3.0 Star (Above Average) · India · Malayalam · Thriller

155. ADAM JOAN (INDIA/THRILLER/2017)

🔹155. ADAM JOAN (2017)  🔹 A Review 

“അവളെ രക്ഷിക്കാൻ എന്നെക്കൊണ്ടാവും വിധം ഞാൻ ശ്രമിക്കും .എന്നിട്ടും അതിന് കഴിഞ്ഞില്ലെങ്കിൽ അവൾക്ക് ഒരു നിമിഷം മുൻപെങ്കിലും എന്റെ മരണം നടന്നു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം”

🔹COUNTRY : INDIA

     LANGUAGE : MALAYALAM

     GENRE : THRILLER

     DIRECTION : JINU V ABRAHAM

🔹 BACKGROUND 🔹

▪ഭൂരിഭാഗവും സ്കോട്ലൻഡിൽ ചിത്രീകരിച്ച ഡാർക്ക് ത്രില്ലർ ആയ ആദം ജൊവാൻ മലയാള സിനിമയിൽ അധികമാരും കൈ വയ്ക്കാത്ത ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പ്ലാൻറർ ആയ ആദം ജൊവാൻ പോത്തൻ ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ അമ്മയും അനുജനും കുടുംബവും താമസിക്കുന്ന സ്കോട്ലൻഡിലേക്ക് പോകേണ്ടി വരുന്നതും അവിടെ താനൊരിക്കലും വിചാരിക്കാത്ത അപ്രതീക്ഷിത സംഭവങ്ങളിൽ പെട്ടു പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .ആദം ജൊവാൻ എന്ന കേന്ദ്രകഥാപാത്രമായെത്തിയ പൃഥിരാജിനോടൊപ്പം നരേൻ, ഭാവന , മിഷ്ടി ,രാഹുൽ മാധവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു .

🔹 POSITIVE SIDES🔹

▪പുതുമയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിക്കാൻ ശ്രദ്ധിക്കുന്ന പൃഥ്വിരാജ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. സാവധാനം വേഗം കൈവരിക്കുന്ന ചിത്രം മലയാള സിനിമയിൽ വ്യത്യസ്തമായ അനുഭവം നല്കും എന്നതിൽ തർക്കമില്ല. നായക കഥാപാത്രത്തിന്റെ ഡയലോഗുകൾ ചിത്രത്തിന്റെ സ്വഭാവം പ്രേക്ഷകരിലേക്കെത്തിക്കുവാൻ പ്രാപ്തമായിരുന്നു. സ്കോട്ലൻഡിലെ മനോഹരമായ ഭൂപ്രകൃതിയും ലൊക്കേഷനുകളും പകർത്തിയ ജിത്തു ദാമോദറിന്റെ ക്യാമറ വർക്ക് മികച്ച് നിന്നു . ത്രില്ലർ മൂഡ് നല്കുന്ന ദീപക് ദേവ് – ഗോപി സുന്ദർ ടീമിന്റെ സംഗീതം ചിത്രത്തിന്റെ ടോണിന് ചേർന്നതായിരുന്നു . അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളോട് സാമാന്യം നീതി പുലർത്തി. 

🔹NEGATIVE SIDES🔹

▪ചിത്രത്തിന്റെ പ്രധാന പോരായ്മ ഒരു ത്രില്ലർ ചിത്രത്തിന് ചേരുന്ന തരത്തിലുള്ള പഴുതുകളില്ലാത്ത തിരക്കഥ ഒരുക്കുന്നതിൽ ജിനു എബ്രഹാം പരാജയപ്പെട്ടു എന്നതാണ്.  ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വ്യക്തമായ അവബോധം വിഷ്വൽസിലൂടെ കാണികളിൽ സൃഷ്ടിക്കുന്നതിന് പകരം ആഡംബര കാറുകളും ബൈക്കുകളും സ്കോട്ലൻഡിലെ വിജനമായ വീഥികളിലൂടെ രാത്രി ചീറിപ്പായുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാനായിരുന്നു സംവിധായകന് താല്പര്യം . നിരവധി ക്ലീഷേകൾ നിറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് ആക്ഷൻ രംഗങ്ങൾ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന് ഒട്ടും യോജിച്ചതായില്ല .ഒന്നിനും കൊള്ളാത്ത സ്കോട്ലൻഡ് പോലീസും വിഡ്ഡികളായ വിദേശ വില്ലൻമാരും തിരക്കഥാ പാളിച്ചകളിൽ മുഴച്ചു നിന്നു .

🔹FINAL WORD🔹

▪പോരായ്മകൾ ഉണ്ടെങ്കിൽ തന്നെയും സാമാന്യം മികച്ച ഒരു സിനിമാനുഭവം പ്രദാനം ചെയ്യാൻ ആദം ജൊവാന് കഴിയുന്നുണ്ട്. മലയാള സിനിമയിൽ പൊതുവെ കാണാത്ത ലൊക്കേഷനുകളും ക്യാമറ വർക്കും ബിജിഎമ്മും തന്നെയാണ് പ്രധാന പോസിറ്റീവ്സ്. ഇത്തരം ഒരു വിഷയം തന്റെ ആദ്യ ചിത്രത്തിന്  തെരഞ്ഞെടുത്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം അഭിനന്ദനം അർഹിക്കുന്നു. സാധാരണ മലയാളി പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവം പ്രദാനം ചെയ്യുന്ന ആദം ജൊവാൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് തീർച്ചയാണ്. ദയവായി ഈ ചിത്രം തിയേറ്ററിൽ തന്നെ പോയിക്കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.


🔹Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

Advertisements
3.0 Star (Above Average) · English · Slasher · UK

151. PREVENGE (UK/SLASHER COMEDY/2016)

🔹151. PREVENGE (2016)  🔽 A Review 🔽

🔹 ” ഈ ലിസ്റ്റിലുള്ളവരെല്ലാം മരിക്കേണ്ടവരാണ്. ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ ലോകത്തേക്ക് വരുന്നതിന് മുമ്പ് തന്നെ അമ്മ അവരെയെല്ലാം വകവരുത്തിയേ തീരൂ ”

COUNTRY : UK

LANGUAGE : ENGLISH

GENRE : SLASHER COMEDY

DIRECTION : ALICE LOWE

🔹SYNOPSIS 🔹

▪  ഗർഭിണിയായ റൂത്ത് ഭർത്താവിന്റെ ആകസ്മികമായ മരണത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുകയാണ്. ഭർത്താവിന്റെ മരണവും ഗർഭകാലത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെങ്കിലും സാധാരണ ഗർഭിണികളിൽ നിന്നും റൂത്ത് തീർത്തും വ്യത്യസ്തയാണ്. കാരണം അവളുടെ വയറ്റിലുള്ള കുഞ്ഞ് അവളോട് വ്യക്തമായ ഭാഷയിൽ സംസാരിക്കുന്നത് അവൾക്ക്  കേൾക്കാം. പക്ഷേ അത് അവളോട് ആവശ്യപ്പെടുന്നത് താൻ പറയുന്നവരെ മുഴുവൻ കൊല്ലാനാണ് . സത്യമാണോ അതോ എല്ലാം തന്റെ തോന്നലാണോ എന്നറിയാതെ വിഷമിച്ച റൂത്തിനോട് അവളുടെ നഴ്സ് പറയുന്നത് ഗർഭകാലത്ത് ഒന്നും അമ്മയുടെ കൺട്രോളിൽ അല്ലെന്നും അമ്മ എന്ത് ചെയ്യണമെന്ന്  തീരുമാനിക്കുന്നത് വയറ്റിൽ വളരുന്ന കുഞ്ഞാണെന്നുമാണ് ( കുഞ്ഞ് അമ്മയോട് കൊലപാതകം ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്ന് പാവം നഴ്സ് അറിഞ്ഞിരുന്നില്ല!). എന്തിന് വേണ്ടിയാണ് കുഞ്ഞ് അവരെയെല്ലാം കൊല്ലാൻ ആവശ്യപ്പെടുന്നത്? യഥാർത്ഥത്തിൽ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ആരാണ് ? 

🔹 REVIEW🔹

▪ അസാധാരണമായ ഒരു പ്രമേയം കൊണ്ട് മാത്രമല്ല PREVENGE എന്ന ബ്രിട്ടീഷ് ചിത്രം വ്യത്യസ്തമാകുന്നത് . കാരണം ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കൂടാതെ പ്രധാന കഥാപാത്രമായ റൂത്തിനെയും അവതരിപ്പിച്ച ആലീസ് ലോവ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു എന്നതാണ്. നിരവധി വർഷങ്ങളായി സിനിമാരംഗത്ത് ഉണ്ടെങ്കിലും തന്റെ ആദ്യ സംവിധാന സംരംഭത്തിന് ഇത്തരം ഒരു കഥയും അവസരവും തെരഞ്ഞെടുത്ത ആലീസ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായികക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും കാര്യകാരണങ്ങൾ വിശദീകരിച്ച് ചിത്രം അവസാനിക്കുമ്പോൾ തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകൾക്കനുസരിച്ച് തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നി. 

▪ Rosemary’s Baby പോലുള്ള ചില ചിത്രങ്ങൾ ഒഴിച്ചു നിർത്തിയിൽ ഗർഭിണികളുടെ കഥ പറയുന്ന ഹൊറർ ചിത്രങ്ങൾ വളരെ വിരളമാണ് . Prevenge ഒരു ഹൊറർ ചിത്രം അല്ലെങ്കിലും കഥാപാത്രങ്ങളുടെ പ്രവൃത്തികളും ഡയലോഗുകളും പല രംഗങ്ങളിലും കാണികളിൽ ഭയം നിറക്കാൻ പോന്നതാണ്. ഡാർക്ക് കോമഡിയുടെ അകമ്പടിയോടെയാണ് വയലൻറായ പല രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. അത് കൊണ്ട് തന്നെ ഗർഭിണികൾ ഈ ചിത്രം കാണാതിരിക്കുകയാവും ഉചിതം. മറ്റുള്ളവർക്ക് ഗർഭകാലവും പ്രതികാരവും ( PREGNANT + REVENGE ) വിഷയമാകുന്ന ഈ ചിത്രം കണ്ട് നോക്കാവുന്നതാണ്. 

🔹RATING : 3/5 ( ABOVE AVERAGE )

©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · Comedy · India · Malayalam · Romance

130. CIA (INDIA/ROMANTIC COMEDY/2017)

130. CIA (INDIA/MALAYALAM/2017/ Romantic Comedy/135 Min/Dir: Amal Neerad /Stars: Dulquer Salmaan, Karthika Muralidharan, Siddique, John Vijay)
🔹 SYNOPSIS 🔹

 

▪ മലയാളത്തിലെ ഏറ്റവും സ്റ്റെലിഷ് ആയ സംവിധായകൻ അമൽ നീരദ് തന്റെ കരിയർ ബെസ്റ്റ് അയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽക്കർ സൽമാൻ നായകനായ CIA (Comrade In America). പേര് കൊണ്ട് ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമായി റിലീസിന് മുമ്പ് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും അത് മാത്രമല്ലാതെ പ്രണയവും കുടുംബകഥയും അഭയാർത്ഥി പ്രശ്നങ്ങളുമെല്ലാം വിഷയമാകുന്ന ഒരു ചിത്രമാണിത് .കോട്ടയത്തെ കേരള കോൺഗ്രസ്സ് നേതാവായ മാത്യുവിന്റെ മകനായ അജി മാത്യു ഇടതു പക്ഷ സഹയാത്രികനാണ്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും സജീവമായി പങ്കെടുക്കുന്ന അജി കോളേജ് വിദ്യാർത്ഥിനിയായ സാറ കുര്യനുമായി പ്രണയത്തിലാവുന്നു .യു എസിൽ സ്ഥിര താമസക്കാരിയായ സാറ ഒരു പ്രത്യേക സാഹചര്യത്തിൽ അമേരിക്കയിലേക്ക് പോകുമ്പോൾ അജി അവളെ കാണാനായി അങ്ങോട്ട് പോകാൻ തീരുമാനിക്കുന്നു .എന്നാൽ വിസ ലഭിക്കാനുള്ള സമയം ഇല്ലാത്തതിനാൽ നിക്കരാഗ്വ വഴി മെക്സിക്കൻ ബോർഡർ കടന്ന് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാൻ അജി നിർബന്ധിതനാകുന്നു .
▪രാഷ്ട്രീയവും കോളേജും കുടുംബ ബന്ധങ്ങളും മികച്ച കോമഡി രംഗങ്ങളും നിറഞ്ഞ ആദ്യ പകുതി ഗംഭീരമായിരുന്നു .അജി മാത്യു എന്ന എനർജറ്റിക് ആയ കഥാപാത്രമായി ദുൽക്കർ മികച്ച അഭിനയം കാഴ്ച വച്ചു .പ്രണയരംഗങ്ങളിലും അക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും എല്ലാം ഒരേ പോലെ തിളങ്ങാൻ അദ്ദേഹത്തിനായി .മാത്യു എന്ന അജിയുടെ അച്ഛനായി വരുന്ന സിദ്ദിഖ് മലയാള സിനിമയിൽ താൻ ഒരു അവിഭാജ്യ ഘടകമാണെന്ന് വീണ്ടും തെളിയിച്ചു .കിട്ടുന്ന ഏത് വേഷവും ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കുന്ന സിദ്ദിഖ് തന്നെയാണ് ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും .അജിയുടെ സുഹൃത്തുക്കളായ ഏര്യാ സെക്രട്ടറി ഹരിയായി വേഷമിട്ട ദിലീഷ് പോത്തനും ജോമോൻ എന്ന കഥാപാത്രമായി വന്ന സൗബിൻ താഹിറും മികച്ച കോമഡി രംഗങ്ങൾ സമ്മാനിച്ചു . സാറയെന്ന യു എസ് ബേസ്ഡ് വിദ്യാർത്ഥിനിയായി പുതുമുഖം കാർത്തിക മുരളീധരൻ തന്റെ വേഷം ഭംഗിയാക്കി . മൺമറഞ്ഞ കമ്മൂണിസ്റ്റ് ചിന്തകരുടെ വ്യത്യസ്തമായ പുനരാഷ്കാരം വളരെ രസകരമായിരുന്നു .എല്ലാം കൊണ്ടും ആദ്യ പകുതി വളരെ മികച്ച രീതിയിൽ തന്നെ അവസാനിച്ചു .
▪എന്നാൽ ചിത്രം രണ്ടാം പകുതിയിൽ പൂർണമായും ട്രാക്ക് മാറുന്നു .നിക്കരാഗ്വ വഴി മെക്സിക്കോയിൽ എത്തി അവിടന്ന് അമേരിക്കൻ ബോർഡർ കടക്കുന്ന പല രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘത്തിന്റെ ജീവൻ പണയം വെച്ചുള്ള യാത്രയാണ് രണ്ടാം പകുതിയിൽ .ഇത് വരെ മലയാള സിനിമകളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള  വിദേശ രാജ്യ ചിത്രീകരണമാണ്  ചിത്രത്തിൽ .എന്നാൽ ജോൺ വിജയ് അവതരിപ്പിച്ച ശ്രീലങ്കൻ ഡ്രൈവറുടെ കഥാപാത്രം ഒഴിച്ച് മറ്റ് കഥാപാത്രങ്ങളും അഭിനേതാക്കളും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. കഥാപാത്രങ്ങൾ ജീവൻ പോലും പണയം വെച്ച് അതീവ അപകടകരമായ  ഒരു യാത്ര ചെയ്യാൻ  ഉള്ള കാരണങ്ങൾ തികച്ചും പരിതാപകരമായിരുന്നു .( ഉദാഹരണത്തിന് സ്വാതന്ത്ര്യത്തിന്  വേണ്ടി മെക്സിക്കൻ ബോർഡർ കടക്കാൻ ശ്രമിക്കുന്ന ചൈനക്കാരൻ! ). 
▪അഭയാർത്ഥികൾക്കു വേണ്ടി സമർപ്പിച്ചിരിക്കുന്ന  ചിത്രത്തിന്റെ സംവിധായകൻ ‘അഭയാർത്ഥി’ എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്  എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. എങ്കിലും ക്ലീഷേ ഒഴിവാക്കിയ ക്ലൈമാക്സ് നന്നായി .

അമൽ നീരദിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് ചിത്രത്തിന് .പലപ്പോഴും ഇത് ഒരു അമൽ നീരദ് ചിത്രമാണോ എന്ന് സംശയം തോന്നിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒരു ചുവടുമാറ്റമായി കരുതാം .രാഷ്ട്രീയത്തിന്റെ സഖാവിൽ നിന്നും വ്യത്യസ്തമായി പ്രണയത്തിന്റെ സഖാവിന്റെ കഥയാണ് ചിത്രമെന്ന് പറയാം .ദുൽക്കറിന്റെ സ്ക്രീൻ പ്രസൻസും മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും നിറഞ്ഞ ഈ ചിത്രം അമിത പ്രതീക്ഷകളില്ലാതെ  സമീപിച്ചാൽ നിങ്ങളെ  നിരാശപ്പെടുത്തില്ല .

VERDICT : ABOVE AVERAGE ( Good First Half and Average Second Half )

©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · France · French · Slasher

124. HIGH TENSION (FRANCE/SLASHER THRILLER/2003)

124. HIGH TENSION (FRANCE/FRENCH/2003/ Slasher Horror Thriller/95 Min/Dir: Alexandre Aja/Stars: Cecile de France, Maiwenn, Philippe Nahon)

🔹SYNOPSIS 🔹

▪ഇരകളെ ക്രൂരമായി വേട്ടയാടുന്ന സൈക്കോ ക്രിമിനൽസിന്റെ കഥ പറയുന്ന ചിത്രങ്ങൾ വിദേശ ഭാഷകളിൽ ധാരാളമുണ്ട് .വയലൻസ് എത്രത്തോളം ചേർക്കാനാവുമോ അത്രയും ചേർക്കാൻ ഈ ചിത്രങ്ങളുടെ സംവിധായകർ മത്സരിക്കാറുമുണ്ട് . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഫ്രഞ്ച് സിനിമയായ High Tension( Haute Tension ). അമേരിക്കയിൽ Switchblade Romance എന്ന പേരിൽ റിലീസ് ചെയ്തപ്പോൾ NC-17 റേറ്റിംഗ് ഒഴിവാക്കി R റേറ്റിംഗ് കിട്ടുന്നതിന് വേണ്ടിത്തന്നെ ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റേണ്ടി വന്നു . 

▪വീക്കെൻഡ് ആഘോഷിക്കുന്നതിന് വേണ്ടി മേരി (Cecile de France) സുഹൃത്തായ അലക്സിന്റെ (Maiwenn) നഗരത്തിൽ നിന്നും അകന്ന ഒരു കൃഷിത്തോട്ടത്തിന് നടുവിലുള്ള വീട്ടിലെത്തുന്നു . എന്നാൽ അന്ന് രാത്രി എല്ലാവരും ഉറക്കമായതിന് ശേഷം ആ വീട്ടിലെത്തുന്ന ഭീകരനായ ഒരു കൊലയാളി (Philippe Nahon) അലക്സിന്റെ അച്ഛനമ്മമാരേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തുകയും അലക്സിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു .അയാളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന മേരി അലക്സിനെ രക്ഷപ്പെടുത്താനായി അയാളുടെ വാഹനത്തെ പിന്തുടരുന്നു .അതിക്രൂരനായ കൊലയാളിയിൽ നിന്നും അലക്സിനെ രക്ഷപെടുത്താൻ വേണ്ടി മേരി നടത്തുന്ന ജീവന്മരണ പോരാട്ടവും തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രം  പറയുന്നത് .

▪ഇത്തരം സിനിമകളിൽ ക്ലിഷെ ആയ കഥയാണെങ്കിലും അഭിനേതാക്കളുടെ  പെർഫോർമൻസും വയലൻസ് കോരി നിറച്ച വിട്ടുവീഴ്ചയില്ലാത്ത  സംവിധാനവും ചിത്രത്തെ വേറിട്ട് നിർത്തുന്നു .എന്നാൽ ചിത്രം പൂർണമായിക്കഴിയുമ്പോൾ പ്രേക്ഷകർക്ക് സ്വാഭാവികമായുണ്ടാവുന്ന നിരവധി സംശയങ്ങൾക്ക്  മറുപടി നല്കാനൊന്നും സംവിധായകൻ മെനക്കെടുന്നില്ല . അത് കൊണ്ട് തന്നെ  പ്രേക്ഷകന് പൂർണ തൃപ്തി നല്കാൻ ചിത്രത്തിന് കഴിയുന്നില്ല .എങ്കിലും സ്ലാഷർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ മാക്സിമവും  കൂടാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും സംവിധായകൻ ഒരുക്കിയിട്ടുണ്ട് .പൂർണമായ രൂപത്തിൽ കാണേണ്ടവർ Uncut വേർഷൻ തന്നെ തെരഞ്ഞെടുക്കുക . സിനിമകളിലെ  വയലൻസ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം എന്ന് പ്രത്യേകം ഓർക്കുക .

🔹VERDICT :  ABOVE AVERAGE (Extremely Violent​. Not For Weak Hearted)

©PRADEEP V K (AMAZING CINEMA

3.0 Star (Above Average) · Action · India · Malayalam · Thriller

119. THE GREAT FATHER (INDIA/ACTION THRILLER/2017)

119. THE GREAT FATHER ( INDIA/MALAYALAM/2017/Action Thriller/151 Min/Dir:Haneef Adeni/Stars: Mammootty , Anikha, Arya, Sneha )
🔹SYNOPSIS 🔹
▪ ഭാര്യ മിഷേലും ( സ്നേഹ) ഏകമകൾ സാറ (അനിഘ) യും അടങ്ങുന്നതാണ് ഡേവിഡ് നൈനാന്റെ (മമ്മൂട്ടി) കുടുംബം. ബിൽഡർ ആയ ഡേവിഡ് മകളുടെ ആഗ്രഹത്തിനനുസരിച്ച് വളരെ സ്റ്റൈലിഷ് ആയി ജീവിക്കുന്നയാളാണ് .സമാധാനം നിറഞ്ഞ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തം മൂവരുടേയും ജീവിതം മാറ്റിമറിക്കുന്നതും പിന്നീട് അവർ എങ്ങനെ അതിനെ നേരിടുന്നുവെന്നതുമാണ് ചിത്രത്തിന്റെ പ്രമേയം .
▪ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള അപകടകരമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് .കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും അതിനെ നേരിടാനുള്ള പോക്സോ നിയമവും സമൂഹവും പോലീസും മാധ്യമങ്ങളും ഏതൊക്കെ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിത്രം വിശകലനം ചെയ്യുന്നുണ്ട് .നിയമവ്യവസ്ഥയ്ക്ക് രാജ്യത്തെ പൗരന് സംരക്ഷണം നല്കാൻ കഴിയാതിരിക്കുമ്പോൾ വ്യക്തികൾ നിയമം കയ്യിലെടുക്കുന്ന സ്ഥിരം സിനിമാ ഫോർമുല തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് .മികച്ച തുടക്കത്തോടെ ആരംഭിച്ചെങ്കിലും ആദ്യ പകുതിയിലെ അനാവശ്യ ഗാനങ്ങളും നീണ്ടു പോകുന്ന വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന്റെ രസം കെടുത്തി .എന്നാൽ രണ്ടാം പകുതിയിൽ ചിത്രം ത്രില്ലർ മൂഡിലേക്ക് തിരിച്ചെത്തുകയും ആരാധകരെ തൃപ്തിപ്പെടുത്താനുള്ള നമ്പറുകളിലൂടെ വികസിച്ച് സാമാന്യം തൃപ്തികരമായ എങ്കിലും പ്രഡിക്റ്റബിൾ ആയ ക്ലൈമാക്സിൽ അവസാനിച്ചു .
▪മലയാളത്തിലെ സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രീറ്റ്മെൻറും സംവിധാന രീതിയും സ്വീകരിച്ചതിന് പുതുമുഖ സംവിധായകൻ ഹമീദ് അദേനിക്ക് അഭിനന്ദനങ്ങൾ .എന്നാൽ  ആദ്യവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചോ എന്ന് സംശയമാണ് .മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ഒരിടത്തും ദൃശ്വമായില്ലെങ്കിലും അദ്ദേഹത്തിന്റെ സ്റ്റൈലും സൗന്ദര്യവും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തെ സ്റ്റൈൽ ആയി അവതരിപ്പിക്കാനുള്ള ശ്രമം ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളുടേയും ആഴം കുറച്ചു എന്നതാണ് സത്യം .മകളുടെ വേഷം ചെയ്ത അനിഘ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു .ആര്യ അവതരിപ്പിച്ച   ഫ്രീക്കൻ പൊലീസ് വേഷം വ്യത്യസ്തത പുലർത്തിയെങ്കിലും ഡബ് ചെയ്ത തെലുങ്ക് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ഡയലോഗുകളും ലിപ്പ് സിങ്കിംഗിലെ അപാകതയും കല്ലുകടിയായി . മേക്കപ്പിലും വേഷവിധാനത്തിലും കാണിച്ച ശ്രദ്ധ അഭിനയത്തിൽ കാണിക്കുന്നതിൽ സ്നേഹ പരാജയപ്പെട്ടു . നായകന്റെ ഡയലോഗുകളെക്കാളും മിയ അവതരിപ്പിച്ച ഡോക്ടർ കഥാപാത്രത്തിന്റെ ഡയലോഗ് വളരെയധികം ശ്രദ്ദേയമായിത്തോന്നി.   ബാറ്റ്മാൻ ചിത്രങ്ങളിലെ ജോക്കറിനെ അനുസ്മരിപ്പിക്കുന്ന പ്രധാന വില്ലൻ കഥാപാത്രം മികവു പുലർത്തിയെങ്കിലും ക്ലൈമാക്സ് പ്രതീക്ഷയ്ക്കൊത്തുയർന്നില്ല .
▪ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും കാണുമ്പോൾ സംവിധായകൻ ധാരാളം കൊറിയൻ ചിത്രങ്ങൾ  കാണുന്നയാളാണ്  എന്ന് തോന്നുന്നു. നായകന്റെ സ്റ്റൈലിനേക്കാളും മാസ് ഡയലോഗുകളെക്കാളും മികച്ച അഭിനയ മുഹൂർത്തങ്ങളും ശക്തമായ തിരക്കഥയും വിട്ടുവീഴ്ചയില്ലാത്ത സംവിധാന രീതിയുമാണ് ഒരു സിനിമയെ പ്രേക്ഷകന്റെ ഉള്ളിൽ എക്കാലവും നിലനിർത്തുന്നതെന്ന സത്യവും കൂടി അത്തരം ചിത്രങ്ങളിൽ നിന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. എങ്കിലും മാസ് രംഗങ്ങൾ ചേർത്ത് സാമൂഹിക ശ്രദ്ധ പതിയേണ്ട ഒരു വിഷയം സൂപ്പർ താര പരിവേഷം കൂട്ടിക്കലർത്തി  പ്രേക്ഷകരെ പ്രത്യേകിച്ച് ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .  ട്രെയിലർ നല്കുന്ന ഹൈപ്പുകൾ ഒഴിവാക്കി വൻ പ്രതീക്ഷകളില്ലാതെ കണ്ടാൽ ഏവർക്കും ആസ്വദിക്കാനാവുന്ന  ഒരു ചിത്രം തന്നെയാണ് ഗ്രേറ്റ് ഫാദർ.
🔹RATING : 2.75/5
©PRADEEP V K

3.0 Star (Above Average) · Crime · India · Tamil · Thriller

111. KUTTRAM 23 (INDIA/CRIME THRILLER/2017)

🔹AMAZING CINEMA # 111

🔹KUTTRAM 23 (India/Tamil/2017/Crime Thriller/Dir: Arivazhagan/Stars: Arun Vijay, Mahima Nambiar)

🔹All of us love to watch crime thriller movies  which will keep us glued in to the seats till the end. Tamil film KUTTRAM 23 is a promising new entrant in that genre. 

🔹 SYNOPSIS  🔹

🔹  KUTTRAM 23 starts in a very conventional and age old way for a crime drama . Here we are forced to witness the cold blooded murder of a priest and the simultaneous disappearence of a pregnant girl . Then enters Vetrimaran (Arun Vijay) the energetic Assistant Commissioner of Police with a well made physique for handling both the cases. The murder has only one witness who is Thendral ( Mahima Nambiar ), a beautiful kindergarten school teacher to whom Vetrimaran has developed a soft corner. He started his enquiries with the help of his assistant played by Thambi Ramaiah in a rather usual way. Vetrimaran has some other reason for his serious involvement in this case. But against his calculations the murders doesn’t end there and the case lead him to some shocking discoveries. The rest of the movie shows how Vetrimaran finds the real culprits behind the murders using his own tactics against all the odds coming in his way.

🔹 ASSESSMENT 🔹

🔹 Arivazhagan proved his talent as a director by his debut film EERAM which was a  good unconventional horror Thriller . Here by this new film he doesn’t disappoint the viewers. He succeeded in making a decent crime thriller with a good support from technical department and actors. Arun Vijay is perfect as a vibrant Police officer and he excels in all his screen time and made a long lasting impression in viewers. This film is definitely a breakthrough in his career after his villain role in the film YENNAI ARINTHAL. Mahima Nambiar is good in her small  role and Thambi Ramaiah delivers his usual performance with good comedy timing. All other actors including Abhinaya, Vamsi Krishna and Aravind did their roles well.

🔹The film deals with a very serious matter which leads to some recent high profile news scandals. The first half of the movie doesn’t give the viewers  any clue about the actual happenings. But in the second half when all the mysteries are unveiled one by one the viewers may not be get completely satisfied. But the film is a good thriller with lot of high octane action sequences which will engage viewers to the movie completely. The movie has little number of songs and the love story between the lead pair is told in a very simple way without taking more screen time which was really a relief considering other Tamil movies of the same genre.

🔹On the downside the director seems to take a lot of cinematic liberties through out the course of the film which may be in order to satisfy all type of viewers. The actual reason behind the main villain’s behavior seems not at all completely convincing. Also I think the director forgot the depiction of hero as completely Invincible is an age old cliche in Indian Cinema. Viewers will definitely have some unanswered questions after watching the film but they can excuse such things considering the moral value of the story. But since we know all these are inherent to all Indian movies in the same genre, KUTTRAM 23 stands out as a decent crime thriller  with a relevant storyline. Watch it to find what is actually  the KUTTRAM 23 ( Crime 23) and what is the importance of the number 23 in the film.

 

🔹Rating : 3/5 ( A Racy Cop Thriller )

©PRADEEP V K

3.0 Star (Above Average) · Epic · India · Malayalam

110. VEERAM (INDIA/EPIC DRAMA/2017)

🔹AMAZING CINEMA #110

🔹VEERAM (India/Malayalam/Epic Drama/2017/Dir: Jayaraj/Starring: Kunal Kapoor, Divina Thakkoor)

🔹SYNOPSIS🔹

▪നവരസങ്ങളെ ആധാരമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഞ്ചാമത്തേതും അദ്ദേഹത്തിന്റെ തന്നെ ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കിയ ചിത്രങ്ങളിൽ മൂന്നാമത്തേതും ആണ് വീരം . ഈ ചിത്രത്തിൽ ജയരാജ് ഷേക്സ്പിയർ നാടകമായ മാക്ബത്തിന്റെ കഥയും വടക്കൻ പാട്ടുകളിലൂടെ ഏവർക്കും പരിചിതനായ ചന്തു ചേകവരുടേയും കഥകൾ തമ്മിൽ സമന്വയിപ്പിച്ചിരിക്കുന്നു . 35 കോടിയോളം മുതൽ മുടക്കി മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് വീരം എത്തിയിരിക്കുന്നത് .

▪പുത്തൂരം വീട്ടിലെ ആരോമൽ ചേകവരുടേയും മച്ചുനൻ ചന്തുവിന്റെയും കഥ എല്ലാവർക്കും അറിയാവുന്നതാണ് .ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ എം.ടി ചന്തുവിനെ നല്ലവനായ യോദ്ധാവായി ചിത്രീകരിച്ചുവെങ്കിലും യഥാർത്ഥ ചന്തു ചതിയൻ തന്നെയായിരുന്നു . ആ ചതിയൻ ചന്തുവിന്റെ കഥയാണ് വീരം . മികച്ച യോദ്ധാവായ ചന്തു ( കുനാൽ കപൂർ) രണ്ട് മന്ത്രവാദിനികളുടെ പ്രവചനങ്ങൾ കേൾക്കാനിടയാവുകയും അവയിൽ ചിലത് സംഭവിക്കുമ്പോൾ അവർ പറഞ്ഞതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നു .അരിങ്ങോടരുടെ അനന്തിരവളായ കുട്ടിമാളു (ദിവിന താക്കൂർ) വും പുത്തൂരം വീട്ടിലെ ആരോമൽ ചേകവരുടെ സഹോദരിയായ ഉണ്ണിയാർച്ച (ഹിമാർഷ വെങ്കിട സാമി) യുമാണ് ചന്തുവിന്റെ ജീവിതം മാറ്റിമറിക്കുന്ന രണ്ട് സ്ത്രീകൾ . ഉണ്ണിയാർച്ചയെ തനിക്ക് നഷ്ടപ്പെടാൻ കാരണക്കാരനായ ആരോമലിനോടുള്ള വിരോധവും കുട്ടിമാളുവിനോടുള്ള സ്നേഹവും മന്ത്രവാദിനികളുടെ പ്രവചനങ്ങളും ചന്തുവിനെ ചതിയൻ ആക്കി മാറ്റുന്നതും അതിന് ശേഷം അയാളും കുട്ടിമാളുവും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത് .

🔹CRITICISM 🔹

▪ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മികച്ച സ്പെഷൽ ഇഫക്സും കളരിപ്പയറ്റ് യുദ്ധരംഗങ്ങളുമാണ് .ഒരുപാട് പരാതികൾക്ക് ഇടം നല്കാതെ ടെക്നിക്കൽ രംഗങ്ങൾ വളരെ ഭംഗിയാക്കിയിട്ടുണ്ട് .ചിത്രത്തിലെ മൂന്ന് പ്രധാന പോരാട്ടരംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ .അതു പോലെ അജന്ത എല്ലോറ ഗുഹകളിൽ ചിത്രീകരിച്ച രംഗങ്ങളക്കം ലൊക്കേഷനുകൾ എല്ലാം മികച്ചു നിന്നു .കുനാൽ കപൂർ ചന്തുവിന്റെ വേഷം ഭംഗിയാക്കിയപ്പോൾ കുട്ടിമാളുവായി ദിവിന താക്കൂറും ആരോമലായി ശിവജിത്ത് നമ്പ്യാരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു .Jeff Rona യുടെ സംഗീതവും എസ്.കുമാറിന്റെ ഛായാഗ്രഹണവും Alan Poppleton ന്റെ ആക്ഷൻ കോറിയോഗ്രഫിയും Trefor Proud ന്റെ മേക്കപ്പും എല്ലാം  ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിന് മാറ്റ് കൂട്ടുന്നു .   ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ബോഡി ആർട്ട് നല്കിയിരിക്കുന്നത് വളരെ ശ്രദ്ദേയമാണ്. ഗാനങ്ങളൊന്നും ദൃശ്യവല്കരിച്ചിട്ടില്ലെങ്കിലും ടൈറ്റിൽ സോങ്ങ് ആയ ഇംഗ്ലീഷ് ഗാനം വളരെ മനോഹരമായിരുന്നു .എല്ലാം കൊണ്ടും മലയാളത്തിൽ വളരെ പുതുമയുള്ള ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ഈ ചിത്രം .

▪കേട്ടു പഴകിയ ഒരു കഥ സിനിമ ആക്കുമ്പോൾ ചിത്രത്തിന്റെ തിരക്കഥയാണ് ഏറ്റവും പ്രധാനം . വീരം കുറച്ച് പിന്നോട്ട് പോകുന്നത് അക്കാര്യത്തിലാണ് .102 മിനിട്ട് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ കഥാപാത്രങ്ങളെ പ്രേക്ഷകനിലേക്ക് പൂർണമായും അടുപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ് .മക്ബത്ത് എന്ന പേര് കേൾക്കുമ്പോൾ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഇർഫാൻ ഖാനും തബുവും പങ്കജ് കപൂറും തകർത്തഭിനയിച്ച MAQBOOL എന്ന ബ്രില്യന്റ് ആയ ഹിന്ദി ചിത്രമാണ് ആദ്യം ഓർമ വരുന്നത് . അതുപോലെ Michael Fassbender അഭിനയിച്ച് Justin Kurzel സംവിധാനം ചെയ്ത ഫ്രഞ്ച് – ബ്രിട്ടീഷ് ചിത്രവും മറക്കാനാവില്ല . ഇപ്പറഞ്ഞ ചിത്രങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും വടക്കൻ പാട്ടും മാക്ബത്തും തമ്മിൽ സംയോജിപ്പിച്ച് ഒരു മികച്ച ചിത്രമൊരുക്കാൻ ജയരാജിന് സാധിച്ചിട്ടുണ്ട് . എന്തുകൊണ്ടും മലയാള സിനിമയിലെ ഒരു നാഴികക്കല്ല് തന്നെയാണ് ഈ ചിത്രം .

🔹റേറ്റിംഗ് : 3/5 ( Technically Stunning Epic Drama )

🔹പിൻകുറിപ്പ് : 35 കോടി മുതൽ മുടക്കി ഒരു ചിത്രം എടുത്തിട്ട് അതിന്റെ പ്രൊമോഷന് വേണ്ടി കാര്യമായി ഒന്നും ചെയ്യാതിരിക്കുക എന്നത് വളരെ കഷ്ടമാണ്. ചിലപ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ചിത്രം ഇറങ്ങുന്നത് കൊണ്ടാവാം . ഈ ചിത്രം അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ ദയവായി മികച്ച ശബ്ദ ദൃശ്യ സൗകര്യങ്ങളുള്ള തിയേറ്ററിൽ തന്നെ പോയി കാണുക . കഥാപാത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങൾ മാത്രം അഭിനയിക്കുന്ന ഒരു ഫാൻസ് അസോസിയേഷനുകളും സപ്പോർട്ട് ചെയ്യാത്ത ഇത്തരം മികച്ച ചിത്രങ്ങൾ വിജയിക്കേണ്ടത് മലയാള സിനിമയുടെ വളർച്ചക്ക് ആവശ്യമാണെന്ന് ഓരോ സിനിമാ സ്നേഹിയും ഓർക്കുക .
©PRADEEP V K