3.5 Star (Good) · Drama · English · UK · War

195. DARKEST HOUR (UK/WAR DRAMA/2017)

#Oscar2018MovieReviews
Post No. 8

🔰 “We shall fight on the beaches, we shall fight on the landing grounds, we shall fight in the fields and in the streets, we shall fight in the hills; we shall never surrender” – WINSTON CHURCHILL ( 1940 ജൂൺ നാലിന് ബ്രിട്ടീഷ് പാർലമെൻറിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് )

🔰ചിത്രം : ഡാർക്കസ്റ്റ് അവർ DARKEST HOUR (2017)
രാജ്യം : ബ്രിട്ടൺ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, നടൻ, ഛായാഗ്രഹണം, കോസ്റ്റും ഡിസൈൻ, മേക്ക് അപ്പ് & ഹെയർ സ്റ്റൈലിംഗ്, പ്രൊഡക്ഷൻ ഡിസൈൻ

🔰 രണ്ടാം ലോക മഹായുദ്ധകാലത്ത് 1940 മെയ് മാസം ജർമനി ഫ്രാൻസും ബൽജിയവും ബ്രിട്ടനുമടങ്ങുന്ന പശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ വ്യക്തമായ അധിനിവേശം നേടുകയും മൂന്ന് ലക്ഷത്തോളം വരുന്ന അവരുടെ സൈനികരെ ഫ്രാൻസിലെ ഡൺകിർക്ക് ദ്വീപിൽ ഒറ്റപ്പെടുത്തുകയും ചെയ്തു. അതേ സമയം ജർമനിക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിൽ പരാജയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർലെയിൻ രാജി വയ്ക്കുകയും വിൻസ്റ്റൺ ചർച്ചിൽ പുതിയ പ്രധാനമന്ത്രിയാവുകയും ചെയ്യുന്നു. എന്നാൽ സംഘർഷഭരിതമായ ആ കാലഘട്ടത്തിൽ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനായി അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടേണ്ടി വരുന്നു. ജർമനിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്താനുള്ള പാർലമെൻറിന്റെ അഭ്യർത്ഥനകൾ ചെവികൊള്ളാതെ യുദ്ധവുമായി മുന്നോട്ട് പോകാൻ തന്നെ ചർച്ചിൽ തീരുമാനിക്കുന്നു.

🔰 ഇത്തവണ ഓസ്കറിൽ ഡൺകിർക്ക് ഇവാക്കുവേഷനെ ആധാരമാക്കി രണ്ട് ചിത്രങ്ങൾ മികച്ച ചിത്രത്തിന്റെ കാറ്റഗറിയിൽ മത്സരിക്കുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഡൺകിർക്കും ജോ റൈറ്റ് സംവിധാനം ചെയ്ത ഡാർക്കസ്റ്റ് അവറും. ഡൺകിർക്ക് ആ സംഭവത്തിലെ ഏറ്റവും സാധാരണക്കാരനായ പട്ടാളക്കാരുടെ അവസ്ഥ പ്രമേയമാക്കുമ്പോൾ ഡാർക്കസ്റ്റ് അവർ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള സംഘർഷത്തിന്റെ കഥ പറയുന്നു. രണ്ട് ചിത്രങ്ങളും ചർച്ചിലിന്റെ പ്രശസ്തമായ ‘We shall fight on the beaches’ പ്രസംഗത്തിലാണ് അവസാനിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

🔰വിൻസ്റ്റൺ ചർച്ചിലായി ഗാരി ഓൾഡ്മാന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. രൂപത്തിലും പെരുമാറ്റത്തിലും നോട്ടത്തിലും ചലനത്തിലുമെല്ലാം ചർച്ചിലായി മാറിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിൽ കാണാം. മികച്ച നടനുള്ള ഓസ്കാറിന് എന്തുകൊണ്ടും അദ്ദേഹം അർഹനാണ്. ഓൾഡ്മാനെ ചർച്ചിലാക്കി മാറ്റിയതിന് മേക്കപ്പ് & ഹെയർ സ്റ്റൈലിങ്ങിനും ഒരു ഓസ്കാർ പ്രതീക്ഷിക്കാം. കൂടുതലും സംഭാഷണത്തിന് പ്രാധാന്യമുള്ള ചിത്രം അവസാനം വരെ കണ്ടിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകം ഗാരി ഓൾഡ്മാന്റെ ഗംഭീര പെർഫോർമൻസ് തന്നെയാണ് എന്നതിൽ തർക്കമില്ല.

🔸റേറ്റിംഗ് : 3.5/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · English · UK · War

147. DUNKIRK (UK/WAR/2017)

🔹147. DUNKIRK (2017) 🔽 A Review 🔽

🔹 രണ്ടാം ലോക മഹായുദ്ധത്തിനിടക്ക് ജർമൻ സൈന്യത്താൽ വലയം ചെയ്യപ്പെട്ട് ഫ്രാൻസിലെ ഡൺകിർക്ക് ബീച്ചിൽ അകപ്പെട്ടു പോയ നാല് ലക്ഷത്തോളം വരുന്ന ബ്രിട്ടൺ , ഫ്രാൻസ്, ബെൽജിയം , കാനഡ എന്നീ രാജ്യങ്ങളുടെ സൈനികരെ അവിടെ നിന്നും രക്ഷിക്കുന്നതിനായി 1940 മെയ് 26 നും ജൂൺ 4 നും ഇടയിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് Dunkirk Evacuation അഥവാ Operation Dynamo എന്നറിയപ്പെടുന്നത്.

COUNTRY : UK | USA | FRANCE | NETHERLANDS

LANGUAGE : ENGLISH

GENRE : WAR

DIRECTION : CHRISTOPHER NOLAN

🔹SYNOPSIS 🔹

▪️ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് പറയുമ്പോൾ ഡൺകിർക്ക് ഇവാക്കുവേഷനെക്കുറിച്ച് പറയാതിരിക്കാനാവില്ല .തങ്ങളുടെ സൈന്യത്തിന്റെ ഒരു പ്രധാന ഭാഗം തന്നെ 1940 മെയ് മാസത്തിൽ ഫ്രാൻസിലെ ഡൺകിർക്ക് ബീച്ചിൽ ജർമൻ സൈന്യത്തിന്റെ തോക്കിന് മുന്നിൽ പെട്ട് പോയപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യം തന്നെ ഞെട്ടിവിറച്ചു. സാധാരണ സൈനികരും ഓഫീസർമാരും അടക്കം ഡൺകിർക്കിൽ പെട്ടു പോയ എല്ലാവരും ആഗ്രഹിച്ചത് ഒന്നു മാത്രമായിരുന്നു .സ്വന്തം നാട് എന്ന വിദൂര സ്വപ്നം. ഡൺകിർക്കിലെ കരയും കടലും ആകാശവും ഒരു പോലെ യുദ്ധമുഖരിതമായപ്പോൾ ഓരോ സൈനികന്റെയും ഉള്ളിൽ ഉണ്ടായത് യുദ്ധക്കൊതിയോ ശത്രുനാശമോ രാജ്യസ്നേഹമോ ഒന്നുമായിരുന്നില്ല .അത് എങ്ങനെയെങ്കിലും ജീവൻ നിലനിർത്തി അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഏതൊരു ജീവിയുടേയും ഉള്ളിലുണ്ടാകുന്ന അതിജീവനത്വര മാത്രമായിരുന്നു.

▪ കരയിലും കടലിലും ആകാശത്തും നടക്കുന്ന യുദ്ധവും അതിജീവനവും DUNKIRK ൽ ചിത്രീകരിച്ചിരിക്കുന്നത് The Mole (7 Days), The Sea (1 Day) , The Air (1 Hour) എന്നിങ്ങനെ മൂന്ന് ഇഴ ചേർന്ന് കിടക്കുന്ന വിഭാഗങ്ങളിലൂടെയാണ്. ജർമൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സൈനികരുടെ 7 ദിവസത്തെ ശ്രമങ്ങളും അവരെ രക്ഷിക്കാനായി ജീവൻ പണയം വെച്ച് DUNKIRK ൽ എത്തുന്ന ഒരു പ്രൈവറ്റ് ബോട്ടിന്റെ ഒരു ദിവസത്തെ യാത്രയും ജർമൻ യുദ്ധവിമാനങ്ങളെ നശിപ്പിക്കാനുള്ള മൂന്ന് ബ്രിട്ടീഷ് പൈലറ്റുമാരുടെ ഒരു മണിക്കൂറത്തെ ശ്രമങ്ങളും പരസ്പരം കൂട്ടിക്കലർത്തി ചിത്രത്തിൽ വിവരിക്കുന്നു.

🔹 PERFORMANCES & TECHNICAL SIDES🔹

▪️ ക്രിസ്റ്റഫർ നോളന്റെ പത്താമത്തെ ഫീച്ചർ ഫിലിമായ DUNKIRK ൽ അദ്ദേഹം താൻ ഇതുവരെ പരീക്ഷിക്കാത്ത യുദ്ധ വിഭാഗമാണ് തെരഞ്ഞെടുത്തിരിക്കുന്നത് .യുദ്ധ ചിത്രങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഹോളിവുഡിൽ ഇതുവരെ വന്നവയിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രം, അതും തന്റെ ശൈലിയിൽ നിന്നും പൂർണമായി വിട്ടുമാറാതെ ചിത്രീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുമുണ്ട്. സാധാരണ യുദ്ധചിത്രങ്ങളിൽ ആക്രമണങ്ങളിൽ പരിക്കേല്‌ക്കുന്ന പട്ടാളക്കാരുടെ വേദനയും നിലവിളികളും രക്തവും ഫോക്കസ് ചെയ്ത് പ്രേക്ഷകരിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ DUNKIRK ൽ ഒരു രംഗത്ത് പോലും അതൊന്നും കാണിക്കുന്നതേയില്ല. അത് പോലെ ഫ്ലാഷ് ബാക്കുകളോ അനുബന്ധകഥകളോ ഇല്ലാത്ത ചിത്രത്തിലെ രംഗം പോലും യുദ്ധമുഖത്ത് നിന്നും മാറുന്നില്ല. സിനിമ കാണാനെത്തുന്ന പ്രേക്ഷകനിൽ ഒന്നേ മുക്കാൽ മണിക്കൂർ നേരം യഥാർത്ഥ യുദ്ധമുഖത്ത് പെട്ട് പോകുന്ന പ്രതീതി ഉളവാക്കാൻ ചിത്രത്തിനായി .

▪️ DUNKIRK എന്ന ചിത്രത്തിന്റെ ആത്മാവ് എന്ന് പറയുന്നത് Hans Zimmer ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഇത്രയും മികച്ച ഒരു BGM തിയേറ്ററിൽ ഇതുവരെ അനുഭവിച്ചിട്ടില്ല എന്ന് പറയാം . സാവധാനം തുടങ്ങി തീവ്രത കൂടി വരുന്ന BGM കഥാപാത്രങ്ങളുടെ അതേ ഭയവും ടെൻഷനും പ്രേക്ഷകരിലേക്കും എത്തിച്ചു. ഓരോ യുദ്ധവിമാനവും സ്വന്തം തലയ്ക്കു മുകളിലാണെന്ന് ഭയപ്പെട്ട് അറിയാതെ തലയുയർത്തി നോക്കിപ്പോകുന്ന , ഓരോ ബോംബും നമ്മുടെ തൊട്ടുമുമ്പിൽ പതിക്കുന്നെന്ന് കരുതി ഞെട്ടിത്തെറിക്കുന്ന അവസ്ഥ പ്രേക്ഷകരിൽ സൃഷ്ടിച്ച Hans Zimmer നെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. അത് പോലെ Hoyte Van Hoytema യുടെ ക്യാമറയുടെ മനോഹാരിത അവർണനീയമായിരുന്നു. കരയും കടലും ആകാശവും ഒരേ പോലെ ബൃഹത്തായ രീതിയിൽ അദ്ദേഹം പകർത്തിയിട്ടുണ്ട്. യുദ്ധവിമാനം തകർന്ന് വീഴുമ്പോൾ പ്രേക്ഷകനും അതോടൊപ്പം വീഴുന്ന ഒരു പ്രതീതി ആയിരുന്നു.

▪️ തന്റെ മുൻ ചിത്രങ്ങളിലെപ്പോലെ CGI കഴിവതും ഒഴിവാക്കി പ്രാക്ടിക്കൽ ഇഫക്ടുകളിലൂടെ ആണ് ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ ഡൺകിർക്ക് ഇവാക്കുവേഷനിൽ ഉപയോഗിച്ച ബോട്ടുകളും ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. ടോം ഹാർഡി , കെന്നത്ത് ബ്രാണാ , സിലിയൻ മർഫി തുടങ്ങിയ പ്രശസ്തരും അത് പോലെ ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളും അടക്കം അഭിനയിച്ച എല്ലാവരും മികച്ച നിലവാരം പുലർത്തി. എല്ലാത്തിനും ഉപരിയായി തിരക്കഥാകൃത്തായും സംവിധായകനായും സഹനിർമ്മാതാവായും നിറഞ്ഞു നിന്ന ക്രിസ്റ്റഫർ നോളന്റെ ബ്രില്യൻസ് ചിത്രത്തിന്റെ ഓരോ രംഗത്തും നമുക്ക് കാണാം.

🔹VERDICT 🔹

▪ DUNKIRK പൂർണമായും ഒരു യഥാർത്ഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. അതിൽ സസ്പെൻസോ ട്വിസ്‌റ്റോ അമാനുഷികതയോ ഡ്രാമയോ ഒന്നുമില്ല. പ്രേക്ഷകരെ പൂർണമായും സിനിമയിലേക്ക് ആവാഹിക്കുക എന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യത്തിനാണ് സംവിധായകൻ പ്രാധാന്യം നല്കിയിരിക്കുന്നത് .അത് കൊണ്ട് തന്നെ ഏറ്റവും മികച്ച ദൃശ്യ ശ്രവ്യ സൗകര്യങ്ങളുള്ള തിയേറ്ററിൽ തന്നെ ഈ ചിത്രം കാണേണ്ടതാണ്. അല്ലാതെ ടോറൻറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കംപ്യൂട്ടറിലോ മൊബൈലിലോ കണ്ടാൽ ഈ ചിത്രത്തിന്റെ പത്ത് ശതമാനം പോലും നിങ്ങൾക്ക് ആസ്വദിക്കാനാവില്ല എന്നോർക്കുക.

▪ DUNKIRK നോളന്റെ ഏറ്റവും മികച്ച ചിത്രമാണോ അല്ലെങ്കിൽ യുദ്ധ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണോ എന്നൊന്നും അന്വേഷിക്കുന്നതിൽ ഒരർത്ഥവുമില്ല. കാരണം ഇവിടെ ഓരോ പ്രേക്ഷകനും ഡൺകിർക്ക് ബീച്ചിൽ നാല് ലക്ഷത്തോളം വരുന്ന സൈനികരോടൊപ്പം ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് .ചെവിയിൽ മുഴങ്ങുന്നത് യുദ്ധവിമാനങ്ങളുടെ കാതടിപ്പിക്കുന്ന പ്രകമ്പനങ്ങളും വെടിയൊച്ചകളും മാത്രം . കണ്ണിനു മുന്നിൽ അന്തമില്ലാതെ പരന്ന് കിടക്കുന്ന കടലും ആകാശവും മണലും മാത്രം .മനസ്സിനുള്ളിൽ ഒരേ ഒരു ചിന്ത മാത്രം. സ്വന്തം നാട് , സ്വന്തം വീട് ! ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് എങ്ങിനെയും അവിടെത്തിയേ തീരൂ! പ്രതീക്ഷ മാത്രമാണ് നിങ്ങളുടെ ആയുധം , അതിജീവനം മാത്രമാണ് നിങ്ങളുടെ വിജയം!

🔹RATING : 4/5 ( VERY GOOD – A UNIQUE CINEMATIC EXPERIENCE )

©PRADEEP V K (AMAZING CINEMA)

5.0 Star (Excellent) · Animation · Drama · Japan · Japanese · War

133. GRAVE OF THE FIREFLIES (JAPAN/ANIMATED WAR DRAMA/1988)

133. GRAVE OF THE FIREFLIES ( JAPAN/JAPANESE/1988/ Animated War Drama/89 Min/Dir: Isao Takahata /Stars: Tsutomu Tatsumi, Ayano Shiraishi )

🔹 SYNOPSIS 🔹

 

▪”Why Do Fireflies Die So Soon?”

ഒരു സിനിമ കണ്ട് കഴിഞ്ഞ് ദിവസങ്ങളോളം അതിന്റെ ഓർമ്മകൾ നമ്മെ വേട്ടയാടുന്നത് വളരെ അപൂർവമാണ് . അതും ഒരു അനിമേഷൻ ചിത്രമാണെങ്കിലോ? ഏഷ്യൻ അനിമേഷൻ സിനിമകളുടെ കുലപതി ആയ Studio Ghibli അണിയിച്ചൊരുക്കിയ Grave Of The Fireflies അത്തരമൊരു ചിത്രമാണ് .1967 ലെ അതേ പേരിൽ തന്നെയുള്ള ഒരു ചെറുകഥയാണ് ചിത്രത്തിനാധാരം .യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി സിനിമകൾ പല ഭാഷകളിലായി നാം കണ്ടിട്ടുണ്ട് .രാജ്യ സ്നേഹവും പട്ടാളക്കാരുടെ അർപ്പണ മനോഭാവവും പ്രമേയമാക്കിയ അത്തരം ചിത്രങ്ങളിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമാണ് ഈ ചിത്രം .എന്തെന്നാൽ ഇവിടെ പട്ടാളവും രാജ്യവും ജയവും തോൽവിയും ഒന്നുമല്ല, യുദ്ധത്താൽ ജീവിതം പിഴുതെറിയപ്പെട്ട മനുഷ്യരുടെ ഹൃദയം നുറുക്കുന്ന വേദനകളാണ് വിഷയം. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ഈ ചിത്രം കണ്ട് തീർക്കാൻ ഒരു കഠിനഹൃദയനുമാവില്ല.

▪1945 ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ജപ്പാനിലെ കോബെയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. അമേരിക്കൻ ബോംബർ വിമാനങ്ങൾ ജപ്പാനിൽ ഇടതടവില്ലാതെ ബോംബുകൾ വർഷിക്കുന്ന സമയം .ഓരോ അപായ സൈറൺ മുഴങ്ങുമ്പോഴും ജനങ്ങൾ വീടും സാധനങ്ങളും ഉപേക്ഷിച്ച് ബോംബ് ഷെൽട്ടറുകളിലേക്ക് പായുന്നു .തിരിച്ചെത്തുമ്പോൾ പലരുടേയും വീടുകൾ ബോംബിംഗിൽ കത്തിച്ചാമ്പലായിട്ടുണ്ടാകും .ജാപ്പനീസ് നേവിയിലെ ക്യാപ്റ്റൻ ആണ് സെയ്റ്റയുടേയും കുഞ്ഞ് സഹോദരി സെറ്റ്സുകോയുടേയും അച്ഛൻ. ബോംബിംഗിൽ വീടും അമ്മയും നഷ്ടപ്പെടുന്ന അവർ അകന്ന ഒരു അമ്മായിയുടെ വീട്ടിൽ അഭയം തേടുന്നു .എന്നാൽ തന്റെ കുടുംബത്തിനെ തന്നെ പോറ്റാൻ പാടുപെടുന്ന അവർക്ക് ഈ കുട്ടികളെയും കൂടി സംരക്ഷിക്കാനാവുന്നില്ല . സഹോദരിയേയും തോളിലേറ്റി ഒരു ഒഴിഞ്ഞ ബോംബ് ഷെൽട്ടറിൽ അഭയം പ്രാപിക്കുന്ന സെയ്റ്റയുടെ തന്റെയും സഹോദരിയുടേയും ജീവൻ നിലനിർത്താനുള്ള കഠിന  ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

▪ ഇരുളടഞ്ഞ ഗുഹയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ ജീവിക്കുന്ന സെയ്റ്റയും സെറ്റ്സുകോയും മനസ്സിൽ നിന്നും വിട്ടു പോകുന്നില്ല .എല്ലാ വിധ സുഖ സൗകര്യങ്ങളോടും ജീവിച്ചിരുന്ന കുഞ്ഞുങ്ങൾ ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടവരായി മാറുന്ന, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്ന് കരയുന്ന  രംഗങ്ങൾ കണ്ണീരോടെയല്ലാതെ കണ്ടിരിക്കാനാവില്ല. യുദ്ധം എന്ന മഹാ വിപത്ത്  അത് ആരൊക്കെ തമ്മിലായാലും എന്ത് കാര്യത്തിന്റെ പേരിലായാലും സാധാരണ മനുഷ്യനെ നശിപ്പിച്ചിട്ടേ ഉള്ളു എന്ന സത്യം ഇത്രയും തീക്ഷ്ണമായി അവതരിപ്പിച്ച Studio Ghibli യെയും സംവിധായകൻ Isao Takahata യെയും എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല . 

▪യഥാർത്ഥ അഭിനേതാക്കൾക്ക് ഒരിക്കലും ഇത്രയും തീവ്രമായ വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിക്കാനാവില്ല  എന്നത് പൂർണമായും സത്യമാണ് . മറ്റേതൊരു കഥാപാത്രത്തേക്കാളും മുന്നിലായി സെയ്റ്റയും സെറ്റ്സുകോയും എന്നും എന്റെ മനസ്സിലുണ്ടാകും . ഹൃദയത്തെ പിടിച്ചുലക്കുന്ന ഹോണ്ടിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും യാതൊരു പിഴവുമില്ലാത്ത മനോഹരമായ അനിമേഷനും ഈ ചിത്രത്തെ Studio Ghibli യുടെ എന്നല്ല ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. നിങ്ങൾ അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നയാളാണെങ്കിലും അല്ലെങ്കിലും ഈ ചിത്രം നിർബന്ധമായും കണ്ടിരിക്കണം .ഒരു അനിമേഷൻ ചിത്രത്തിന്റെ പവർ, അതിന്റെ റീച്ച് ഇവ എത്രത്തോളമാണെന്ന് ഈ ചിത്രം നിങ്ങൾക്ക് മനസ്സിലാക്കിത്തരും.

🔹VERDICT :  EXCELLENT ( A Haunting ,Powerful And Strikingly Emotional Drama  – A Film You Must Watch Before You Die )

©PRADEEP V K (AMAZING CINEMA)

Advertisements
4.5 Star (Brilliant) · English · USA · War

109. BEASTS OF NO NATION (USA/WAR/2015)

🔹AMAZING CINEMA # 109

🔹BEASTS OF NO NATION (USA/English/2015/War Drama/Dir: Cary Joji Fukunaga/Starring: Abraham Attah, Idris Elba)

🔹യുദ്ധം… ലോകജനതയെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്ക്… അത് രാജ്യങ്ങൾ തമ്മിലായാലും ഒരേ രാജ്യത്തിലെ പല വിഭാഗങ്ങൾ തമ്മിലായാലും മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. ഒരു ആഫ്രിക്കൻ രാജ്യത്തിലെ സിവിൽ വാർ ഒരു കുട്ടിയുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഏറ്റവും ഭീതിദമായ , റിയലിസ്റ്റിക് ആയ ആവിഷ്കാരമാണ് Beasts of No Nation എന്ന ചിത്രം.

🔹 SYNOPSIS  🔹

▪അദ്ധ്യാപകനും ആക്ടിവിസ്റ്റുമായ അച്ഛൻ, കുടുംബിനിയായ അമ്മ , ശരീര സൗന്ദര്യത്തിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കുന്ന ജ്യേഷ്ഠ സഹോദരൻ , രണ്ട് കുഞ്ഞ് സഹോദരങ്ങൾ , പിന്നെ കൂടെ കളിക്കാനും അല്ലറ ചില്ലറ കള്ളത്തരങ്ങൾ കാണിക്കാനും അടുത്ത കൂട്ടുകാർ .ഇവയെല്ലാമായിരുന്നു അഗു ( Abraham Attah ) വിന്റെ  ലോകം .രാജ്യത്ത് യുദ്ധം നടക്കുന്നുണ്ടെങ്കിലും അവരുടെ പ്രദേശം Buffer Zone ആയി പ്രഖ്യാപിക്കപ്പെട്ടതിനാൽ സമാധാനം നിറഞ്ഞ അവിടേക്ക് ചുറ്റുപാടു നിന്നും നിരവധി അഭയാർത്ഥികൾ  എത്തിക്കൊണ്ടിരുന്നു . എന്നാൽ പെട്ടെന്നായിരുന്നു ഒരു ദിവസം എല്ലാം മാറിമറിഞ്ഞത് .റിബലുകളുടെ ആക്രമണത്തിൽ ഗവൺമെന്റ് സംവിധാനം പാടെ തകരുകയും പട്ടാളവും റിബൽ ഗ്രൂപ്പുകളും തമ്മിൽ ശക്തമായ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു . ആ യുദ്ധത്തിൽ പ്രിയപ്പെട്ടതെല്ലാം കൺമുന്നിൽ  നഷ്ടപ്പെട്ട അഗു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിന്റെ അവസാനം ചെന്നെത്തുന്നത് NDF എന്ന ഗറില്ലാ പോരാളികളുടെ ഗ്രൂപ്പിലാണ് .

▪ദയയേതുമില്ലാത്ത ക്രൂരനായ കമാൻഡൻറ് ( Idris Elba ) അതികഠിനമായ ട്രെയിനിംഗിന് ശേഷം അഗുവിനെ NDF ഗ്രൂപ്പ് മെമ്പർ ആയി സ്വീകരിക്കുന്നു . അന്ന് മുതൽ കയ്യിൽ തോക്കും കഠാരയുമേന്തിയ , ഒരു മനുഷ്യനെ കൈ വിറക്കാതെ വെട്ടിക്കൊല്ലാൻ പോലും കഴിവുള്ള ഒരു NDF Child Soldier ആയി അഗു മാറുകയാണ് .അഗുവിനെപ്പോലെ നേരത്തെ ഗ്രൂപ്പിൽ അംഗമായ Strika യോടൊപ്പം അവനും നിരവധി മനസ്സാക്ഷിയെ മരവിപ്പിക്കുന്ന മനുഷ്യക്കുരുതികൾ നടത്തുന്നു. ഒരിക്കലും തിരിച്ചുവരാനാവാത്ത ,മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ക്രൂരതയുടെ ലോകത്തിലേക്ക് എടുത്തെറിയപ്പെടുന്ന അഗുവിനെപ്പോലുള്ള നിരവധി കുട്ടിപ്പട്ടാളക്കാരുടെ  രക്തപങ്കിലമായ ജീവിതത്തിന്റെ നേർക്കാഴ്ചയാണീ ചിത്രം .

🔹 ASSESSMENT 🔹

▪എത്ര മനക്കരുത്തുള്ളയാളും അറിയാതെ സ്ക്രീനിൽ നിന്നും തല ചെരിച്ചു പോകുന്ന രംഗങ്ങൾ നിറഞ്ഞ ചിത്രമാണിത് .യുദ്ധത്തിന്റെ എല്ലാ വിധ തീവ്രതയും ഒട്ടും ചോർന്നു പോകാതെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാതെയാണ് സംവിധായകൻ Cary Joji Fukunaga ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് . Uzodinma Iweala എഴുതിയ Beasts of No Nation എന്ന 2005 ലെ നോവലിനെ ആധാരമാക്കിയ ഈ ചിത്രത്തിന്റെ സംവിധാനത്തോടൊപ്പം തിരക്കഥയും ക്യാമറയും കൈകാര്യം ചെയതിരിക്കുന്നത് Fukunaga തന്നെയാണ് . അദ്ദേഹവും Idris Elba യും ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളികളായിരുന്നു . Netflix വഴിയായിരുന്നു ചിത്രം റിലീസ് ചെയ്തത് .

▪പല രംഗങ്ങളും എങ്ങനെ ചിത്രീകരിച്ചു എന്ന് നമ്മളെ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ചിത്രീകരണമാണ് ചിത്രത്തിന് . അണിയറ പ്രവർത്തകരും നടീനടൻമാരും എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഓരോ ഷോട്ടും വ്യക്തമാക്കുന്നു . അഗുവിനെ അവതരിപ്പിച്ച Abraham Attah എന്ന പതിനാല്കാരന്റെ പ്രകടനം നിങ്ങളെ അദ്ഭുതപ്പെടുത്തുമെന്ന് തീർച്ചയാണ് .തന്റെ ആദ്യ ചിത്രത്തിലൂടെ ലോകസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .വൈകാരിക മുഹൂർത്തങ്ങളിലും യുദ്ധരംഗങ്ങളിലും Abraham Attah യുടെ പെർഫോർമൻസ് അഗു എന്ന കഥാപാത്രത്തെ പ്രേക്ഷകന്റെ ഉള്ളിൽ ഒരിക്കലും മായാത്ത രീതിയിൽ പ്രതിഷ്ഠിക്കും എന്നുറപ്പാണ് . നിഷ്ഠൂരനായ, തന്റെ ജയത്തിന് വേണ്ടി എന്തിനും മടിക്കാത്ത NDF കമാണ്ടൻറ് ആയി Idris Elba തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് . വളരെ കുറച്ച് സ്ത്രീ കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആണ് പ്രേക്ഷകന് നല്കുന്നത്.

▪ആവശ്യത്തിനും അനാവശ്യത്തിനും യുദ്ധത്തിനായി മുറവിളി കൂട്ടുന്ന നമ്മുടെ നാട്ടിലെ ചിലർ ഈ ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് . യുദ്ധത്തിൽ എല്ലാം നഷ്ടപ്പെടുന്നവന്റെ വേദന ലോകത്തെല്ലാ മനുഷ്യർക്കും ഒരുപോലെ ആണെന്ന് ഈ ചിത്രം നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നു .അഗുവിനെപ്പോലെ ആയിരക്കണക്കിന് കുട്ടിപ്പട്ടാളക്കാർ ലോകത്താകമാനമുള്ള പല തരം യുദ്ധങ്ങളിൽ ഇപ്പോഴും പങ്കാളികളാണെന്നുള്ള യാഥാർത്ഥ്യം നമ്മുടെ ഉള്ളിൽ ഒരു ഞെട്ടൽ സമ്മാനിക്കുകയാണ് . യുണൈറ്റഡ് നേഷൻസിന്റെ ശ്രമഫലമായി അവരിൽ പലരേയും രക്ഷപെടുത്താൻ സാധിച്ചിട്ടുണ്ടെങ്കിലും ഭൂതകാലത്തിന്റെ അതിക്രൂരമായ ഓർമകളുടെ വേട്ടയാടലിൽ ജീവിക്കുന്ന അവരുടെ വികാരരഹിതമായ കണ്ണുകൾ യുദ്ധവെറിയൻമാരുടെ നേർക്കുള്ള ചോദ്യചിഹ്നമായി അവശേഷിക്കുന്നു .

🔹Rating : 4.5/5 ( An Uncompromising and Brutal Tale Of War )

©PRADEEP V K

Advertisements
4.5 Star (Brilliant) · English · UK · War

95. FULL METAL JACKET (UK/WAR/1987)

🔹AMAZING CINEMA # 95
🔹MOVIE TITLE : FULL METAL JACKET (1987)
🔹COUNTRY : UK/USA
🔹LANGUAGE: ENGLISH
🔹GENRE: WAR FILM
🔹RUNNING TIME : 116 Min
🔹DIRECTOR : STANLEY KUBRICK
🔹ACTORS : MATTHEW MODINE , VINCENT D’ONOFRIO

🔹SYNOPSIS 🔹

▪ഗുസ്താവ് ഗാസ്ഫോഡിന്റെ 1979 ലെ The Short Timers എന്ന നോവലിനെ ആധാരമാക്കി  വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തിൽ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ചിത്രമാണ് Full Metal Jacket. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ പട്ടാളക്കാർ ഉപയോഗിച്ച ഫുൾ മെറ്റൽ ജാക്കറ്റ് ബുള്ളറ്റുകളിൽ നിന്നാണ് ചിത്രത്തിന് ആ പേര് ലഭിച്ചത് .ഒരു സംഘം യു.എസ് മറൈൻ കോർപ്സ് പട്ടാളക്കാരുടെ ട്രെയിനിംഗ് കാലഘട്ടത്തിൽ തുടങ്ങി അവരുടെ വിയറ്റ്നാം യുദ്ധാനുഭവങ്ങൾ വിവരിക്കുന്ന ചലച്ചിത്രമാണിത് .

▪1967ൽ ഒരു സംഘം യു എസ് മറൈൻ പട്ടാളക്കാർ സൗത്ത് കരോളിനയിലെ ട്രെയിനിംഗ് സെന്ററിൽ എത്തുന്നു . കർക്കശക്കാരനും ക്രൂരനുമായ ഡ്രിൽ ഇൻസ്ട്രക്ടർ ഹാർട്ട്മാന്റെ കീഴിലായിരുന്നു പരിശീലനം .യഥാർത്ഥ പേരിന് പകരം ഓരോരുത്തരുടേയും സ്വഭാവത്തിനനുസരിച്ച് ജോക്കർ , കൗബോയ് , പൈൽ എന്ന് തുടങ്ങിയ പേരുകൾ നല്കിയ ഹാർട്ട്മാന്റെ അതികഠിനമായ ട്രെയിനിംഗ് ഏവർക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു .ചെറിയ പിഴവിനു പോലും അതിക്രൂരമായ ശിക്ഷാ നടപടികൾ നടത്തിയ ഹാർട്ട്മാന്റെ ട്രെയിനിംഗ് സ്വതവേ വണ്ണം കൂടിയ മടിയനായ പൈൽ എന്ന് വിളിക്കുന്ന ലിയനാർഡ് ലോറൻസിന് താങ്ങാനാവുന്നില്ല . എന്നാൽ പൈലിനെ തന്റെ വരുതിക്ക് കൊണ്ട് വരാൻ ഹാർട്ട്മാൻ അയാളെ മാനസികമായും ശാരീരികമായും  അങ്ങേയറ്റത്തെ പീഡനങ്ങൾക്ക് വിധേയനാക്കുന്നു .

▪ട്രെയിനിംഗിന് ശേഷം 1968 ൽ വാർ കറസ്പോണ്ടൻറ് ആകുന്ന ജോക്കർ , സൗത്ത് വിയറ്റ്നാമിൽ യുദ്ധം റിപ്പോർട്ട് ചെയ്യാനായി നിയോഗിക്കപ്പെടുന്നു .അവിടെ കൗ ബോയ് ഉൾപ്പെടുന്ന മറൈൻസിനെ അപ്രതീക്ഷിതമായി വിയറ്റ് കോംഗ് പോരാളികൾ ആക്രമിക്കുന്നു .ചുറ്റുപാടും കെട്ടിടങ്ങളാൽ വലയം ചെയ്യപ്പെട്ട പ്രദേശത്ത് പെട്ടു പോകുന്ന അവർ എവിടെ നിന്നാണ് വെടിയുണ്ടകൾ വരുന്നതെന്ന് അറിയാൻ കഴിയാതെ പ്രതിരോധിക്കാനാവാതെ ജീവന്മരണ പോരാട്ടത്തിലേർപ്പെടുന്നു .

🔹VERDICT 🔹

▪മറൈൻ ട്രെയിനിംഗും യുദ്ധവും നിരവധി ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഏറ്റവും ഭീകരമായി തോന്നിയത് ഈ ചിത്രം കണ്ടപ്പോഴാണ് .വിയറ്റ്നാം യുദ്ധത്തിനിടയിൽ യഥാർത്ഥ ഡ്രിൽ ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള Lee Ermy ആണ് ഹാർട്ട്മാൻ എന്ന കർക്കശക്കാരനായ ഡ്രിൽ ഇൻസ്ട്രക്ടറുടെ വേഷം ചെയ്തത് .ആ വേഷം അതിൽ കൂടുതൽ ഭംഗിയാക്കാൻ മറ്റാർക്കും കഴിയില്ല. അതുപോലെ ചുണ്ടിൽ നിന്നും വിഡ്ഢിച്ചിരി മായാത്ത പൈൽ എന്ന മറൈനിന്റെ വേഷം ചെയ്ത Vincent D’onofrio യെ ഒരിക്കലും മറക്കാനാവില്ല .അദ്ദേഹം ഈ കഥാപാത്രത്തിന് വേണ്ടി 32 Kg ശരീരഭാരം കൂട്ടിയിരുന്നു .

▪സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമാക്കിയ സ്റ്റാൻലി കുബ്രിക്ക് എന്ന പ്രതിഭാശാലിയുടെ സംവിധാനമികവ് ഓരോ രംഗത്തും വ്യക്തമാകുന്നുണ്ട് .മറ്റ് യുദ്ധ ചിത്രങ്ങൾ ഏതെങ്കിലും ഒരു വശം ചേർന്നു നിന്ന് കഥ പറയുമ്പോൾ ഇവിടെ യുദ്ധം നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാകുന്നു .ചിത്രത്തിലെ ഒരു രംഗത്തിൽ വെടിയേറ്റ് വീണ വിയറ്റ് കോംഗ് പോരാളിയുടെ മുഖഭാവം ആരാണ് ശരി ,ആരാണ് തെറ്റ് എന്ന ചോദ്യം തമ്മിൽ അവശേഷിപ്പിക്കുന്നു .ചിത്രത്തിന്റെ പോസ്റ്ററിലെ ഹെൽമറ്റിൽ അടുത്തടുത്ത് കാണുന്ന BORN TO KILL എന്ന വാക്കും സമാധാനമുദ്രയും നിരവധി ചോദ്യങ്ങൾ മനസ്സിൽ നിറയ്ക്കുന്നു.ഹാർട്ട്മാൻ ട്രെയിനിംഗിനിടയിൽ പറയുന്നത് പോലെ യുദ്ധത്തിനിടയിൽ  ഒരു മറൈനിന്റെ ഏറ്റവും വിശ്വസ്തനായ സുഹ്യത്തും ഭാര്യയും കാമുകിയും എല്ലാം ഒന്ന് മാത്രമാണ്. രാത്രിയും പകലും ഉറക്കത്തിലും ഉണർച്ചയിലും അയാളുടെ സന്തത സഹചാരിയായ തോക്ക് !

🔹AMAZING CINEMA RATING : 4.5/5 ( Brilliant)

🔹പിൻകുറിപ്പ് : വിമാന യാത്രകൾ ഭയപ്പെട്ടിരുന്ന സ്റ്റാൻലി കുബ്രിക്ക് ഈ ചിത്രം പൂർണമായും ഇംഗ്ലണ്ടിൽ ആണ് ഷൂട്ട് ചെയ്തത് .
©PRADEEP V K

Advertisements
4.5 Star (Brilliant) · English · USA · War

87. APOCALYPSE NOW (USA/WAR/1979)

🔹AMAZING CINEMA # 87
🔹MOVIE TITLE : APOCALYPSE NOW (1979)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : EPIC WAR FILM
🔹DIRECTOR : FRANCIS FORD COPPOLA 
🔹ACTORS : MARLON BRANDO, MARTIN SHEEN

🔹SYNOPSIS🔹

▪ഇരുപത് വർഷക്കാലം നീണ്ടു നിന്ന വിയറ്റ്നാം യുദ്ധമാണ് Apocalypse Now എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം. 1969ൽ അമേരിക്കൻ ആർമി സ്പെഷ്യൽ ഫോർസിൽ കേണലായിരുന്ന Walter E.Kurtz (Marlon Brando) ആർമിയുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടാനുസരണം കമ്പോഡിയയിലേക്ക് കടക്കുകയും അവിടെ ഗോത്രവർഗക്കാരുടെ നേതാവായി ഒരു പാരലൽ ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്യുന്നു . അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ കമ്പോഡിയയിൽ അദ്ദേഹത്തിന്റെ താവളത്തിൽ നുഴഞ്ഞു കയറി കൊലപ്പെടുത്താൻ ആർമി ജനറൽ,   Cap. Benjamin Williard (Martin Sheen) നെ ചുമതലപ്പെടുത്തുന്നു . എന്നാൽ അമേരിക്കൻ സഹായത്തോടെ മുന്നേറുന്ന സൗത്ത് വിയറ്റ്നാമും സോവിയറ്റ് യൂണിയൻ സഹായിക്കുന്ന നോർത്ത് വിയറ്റ്നാമും കടന്ന് കമ്പോഡിയയിലെ Walter E. Kurtz ന്റെ താവളത്തിലെത്തുക എന്നത് അത്യന്തം ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു . അതെല്ലാം തരണം ചെയ്ത് തന്നെ ഏല്പിച്ച ദൗത്യം പൂർത്തീകരിക്കാൻ Cap.Williard ന് കഴിയുമോ എന്ന കഥയാണ് ചിത്രം പറയുന്നത് .

▪വളരെ  റിയലിസ്റ്റിക് ആയി  യുദ്ധരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം  ഒരു യുദ്ധ ചിത്രത്തേക്കാളുപരി ഒരു സൈക്കോളജിക്കൽ ഡ്രാമ ആയാണ് എനിക്ക് അനുഭവപ്പെട്ടത് .ചിത്രത്തിന്റെ തുടക്കത്തിൽ ഏകാകിയായി ജീവിക്കുന്ന Cap.Williard അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ആണ് ദൃശ്യവല്ക്കരിച്ചിരിക്കുന്നത് .പിന്നീട് Col.Walter E.Kurtz നെ കൊലപ്പെടുത്താനുള്ള ദൗത്യം ലഭിക്കുമ്പോൻ Cap.Williard , Col. Kurtz ന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയുകയും അദ്ദേഹത്തിന്റെ മാനസിക തലത്തിലേക്ക് കടക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു .യുദ്ധഭൂമിയിലൂടെ ഉള്ള അതികഠിനമായ യാത്രക്കിടയിലും Col.Waltz ന്റെ ജീവിത കഥ Cap.Williard വായിക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യുന്നു .

▪അവസാനം യഥാർത്ഥ Col.Waltz നെ കാണുമ്പോഴേക്കും Cap.Williard നോടൊപ്പം പ്രേക്ഷകനും അദ്ദേഹത്തെക്കുറിച്ച് ഒരു വ്യക്തമായ ധാരണ ലഭിച്ചിരിക്കും . എന്നാൽ അവിടെയാണ് MARLON BRANDO എന്ന അതുല്യ നടന്റെ രംഗപ്രവേശം . The Godfather എന്ന ചിത്രത്തിൽ Godfather നെ അവതരിപ്പിച്ച MARLON BRANDO യെ ആ ചിത്രം കണ്ടവർ ഒരിക്കലും മറക്കാൻ വഴിയില്ല . തന്റെ മുഖത്തെ ഭാവപ്രകടനങ്ങളിലൂടെ മാത്രം ഒരു കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാം എന്ന് അദ്ദേഹം Col.Waltz എന്ന കഥാപാത്രത്തിലൂടെ കാണിച്ചു തരുന്നു . ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രത്തിന്റെ മുഖം മാത്രമാണ് കൂടുതലും ചിത്രീകരിച്ചിരിക്കുന്നത് .എന്നാൽ അത് വരെ കേട്ട് മാത്രം പരിചയിച്ച Col.Waltz എന്ന മനുഷ്യൻ നാം കേട്ടതിലും എത്രയോ ഉയരെയാണെന്ന് ആദ്യ ഷോട്ടുകളിൽ തന്നെ നമുക്ക് വ്യക്തമാവും . അപാരമായ ഡയലോഗ് പ്രസന്റേഷനിലൂടെയും ഭാവപ്രകടനങ്ങളിലൂടെയും Marlon Brando അനശ്വരമാക്കിയ Col.Walter E.Kurtz എന്ന കഥാപാത്രത്തെ ഈ ചിത്രം കണ്ട ആർക്കും മറക്കാനാവില്ല .

▪യുദ്ധ സിനിമകളിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ്. സംവിധാനം നിർവഹിച്ച ചിത്രങ്ങളിൽ മിക്കതും ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകൾ ആയി മാറിയ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം . ഹാരിസൺ ഫോർഡ് , ലോറൻസ് ഫിഷ് ബോൺ തുടങ്ങി പിന്നീട് പ്രശസ്തരായ പല നടൻമാരുടേയും ചെറുതെങ്കിലും മികച്ച വേഷങ്ങൾ ഈ ചിത്രത്തിൽ കാണാം .ലോക സിനിമാ ക്ലാസിക്കുകൾ കാണാനാഗ്രഹിക്കുന്നവർ ഈ ചിത്രം ഒരിക്കലും ഒഴിവാക്കരുത് .

🔹AMAZING CINEMA RATING : 4.5/5 (Brilliant)
©PRADEEP V K

Advertisements