത്തിന് കാരണമായേക്കാവുന്ന ഒരു രഹസ്യത്തിന്റെ ഉറവിടമന്വേഷിച്ച് നടത്തുന്ന യാത്രകളാണ് ചിത്രം പറയുന്നത്.

🔸സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ പ്രധാനമായ മികച്ച വിഷ്വൽ ഇഫക്ടുകളും CGI ഉം ആണ് Valerian ന്റെയും പ്രധാന ആകർഷണം. നിർഭാഗ്യവശാൽ അത് മാത്രമാണ് ചിത്രത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് പറയേണ്ടി വരും . സാങ്കേതികമായി ഉയർന്ന നിലവാരത്തിലുള്ള ചിത്രത്തിലെ വിഷ്വൽ ഇഫക്ടുകളെല്ലാം അതി മനോഹരമാണ്. Mul എന്ന പ്ലാനറ്റിലെ ജീവി വർഗത്തിന്റെ ചിത്രീകരണം വളരെ നന്നായിരുന്നു. എന്നാൽ പ്രത്യേകിച്ച് ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത തിരക്കഥയും അഭിനേതാക്കളുടെ ആവറേജ് പെർഫോർമൻസും ചിത്രത്തെ പിറകോട്ട് വലിക്കുന്നു. Mul ഗ്രഹവും അന്തേവാസികളും ചിലപ്പോഴെങ്കിലും അവതാറിലെ Navi കളെ ഓർമിപ്പിച്ചു. എങ്കിലും 1080p റെസലൂഷലിൻ വലിയ സ്ക്രീനിൽ തന്നെ കണ്ടാൽ വളരെ നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെ ലഭിക്കും എന്നതിൽ സംശയമില്ല.

🔸RATING : 3/5 ( A VISUAL TREAT)

©PRADEEP V K

4.0 Star (Very Good) · English · Science Fiction · UK

170. EX MACHINA (UK/SCIENCE FICTION/2015)

🔸170) EX MACHINA (2015)🔸 ഒരു അവലോകനം 🔸

🔸 എന്താണ് മനുഷ്യനും ആർട്ടിഫിഷ്യൽ ഇൻറലിജൻസും തമ്മിലുള്ള വ്യത്യാസം? പൂർണമായും മനുഷ്യരൂപത്തിലുള്ള മനുഷ്യന്റെ എല്ലാ വികാരങ്ങളുമുള്ള ഒരു റോബോട്ടിനെ മനുഷ്യൻ എന്ന് വിളിക്കാനാവുമോ?

🔸COUNTRY : UK
LANGUAGE : ENGLISH
GENRE : SCIENCE FICTION
DIRECTION : ALEX GARLAND
IMDB RATING : 7.7 / 10
‎ROTTEN TOMATOES RATING : 92%

🔸 ഒരു പ്രശസ്ത സേർച്ച് എൻജിൻ കമ്പനിയിലെ പ്രോഗ്രാമറായ കലേബ് സ്മിത്തിന് കമ്പനിയുടെ സി ഇ ഒ നഥാൻ ബേറ്റ്മാന്റെ ബംഗ്ലാവിൽ ഒരാഴ്ച കഴിയാനുള്ള ക്ഷണം ലഭിക്കുന്നു. ക്ഷണം സ്വീകരിച്ച് അവിടെയെത്തുന്ന കലേബിനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു അവിടെ കണ്ടതെല്ലാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള മനുഷ്യരൂപത്തിലുള്ള റോബോട്ടുകളെ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായ നഥാൻ താൻ പുതിയതായ നിർമ്മിച്ച അവ എന്ന റോബോട്ടിനെ ടൂറിങ്ങ് ടെസ്റ്റ് നടത്താനായി കലേബിനെ നിയോഗിക്കുന്നു. മനുഷ്യ സ്ത്രീയുടെ രൂപത്തിലുള്ള അവ സാധാരണ മനുഷ്യന് സമാനമായോ അതിൽ കൂടുതലായോ ബുദ്ധിശക്തിയും കഴിവുകളും ഉള്ളവളാണെന്ന് മനസ്സിലാക്കുന്ന കലേബ് അവയുമായി മാനസികമായി അടുക്കുന്നു .എന്നാൽ നിഗൂഡതകൾ സൂക്ഷിക്കുന്ന നഥാന്റെ പെരുമാറ്റം കലേബിന് നിരവധി സംശയങ്ങൾ ഉണ്ടാക്കുന്നു.

🔸 പതിഞ്ഞ താളത്തിൽ തുടങ്ങി ഞെട്ടിക്കുന്ന ക്ലൈമാക്സോടുകൂടി അവസാനിക്കുന്ന ഈ ചിത്രം ഒരു ഇൻഡിപെൻഡന്റ് സയൻസ് ഫിക്ഷൻ ചിത്രമാണ്. സംവിധായകൻ അലക്സ് ഗാർലൻഡ് തന്നെ ഒരുക്കിയ തിരക്കഥയും വളരെ മികച്ച സ്പെഷ്യൽ ഇഫക്ടുകളും ബാക്ക് ഗ്രൗണ്ട് സ്കോറും അഭിനേതാക്കളുടെ പെർഫോർമൻസും ചിത്രത്തെ മനോഹരമാക്കുന്നു. 88th ഓസ്കാറിൽ മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്കാരം ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ നോമിനേഷനും ചിത്രം നേടിയിരുന്നു. അവ എന്ന ഹ്യൂമനോയ്ഡ് റോബോട്ട് ആയി Alicia Vikander തകർപ്പൻ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ഈ ചിത്രം മനുഷ്യനും റോബോട്ടും തമ്മിലുള്ള സ്ഥിരം സിനിമാക്കഥകളിൽ നിന്നും കഥയിലും ട്രീറ്റ്മെൻറിലും വളരെ വേറിട്ട് നില്ക്കുന്നു. 15 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ചിത്രം മികച്ച ബോക്സോഫീസ് വിജയവും നിരൂപകപ്രശംസയും ഏറ്റ് വാങ്ങിയിരുന്നു. സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച അനുഭവം തന്നെയാവും ഈ ചിത്രം.

🔸RATING : 4/5 ( VERY GOOD )

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements
3.5 Star (Good) · English · Science Fiction · USA

156. 12 MONKEYS (USA/SCIENCE FICTION/1995)

🔹156. 12 MONKEYS (1995)  🔹A Recommendation🔹

🔹COUNTRY : USA

     LANGUAGE : ENGLISH

     GENRE : SCIENCE FICTION

     DIRECTION : TERRY GILLIAM

     IMDB RATING : 8/10

🔹2035 ൽ ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും ഒരു വൈറസ് ബാധയാൽ നശിക്കുന്നു. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി 1996 ലേക്ക് യാത്ര ചെയ്യാൻ ജെയിംസ് കോൾ എന്ന കുറ്റവാളി നിർബന്ധിതനാകുന്നു . എന്നാൽ ടൈം ട്രാവൽ വഴി 1996 ലേക്ക് പോകുന്ന അയാൾ അബദ്ധവശാൽ 1990 ൽ എത്തുകയും അവിടെ ഒരു മെൻറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. അവിടത്തെ ഒരു ഡോക്ടറുടേയും  മറ്റൊരു പേഷ്യന്റിന്റെയും സഹായത്തോടെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കോളിന്റെ ശ്രമങ്ങളാണ്  12 MONKEYS എന്ന ചിത്രം പറയുന്നത്. 

🔹Bruce Willis, Brad Pitt, Christopher Plummer തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റിന് അക്കാദമി അവാർഡ് നോമിനേഷനും ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിരുന്നു .ആദ്യ കാഴ്ചയിൽ വളരെ കോംപ്പിക്കേറ്റഡ് ആയി തോന്നുന്ന ഈ ചിത്രം സാധാരണ ടൈം ട്രാവൽ ചിത്രങ്ങളിൽ നിന്നും വളരെ വിഭിന്നമാണ് .നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഈ ചിത്രം സയൻസ് ഫിക്ഷൻ സിനിമ പ്രേമികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ്.

Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

Advertisements
4.0 Star (Very Good) · English · Science Fiction · USA

146. WAR FOR THE PLANET OF THE APES (USA/SCIENCE FICTION/2017)

🔹146. WAR FOR THE PLANET OF THE APES 3D (2017)  🔽 A Review 🔽

🔹 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES.

COUNTRY : USA

LANGUAGE : ENGLISH

GENRE : SCIENCE FICTION

DIRECTION : MATT REEVES

🔹SYNOPSIS 🔹

▪️1968 മുതൽ 1973 വരെ ഇറങ്ങിയ അഞ്ച് ചിത്രങ്ങൾക്കും 2001 ൽ ഇറങ്ങിയ റീമേക്കിനും ശേഷമാണ് 2011ൽ പ്ലാനറ്റ് ഓഫ് ദി ഏപ്സ് റീബൂട്ട് സീരീസ് ആരംഭിക്കുന്നത് .ഒറിജിനൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ നടക്കുന്ന റിബൂട്ട് സീരീസ് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരു പോലെ നേടിയിരുന്നു . സിമിയൻ ഫ്ലൂ വൈറസ് പടർന്ന് പിടിച്ചതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും നശിച്ചപ്പോൾ കുരങ്ങൻമാർ മനുഷ്യരെപ്പോലെ ബുദ്ധിശക്തിയും സംസാരിക്കാനുള്ള കഴിവും നേടിയെടുക്കുന്നു. കുരങ്ങൻമാരുടെ നേതാവായ സീസർ തന്നെ ചതിച്ച കോബയെ വധിച്ചതിന് ശേഷം മനുഷ്യരുമായി യുദ്ധം കഴിവതും ഒഴിവാക്കി തന്റെ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു .എന്നാൽ കുരങ്ങൻമാരെ പൂർണമായും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ക്രൂരനായ കേണലിന്റെ നേതൃത്വത്തിലുള്ള ആൽഫ ഒമേഗ എന്ന ആർമി ഗ്രൂപ്പിന്റെ വരവ് സീസറിനെ മറ്റൊരു ജീവന്മരണ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. 

🔹VERDICT🔹

▪️ ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾ ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി ഇമോഷണൽ രംഗങ്ങൾക്കും ഡയലോഗുകൾക്കും പ്രാധാന്യം നല്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ചിത്രത്തിലെ  കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മോഷൻ ക്വാപ്ച്ചർ ടെക്നോളജിയും CGI യും സമന്വയിപ്പിച്ച് ഒരുക്കിയ ഏപ്സ് വളരെ മികച്ച അനുഭവമാണ് നല്കിയത്. Andy Serkis അവതരിപ്പിച്ച സീസർ ഇമോഷണൽ രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും എല്ലാം വളരെ മികവ് പുലർത്തി. King Kong , Gollum (Lord of The Rings Series) തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീസർ .  

▪️മുൻ ചിത്രങ്ങളിൽ ഉണ്ടായിരുന്ന Karin Konoval അവതരിപ്പിച്ച മൗറിസ് എന്ന ഒറങ്ങ് ഉട്ടാൻ , Terry Notary അവതരിപ്പിച്ച റോക്കറ്റ് എന്നിവരോടൊപ്പം പുതിയതായെത്തിയ Steve Zahn അവതരിപ്പിച്ച ബാഡ് ഏപ്പ് വളരെ രസകരമായ കഥാപാത്രമായിരുന്നു. കേണലിന്റെ വേഷത്തിലെത്തിയ Woody Harrelson തന്റെ വേഷം പതിവുപോലെ ഗംഭീരമാക്കിയപ്പോൾ നോവ എന്ന മൂകയായ പെൺകുട്ടിയായി Amish Miller അപ്രതീക്ഷിത പെർഫോർമൻസ് കാഴ്ച വച്ചു. നോവയും ലൂക്കയുമായുള്ള വൈകാരിക മുഹൂർത്തങ്ങൾ ഹൃദയഭേദകമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു. 

▪️ ചിത്രത്തിലെ ഓരോ രംഗത്തിലും ഒരു ക്ലാസ് ടച്ച് നല്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. Michael Giacchino യുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അതീവ ഹൃദ്യമായിരുന്നു. പലപ്പോഴും പരിപൂർണ നിശബ്ദത നിറഞ്ഞ രംഗങ്ങൾ ഉണ്ടായിട്ടും ഒരു നിമിഷം പോലും ചിത്രം ബോറടിപ്പിച്ചില്ല. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ് തുടങ്ങി ടെക്നിക്കൽ വിഭാഗങ്ങളിലെല്ലാം ചിത്രം അതീവ മികവ് പുലർത്തി. ആദ്യ ഭാഗങ്ങൾ കണ്ടിട്ടുള്ളവർക്ക് ചിത്രത്തിന്റെ ഇമോഷണൽ ഡെപ്ത്ത് പൂർണമായും ഉൾക്കൊള്ളാനാവും .ഒരു മൂവി ട്രിലജിക്ക് നല്കാവുന്ന മികച്ചൊരു പര്യവസാനം തന്നെയായിരുന്നു ഈ ചിത്രം. വെറും യുദ്ധവും ആക്ഷനും മാത്രം പ്രതീക്ഷിച്ച് പോകുന്നവരെ ഈ ചിത്രം ചിലപ്പോൾ നിരാശരാക്കിയേക്കാമെങ്കിലും സീസർ എന്ന കഥാപാത്രത്തെ മനസ്സിലാക്കുന്നവർക്ക് പൂർണ സംതൃപ്തി നല്കാൻ സാധിക്കുന്നിടത്താണ് War For The Planet Of The Apes ന്റെ വിജയം. 

🔹RATING : 4/5 ( VERY GOOD )

©PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · English · Science Fiction · USA

114. UPSTREAM COLOR (USA/SCIENCE FICTION/2013)

🔹AMAZING CINEMA # 114

🔹UPSTREAM COLOR (USA/English/2013/Experimental Science Fiction Drama/96 Min/Dir: Shane Carruth/Stars: Amy Seimetz, Shane Carruth)

🔹 ഒരു ജീവിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ മറ്റൊരു ജീവിയുടെ ജീവിതത്തിൽ സമാനമായ അനുഭവങ്ങൾ സൃഷ്ടിക്കുമോ? മനുഷ്യനെയും  മൃഗത്തിനെയും  അവയറിയാതെ പരസ്പരം വൈകാരികമായി  ബന്ധിപ്പിക്കുവാൻ കഴിഞ്ഞാൽ എന്താവും സംഭവിക്കുക? പ്രിയപ്പെട്ടവരിൽ നിന്നും വേർപെടുത്തപ്പെടുമ്പോഴുള്ള ഒറ്റപ്പെടലും  സ്വന്തം കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള വേദനയും ശത്രുക്കളിൽ നിന്ന് രക്ഷപെടാനുള്ള അതിജീവനത്വരയും എല്ലാം മനുഷ്യനും മൃഗത്തിനും ഒരു പോലെ അല്ലേ അനുഭവപ്പെടുന്നത് ? ഒരു പ്രത്യേകതരം പരാദ ജീവിയാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മനുഷ്യരുടേയും മൃഗങ്ങളുടേയും കഥയാണ് Shane Carruth തന്റെ രണ്ടാമത്തെ ചിത്രമായ Upstream Color ലൂടെ പറയുന്നത് .

🔹 SYNOPSIS  🔹

▪ ഏതാനും വാക്കുകളിൽ വിവരിക്കാൻ കഴിയുന്ന ഒരു ചിത്രമല്ലിത് . വിവരിച്ചാൽ പോലും ചിത്രം കാണുമ്പോൾ അത് ചിത്രവുമായി ബന്ധിപ്പിക്കുവാൻ കഴിഞ്ഞെന്നും വരില്ല . ഈ ചിത്രത്തിലെ പല സംഭവങ്ങളും ഡയലോഗുകളും വ്യക്തമായി വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ് .Shane Carruth എന്ന സംവിധായകന്റെ ആദ്യ ചിത്രമായ PRIMER കണ്ടവർക്ക് അറിയാം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത .വളരെ റിലാക്സ്ഡ് ആയി സമയം കളയുന്നതിന് മാത്രം സിനിമ കാണുന്നവർക്ക് വേണ്ടിയല്ല Carruth ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രത്യേക പരിശീലനത്തിന് ശേഷം മാത്രം കാണേണ്ടവയാണ് എന്ന് പ്രത്യേകം ഓർക്കുക.  PRIMER പോലെ ഈ ചിത്രവും കാണുന്നതിന് ഇനി പറയുന്ന രീതി ആണ് ഏറ്റവും അഭികാമ്യം .ആദ്യം ഒരു തവണ ചിത്രം കാണുക . എൻഡ് ക്രെഡിറ്റ്സിൽ കഥാപാത്രങ്ങളുടെ പേരുകൾ പ്രത്യേകം ശ്രദ്ധിക്കുക .അതിന് ശേഷം ചിത്രത്തിന്റെ കഥ പൂർണമായും വിക്കിപീഡിയയിൽ നിന്ന് വായിച്ചതിന് ശേഷം ഒന്നുകൂടി ചിത്രം കാണുക . രണ്ടാമത്തെ കാഴ്ചയിലും മനസ്സിലാകാത്തവർക്ക് വേണ്ടി ഒരു ലിങ്ക് അവസാനം നല്കുന്നുണ്ട്. അത് ചിത്രം കണ്ടതിന് ശേഷം മാത്രം വായിക്കുക. കാണുന്നതിന് മുമ്പ് ചിത്രത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ നല്കാൻ താഴെ ഉള്ള വരികൾ ഉപകരിക്കും .

▪ ഓർക്കിഡിൽ നിന്നും പുഴുവായി രൂപപ്പെട്ട് പിന്നീട് മനുഷ്യനിൽ പ്രവേശിക്കുകയും മനുഷ്യന്റെ  ശരീരത്തിൽ വച്ച് വലിയ വിരയായി മാറുകയും അവിടെ നിന്ന് പന്നിയുടെ ശരീരത്തിൽ പ്രവേശിക്കുകയും പന്നിയുടെ കുഞ്ഞുങ്ങളിൽ നിന്നും വീണ്ടും ഓർക്കിഡിൽ പ്രവേശിച്ച് പുഴുവായി മാറുകയും ചെയ്യുന്ന അതി സങ്കീർണമായ ജീവിതചക്രം ഉള്ള ഒരു പരാദ ജീവിയെക്കുറിച്ചാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത് . മനുഷ്യരുടെ സഹായത്തോടെ മാത്രമേ അതിന് തന്റെ ജീവിതചക്രം പൂർത്തീകരിക്കാനാവുകയുള്ളു .ഒരു ജീവിയിൽ നിന്നും മറ്റൊരു ജീവിയിലേക്കുള്ള പ്രയാണം നടത്താൻ ഓരോ ഘട്ടത്തിലും ഓരോ മനുഷ്യർ തന്നെ അതിനെ സഹായിക്കുന്നു .അങ്ങനെ ചെയ്യുന്നതിന് അവർക്ക് തികച്ചും സ്വാർത്ഥമായ താല്പര്യങ്ങളുമുണ്ട് . 

▪ അങ്ങനെ ഈ പരാദ ജീവി ശരീരത്തിൽ പ്രവേശിക്കുന്ന മനുഷ്യരും മൃഗങ്ങളും തമ്മിലും മനുഷ്യർ തമ്മിലും അവരറിയാതെ പരസ്പരം ഒരു ബന്ധം രൂപപ്പെടുകയും ഒരു ജീവിക്ക് ശാരീരികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റൊരു ജീവിയിൽ മാനസികമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു . പരാദത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അത് വസിക്കുന്ന മനുഷ്യരെ വൈകാരികമായി നിയന്ത്രിക്കാൻ അതിനെ ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കും .അങ്ങനെ ആ പരാദ ജീവി ശരീരത്തിൽ കടന്നു കൂടിയ ഒരു സ്ത്രീയും പുരുഷനും അനുഭവിക്കുന്ന മാനസിക ശാരീരിക സംഘർഷങ്ങളും അവർ എങ്ങനെ അതെല്ലാം അതിജീവിക്കുന്നുവെന്നുമാണ് ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത് .

🔹 ASSESSMENT 🔹

▪ പ്രേക്ഷകരെ എത്രത്തോളം കൺഫ്യൂഷനിൽ ആക്കാമോ അത്രത്തോളം കൺഫ്യൂഷൻ ആക്കാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു . ചിത്രത്തിന്റെ സംവിധാനം  ,തിരക്കഥ , നിർമ്മാണം , ക്യാമറ , മ്യൂസിക് , എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് കൂടാതെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും Shane Carruth തന്നെയാണ് .അദ്ദേഹത്തെ സിനിമാരംഗത്തെ All-rounder എന്ന് തീർച്ചയായും വിശേഷിപ്പിക്കാം . ചിത്രത്തിന്റെ  ബാക്ക് ഗ്രാണ്ട് മ്യൂസിക് അതീവ ഹൃദ്യമാണ് . കഥ മനസ്സിലാകാത്ത പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ബി ജി എം തന്നെയാണ് .ക്യാമറയും എഡിറ്റിംഗും  ഒരു പോരായ്മയും ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു . എഡിറ്റിംഗിന്റെ മാസ്മരികത ചിത്രം വീണ്ടും കാണുമ്പോൾ പ്രേക്ഷകന് ബോദ്ധ്യപ്പെടും .

▪ Kris (Amy Seimetz)  , Jeff (Shane Carruth), The Thief , The Sampler , Orchid Mother , Orchid Daughter എന്നീ പ്രധാന കഥാപാത്രങ്ങളുടെ സൃഷ്ടിയിൽ Shane Carruth അതീവ ശ്രദ്ധ നല്കിയിട്ടുണ്ട് .എൻഡ് ക്രെഡിറ്റ്സിൽ മാത്രമേ ഇതിൽ പല കഥാപാത്രങ്ങളുടേയും പേരുകൾ പറയുന്നുള്ളു എന്നത് ശ്രദ്ദേയമാണ് . പ്രധാന കഥാപാത്രമായ  Kris നെ അവതരിപ്പിച്ച Amy Seimetz  മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത് .ആദ്യ കാഴ്ചയിൽ പുക പോലെ തോന്നുന്ന രംഗങ്ങൾ കഥ മനസ്സിലാക്കിയതിന് ശേഷം വീണ്ടും കാണുമ്പോൾ പ്രേക്ഷകന് കുറേശ്ശേ മനസ്സിലായിത്തുടങ്ങും .അവസാനമില്ലാത്ത ഒരു സൈക്കിൾ പോലെ നടക്കുന്ന സംഭവങ്ങൾ നേർരേഖയിൽ ചിന്തിച്ചു നോക്കിയാൽ കാര്യങ്ങൾ കുറേയൊക്കെ ബോദ്ധ്യപ്പെടും . പരാദ ജീവി , അത് പ്രവേശിക്കുന്ന മനുഷ്യരും പന്നികളും , അതിന്റെ മൂന്ന് ഘട്ടങ്ങളിലുള്ള വളർച്ചയെ സഹായിക്കുന്ന വ്യത്യസ്തരായ മനുഷ്യർ എന്നിവർ ഉൾപ്പെട്ട വളരെ സങ്കീർണമായ ഈ ചിത്രം അത് അർഹിക്കുന്ന ക്ഷമയോടെ കാണാൻ സാധിക്കുന്നവർക്ക് വേണ്ടി മാത്രം സമർപ്പിക്കുന്നു .സിനിമ എന്നാൽ ഒരു സ്പൂൺ ഫീഡിംഗ് അല്ല എന്നത് നമ്മുടെ നാട്ടിലെ സിനിമക്കാരും പ്രേക്ഷകരും  മനസ്സിലാക്കുന്ന ഒരു കാലം വരുമ്പോൾ ഇത്തരം പരീക്ഷണ ചിത്രങ്ങൾ ഇവിടെയും വരുമെന്ന് പ്രത്യാശിക്കാം .

▪ *Spoiler Alert* Link For More explanation after multiple viewing . (Please open the below link only after watching the movie.)
http://www.slate.com/blogs/browbeat/2013/04/09/upstream_color_faq_analysis_and_the_meaning_of_shane_carruth_s_film.html

🔹 RATING : 4/5 ( A Brilliant and Complex Experimental Science Fiction Film )

©PRADEEP V K

Advertisements
3.5 Star (Good) · English · Science Fiction · USA

97. COHERENCE (USA/SCIENCE FICTION/2013)

🔹AMAZING CINEMA # 97

🔹MOVIE TITLE : COHERENCE ( 2013 )
🔹 രാജ്യം : യു എസ് എ
🔹ഭാഷ : ഇംഗ്ലീഷ്
🔹വിഭാഗം : സയൻസ് ഫിക്ഷൻ ത്രില്ലർ
🔹സംവിധാനം : James Ward Byrkit
🔹അഭിനേതാക്കൾ : Emily Baldoni , Maury Sterling , Nicholas Brendan

🔹കഥാ സംഗ്രഹം 🔹

▪ ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലർ എന്ന് കേൾക്കുമ്പോൾ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് സ്പെഷൽ ഇഫക്ട്സും ഗ്രാഫിക്സും നിറഞ്ഞ ചിത്രങ്ങൾ ആണ് നമുക്ക് ഓർമ വരുന്നത് .എന്നാൽ ഇതൊന്നുമില്ലാതെ വെറും 50000 ഡോളർ മാത്രം ചെലവഴിച്ച് 90 ശതമാനവും ഒരു വീടിനുള്ളിൽ നടക്കുന്ന 8 പേർ മാത്രം അഭിനയിക്കുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രം .അതാണ് 2013 ൽ പുറത്തിറങ്ങിയ Coherence  .

▪ ഭൂമിക്ക് അടുത്തുകൂടി Miller’s Comet എന്ന ധൂമകേതു കടന്നു പോകുകയാണ് . അതേ സമയം ഒരു വീട്ടിൽ എട്ട് സുഹൃത്തുകൾ ഒത്തുകൂടുകയാണ്. നാല് പുരുഷൻമാരും നാല് സ്ത്രീകളും ഉൾപ്പെട്ട സുഹൃത്തുകൾ പലതരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നു .ഇതിന് മുമ്പ് 1903 ൽ ഇതേ ധൂമകേതു കടന്നുപോയപ്പോൾ പല തരത്തിലുള്ള അവിശ്വസനീയമായ സംഭവങ്ങൾ നടന്നതായി അവരുടെ സംഭാഷണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാവുന്നു .ധൂമകേതു കടന്നു പോകുമ്പോൾ മനുഷ്യർ Dice ലെ സൈഡുകൾ പോലെ വ്യത്യസ്തമായ റിയാലിറ്റികളിൽ പെട്ടു പോകുമെന്നതാണ് അവയിൽ പ്രധാനം .

▪ സംസാരത്തിടയിൽ ഇടയ്ക്ക് പലതരം ശബ്ദങ്ങൾ കേൾക്കുകയും കറൻറ് പോകുകയും മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു . പുറത്ത് മറ്റൊരു വീട്ടിൽ പ്രകാശം കണ്ട് അത് നോക്കാൻ രണ്ട് പേർ പുറത്ത് പോകുന്നു .എന്നാൽ പുറത്തിറങ്ങിയവർ ഒരു പ്രത്യേക സ്ഥലത്തു കൂടി കടന്നു പോയപ്പോൾ ധൂമകേതുവിന്റെ ശക്തി മൂലം മറ്റൊരു റിയാലിറ്റിയിൽ പെട്ടു പോകുന്നു . അങ്ങനെ ഓരോ തവണവും ആ സ്ഥലത്തു കൂടി അവരിൽ ആരെങ്കിലും കടന്ന് പോകുമ്പോൾ ഓരോ പുതിയ റിയാലിറ്റി രൂപപ്പെടുന്നു . അവയിൽ നിന്നെല്ലാം പുറത്ത് കടന്ന് ആദ്യം ഉണ്ടായിരുന്ന യഥാർത്ഥ ലോകത്തെത്താൻ അവർക്ക് കഴിയുമോ?

🔹സ്ക്രീനിന് പിന്നിൽ🔹

▪ James Ward Byrkit ന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം .ചിലവ് ഏറ്റവും കുറച്ച് സ്പെഷൽ ഇഫക്ടുകൾ ഒന്നുമില്ലാതെ പ്രേക്ഷകനെ പരമാവധി കുഴയ്ക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ഒരുക്കുക എന്ന ലക്ഷ്യം അദ്ദേഹം ഭംഗിയായി പൂർത്തീകരിച്ചിട്ടുണ്ട് . കൃത്യമായ തിരക്കഥയോ സംവിധാനങ്ങളോ ഒന്നുമില്ലാതെ വെറും അഞ്ച് രാത്രികൾ കൊണ്ടാണ് ഈ ചിത്രം പൂർത്തീകരിച്ചത് . എന്താണ് അടുത്തതായി സംഭവിക്കുന്നതെന്നോ കഥയെക്കുറിച്ചോ ഒന്നും നടീനടൻമാർക്ക് അറിവുണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ ഓരോ രംഗത്തും സ്വാഭാവികമായ പ്രതികരണങ്ങൾ തന്നെ യാണ് ചിത്രീകരിച്ചിരിക്കുന്നത് . നൂറ് ശതമാനവും സംവിധായകന്റെ ചിത്രം എന്ന് പറയാവുന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്നാണിത് .

🔹സ്ക്രീനിൽ🔹

▪ ചിത്രത്തിൽ എട്ട് കഥാപാത്രങ്ങൾക്കും ഒരേ പോലെ പ്രാധാന്യമുണ്ടെങ്കിലും Emily Baldoni അവതരിപ്പിച്ച എമിലി എന്ന കഥാപാത്രത്തെ പിൻതുടർന്നാണ് കഥ മുന്നോട്ടു പോകുന്നത് .സ്വാഭാവികമായ അഭിനയത്തിലൂടെ എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കി. ചിത്രത്തിൽ ചില രംഗങ്ങളിൽ പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ , കറന്റ് പോകൽ മുതലായവ ഒന്നും നേരത്തേ അഭിനേതാക്കളെ അറിയിച്ചിരുന്നില്ല .അത് കൊണ്ട് തന്നെ അടുത്തതായി എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതിന്റെ ആകാംഷ അവർ യഥാർത്ഥത്തിൽ തന്നെ അനുഭവിച്ചിരുന്നു .

🔹വിധി നിർണയം🔹

▪ ഒന്നോ രണ്ടോ തവണയല്ലാതെ നിരവധി തവണ അതീവശ്രദ്ധയോടെ കണ്ടാൽ മാത്രം ഒരു പരിധി വരെ മനസ്സിലാക്കാനാവുന്ന ഒരു ചിത്രമാണിത് . ചിത്രം തുടങ്ങി അര മണിക്കൂറിനുള്ളിൽ നിങ്ങൾ ഒന്നും മനസ്സിലാകാതെ എഴുന്നേറ്റ് പോയാൽ അദ്ഭുതപ്പെടാനില്ല . കാരണം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അങ്ങനെ തന്നെയാണ് .ഷൂട്ട് ചെയ്യാൻ അഞ്ച് ദിവസങ്ങളേ എടുത്തുള്ളുവെങ്കിലും വർഷങ്ങളുടെ അധ്വാനം അതിന് പിന്നിലുണ്ട് .  ഗവേഷണങ്ങൾ പുരോഗമിക്കുന്ന പാരലൽ യൂണിവേഴ്സ് എന്ന ശാസ്ത്ര സങ്കല്പത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ ചിത്രങ്ങൾക്കിടയിൽ തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും .

🔹റേറ്റിംഗ് : 3.5/5 ( Mind Bending )

🔹പിൻകുറിപ്പ് : റേറ്റിംഗ് നോക്കി ഈ ചിത്രം കാണാനിരുന്ന് കിളി പോയവരുടെ ശ്രദ്ധക്ക് . ഒരു പ്രാവശ്യം കണ്ടതിന് ശേഷം ഗൂഗിളിൽ സെർച്ച് ചെയ്ത് ചിത്രം എങ്ങനെയാണ് കാണേണ്ടത് എന്ന് മനസ്സിലാക്കി വീണ്ടും കാണുക. ആദ്യകാഴ്ചയിൽ കാണാതിരുന്ന ചില പോയിന്റുകൾ അപ്പോൾ തെളിഞ്ഞു വരും. തുടക്കം മുതൽ അവസാനം വരെ ചിത്രത്തിന്റെ ഓരോ രംഗത്തും ഉപയോഗിച്ചിരിക്കുന്ന ചെറിയ വസ്തുക്കൾ പോലും കഥയെ മനസ്സിലാക്കാനുതകുന്ന രഹസ്യത്തിന്റെ താക്കോലുകൾ ആണെന്ന് ഓർക്കുക. Interstellar പോലുള്ള ചിത്രങ്ങൾ കണ്ട് ഒന്നും മനസ്സിലായില്ല എന്ന് പരിതപിക്കുന്നവർ ഈ ചിത്രം കാണാൻ ശ്രമിക്കാതിരിക്കുന്നതാവും നല്ലത് .
©PRADEEP V K

Advertisements