4.0 Star (Very Good) · Drama · English · Italy

199. CALL ME BY YOUR NAME (ITALY/DRAMA/2017)

#Oscar2018MovieReviews
Post No. 12

🔰 “നിങ്ങൾ തമ്മിൽ അതി മനോഹരമായ ഒരു സുഹൃദ്ബന്ധമാണുള്ളത് .ചിലപ്പോൾ സുഹൃദ് ബന്ധത്തേക്കാളധികം. സത്യത്തിൽ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നുണ്ട്. മറ്റേതൊരു അച്ഛനാണെങ്കിലും സ്വന്തം കുട്ടികൾ ഇതെല്ലാം അവസാനിപ്പിച്ച് സ്വന്തം കാലിൽ നില്ക്കണമെന്ന് മാത്രമേ ആഗ്രഹിക്കൂ .പക്ഷേ ഞാൻ അങ്ങനെ ഒരച്ഛനല്ല. നിങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത മറ്റാരേക്കാളും എനിക്ക് നന്നായി മനസ്സിലാകും!”

🔰ചിത്രം : കാൾ മീ ബൈ യുവർ നെയിം CALL ME BY YOUR NAME (2017)
രാജ്യം : ഇറ്റലി
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, നടൻ , അഡാപ്റ്റഡ് സ്ക്രീൻ പ്ലേ, ഒറിജിനൽ സോങ്ങ്

🔰 കാലം 1983 ലെ സമ്മർ. പതിനേഴുകാരനായ ഏലിയോ കുടുംബത്തോടൊപ്പം ഇറ്റലിയിലെ ഒരു ഉൾഗ്രാമത്തിലെ വീട്ടിലാണ് താമസം. പുസ്തകവായനയും കാമുകിയോടൊത്തുള്ള കറക്കവുമൊക്കെയായി കഴിഞ്ഞിരുന്ന ഏലിയോയുടെ ജീവിതം മാറി മറിഞ്ഞത് അച്ഛന്റെ സ്റ്റുഡൻറായ ഒലിവർ ആ സമ്മർ ചെലവഴിക്കാൻ അവരുടെ വീട്ടിൽ എത്തിയതോടെയാണ് .ഒലിവറിന് താമസിക്കാൻ തന്റെ മുറി ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതിൽ ലേശം പരിഭവം ഉണ്ടായെങ്കിലും താമസിയാതെ അവർ വളരെ അടുത്ത കൂട്ടുകാരായി മാറി. ആ സുഹൃദ് ബന്ധം പ്രണയത്തിലേക്ക് വഴി മാറാൻ അധികം താമസമുണ്ടായില്ല. മാനസികമായും ശാരീരികമായും പരസ്പരം അടുക്കുന്ന അവർ തമ്മിലുള്ള മനോഹരമായ ആ പ്രണയബന്ധവും അത് ഇരുവരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ചിത്രം പറയുന്നത്.

🔰 ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജെയിംസ് ഐവറി തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ലൂക്ക ഗുവാഡാഗ്നിനോ ആണ്. കഥ വായിക്കുമ്പോൾ ഒരു സാധാരണ ഗേ സബ്ജക്റ്റ് എന്ന് തോന്നുമെങ്കിലും ഇത്തരം വിഷയം കൈകാര്യം ചെയ്യുന്ന മറ്റ് ചിത്രങ്ങളെക്കാളും വളരെയധികം പക്വതയോടെയാണ് സംവിധായകനും തിരക്കഥാകൃത്തും ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 1983 കാലഘട്ടം വിദഗ്ദ്ധമായി പുനരാവിഷ്കരിച്ചതിനൊപ്പം ഒരു പെയിന്റിംഗ് പോലെ മനോഹരമായാണ് ചിത്രത്തിന്റെ ഓരോ ഷോട്ടും അവതരിപ്പിച്ചിരിക്കുന്നത്.

🔰ഏലിയോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തിമോത്തി കലാമെറ്റിന് ചിത്രത്തിലെ അഭിനയം ഓസ്കാർ നോമിനേഷനും നേടിക്കൊടുത്തു. മൈക്കൽ സ്റ്റൂൾബർഗ് അനശ്വരമാക്കിയ എലീയോയുടെ അച്ഛനെപ്പോലെ ഒരച്ഛനെ കാട്ടാൻ ഏതൊരു ചെറുപ്പക്കാരനും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകും. ചിത്രത്തിന്റെ അവസാനം അച്ഛൻ മകനോട് പറയുന്ന കാര്യങ്ങൾ ഏതൊരു രക്ഷകർത്താവിന്റെയും കണ്ണ് തുറപ്പിക്കാൻ പോന്നതാണ്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുള്ള ഒത്തിരി പേർക്ക് ഒരു സാന്ത്വനമാകും ആ വാക്കുകൾ എന്നുറപ്പാണ്. ഒലിവറും ഏലിയോയും തമ്മിലുള്ള തീവ്ര പ്രണയത്തിന്റെ ദൃഷ്ടാന്തമായ ഈ സംഭാഷണം ഉദ്ധരിച്ചു കൊണ്ട് നിർത്തട്ടെ!
Oliver : “Look Me In The Face , Hold My Gaze And Call Me By Your Name!”
Elio : “Elio!”
Oliver : “Oliver!”

🔸റേറ്റിംഗ് : 4.25/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Drama · English · Period · USA

198. MUDBOUND (USA/PERIOD DRAMA/2017)

#Oscar2018MovieReviews
Post No. 11

🔰 “നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നു, സർ. ഞാൻ പിൻവാതിലിലൂടെ തന്നെയാണ് പോകേണ്ടത്. കാരണം ആർമിയിൽ ഞങ്ങളെ പിന്നിലാക്കാതെ എപ്പോഴും മുന്നിൽ നിർത്താൻ ഞങ്ങളുടെ കമാൻഡർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് എന്ത് പറ്റിയെന്ന് അറിയാമോ? ഞങ്ങൾ ശക്തി മുഴുവൻ ഉപയോഗിച്ച് യുദ്ധം ചെയ്ത് ആ ഹിറ്റ്ലറേയും കൂട്ടാളികളേയും തറ പറ്റിച്ചു. അതേ സമയം നിങ്ങൾ സുഖമായി, സുരക്ഷിതരായി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിൽ കഴിഞ്ഞു!”

🔰ചിത്രം : മഡ് ബൗണ്ട് MUDBOUND (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച സഹനടി, ഒറിജിനൽ സോങ്ങ്, അഡാപ്റ്റഡ് സ്ക്രീൻ പ്ലേ, സിനിമാറ്റോഗ്രഫി

🔰 രണ്ടാം ലോക മഹായുദ്ധകാലത്ത് മിസ്സിസ്സിപ്പിയിലെ ഒരു ഫാം ഓണർ ആയ വെള്ളക്കാരുടെ മക്കലൻ ഫാമിലിയുടേയും അവിടെ കൃഷിക്കാരായ കറുത്ത വർഗക്കാരുടെ ജാക്സൺ ഫാമിലിയുടേയും കഥയാണ് മഡ് ബൗണ്ട് എന്ന ചിത്രം പറയുന്നത്. ഹെൻറി മക്കലനും കുടുംബവും റേസിസം തലക്ക് പിടിച്ച അയാളുടെ അച്ഛനും ആയിരുന്നു ഫാം നടത്തിയിരുന്നത്. ഹെൻറിയുടെ സഹോദരനായ ജാമി അമേരിക്കൻ എയർഫോഴ്സ് പൈലറ്റ് അയിരുന്നു. അതേ സമയം ജാക്സൺ കുടുംബത്തിലെ മൂത്ത മകൻ റോൺസൽ അമേരിക്കൻ പട്ടാളത്തിലെ ടാങ്ക് കമാൻഡറും ആയിരുന്നു .യുദ്ധം അവസാനിച്ച് നാട്ടിലെത്തിയ രണ്ട് പേരും തമ്മിൽ സവിശേഷമായ ഒരു സൗഹൃദം ഉടലെടുക്കുന്നു. എന്നാൽ നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ച് കണ്ടിരുന്ന ജാമിയുടെ അച്ഛനും സുഹൃത്തുക്കൾക്കും അതൊട്ടും അംഗീകരിക്കാനാവുന്നില്ല. റോൺസലിനെയും കുടുംബത്തെയും ഏത് രീതിയിലും തകർക്കാൻ അവർ തക്കം പാർത്ത് കാത്തിരുന്നു.

🔰 ഹിലാരി ജോർഡന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ഡീ റീസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1945-50 കാലഘട്ടത്തിലെ മിസ്സിസ്സിപ്പി അതിവിദഗ്ദ്ധമായ ക്യാമറയിൽ പകർത്തിയിരിക്കുന്നത് റേച്ചൽ മോറിസൺ ആണ്. മികച്ച ക്യാമറയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചത് വഴി ആ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിക്കും റേച്ചൽ അർഹയായി. മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന പ്രകൃതിക്ഷോഭങ്ങൾ നടമാടുന്ന എപ്പോഴും ചളിയും രോഗങ്ങളും നിറഞ്ഞ ഭൂപ്രകൃതി സിനിമയിൽ അതീവ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്നു. മഹായുദ്ധത്തിൽ മരണത്തിന് മുമ്പിൽ പോലും പതറാതെ നിന്നവർ അതിലും വലിയ യുദ്ധം നേരിടേണ്ടി വന്നത് സ്വന്തം നാട്ടുകാരുടെ വർത്തവിവേചനത്തിന്റെ മുമ്പിലായത് ക്രൂരമായ ഒരു തമാശയായി തോന്നാം.

🔰റേസിസ്റ്റ് ആയ പാപ്പി മക്കലൻ എന്ന കഥാപാത്രത്തോട് തോന്നിയ വെറുപ്പ് ഈ അടുത്ത കാലത്ത് മറ്റൊരു കഥാപാത്രത്തോടും തോന്നിയിട്ടില്ല. അന്ന് ആ കാലഘട്ടത്തിൻ കറുത്ത വർഗക്കാർ അനുഭവിച്ച പീഡനങ്ങൾ ഇന്നും നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും സംഭവിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വലിയ പ്രതീക്ഷയില്ലാതെ കണ്ട് തുടങ്ങിയ ചിത്രം അദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തിയ അനുഭവമാണ് ഉണ്ടായത്. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ഈ ചിത്രത്തിന് ലഭിക്കാത്തതിൽ പരിഭവം തോന്നുന്നുണ്ട്. കാരണം ആ കാറ്റഗറിയിൽ ഇപ്പോഴുള്ള ചില ചിത്രങ്ങളെക്കാളും വളരെയധികം മികച്ചതാണ് ഈ ചിത്രം എന്നത് തന്നെ.

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Animation · Canada · Drama · English

197. THE BREADWINNER (CANADA/ANIMATED DRAMA/2017)

#Oscar2018MovieReviews
Post No. 10

🔰 “ഹിന്ദുക്കുഷ് മലനിരകളാൽ ചുറ്റപ്പെട്ട് വടക്കൻ മരുഭൂമികളുടെ കണ്ണെത്തും ദൂരത്ത് ചിതറിക്കിടക്കുന്നതാണ് നമ്മുടെ രാജ്യം. നൂറ്റാണ്ടുകൾക്ക് മുമ്പേ എഴുത്തുകാരും സംഗീതജ്ഞരും ശാസ്ത്രജ്ഞരും ധാരാളമുണ്ടായിരുന്ന ഈ നാട് ലോക രാജ്യങ്ങൾക്കിടയിൽ സവിശേഷ സ്ഥാനം നേടിയിരുന്നു. അലക്സാണ്ടറും ചെങ്കിസ് ഖാനുമടക്കം നിരവധി യോദ്ധാക്കളുടെ ആക്രമണങ്ങൾ അതിജീവിച്ച ഇവിടെ എല്ലാവരും സമാധാനത്തോടെ ജീവിച്ചു .കുട്ടികൾ സന്തോഷത്തോടെ കളിച്ച് രസിച്ച് സ്കൂളുകളിൽ പോയി. പെൺകുട്ടികൾ വലിയ സർവ്വകലാശാലകളിൽ പോയി പഠിച്ച് അത്മാഭിമാനത്തോടെ ജീവിച്ചു. എന്നാൽ ആഭ്യന്തര കലാപങ്ങളും തുടർന്ന് രക്ഷകരായി വന്ന താലിബാൻ ഭരണവും എല്ലാം തകർത്തെറിഞ്ഞു. സ്ത്രീകൾക്ക് പുരുഷൻമാരോടൊപ്പമല്ലാതെ പുറത്തിറങ്ങാൻ വയ്യാതായി. ശരീരം മുഴുവൻ മറയ്ക്കുന്ന ബുർഖ ധരിക്കാൻ അവർ നിർബന്ധിതരായി. വായിക്കാനോ എഴുതാനോ അവകാശമില്ലാതായി. അതിനെ എതിർക്കുന്നവരെ ശരീയത്ത് നിയമപ്രകാരം ക്രൂരമായ ശിക്ഷകൾക്ക് വിധേയരാക്കി. ഒരു കാലത്ത് സാംസ്കാരികമായും സാമ്പത്തികമായും ഉയർന്ന നിലവാരത്തിലുണ്ടായിരുന്ന നമ്മുടെ സ്വന്തം അഫ്ഗാനിസ്ഥാൻ ഇന്ന് അനീതിയുടേയും ക്രൂരതയുടേയും ക്ഷാമത്തിന്റെയും കെടുകാര്യസ്ഥതയുടേയും വിളനിലമായി. സംഗീതം അലയടിച്ചിരുന്ന അഫ്ഗാൻ തെരുവുകൾ വെടിയൊച്ചകളും ബോംബ് സ്ഫോടനങ്ങളും നിലവിളികളും കൊണ്ട് നിറഞ്ഞു!”

🔰ചിത്രം : ദി ബ്രഡ് വിന്നർ THE BREADWINNER (2017)
രാജ്യം : കാനഡ, അയർലൻഡ്
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച അനിമേഷൻ ഫീച്ചർ ഫിലിം

🔰 താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലാണ് പർവാണ കുടുംബത്തോടൊപ്പം കഴിയുന്നത്. യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട അധ്യാപകനായിരുന്ന അച്ഛൻ വീട്ടിൽ ബാക്കിയുള്ള വിലപിടിച്ച വസ്തുക്കൾ വിറ്റും മറ്റുള്ളവർക്ക് കത്തുകൾ വായിച്ചും എഴുതിയും കൊടുത്തുമാണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. താലിബാന്റെ കർശന നിയന്ത്രണമുള്ളതിനാൻ സ്ത്രീകൾക്ക് ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനോ പഠിക്കാനോ ഒന്നും അവകാശമുണ്ടായിരുന്നില്ല. ധാരാളം വായിക്കുന്ന അച്ഛൻ പർവാണയ്ക്ക് അഫ്ഗാന്റെ സമ്പുഷ്ടമായ സമാധാനം നിറഞ്ഞ പൂർവ്വകാല കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാൽ സ്ത്രീകൾക്ക് പഠിക്കാൻ അവസരമൊരുക്കി എന്ന കാരണം പറഞ്ഞ് താലിബാൻകാർ അദ്ദേഹത്തെ പിടികൂടി ജയിലിലടക്കുന്നതോടെ പർവാണയുടേയും കുടുംബത്തിന്റെയും ജീവിതം അപകടത്തിലാവുന്നു. പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ വയ്യാത്ത ആ രാജ്യത്ത് തന്റെയും കുടുംബത്തിന്റെയും ജീവൻ നിലനിർത്താൻ വേണ്ടി പർവാണയുടെ മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. ഒരു ആൺ കുട്ടിയായി വേഷം മാറുക!

🔰 ഒരു അനിമേഷൻ ചിത്രത്തിന് പല പരിമിതികളും ഉണ്ടെന്ന് കരുതുന്നവർ ഉണ്ടാകാം. (ജാപ്പനീസ് അനിമേഷൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർ അതിൽ വരില്ല എന്നുറപ്പുണ്ട്) . ദി ബ്രഡ് വിന്നർ എന്ന അനിമേഷൻ ചിത്രം സാധാരണ കണ്ട് വരുന്ന അനിമേഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന്റെ കീഴിൽ ജീവിക്കേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. ഫാന്റസിയും യാഥാർത്ഥ്യവും കൂട്ടിക്കലർന്ന് പോകുന്ന ഈ ചിത്രം പ്രശസ്ത അയർലാൻഡ് അനിമേഷൻ സ്റ്റുഡിയോ ആയ കാർട്ടൂൺ സലൂണിന്റെ മൂന്നാമത്തെ ഫീച്ചർ ഫിലിം സംരംഭമാണ്. അവരുടെ മൂന്ന് സിനിമകൾക്കും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ദേയമാണ്.

🔰 ഡെബോറ എല്ലിസിന്റെ ഇതേ പേരിലുള്ള നോവൽ സിനിമയായി സംവിധാനം ചെയ്തത് നോറ ടവോമി ആണ്. ആൻജലീന ജോളി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രം ലോക മനസാക്ഷിയെ അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കാൻ പര്യാപ്തമാണ്. ഒരു കാലത്ത് സമ്പുഷ്ടമായിരുന്ന ഒരു രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പർവാണ എന്ന കഥാപാത്രത്തിലൂടെ വളരെ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പർവാണയുടെ വാക്കുകൾ തന്നെ കടമെടുത്തു കൊണ്ട് നിർത്തുന്നു.

“നിങ്ങളുടെ വാക്കുകളാണ് ഉയരേണ്ടത്, ശബ്ദമല്ല. ചെടികളിൽ മനോഹരമായ പൂക്കൾ വിരിയുന്നത് സാവധാനമുള്ള മഴ മൂലമാണ്, അല്ലാതെ പൊട്ടിത്തെറിക്കുന്ന ഇടിമിന്നൽ മൂലമല്ല എന്നോർക്കുക!”

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · English · Horror · Thriller · USA

194. GET OUT (USA/HORROR THRILLER/2017)

#Oscar2018MovieReviews
Post No. 7

🔰 ചായക്കപ്പിൽ സ്പൂൺ കൊണ്ട് മുട്ടുമ്പോഴുള്ള ആ ശബ്ദം ചെവിയിൽ മുഴങ്ങിയപ്പോൾ എന്തായിരുന്നു എനിക്ക് സംഭവിച്ചത്? നിലയറിയാത്ത ഒരു കയത്തിലേക്ക് ഞാൻ മുങ്ങിത്താഴുകയായിരുന്നു. എന്റെ ശരീരം അവിടെ സെറ്റിയിൽ മിസ്സിയുടെ മുൻപിൽ ഇരിക്കുന്നത് എനിക്ക് കാണാം. പക്ഷേ ഒന്നനങ്ങാനോ ശബ്ദിക്കാനോ ആവാതെ ഭൂമിക്കടിയിലേക്ക് ഞാൻ താഴ്ന്ന് പോകുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഞാൻ എന്നോ മറന്ന ഓർമയുടെ തുരുത്തുകൾ ഇപ്പോൾ എനിക്ക് വ്യക്തമായി കാണാം. എന്താണ് എനിക്ക് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?

🔰ചിത്രം : ഗെറ്റ് ഔട്ട് GET OUT (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, സംവിധായകൻ, നടൻ, ഒറിജിനൽ സ്ക്രീൻ പ്ലേ

🔰 കറുത്ത വർഗക്കാരനായ ക്രിസ് എന്ന ഫോട്ടോഗ്രാഫർ വെളുത്ത വർഗക്കാരിയായ റോസുമായി പ്രണയത്തിലാണ്. റോസിന്റെ നിർബന്ധത്തിന് വഴങ്ങി അവർ ഉൾഗ്രാമത്തിലുള്ള റോസിന്റെ വീട്ടിലേക്ക് പോകുകയാണ്. അവിടെ ന്യൂറോജിസ്റ്റ് ആയ റോസിന്റെ അച്ഛനും ഹിപ്നോട്ടിസ്റ്റ് ആയ അമ്മയും അവരെ സ്നേഹപൂർവം സ്വീകരിക്കുന്നു .എന്നാൽ ക്രിസിന് റോസിന്റെ വീട്ടിലുള്ളവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വാഭാവികതകൾ ഉള്ളതായി അനുഭവപ്പെടുന്നു. അവരുടെ വീട്ടിലെ ജോലിക്കാരെല്ലാവരും കറുത്ത വർഗക്കാരാണ് എന്നതിന് പുറമേ മറ്റ് ബന്ധുക്കളിൽ പലരുടേയും കൂടെ കറുത്ത വർഗക്കാരായ ഇണകളും ഉണ്ടായിരുന്നു. പുറമെ നോർമൽ എന്ന് തോന്നുന്ന ആ വീടും വീട്ടുകാരും എന്തെങ്കിലും രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടോ?

🔰 സാധാരണ ഹൊറർ ത്രില്ലർ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ജോർഡൻ പീലി തന്റെ ആദ്യ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സാമൂഹികമായി റെലവെന്റ് ആയ ചില വിഷയങ്ങൾ വളരെ എൻഗേജിംഗ് ആയ ഒരു ത്രില്ലർ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പഴുതുകളില്ലാത്ത തിരക്കഥയോടൊപ്പം ത്രില്ലിംഗ് ആയ ബി ജി എമ്മും ഡാനിയേൽ കലൂയയുടെ മികച്ച പെർഫോർമൻസും ചിത്രത്തിന് ശക്തി പകരുന്നു. പ്രെഡിക്റ്റബിൾ ആയ ക്ലൈമാക്സ് മാത്രമാണ് ഒരു ന്യൂനതയായി തോന്നിയത്. മികച്ച ചിത്രം, സംവിധായകൻ, നടൻ , ഒറിജിനൽ സ്ക്രീൻ പ്ലേ എന്നിങ്ങനെ നാല് ഓസ്കാർ നോമിനേഷനുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

🔸റേറ്റിംഗ് : 3.75/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · Arabic · Drama · Lebanon

193. THE INSULT (LEBANON/DRAMA/2017)

#Oscar2018MovieReviews
Post No. 5

🔰 “I wish Ariel Sharon had wiped all of you out!”
ടോണിയുടെ നാവിൽ നിന്നുതിർന്ന അപ്രതീക്ഷിതമായ ആ വാക്കുകൾ യാസറിന്റെ സമനില തെറ്റിച്ചു. ടോണി അവിടത്തെ ഭൂരിപക്ഷമായ ലെബനീസ് ക്രിസ്റ്റ്യൻ വിഭാഗക്കാരനാണെന്നും താൻ അവിടെ അനധികൃതമായി കുടിയേറിപ്പാർത്ത പാലസ്തീൻ മുസ്ലീം ആണെന്നുമൊക്കെ മറന്ന യാസറിന്റെ കൈ അടുത്ത നിമിഷം ടോണിയുടെ വാരിയെല്ലിൽ തന്നെ പതിച്ചു!

🔰ചിത്രം : ദി ഇൻസൾട്ട് THE INSULT (2017)
രാജ്യം : ലെബനൺ
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 കാർ മെക്കാനിക്കായ ടോണിയുടെ വീടിനു മുന്നിലെ റോഡിൽ യാസർ സൂപ്പർവൈസറായ കൺസ്ട്രക്ഷൻ കമ്പനി നടത്തിയ ചില വർക്കുകളാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. ടോണിയുടെ വീടിൽ നിന്നും റോഡിലേക്ക് വച്ചിരുന്ന വേസ്റ്റ് വാട്ടർ പൈപ്പ് മാറ്റി വയ്ക്കാൻ യാസർ തുനിഞ്ഞത് മുൻകോപക്കാരനായ ടോണിയെ പ്രകോപിപ്പിച്ചു. വാക്കുതർക്കത്തിനൊടുവിൽ പരസ്പരം പറഞ്ഞ വാക്കുകൾ രണ്ട് പേരെയും ഇൻസൾട്ട് ചെയ്യുന്നതായിരുന്നു. ഒരു ഒത്തുതീർപ്പിനും വഴങ്ങാത്ത ടോണിയുടെ പിടിവാശി വിഷയം കോടതിയിലെത്തിച്ചു. അതോടെ ജനങ്ങളും മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയും രണ്ട് പക്ഷത്തും ശക്തരായ വക്കീലൻമാർ രംഗത്തെത്തുകയും ചെയ്യുന്നതോടെ രണ്ട് വ്യക്തികൾ തമ്മിലുണ്ടായ ചെറിയൊരു വാക്കു തർക്കം ഒരു രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന രീതിയിലെത്തുകയും ചെയ്യുന്നു.

🔰 ആഭ്യന്തര യുദ്ധങ്ങളും ഇസ്രയേലിന്റെ കടന്നുകയറ്റവും മൂലം നിരവധി വർഷങ്ങൾ ദുരിതമനുഭവിച്ചവരാണ് ലബനീസ് ജനത. ഏരിയൽ ഷാരോൺ ഇസ്രയേൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഇസ്രയേലിന്റെ സഹായത്തോടെ നടന്ന ലബനൺ യുദ്ധത്തിൽ ആയിരക്കണക്കിന് പലസ്തീനികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ടോണിയും യാസറും കൊടിയ ദുരിതമനുഭവിച്ച രണ്ട് സമൂഹങ്ങളുടെ പ്രതിനിധികളാണ്. തങ്ങളുടെ മുൻഗാമികൾ ചെയ്ത ക്രൂരതകൾ മനസ്സിൽ കുത്തിക്കയറുന്ന മുള്ളുകളായി ഇരുവരുടേയും ഉള്ളിലുണ്ട്. അത് സമർത്ഥമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും പൂർണമായി വിജയിച്ചിട്ടുണ്ട്.

🔰 ചിത്രത്തിന്റെ കഥ നടക്കുന്നത് ലെബനിൽ ആണെങ്കിലും ലോകത്തെവിടെയും നടക്കാവുന്ന ഒരു വിഷയമാണ് അത് പ്രതിനിധാനം ചെയ്യുന്നത് . ഉദാഹരണത്തിന് കഥ ശ്രീലങ്കയിലേക്ക് പറിച്ചു നട്ടാൽ സിംഹളനും തമിഴനും ആവാം പ്രധാന കഥാപാത്രങ്ങൾ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ദേയമായ ചിത്രം 2018 ഓസ്കാറിൽ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷൻ നേടുക വഴി ആ ബഹുമതി നേടുന്ന ആദ്യ ലബനീസ് ചിത്രവുമായി .

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Drama · Russia · Russian

190. LOVELESS (RUSSIA/DRAMA/2017)

#Oscar2018MovieReviews
Post No. 3

🔰 വ്യക്തി ബന്ധങ്ങളെയും കുടുംബാംഗങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ്? അത് സ്നേഹമല്ലാതെ മറ്റൊന്നുമല്ല. അച്ഛനമ്മമാർക്ക് മക്കളോടും തിരിച്ചുമുള്ള സ്നേഹം, ഭാര്യാഭർത്താക്കൻമാരും കാമുകീകാമുകൻമാരുമായുള്ള സ്നേഹം. എന്നാൽ സ്നേഹ ശൂന്യമായ അഡ്ജസ്റ്റ്മെന്റിന് വേണ്ടി മാത്രം നിലനില്ക്കുന്ന ഒരു കുടുംബത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ.അത്തരമൊരു കുടുംബമാണ് 12 കാരനായ അലോഷ്യയുടേത്.

🔰ചിത്രം : ലൗ ലെസ്സ് (LOVELESS) (2017)
രാജ്യം : റഷ്യ
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰അച്ഛനും അമ്മയ്ക്കും അലോഷ്യ ഒരു ബാധ്യതയാണ്. അവന്റെ അപ്രതീക്ഷിത ജനനം മൂലം ചെറുപ്പത്തിൽ വിവാഹിതയാകേണ്ടി വന്നതിന് അവന്റെ അമ്മ അവനയാണ് പഴിക്കുന്നത്. ഇന്ന് അച്ഛനും അമ്മയ്ക്കും വേറെ കമിതാക്കളുണ്ട്. എങ്ങനെയെങ്കിലും വിവാഹബന്ധം വേർപെടുത്തി പ്രണയിതാക്കളോടൊപ്പം പോകണമെന്നാണ് രണ്ട് പേരും ആഗ്രഹിക്കുന്നത്. എന്നാൽ അലോഷ്യയെ രണ്ട് പേർക്കും വേണ്ട. അച്ഛനമ്മമാർ തമ്മിൽ പൊരിഞ്ഞ വഴക്ക് നടന്ന ഒരു ദിവസത്തിന്റെ പിറ്റേന്ന് അവൻ അപ്രത്യക്ഷനാകുന്നു. എവിടെയാണ് അവൻ പോയത്? സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ ആരെങ്കിലും അവനെ തട്ടിക്കൊണ്ട് പോയതാണോ?

🔰 റഷ്യയിൽ മാത്രമല്ല നമ്മുടെ നാട്ടിലടക്കം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു വിഷയത്തിന്റെ തീവ്രമായ ആവിഷ്കരണമാണ് ഈ ചിത്രം .ദമ്പതികൾ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളിൽ എന്നും വേദന അനുഭവിക്കുന്നത് കുട്ടികൾ തന്നെയാണ്. അച്ഛനുമമ്മയും തമ്മിൽ വഴക്കിടുമ്പോൾ ഭയന്ന് വിറച്ച് മുറിക്കകത്തിരുന്ന് പൊട്ടിക്കരയുന്ന കുഞ്ഞ് അലോഷ്യയുടെ കാഴ്ച നമ്മുടെ മനസ്സ് നൊമ്പരപ്പെടുത്തും. അതു പോലെ അലോഷ്യമാർ നമ്മിൽ പലരുടേയും വീടുകളിൽ ഉണ്ടെന്ന സത്യം കൂടി മനസ്സിലാക്കുമ്പോഴാണ് അതിന്റെ ഭീകരത വെളിപ്പെടുന്നത്.

🔰 ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. അത് തന്നെയാണ് സംവിധായകൻ ഉദ്ദേശിക്കുന്നതും. വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കുട്ടികളെ കാണാതാവുമ്പോൾ പത്രങ്ങളിലും റോഡരുകിലെ പോസ്റ്റുകളിലും ‘കാണാതായി’ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് മുഖങ്ങൾ തമ്മിൽ അദ്ഭുതം സൃഷ്ടിക്കാതാവുമ്പോൾ നാമും സ്നേഹ ശൂന്യമായ ഒരു സമൂഹത്തിന്റെ ഭാഗമായി മാറുകയാണെന്നോർക്കുക!

🔸റേറ്റിംഗ് : 4/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · Chile · Drama · Spanish

189. A FANTASTIC WOMAN (CHILE/DRAMA/2017)

#Oscar2018MovieReviews
Post : 2

🔰 സാധാരണ സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് മാരിനയ്ക്കുള്ളത്? സമൂഹം ഉത്തമയായ സ്ത്രീ എന്ന് അംഗീകരിക്കാൻ വിസമ്മതിക്കാൻ കാരണമായ ആ ഘടകം അവളെ കൂടുതൽ പൂർണയായ ഒരു സ്ത്രീ ആയി മാറ്റുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്?

🔰ചിത്രം : എ ഫന്റാസ്റ്റിക് വുമൺ (2017)

രാജ്യം : ചിലി
‎ഓസ്കാർ നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰മാരിന എന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ ഹോട്ടൽ വെയിട്രസ്സ് വിവാഹിതനും തന്നേക്കാൾ 30 വയസ്സ് പ്രായക്കൂടുതലുള്ളവനുമായ ഓർലാൻഡോയുമായി പ്രണയത്തിലാണ്. മാരിനയുടെ പിറന്നാൾ ദിവസം രാത്രി ആഘോഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ഓർലാൻഡോ പെട്ടെന്ന് രോഗബാധിതനായി മരണപ്പെടുന്നു. അതോടെ സമൂഹത്തിനും ഓർലാൻഡോയുടെ കുടുംബത്തിനും മുന്നിൽ മാരിന സംശയമുനയിലാവുന്നു.

🔰തന്റെ യഥാർത്ഥ വ്യക്തിത്വം സമൂഹത്തിന് മുന്നിൽ അടിയറവ് വയ്ക്കാതെ താൻ എന്നാൽ ഈ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് മാരിന. അത് ബധിരകർണങ്ങളിലാണ് കേൾക്കുന്നതെങ്കിലും അതിന്റെ അലയൊലികൾ പെട്ടെന്ന് അടങ്ങാൻ കൂട്ടാക്കുന്നില്ല എന്നിടത്താണ് മാരിനയുടെ വിജയം. നമ്മുടെ സമൂഹത്തിൻ എന്നും അവഗണത മാത്രം നേരിടുന്ന ഒരു വിഭാഗം, അതും അടുത്ത കാലം വരെ അങ്ങനെ ചിലർ നമുക്കിടയിലുണ്ടെന്ന് അംഗീകരിക്കാൻ പോലും നമ്മിൽ പലരും വിസമ്മതിച്ചിരുന്ന ഒരു വിഭാഗം, അവരിൽ ഒരാളുടെ ശക്തമായ ചെറുത്തുനില്പിൻെറ കഥയാണ് എ ഫന്റാസ്റ്റിക് വുമൺ എന്ന ഈ ചിലിയൻ ചിത്രം.

🔰മാരിനമാർ ഉയർത്തെഴുന്നേല്ക്കുക തന്നെ വേണം .പൊതുസമൂഹത്തിന്റെ നിലപാടുകൾക്കനുസരിച്ച് അവരുടെ വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് ചവിട്ടിത്തേക്കപ്പെടാനുള്ളതല്ല നിങ്ങളുടെ ജീവിതം. വിശ്വാസങ്ങളുടെ ചട്ടക്കൂടുകൾ വലിച്ചെറിഞ്ഞ് സ്വന്തം വ്യക്തിത്വം ധൈര്യപൂർവ്വം വിളിച്ച് പറഞ്ഞ് കൊണ്ട് മാരിന ചവിട്ടിക്കയറിയത് വെറുമൊരു കാറിന് മുകളിലല്ല , ഓരോരുത്തരും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്ന സദാചാര സമൂഹത്തിന്റെ ധാർഷ്ട്യത്തിന് മുകളിലാണ്!

🔸റേറ്റിംഗ് : 3.75/5

©️ PRADEEP V K

Advertisements