3.5 Star (Good) · India · Malayalam · Survival · Thriller

116. TAKE OFF (INDIA/SURVIVAL THRILLER/2017)

116. TAKE  OFF ( INDIA/MALAYALAM/2017/Survival Thriller/139 Min/Dir:Mahesh Narayan /Stars: Parvathy, Kunchakko Bobban, Fahadh Faasil )
🔹SYNOPSIS🔹 
▪ 2014 ൽ ഇറാഖിലെ തിക്രിതിലും മൊസൂളിലും നടന്ന തീവ്രവാദി ആക്രമണങ്ങൾക്കിടയിൽ അവിടെ പെട്ടു പോയ മലയാളി നഴ്‌സുമാരുടെ കഥയാണ് Take Off എന്ന ചിത്രം പറയുന്നത് . നവാഗതനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ട്രെയിലർ ഇറങ്ങിയത് മുതൽ ഒരു പാട് പ്രതീക്ഷ നല്കിയിരുന്നു . കുടുംബത്തിലെ പ്രാരാബ്ദം മൂലം ഇറാഖിലെ തിക്രിതിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്ന നഴ്സുമാരിൽ ഒരാളാണ് സമീറ (പാർവതി) . ഭർത്താവും മെയിൽ നഴ്സുമായ ഷഹീദിനോടും(കുഞ്ചാക്കോ ബോബൻ) മറ്റ് നഴ്സുമാരോടും ഒപ്പം ഇറാഖിലെത്തുന്ന ഗർഭിണിയായ സമീറയുടെ നിലനില്പിന് വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ് ചിത്രത്തിന്റെ കാതൽ. അവർ അവിടെയെത്തി ഏറെനാൾ കഴിയുന്നതിന് മുമ്പ് തന്നെ റിബലുകൾ ഗവൺമെൻറിൽ നിന്നും ആ പ്രദേശം പിടിച്ചെടുക്കുകയും നഴ്സുമാർ റിബലുകളുടെ പിടിയിലാവുകയും ചെയ്യുന്നു .പിന്നീട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ മനോജിന്റെ ( ഫഹദ് ഫാസിൽ ) സഹായത്തോടു കൂടി ഇന്ത്യാ ഗവൺമെന്റ് നഴ്സുമാരെ അവിടെ നിന്നും രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .
▪ Survival Thriller ഗണത്തിൽപ്പെടുന്ന ചിത്രങ്ങൾ വളരെ കുറവായ മലയാള സിനിമയിൽ അങ്ങനെ ഒരു വിഷയം തന്നെ തന്റെ ആദ്യ ചിത്രത്തിന്  തെരഞ്ഞെടുത്ത മഹേഷ് നാരായണന് ആദ്യമേ തന്നെ അഭിനന്ദനങ്ങൾ . മികച്ച തിരക്കഥയും സംഭാഷണങ്ങളും ഒറിജിനാലിറ്റി തോന്നുന്ന വിഷ്വൽ ഇഫക്ട്സും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു .ദുബായിൽ വച്ചാണ് ചിത്രീകരിച്ചതെങ്കിലും ഇറാഖിലെ യുദ്ധഭൂമി മികച്ച രീതിയിൽ പുനരവതരിപ്പിക്കുക വഴി രണ്ടാം പകുതിയിലെ ചില രംഗങ്ങളിൽ ഇതൊരു മലയാള ചിത്രം തന്നെയാണോ എന്നൊരു സംശയം കാണികളിൽ ജനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .എങ്കിലും ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നത് സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി തന്നെയാണ് . വികാര വിക്ഷോഭങ്ങൾ എല്ലാം ഉള്ളിലൊതുക്കി തന്റെ കുടുംബത്തിന് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ തയ്യാറാകുന്ന , ചിലപ്പോൾ പൊട്ടിത്തെറിക്കുന്ന എന്നാൽ അപകട സാഹചര്യങ്ങളിൽ സമചിത്തത കൈവിടാതെ തീരുമാനങ്ങളെടുക്കുന്ന സമീറ, പാർവതിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു .യാതൊരു വിധ അമിതാഭിനയവും ഇല്ലാതെ എല്ലാ രംഗങ്ങളിലും അഭിനയിക്കുകയാണ്  എന്ന് പോലും തോന്നാത്ത രീതിയിലുള്ള പ്രകടനം കാഴ്ച വച്ച ഈ യുവനടി മലയാള സിനിമയുടെ മുതൽക്കൂട്ട് തന്നെയാണെന്ന് ഉറപ്പാണ് .
▪ ഫഹദ് ഫാസിൽ ,കുഞ്ചാക്കോ ബോബൻ , ആസിഫ് അലി മുതലായവരും തങ്ങളുടെ കരിയറിലെ മികച്ച പെർഫോമൻസുകൾ  തന്നെ  കാഴ്ചവച്ചു . എന്നാൽ എല്ലാ ക്രെഡിറ്റും ഒരു നഴ്സിന് മാത്രം നല്കിയതും അതിക്രൂരരായ ISIS തീവ്രവാദികളുടെ പെട്ടെന്നുള്ള മനംമാറ്റവും എല്ലാം സിനിമാറ്റിക് ആയി കരുതാം . അപകട സാഹചര്യങ്ങളിൽ ചില കഥാപാത്രങ്ങളുടെ അപക്വമായ സംഭാഷണങ്ങളും അറിഞ്ഞു കൊണ്ട് അപകടത്തിന് തല വെച്ചു കൊടുക്കുന്ന മറ്റ്  ചില കഥാപാത്രങ്ങളും കല്ലുകടിയായി തോന്നി.  എങ്കിലും അഭിനേതാക്കളുടെ  മികച്ച  പെർഫോർമൻസും സാങ്കേതിക മേന്മയും ഈ ചിത്രത്തെ മലയാള സിനിമയിലെ വേറിട്ടൊരു അനുഭവം ആക്കുന്നു .
🔹RATING : 3.5/5 ( Good )
©PRADEEP V K

Advertisements