3.5 Star (Good) · Psychological · Spain · Spanish · Thriller

251. THE INVISIBLE GUARDIAN (SPAIN/PSYCHOLOGICAL THRILLER/2017)

251. THE INVISIBLE GUARDIAN ( SPAIN / PSYCHOLOGICAL THRILLER / 2017 )

✓പ്രകൃതിമനോഹരമായ ആ കാടിനുള്ളിലെ നദിക്കരയിൽ അവർ കണ്ടത് ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു. കൗമാരക്കാരിയായ ഒരു പെൺകുട്ടി പൂർണ നഗ്നയായി മരിച്ച് കിടക്കുന്നു. മുഖത്തെ മേയ്ക്കപ്പ് എല്ലാം മായ്ച്ച് കളഞ്ഞ് മുടി നന്നായി കോതിയൊതുക്കിയ അവളുടെ കൈകൾ ഒരു പുരാതനമായ ചിത്രത്തിലെപ്പോലെ തോന്നിച്ചു.

✓കേസന്വേഷിക്കാനായി നിയോഗിക്കപ്പെട്ട അമേയ സലാസാർ എന്ന പോലീസ് ഉദ്യോഗസ്ഥ കുറച്ച് നാൾ മുമ്പ് നടന്ന മറ്റൊരു പെൺകുട്ടിയുടെ മരണം സമാനമായ രീതിയിലായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നതോടെ മരണങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആകാമെന്ന നിഗമനത്തിലെത്തുന്നു. എന്നാൽ ജനങ്ങളും മീഡിയയും ഈ കൊലപാതകങ്ങൾക്ക് പിന്നിൽ പലരും കണ്ടിട്ടുണ്ട് എന്നവകാശപ്പെടുന്ന കാടിന്റെ രക്ഷകനായി വിശ്വസിക്കപ്പെടുന്ന ബസാജ്വാൻ എന്ന നിഗൂഢശക്തി ആണെന്ന് വിശ്വസിക്കുന്നു. യാഥാർത്ഥ്യവും വിശ്വാസവും ഇടകലർന്ന ആ പ്രദേശത്ത് കാടിന്റെ വന്യതയിൽ ഒളിച്ചിരിക്കുന്ന കൊലപാതകി യഥാർത്ഥത്തിൽ ആരായിരിക്കും?

✓ഒരു മിസ്റ്ററി ചിത്രത്തിന്റെ മികവിന് പിന്നിൽ കഥ നടക്കുന്ന സ്ഥലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇവിടെ വളരെ നിഗൂഢമായ കഥയ്ക്ക് ചേർന്ന വിധത്തിലുള്ള ലൊക്കേഷനുകളും ചിത്രീകരണവും ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത തരത്തിലുള്ള മനോഹാരിത ഓരോ ഫ്രെയിമിലും കാണാം. പൊലീസ് അന്വേഷണവും ഫാന്റസിയും ഭംഗിയായി ഇടകലർത്തിയിരിക്കുന്നു. എന്നാൽ പ്രധാന കഥയ്ക്കുള്ളിൽ വരുന്ന ഫാന്റസി എലമെന്റ് കഥയുടെ റിയാലിറ്റി നഷ്ടപ്പെടുത്തുന്നുണ്ട് എന്നത് ഒരു ന്യൂനതയാണ്.

✓എല്ലാ നടീനടൻമാരും മികച്ച പെർഫോർമൻസ് കാഴ്ച വച്ചിരിക്കുന്ന ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ ലൊക്കേഷനുകളും സിനിമാറ്റോഗ്രഫിയും വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ ക്രിട്ടിക്സ് ചിത്രത്തെ വല്ലാതെ കയ്യൊഴിഞ്ഞുകളഞ്ഞു എന്നത് നിരാശാജനകമാണ്. എന്നെ സംബന്ധിച്ച് ചിത്രം വളരെ നല്ല ഒരനുഭവമാണ് പ്രദാനം ചെയ്തത്. ആദ്യവസാനം ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ആകാംഷയോടെയാണ് ചിത്രം കണ്ട് തീർത്തത്. നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ആസ്വദിക്കാനാഗ്രഹിക്കുന്നവരെ ഒരിക്കലും ഈ ചിത്രം നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്.

RATING : 3.5/5

ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

Advertisements
3.5 Star (Good) · Crime · Drama · Japan · Japanese

250. THE CRIMES THAT BIND (JAPAN/CRIME DRAMA/2018)

🔸ഒരു ഫ്ലാറ്റിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. ആദ്യ അന്വേഷണത്തിൽ ആ ഫ്ലാറ്റിന്റെ ഉടമയും ഏതാനും നാളുകളായി അപ്രത്യക്ഷനായിരിക്കുന്നതായി പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ കേസന്വേഷണത്തിൽ പുതിയതായെത്തിയ ഇൻസ്പെക്ടർ കാഗാ കാണാതായ വ്യക്തിയുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഒരു വസ്തു 16 വർഷം മുമ്പ് മരിച്ചു പോയ തന്റെ അമ്മയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നു. നിരവധി വർഷങ്ങളുടെ ഇടവേളകളിൽ നടന്ന സംഭവങ്ങൾ തമ്മിലുള്ള ലിങ്ക് കണ്ടെത്താനാവാതെ കുറ്റാന്വേഷകർ കുഴങ്ങുമ്പോൾ രഹസ്യങ്ങളുടെ താക്കോൽ ആരുടെ മനസ്സിന്റെ അഗാധതകളിലാവാം കുരുങ്ങിക്കിടക്കുന്നത്?

🔸THE CRIMES THAT BIND ( JAPAN / CRIME DRAMA / 2018 )

🔸ജാപ്പനീസ് കൊറിയൻ സിനിമകളിലെ ക്രൈം ഡ്രാമകൾക്ക് ഒരു പ്രത്യേക ശൈലി ഉണ്ട്. അതിക്രൂരരായ ക്രിമിനലുകളും നിസ്സഹായരായ ഇരകളും ഒന്നും ചെയ്യാനാവാത്ത പൊലീസും എല്ലാം അതിന് ഉദാഹരണമാണ്. അതിൽ നിന്ന് കുറച്ച് മാറി ഇവിടെ കേസന്വേഷണം അന്വേഷണോദ്യോഗസ്ഥന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ നിരവധി മികച്ച വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ കാണാം. ചിത്രത്തെ ഒരു ഇമോഷണൽ ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുത്താം. വളരെ മികച്ച രീതിയിൽ തുടങ്ങുന്ന ചിത്രത്തിൽ ഡയലോഗുകളുടെ അതിപ്രസരം കുറച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും തൃപ്തികരമായ ക്ലൈമാക്സ് തന്നെയായിരുന്നു. നിരവധി കഥാപാത്രങ്ങളും സബ് പ്ലോട്ടുകളും നിറഞ്ഞ ഈ ചിത്രം ശ്രദ്ധയോടെയുള്ള കാഴ്ച ആവശ്യപ്പെടുന്നുണ്ട്. ഇതേ പേരിൽ തന്നെയുള്ള ജാപ്പനീസ് നോവലിനെ ആധാരമാക്കിയുള്ള ഈ ചിത്രം അഭിനേതാക്കളുടെ മികച്ച പെർഫോർമൻസ് കൊണ്ടും ശ്രദ്ദേയമാണ്. ഏഷ്യൻ ക്രൈം ഡ്രാമ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ട് നോക്കാവുന്നതാണ്.

🔸RATING : 3.5/5

🔸Movie Review Post No.250
@ http://www.amazingcinemareviews.wordpress.com
🔸ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ https://t.me/AmazingCinema

©️ PRADEEP V K

3.5 Star (Good) · Psychological · Thai · Thailand · Thriller

242. SLICE (THAILAND/PSYCHOLOGICAL THRILLER/2009)

🔺 “ജീവിതം പലപ്പോഴും സമയത്തിലൂടെ സഞ്ചരിക്കുന്ന ഒരു ബൂമറാങ്ങ് പോലെയാണ്. ഒരിക്കൽ കൈയിൽ നിന്ന് പറന്ന് പോയി വർഷങ്ങൾ കഴിഞ്ഞ് മറ്റൊരു രൂപത്തിൽ തിരിച്ചെത്തുന്ന ബൂമറാങ്ങ്!”

🔸MOVIE : SLICE (2009)
🔸COUNTRY : THAILAND
🔸GENRE : PSYCHOLOGICAL THRILLER
🔸DIRECTION : KONGKIAT KHOMSIRI

🔻 സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തി അവരുടെ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുന്ന ഒരു സീരിയൽ കില്ലർ തായ്ലൻറ് പോലീസിന്റെ ഉറക്കം കെടുത്തുന്നു. കൊലപാതകിയെപ്പറ്റി ഒരു ക്ലൂവും ലഭിക്കാത്ത പോലീസ് അയാളെ കണ്ടെത്താൻ ജയിലിൽ കിടക്കുന്ന ഒരു ഗുണ്ടയുടെ സഹായം തേടുന്നു. കൊലപാതകിയുടെ മാനറിസങ്ങൾ മനസ്സിലാക്കുന്ന അയാളുടെ ഓർമ്മകൾ നിരവധി വർഷങ്ങൾ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്.

🔺 വളരെ മികച്ച ഒരു സസ്പെൻസ് ത്രില്ലർ ആണ് ഈ തായ് ചിത്രം. പഴുതുകളടച്ച തിരക്കഥയും അതിന് ചേർന്ന വിധത്തിലുള്ള വിട്ടുവീഴ്ചകളില്ലാത്ത ചിത്രീകരണവും കൂടി ചേർന്നപ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് അപ്രതീക്ഷിതമായ ഒരു സിനിമാനുഭവമാണ്. നായകന്റെ കൗമാരകാലവും സുഹൃദ്ബന്ധവും അവതരിപ്പിച്ചിരിക്കുന്നത് അതീവ ഹൃദ്യമായാണ്. കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെ പെർഫോർമൻസ് ഒന്നിനൊന്ന് മികച്ചു നിന്നു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും അറിയാൻ ശ്രമിക്കാതെ ധൈര്യമായി കാണുക. ഈ ചിത്രം നിങ്ങളെ ഞെട്ടിച്ചിരിക്കുമെന്ന് ഉറപ്പാണ്!

🔻RATING : 3.5/5 ( GOOD )

Movie Review Post No.242
@ http://www.amazingcinemareviews.wordpress.com
ചിത്രം ടെലഗ്രാമിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

3.5 Star (Good) · Drama · Korean · South Korea

241. THE BOW (SOUTH KOREA/DRAMA/2005)

🔺 “Strength and a beautiful sound like in the tautness of a bow. I want to live like this until the day I die”

🔸MOVIE : THE BOW (2005)
🔸COUNTRY : SOUTH KOREA
🔸GENRE : DRAMA
🔸DIRECTION : KIM KI DUK

🔻 കായലിന് നടുവിലെ ഒരു പഴയ ബോട്ട്, അതിൽ താമസിക്കുന്ന രണ്ട് പേർ. ഒരാൾ ഒരു അറുപത് വയസ്കാരനും മറ്റേത് ഒരു പതിനാറ്കാരി സുന്ദരിയും. ആ ബോട്ടിലെത്തിയതിന് ശേഷം ഇന്ന് വരെ പെൺകുട്ടി പുറം ലോകം കണ്ടിട്ടേയില്ല. ബോട്ടിൽ വല്ലപ്പോഴും മീൻ പിടിക്കാനായി എത്തുന്ന ആൾക്കാരെ മാത്രമേ അവൾ കണ്ടിട്ടുള്ളു. അവളെ ആരെങ്കിലും ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ അമ്പെയ്ത്തിൽ വിദഗ്ദ്ധനായ അയാളുടെ അമ്പുകളുടെ മൂർച്ച അവർ അറിഞ്ഞിരിക്കും. ആരാണ് അയാൾ? എന്തിനാണ് ആ പെൺകുട്ടിയെ അയാൾ ബോട്ടിൽ താമസിപ്പിച്ചിരിക്കുന്നത്? എന്താണ് അവർ തമ്മിലുള്ള ബന്ധം?

🔺 മുൻ ചിത്രങ്ങളിലെപ്പോലെ കിം കി ഡുക്ക് ഈ ചിത്രത്തിലും നമ്മെ വിസ്മയിപ്പിക്കുകയാണ്. തനിക്ക് മാത്രം സാധ്യമാവുന്ന ദൃശ്യങ്ങളിലൂടെ അതി വിചിത്രങ്ങളായ മനുഷ്യബന്ധങ്ങളിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. പ്രധാന കഥാപാത്രങ്ങൾ ചിത്രത്തിൽ സംസാരിക്കുന്നതേ ഇല്ല. എന്നാൽ സംഗീതത്തിലൂടെയും ദ്യശ്യങ്ങളുടെ മാസ്മരികതയിലൂടെയും അവർ നമ്മോട് സംവദിക്കുന്നു. കിം ചിത്രങ്ങളിലെ സ്ഥിരം ചേരുവയായ കടുത്ത വയലൻസോ സെക്സോ ഒന്നും ഈ ചിത്രത്തിലില്ല. കഥ അവസാനത്തേക്കടുക്കുമ്പോൾ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെ സത്യമെന്നോ തോന്നലെന്നോ തിരിച്ചറിയാനാവാത്ത കാഴ്ചകളാണ് മുന്നിൽ തെളിയുന്നത്. അല്ലെങ്കിലും മനുഷ്യ മനസ്സിലെ വികാര വിചാരങ്ങളുടെ തിരകൾ ആർക്കാണ് മുൻകൂട്ടി പ്രവചിക്കാനാവുക!

🔻RATING : 3.5/5 ( GOOD)

Movie Review Post No.241
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Australia · English · Thriller · Zombie

238. CARGO (AUSTRALIA/ ZOMBIE THRILLER/2017)

🔺 “മനുഷ്യജീവൻ അപകടത്തിലാക്കുന്ന രക്ഷപെടാനാവാത്ത ഒരവസ്ഥയിൽ പെട്ടു പോകുമ്പോൾ നാമോരോരുത്തരും എന്തിനാവും ശ്രമിക്കുക? സ്വന്തം ജീവൻ എങ്ങനെയും രക്ഷിച്ച് അവിടെ നിന്നും രക്ഷപെടാനോ അതോ സ്വജീവൻ പണയം വെച്ച് പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനോ?”

🔸MOVIE : CARGO (2017)
🔸COUNTRY : AUSTRALIA
🔸GENRE : ZOMBIE THRILLER
🔸DIRECTION : BEN HOWLING, YOLANDA RAMKE

🔻 ലോകമാകെ ഭീകരമായ ഒരു വൈറസിന്റെ പിടിയിലാണ്. ആ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനകം മനുഷ്യർ സോംബികളായി മാറും. അത്തരം ഒരവസ്ഥയിൽ പരസ്പരം തുണയായി ആൻഡിയും കേയും അവരുടെ കുഞ്ഞുമകൾ റോസിയും ഒരു ഹൗസ് ബോട്ടിൽ കഴിഞ്ഞുകൂടുന്നു. എന്നാൽ കൈവശമുള്ള ഭക്ഷണം തീരുന്നതോടെ മറ്റൊരു ബോട്ടിൽ നിന്ന് ഭക്ഷണം ശേഖരിക്കാൻ നിർബന്ധിതരാവുന്ന അവർക്ക് തങ്ങളെ കാത്തിരിക്കുന്ന ദുരന്തം മുൻകൂട്ടിക്കാണാനായില്ല. അതേ സമയം ഗോത്രവർഗക്കാരിയായ തൂമി എന്ന പെൺകുട്ടി സോംബി വൈറസ് ബാധിച്ച അച്ഛനെ സ്വന്തം ഗോത്രക്കാരിൽ നിന്നും രക്ഷിക്കാനുള്ള യാത്രയിലാണ്. ഇവർക്ക് രണ്ട് പേർക്കും സുരക്ഷിതമായി അപകടമില്ലാത്ത സ്ഥലത്ത് മറ്റ് മനുഷ്യരുടെ അടുത്ത് എത്താനാവുമോ എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

🔺 സാധാരണ സോംബി ചിത്രങ്ങളുടെ പശ്ചാത്തലം തന്നെയാണ് ഇവിടെയും. പക്ഷേ മറ്റ് ചിത്രങ്ങളിലെ അതിജീവനത്തെക്കാൾ മറ്റുള്ളവരെ രക്ഷിക്കാനാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ശ്രമിക്കുന്നത്. സാവധാനം ആരംഭിക്കുന്ന ചിത്രം കൈമാക്സിലേക്കടുക്കുമ്പോൾ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ടു തീർക്കാനാവില്ല. മാർട്ടിൻ ഫ്രീമാന്റെ ഗംഭീര പെർഫോർമൻസ് ചിത്രത്തിൽ കാണാം. ട്രെയിൻ ടു ബുസാൻ എന്ന കൊറിയൻ ചിത്രത്തിന് ശേഷം ഇമോഷണലി ഒരു പാട് പിടിച്ചിരുത്തിയ മറ്റൊരു സോംബി ചിത്രമാണ് കാർഗോ. സോംബി ചിത്രമാണെന്ന് കരുതി അനാവശ്യമായ ബ്ലഡ് ആൻഡ് ഗോർ രംഗങ്ങളൊന്നും ചിത്രത്തിലില്ല. നെറ്റ് ഫ്ലിക്സ് വഴി പുറത്തിറക്കിയ ഈ ചിത്രം ഏവർക്കും മികച്ച ഒരനുഭവം പ്രദാനം ചെയ്യുമെന്ന് ഉറപ്പാണ്.

🔸RATING : 3.5/5 (GOOD)

Movie Review Post No.238
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Australia · English · Science Fiction

237. UPGRADE (AUSTRALIA/SCIENCE FICTION/2018)

🔺 “മനുഷ്യനും മെഷീനുമായുള്ള അതിർവരമ്പ് യഥാർത്ഥത്തിൽ എവിടെയാണ്? മനുഷ്യന് മാത്രം സ്വന്തമായുള്ള സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവ് കൂടി മെഷീനിന് ലഭിച്ചാൽ ഇവരിൽ ആരാവും അന്തിമ വിജയി?”

🔸MOVIE : UPGRADE (2018)
🔸COUNTRY : AUSTRALIA/USA
🔸GENRE : SCIENCE FICTION
🔸DIRECTION : LEIGH WHANNEL

🔻 ലോകം സാങ്കേതികമായി വളരെയധികം വികസിച്ച് കഴിഞ്ഞ ഭാവികാലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ആക്സിഡൻറിൽ പെട്ട് കൈകാലുകൾ തളർന്ന് പോയ മെക്കാനിക്കായ ഗ്രേ മെഷീനുകളുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. ഒരു ദിവസം ഗ്രേയുടെ മുൻ കസ്റ്റമർ ആയിരുന്ന ഇറോൺ എന്ന എ.ഐ ഡെവലപ്പർ അദ്ദേഹത്തെ കാണാനെത്തുകയും താൻ നിർമ്മിച്ച പുതിയ ഒരു എ.ഐ ചിപ്പ് പരിചയപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യന്റെ തലച്ചോറിന് ചെയ്യാനാവുന്നതും അതിലധികവും കഴിവുകളുള്ള സ്റ്റെം എന്ന് വിളിക്കുന്ന ആ ചിപ്പിന് ഗ്രേയെ പഴയ അവസ്ഥയിൽ എത്തിക്കാൻ കഴിയുമെന്ന് ഇറോൺ അവകാശപ്പെടുന്നു. തന്റെ തലച്ചോറിന് പകരമായി സ്റ്റെം എന്ന എ.എ ചിപ്പിനെ ഉൾക്കൊള്ളാൻ ഗ്രേയുടെ ശരീരത്തിന് കഴിയുമോ?

🔺 ഒരു പാട് പ്രതീക്ഷകളൊന്നുമില്ലാതെ കണ്ട് തുടങ്ങുന്ന ചില ചിത്രങ്ങൾ ചിലപ്പോൾ നമ്മളെ ഞെട്ടിച്ചിരിക്കാം. അത്തരമൊരു ചിത്രമാണ് അപ്ഗ്രേഡ്. ബ്ലം ഹൗസ് പ്രൊഡക്ഷൻസിൽ നിന്നും ലെയ് വാനൽ സംവിധാനം ചെയ്ത ഈ ചിത്രം കണ്ട് തുടങ്ങുമ്പോൾ സോ പോലെ മറ്റൊരു ചിത്രം എന്നേ പ്രതീക്ഷിച്ചുള്ളു. പക്ഷേ അതൊന്നുമായിരുന്നില്ല ചിത്രം. പുതുമയുള്ള കഥയോടൊപ്പം നല്ല കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഈ ചിത്രം മികച്ച ട്വിസ്റ്റുകൾ കൊണ്ടും ശ്രദ്ദേയമാണ്. മനുഷ്യനും മെഷീനുമായുള്ള സംഘർഷങ്ങളുടെ കഥകൾ പണ്ട് മുതൽ നിരവധി ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും അതൊന്നും ഒട്ടും ബധിക്കാത്ത തരത്തിലാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്. ഗ്രേ ആയെത്തിയ ലോഗൻ മാർഷൽ ഗ്രീനിന്റെ പെർഫോർമൻസ് എടുത്ത് പറയാതെ വയ്യ. സയൻസ് ഫിക്ഷൻ, ആക്ഷൻ സിനിമാ പ്രേമികളെ ഉറപ്പായും തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

🔸RATING : 3.5/5 (GOOD)

Movie Review Post No.237
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · Drama · Fantasy · India · Malayalam

236. IBLIS (INDIA/FANTASY DRAMA/2018)

#Movies_Watched_From_Theatres_2018

🔺 “അപ്പൂപ്പാ, ഈ മരിച്ചവരൊക്കെ എവിടെയാ ജീവിക്കുന്നത്?”
“എടാ, അവരൊന്നും എങ്ങും പോയിട്ടില്ല… ഇവിടെ ഇതാ നമ്മുടെ കൂടെയുണ്ട്… ഈ സംസാരമെല്ലാം കേട്ടുകൊണ്ട്!”

🔸MOVIE : IBLIS (2018)
🔸COUNTRY : INDIA ( MALAYALAM )
🔸GENRE : FANTASY DRAMA
🔸DIRECTION : ROHITH V S
🔸THEATRE : YAMUNA THEATRE, ATTINGAL

🔸 PROLOGUE 🔸

🔺ശാപം കിട്ടിയത് പോലെ മനുഷ്യനും മൃഗങ്ങളും അകാലത്തിൽ മരിച്ചു വീഴുന്ന ആ നാട്ടുകാർക്ക് മരണം എന്നും ഒരാഘോഷമായിരുന്നു. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഓരോ മരണവും അവർ തിന്നും കുടിച്ചും ആഘോഷിച്ചു. അന്നാട്ടിലായിരുന്നു വൈശാഖനും അപ്പൂപ്പനും ബീവിയും ഫിദയും ജീവിച്ചിരുന്നത്. അതിനിടയിൽ എപ്പോഴോ മുളപൊട്ടിയ വൈശാഖന്റെയും ഫിദയുടെയും കുഞ്ഞു പ്രണയം അവിടെയാണ് പൂത്ത് തളിർത്തത്.

🔸 MOVIE SYNOPSIS 🔸

🔻 തന്റെ രണ്ടാം ചിത്രത്തിൽ ഫാന്റസിയുടെ ഒരു മായാലോകമാണ് രോഹിത് വി എസ് പ്രേക്ഷകർക്കായി തുറന്നിടുന്നത്. ഏവരും ഭയക്കുന്ന വെറുക്കുന്ന മരണത്തിന്റെ മനോഹരമായ മുഖമാണ് ഈ ചിത്രത്തിൽ നാം കാണുന്നത്. മരിച്ചവരുടെ ലോകത്തിന്റെ കഥ പലപ്പോഴും കഴിഞ്ഞ വർഷം ഓസ്കാർ നേടിയ കോകോ എന്ന അനിമേഷൻ ചിത്രത്തെ ഓർമിപ്പിച്ചു. മരണം മുൻപും നിരവധി മലയാള ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആദ്യഭാഗത്ത് തന്റെ ഭാവനയും പരീക്ഷണത്വരയും പ്രകടമാക്കാനുള്ള സംവിധായകന്റെ ബോധപൂർവ്വമായ ശ്രമങ്ങൾ ചിത്രത്തിൽ കാണാം. എന്നാൽ അവ ചില സമയങ്ങളിൽ ആസ്വാദനത്തിന് കല്ല്കടിയായി എന്നും പറയാതെ വയ്യ.

🔺വൈശാഖനായി ആസിഫ് അലി മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ഫിദയായി മഡോണ സെബാസ്റ്റ്യൻ ഒപ്പത്തിനൊപ്പം നിന്നു. ലാലും സിദ്ദിഖും പതിവുപോലെ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. സിനിമാറ്റോഗ്രഫിയും സംഗീതവും ചിത്രത്തിന്റെ ഫീൽ നിലനിർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചു. ഫാന്റസി ചിത്രമാണ് എന്ന ബോധത്തോടെ കണ്ടിരിക്കേണ്ട ചിത്രമാണിത് എന്ന കാര്യം ചിത്രം കാണാൻ പോകുന്നവരെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പുതുമയുള്ള ഇത്തരം പരീക്ഷണങ്ങൾ മലയാള സിനിമയ്ക്ക് ഒരു പുതുമുഖം സമ്മാനിക്കുമെന്നത് ആശാവഹമാകുമ്പോൾ തന്നെ ഇത്തരം ചിത്രങ്ങൾ ആസ്വദിക്കാനുള്ള പക്വത സാധാരണ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും കൈവന്നിട്ടില്ല എന്ന വിഷമകരമായ വസ്തുതയും ചിന്തനീയമാണ്.

🔸RATING : 3.5/5 (GOOD)

Trivia : ചിത്രം കണ്ട തിയേറ്ററിൽ അടുത്തിരുന്ന ചില ചെറുപ്പക്കാരുടെ പ്രതികരണങ്ങൾ വളരെ അരോചകമായിരുന്നു. സിനിമയെന്നാൽ വെറും സെന്റിമെൻസും ഒൺമാൻഷോയും മാസ് പരിവേഷവും മാത്രമാണെന്ന് വിശ്വസിക്കുന്ന അവരോട് വെറും പുച്ഛം മാത്രം!

Movie Review Post No.236
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K