4.0 Star (Very Good) · Crime · India · Tamil · Thriller

148. VIKRAM VEDHA (INDIA/CRIME THRILLER/2017)

🔹148. VIKRAM VEDHA (2017)  🔽 A Review 🔽

🔹 ഹിന്ദു പുരാണ കഥകളിലെ വളരെ പ്രശസ്തമായതാണ് വിക്രമാദിത്യ മഹാരാജാവിന്റെയും വേതാളത്തിന്റെയും കഥ. ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയ വിക്രമാദിത്യനും തന്റെ കഥകളിലൂടെ വിക്രമാദിത്യനെ കുടുക്കാൻ ശ്രമിക്കുന്ന തന്ത്രശാലിയായ വേതാളവും ആധുനിക ലോകത്ത് ഏറ്റുമുട്ടിയാൽ എന്താവും സംഭവിക്കുക?

COUNTRY : INDIA

LANGUAGE : TAMIL

GENRE : CRIME THRILLER

DIRECTION : PUSHKAR – GAYATHRI

🔹SYNOPSIS 🔹

▪️  പുഷ്കർ – ഗായത്രി സംവിധായക ദമ്പതികളുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ. 2010 ൽ വാ എന്ന ചിത്രത്തിന് ശേഷം 7 വർഷങ്ങൾക്ക് ശേഷമാണ് അവർ പുതിയ ചിത്രവുമായെത്തുന്നത്. ശരി – തെറ്റ് , ധർമ്മം – അധർമ്മം എന്നിവ തമ്മിലുള്ള അനാദിയായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു നീതിമാനായ പോലീസ് ഓഫീസറും ക്രൂരനായ ഗാങ്ങ്സ്റ്ററും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ത്രസിപ്പിക്കുന്ന കഥയാണ് പറയുന്നത്.   വിക്രം പോലീസ് സേനയിലെ കഴിവുറ്റ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ്. യാതൊരു ടെൻഷനുമില്ലാതെ കുറ്റവാളികളെ ഉന്മൂലനം ചെയ്യുന്ന വിക്രം ഗാങ്ങ്സ്റ്ററായ വേദയെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുക്കുന്നു .വളരെ ബുദ്ധിശാലിയായ എന്തിനും മടിക്കാത്ത വേദയെ തന്റെ തോക്കിനു മുന്നിൽ കിട്ടിയെങ്കിലും വേദയുടെ വാക്കുകൾ വിക്രത്തിനെ താൻ അടിയുറച്ച് വിശ്വസിക്കുന്ന പലതിനെയും മറ്റൊരു ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കുന്നു. 

🔹 PERFORMANCES & TECHNICAL SIDES🔹

▪️  വിക്രം എന്ന എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയി മാധവനും വേദ എന്ന ഗാങ്ങ്സ്റ്ററായി വിജയ് സേതുപതിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അവർ രണ്ട് പേരും ഒന്നിച്ച് വരുന്ന എല്ലാ രംഗങ്ങളും വളരെ എൻഗേജിംഗ് ആയിരുന്നു. വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള വേദ എന്ന ഗാങ്ങ്സ്റ്റർ കഥാപാത്രം വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാം ഒരു പോലെ കൈകാര്യം ചെയ്യാൻ സമർത്ഥരായ മാധവനും വിജയ് സേതുപതിയും ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചു എന്ന് പറയുന്നതാവും ശരി. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥും വരലക്ഷ്മി ശരത് കുമാറും നായക വില്ലൻമാരുടെ നിഴലായി ഒതുങ്ങാത്ത മികച്ച കഥാപാത്രങ്ങളായെത്തി എന്നത് ശ്രദ്ദേയമാണ് .

▪️ ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യം സാം.സി.എസിന്റെ  ത്രില്ലിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ്. ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് BGM ന് ഉണ്ടെന്ന് നിസ്സംശയം പറയാം .പി .എസ്. വിനോദിന്റെ ക്യാമറയും റിച്ചാർഡ് കെവിന്റെ എഡിറ്റിംഗും ചിത്രത്തെ മികവുറ്റ ഒരനുഭവമാക്കി മാറ്റി. സംവിധായകരായ പുഷ്കറും ഗായത്രിയും മണികണ്ഠനോടൊപ്പം ചേർന്നെഴുതിയ ശക്തമായ തിരക്കഥയുടെ ബലം ചിത്രത്തിന്റെ ഓരോ രംഗത്തും അനുഭവിച്ചറിയാം . മുൻ ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തി എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഈ ചിത്രം അണിയിച്ചൊരുക്കിയ പുഷ്കർ- ഗായത്രി ദമ്പതിമാർക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. 

🔹VERDICT 🔹

▪ കുട്ടിക്കാലം മുതൽ നാമെല്ലാവരും വായിച്ച് പരിചയിച്ച വിക്രമാദിത്യ വേതാള കഥയെ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് മാറ്റി അതിലൂടെ വളരെ ത്രില്ലിംഗ് ആയ ഒരു ക്രൈം സ്റ്റോറി അവതരിപ്പിച്ചിരിക്കുന്ന വിക്രം വേദ വളരെ മികച്ച സിനിമാനുഭവമാണ് സമ്മാനിച്ചത്. അഭിനയ മികവും ശക്തമായ തിരക്കഥയും സംവിധാനവും ചടുലമായ BGM ഉം ഒത്തിണങ്ങിയ ഈ ചിത്രം ഒരു നിമിഷം പോലും തിയേറ്റർ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെയാണ് കണ്ട് തീർത്തത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയായി തുടങ്ങുന്ന ചിത്രം മുന്നോട്ട് പോകുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ആരാണ് ശരി, ആരാണ് തെറ്റ് എന്ന പുരാതനമായ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. വളരെ ത്രില്ലിംഗ് ആയ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. 

🔹RATING : 4/5 ( VERY GOOD – A CLEVERLY CRAFTED INTENSE CRIME THRILLER )

©PRADEEP V K (AMAZING CINEMA)

2.0 Star (Below Average) · India · Malayalam · Political · Thriller

144. TIYAAN (INDIA/SOCIO-POLITICAL THRILLER/2017)

🔹144. ടിയാൻ (2017)  🔽 A Review 🔽

🔹’ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോൾ അതിൽ ഒന്നല്ല ഒരായിരം ഇന്നലെകൾ ഉണ്ടാകും. മറവി കാർന്നു പോയ എണ്ണമറ്റ ജന്മങ്ങൾ ഒരൊമിച്ചൊന്നായ അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാകും. ആ മുഖം തേടുന്നവനാണ് ടിയാൻ എന്ന മേല്പടിയാൻ!’

COUNTRY : INDIA

LANGUAGE : MALAYALAM

GENRE : SOCIO – POLITICAL THRILLER

DIRECTION : JIYEN KRISHNAKUMAR

🔹SYNOPSIS 🔹

*ALERT : SPOILERS MAY BE AHEAD*

▪️ ഉത്തർപ്രദേശിലെ ഒരു ഉൾഗ്രാമത്തിൽ ജീവിക്കുന്ന ആദിശങ്കരന്റെ പിൻമുറക്കാരനായ പട്ടാഭിരാമഗിരി എന്ന സംസ്കൃതപണ്ഡിതൻ ജാതിമതഭേദമന്യേ ഏവർക്കും പ്രിയപ്പെട്ടവനാണ് .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ കഴിയുന്ന അവിടെ പുതിയ ആശ്രമം പണിയാനായി  ഭഗവാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രമാകാന്ത് മഹർഷി എന്ന ആൾ ദൈവം എത്തുന്നതോടെ എല്ലാം തകിടം മറിയുന്നു. ആശ്രമം സ്ഥാപിക്കുന്നതിന് തലമുറകളായി സംരക്ഷിച്ചു വരുന്ന താൻ താമസ്സിക്കുന്ന വീട് വിട്ട് നല്കാൻ പട്ടാഭിരാമഗിരി തയ്യാറാവാതിരിക്കുന്നതോടെ ബ്രാഹ്മണനും ആൾദൈവവും  തമ്മിൽ നന്മ തിന്മകൾ തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നു . അവർക്കിടയിലേക്ക്  അതുവരെ ഏവർക്കും അപരിചിതനായ ഒരു ഫക്കീറും കൂടി എത്തുന്നതോടെ മതവും ദൈവവും പുണ്യവും പാപവും ധർമവും അധർമ്മവും എല്ലാം കൂടിക്കുഴഞ്ഞ നിരവധി സമസ്യകളുടെ വാതിൽ തുറക്കുകയായി.

🔹VERDICT🔹

▪️ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഈ അടുത്ത കാലത്ത് മുതലായ ചിത്രങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയിലേക്ക് ഉയർന്ന് വന്ന ആളാണ് ശ്രീ മുരളി ഗോപി. ആര് സംവിധാനം ചെയ്താലും ആരൊക്കെ അഭിനയിച്ചാലും മുരളി ഗോപിയുടെ തിരക്കഥ എന്ന് കേട്ടാൽ പലരും ധൈര്യപൂർവ്വം സിനിമക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .പുതിയ ചിത്രമായ ടിയാനും സമാനമായ സാഹചര്യമായിരുന്നു .സംവിധായകൻ ജിയെൻ കൃഷ്ണകുമാറിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ ശ്രദ്ദിക്കപ്പെട്ടില്ലെങ്കിലും മൂന്നാമത്തെ ചിത്രമായ ടിയാൻ കാണാനിറങ്ങുമ്പോൾ തിരക്കഥയൊരുക്കിയ മുരളി ഗോപിയിൽ മാത്രമായിരുന്നു ഏവരുടേയും പ്രതീക്ഷ.

▪️ആ പ്രതീക്ഷകൾ ഒരു പരിധി വരെ ശരി വയ്ക്കുന്ന തരത്തിലായിരുന്നു  ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ .ആൾ ദൈവങ്ങളും അവർക്ക് ജയ് വിളിക്കുന്ന ഗവൺമെൻറും പോലീസും ഗുണ്ടകളും ചേർന്ന് സാധാരണക്കാരായ മനുഷ്യരെ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്യുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നു. പട്ടാഭിരാമഗിരിയായി  വന്ന ഇന്ദ്രജിത്തും ഭഗവാനായി വന്ന മുരളി ഗോപിയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി .എന്നാൽ ചിത്രം മറുപകുതിയിലേക്ക് കടന്നതോടെ കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്കാണ്  പോയത്.  ആദ്യ ഭാഗത്ത് ഏതാനും  രംഗങ്ങളിൽ മാത്രം വന്ന പൃഥ്വിരാജിന്റെ ഫക്കീർ കഥാപാത്രത്തിന്റെ പൂർവകാലം മൂന്നാംകിട തെലുങ്കു ചിത്രങ്ങളുടെ ശൈലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ക്ലീഷേകളുടെ ഒരു കൂമ്പാരമാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് . യാതൊരു പുതുമയും ഇല്ലാത്ത ആക്ഷൻ രംഗങ്ങളും കണ്ട് മടുത്ത കഥാപാത്രസൃഷ്ടിയും കാഴ്ച അരോചകമാക്കി. ആദ്യഭാഗത്തിൽ കത്തി നിന്ന വില്ലൻ കഥാപാത്രത്തിന് പെട്ടെന്ന് ശക്തി കുറഞ്ഞ് പോയതും ഒരിക്കലും അംഗീകരിക്കാനാവാത്ത യുക്തിരഹിതമായ കഥാപശ്ചാത്തലവും വലിച്ചു നീട്ടിയ കഥ പറച്ചിലും ചിത്രത്തിന് വിലങ്ങുതടിയായി. 

🔹FINAL WORD🔹

▪️ ഇത്തരം ഒരു ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല . ഒരു ആൾദൈവത്തിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്നതിനിടയിൽ അതേ പോലെ മറ്റൊരു ആൾദൈവത്തെ വെള്ള പൂശുന്നു. മതഭ്രാന്തിനെയും വർഗീയതയെയും എതിർക്കുമ്പോൾ അവയുടെ സൃഷ്ടിക്ക് കാരണമായ മതങ്ങളെയും ആചാരങ്ങളെയും ന്യായീകരിക്കുന്നു. തത്ത്വമസി (നീ അതാകുന്നു) എന്ന് ഉറക്കെ വ്യാഖാനിക്കുമ്പോൾ എല്ലാ പാണ്ഡിത്യവും അറിവും  ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റുള്ളവർ ബ്രാഹ്മണനെ തൊഴുത് നില്ക്കണമെന്നും അടിവരയിട്ട് പറയുന്നു. ഡോക്ടറെ വിശ്വസിക്കാതെ ആൾ ദൈവത്തിൽ വിശ്വസിക്കുന്ന ഭക്തയെ മറ്റൊരു അത്ഭുതം പ്രവർത്തിച്ച് കാണിച്ച് യഥാർത്ഥ ‘വിശ്വാസി’ ആക്കി മാറ്റുന്നു. മത ഗ്രന്ഥങ്ങളിൽ പോലും കാണാത്ത യുക്തിഹീനമായ വ്യാഖ്യാനങ്ങളിലൂടെ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുകയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും  ചെയ്യുന്നു.

▪️ മനുഷ്യനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു മതത്തിന്റെ ആൾ ദൈവത്തെ വേരോടെ പിഴുതെറിയാൻ മറ്റൊരു മതദൈവത്തിന്റെ കയ്യൊപ്പുള്ള ആൾ ദൈവത്തിനെ കൊണ്ടു വന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബ്രില്യൻസിന് നമോവാകം .വ്യക്തിപരമായി ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു ചിത്രമാണിത് എന്നിരിക്കിലും എല്ലാ ലോജിക്കുകളും മാറ്റി വച്ച് സിനിമ എന്ന നിലയിൽ ഈ ചിത്രം ആസ്വദിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ ക്ലീഷേ രംഗങ്ങളും ഏച്ചുകെട്ടിയ എഡിറ്റിംഗും 2 മണിക്കൂർ 48 മിനിട്ട് ദൈർഘ്യവും അതിനും വിലങ്ങുതടിയായി. മികച്ച വിഷ്വൽസും ലൊക്കേഷൻസും ബി ജി എമ്മും ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്. ഭേദപ്പെട്ട ആദ്യ പകുതിയും നിരാശപ്പെടുത്തിയ രണ്ടാം പകുതിയുമാണ് ഈ ചിത്രം എനിക്ക് സമ്മാനിച്ചത് .ഓരോരുത്തർക്കും ഓരോ ആസ്വാദനക്ഷമത ആയിരിക്കും എന്ന കാര്യം ഓർമ്മിച്ചു കൊണ്ട് എല്ലാവരും ചിത്രം തിയേറ്ററിൽ തന്നെ കണ്ട് വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

🔹RATING : 2/5 ( BELOW AVERAGE )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · English · Political · Thriller · UK

140. THE GHOST WRITER (UK/POLITICAL THRILLER/2010)

🔹140. THE GHOST WRITER (UK-France-Germany/English/2010/Political Thriller/128 Min/Dir: Roman Polanski/Stars: Evan McGregor, Pierce Brosnan, Olivia Williams )

🔹 SYNOPSIS 🔹

◾റോബർട്ട് ഹാരിസ് എഴുതിയ The Ghost എന്ന നോവലിനെ ആധാരമാക്കി റൊമാൻ പൊളാൻസ്കി 2010 ൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ആണ് The Ghost Writer. UK യിലും അയർലൻഡിലും The Ghost എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദം ലാങ്ങിന്റെ ആത്മകഥ എഴുതി പൂർത്തിയാക്കുന്നതിന് വേണ്ടി ഒരു ബ്രിട്ടീഷ് കൂലി എഴുത്തുകാരനെ പബ്ലിഷിംഗ് കമ്പനി സമീപിക്കുന്നു .ആത്മകഥയുടെ പകുതിയോളം പൂർത്തിയാക്കിയ മുൻ കൂലി എഴുത്തുകാരൻ മൈക്ക് മക്കാറ ദുരൂഹ സാഹചര്യത്തിൽ കുറച്ച് നാൾ മുമ്പ് കൊല്ലപ്പെട്ടത് മനസ്സിലാക്കുന്ന അയാൾ പതിമനസ്സോടെ കമ്പനി വാഗ്ദാനം ചെയ്ത വൻ പ്രതിഫലം മോഹിച്ച് ആ ജോലി ഏറ്റെടുക്കുന്നു .

◾മസാച്ചുസെറ്റ്സിൽ അതീവ സുരക്ഷിത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലാങ്ങിന്റെ ബംഗ്ലാവിൽ എത്തുന്ന എഴുത്തുകാരൻ ആ സ്ഥലത്തിനും ലാങ്ങിനും നിരവധി ദുരൂഹതകളുള്ളതായി മനസ്സിലാക്കുന്നു . ഇൻറർനാഷണൽ ക്രിമിനൽ കോർട്ടിന്റെ വിചാരണ നേരിടുന്ന ആദം ലാങ്ങിന്റെ നിരവധി രഹസ്യങ്ങൾ നിറഞ്ഞ ജീവിതവും മുൻ എഴുത്തുകാരന്റെ അപകട മരണവും എല്ലാം അയാളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്നു .ആദം ലാങ്ങ് എന്ന അതിപ്രശസ്തനായ വ്യക്തിയുടെ പുറമെയുള്ള ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഉറങ്ങിക്കിടക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള ആത്മകഥാകൃത്തിന്റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

🔹BEHIND THE SCENES🔹

◾മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ജീവിതവുമായി പുസ്തകത്തിനും സിനിമയ്ക്കും നിരവധി സാദ്യശ്യങ്ങുണ്ട് .പ്രധാനമന്ത്രിയായിരുന്നപ്പോൾ ബ്രിട്ടന്റെ പൊതു താല്പര്യങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം എടുത്ത പല തീരുമാനങ്ങളും പിന്നീട് ശക്തമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു .അതെല്ലാം തന്റെ The Ghost എന്ന പുസ്തകത്തിന് പ്രചോദനമായതായി റോബർട്ട് ഹാരിസ് തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹവും സംവിധായകൻ റോമൻ പൊളാൻസ്കിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . 

◾ആദം ലാങ്ങ് എന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പിയേഴ്സ് ബ്രോസ്നൻ ഗംഭീര പ്രകടനം കാഴ്ചവച്ചു .അധികാരം നഷ്ടപ്പെട്ടെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും ഗാംഭീര്യം നിലനിർത്തി ദുരൂഹതകൾ ഉള്ളിലൊളിപ്പിച്ച ആ കഥാപാത്രം മുൻ ജയിംസ് ബോണ്ട് താരത്തിന് ചേരുന്നത് തന്നെയായിരുന്നു .ഒരു രേഖയിലും പേര് വെളിപ്പെടുത്താത്ത എഴുത്തുകാരനെന്ന നിലയിലുള്ള ഒരു ക്രഡിറ്റും ലഭിക്കാത്ത ഗോസ്റ്റ് റൈറ്റർ ആയി ഇവാൻ മക്ഗ്രിഗർ മികച്ച പ്രകടനം കാഴ്ച വച്ചു .ശക്തമായ തിരക്കഥയും വിഖ്യാത സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ  സംവിധാനമികവും ഒരു പൊളിറ്റിക്കൽ ത്രില്ലറിന് വേണ്ട ആകാംഷയും ചടുലതയും ചിത്രത്തിന് സമ്മാനിക്കുന്നു .ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗം ക്ലൈമാക്സ് തന്നയായിരുന്നു എന്ന് പറയാതെ വയ്യ .അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച യഥാർത്ഥ സംഭവ വികാസങ്ങൾ ആധാരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

🔹VERDICT :  VERY GOOD ( A Stylish Political Thriller With A Tight Screenplay )

©PRADEEP V K (AMAZING CINEMA)

3.5 Star (Good) · India · Malayalam · Political · Thriller

122. SAKHAVU (INDIA/POLITICAL THRILLER/2017)

122. SAKHAVU (INDIA/MALAYALAM/2017/ Political Thriller/164 Min/Dir:Sidhartha Siva/Stars: Nivin Pauly, Aiswarya Rajesh, Althaf Salim, Aparna Gopinath )
🔹SYNOPSIS 🔹
▪ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഥ പറയുന്ന ചിത്രങ്ങൾക്ക് എക്കാലത്തും മലയാള സിനിമയിൽ മികച്ച പ്രേക്ഷക പ്രീതി ലഭിക്കാറുണ്ട് .അത് മുതലാക്കി ചെറുതും വലുതുമായി ധാരാളം ചിത്രങ്ങൾ ഇവിടെ ഇറങ്ങിയിട്ടുമുണ്ട് .ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് ,അറബിക്കഥ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഒരു മെക്സിക്കൻ അപാരത എന്നിവ അവയിൽ ചിലത് മാത്രം .അക്കൂട്ടത്തിലേക്ക് പുതിയതായി വന്ന ചിത്രമാണ് സിദ്ധാർഥ ശിവ സംവിധാനം ചെയ്ത സഖാവ് .ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കേരളത്തിലെ മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടിയും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയും ജീവിതം ഉഴിഞ്ഞുവച്ച ഒരു സഖാവിന്റെ കഥയാണ് ചിത്രം പറയുന്നത് .
▪സഖാവ് കൃഷ്ണകുമാർ ( നിവിൻ പോളി)  ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവാണ് .പണത്തിനും പദവിക്കും വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാം എന്ന് വിശ്വസിക്കുന്ന കൃഷ്ണകുമാർ,  സഖാവ് എന്ന പേര് സ്വന്തം വ്യക്തിപരമായ വിജയത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം ഓപ്പറേഷൻ നടത്തുന്ന ഒരാൾക്ക് രക്തം കൊടുക്കുന്നതിന് വേണ്ടി കൃഷ്ണകുമാറിന് സുഹൃത്തായ മഹേഷി (Althaf Salim) നോടൊപ്പം മെഡിക്കൽ കോളേജിൽ പോകേണ്ടി വരുന്നു .അവിടെ വച്ച് താൻ രക്തം നല്കാൻ വന്നയാൾ സഖാവ് കൃഷ്ണൻ (നിവിൻ പോളി) എന്ന മുൻ തലമുറയിലെ നേതാവാണെന് അയാൾ മനസ്സിലാക്കുന്നു . പാർട്ടിയിലെ ഉയർന്ന നേതാക്കളടക്കം എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന സഖാവ് കൃഷ്ണന്റെ ജീവിതകഥ അറിയാൻ കൃഷ്ണകുമാർ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുടേയും കഥയാണ് സഖാവ് .
▪രണ്ട് കാലഘട്ടങ്ങളിലുള്ള കഥ പറയുന്ന ചിത്രം മികച്ച വിഷ്വൽസിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും തിരക്കഥയുടെ പിൻബലത്തിൽ വളരെ നന്നായിത്തന്നെ സിദ്ധാർഥ ശിവ അവതരിപ്പിച്ചു . എന്നിരുന്നാലും ചിത്രത്തിൽ ആദ്യവസാനം നിറഞ്ഞു നില്ക്കുന്നത് നിവിൻ പോളി തന്നെയാണ് .മൂന്ന് ഗെറ്റപ്പുകളിൽ വരുന്ന അദ്ദേഹം മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു .നിവിനും അൽത്താഫും ഉൾപ്പെട്ട തുടക്കത്തിലെ കോമഡി രംഗങ്ങൾ വളരെ രസകരമായിരുന്നു. 80 കളിൽ പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ നടന്ന ചൂഷണങ്ങളിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ സഖാവ് കൃഷ്ണന്റെ കഥ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട് .എന്നാൽ ആ ഭാഗത്തെ നീളക്കൂടുതൽ ചിത്രത്തിന് അനാവശ്യമായ ലാഗ് സമ്മാനിച്ചിട്ടുണ്ട് . സഹതാരങ്ങളായ സഖാവ് ജാനകിയെ അവതരിപ്പിച്ച  എശ്വര്യ രാജേഷ് , സഖാവ് കൃഷ്ണന്റെ മകളുടെ വേഷം ചെയ്ത അപർണ ഗോപിനാഥ് ഈരാളി പോലീസിന്റെ വേഷം ചെയ്ത ബിനു പപ്പു , കങ്കാണിയുടെ വേഷം ചെയ്ത ബൈജു തുടങ്ങി എല്ലാവരും മികച്ച അഭിനയം തന്നെയായിരുന്നു .ഗാനങ്ങളെല്ലാം ശരാശരി നിലവാരം പുലർത്തി . പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ശക്തമായ ഡയലോഗുകൾ ആവശ്വത്തിനുണ്ട് .
▪മുൻ തലമുറയിലെ സഖാക്കളെയെല്ലാം നന്മയുടെ നിറകുടങ്ങളായി അവതരിപ്പിക്കാൻ നടത്തിയ ശ്രമം മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവത്തിന് എതിര് നില്ക്കുന്നു  എന്നത് ഒരു ന്യൂനതയാണ് .സഖാവ് കൃഷ്ണനെ മികച്ച ഒരു രാഷ്ട്രീയക്കാരനും കുടുംബനാഥനുമായി അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില ന്യൂനതകളെങ്കിലും ചൂണ്ടിക്കാണിക്കാൻ സംവിധായകൻ ശ്രദ്ധിക്കണമായിരുന്നു . പക്ഷാഘാതം വന്ന കഥാപാത്രം ഉൾപ്പെട്ട ആക്ഷൻ രംഗവും അച്ചടി ഭാഷയിലുള്ള ഡയലോഗുകളും നന്മയും തിന്മയും തമ്മിലുള്ള വ്യക്തമായ  വേർതിരിവും എല്ലാം ചിത്രത്തിന്റെ റിയലിസ്റ്റിക് സ്വഭാവം നഷ്ടപ്പെടുത്തി .പക്ഷേ നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസും ദ്രുതഗതിയിലുള്ള കഥ പറച്ചിലും മികച്ച പശ്ചാത്തല സംഗീതവും എല്ലാം നിറഞ്ഞ ഈ ചിത്രം ഇന്നത്തെ യുവതലമുറക്ക് ചിന്തിക്കാനുള്ള വക കൂടി നല്കുന്നുണ്ടെന്നത് ശ്രദ്ദേയമാണ് .കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഥ പറയുന്നുണ്ടെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികളെ ഒന്നും താഴ്ത്തിക്കെട്ടാൻ ചിത്രം ശ്രമിക്കുന്നില്ല എന്നത് നല്ല കാര്യമാണ് .അതു കൊണ്ട് തന്നെ രാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സഖാവ്.
🔹VERDICT :  GOOD
©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · Action · India · Malayalam · Thriller

119. THE GREAT FATHER (INDIA/ACTION THRILLER/2017)

119. THE GREAT FATHER ( INDIA/MALAYALAM/2017/Action Thriller/151 Min/Dir:Haneef Adeni/Stars: Mammootty , Anikha, Arya, Sneha )
🔹SYNOPSIS 🔹
▪ ഭാര്യ മിഷേലും ( സ്നേഹ) ഏകമകൾ സാറ (അനിഘ) യും അടങ്ങുന്നതാണ് ഡേവിഡ് നൈനാന്റെ (മമ്മൂട്ടി) കുടുംബം. ബിൽഡർ ആയ ഡേവിഡ് മകളുടെ ആഗ്രഹത്തിനനുസരിച്ച് വളരെ സ്റ്റൈലിഷ് ആയി ജീവിക്കുന്നയാളാണ് .സമാധാനം നിറഞ്ഞ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തം മൂവരുടേയും ജീവിതം മാറ്റിമറിക്കുന്നതും പിന്നീട് അവർ എങ്ങനെ അതിനെ നേരിടുന്നുവെന്നതുമാണ് ചിത്രത്തിന്റെ പ്രമേയം .
▪ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള അപകടകരമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് .കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും അതിനെ നേരിടാനുള്ള പോക്സോ നിയമവും സമൂഹവും പോലീസും മാധ്യമങ്ങളും ഏതൊക്കെ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിത്രം വിശകലനം ചെയ്യുന്നുണ്ട് .നിയമവ്യവസ്ഥയ്ക്ക് രാജ്യത്തെ പൗരന് സംരക്ഷണം നല്കാൻ കഴിയാതിരിക്കുമ്പോൾ വ്യക്തികൾ നിയമം കയ്യിലെടുക്കുന്ന സ്ഥിരം സിനിമാ ഫോർമുല തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് .മികച്ച തുടക്കത്തോടെ ആരംഭിച്ചെങ്കിലും ആദ്യ പകുതിയിലെ അനാവശ്യ ഗാനങ്ങളും നീണ്ടു പോകുന്ന വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന്റെ രസം കെടുത്തി .എന്നാൽ രണ്ടാം പകുതിയിൽ ചിത്രം ത്രില്ലർ മൂഡിലേക്ക് തിരിച്ചെത്തുകയും ആരാധകരെ തൃപ്തിപ്പെടുത്താനുള്ള നമ്പറുകളിലൂടെ വികസിച്ച് സാമാന്യം തൃപ്തികരമായ എങ്കിലും പ്രഡിക്റ്റബിൾ ആയ ക്ലൈമാക്സിൽ അവസാനിച്ചു .
▪മലയാളത്തിലെ സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രീറ്റ്മെൻറും സംവിധാന രീതിയും സ്വീകരിച്ചതിന് പുതുമുഖ സംവിധായകൻ ഹമീദ് അദേനിക്ക് അഭിനന്ദനങ്ങൾ .എന്നാൽ  ആദ്യവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചോ എന്ന് സംശയമാണ് .മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ഒരിടത്തും ദൃശ്വമായില്ലെങ്കിലും അദ്ദേഹത്തിന്റെ സ്റ്റൈലും സൗന്ദര്യവും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തെ സ്റ്റൈൽ ആയി അവതരിപ്പിക്കാനുള്ള ശ്രമം ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളുടേയും ആഴം കുറച്ചു എന്നതാണ് സത്യം .മകളുടെ വേഷം ചെയ്ത അനിഘ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു .ആര്യ അവതരിപ്പിച്ച   ഫ്രീക്കൻ പൊലീസ് വേഷം വ്യത്യസ്തത പുലർത്തിയെങ്കിലും ഡബ് ചെയ്ത തെലുങ്ക് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ഡയലോഗുകളും ലിപ്പ് സിങ്കിംഗിലെ അപാകതയും കല്ലുകടിയായി . മേക്കപ്പിലും വേഷവിധാനത്തിലും കാണിച്ച ശ്രദ്ധ അഭിനയത്തിൽ കാണിക്കുന്നതിൽ സ്നേഹ പരാജയപ്പെട്ടു . നായകന്റെ ഡയലോഗുകളെക്കാളും മിയ അവതരിപ്പിച്ച ഡോക്ടർ കഥാപാത്രത്തിന്റെ ഡയലോഗ് വളരെയധികം ശ്രദ്ദേയമായിത്തോന്നി.   ബാറ്റ്മാൻ ചിത്രങ്ങളിലെ ജോക്കറിനെ അനുസ്മരിപ്പിക്കുന്ന പ്രധാന വില്ലൻ കഥാപാത്രം മികവു പുലർത്തിയെങ്കിലും ക്ലൈമാക്സ് പ്രതീക്ഷയ്ക്കൊത്തുയർന്നില്ല .
▪ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും കാണുമ്പോൾ സംവിധായകൻ ധാരാളം കൊറിയൻ ചിത്രങ്ങൾ  കാണുന്നയാളാണ്  എന്ന് തോന്നുന്നു. നായകന്റെ സ്റ്റൈലിനേക്കാളും മാസ് ഡയലോഗുകളെക്കാളും മികച്ച അഭിനയ മുഹൂർത്തങ്ങളും ശക്തമായ തിരക്കഥയും വിട്ടുവീഴ്ചയില്ലാത്ത സംവിധാന രീതിയുമാണ് ഒരു സിനിമയെ പ്രേക്ഷകന്റെ ഉള്ളിൽ എക്കാലവും നിലനിർത്തുന്നതെന്ന സത്യവും കൂടി അത്തരം ചിത്രങ്ങളിൽ നിന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. എങ്കിലും മാസ് രംഗങ്ങൾ ചേർത്ത് സാമൂഹിക ശ്രദ്ധ പതിയേണ്ട ഒരു വിഷയം സൂപ്പർ താര പരിവേഷം കൂട്ടിക്കലർത്തി  പ്രേക്ഷകരെ പ്രത്യേകിച്ച് ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .  ട്രെയിലർ നല്കുന്ന ഹൈപ്പുകൾ ഒഴിവാക്കി വൻ പ്രതീക്ഷകളില്ലാതെ കണ്ടാൽ ഏവർക്കും ആസ്വദിക്കാനാവുന്ന  ഒരു ചിത്രം തന്നെയാണ് ഗ്രേറ്റ് ഫാദർ.
🔹RATING : 2.75/5
©PRADEEP V K

3.5 Star (Good) · Action · Korean · South Korea · Thriller

118. HWAYI : A MONSTER BOY (SOUTH KOREA/ACTION THRILLER/2013)

118. HWAYI : A MONSTER BOY ( SOUTH KOREA/KOREAN/2013/Action Thriller/126 Min/Dir:Jang Joon Hwan/Stars: Yeo Jin Goo, Kim Yoon Seok )

🔹SYNOPSIS 🔹

◽അഞ്ച് ക്രിമിനൽസ് നടത്തുന്ന ഒരു ബാങ്ക് കവർച്ച പ്രതീക്ഷിക്കാത്ത സംഭവങ്ങൾക്ക് കാരണമാവുകയും ഒരു ആൺ കുഞ്ഞിനെ അവർ തട്ടിയെടുക്കുകയും ചെയ്യുന്നു .അങ്ങനെ Hwayi എന്ന ആ കുട്ടി അഞ്ച് അച്ഛൻമാരുടെ മകനായി ക്രിമിനൽസിന്റെ ലോകത്ത് വളർന്ന് വന്നു. ഔപചാരിക വിദ്യാഭ്യാസം നല്കാതെ അഞ്ച് പേരും അവന് അവരവരുടെ ക്രിമിനൽ മേഖലയിൽ പരിശീലനം നല്കി ഏറ്റവും മികച്ച ഒരു കൊലയാളി ആക്കി വളർത്തിയെടുക്കാൻ  ശ്രമിച്ചു .എന്നാൽ 16 കാരനായ Hwayi അവരിൽ നിന്നും വ്യത്യസ്തനായിരുന്നു .ക്രിമിനൽസിനൊപ്പം  വളർന്നെങ്കിലും ആയോധന കലകളിൽ പ്രാവീണ്യം നേടിയെങ്കിലും ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് അവൻ ആഗ്രഹിച്ചത് . അവൻ തങ്ങൾക്കൊപ്പം വരേണ്ട സമയമായി എന്ന് മനസ്സിലാക്കി തങ്ങളുടെ ഒരു ശത്രുവിനെ കൊല്ലാൻ അവർ Hwayi യെ ഏല്പിക്കുന്നു . എന്നാൽ ആ ദിവസം അവൻ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ രഹസ്യമാണ് മനസ്സിലാക്കുന്നത് .അതോടെ തന്റെ ഉള്ളിലെ ഭയമാകുന്ന മോൺസ്റ്ററിനെ കീഴ്പ്പെടുത്തി ദയയേതുമില്ലാത്ത പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങാൻ Hwayi നിർബന്ധിതനാകുന്നു .

◽കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന വയലൻസിന്റെ അതിപ്രസരം നിറഞ്ഞ ഒരു ചിത്രമാണിത് . Yellow Sea മുതലായ കൊറിയൻ ചിത്രങ്ങളുടെ പാത പിന്തുടരുന്ന ചിത്രം . പ്രേക്ഷക പ്രശംസ തേടിയ Save The Green Planet എന്ന ചിത്രത്തിനു ശേഷം Jang Joon Hwan സംവിധാനം ചെയ്ത ചിത്രമാണിത് . തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയും അൾട്രാ വയലന്റ് ആയ ദൃശ്യങ്ങളിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ദയയുടെ കണിക ലവലേശമില്ലാത്ത ക്രൂരനായ ക്രിമിനലായി Kim Yoon Seok ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത് .  Hwayi എന്ന കേന്ദ്രകഥാപാത്രത്തിന്റെ വേഷം Yeo Jin Goo വളരെ ഭംഗിയാക്കി . ആയുധം എടുക്കാൻ ഭയക്കുന്ന നാണം കുണുങ്ങിയായ കൗമാരക്കാരനായും പ്രതികാരദാഹിയായ യുവാവായും Yeo Jin Goo തകർത്തഭിനയിച്ചു . ചിത്രം ഒരു പരിധി കഴിഞ്ഞാൽ ക്ലൈമാക്സ് ഊഹിക്കാൻ കഴിയുമെന്നതും ഓവർ ഡ്രാമാറ്റിക് ആയ കഥാപാത്രങ്ങളും ഒരു പോരായ്മയാണ് .എങ്കിലും മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞ  ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ സൗത്ത്  കൊറിയൻ ചിത്രം. 

🔹RATING : 3.5/5 ( An Ultra Violent Stylized Action Thriller )

©PRADEEP V K

3.5 Star (Good) · India · Malayalam · Survival · Thriller

116. TAKE OFF (INDIA/SURVIVAL THRILLER/2017)

116. TAKE  OFF ( INDIA/MALAYALAM/2017/Survival Thriller/139 Min/Dir:Mahesh Narayan /Stars: Parvathy, Kunchakko Bobban, Fahadh Faasil )
🔹SYNOPSIS🔹 
▪ 2014 ൽ ഇറാഖിലെ തിക്രിതിലും മൊസൂളിലും നടന്ന തീവ്രവാദി ആക്രമണങ്ങൾക്കിടയിൽ അവിടെ പെട്ടു പോയ മലയാളി നഴ്‌സുമാരുടെ കഥയാണ് Take Off എന്ന ചിത്രം പറയുന്നത് . നവാഗതനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ട്രെയിലർ ഇറങ്ങിയത് മുതൽ ഒരു പാട് പ്രതീക്ഷ നല്കിയിരുന്നു . കുടുംബത്തിലെ പ്രാരാബ്ദം മൂലം ഇറാഖിലെ തിക്രിതിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്ന നഴ്സുമാരിൽ ഒരാളാണ് സമീറ (പാർവതി) . ഭർത്താവും മെയിൽ നഴ്സുമായ ഷഹീദിനോടും(കുഞ്ചാക്കോ ബോബൻ) മറ്റ് നഴ്സുമാരോടും ഒപ്പം ഇറാഖിലെത്തുന്ന ഗർഭിണിയായ സമീറയുടെ നിലനില്പിന് വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ് ചിത്രത്തിന്റെ കാതൽ. അവർ അവിടെയെത്തി ഏറെനാൾ കഴിയുന്നതിന് മുമ്പ് തന്നെ റിബലുകൾ ഗവൺമെൻറിൽ നിന്നും ആ പ്രദേശം പിടിച്ചെടുക്കുകയും നഴ്സുമാർ റിബലുകളുടെ പിടിയിലാവുകയും ചെയ്യുന്നു .പിന്നീട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ മനോജിന്റെ ( ഫഹദ് ഫാസിൽ ) സഹായത്തോടു കൂടി ഇന്ത്യാ ഗവൺമെന്റ് നഴ്സുമാരെ അവിടെ നിന്നും രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .
▪ Survival Thriller ഗണത്തിൽപ്പെടുന്ന ചിത്രങ്ങൾ വളരെ കുറവായ മലയാള സിനിമയിൽ അങ്ങനെ ഒരു വിഷയം തന്നെ തന്റെ ആദ്യ ചിത്രത്തിന്  തെരഞ്ഞെടുത്ത മഹേഷ് നാരായണന് ആദ്യമേ തന്നെ അഭിനന്ദനങ്ങൾ . മികച്ച തിരക്കഥയും സംഭാഷണങ്ങളും ഒറിജിനാലിറ്റി തോന്നുന്ന വിഷ്വൽ ഇഫക്ട്സും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു .ദുബായിൽ വച്ചാണ് ചിത്രീകരിച്ചതെങ്കിലും ഇറാഖിലെ യുദ്ധഭൂമി മികച്ച രീതിയിൽ പുനരവതരിപ്പിക്കുക വഴി രണ്ടാം പകുതിയിലെ ചില രംഗങ്ങളിൽ ഇതൊരു മലയാള ചിത്രം തന്നെയാണോ എന്നൊരു സംശയം കാണികളിൽ ജനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .എങ്കിലും ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നത് സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി തന്നെയാണ് . വികാര വിക്ഷോഭങ്ങൾ എല്ലാം ഉള്ളിലൊതുക്കി തന്റെ കുടുംബത്തിന് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ തയ്യാറാകുന്ന , ചിലപ്പോൾ പൊട്ടിത്തെറിക്കുന്ന എന്നാൽ അപകട സാഹചര്യങ്ങളിൽ സമചിത്തത കൈവിടാതെ തീരുമാനങ്ങളെടുക്കുന്ന സമീറ, പാർവതിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു .യാതൊരു വിധ അമിതാഭിനയവും ഇല്ലാതെ എല്ലാ രംഗങ്ങളിലും അഭിനയിക്കുകയാണ്  എന്ന് പോലും തോന്നാത്ത രീതിയിലുള്ള പ്രകടനം കാഴ്ച വച്ച ഈ യുവനടി മലയാള സിനിമയുടെ മുതൽക്കൂട്ട് തന്നെയാണെന്ന് ഉറപ്പാണ് .
▪ ഫഹദ് ഫാസിൽ ,കുഞ്ചാക്കോ ബോബൻ , ആസിഫ് അലി മുതലായവരും തങ്ങളുടെ കരിയറിലെ മികച്ച പെർഫോമൻസുകൾ  തന്നെ  കാഴ്ചവച്ചു . എന്നാൽ എല്ലാ ക്രെഡിറ്റും ഒരു നഴ്സിന് മാത്രം നല്കിയതും അതിക്രൂരരായ ISIS തീവ്രവാദികളുടെ പെട്ടെന്നുള്ള മനംമാറ്റവും എല്ലാം സിനിമാറ്റിക് ആയി കരുതാം . അപകട സാഹചര്യങ്ങളിൽ ചില കഥാപാത്രങ്ങളുടെ അപക്വമായ സംഭാഷണങ്ങളും അറിഞ്ഞു കൊണ്ട് അപകടത്തിന് തല വെച്ചു കൊടുക്കുന്ന മറ്റ്  ചില കഥാപാത്രങ്ങളും കല്ലുകടിയായി തോന്നി.  എങ്കിലും അഭിനേതാക്കളുടെ  മികച്ച  പെർഫോർമൻസും സാങ്കേതിക മേന്മയും ഈ ചിത്രത്തെ മലയാള സിനിമയിലെ വേറിട്ടൊരു അനുഭവം ആക്കുന്നു .
🔹RATING : 3.5/5 ( Good )
©PRADEEP V K