5.0 Star (Excellent) · Comedy · Drama · English · USA

141. ONE FLEW OVER THE CUCKOO’S NEST (USA/COMEDY DRAMA/1975)

🔹141. ONE FLEW OVER THE CUCKOO’S NEST (USA/English/1975/Comedy Drama/133 Min/Dir: Milos Forman/Stars: Jack Nicholson, Louise Fletcher, Will Sampson )

🔹 SYNOPSIS 🔹

 

▪ ലോക സിനിമയിലെ ഏറ്റവും മഹത്തായ ചിത്രങ്ങളുടെ നിരയിൽ പെടുത്താവുന്ന അഞ്ച് സുപ്രധാന ഓസ്കാർ അവാർഡുകൾ ( മികച്ച ചിത്രം ,സംവിധായകൻ, നടൻ, നടി, തിരക്കഥ ) നേടിയ One Flew Over The Cuckoo’s Nest അതേ പേരിൽ തന്നെയുള്ള Ken Kesey എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് .1963 ൽ ഒറിഗോണിലെ ഒരു മനോരോഗാശുപത്രിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് .തന്റേതായ മെത്തേഡുകളിലൂടെ രോഗികളെ താനുദ്ദേശിക്കുന്ന രീതിയിൽ കൺട്രോൾ ചെയ്യുന്ന റാച്ചഡ് എന്ന ഹെഡ് നഴ്സിനാണ് രോഗികളുടെ ചുമതല .പ്രത്യക്ഷത്തിൽ എല്ലാ സൗകര്യങ്ങളും രോഗികൾക്ക് നല്കുന്നു എന്ന് തോന്നിക്കുമെങ്കിലും റാച്ചഡ് അവരെ മനുഷ്യരായിപ്പോലും കാണുന്നില്ല എന്നതായിരുന്നു സത്യം .

▪ ആ ഹോസ്പിറ്റലിലേക്ക് ജോലിയൊന്നും ചെയ്യാതെ സുഖമായി കഴിയാനായി മനോരോഗം അഭിനയിച്ച് മക്മർഫി എന്ന പെറ്റി ക്രിമിനൽ കൂടി എത്തുന്നതോടെ കഥ മാറുന്നു . രോഗികളുടെ ചെറിയ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത നഴ്സ് റാച്ചഡിന്റെ തീരുമാനങ്ങളെ മക്മർഫി വെല്ലുവിളിക്കുന്നു. പല തരത്തിലുള്ള മനോരോഗികൾക്കിടയിൽ ബധിരനും മൂകനുമായ എല്ലാവരും ചീഫ് എന്ന് വിളിക്കുന്ന ഒരാളുമായി മക്മർഫി ചങ്ങാത്തത്തിലാവുന്നു .റാച്ചഡിന്റെ കടുത്ത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി രോഗികളെ സ്വാതന്ത്ര്യത്തിന്റെ ലോകം കാട്ടിക്കൊടുക്കുവാൻ മക്മർഫി ശ്രമിക്കുന്നു .എന്നാൽ ആ ശ്രമങ്ങൾ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങൾക്ക് വഴിവയ്ക്കുന്നു .

🔹BEHIND THE SCENES🔹

▪ ശക്തമായ തിരക്കഥയും മികവുറ്റ സംവിധാനവും സൂക്ഷ്മമായ അഭിനയവും അടക്കം എല്ലാ മേഖലകളിലും ഒരേ പോലെ മികച്ച ഒരു ചലച്ചിത്രമാണിത് .നിരൂപകർ എല്ലാം ഒരേ പോലെ വാഴ്ത്തിയ 4.4 മില്യൺ ഡോളർ നിർമ്മാണച്ചെലവുള്ള ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 109 മില്യൺ ഡോളറായിരുന്നു . മക്മർഫി എന്ന കഥാപാത്രത്തിലൂടെ ജാക്ക് നിക്കോൾസൺ എന്ന നടൻ ലോകോത്തര നടൻമാരുടെ പട്ടികയിലേക്കുയർന്നു .തമാശയും ദു:ഖവും ദേഷ്യവും നിസ്സഹായതയും എല്ലാം ഒരേ പോലെ പ്രതിഫലിപ്പിച്ച മക്മർഫി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നില്ക്കും .കഥാപാത്രങ്ങളുമായി കൂടുതൽ അടുക്കാൻ അഭിനേതാക്കൾ ഷൂട്ടിങ്ങ് കഴിയുന്നത് വരെ ചിത്രീകരണം നടന്ന  ഒറിഗോൺ സ്റ്റേറ്റ് ഹോസ്പിറ്റലിലെ സൈക്ക്യാട്രിക് വാർഡിൽ തന്നെ താമസിച്ചിരുന്നു. ചിത്രീകരണം നടന്നത് യഥാർത്ഥ മെന്റൽ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നതിനാൽ യഥാർത്ഥ രോഗികളും ഡോക്ടർമാരും പല രംഗങ്ങളിലും മിന്നിമറയുന്നുണ്ട് . 

▪ നഴ്സ് റാച്ചഡ് എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ലൂയിസ് ഫ്ലെച്ചർ സമാനതകളില്ലാത്ത അഭിനയമാണ് കാഴ്ച വച്ചത്. ഒരു രംഗത്ത് പോലും സൗമ്യത കൈവിടാത്ത എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവമുള്ള എന്നാൽ ഉള്ളിൽ ക്രൂരതയുടെ കടലിരമ്പുന്ന നഴ്സ് റാച്ചഡ് സത്യത്തിൽ ഒരല്ഭുതമാണ് .ലോക സിനിമയിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളുടെ ലിസ്റ്റിൽ നഴ്സ് റാച്ചഡ് ഉണ്ടാകുന്നതിന്റെ കാരണം ചിത്രം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. മറ്റൊരു പ്രധാന കഥാപാത്രമായ  ചീഫ് എന്ന ആജാനബാഹുവിനെ  മനോഹരമായി അവതരിപ്പിച്ച വിൽ സാംസൺ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തീർച്ചയാണ് . ചിത്രത്തിൽ അഭിനയിച്ച നടൻമാരിൽ പലരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയായിരുന്നു എന്നത് ശ്രദ്ദേയമാണ് .

▪ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ പ്രിയദർശൻ സംവിധാനം ചെയ്ത താളവട്ടം എന്ന മലയാള ചലച്ചിത്രം ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് .രണ്ട് ചിത്രങ്ങളുമായുള്ള ഒരു താരതമ്യം ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും രണ്ട് ചിത്രങ്ങളും കണ്ട് അത് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.  മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം എന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്. One Flew Over The Cuckoo’s Nest എന്ന ചിത്രം ഏതൊരു താരതമ്യങ്ങൾക്കും മുകളിലാണ് .ഈ ചിത്രം നല്കുന്ന അനുഭവം വാക്കുകൾക്കതീതമാണ് .അത് സ്വയം അനുഭവിച്ച് തന്നെ മനസ്സിലാക്കുക.

🔹VERDICT :  EXCELLENT ( A Powerful And Touching Cinematic Masterpiece )

©PRADEEP V K (AMAZING CINEMA)

Advertisements
5.0 Star (Excellent) · Animation · Drama · Japan · Japanese · War

133. GRAVE OF THE FIREFLIES (JAPAN/ANIMATED WAR DRAMA/1988)

133. GRAVE OF THE FIREFLIES ( JAPAN/JAPANESE/1988/ Animated War Drama/89 Min/Dir: Isao Takahata /Stars: Tsutomu Tatsumi, Ayano Shiraishi )

🔹 SYNOPSIS 🔹

 

▪”Why Do Fireflies Die So Soon?”

ഒരു സിനിമ കണ്ട് കഴിഞ്ഞ് ദിവസങ്ങളോളം അതിന്റെ ഓർമ്മകൾ നമ്മെ വേട്ടയാടുന്നത് വളരെ അപൂർവമാണ് . അതും ഒരു അനിമേഷൻ ചിത്രമാണെങ്കിലോ? ഏഷ്യൻ അനിമേഷൻ സിനിമകളുടെ കുലപതി ആയ Studio Ghibli അണിയിച്ചൊരുക്കിയ Grave Of The Fireflies അത്തരമൊരു ചിത്രമാണ് .1967 ലെ അതേ പേരിൽ തന്നെയുള്ള ഒരു ചെറുകഥയാണ് ചിത്രത്തിനാധാരം .യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി സിനിമകൾ പല ഭാഷകളിലായി നാം കണ്ടിട്ടുണ്ട് .രാജ്യ സ്നേഹവും പട്ടാളക്കാരുടെ അർപ്പണ മനോഭാവവും പ്രമേയമാക്കിയ അത്തരം ചിത്രങ്ങളിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമാണ് ഈ ചിത്രം .എന്തെന്നാൽ ഇവിടെ പട്ടാളവും രാജ്യവും ജയവും തോൽവിയും ഒന്നുമല്ല, യുദ്ധത്താൽ ജീവിതം പിഴുതെറിയപ്പെട്ട മനുഷ്യരുടെ ഹൃദയം നുറുക്കുന്ന വേദനകളാണ് വിഷയം. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ഈ ചിത്രം കണ്ട് തീർക്കാൻ ഒരു കഠിനഹൃദയനുമാവില്ല.

▪1945 ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ജപ്പാനിലെ കോബെയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. അമേരിക്കൻ ബോംബർ വിമാനങ്ങൾ ജപ്പാനിൽ ഇടതടവില്ലാതെ ബോംബുകൾ വർഷിക്കുന്ന സമയം .ഓരോ അപായ സൈറൺ മുഴങ്ങുമ്പോഴും ജനങ്ങൾ വീടും സാധനങ്ങളും ഉപേക്ഷിച്ച് ബോംബ് ഷെൽട്ടറുകളിലേക്ക് പായുന്നു .തിരിച്ചെത്തുമ്പോൾ പലരുടേയും വീടുകൾ ബോംബിംഗിൽ കത്തിച്ചാമ്പലായിട്ടുണ്ടാകും .ജാപ്പനീസ് നേവിയിലെ ക്യാപ്റ്റൻ ആണ് സെയ്റ്റയുടേയും കുഞ്ഞ് സഹോദരി സെറ്റ്സുകോയുടേയും അച്ഛൻ. ബോംബിംഗിൽ വീടും അമ്മയും നഷ്ടപ്പെടുന്ന അവർ അകന്ന ഒരു അമ്മായിയുടെ വീട്ടിൽ അഭയം തേടുന്നു .എന്നാൽ തന്റെ കുടുംബത്തിനെ തന്നെ പോറ്റാൻ പാടുപെടുന്ന അവർക്ക് ഈ കുട്ടികളെയും കൂടി സംരക്ഷിക്കാനാവുന്നില്ല . സഹോദരിയേയും തോളിലേറ്റി ഒരു ഒഴിഞ്ഞ ബോംബ് ഷെൽട്ടറിൽ അഭയം പ്രാപിക്കുന്ന സെയ്റ്റയുടെ തന്റെയും സഹോദരിയുടേയും ജീവൻ നിലനിർത്താനുള്ള കഠിന  ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

▪ ഇരുളടഞ്ഞ ഗുഹയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ ജീവിക്കുന്ന സെയ്റ്റയും സെറ്റ്സുകോയും മനസ്സിൽ നിന്നും വിട്ടു പോകുന്നില്ല .എല്ലാ വിധ സുഖ സൗകര്യങ്ങളോടും ജീവിച്ചിരുന്ന കുഞ്ഞുങ്ങൾ ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടവരായി മാറുന്ന, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്ന് കരയുന്ന  രംഗങ്ങൾ കണ്ണീരോടെയല്ലാതെ കണ്ടിരിക്കാനാവില്ല. യുദ്ധം എന്ന മഹാ വിപത്ത്  അത് ആരൊക്കെ തമ്മിലായാലും എന്ത് കാര്യത്തിന്റെ പേരിലായാലും സാധാരണ മനുഷ്യനെ നശിപ്പിച്ചിട്ടേ ഉള്ളു എന്ന സത്യം ഇത്രയും തീക്ഷ്ണമായി അവതരിപ്പിച്ച Studio Ghibli യെയും സംവിധായകൻ Isao Takahata യെയും എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല . 

▪യഥാർത്ഥ അഭിനേതാക്കൾക്ക് ഒരിക്കലും ഇത്രയും തീവ്രമായ വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിക്കാനാവില്ല  എന്നത് പൂർണമായും സത്യമാണ് . മറ്റേതൊരു കഥാപാത്രത്തേക്കാളും മുന്നിലായി സെയ്റ്റയും സെറ്റ്സുകോയും എന്നും എന്റെ മനസ്സിലുണ്ടാകും . ഹൃദയത്തെ പിടിച്ചുലക്കുന്ന ഹോണ്ടിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും യാതൊരു പിഴവുമില്ലാത്ത മനോഹരമായ അനിമേഷനും ഈ ചിത്രത്തെ Studio Ghibli യുടെ എന്നല്ല ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. നിങ്ങൾ അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നയാളാണെങ്കിലും അല്ലെങ്കിലും ഈ ചിത്രം നിർബന്ധമായും കണ്ടിരിക്കണം .ഒരു അനിമേഷൻ ചിത്രത്തിന്റെ പവർ, അതിന്റെ റീച്ച് ഇവ എത്രത്തോളമാണെന്ന് ഈ ചിത്രം നിങ്ങൾക്ക് മനസ്സിലാക്കിത്തരും.

🔹VERDICT :  EXCELLENT ( A Haunting ,Powerful And Strikingly Emotional Drama  – A Film You Must Watch Before You Die )

©PRADEEP V K (AMAZING CINEMA)

5.0 Star (Excellent) · English · Science Fiction · UK

86. 2001 : A SPACE ODYSSEY (UK/SCIENCE FICTION/1968)

🔹AMAZING CINEMA # 86
🔹 MOVIE TITLE : 2001: A SPACE ODYSSEY (1968)
🔹COUNTRY : UK/USA
🔹LANGUAGE : ENGLISH 
🔹GENRE : SCIENCE FICTION 
🔹DIRECTOR : STANLEY KUBRICK
🔹 STARRING : KEIR DULLEA, GARY LOCKWOOD

🔹 SYNOPSIS 🔹

▪സയൻസ് ഫിക്ഷൻ ചിത്രങ്ങളുടെ ഗോഡ്ഫാദർ എന്നു വിളിക്കാവുന്ന 2001 :A Space Odyssey വിഖ്യാത സംവിധായകൻ സ്റ്റാൻലി കുബ്രിക്കിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് .ക്രിസ്റ്റഫർ നോളൻ അടക്കം ഇന്നത്തെ നിരവധി സംവിധായകർക്ക് പ്രചോദനം ആയിട്ടുള്ള ഈ ചിത്രം ഒറ്റത്തവണത്തെ കാഴ്ച കൊണ്ട് പൂർണമായും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ് .ഇത്തരത്തിലുള്ള ഒരു ചിത്രത്തെക്കുറിച്ച്  റിവ്യൂ എഴുതാനുള്ള അറിവോ കഴിവോ എനിക്കില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ എനിക്ക്  മനസ്സിലായ കുറച്ച് കാര്യങ്ങൾ ഞാനിവിടെ കുറിക്കാം .

▪ആദ്യത്തെയും അവസാനത്തെയും 20-25 മിനിട്ടുകൾ യാതൊരു വിധ സംഭാഷണങ്ങളുമില്ലാത്ത ഈ ചിത്രം തുടങ്ങുന്നത് അവസാനമില്ലാത്ത ഇരുട്ടിൽ നിന്നാണ് . ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ മനുഷ്യന്റെ ഉല്പത്തിയിൽ തുടങ്ങി ബഹിരാകാശത്തിലേക്കുള്ള അവന്റെ യാത്രയിലൂടെ സഞ്ചരിച്ച് പ്രപഞ്ചത്തിലെ ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത അനന്തരഹസ്യങ്ങളുടെ പൂട്ടുകൾ തുറന്ന് അറിവിന്റെ പാരമ്യതയിലെത്തി നില്ക്കുന്ന ഒരു അത്ഭുത പ്രഹേളികയായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം . സ്റ്റാൻലി കുബ്രിക്ക് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ ഓർമക്ക് മുമ്പിൽ പ്രണാമം .

▪മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചിത്രത്തിലെ The Dawn of Man എന്ന ആദ്യ ഭാഗത്ത് മനുഷ്യന്റെ പരിണാമത്തിന് മുൻപ് പരസ്പരം പോരാടുന്ന ആൾക്കുരങ്ങുകൾക്കിടയിൽ എന്താണെന്നറിയാത്ത ഒരു Monolith പ്രത്യക്ഷപ്പെടുകയും അത് അവയുടെ പരിണാമത്തിന് സഹായകമാകുകയും ചെയ്യുന്നു . നിരവധി മില്യൺ വർഷങ്ങൾക്ക് ശേഷം സമാനമായ ഒരു Monolith ചന്ദ്രനിലേക്ക് പോയ ബഹിരാകാശ സഞ്ചാരികൾ കണ്ടെത്തുന്നു .Jupiter Mission എന്ന രണ്ടാം ഭാഗത്ത് Discovery one എന്ന സ്പെയ്സ് ക്രാഫ്റ്റിൽ ജൂപ്പിറ്റർ ഗ്രഹത്തിലേക്ക് യാത്ര തിരിക്കുന്ന അഞ്ച് പേരുടെ കഥ പറയുന്നു.HAL 9000 എന്ന സൂപ്പർ കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന ആ സ്പെയ്സ് ക്രാഫ്റ്റിൽ മൂന്നു പേർ ക്രയോജനിക് ഹൈബർനേഷനിലാണ് .എന്നാൽ  HAL 9000 ന്റെ പിഴവ് മൂലം ആ യാത്ര അപ്രതീക്ഷിതമായ സംഭവങ്ങളിലേക്ക് നീങ്ങുന്നു . മൂന്നാം ഭാഗമായ Jupiter and beyond the infinite ൽ ജൂപ്പിറ്ററിന് ചുറ്റുമുള്ള ഓർബിറ്റിൽ കണ്ടെത്തിയ മറ്റൊരു Monolith ഒരു അസ്ട്രോനട്ട് പിന്തുടരുന്നു .എന്നാൽ അയാൾ അവസാനമില്ലാത്ത പ്രപഞ്ചത്തിന്റെ നിഗൂഢതയിലേക്ക് വലിച്ചെടുക്കപ്പെടുകയും പ്രകാശവർഷങ്ങളിലൂടെ സഞ്ചരിച്ച് അവസാനം ഒരു മുറിയിൽ എത്തിപ്പെടുകയും ചെയ്യുന്നു . പല രീതിയിൽ വ്യത്യസ്ത തലങ്ങളിൽ വിശദീകരിക്കാവുന്ന ഒരു ക്ലൈമാക്സ് ആണ് ചിത്രത്തിനുള്ളത് . അതെന്താണ് എന്ന് ചിത്രം കണ്ട് തന്നെ മനസ്സിലാക്കുക .

▪ഈ ചിത്രത്തിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം .ചിത്രത്തിൽ കാണിക്കുന്ന Monolith എന്താണ് ? അത് എവിടെ നിന്ന് വന്നു ?ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണ് അർത്ഥമാക്കുന്നത് ? ഒന്ന് മാത്രം പറയാം .ലോകം അവസാനിക്കുന്നിടത്തോളം ഈ ചിത്രത്തിന്റെ വ്യാഖ്യാനങ്ങളും തുടർന്നുകൊണ്ടിരിക്കും .ഈ ചിത്രം പൂർണമായും മനസ്സിലാക്കാനുള്ള വളർച്ച മനുഷ്യൻ ചിത്രം ഇറങ്ങി 50 വർഷത്തോളമായിട്ടും നേടിയിട്ടില്ല എന്നതാണ് സത്യം .ഇന്നത്തെപ്പോലെ സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടില്ലാത്ത 1968ൽ ചിത്രീകരിച്ച ചിത്രമാണന്ന് വിശ്വസിക്കാനാവുന്നില്ല. എങ്ങനെ ഇതെല്ലാം ദൃശ്വവല്ക്കരിച്ചു എന്ന് ആരും അതിശയിച്ചു പോകും .അഭിനേതാക്കളോ സംഭാഷണങ്ങളോ ഇല്ലാതെ ദ്യശ്യങ്ങളും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും മാത്രം ഉപയോഗിച്ച് ഭൂരിഭാഗം രംഗങ്ങളും  ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ലോകസിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണം .

🔹AMAZING CINEMA RATING : 5/5 (Excellent)
©PRADEEP V K

5.0 Star (Excellent) · Drama · English · Epic · USA

63. SCHINDLER’S LIST (USA/EPIC DRAMA/1993)

🔹AMAZING CINEMA # 63

🔹SCHINDLER’S LIST (USA/English/1993/Epic Drama/197Min/Dir: Steven Spielberg/Starring: Liam Neeson, Ben Kingsley, Ralph Fiennes)

🔹SYNOPSIS 🔹

▪സ്റ്റീവൻ സ്പിൽബർഗ് എന്ന സംവിധായകനെ അറിയാത്തവരായി ആരും ഉണ്ടാവില്ല .ജുറാസിക് പാർക്ക് എന്ന ചിത്രം കൊണ്ട് ലോകമെമ്പാടും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ ഏറ്റവും ബ്രില്യൻറ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് SCHINDLER’S LIST. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികൾ ലക്ഷക്കണക്കിന് ജൂതൻമാരെ കൊന്നൊടുക്കിയതും അന്നത്തെ ലേബർ ക്യാമ്പുകളിലെ ക്രൂരതകളും നിരവധി സിനിമകൾക്ക് പ്രചോദനമായിട്ടുണ്ട് .എന്നാൽ അന്ന് നടന്ന സംഭവങ്ങളുടെ ഭീകരത ഏറ്റവും റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം നിരവധി ഓസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട് .

▪രണ്ടാം ലോക മഹായുദ്ധകാലത്ത് പണത്തിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ,യുദ്ധം ഒരു സഹായമായി കാണുന്ന ഒരു നാസി ബിസിനസുകാരനായിരുന്നു ഓസ്കാർ ഷിൻഡ്ലർ .അതിക്രൂരനായ നാസി മിലിട്ടറി മേജർക്ക് പണം വാരിക്കോരി നല്കി ജൂതൻമാരെ അദ്ദേഹം തന്റെ കമ്പനിയിലെ ജോലിക്കാരാക്കുന്നു .എന്നാൽ പിന്നീട് ജൂതൻമാരെ സ്ത്രീകളെയും കുട്ടികളെയും അടക്കം ക്രൂരമായി കൊന്നൊടുക്കുന്ന കാഴ്ച കണ്ട് മനസ് മാറുന്ന അദ്ദേഹം തന്റെ കമ്പനിയിലെ ജൂതൻമാരെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ .മനസ്സ് മരവിപ്പിക്കുന്ന നിരവധി രംഗങ്ങൾ നിറഞ്ഞ ഈ ചിത്രം നിറഞ്ഞ കണ്ണുകളോടെയല്ലാതെ നിങ്ങൾക്ക് കണ്ട് തീർക്കാൻ കഴിയില്ല . 

▪LIAM NEESON, RALPH FIENNES, BEN KINGSLEY തുടങ്ങിയവരുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രത്തിൽ  അഭിനയിച്ച ഓരോ നടീനടൻമാരും ചിത്രത്തിന് കാഴ്ചവച്ച അർപ്പണ മനോഭാവം അവിശ്വസനീയമാണ് . പതിനായിരത്തോളം ജൂതന്മാരുടെ ശവശരീരങ്ങൾ ഒന്നിച്ച് കത്തിക്കുന്ന ദൃശ്യം , ലേബർ ക്യാമ്പിൽ നിന്ന് രക്ഷപെടാൻ കക്കൂസിന്റെ കുഴിയിൽ ചാടുന്ന ബാലൻ ,ജോലിക്കിടയിൽ ഒന്ന് നിന്ന് പോയാൽ വെടിവെച്ച് കൊല്ലുന്ന രംഗങ്ങൾ ഇവയെല്ലാം മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല . ഇവയെല്ലാം ഇതിലധികവും യഥാർത്ഥത്തിൽ സംഭവിച്ചതാണ് എന്ന യാഥാർത്ഥ്യം നാം ഇന്ന് ജീവിക്കുന്ന ഈ ലോകത്തെ കൂടുതൽ സ്നേഹിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. തീർച്ച.

▪അവസാനമായി ഒന്നു പറയട്ടെ .റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നഗ്നതയും വയലൻസും വളരെയധികം ദൃശ്യവൽക്കരിച്ചിട്ടുണ്ട് .എന്നാൽ ആ ദൃശ്യങ്ങൾ മനസ്സിനുള്ളിൽ വിങ്ങൽ മാത്രമേ സൃഷ്ടിക്കൂ. താൻ ആഗ്രഹിക്കുന്ന വികാരങ്ങൾ പ്രേക്ഷകന്റെ ഉള്ളിൽ തോന്നിപ്പിക്കാനുള്ള സംവിധായകന്റെ കഴിവ് എന്താണെന്ന് ഈ ചിത്രം നമുക്ക് കാട്ടിത്തരുന്നു .ഈ ചിത്രം ഇന്ന് ഇന്ത്യൻ സെൻസർ ബോർഡിന് മുന്നിൽ എത്തിയാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ .

🔹AMAZING CINEMA RATING : 5/5 (EXCELLENT)

© PRADEEP V K (AMAZING CINEMA)

5.0 Star (Excellent) · Drama · English · USA

4. THE SHAWSHANK REDEMPTION (USA/DRAMA/1994)

🔹AMAZING CINEMA # 4 
Movie Title : The Shawshank Redemption
Country : USA
Year : 1994
Directed By :  Frank Darabont
Running Time : 142min
IMDB Rating : 9.3/10
Rotten Tomatoes : 91%
🔹 SYNOPSIS 🔹

▪The Shawshank Redemption is one of the finest movies made in Hollywood with a very great and deep message. This movie revolves around the bonding between two imprisoned men and their eventual redemption on the foundation of hope. The tag line of the movie itself shows what is inside : FEAR CAN HOLD YOU PRISONER. HOPE CAN SET YOU FREE. Watch it to see what hope can give a person ultimately.

🔹AMAZING CINEMA RATING : 5/5