4.5 Star (Brilliant) · Adventure · Animation · English · Fantasy · USA

200. COCO (USA/ANIMATED FANTASY ADVENTURE/2017)

#Oscar2018MovieReviews
Post No. 14

🔰 “ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല… കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!”

🔰ചിത്രം : കോകോ COCO (2017)
രാജ്യം : യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച അനിമേറ്റഡ് ഫീച്ചർ ചിത്രം, ഒറിജിനൽ സോങ്ങ്

🔰 തലമുറകൾക്ക് മുമ്പ് മെക്സിക്കോയിലെ ഒരു സംഗീതജ്ഞൻ തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടി ഭാര്യയേയും മൂന്ന് വയസ്സുള്ള മകളെയും ഉപേക്ഷിച്ച് യാത്രയാവുന്നു. അതോടെ അയാളുടെ ഭാര്യ സംഗീതത്തെ വീടിന് പുറത്താക്കി ഷൂ ബിസിനസ് ആരംഭിക്കുന്നു. വളരെ പ്രശസ്തരായ ഷൂ മേക്കേഴ്സ് ആയ ആ ഫാമിലിയിലെ ഇപ്പോഴത്തെ സന്താനമാണ് പന്ത്രണ്ട്കാരനായ മിഖേൽ. എന്നാൽ ഷൂ നിർമ്മാണത്തേക്കാളുപരി ഒരു സംഗീതജ്ഞനാവണമെന്നായിരുന്നു മിഖേലിന്റെ ആഗ്രഹം. എന്നാൽ മരിച്ച് പോയവർ ജീവിച്ചിരിക്കുന്നവരെ കാണാനെത്തുമെന്ന് വിശ്വസിക്കുന്ന മരിച്ചവരുടെ ദിനത്തിൽ അബദ്ധത്തിൽ മിഖേൽ മരിച്ചവരുടെ ലോകത്തെത്തുന്നു. തന്റെ കുടുംബവുമായി ബന്ധപ്പെട്ട യഥാർത്ഥ രഹസ്യങ്ങൾ മനസ്സിലാക്കുന്ന മിഖേൽ തന്റെ സ്വപ്നമാണോ അതോ തന്റെ കുടുംബമാണോ വലുത് എന്ന ചിരപുരാതനമായ സ്വത്വ പ്രതിസന്ധിയിൽ അകപ്പെടുന്നു.

🔰 പിക്സർ അനിമേഷൻ സ്റ്റുഡിയോസും ഡിസ്നിയും ഒന്നിക്കുമ്പോഴൊക്കെ സംഭവിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ടോയ് സ്റ്റോറി- 3 ,വാൾ-ഇ , അപ്, ഇൻസൈഡ് ഔട്ട് തുടങ്ങിയ ആ ലിസ്റ്റിലേക്ക് വന്ന പുതിയ അംഗമാണ് കോകോ. ഓസ്കാർ അവാർഡ് നേടിയ ടോയ്സ്റ്റോറി- 3 യുടെ സംവിധായകനായ ലീ അൺക്രിഷ് ആണ് കോകോ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതി മനോഹരമായ അനിമേഷനും മനസ്സിനെ സ്പർശിക്കുന്ന കഥയും നല്ല ഗാനങ്ങളും ബിജിഎമ്മും എല്ലാം കൂടി പ്രേക്ഷകന് പൂർണ സംതൃപ്തി നല്കുന്ന ചിത്രമാണ് കോകോ. ഇത്തവണത്തെ മികച്ച അനിമേഷൻ ചിത്രത്തിനും മികച്ച ഒറിജിനൽ സോങ്ങിനുമുള്ള ഓസ്കാറിൽ ഏറ്റവും സാധ്യത കല്പിക്കുന്നതും ഈ ചിത്രത്തിനാണ്.
3D യിൽ തിയേറ്ററിൽ ഈ ചിത്രം കാണാൻ കഴിഞ്ഞവർ ഭാഗ്യവാൻമാർ എന്ന് മാത്രമേ പറയാനുള്ളു. ഗോൾഡൻ ഗ്ലോബ് അടക്കം നിരവധി അവാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞ കോകോ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് തരുന്നു.

🔸റേറ്റിംഗ് : 4.5/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.5 Star (Brilliant) · Drama · English · UK

196. THREE BILLBOARDS OUTSIDE EBBING, MISSOURI (UK/DRAMA/2017)

#Oscar2018MovieReviews
Post No. 9

🔰 സ്വന്തം മക്കളുടെ മുന്നിൽ പോലും പരുക്കൻ മുഖഭാവത്തോടെയായിരുന്നു അവർ പെരുമാറിയിരുന്നത്. മക്കൾ തങ്ങളെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനനുവദിക്കാത്ത എന്തിനും ഏതിനും ദേഷ്യപ്പെടുന്ന അമ്മ തങ്ങളെ സ്നേഹിക്കുന്നില്ല എന്ന് തന്നെ വിശ്വസിച്ചു. അന്ന് ആ നശിച്ച ദിവസം രാത്രി മകൾ വണ്ടി അവശ്യപ്പെട്ടിട്ട് നല്കാത്തതിൽ ദേഷ്യപ്പെട്ട് അവൾ ഒറ്റയ്ക്ക് നടന്ന് പോയപ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല അത് അവരുടെ അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന്!

🔰ചിത്രം : ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബിംഗ്, മിസ്സൗറി THREE BILLBOARDS OUTSIDE EBBING, MISSOURI (2017)
രാജ്യം : യു കെ, യു എസ് എ
‎ഓസ്കാർ 2018 നോമിനേഷനുകൾ : മികച്ച ചിത്രം, നടി, സഹനടൻ (2 നോമിനേഷനുകൾ), ഒറിജിനൽ സ്ക്രീൻ പ്ലേ, ഒറിജിനൽ സ്കോർ, ഫിലിം എഡിറ്റിംഗ്.

🔰 ഏഴ് മാസങ്ങൾക്ക് മുമ്പാണ് മിൽഡ്രഡിന്റെ കൗമാരക്കാരിയായ മകൾ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്. ഇതുവരെയും പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനാൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി അവർ അവരുടെ വീടിന് സമീപമുള്ള റോഡിലെ മൂന്ന് പരസ്യപ്പലകകൾ ഒരു വർഷത്തേക്ക് വാടകക്കെടുത്ത് അതിൽ “RAPED WHILE DYING”, “AND STILL NO ARRESTS” , “HOW COME, CHIEF WILLOUGHBY?” എന്ന് എഴുതി വയ്ക്കുന്നു. അത് കണ്ട നാട്ടുകാരിൽ ചിലരും പൊലീസ് അധികാരികളും മിൽഡ്രഡിനെ പല രീതിയിലും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ചീഫ് വില്ലോബിയും ഓഫീസർ ഡിക്സണുമാണ് ആ ബോർഡുകൾ ഏറ്റവും തലവേദനയുണ്ടാക്കിയത്.

🔰 ചിത്രത്തിന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി തോന്നിയത് മിൽഡ്രഡ് എന്ന കഥാപാത്ര ചിത്രീകരണമാണ്. ആ കഥാപാത്രമായി ഫ്രാൻസെസ് മക്ഡോർമൻഡിന്റെ പെർഫോർമൻസും സ്ക്രീൻ പ്രസൻസും അപാരമാണ്. ഇത്തവണ ഓസ്കാറിൽ എല്ലാവർക്കും ഒരേ അഭിപ്രായം ഉള്ളത് മക്ഡോർമൻഡിന് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുമെന്ന കാര്യത്തിലാണ്. മിൽഡ്രഡ് എന്ന കഥാപാത്രം നാം സാധാരണ സിനിമകളിൽ കാണുന്നത് പോലെ സ്നേഹം വഴിഞ്ഞൊഴുകുന്ന നന്മ നിറഞ്ഞ പാവം അമ്മയെ അല്ല. പലപ്പോഴും നാം തന്നെ വെറുത്ത് പോകുന്ന മാനറിസങ്ങളുള്ള ഒരു കഥാപാത്രമാണ്. പക്ഷേ ആ കഥാപാത്രത്തിന്റെ ഉള്ളറിയുമ്പോൾ അവരുടെ വേദനയുടെ കാമ്പറിയുമ്പോൾ അവരുടെ പ്രതിഷേധത്തിന്റെ ശക്തി അറിയുമ്പോൾ അറിയാതെ നമ്മൾ അവരെ ഇഷ്ടപ്പെട്ട് തുടങ്ങും. അങ്ങനെ സിനിമയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച കഥാപാത്രത്തെയും നടിയെയും ഈ ചിത്രത്തിൽ കണ്ടു.

🔰 വില്ലോബിയെ അവതരിപ്പിച്ച വൂഡി ഹാരൽസണും ഡിക്സണെ അവതരിപ്പിച്ച സാം റോക്ക്വെലിനും മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷനുണ്ട്. മനസിൽ വല്ലാത്ത ഒരു ഭാരം ഉണ്ടാക്കുന്ന കഥാപാത്രമാണ് ചീഫ് വില്ലോബി. എന്നാൽ ഡിക്സണായി സാം റോക്ക് വെൽ ഞെട്ടിച്ച് കളഞ്ഞു എന്നതാണ് സത്യം . സഹനടന്റെ ഓസ്കാർ അദ്ദേഹം കൊണ്ട് പോകുമെന്ന് ഉറപ്പിക്കാം. വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മാർട്ടിൻ മക്ഡോണയുടേതാണ്. ചിത്രത്തെ അനുകരിച്ച് ലണ്ടനിലും ഫ്ലോറിഡയിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറിയത് ചിത്രം ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തിന് തെളിവാണ്. എന്തായാലും വലിയ അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ ഇത്തവണ പ്രധാനപ്പെട്ട ഏതാനും ഓസ്കാറുകൾ ത്രീ ബിൽബോർഡ്സ് കൊണ്ട് പോകുമെന്ന് ഉറപ്പിക്കാം.

🔸റേറ്റിംഗ് : 4.5/5

©️ PRADEEP V K

4.5 Star (Brilliant) · Drama · India · Tamil

186. ARUVI (INDIA/DRAMA/2017)

🔰അരുവി ഒരു വിങ്ങലാണ്!

🔸ഹൃദയത്തിൽ ആഴത്തിൽ തറയ്ക്കുന്ന മുള്ളുകൾ പോലെയാണ് അരുവിയുടെ നോട്ടവും വാക്കുകളും. അവളുടെ നിഷ്കളങ്ക സൗന്ദര്യം മനസ്സിൽ കുളിർമഴ പെയ്യിച്ചത് പോലെ അവളുടെ മൂർച്ചയേറിയ വാക്കുകൾ ഹൃദയത്തിൻ തട്ടി എവിടെയൊക്കെയോ മുറിവേൽപ്പിച്ചു. അരുവീ… മകളായും സഹോദരിയായും കൂട്ടുകാരിയായും പ്രണയിനിയായും ഒരേ സമയം നീ എന്റെ മനസ്സിനെ മഥിക്കുന്നുവല്ലോ… നിനക്ക് വേണ്ടി ഒരിറ്റ് കണ്ണുനീർ പുഞ്ചിരിയിൽ ചാലിച്ച് ഞാൻ കാത്ത് വച്ചിട്ടുണ്ട്… എന്നാലും ജീവിതത്തിൽ ഏറ്റവുമധികം സ്നേഹിച്ച അച്ഛനിൽ നിന്നു പോലും താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അവഗണന സഹിച്ചു കൊണ്ട് നിനക്കെങ്ങനെ ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നു കുട്ടീ…

🔰അരുവി ഒരു പ്രചോദനമാണ്!

🔸ജീവിതത്തിൽ സ്വാതന്ത്ര്യവും അംഗീകാരവും ആഗ്രഹിക്കുന്ന ഏതൊരു പെൺകുട്ടിക്കും പ്രചോദനമാണ് അരുവി . ആരൊക്കെ തള്ളിപ്പറഞ്ഞാലും തന്റെ വ്യക്തിത്വം തകർത്തെറിയാതെ തലയുയർത്തി നിന്ന് പോരാടാൻ അവൾ അവർക്ക് കരുത്തേകും. അവഗണനയും വെറുപ്പും കുറ്റപ്പെടുത്തലുകളും മാത്രം നല്കിയ സമൂഹത്തിൽ നിന്ന് തന്നെ സ്നേഹവും കരുതലും പ്രണയവും പിടിച്ച് വാങ്ങാൻ നിന്റെ പുഞ്ചിരിക്കും വാക്കുകൾക്കും കഴിഞ്ഞത് നിന്റെ മാത്രം വിജയമല്ല അത് ഇത് പോലെ വേദനയനുഭവിക്കുന്ന നിരവധി പേരുടേയും കൂടിയാണ്. മനസ്സിൽ നന്മയുടേയും സ്നേഹത്തിന്റെയും ഒരംശമെങ്കിലും ബാക്കിയുള്ളവർ നിങ്ങളോടൊപ്പമുണ്ടാകും.

🔰അരുവി ഒരു ഓർമ്മപ്പെടുത്തലാണ്!

🔸അരുവിക്ക് എല്ലാവരുമുണ്ടായിരുന്നു . സ്നേഹം നിറഞ്ഞ അച്ഛനും അമ്മയും അനിയനും കൂട്ടുകാരും ബന്ധുക്കളും എല്ലാം. എന്നാൽ ജീവിതത്തിലെ ഏറ്റവുമധികം സന്നിഗ്ദ്ധമായ ഒരു ഘട്ടത്തിൽ ആരൊക്കെ അവൾക്കൊപ്പമുണ്ടായിരുന്നു എന്ന ചോദ്യം വളരെ അർത്ഥവത്താണ്. പിന്നീടുള്ള ജീവിതത്തിൽ അവളെ ചേർത്ത് പിടിച്ച എമിലി സത്യത്തിൽ അവൾക്കാരായിരുന്നു. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അരുവിയും എമിലിയും ഒരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിൽ നാമോരോരുത്തരും എത്തിപ്പെടാൻ സാദ്ധ്യതയുള്ള സന്നിഗ്ദ്ധാവസ്ഥകളുടെ ഒരു ഓർമ്മപ്പെടുത്തൽ. അന്ന് നമ്മുടെ കൈ പിടിച്ച് കരകയറ്റാൻ കണ്ണീരൊപ്പാൻ ഇന്ന് നാം പലരും അവജ്ഞയോടെ കാണുന്ന എമിലിമാർ ഉണ്ടാകുമോ?

🔸ചിത്രം : അരുവി (2017)
🔸ഭാഷ : തമിഴ്

©️ PRADEEP V K

Advertisements
4.5 Star (Brilliant) · Drama · Hungarian · Hungary · Romance

182. ON BODY AND SOUL (HUNGARY/ROMANTIC DRAMA/2017)

#Oscar2018MovieReviews
Post No. 6

🔰 അതൊരു അതി മനോഹരമായ സ്വപ്നമായിരുന്നു. മഞ്ഞ് നിറഞ്ഞ ആ താഴ് വരയിൽ അവർ രണ്ട് മാനുകളായി തൊട്ടുരുമ്മി നടന്നു. അവൻ അവർക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മഞ്ഞിന്റെ തണുപ്പും പ്രണയത്തിന്റെ ഇളം ചൂടും അനുഭവിച്ച അവർ രണ്ട് പേരും ആ സ്വപ്നം തീരരുതേ എന്നാശിച്ചു!

🔰ചിത്രം : ഓൺ ബോഡി ആൻഡ് സോൾ ON BODY AND SOUL (2017)
രാജ്യം : ഹംഗറി
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കശാപ്പുശാലയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ എൻഡ്രയും ക്വാളിറ്റി ഇൻസ്പെക്ടർ ആയ മറിയയും തമ്മിലുള്ള വൈവിധ്യം നിറഞ്ഞ പ്രണയ ബന്ധമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായ മറിയ അവരെക്കാൾ വളരെ പ്രായക്കൂടുതലുള്ള എൻഡ്രയോട് ആദ്യമൊക്കെ അടുപ്പം കാണിക്കുന്നില്ലെങ്കിലും തങ്ങൾ രണ്ട് പേരും ഒരേ സ്വപ്നം തന്നെ ദിവസവും കാണുന്നു എന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ മനസ്സിലാക്കുന്നതോടെ അത് യാഥാർത്ഥ്യമാക്കാൻ തീരുമാനിക്കുന്നു .

🔰ഒരിക്കലും കഴിഞ്ഞ് പോകരുതേ എന്നാഗ്രഹിച്ച് പോകുന്ന തരം മനോഹരമായിരുന്നു ചിത്രത്തിലെ സ്വപ്ന ദൃശ്യങ്ങൾ. ഓരോ ഫ്രെയിമും അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഐഎഫ്എഫ്കെ 2017 ൽ ഞാൻ കണ്ടവയിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് . കശാപ്പുശാലയിൽ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വളരെ വിശദമായിത്തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. കശാപ്പ് രംഗങ്ങളിലെ ഭീകരതയിലൂടെ സ്വപ്ന ദൃശ്യങ്ങളിലെ മനോഹാരിതയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ഈ ചിത്രം വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.

🔰പ്രശസ്ത ഹംഗേറിയൻ സംവിധായിക ഇൽഡികോ എൻയെദി സംവിധാനം ചെയ്ത ഈ ചിത്രം സംവിധാനം , സിനിമാറ്റോഗ്രഫി ,എഡിറ്റിംഗ് തുടങ്ങി സിനിമയുടെ സാങ്കേതിക മേഖലകളും അഭിനേതാക്കളുടെ പെർഫോർമൻസും അടക്കം എല്ലാ രംഗത്തും ഒരേ പോലെ മികവ് പ്രകടിപ്പിച്ചു. ബർലിൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ പുരസ്കാരം നേടിയ ഈ ചിത്രത്തിന് മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള 2018ലെ ഓസ്കാർ നോമിനേഷനും ലഭിച്ചിട്ടുണ്ട്.

🔸റേറ്റിംഗ് : 4.5/5

©️ PRADEEP V K

Advertisements
4.5 Star (Brilliant) · Anti War · English · USA

181. PATHS OF GLORY (USA/ANTI WAR/1957)

🔸181) PATHS OF GLORY (1957)🔸 English | Anti War Film🔸

🔼1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസും ജർമനിയും തമ്മിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. മണ്ണിൽ തീർത്ത ട്രഞ്ചുകളിൽ ഒളിച്ചിരുന്ന് ജർമൻ സൈന്യമായി പോരാടുന്ന ഫ്രഞ്ച് സൈനികർ കഠിനമായി യുദ്ധം മൂലം പരിക്കുകൾ പറ്റിയും മാനസിക പിരിമുറുക്കം മൂലവും അവശരാണ്. എങ്ങനെയെങ്കിലും യുദ്ധം അവസാനിച്ച് ജീവനോടെ നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹത്തിലാണ് എല്ലാവരും . എന്നാൽ ഉയർന്ന പട്ടാള ജനറൽമാരുടെ മനസ്സ് അങ്ങനെയായിരുന്നില്ല. ആ അവസ്ഥയിൽ ജർമൻ അധിനിവേശത്തിലുള്ള Anthill എന്ന സ്ഥലം പിടിച്ചെടുക്കാൻ പട്ടാള ജനറൽ കേണലിന് കർശന നിർദ്ദേശം നല്കുന്നു. കേണൽ ശക്തമായി എതിർത്തെങ്കിലും അവസാനം ജനറലിന്റെ നിർബന്ധത്തിന് വഴങ്ങി തന്റെ റജിമെൻറുമായി ആത്മഹത്യാപരമായ ആ മിഷന് യാത്ര തിരിക്കുന്നു.

🔽പ്രശസ്ത സംവിധായകൻ സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത ഈ ആൻറി വാർ ബ്ലാക്ക് ആൻറ് വൈറ്റ് ഫിലിം 1957 ലാണ് റിലീസ് ചെയ്തത്. യുദ്ധരംഗത്ത് നിന്ന് അകന്ന് സുരക്ഷിത സ്ഥലത്ത് ജീവിച്ച് കൊണ്ട് സാധാരണ പട്ടാളക്കാരെ അപകട സ്ഥലത്തേക്ക് തള്ളി വിട്ട് സ്വയം അഭിമാനിക്കുന്ന യുദ്ധക്കൊതിയൻമാരായ പട്ടാള ജനറൽമാരുടെയും ബ്യൂറോക്രാറ്റുകളുടേയും മുഖം മൂടി വലിച്ചഴിക്കുന്ന ഒരു ചിത്രമാണിത്. സാധാരണ യുദ്ധ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി യുദ്ധത്തിനെതിരെ ശബ്ദമുയർത്താനാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. പില്ക്കാലത്ത് നിരവധി സംവിധായകർക്ക് പ്രചോദനമായ ഈ ചിത്രത്തിന്റെ റി സ്റ്റോർ ചെയ്ത വേർഷൻ 2004ൽ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ലോകത്താകമാനം ധാരാളം ചർച്ചകൾക്ക് വഴിമരുന്നിട്ട ഈ ചിത്രം സിനിമാപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.

🔸RATING : 4.5/5 ( BRILLIANT )

©PRADEEP V K

Advertisements
4.5 Star (Brilliant) · Biography · Cambodia · Drama · Khmer

169. FIRST THEY KILLED MY FATHER (CAMBODIA/BIOGRAPHY/2017)

🔸169) FIRST THEY KILLED MY FATHER (2017)🔸 ഒരു അവലോകനം 🔸

🔸 കമ്പോഡിയൻ ജനസംഖ്യയുടെ നാലിലൊന്നും തുടച്ചു നീക്കപ്പെട്ട 1975-79 കാലഘട്ടത്തിൽ നടന്ന അഭ്യന്തര കലാപകാല കൂട്ടക്കുരുതി അതിജീവിച്ച ലൗങ്ങ് ഉങ്ങ് എന്ന പിൽക്കാല മനുഷ്യാവകാശ പ്രവർത്തകയുടെ ഓർമ്മപ്പുസ്തകമായ FIRST THEY KILLED MY FATHER : A DAUGHTER OF CAMBODIA REMEMBERS നെ ആധാരമാക്കി ആഞ്ജലീന ജോളീ സംവിധാനം ചെയ്ത ചിത്രമാണിത്.

🔸COUNTRY : CAMBODIA
LANGUAGE : KHMER
GENRE : BIOGRAPHICAL HISTORICAL DRAMA
DIRECTION : ANGELINA JOLIE
IMDB RATING : 7.3 / 10
‎ROTTEN TOMATOES RATING : 89%

🔸 യുദ്ധമായാലും കലാപമായാലും അത് അവശേഷിപ്പിക്കുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ ഭീമമായ കണക്കുകൾ മാത്രമായിരിക്കും. മഹത്തായ ഒരു സംസ്കാരത്തിനുടമകളായ കമ്പോഡിയൻ ജനതയ്ക്ക് നീണ്ട പത്ത് വർഷക്കാലം അനുഭവിക്കേണ്ടി വന്നതും അത് തന്നെ. അഞ്ച് വർഷക്കാലം നീണ്ട് നിന്ന കമ്പോഡിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം 1975 ൽ ഗവൺമെന്റിൽ നിന്ന് കമ്പോഡിയൻ കമ്മ്യൂണിസ്റ്റുകളായ ഖമർ റൗജ് അധികാരം പിടിച്ചെടുക്കുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരേയും പട്ടാളക്കാരെയും വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളവരെയും പട്ടണത്തിൽ ജീവിക്കുന്നവരേയും തെരഞ്ഞുപിടിച്ച് അവരുടെ പണവും സമ്പത്തുമെല്ലാം തട്ടിയെടുത്ത് വീടുകളിൽ നിന്നും ആട്ടിപ്പായിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർത്ഥികളാവാൻ വിധിക്കപ്പെട്ട് നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അത്തരം ഒരു കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഏഴ് വയസുകാരിയായ ലൗങ്ങ് ഉങ്ങ്. അച്ഛനമ്മമാരിൽ നിന്നും സഹോദരങ്ങളിൽ നിന്നും വേർപെട്ട് പോയ അവളുടെ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.

🔸 കൂടുതലും കൊമേഴ്സ്യൽ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആഞ്ജലീന ജോളിയിൽ നിന്നും വളരെ വ്യത്യസ്തയാണ് സംവിധായികയായ ആഞ്ജലീന ജോളീ. പേരുകേട്ട ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയായ അവർ താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ യുദ്ധവും അതിൽ പീഡനങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെയും കഥയാണ് കൂടുതലും പറയാൻ ശ്രമിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് Lara croft Tomb raider എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് കമ്പോഡിയയിലെത്തിയ ആഞ്ജലീന അവിടെ വച്ച് ലൗങ്ങ് ഉങ്ങുമായി സൗഹൃദത്തിലാവുകയും അത് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അവർ രണ്ട് പേരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

🔸സംവിധായിക എന്ന നിലയിൽ ആഞ്ജലീനയുടെ ഏറ്റവും മികച്ച ചിത്രമായാണ് നിരൂപകർ ഈ ചിത്രത്തെ വാഴ്ത്തുന്നത്. തുടക്കം മുതൽ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ക്ലൈമാക്സ് രംഗത്തോടടുക്കുമ്പോൾ ഹൃദയമിടിപ്പ് നിലച്ച് പോകുന്ന രംഗങ്ങളാണ് കൺമുന്നിലേക്കെത്തുന്നത്. ലാൻഡ് മൈനുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച് പൊട്ടിത്തെറിച്ച് മരിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ രംഗങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുട്ടികളുടെ പെർഫോർമൻസ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പൂർണമായും ഒരു കുട്ടിയുടെ കണ്ണിലൂടെ കഥ പറയുന്ന ഈ ചിത്രം അമിതമായ വയലൻസോ രക്തച്ചൊരിച്ചിലോ സ്ക്രീനിൽ കാണിക്കാതെ തന്നെ ചുരുക്കം യുദ്ധരംഗങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരത മുഴുവനായും ആവാഹിച്ചിരിക്കുന്നു. ചിത്രം കണ്ട് കഴിയുമ്പോൾ സിനിമ എന്നതിലുപരിയായി ഇതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചതാണ് എന്ന ഭീകരമായ ആ സത്യം ഉയർത്തുന്ന നടുക്കം വിട്ട് മാറാൻ ഏറെ സമയമെടുക്കും. 90th അക്കാദമി അവാർഡിലെ കമ്പോഡിയയുടെ ഒഫിഷ്യൽ എൻട്രി കൂടിയാണ് ഈ ചിത്രം.

🔸RATING : 4.5/5 ( BRILLIANT )

🔸For More Movie Reviews Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔸 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements
4.5 Star (Brilliant) · Crime · Drama · Hindi · India

152. HAIDER (INDIA/CRIME DRAMA/2014)

🔹152. HAIDER (2014)  🔽 A Review 🔽

🔹”If I listen to my heart, it’s there.

      If I listen to my mind, though, it’s not.

      Should I take a life, or give mine,

      Should I remain, or should I not..”

🔹COUNTRY : INDIA

     LANGUAGE : HINDI

     GENRE : CRIME DRAMA

     DIRECTION : VISHAL BHARDWAJ

🔹SYNOPSIS 🔹

▪ ഇന്ത്യ ഇന്ന് സ്വതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ പിന്നിടുകയാണ് .എന്നാൽ 1947 ൽ നമുക്കെല്ലാം ലഭിച്ച സ്വാതന്ത്ര്യം അല്ലെങ്കിൽ ഇന്ന് നാമെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കാത്ത നിരവധിയാളുകൾ ഇന്നും ഇന്ത്യയിൽ ജീവിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കാറില്ല . അത്തരത്തിൽ ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനപരമായ അവകാശം അതായത് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ചിലരുടെ ചെറുത്തുനില്പിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത HAIDER എന്ന ഹിന്ദി ചിത്രമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.  1990 കളിൽ ജമ്മു കാശ്മീരിൽ നിരവധി തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഭീകരപ്രവർത്തനങ്ങളും അതിനെ എന്ത് വില കൊടുത്തും അമർച്ച ചെയ്യാനുള്ള ഇന്ത്യൻ പട്ടാളത്തിന്റെ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം .ഷേക്സ്പിയർ നാടകമായ ഹാംലറ്റ് , ബഷാരത് പീർ എഴുതിയ കർഫ്യൂഡ് നൈറ്റ് എന്നിവ ആധാരമാക്കിയാണ് വിശാൽ ഭരദ്വാജും ബഷാരത് പീറും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .Maqbool, Omkara എന്നീ ചിത്രങ്ങൾക്ക് ശേഷം ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണിത്. 

▪ 1995 ൽ ശ്രീനഗറിൽ ഹിലാൽ മീർ എന്ന ഡോക്ടറെ ഒരു തീവ്രവാദി ഗ്രൂപ്പിലെ അംഗത്തിന് രഹസ്യമായി സ്വന്തം വീട്ടിൽ വച്ച് ഓപ്പറേഷൻ ചെയ്ത് കൊടുത്തു എന്ന കുറ്റത്തിന് ഇന്ത്യൻ പട്ടാളം പിടിച്ചു കൊണ്ടു പോകുകയും അദ്ദേഹത്തിന്റെ വീട് കത്തിച്ചു കളയുകയും ചെയ്യുന്നു. പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹത്തെ അന്വേഷിച്ച് കണ്ട് പിടിക്കാൻ മകനായ ഹൈദർ നിരവധി ശ്രമങ്ങൾ നടത്തുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്ന് പോലും കണ്ടെത്താനാവുന്നില്ല .അതിനിടയിൽ അമ്മയും അച്ഛന്റെ സഹോദരനും തമ്മിലുള്ള അടുപ്പവും കൂടി കാണുന്നതോടെ ഹൈദർ മാനസികമായി തളരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ തീവ്രവാദി ബന്ധം ആരോപിച്ച് പട്ടാളം പിടികൂടി പിന്നീട് അപ്രത്യക്ഷരാകുന്ന നിരവധി സാധാരണ പൗരൻമാരിൽ ഒരാളാണ് തന്റെ അച്ഛനും എന്ന് ഹൈദർ മനസ്സിലാക്കുന്നു. തന്റെ കാമുകിയും ജേർണലിസ്റ്റുമായ ആർഷിയയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ  അച്ഛനെ പട്ടാളത്തിന് ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെയായിരുന്നെന്നും അതിന് തന്റെ അമ്മയും കൂടി സഹായിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്ന ഹൈദർ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെടുന്നു. തന്റെ അച്ഛനെ ചതിച്ചവരെ മുഴുവൻ നശിപ്പിച്ചാലേ തനിക്ക് സ്വസ്ഥത ലഭിക്കൂ എന്ന് ഹൈദർ വിശ്വസിക്കുന്നു. പ്രതികാരത്തിന്റെ തീച്ചൂളയിൽ സ്വയം വെന്തെരിയുമ്പോഴും അമ്മയോടുള്ള സ്നേഹത്തിന്റെ കനൽ അണയാതെ സൂക്ഷിക്കുന്ന ഹൈദറിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ ചിത്രം .

🔹 REVIEW🔹

▪  ഷേക്സ്പിയറിന്റെ ഹാംലറ്റും കാശ്മീർ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഇഴ ചേർത്ത് ചിത്രം സംവിധാനം ചെയ്യുന്നതിൽ വിശാൽ ഭരദ്വാജ് പൂർണമായും വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പെർഫോർമൻസും വിഷയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സഹായകരമായി. വിശാൽ ഭരദ്വാജ് തന്നെ ചിട്ടപ്പെടുത്തിയ മ്യൂസിക് സ്കോറും പങ്കജ് കുമാറിന്റെ ക്യാമറ വർക്കും ചിത്രത്തിന്റെ ടോണിന് ചേർന്ന് നിന്നു. സംഭാഷണത്തിനും മ്യൂസിക് ഡയറക്ഷനും അടക്കം അഞ്ച് നാഷണൽ അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിരുന്നു. വിട്ടുവീഴ്ചകളില്ലാതെ കാലിക പ്രസക്തമായ ഒരു വിഷയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിച്ച വിശാൽ ഭരദ്വാജ് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ സംഭാവനകൾ ഇന്ത്യൻ സിനിമാ ലോകത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

▪ ഹൈദർ എന്ന കേന്ദ്രകഥാപാത്രമായി ഷാഹിദ് കപൂർ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വച്ചിരിക്കുന്നു. പ്രണയവും പ്രതികാരവും ദു:ഖവും ക്രോധവും സ്നേഹവും എല്ലാം ഒരേ സമയം അനുഭവിച്ച് മാനസികനില തന്നെ തകരാറിലാവുന്ന ഹാംലറ്റിന്റെ അവസ്ഥ പേറുന്ന ഹൈദർ എന്ന കഥാപാത്രം ഷാഹിദ് കപൂറിലെ നടനെ ഏറ്റവും നന്നായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹൈദറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ തബു ആണ് . കുറ്റബോധവും മകനോടുള്ള സ്നേഹവും കൊണ്ട് വീർപ്പുമുട്ടുന്ന ആ കഥാപാത്രം ചിത്രം കഴിഞ്ഞാലും നിങ്ങളെ വിട്ടു പോകാതെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കും .ഹൈദറിന്റെ അമ്മാവന്റെ വേഷം ചെയ്ത കെ കെ മേനോനും പ്രണയിനിയുടെ വേഷത്തിലെത്തിയ ശ്രദ്ധ കപൂറും അതിഥി വേഷത്തിലെത്തിയ ഇർഫാൻ ഖാനും അടക്കം എല്ലാ നടീനടൻമാരും ഒന്നിനൊന്ന് മികച്ച് നിന്നു. സാധാരണ ബോളിവുഡ് ചിത്രങ്ങളിൽ കാണാറുള്ള സ്ഥിരം മസാലകൾ ഒന്നും ചേർക്കാതെ തന്നെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണിത്. ഓരോ ഭാരതീയനും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

🔹SIGNIFICANCE🔹

▪ ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ സൈന്യം നടത്തിയിട്ടുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ നിരവധി എതിർപ്പുകൾക്ക് വഴിവച്ചിട്ടുള്ളതാണ്. സിനിമയിൽ ഒരു സ്ത്രീ  കഥാപാത്രം പറയുന്നത് തന്റെ ഭർത്താവ് മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്തതിനാൽ താൻ യുദ്ധ വിധവ (War Widow) അല്ല മറിച്ച് പകുതി യുദ്ധ വിധവ (Half War Widow) ആണെന്നാണ്. ചിത്രത്തിൽ ഹൈദർ പട്ടാള മേധാവിയോട് ആവശ്യപ്പെടുന്നതും തന്റെ അച്ഛൻ ജീവനോടെയുണ്ടോ അതോ ഇല്ലയോ  എന്നെങ്കിലും പറയുവാൻ മാത്രമാണ്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആർമിയിൽ നിന്നും പലപ്പോഴും കാശ്മീരിലെ സാധാരണ ജനങ്ങൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ചിട്ടുള്ളത്  ഒന്ന് തന്നെയാണ് എന്ന പലരും പറയാൻ മടിക്കുന്ന വസ്തുത ഹൃദയത്തിൽ തറയ്ക്കുന്ന രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. കയ്പ് നിറഞ്ഞ ചില സത്യങ്ങൾ പറയുമ്പോഴും അടുത്തിടെ ഉണ്ടായ കാശ്മീർ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ജീവൻ പണയം വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ എടുത്ത് പറയാനും സംവിധായകൻ മറക്കുന്നില്ല.

▪ കലാപകലുഷിതമായ കാശ്മീരിന്റെ സുരക്ഷയ്ക്ക് ഇന്ത്യൻ സൈന്യം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ലെങ്കിലും വർഷങ്ങളായി മതത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആയിരക്കണക്കിന് കാശ്മീർ നിവാസികളുടേയും ഭർത്താവും മക്കളും എവിടെയാണെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ഭാര്യമാരുടേയും അമ്മമാരുടേയും നിലവിളികൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒരിക്കലും ഇന്ത്യൻ ആർമിക്ക് എതിരല്ല . സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെയും നനഞ്ഞിടം കുഴിക്കുന്ന സ്വാർത്ഥമതികളുടെ ചതിക്കുഴിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടേയും പ്രതികാരത്തിന്റെയും തിരിച്ചറിവിന്റെയും കഥ പറയുമ്പോൾ ചില പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടുന്നുവെന്ന് മാത്രം . രണ്ട് ആനകൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ചവിട്ടിമെതിക്കപ്പെടുന്നത് അവയുടെ കാലിനടിയിലെ പുല്ലുകൾ മാത്രമാണെന്ന യാഥാർത്ഥ്യം ദേശീയതാ വാദങ്ങൾക്കിടയിൽ നാം എന്നാണ് മനസ്സിലാക്കുക . മാസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീരിൽ ഇന്ത്യൻ ആർമി ജീപ്പിന് മുന്നിൽ യുവാവിനെ കെട്ടി വച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച സംഭവവും വേണമെന്നുള്ളവർക്ക് ഇതിനോട്  ചേർത്ത് വായിക്കാം. എന്തൊക്കെത്തന്നെയായാലും ഈ സ്വാതന്ത്ര്യദിനത്തിലും കാതുകളിൽ പ്രകമ്പനം കൊള്ളുന്ന ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ പതിറ്റാണ്ടുകളായി തോക്കുകൾക്കും ബോംബുകൾക്കും ഇടയിൽപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്ന ചില മനുഷ്യാത്മാക്കളുടെ നിലവിളികൾ നമുക്ക് സൗകര്യപൂർവ്വം കേട്ടില്ലെന്ന് നടിക്കാം.

🔹RATING : 4.5/5 ( A BRILLIANT , BRAVE AND UNCOMPROMISING CINEMA WHICH SKILLFULLY BLENDS SHAKESPEAREAN TRAGEDY WITH KASHMIR CONFLICTS  )

©PRADEEP V K (AMAZING CINEMA)

Advertisements