Uncategorized

202. അപാരതയുടെ പൂമരം

#സിനിമVsസിനിമ
Post No.1

🔰അപാരതയുടെ പൂമരം🔰

🔸സിനിമ ഏറ്റവും ജനകീയമായ വിനോദോപാദി എന്ന നിലയിൽ മാത്രമല്ല പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടെന്ന് ചിന്തകളുടെ കൂമ്പാരം നിറയ്ക്കാൻ കഴിവുള്ള മാധ്യമമെന്ന നിലയിലും പ്രസക്തമാണ്. നമുക്ക് നേരിട്ടറിയാത്ത എന്തിനെക്കുറിച്ചും ഒരു മുൻധാരണ സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയും എന്നത് വാസ്തവമാണ്. അത്തരം മുൻധാരണകൾ ചിലപ്പോൾ ശരിയും മറ്റ് ചിലപ്പോൾ പൂർണമായും തെറ്റും ആകാം. അതിന് സിനിമയെ കുറ്റപ്പെടുത്താനുമാകില്ല. കാരണം സിനിമ സംവേദനം ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകണമെന്ന് ഒരിക്കലും നിർബന്ധിക്കാനാകില്ല. യാഥാർത്ഥ്യവും ഫാന്റസിയും നോയറും എല്ലാമടങ്ങിയതാവും സിനിമ. നമ്മുടേതല്ലാത്ത മറ്റൊരു ലോകത്ത് നടക്കുന്നതോ നമുക്ക് ഒട്ടും പരിചിതമല്ലാത്ത മറ്റൊരു കാലഘട്ടത്തിൽ സംഭവിക്കുന്നതോ അല്ലെങ്കിൽ ലോകത്തിന്റെ മറ്റേതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്നതോ ആയ ഒരു കഥ ചിത്രീകരിക്കുമ്പോൾ സംവിധായകന് തനിക്കിഷ്ടമുള്ള രീതിയിൽ സിനിമയെ മുന്നോട്ട് കൊണ്ട് പോകാനാവും. എന്നാൽ നമുക്ക് പരിചിതമായ ഒരു സ്ഥലവും പശ്ചാത്തലവും സിനിമയിൽ ചിത്രീകരിക്കുമ്പോൾ സംവിധായകൻ വളരെയധികം ജാഗ്രത്താവേണ്ടതുണ്ട് .
ഈ ഒരു പശ്ചാത്തലത്തിൽ അടുത്തിടെ മലയാളത്തിലിറങ്ങിയ രണ്ട് ക്യാമ്പസ് ചിത്രങ്ങൾ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

🔸ചിത്രം 1 : ഒരു മെക്സിക്കൻ അപാരത (2017)

🔸സമര ചരിത്രങ്ങൾ ധാരാളം പറയാനുള്ള എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജിൽ നടക്കുന്ന രണ്ട് പാർട്ടിയിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങളും അവസാനം വർഷങ്ങളായി ഭൂരിപക്ഷമുള്ള പാർട്ടിയിൽ നിന്നും എതിർ പാർട്ടി ശക്തമായ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. ഇത്രയും പറഞ്ഞപ്പോൾ തന്നെ കോളേജിന്റെയും പാർട്ടികളുടേയും പേര് എല്ലാവരും മനസ്സിലാക്കുമെന്ന് ഉറപ്പാണ്. സിനിമയിൽ വന്നപ്പോൾ മഹാരാജാസ് കോളേജ്, മഹാരാജാ കോളേജായും എസ് എഫ് ഐ, എസ് എഫ് വൈ ആയും കെ എസ് യു, കെ എസ് ക്യു ആയും മാറി എന്നതാണ് ആകെ വ്യത്യാസം. ഏത് പാർട്ടി ആയാലും ഒരു കാര്യത്തിൽ മാത്രം സാമ്യമുണ്ട്. ഒരു വിദ്യാർത്ഥി പോലും അധ്യാപകർക്ക് എന്തെങ്കിലും വില കൊടുക്കുന്നത് കണ്ടതേയില്ല. ആരെ എന്ത് ചെയ്തിട്ടായാലും സ്വന്തം പാർട്ടി ഇലക്ഷനിൽ ജയിക്കണം എന്നത് മാത്രമാണ് എല്ലാവരുടേയും ചിന്ത. അവരുടെ മനസ്സ് പോലെ തന്നെ ചതിയും വഞ്ചനയും നിറഞ്ഞ കിടമത്സരങ്ങളിലൂടെയും ആരുടേയൊക്കെയോ വിജയപരാജയങ്ങളിലൂടെയും ചിത്രം അവസാനിക്കുന്നു.

🔸ചിത്രം 2 : പൂമരം (2018)

🔸പൂമരത്തിന്റെ കഥ നടക്കുന്നത് മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവ വേദികളിലാണ്. കൂടുതൽ പോയിൻറ് നേടുന്നതിന് വേണ്ടി മുൻ വർഷത്തെ ജേതാക്കളായ സെൻറ് തെരേസാസ് കോളേജും മഹാരാജാസ് കോളേജും തമ്മിലുള്ള കലാമത്സര പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. സാധാരണ ക്യാമ്പസുകളിൽ കാണുന്നത് പോലെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരും അല്ലാത്തവരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ നമുക്ക് ചിത്രത്തിൽ കാണാം. കലയെ സ്നേഹിക്കുന്നതോടൊപ്പം അധ്യാപകരെ ബഹുമാനിക്കാനും അവർക്കറിയാം. മനോഹരമായ ഒരു കവിത പോലെ ഹൃദയത്തെ തൊട്ടുരുമ്മി ഏവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒരു ക്ലൈമാക്സിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.

🔸അപാരതയോ പൂമരമോ?

🔸ഒരു മെക്സിക്കൻ അപാരതയും പൂമരവുമായി കഥയിലോ ട്രീറ്റ് മെൻറിലോ ടാർജറ്റഡ് ഓഡിയൻസിലോ യാതൊരു ബന്ധവുമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു സിനിമയുടെ മൂല്യം ഞാനളക്കുന്നത് അത് കണ്ട് കഴിയുമ്പോൾ മനസ്സിന് ലഭിക്കുന്ന ഫീൽ കൊണ്ടാണ്. അത് ഓരോ ചിത്രങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഒരു സിനിമയുടെ യഥാർത്ഥ വിജയം നിർണയിക്കപ്പെടുന്നത് സംവിധായകൻ ആ സിനിമ കൊണ്ട് ഉദ്ദേശിക്കുന്ന അതേ ഫീൽ ചിത്രം കണ്ട് കഴിയുന്ന പ്രേക്ഷകനും ലഭിക്കുമ്പോഴാണ്. പൂമരം എന്ന ചിത്രം യുവജനോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളവരായാലും അല്ലെങ്കിലും ഏതൊരു വ്യക്തിയുടേയും കലാലയ സ്മരണകൾ ഉണർത്താൻ പോന്നതാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ മഹാരാജാസ് പോലുള്ളൊരു കോളേജിൽ പഠിക്കാൻ കഴിയാത്തതിന്റെ വ്യസനവുമായാണ് തിയേറ്റർ വിട്ടിറങ്ങിയത്. അതേ സമയം ഒരു മെക്സിക്കൻ അപാരത കണ്ട് കഴിഞ്ഞപ്പോൾ മഹാരാജ പോലൊരു കോളേജിൽ അബദ്ധത്തിൽ പോലും കയറിനിട വരരുതേ എന്ന പ്രാർത്ഥനയാണ് മനസ്സിലുണ്ടായത്.

🔸കലാലയം എന്നാൽ കലകളുടെ ആലയം എന്നാണ് വിവക്ഷിക്കുന്നത്. ഒരു ആർട്സ് കോളേജിനെ കലാലയം എന്ന് വിളിക്കുന്നത് ആ ഒരർത്ഥത്തിൽ കൂടിയാണെന്ന് ഒ മെ അ യുടെ സംവിധായകൻ മറന്ന് പോയി. ഒ മെ അ യിലും യുവജനോത്സവം ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അത് രണ്ട് യൂണിയൻകാർക്ക് സ്വന്തം ശക്തി തെളിയിക്കാൻ വേണ്ടി മാത്രമുള്ള വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നു. ഒ മെ അ യിൽ കണ്ടത് പോലെ നിലവാരമില്ലാതെ ഒരു കോളേജ് ചിത്രീകരണം മറ്റൊരു ചിത്രത്തിലും ഞാൻ കണ്ടിട്ടില്ല. ഒ മെ അ യെപ്പോലെ പൂമരം ചിലപ്പോൾ ശ്രദ്ധിക്കപ്പെട്ടില്ലായിരിക്കാം. പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച കലാലയ ചിത്രങ്ങളിൽ മുൻപന്തിയിൽ പൂമരം പൂത്തുലഞ്ഞ് നില്ക്കും എന്നുറപ്പാണ്.

©️ PRADEEP V K

Advertisements
Uncategorized

201. സാലോയും ധർമ്മപുരാണവും: ഒരു താരതമ്യ പഠനം

#CinemaVsLiterature
Post No. 1

🔸സാലോയും ധർമ്മപുരാണവും : ഒരു താരതമ്യ പഠനം🔸

🔰ഓരോ രാജ്യങ്ങൾക്കും അവർ ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത ഇരുണ്ട ഭൂതകാലങ്ങളുണ്ട്. ജർമനിയിലെ നാസി ഭരണകാലമായാലും ഇന്ത്യയിലെ അടിയന്തരാവസ്ഥയായാലും ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് അക്കാലത്ത് നടമാടിയത്. ആ കാലഘട്ടം പല ലോകരാജ്യങ്ങളിലെയും നിരവധി സിനിമകൾക്കും പുസ്തകങ്ങൾക്കും പ്രചോദനമായിട്ടുമുണ്ട്. അക്കൂട്ടത്തിൽ നിന്ന് പലതു കൊണ്ടും സാമ്യമുള്ള രണ്ട് പേരുകൾ ഞാനവതരിപ്പിക്കട്ടെ. ഒന്ന് 1975 ൽ റിലീസായ പിയർ പൗലോ പസ്സോളിനി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം സാലോ ഓർ 120 ഡേയ്സ് ഓഫ് സോഡോം (SALO OR 120 DAYS OF SODOM ) യും മറ്റൊന്ന് അതേ കാലഘട്ടത്തിൽ തന്നെ എഴുതപ്പെട്ട ഒ.വി.വിജയൻ രചിച്ച മലയാളനോവൽ ധർമ്മപുരാണവുമാണ്.

🔰1943-45 കാലഘട്ടത്തിൽ ഇറ്റലിയിലെ ജർമൻ അധിനിവേശ കാലത്ത് ഫാസിസ്റ്റ് സ്റ്റേറ്റ് ആയിരുന്ന റിപ്പബ്ലിക് ഓഫ് സാലോയിൽ നാല് ഫാസിസ്റ്റുകൾ ചേർന്ന് പതിനെട്ട് ടീനേജേഴ്സിനെ പിടികൂടി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കുന്നതാണ് സാലോയുടെ ഇതിവൃത്തം. ദി 120 ഡേയ്സ് ഓഫ് സോഡോം എന്ന ഫ്രഞ്ച് നോവലിനെ ആധാരമാക്കിയ ഈ ചിത്രം നാല് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അങ്ങേയറ്റത്തെ സാഡിസവും ഫാസിസവും ടോർച്ചറും സെക്സും ക്രൂരമായ പീഡനങ്ങളും നിറഞ്ഞ ഈ ചിത്രം ഒറ്റയിരിപ്പിന് കണ്ട് തീർക്കാൻ ആരെകൊണ്ടും സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്.

🔰1975 ൽ തന്നെ ഒ വി വിജയൻ ധർമ്മപുരാണം എഴുതിത്തീർത്തിരുന്നുവെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് മൂലം രണ്ട് വർഷത്തിന് ശേഷമാണ് മലയാളനാട് വാരികയിൽ പ്രസിദ്ധീകരണം ആരംഭിച്ചത്. അന്നേവരെ മലയാള നോവൽ സാഹിത്യം കണ്ടതിൽ നിന്നും വളരെയധികം വിഭിന്നമായിരുന്നു ധർമ്മപുരാണം. ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷമിറങ്ങുന്ന ഒ വി വിജയന്റെ നോവൽ എന്ന നിലയിൽ ധർമ്മപുരാണം വായിക്കാൻ തുടങ്ങിയ വായനക്കാർ നോവലിലെ ആദ്യ വാചകം തന്നെ വായിച്ച് ഞെട്ടി . “ധർമപുരിയിലെ ശാന്തിഗ്രാമത്തിലെ പ്രജാപതിക്ക് തൂറാൻ മുട്ടി” ഇതായിരുന്നു ആ വാചകം. തുടർന്ന് വായിച്ചവർ തീട്ടം, ലിംഗം, യോനി, സംഭോഗം തുടങ്ങിയ വാക്കുകളുടെ അതിപ്രസരവും കേട്ടാലറയ്ക്കുന്ന മലം തീറ്റയുടെ കഥകളും വായിച്ച് അന്തിച്ചിരുന്നു.

🔰ധർമപുരി എന്ന രാജ്യത്തെ സ്വേച്ഛാപതിയായ പ്രജാപതി എന്ന വയസ്സന്റെ ക്രൂരമായ ലീലാവിലാസങ്ങളും അയാൾ കൊണ്ട് വന്ന അടിയന്തരാവസ്ഥ മൂലം ആ രാജ്യത്ത് നടമാടിയ ഭീകരമായ മനുഷ്യ പീഡനങ്ങളുടേയും വിവരണമാണ് പുസ്തകം പ്രമേയമാക്കിയിരിക്കുന്നത്. ധർമ്മപുരാണം എന്ന പേരിനെത്തന്നെ ക്രൂരമായ ഫലിതം എന്ന് വിളിക്കാം. പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് നോവലിലെ മിക്ക കഥാപാത്രങ്ങൾക്കും നല്കിയിരിക്കുന്നത്. സിദ്ധാർത്ഥൻ, പരാശരൻ, ജരൽക്കാരു, ഹയവദനൻ, രുമണ്വാൻ എന്നിവ അവയിൽ ചിലത് മാത്രം. ധർമപുരിയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഗവൺമെൻറും രാഷ്ട്രീയക്കാരും പട്ടാളവും ഉദ്യോഗസ്ഥരും മാധ്യമങ്ങളും എല്ലാം അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ഒറ്റക്കെട്ടാണ്. പ്രജാപതിയുടെ വിസർജ്യം പ്രസാദമായി കരുതി ഭക്ഷിക്കുന്നവരാണ് മേൽ പറഞ്ഞവരെല്ലാം. അയൽ രാജ്യങ്ങളായ താർത്താരി കുടിയരശും വെള്ള സംയുക്തനാടുകളും പ്രജാപതിയെ സഹായിക്കാനുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രതിസന്ധി(അടിയന്തരാവസ്ഥ) പ്രഖ്യാപിക്കപ്പെടുന്നതോടെ അരാജകത്വം കൊടികുത്തി വാഴുന്ന ധർമപുരിയിൽ രൂക്ഷമായ പട്ടിണിയോടൊപ്പം ശവരതിയും നരമാംസഭോജനവും അടക്കം കേട്ടാലറയ്ക്കുന്ന നിരവധി സംഭവങ്ങൾ അരങ്ങേറുന്നു. അതിനിടയിലേക്ക് നന്മയുടെ തിരിനാളവുമായി എത്തുന്ന സിദ്ധാർത്ഥൻ എന്ന പരദേശി രാജാവിന്റെ കണ്ണിലൂടെയാണ് നാം കാണുന്ന ധർമപുരി നോവലിസ്റ്റ് വരച്ചിടുന്നത്.

🔰സാലോ എന്ന സിനിമ കാണുന്നവർ ആദ്യം ചിന്തിച്ച് പോകുന്നത് ഇത്തരം ഒരു ചിത്രത്തിലൂടെ സംവിധായകൻ എന്താണ് പറയാനുദ്ദേശിക്കുന്നത് എന്നാണ്. അതേ ചോദ്യം തന്നെയാണ് ധർമപുരാണം വായിക്കുന്ന ഒരാളിനും ചോദിക്കാനുണ്ടാവുക. ഫാസിസത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും മറ്റൊരു വശം ക്രൂരമായ ലൈംഗികാതിക്രമങ്ങളായിരിക്കും എന്നത് വാസ്തവമാണ്. അത്തരത്തിൽ തങ്ങളുടെ ഭ്രാന്തമായ ലൈംഗിക ത്യഷ്ണകൾ പൂർത്തീകരിക്കാനും ഇരകളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്താനും ശ്രമിക്കുന്ന ഒരു കൂട്ടം ഫാസിസ്റ്റുകളുടെ കഥയാണ് സാലോയിൽ പറയുന്നത്. ഫാസിസത്തിനെതിരെ ഒരു കലാകാരന്റെ അതിതീവ്രമായ പ്രതികരണമായി ആ ചിത്രത്തെ കാണാം.

🔰മറുവശത്ത് ധർമപുരാണവും ഏതാണ്ട് അതേ ഉദ്ദേശ്യത്തോടെ തന്നെ എഴുതപ്പെട്ടതാണ്. ഹിറ്റ്ലറുടെ നാസി ഭരണവും ഇന്ത്യയിലെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച അക്കാലത്തെ ഭരണസംവിധാനവും ഒരേ നാണയത്തിന്റെ വശങ്ങളാണെന്ന ഒ.വി. വിജയന്റെ തോന്നലുകളാവാം ഇത്തരം ഒരു പുസ്തകമെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ പിന്നീട് ഇത്രയും കടുത്ത ഭാഷയിൽ എഴുതിപ്പോയതിൽ അദ്ദേഹം സ്വയം തിരുത്താൻ ശ്രമിച്ചതായും കാണാം. എന്തു തന്നെയായാലും ധർമപുരാണത്തിന് തുല്യം ധർമപുരാണം മാത്രമേയുള്ളൂ. വായനക്കാരിൽ ഇത്രയധികം വെറുപ്പും മാനസിക സമ്മർദ്ദവും സൃഷ്ടിക്കുമ്പോൾ തന്നെ അതിശക്തമായ കുറിക്ക് കൊള്ളുന്ന ഭാഷയിൽ വിമർശന ശരങ്ങൾ തൊടുത്ത് വിടാനും ധർമപുരാണത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തായാലും സമൂഹത്തിൽ തങ്ങൾക്ക് ചുറ്റും അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ തങ്ങളുടെ മാധ്യമത്തിലൂടെ അതേ നാണയത്തിൻ തന്നെയുള്ള ലോകത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള രണ്ട് കലാകാരൻമാരുടെ പ്രതികരണങ്ങളായി സാലോ എന്ന സിനിമയേയും ധർമപുരാണം എന്ന നോവലിനെയും കാണാവുന്നതാണ്.

©️ PRADEEP V K

4.0 Star (Very Good) · Drama · English · Epic · Uncategorized · USA

13. THE LAST TEMPTATION OF CHRIST (USA/EPIC DRAMA/1988)

🔹 13. THE  LAST TEMPTATION OF CHRIST  (USA/English/1988/Epic Drama/162 Min/Dir: Martin Scorsese/Stars: Willem Dafoe, Barbara Hershey)

🔹 SYNOPSIS 🔹

▪  ജീസസിന്റെ ജീവിതത്തെ ആധാരമാക്കി മിക്ക ഭാഷകളിലും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അവയെല്ലാം ഏതാണ്ട് ഒരേ കഥ തന്നെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചവ ആയിരുന്നു .ബൈബിളിലെ സുവിശേഷങ്ങളെ ആധാരമാക്കി ജീസസിന്റെ ജനനവും മിശിഹാ ആയുള്ള വളർച്ചയും കുരിശുമരണവും ഉയർത്തെഴുന്നേല്പും വിവരിക്കുന്നവയായിരുന്നു  അത്തരം ചിത്രങ്ങൾ. അത് കൊണ്ട് തന്നെ അത്തരം ചിത്രങ്ങൾക്ക് കത്തോലിക്കാ സഭയുടേയും ക്രിസ്തീയ സംഘടനകളുടേയും അനുഗ്രഹാശിസ്സുകളും ലഭിച്ചിരുന്നു. എന്നാൽ വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രം അവയിൽ നിന്നെല്ലാം ഒരു പാട് വ്യത്യസ്തമായിരുന്നു .പ്രധാന വ്യത്യാസം ഈ ചിത്രം ബൈബിൾ സുവിശേഷങ്ങൾ ആധാരമാക്കിയതായിരുന്നില്ല എന്നതായിരുന്നു. 1955 ൽ നിക്കോസ് കസൻസാക്കിസ് എന്ന ഗ്രീക്ക് എഴുത്തുകാരന്റെ അതേ പേരിലുള്ള പുസ്തകമായിരുന്നു ഈ ചിത്രത്തിന് ആധാരം .

▪ റോമൻ ഭരണത്തിൽ കീഴിലുള്ള യഹൂദയിലെ മരപ്പണിക്കാരനായിരുന്നു നസ്രേത്തിലെ ജീസസ്. മാനുഷികമായ വികാരങ്ങൾക്കും ദൈവത്തിന്റെ വെളിപാടുകൾക്കും ഇടയിൽപ്പെട്ട് എന്താണ് തന്റെ കർത്തവ്യം എന്ന് മനസ്സിലാക്കാനാവാതെ ഉഴലുന്ന അദ്ദേഹത്തിന്റെ ജോലി റോമാക്കാർക്ക് വേണ്ടി ജൂതൻമാരെ കുരിശിലേറ്റാനുള്ള മരക്കുരിശുകൾ നിർമ്മിക്കുന്നതായിരുന്നു. എന്നാൽ റോമക്കാർക്കെതിരെ വിമത പോരാട്ടം നടത്തുന്ന ജൂദാസിന്റ പ്രേരണയാൽ ജീസസ് മനുഷ്യകുലത്തിന്റെ മിശിഹാ ആയി മാറുകയും വിമതരുടെ നേതാവാകുകയും ചെയ്യുന്നു . 

▪ പല തരം അത്ഭുത പ്രവൃത്തികളിലൂടെ ജനങ്ങളുടെ വിശ്വാസം നേടുന്ന അദ്ദേഹം റോമാ സാമ്രാജ്യത്തിന്റെ കണ്ണിലെ കരടായി മാറുന്നു .ഇതിനിടയിൽ സാത്താന്റെ നിരവധി പ്രേരണകളെ അതിജീവിക്കുന്ന ജീസസ് തന്റെ അവസാനത്തെ നിയോഗം എന്താണെന്ന് മനസ്സിലാക്കുന്നു. റോമാ സാമ്രാജ്യത്തിനെതിരെ ഭീഷണിയുയർത്തിയെന്നാരോപിച്ച് കുരിശിലേറ്റപ്പെടുന്ന ജീസസിന് മുന്നിൽ അവസാനത്തെ പ്രലോഭനവുമായി അദ്ദേഹത്തിന്റെ കാവൽ മാലാഖ എത്തുന്നു .ഒരു മനുഷ്യനും അതിജീവിക്കാനാവാത്ത ആ പ്രലോഭനത്തെ അതിജീവിക്കാൻ ജീസസിന് കഴിയുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .

🔹 DIRECTION & PERFORMANCES🔹

▪ മാർട്ടിൻ സ്കോർസെസെയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്. ഈ ചിത്രം അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ നേടിക്കൊടുത്തിരുന്നു. കടുത്ത വിവാദം സൃഷ്ടിക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ നോവലിനോട് പൂർണമായും നീതി പുലർത്തി വിട്ടുവീഴ്ചകളൊന്നുമില്ലാതെ ഈ സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം സമ്മതിക്കാതെ തരമില്ല. ജീസസായി വിഖ്യാത നടൻ വില്യം ഡാഫോ മികച്ച അഭിനയം കാഴ്ചവച്ചു .പല വിധ അവസ്ഥകളിലൂടെ കടന്ന് പോകുന്ന ആ കഥാപാത്രം ഡാഫോയുടെ കയ്യിൽ ഭദ്രമായിരുന്നു. ജീസസിന്റെ ആത്മാർത്ഥ സുഹൃത്തായ ജൂദാസിന്റെ വേഷം ഹാർവെ കെയ്റ്റൽ അവതരിപ്പിച്ചപ്പോൾ ജീസസിന്റെ മനം കവർന്ന മഗ്ദലന മറിയമായി ബാർബറ ഹെർഷെ ചിത്രത്തിൽ നിറഞ്ഞ് നിന്നു .പീറ്റർ ഗബ്രിയേലിന്റെ വ്യത്യസ്തമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുവാൻ പര്യാപ്തമായിരുന്നു.

🔹BEHIND THE SCENES🔹

▪ സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം നിരോധനങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന ചിത്രമാണിത് .പല ക്രിസ്ത്യൻ രാജ്യങ്ങളിലും ഇന്നും ഈ ചിത്രത്തിനുള്ള നിരോധനം തുടരുന്നുണ്ട് . കത്തോലിക്കാ സഭയും നിരവധി ക്രൈസ്തവ ഗ്രൂപ്പുകളും നിരോധിച്ച ഈ ചിത്രം റിലീസ് ചെയ്ത തിയേറ്ററുകൾ പ്രക്ഷോഭകാരികൾ തീ വെയ്ക്കുക വരെ ചെയ്തിട്ടുണ്ട് . അതോടെ ധാരാളം തിയേറ്ററുകൾ പ്രദർശനത്തിൽ നിന്ന് പിന്മാറുകയും അത് ചിത്രത്തെ സാമ്പത്തിക പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. എതിർപ്പുകൾ ഭയന്ന് ചിത്രത്തിന്റെ സി ഡി കൾ പോലും സൂക്ഷിക്കാനും വിതരണം ചെയ്യാനും കമ്പനികൾ തയ്യാറായില്ല .ചിത്രത്തിന്റെ വിതരണക്കാരായ യൂണിവേഴ്സൽ പിക്ച്ചേഴ്സിൽ നിന്ന് ചിത്രത്തിന്റെ നെഗറ്റീവ് വില കൊടുത്ത് വാങ്ങി നശിപ്പിക്കാൻ വരെ ഒരാൾ മുന്നിട്ടിറങ്ങിയത് അന്ന് വാർത്തയായിരുന്നു.

▪ ഇത്രയൊക്കെ എതിർപ്പും പ്രക്ഷോഭവും എന്തുകൊണ്ടായിരുന്നു എന്ന് ചോദിച്ചാൽ ചിത്രം പൂർണമായും കണ്ട ആളെന്ന നിലയിൽ അതെല്ലാം വെറും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു എന്ന് ധൈര്യമായി ഞാൻ പറയും. കാരണം ചിത്രത്തെ എതിർത്തവരിൽ ഒരു ശതമാനം പോലും ഈ ചിത്രം പൂർണമായി കണ്ടിട്ടില്ല എന്ന് ഉറപ്പാണ് . ബൈബിളിൽ നിന്ന് വിഭിന്നമായി ഭയം, വെറുപ്പ്, പ്രണയം, കാമം തുടങ്ങി എല്ലാ വിധ മാനുഷിക വികാരങ്ങളുമുള്ള ഒരു മനുഷ്യനായാണ് ജീസസിനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . മുകളിൽ പറഞ്ഞ മാനുഷിക വികാരങ്ങൾ എല്ലാം അനുഭവിച്ച് അവയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി എല്ലാവിധ പ്രലോഭനങ്ങളും അതിജീവിച്ച് ഉയർന്ന് വരുന്ന മിശിഹാ ആണ് ഈ ചിത്രത്തിലെ ജീസസ്. 

▪ ദൈവപുത്രൻ എന്നതിനേക്കാൾ ഉപരിയായി എല്ലാ വികാരങ്ങളുമുള്ള ഒരു മനുഷ്യൻ ആയിരുന്നു ജീസസ് എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു ചിത്രത്തിൽ .അതിന് തന്നെ വളരെ വ്യക്തമായ വിശദീകരണങ്ങൾ അവസാന ഭാഗങ്ങളിൽ പറയുന്നുമുണ്ട്. ചിത്രത്തിലെ ഏറ്റവും മനോഹരവും അതേ സമയം വിവാദങ്ങളുയർത്തിയതുമായ ഭാഗമാണ് അവസാനഭാഗത്തെ ‘ലാസ്റ്റ് ടെംപ്റ്റേഷൻ’. അത് എന്തായിരുന്നു എന്ന് ചിത്രം കണ്ട് തന്നെ അനുഭവിച്ചറിയേണ്ടതാണ് . ജീസസുമായി ബന്ധപ്പെട്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധത പുലർത്തുന്ന റിയലിസ്റ്റിക് ആയ ചിത്രമായാണ് ഈ ചിത്രത്തെ ഞാൻ വിലയിരുത്തുന്നത് . 

🔹VERDICT :  VERY GOOD ( A Realistic, Faithful & Controversial Epic Drama Based On The Life Of Jesus Christ )

©PRADEEP V K (AMAZING CINEMA)