4.0 Star (Very Good) · Arabic · Drama · Lebanon

193. THE INSULT (LEBANON/DRAMA/2017)

#Oscar2018MovieReviews
Post No. 5

🔰 “I wish Ariel Sharon had wiped all of you out!”
ടോണിയുടെ നാവിൽ നിന്നുതിർന്ന അപ്രതീക്ഷിതമായ ആ വാക്കുകൾ യാസറിന്റെ സമനില തെറ്റിച്ചു. ടോണി അവിടത്തെ ഭൂരിപക്ഷമായ ലെബനീസ് ക്രിസ്റ്റ്യൻ വിഭാഗക്കാരനാണെന്നും താൻ അവിടെ അനധികൃതമായി കുടിയേറിപ്പാർത്ത പാലസ്തീൻ മുസ്ലീം ആണെന്നുമൊക്കെ മറന്ന യാസറിന്റെ കൈ അടുത്ത നിമിഷം ടോണിയുടെ വാരിയെല്ലിൽ തന്നെ പതിച്ചു!

🔰ചിത്രം : ദി ഇൻസൾട്ട് THE INSULT (2017)
രാജ്യം : ലെബനൺ
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 കാർ മെക്കാനിക്കായ ടോണിയുടെ വീടിനു മുന്നിലെ റോഡിൽ യാസർ സൂപ്പർവൈസറായ കൺസ്ട്രക്ഷൻ കമ്പനി നടത്തിയ ചില വർക്കുകളാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. ടോണിയുടെ വീടിൽ നിന്നും റോഡിലേക്ക് വച്ചിരുന്ന വേസ്റ്റ് വാട്ടർ പൈപ്പ് മാറ്റി വയ്ക്കാൻ യാസർ തുനിഞ്ഞത് മുൻകോപക്കാരനായ ടോണിയെ പ്രകോപിപ്പിച്ചു. വാക്കുതർക്കത്തിനൊടുവിൽ പരസ്പരം പറഞ്ഞ വാക്കുകൾ രണ്ട് പേരെയും ഇൻസൾട്ട് ചെയ്യുന്നതായിരുന്നു. ഒരു ഒത്തുതീർപ്പിനും വഴങ്ങാത്ത ടോണിയുടെ പിടിവാശി വിഷയം കോടതിയിലെത്തിച്ചു. അതോടെ ജനങ്ങളും മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയും രണ്ട് പക്ഷത്തും ശക്തരായ വക്കീലൻമാർ രംഗത്തെത്തുകയും ചെയ്യുന്നതോടെ രണ്ട് വ്യക്തികൾ തമ്മിലുണ്ടായ ചെറിയൊരു വാക്കു തർക്കം ഒരു രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന രീതിയിലെത്തുകയും ചെയ്യുന്നു.

🔰 ആഭ്യന്തര യുദ്ധങ്ങളും ഇസ്രയേലിന്റെ കടന്നുകയറ്റവും മൂലം നിരവധി വർഷങ്ങൾ ദുരിതമനുഭവിച്ചവരാണ് ലബനീസ് ജനത. ഏരിയൽ ഷാരോൺ ഇസ്രയേൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഇസ്രയേലിന്റെ സഹായത്തോടെ നടന്ന ലബനൺ യുദ്ധത്തിൽ ആയിരക്കണക്കിന് പലസ്തീനികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ടോണിയും യാസറും കൊടിയ ദുരിതമനുഭവിച്ച രണ്ട് സമൂഹങ്ങളുടെ പ്രതിനിധികളാണ്. തങ്ങളുടെ മുൻഗാമികൾ ചെയ്ത ക്രൂരതകൾ മനസ്സിൽ കുത്തിക്കയറുന്ന മുള്ളുകളായി ഇരുവരുടേയും ഉള്ളിലുണ്ട്. അത് സമർത്ഥമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും പൂർണമായി വിജയിച്ചിട്ടുണ്ട്.

🔰 ചിത്രത്തിന്റെ കഥ നടക്കുന്നത് ലെബനിൽ ആണെങ്കിലും ലോകത്തെവിടെയും നടക്കാവുന്ന ഒരു വിഷയമാണ് അത് പ്രതിനിധാനം ചെയ്യുന്നത് . ഉദാഹരണത്തിന് കഥ ശ്രീലങ്കയിലേക്ക് പറിച്ചു നട്ടാൽ സിംഹളനും തമിഴനും ആവാം പ്രധാന കഥാപാത്രങ്ങൾ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ദേയമായ ചിത്രം 2018 ഓസ്കാറിൽ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷൻ നേടുക വഴി ആ ബഹുമതി നേടുന്ന ആദ്യ ലബനീസ് ചിത്രവുമായി .

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
3.0 Star (Above Average) · Drama · India · Malayalam

192. AAMI (INDIA/DRAMA/2018)

ചിത്രം : ആമി

🔸മാധവിക്കുട്ടിയുടെ വ്യക്തി ജീവിതം പോലെ തന്നെ മനോഹരമായ ആദ്യ പകുതിയും ലേശം നിരാശപ്പെടുത്തിയ രണ്ടാം പകുതിയും. ആമി എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽ ഇങ്ങനെ പറയാം. മഞ്ജു വാര്യർ , മുരളി ഗോപി , ടൊവിനോ തോമസ് എന്നിവരുടെ പക്വതയാർന്ന പ്രകടനമാണ് ചിത്രത്തിൽ കണ്ടത്. നീർമാതളം എന്ന് തുടങ്ങുന്ന ഗാനവും ചിത്രീകരണവും അതീവ ഹൃദ്യമായി.

🔸മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് ഇത് വരെ വലിയ താല്പര്യമൊന്നും തോന്നിയിട്ടുമില്ല. അവരുടെ ഒരു പുസ്തകവും ഞാൻ വായിച്ചിട്ടുമില്ല. പക്ഷേ ആമി എന്ന ഈ ചിത്രം മാധവിക്കുട്ടി അഥവാ കമല ദാസിനെക്കുറിച്ചുള്ള മുൻധാരണകൾ പലതും മാറ്റിമറിക്കാനും അവരോടുള്ള ബഹുമാനം വളരെ വർദ്ധിപ്പിക്കാനും കാരണമായി. ഇനി അവരുടെ പുസ്തകങ്ങൾ കഴിയുന്നത്ര വായിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതിന് തിരക്കഥാകൃത്തും സംവിധായകനുമായ കമലിനോട് പ്രത്യേക നന്ദി അറിയിക്കുന്നു.

🔸ഈ സിനിമ ഇനി കാണാൻ പോകുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ഇത് ഒരു എഴുത്തുകാരിയുടെ ജീവിത കഥയാണ്. അല്പസ്വല്പം സാഹിത്യമൊക്കെ ആസ്വദിക്കാൻ കഴിയുന്നവർ , എന്ന് വച്ചാൽ ഒരു കവിത കേട്ടാൽ ഒരു കഥ വായിച്ചാൽ അതിന്റെ ഫീലിങ്ങ് മനസ്സിലാക്കാൻ കുറച്ചെങ്കിലും കഴിയുന്നവർ മാത്രം ചിത്രം കാണുക. അല്ലാതെ ഫാന്റസി ചാലിച്ചെഴുതിയ മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ വായിച്ച് മറ്റൊരു കണ്ണിലൂടെ അവരെ നോക്കിക്കണ്ടവർ ചെയ്ത അപരാധം ദയവായി ആവർത്തിക്കാതിരിക്കുക. തിയേറ്ററിൽ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെട്ടവരുടെ പ്രതികരണങ്ങൾ കേട്ടത് കൊണ്ട് പറഞ്ഞ് പോയതാണ്.

©️ PRADEEP V K

3.5 Star (Good) · Drama · Sweden · Swedish

191. THE SQUARE (SWEDEN/DRAMA/2017)

#Oscar2018MovieReviews
Post No. 4

🔰 സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധി വൈറ്റ് കോളർ വിഭാഗക്കാർ പങ്കെടുക്കുന്ന ഒരു ഡിന്നറിനിടയിൽ ഒരു പെർഫോർമൻസ് ആർട്ട് നടക്കുന്നു. ഒരു ആൾക്കുരങ്ങിന്റെ മാനറിസങ്ങളുമായെത്തുന്ന ഒരാളാണ് അന്നത്തെ പെർഫോർമർ. ആദ്യം കാണികൾ തമാശ രൂപത്തിൽ കാണുന്നെങ്കിലും അയാൾ ആൾക്കുരങ്ങിനെപ്പോലെ വയലന്റ് ആവുകയും കളിയാക്കുന്നവരെ ഉപദ്രവിക്കുകയും ചെയ്യാൻ തുടങ്ങിയതോടെ പലരും ഭയചകിതരാവുന്നു. മനുഷ്യന്റെ യാതൊരു വിധ ഭാവങ്ങളും ഒരിക്കൽ പോലും പ്രകടിപ്പിക്കാത്ത അയാൾ മനുഷ്യനാണോ അതോ ഇനി ആൾക്കുരങ്ങാണോ?

🔰ചിത്രം : ദി സ്ക്വയർ THE SQUARE (2017)
രാജ്യം : സ്വീഡൻ
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 സ്വീഡനിലെ പ്രശസ്തമായ ഒരു ആർട്ട് മ്യൂസിയം പുതിയ കാലഘട്ടത്തിനനുസൃതമായി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ്. ക്യുറേറ്റർ ആയ ക്രിസ്റ്റ്യന്റെ നേതൃത്വത്തിൽ ദി സ്ക്വയർ എന്ന പേരിൽ ഒരു ആർട്ട് എക്സിബിഷൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അവർ. മ്യൂസിയത്തിലേക്ക് ആൾക്കാരെ ആകർഷിക്കുന്നതിന് വേണ്ടി ഒരു പ്രമോഷൻ കമ്മിറ്റിയേയും ഏർപ്പാടാക്കുന്നു. എന്നാൽ പ്രമോഷൻ കമ്മിറ്റിക്കാർ ചെയ്ത ഒരബദ്ധം ക്രിസ്റ്റ്യനും മ്യൂസിയത്തിനുമെതിരെ ജനങ്ങളിൽ ഒരു വിഭാഗം തിരിയാൻ കാരണമാകുന്നു.

🔰 90 മത്തെ അക്കാദമി അവാർഡിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ദി സ്ക്വയർ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. പ്രധാന കഥയുടെ പ്രയാണത്തിനിടയിൽ വരുന്ന പല സംഭവങ്ങളും ഇരുതലമൂർച്ചയുള്ളവയാണ്. നിരവധി ആർട്ടിസ്റ്റിക് സിംബൽസിലൂടെ മുന്നോട്ട് പോകുന്ന ചിത്രം പലപ്പോഴും ഒരു സ്വയം വിമർശനത്തിന് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് തിരക്കുള്ള ഒരു പാതയിൽ പ്ലക്കാർഡുമായി നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക എല്ലാവരോടും ചോദിക്കുന്നുണ്ട് ‘Do you want to save a life today? എന്ന്. എന്നാൽ ആ സ്ത്രീയോ അത് ശ്രദ്ധിക്കാതെ പോകുന്ന ആൾക്കാരോ തൊട്ടപ്പുറത്ത് ഒരു വൃദ്ധൻ അവശനായി കിടക്കുന്നത് ശ്രദ്ധിക്കുന്നതേ ഇല്ല!

🔰 ഒരു ആർട്ട് മ്യൂസിയത്തിന്റെ കഥയായതുകൊണ്ടാവാം പല കാര്യങ്ങളും ഇൻഡയറക്ടായാണ് ചിത്രത്തിൽ പറയുന്നത്. സാമാന്യയുക്തിയെ സംവിധായകൻ പലപ്പോഴും വെല്ലുവിളിക്കുന്നുമുണ്ട്. സംഭാഷണങ്ങളുടെ ആധിക്യവും രണ്ടര മണിക്കൂർ ദൈർഘ്യവും പ്രേക്ഷകർക്ക് മുഷിച്ചിലുണ്ടാക്കും. ചിത്രത്തിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയ രംഗം ആദ്യം പറഞ്ഞ ഡിന്നറിനിടയിലെ ആർട് പെർഫോർമൻസാണ്. പ്ലാനറ്റ് ഓഫ് ദി ഏപ്സ്, കിംഗ് കോംഗ് എന്നിവയടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ ആൾക്കുരങ്ങുകളെ അവതരിപ്പിച്ച ടെറി നോട്ടറിയുടെ ഗംഭീര പെർഫോർമൻസ് ഡിന്നറിനെത്തിയവരെപ്പോലെ പ്രേക്ഷകരെയും ഞെട്ടിക്കുമെന്നുറപ്പാണ്.

🔸റേറ്റിംഗ് : 3.5/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Drama · Russia · Russian

190. LOVELESS (RUSSIA/DRAMA/2017)

#Oscar2018MovieReviews
Post No. 3

🔰 വ്യക്തി ബന്ധങ്ങളെയും കുടുംബാംഗങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ്? അത് സ്നേഹമല്ലാതെ മറ്റൊന്നുമല്ല. അച്ഛനമ്മമാർക്ക് മക്കളോടും തിരിച്ചുമുള്ള സ്നേഹം, ഭാര്യാഭർത്താക്കൻമാരും കാമുകീകാമുകൻമാരുമായുള്ള സ്നേഹം. എന്നാൽ സ്നേഹ ശൂന്യമായ അഡ്ജസ്റ്റ്മെന്റിന് വേണ്ടി മാത്രം നിലനില്ക്കുന്ന ഒരു കുടുംബത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ.അത്തരമൊരു കുടുംബമാണ് 12 കാരനായ അലോഷ്യയുടേത്.

🔰ചിത്രം : ലൗ ലെസ്സ് (LOVELESS) (2017)
രാജ്യം : റഷ്യ
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰അച്ഛനും അമ്മയ്ക്കും അലോഷ്യ ഒരു ബാധ്യതയാണ്. അവന്റെ അപ്രതീക്ഷിത ജനനം മൂലം ചെറുപ്പത്തിൽ വിവാഹിതയാകേണ്ടി വന്നതിന് അവന്റെ അമ്മ അവനയാണ് പഴിക്കുന്നത്. ഇന്ന് അച്ഛനും അമ്മയ്ക്കും വേറെ കമിതാക്കളുണ്ട്. എങ്ങനെയെങ്കിലും വിവാഹബന്ധം വേർപെടുത്തി പ്രണയിതാക്കളോടൊപ്പം പോകണമെന്നാണ് രണ്ട് പേരും ആഗ്രഹിക്കുന്നത്. എന്നാൽ അലോഷ്യയെ രണ്ട് പേർക്കും വേണ്ട. അച്ഛനമ്മമാർ തമ്മിൽ പൊരിഞ്ഞ വഴക്ക് നടന്ന ഒരു ദിവസത്തിന്റെ പിറ്റേന്ന് അവൻ അപ്രത്യക്ഷനാകുന്നു. എവിടെയാണ് അവൻ പോയത്? സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ ആരെങ്കിലും അവനെ തട്ടിക്കൊണ്ട് പോയതാണോ?

🔰 റഷ്യയിൽ മാത്രമല്ല നമ്മുടെ നാട്ടിലടക്കം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു വിഷയത്തിന്റെ തീവ്രമായ ആവിഷ്കരണമാണ് ഈ ചിത്രം .ദമ്പതികൾ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളിൽ എന്നും വേദന അനുഭവിക്കുന്നത് കുട്ടികൾ തന്നെയാണ്. അച്ഛനുമമ്മയും തമ്മിൽ വഴക്കിടുമ്പോൾ ഭയന്ന് വിറച്ച് മുറിക്കകത്തിരുന്ന് പൊട്ടിക്കരയുന്ന കുഞ്ഞ് അലോഷ്യയുടെ കാഴ്ച നമ്മുടെ മനസ്സ് നൊമ്പരപ്പെടുത്തും. അതു പോലെ അലോഷ്യമാർ നമ്മിൽ പലരുടേയും വീടുകളിൽ ഉണ്ടെന്ന സത്യം കൂടി മനസ്സിലാക്കുമ്പോഴാണ് അതിന്റെ ഭീകരത വെളിപ്പെടുന്നത്.

🔰 ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. അത് തന്നെയാണ് സംവിധായകൻ ഉദ്ദേശിക്കുന്നതും. വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കുട്ടികളെ കാണാതാവുമ്പോൾ പത്രങ്ങളിലും റോഡരുകിലെ പോസ്റ്റുകളിലും ‘കാണാതായി’ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് മുഖങ്ങൾ തമ്മിൽ അദ്ഭുതം സൃഷ്ടിക്കാതാവുമ്പോൾ നാമും സ്നേഹ ശൂന്യമായ ഒരു സമൂഹത്തിന്റെ ഭാഗമായി മാറുകയാണെന്നോർക്കുക!

🔸റേറ്റിംഗ് : 4/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · Chile · Drama · Spanish

189. A FANTASTIC WOMAN (CHILE/DRAMA/2017)

#Oscar2018MovieReviews
Post : 2

🔰 സാധാരണ സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് മാരിനയ്ക്കുള്ളത്? സമൂഹം ഉത്തമയായ സ്ത്രീ എന്ന് അംഗീകരിക്കാൻ വിസമ്മതിക്കാൻ കാരണമായ ആ ഘടകം അവളെ കൂടുതൽ പൂർണയായ ഒരു സ്ത്രീ ആയി മാറ്റുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്?

🔰ചിത്രം : എ ഫന്റാസ്റ്റിക് വുമൺ (2017)

രാജ്യം : ചിലി
‎ഓസ്കാർ നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰മാരിന എന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ ഹോട്ടൽ വെയിട്രസ്സ് വിവാഹിതനും തന്നേക്കാൾ 30 വയസ്സ് പ്രായക്കൂടുതലുള്ളവനുമായ ഓർലാൻഡോയുമായി പ്രണയത്തിലാണ്. മാരിനയുടെ പിറന്നാൾ ദിവസം രാത്രി ആഘോഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ഓർലാൻഡോ പെട്ടെന്ന് രോഗബാധിതനായി മരണപ്പെടുന്നു. അതോടെ സമൂഹത്തിനും ഓർലാൻഡോയുടെ കുടുംബത്തിനും മുന്നിൽ മാരിന സംശയമുനയിലാവുന്നു.

🔰തന്റെ യഥാർത്ഥ വ്യക്തിത്വം സമൂഹത്തിന് മുന്നിൽ അടിയറവ് വയ്ക്കാതെ താൻ എന്നാൽ ഈ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് മാരിന. അത് ബധിരകർണങ്ങളിലാണ് കേൾക്കുന്നതെങ്കിലും അതിന്റെ അലയൊലികൾ പെട്ടെന്ന് അടങ്ങാൻ കൂട്ടാക്കുന്നില്ല എന്നിടത്താണ് മാരിനയുടെ വിജയം. നമ്മുടെ സമൂഹത്തിൻ എന്നും അവഗണത മാത്രം നേരിടുന്ന ഒരു വിഭാഗം, അതും അടുത്ത കാലം വരെ അങ്ങനെ ചിലർ നമുക്കിടയിലുണ്ടെന്ന് അംഗീകരിക്കാൻ പോലും നമ്മിൽ പലരും വിസമ്മതിച്ചിരുന്ന ഒരു വിഭാഗം, അവരിൽ ഒരാളുടെ ശക്തമായ ചെറുത്തുനില്പിൻെറ കഥയാണ് എ ഫന്റാസ്റ്റിക് വുമൺ എന്ന ഈ ചിലിയൻ ചിത്രം.

🔰മാരിനമാർ ഉയർത്തെഴുന്നേല്ക്കുക തന്നെ വേണം .പൊതുസമൂഹത്തിന്റെ നിലപാടുകൾക്കനുസരിച്ച് അവരുടെ വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് ചവിട്ടിത്തേക്കപ്പെടാനുള്ളതല്ല നിങ്ങളുടെ ജീവിതം. വിശ്വാസങ്ങളുടെ ചട്ടക്കൂടുകൾ വലിച്ചെറിഞ്ഞ് സ്വന്തം വ്യക്തിത്വം ധൈര്യപൂർവ്വം വിളിച്ച് പറഞ്ഞ് കൊണ്ട് മാരിന ചവിട്ടിക്കയറിയത് വെറുമൊരു കാറിന് മുകളിലല്ല , ഓരോരുത്തരും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്ന സദാചാര സമൂഹത്തിന്റെ ധാർഷ്ട്യത്തിന് മുകളിലാണ്!

🔸റേറ്റിംഗ് : 3.75/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · English · Fantasy · Romance · USA

188. THE SHAPE OF WATER (USA/ROMANTIC FANTASY/2017)

#Oscar2018MovieReviews
Post No. 1

🔰പ്രണയത്തിന് കണ്ണും മൂക്കും എന്നല്ല ശബ്ദവുമില്ല എന്ന് തന്നെ പറയേണ്ടി വരും. അല്ലെങ്കിൽ പിന്നെ ഊമയായ എലീസക്ക് ഭീകരരൂപിയായ ആ ജലജീവിയോട് പ്രണയം തോന്നിയതെങ്ങനെയാണ്.

🔰ചിത്രം : ദി ഷെയ്പ്പ് ഓഫ് വാട്ടർ (2017)

🔰രഹസ്യങ്ങൾ നിരവധിയുറങ്ങുന്ന ഗവൺമെന്റ് ലബോറട്ടറിയിലെ ക്ലീനിങ്ങ് ജോലികൾ ചെയ്യുന്ന എലീസയ്ക്ക് സുഹൃത്തുക്കളായി ആകെയുള്ളത് കൂടെ ജോലി ചെയ്യുന്ന സെൽഡയും അയൽക്കാരനായ ഗൈൽസും മാത്രമാണ്. എന്നാൽ ഒരു ദിവസം ലബോറട്ടറിയിൽ പരീക്ഷണത്തിനായി അതീവ രഹസ്യമായി എത്തിച്ചത് നദിയിൽ നിന്ന് പിടികൂടിയ മനുഷ്യ രൂപത്തിലുള്ള ഒരു ജലജീവിയെയായിരുന്നു.

🔰ആദ്യം ഭയത്തോടെ സമീപിച്ചെങ്കിലും ദിവസങ്ങൾ കഴിയുന്തോറും തന്നെപ്പോലെ സംസാരശേഷിയില്ലാത്ത ആ ജീവിയോട് എലീസയ്ക്ക് എന്തോ ഒരടുപ്പം തോന്നിത്തുടങ്ങുന്നു .അത് നാമിത് വരെ കണ്ടിട്ടില്ലാത്ത ഒരത്ഭുത പ്രണയബന്ധത്തിന്റെ തുടക്കമായിരുന്നു. ശരീരങ്ങൾ തമ്മിലുള്ളതിലുപരി മനസ്സുകൾ തമ്മിലുള്ള മനോഹരമായ ആ ബന്ധത്തിന് എല്ലാ കഥയിലെയും പോലെ ഒരു വില്ലനുമുണ്ടായിരുന്നു .ആ ജീവിയെ അവിടെയെത്തിച്ച ക്രൂരനായ കേണൽ റിച്ചാർഡിന്റെ രൂപത്തിൽ!

🔰ഡാർക്ക് ഫാന്റസി ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഗിള്ളേർമോ ഡെൽ ടോറോ ആണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പാൻസ് ലാബിറിന്ത്, ദി ഡെവിൾസ് ബാക്ക് ബോൺ മുതലായ ചിത്രങ്ങൾക്ക് ശേഷം ഡെൽ ടോറോയുടെ ഏറ്റവും മികച്ച ചിത്രമെന്നാണ് ദി ഷെയ്പ്പ് ഓഫ് വാട്ടറിനെ നിരൂപകർ വാഴ്ത്തുന്നത്. മികച്ച ചിത്രം, സംവിധായകൻ, നടി , സഹ നടൻ , സഹ നടി എന്നിവയടക്കം 13 ഓസ്കാർ നോമിനേഷൻസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

🔸 റേറ്റിംഗ് : 4/5

©️ PRADEEP V K

Advertisements
3.5 Star (Good) · English · Psychological · Thriller · USA

187. MOTHER (USA/Psychological Thriller/2017)

🔰അഗ്നിക്കിരയായി ഭൂതകാലശേഷിപ്പുകളുടെ അസ്ഥികൂടം മാത്രമായി അവശേഷിച്ച ആ ബംഗ്ലാവ് പുതുക്കിപ്പണിയുക എന്നതായിരുന്നു അവളുടെ ജീവിതോദ്ദേശ്യം. ഓരോ ദിവസവും മറ്റാരുടേയും സഹായമില്ലാതെ ഓരോരോ ഭാഗങ്ങളായി അവൾ തന്റെ ഭാവനക്കനുസരിച്ച് പുനർനിർമ്മിച്ച് കൊണ്ടിരുന്നു. കാല്പനിക ലോകത്ത് ജീവിക്കുന്ന എഴുത്തുകാരനായ അവളുടെ ഭർത്താവിന് അതിലൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. എങ്കിലും വീട്ടുജോലികൾ കഴിഞ്ഞ് ഒഴിവ് കിട്ടുന്ന സമയം തന്റെ സ്വപ്ന ഭവനത്തിന്റെ പുനർ നിർമ്മിതിയിൽ മാത്രം അവൾ വ്യാപൃതയായി.

🔰വീട് ഏകദേശം പൂർണമായും നവീകരിച്ച് കഴിഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി അയാൾ ആ വീട്ടിൽ അതിഥിയായെത്തിയത്. അവളുടെ അഭിപ്രായം അന്വേഷിക്കാതെ ഭർത്താവ് അയാളെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിന്റെ വിഷമം മാറുന്നതിന് മുമ്പ് അയാളുടെ ഭാര്യയും പിന്നീട് മക്കളും എല്ലാം അവിടെയെത്തി. മായാലോകത്ത് ജീവിക്കുന്ന ഭർത്താവിന്റെ മുൻപിൻ നോക്കാത്ത പ്രവൃത്തികൾ മൂലം പിന്നീട് സംഭവിച്ചതെല്ലാം അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു. താൻ ജീവനും ശ്വാസവും നല്കി പൊന്നുപോലെ സംരക്ഷിച്ച ഭവനത്തിന്റെ അടിത്തട്ടിളകുന്നത് വെറുതെ കണ്ട് നില്ക്കാൻ അവൾക്കായില്ല. കാരണം അവൾ മറ്റാരുമല്ല .ആ ഭവനത്തിന്റെ സ്വന്തം അമ്മ തന്നെയായിരുന്നു .

🔰ഡാരൻ അർണോഫ്സ്കി രചനയും സംവിധാനവും നിർവഹിച്ച മദർ എന്ന ഈ ചിത്രം കണ്ട് കഴിയുമ്പോൾ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാവാം. വെറുതെ കണ്ട് തീർത്ത് മറന്ന് കളയാനുള്ളതല്ല ഈ സിനിമ. ഓരോ കഥാപാത്രത്തിലും വസ്തുക്കളിലും അടക്കം ചിത്രത്തിലെ ഓരോ രംഗങ്ങളിലും മനോഹരമായ സിംബോളിസം നമുക്ക് കാണാനാവും. അവയുടെ ആന്തരികാർത്ഥം നാമേവരേയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ് എന്നത് വാസ്തവവുമാണ്.

🔸 ചിത്രം : മദർ (2017)

🔸 റേറ്റിംഗ് : 3.5/5

©️ PRADEEP V K

Advertisements